സ്വന്തം ലേഖകൻ

ലണ്ടൻ : പൊതുജനങ്ങളെ കബളിപ്പിക്കുന്ന എൻ‌എച്ച്‌എസ് കോൺ‌ടാക്റ്റ് ട്രേസറുകൾക്കെതിരെ ജാഗ്രത പാലിക്കാൻ സർക്കാർ മുന്നറിയിപ്പ്. കോൺടാക്റ്റ് ട്രേസറുകൾ എന്ന വ്യാജേന നിരവധി ആളുകളിൽ നിന്ന് പണം തട്ടിയതായി പരാതി ലഭിച്ചു. കൊറോണ വൈറസ് ടെസ്റ്റിംഗ് കിറ്റുകളുടെ ചെലവ് നികത്താൻ പണം ആവശ്യപ്പെടുന്ന വ്യാജ കോളുകളും സന്ദേശങ്ങളും റിപ്പോർട്ട് ചെയ്‌പ്പെട്ടതിനെ തുടർന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും പ്രാദേശിക കൗൺസിലുകൾ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഹാം‌ഷെയർ, ബാത്ത്, നോർത്ത് ഈസ്റ്റ് സോമർ‌സെറ്റ്, ബോർൺ‌മൗത്ത്, ക്രൈസ്റ്റ്ചർച്ച്, പൂൾ എന്നീ കൗൺസിലുകൾ ഇവയിൽ ഉൾപ്പെടുന്നു. ഔദ്യോഗിക ട്രേസറുകൾ ഒരിക്കലും പണം ആവശ്യപ്പെടുകയോ ബാങ്ക് വിശദാംശങ്ങൾ ചോദിക്കുകയോ ചെയ്യില്ല. കൊറോണ വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായാണ് കഴിഞ്ഞ മാസം അവസാനം ടെസ്റ്റ് ആന്റ് ട്രേസ് സിസ്റ്റം പുറത്തിറക്കിയത്. കോവിഡ് -19 സ്ഥിരീകരിച്ച വ്യക്തിയുമായി അടുത്ത ബന്ധം പുലർത്തിയവരെ കോൺടാക്റ്റ് ട്രേസറുകൾ ബന്ധപ്പെടുന്നു. എന്നാൽ കോൺടാക്റ്റ് ട്രേസറുകൾ എന്ന പേരിൽ നിരവധി ആളുകൾ ഇപ്പോൾ തട്ടിപ്പു നടത്തുന്നുണ്ട്.

യഥാർത്ഥ കോൺടാക്ട് ട്രേസർമാർ ഒരിക്കലും നിങ്ങളോട് പ്രീമിയം റേറ്റ് നമ്പർ ഡയൽ ചെയ്യുവാൻ ആവശ്യപ്പെടില്ല. (09 ലോ 087 ലോ തുടങ്ങുന്ന നമ്പറുകൾ ) ഏതെങ്കിലും തരത്തിലുള്ള പണമടയ്ക്കൽ നടത്താൻ ആവശ്യപ്പെടുകയോ ബാങ്ക് വിശദാംശങ്ങൾ ചോദിക്കുകയോ ചെയ്യില്ല, പാസ്സ്‌വേർഡുകളോ പിൻകോഡുകളോ ആവശ്യപ്പെടില്ല, ഒരിക്കലും ഒരു ഉത്പന്നം വാങ്ങാൻ നിങ്ങളോട് പറയില്ല, ഒപ്പം സർക്കാരിനോ എൻ‌എച്ച്‌എസിനോ പങ്കില്ലാത്ത ഏതെങ്കിലും വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടുകയുമില്ല. അതിനാൽ തന്നെ വ്യാജ കോളുകൾക്കും സന്ദേശങ്ങൾക്കും എതിരെ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് അധികൃതർ അറിയിച്ചു.

അതേസമയം കൊറോണ വൈറസ്-ട്രേസിംഗ് ആപ്ലിക്കേഷൻ ഇപ്പോൾ പ്രവർത്തിക്കുന്ന രീതി സർക്കാർ ഉപേക്ഷിച്ചു. ആപ്പിൾ – ഗൂഗിൾ മോഡൽ ആവും ഓഗസ്റ്റ് മുതൽ രാജ്യത്ത് പ്രവർത്തിക്കുക. കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന രീതിയിലാകും ആപ്പിൾ – ഗൂഗിൾ മോഡൽ പുറത്തിറങ്ങുക. എന്നാൽ മാറ്റ് ഹാൻ‌കോക്ക് പ്രഖ്യാപിച്ച കോൺടാക്റ്റ്-ട്രേസിംഗ് ആപ്പിന്റെ “ഹൈബ്രിഡ്” പതിപ്പിനെക്കുറിച്ച് അറിയില്ലെന്ന് ആപ്പിൾ പറഞ്ഞു. അവകാശവാദങ്ങൾ മനസിലാക്കാൻ പ്രയാസമാണെന്നും ആപ്പിൾ കൂട്ടിച്ചേർത്തു. ആപ്പിളുമായും ഗൂഗിളുമായും ചേർന്ന് സർക്കാർ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞത്.