UK

കൊറോണ വൈറസ് ആന്റിബോഡി പരിശോധനയ്ക്കായി രണ്ട് ചൈനീസ് കമ്പനികള്‍ക്ക് ബ്രിട്ടിഷ് അധികൃതര്‍ 20 ദശലക്ഷം പൗണ്ട് നല്‍കിയെന്നു വെളിപ്പെടുത്തല്‍. 20 ലക്ഷം ഹോം ടെസ്റ്റ് കിറ്റുകളാണ് ചൈനീസ് കമ്പനിയില്‍നിന്നു വാങ്ങിയത്. സാങ്കേതികവിദ്യ തെളിയിക്കപ്പെട്ടിട്ടില്ലെന്നും മുന്‍കൂര്‍ പണം നല്‍കി ചൈനയില്‍ വന്നു കിറ്റുകള്‍ വാങ്ങണമെന്നും കമ്പനികള്‍ അറിയിച്ചെങ്കിലും മറ്റു വഴികളില്ലാതെ ബ്രിട്ടന്‍ അത് അംഗീകരിക്കുകയായിരുന്നു.

ഒരു ഗര്‍ഭപരിശോധന നടത്തുന്നത്ര എളുപ്പമാണെന്നും കോവിഡ് പ്രതിരോധത്തിൽ നിര്‍ണായകമാകുമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ കിറ്റുകള്‍ ഫാര്‍മസികളില്‍ ലഭ്യമാക്കുമെന്ന് അധികൃതരും വാഗ്ദാനം ചെയ്തു. എന്നാല്‍ കിറ്റുകള്‍ എത്തിയതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു.കൃത്യമായി ഫലം നല്‍കാത്ത കിറ്റുകളുടെ പരിശോധനാഫലം തെറ്റാണെന്ന് ഓക്‌സ്‌ഫഡ് സര്‍വകലാശാലയിലെ ലബോറട്ടറി കണ്ടെത്തി. ഇതോടെ ഈ കിറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അധികൃതര്‍.

ചൈനീസ് കമ്പനികളില്‍നിന്നു കുറച്ചു പണമെങ്കിലും മടക്കി വാങ്ങാനുള്ള ശ്രമത്തിലാണവര്‍. ആന്റിബോഡി പരിശോധന വ്യാപകമായി നടപ്പാക്കി കോവിഡ് വ്യാപനം തടയാനുള്ള ബ്രിട്ടന്റെ ശ്രമങ്ങള്‍ക്കും നടപടി തിരിച്ചടിയായി. ഇത്തരം പരിശോധനകള്‍ നടത്താത്തിടത്തോളം കാലം ലോക്ഡൗണ്‍ തുടരേണ്ടിവരുമെന്നാണ് അധികൃതരുടെ ആശങ്ക. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന വ്യാപകമായ ആരോപണം ഉയരുന്ന സാഹചര്യത്തില്‍ കടുത്ത സമ്മര്‍ദത്തിലാണ് അധികൃതര്‍.

ഈ സാഹചര്യത്തിലാണ് മുന്‍പിന്‍ നോക്കാതെ ചൈനീസ് കമ്പനിയില്‍നിന്നു ടെസ്റ്റ് കിറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഓള്‍ബെസ്റ്റ് ബയോടെക്, വോണ്ട്‌ഫോ ബയോടെക് എന്നീ കമ്പനികളാണ് ടെസ്റ്റ് കിറ്റുകളുമായി രംഗത്തെത്തിയത്. യൂറോപ്യന്‍ യൂണിയന്റെ എല്ലാവിധ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും കമ്പനികള്‍ അവകാശപ്പെട്ടു. അമേരിക്ക ഉള്‍പ്പെടെ മറ്റു പല രാജ്യങ്ങളും കിറ്റുകള്‍ക്കായി രംഗത്തുണ്ടെന്ന് അറിഞ്ഞതോടെ ബ്രിട്ടന്‍ നടപടികള്‍ ത്വരിതഗതിയിലാക്കി.

ചൈനയിലുള്ള നയതന്ത്ര പ്രതിനിധികളോട് കിറ്റുകള്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. പണം മുന്‍കൂര്‍ നല്‍കണമെന്ന കമ്പനികളുടെ ആവശ്യവും അംഗീകരിച്ചു.

എന്നാല്‍ കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധന വിജയകരമല്ലെന്ന് ആഴ്ചകള്‍ക്കുള്ളില്‍ അധികൃതര്‍ക്ക് സമ്മതിക്കേണ്ടിവന്നു. വിവരം പുറത്തുവന്നതോടെ ചൈനീസ് കമ്പനികള്‍ മലക്കംമറിഞ്ഞു. കിറ്റുകളെക്കുറിച്ച് ഊതിപ്പെരുപ്പിച്ച കാര്യങ്ങള്‍ പറഞ്ഞത് ബ്രിട്ടിഷ് അധികൃതരാണെന്നും നിലവില്‍ കോവിഡ് പോസിറ്റീവ് ആയവരെ സഹായിക്കാന്‍ വേണ്ടി മാത്രമുള്ളതാണ് ഈ കിറ്റുകളെന്നും വോണ്ട്‌ഫോ ബയോടെക് പറഞ്ഞു.

യുകെയിൽ (യുണൈറ്റഡ് കിംഗ്ഡം) 24 മണിക്കൂറിനിടെ കോവിഡ് മൂലം മരിച്ചത് 888 പേര്‍. ഇതോടെ ആകെ മരണം 15464 ആയതായി ആരോഗ്യവകുപ്പ് (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍) അറിയിച്ചു. 3,57,023 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതില്‍ 1,14,217 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. യുകെ ഗവണ്‍മെന്റിന്റെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റേതാണ് കണക്കുകള്‍.

5525 കേസുകളാണ് ഒരു ദിവസത്തിനിടെ പുതുതായി വന്നത്. 98409 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 1559 പേരുടെ നില ഗുരുതരമാണ്. ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ പിപിഇ (പേഴ്സണൽ പ്രൊട്ടക്ഷൻ എക്വിപ്മെൻ്റ്) കിറ്റുകൾ ലഭ്യമല്ലെന്ന പരാതിയുള്ളതായി ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

 

യുകെയിൽ കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് രാജകുമാരി ബിയാട്രീസിന്റെ വിവാഹം മാറ്റിവച്ചു. അടുത്ത മാസം നടത്തേണ്ടിയിരുന്ന വിവാഹം ഇനി എന്നു നടത്തും എന്നത് സംബന്ധിച്ച അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.

സർക്കാർ ലോക് ഡൗൺ നീട്ടിയതോടെയാണ് എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൾ ബിയാട്രീസിന്റെ വിവാഹം മാറ്റിവച്ചത്. മെയ് 29ന് ബെക്കിംഗ് ഹാം കൊട്ടാരത്തിൽ നടക്കുന്ന വിരുന്നു സൽക്കാരത്തോടെ ആയിരുന്നു ചടങ്ങുകൾ ക്രമീകരിച്ചിരുന്നത്. രാജ്യം മുഴുവൻ കോവിസ് 19 പടരുന്ന സാഹചര്യത്തിൽ വിവാഹം മാറ്റിവയ്ക്കുകയാണെന്ന് കൊട്ടാരത്തോട്ട് അടുത്തവൃത്തങ്ങൾ വ്യക്തമാക്കി. വിവാഹം ഇനി എന്നാണ് നടത്തുക എന്നത് സംബന്ധിച്ച് ബെക്കിംഗ് ഹാം കൊട്ടാരത്തിൽ നിന്ന് അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല.

എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകൻ ആൻഡ്രു രാജകുമാരന്റെ മൂത്ത മകളാണ് ബിയാട്രീസ്, കഴിഞ്ഞ സെപ്തംബറിലാണ് ഇറ്റലിക്കാരനായ എഡ്വേർഡ് മാപ്പെല്ലി മോസിയുമായി ബിയാട്രീസിന്റെ വിവാഹം നിശ്ചയിച്ചത്. സർക്കാർ നിർദേശം പാലിച്ചു കൊണ്ട് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ചടങ്ങായി വിവാഹം നടത്തുമെന്ന റിപ്പോർട്ടുകളും അതിനിടയിൽ പുറത്ത് വരുന്നുണ്ട്.

ഡബ്ലിൻ/അയർലൻഡ് : ഡബ്ലിനില്‍ താമസിക്കുന്ന മാംഗ്ലൂര്‍ സ്വദേശികളായിരുന്ന ദമ്പതികളാണ് ഒരു ദിവസത്തെ ഇടവേളയില്‍ മരിച്ചത് . ഈ കഴിഞ്ഞ ബുധനാഴ്ച ( 15 ഏപ്രില്‍ ) വെളുപ്പിനെ ( 12.15 am ) ആണ് 34 – കാരന്‍ ലോയല്‍ സെക്ക്വേറ ( Loyal Sequeira) ഡ്രോഹഡയില്‍ M1 ല്‍ ഉണ്ടായ കാറപകടത്തില്‍ മരിച്ചത്. ലോയല്‍ ആ സമയം നടക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതുമായി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗരുഡയെ (അയർലൻഡ്) അറിയിക്കണമെന്ന് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പൊതുജനത്തോടായി അഭ്യർത്ഥിച്ചിട്ടുണ്ട്.

തുടര്‍ന്ന് വ്യാഴാഴ്ചയാണ് ലോയലിന്റെ ഭാര്യ 36 – കാരിയായ ഷാരോണ്‍ സെക്ക്വേറ  ഫെർണാഡെസ് ( Sharon Sequeira) മരിച്ചത്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ കടുത്ത മാനസിക ആഘാതത്തെ തുടര്‍ന്നാണ് ഷാരോണ്‍ മരിക്കാൻ ഇടയായത് എന്നാണ് അറിയുന്നത്.

മരിച്ച ഷാരോൺ, ആലീസ് ഫെർണാഡെസ് & ഫ്രാങ്ക് ഫെർണാഡെസ് ദമ്പതികളുടെ മകളാണ്. ഫ്രാങ്ക് വളരെ പ്രസിദ്ധനായ നിനിമാ നിർമ്മാതാവും മൊസാക്കോ ഷിപ്പിംഗ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ കൂടിയാണ്. ഉഡുപ്പിയിലുള്ള തോട്ടം ആണ് സ്വദേശം.

2016 ല്‍ വിവാഹിതരായ ഇവര്‍ക്ക് 2 കുട്ടികള്‍ ആണ് ഉള്ളത്. ലോയലിന്റെ മാതാപിതാക്കളും ഡബ്ലിനില്‍ ആണ് താമസം. ശവസംസ്ക്കാരം അടുത്ത ചൊവ്വാഴ്ച്ച ലിറ്റൽ ബ്രയിലുള്ള (Little Bray, dublin, Ireland) സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. ചടങ്ങുകൾ 10.45 ന് തുടങ്ങുകയും സംസ്കാരം പന്ത്രണ്ട് മണിക്കുമാണ് നടക്കുക.

സുരക്ഷാ കവചങ്ങളുടെയും പിപി കിറ്റുകളുടെയും അഭാവത്തില്‍ യുകെയില്‍ ഡോക്ടര്‍മാരോട് ഏപ്രണുകള്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍. ഇതോടെ ബ്രിട്ടനിലെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. മുഴുവന്‍ സുരക്ഷ നല്‍കുന്ന കവചങ്ങളില്ലാതെ തന്നെ രോഗികളെ പരിചരിക്കാനാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

ഇംഗ്ലണ്ടിലാകമാനമുള്ള ആശുപത്രികള്‍ അവശ്യ മെഡിക്കല്‍ വസ്തുക്കളുടെ ലഭ്യതയില്ലായ്മ അനുഭവപ്പെടുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ നീളത്തിലുള്ള സര്‍ജിക്കല്‍ ഗൗണുകള്‍ ധരിക്കാമെന്നുമുള്ള നിര്‍ദേശമാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. ഗൗണുകള്‍ ലഭിക്കാതെ വരുമ്പോള്‍ പ്ലാസ്റ്റിക് ഏപ്രണുകളും ഉപയോഗിക്കാമെന്നും നിര്‍ദേശമുണ്ട്.

ലഭ്യതക്കുറവുള്ളതിനാല്‍ ഒറ്റ തവണ ഉപയോഗിക്കേണ്ട ഗൗണുകള്‍ കൂടുതല്‍ തവണ ഉപയോഗിക്കണമെന്ന നിര്‍ദേശവും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗൗണുകള്‍ ബ്രിട്ടനില്‍ കുറവാണെന്നും 55000 എണ്ണം എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഈ ആഴ്ച അവസാനത്തോടെ ബാക്കിയുള്ളവ കൂടി വരുമെന്നും ബ്രിട്ടന്‍ ആരോഗ്യ മന്ത്രി മാട്ട് ഹാന്‍കോക്ക് പ്രതികരിച്ചു.

സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടനിൽ കോവിഡ് 19 ബാധിച്ച് ഇന്നലെ ജീവൻ നഷ്ടപ്പെട്ടത് 847 പേർക്ക്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 14,576ലേക്ക് ഉയർന്നു. അമ്പതിലേറെ എൻ എച്ച് എസ് ഉദ്യോഗസ്ഥർക്കും ജീവൻ നഷ്ടപെട്ടിട്ടുണ്ട്. കെയർ ഹോമിൽ മരിച്ച നൂറുകണക്കിന് ആളുകളെ ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇന്നലെ പുതുതായി രോഗം സ്ഥിരീകരികരിച്ചത് 5599 പേർക്കാണ്. കഴിഞ്ഞ രണ്ട് ദിവസത്തേക്കാൾ ഉയർന്ന നിരക്കാണിത്. രാജ്യത്തെ രോഗികളുടെ എണ്ണം ആകെ 108,692 ആയി മാറി. അമേരിക്കയുടെയും ഇറ്റലിയുടെയും പാതയിലേക്കാണോ രാജ്യം നീങ്ങുന്നതെന്ന ആശങ്കയും ഏവരുടെയും മനസ്സിൽ ഉയർന്നുകഴിഞ്ഞു. അതേസമയം കൊറോണ വൈറസ് പരിശോധന കൂടുതൽ പബ്ലിക് സർവീസ് സ്റ്റാഫുകളിലേക്ക് എത്തിക്കുമെന്ന് ആരോഗ്യസെക്രട്ടറി പറഞ്ഞു. പോലീസ്, ഫയർഫോഴ്‌സ് , ജയിൽ സ്റ്റാഫ് തുടങ്ങിയ പൊതുസേവനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കൊറോണ വൈറസ് പരിശോധന നടത്തുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു. പരിശോധന ശേഷി ഉയരുകയാണെങ്കിലും പ്രതീക്ഷിച്ചത്ര എൻ‌എച്ച്എസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി മുന്നോട്ട് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബറോടെ കുറഞ്ഞത് ഒരു ദശലക്ഷം ഡോസ് കൊറോണ വൈറസ് വാക്സിൻ ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ വാക്സിൻ എപ്പോൾ നിർമ്മിക്കാൻ സാധിക്കുമെന്നതിനെക്കുറിച്ച് ഒരുറപ്പും നൽകാനാവില്ലെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ പറഞ്ഞു. ഏപ്രിൽ അവസാനത്തോടെ ഒരു ദിവസം ഒരു ലക്ഷം ടെസ്റ്റുകൾ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രോഗലക്ഷണങ്ങളുള്ള ആർക്കും താരതമ്യേന വേഗത്തിൽ പരിശോധന നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഹാൻ‌കോക്ക് പറഞ്ഞു.

 

അതിനിടെ ശമ്പള സബ്‌സിഡി പദ്ധതി ജൂണിലേക്ക് നീട്ടിയതായി ചാൻസലർ റിഷി സുനക് അറിയിച്ചു. കമ്പനിതൊഴിലാളികൾക്ക് സർക്കാർ വേതന സബ്‌സിഡിക്ക് ജൂൺ മാസത്തിൽ അപേക്ഷിക്കാം. ഒൻപത് ദശലക്ഷത്തിലധികം തൊഴിലാളികളെ സർക്കാരിന്റെ ജോലി നിലനിർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തും. അല്ലെങ്കിൽ സർക്കാർ ശമ്പളത്തോടുകൂടിയ അവധിയിൽ പ്രവേശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി നീട്ടിയില്ലെങ്കിൽ ബിസിനസ്സ് ഗ്രൂപ്പുകൾക്കും സ്വിസ്പോർട്ട് പോലുള്ള സ്ഥാപനങ്ങൾക്കും കൂടുതൽ ജോലികൾ നഷ്ടപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു. ആവശ്യമെങ്കിൽ ശമ്പള പദ്ധതി വീണ്ടും നീട്ടുമെന്നും ചാൻസലർ പറഞ്ഞു. കൊറോണ വൈറസ് ജോലി നിലനിർത്തൽ പദ്ധതി പ്രകാരം, മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ തൊഴിലാളികളുടെ വേതനത്തിന്റെ 80%, അവർ അവധിയിൽ പ്രവേശിച്ചാൽ സർക്കാർ പരിരക്ഷിക്കും. തൊഴിലുടമകൾ തൊഴിലാളികൾക്ക് ശമ്പളം നൽകുകയും ഏപ്രിൽ അവസാനം എച്ച്എം റവന്യൂ, കസ്റ്റംസ് (എച്ച്എംആർസി) എന്നിവയിൽ നിന്ന് പണം തിരിച്ചുപിടിക്കുകയും ചെയ്യാം. അവർക്ക് തിങ്കളാഴ്ച മുതൽ പദ്ധതിയിൽ ചേരാൻ അപേക്ഷിക്കാം. ജോലികൾ പരിരക്ഷിക്കാനുള്ള സർക്കാരിന്റെ നീക്കമാണ് ഈയൊരു തീരുമാനത്തിൽ എത്തി നിൽക്കുന്നത്.

മഹാമാരിയായി മാറിയ കോവിഡില്‍ ലോകത്ത് മരണം ഒന്നരലക്ഷം കഴിഞ്ഞു. ലോകത്താകമാനമായി ഇരുപത്തിരണ്ട് ലക്ഷത്തി അമ്പതിനായിരത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധയേറ്റിട്ടുള്ളത്. അഞ്ചര ലക്ഷത്തിൽ അധികം പേരുടെ രോഗം ഭേദമായി. അമേരിക്കയിലെ മൊത്തം മരണസംഖ്യ 37000 പിന്നിട്ടിട്ടുണ്ട്. എണ്ണായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം ഏഴു ലക്ഷം പിന്നിടുകയും ചെയ്തിട്ടുണ്ട്. അതേസമയം ഇറ്റലിയിലാകട്ടെ 575 മരണങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 22745 ജീവനുകളാണ് കോവിഡ് അപഹരിച്ചത്. ചൈനയില്‍ 1290 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെയുള്ള കണക്കില്‍ വ്യത്യാസമുണ്ടായിരുന്നെന്നാണ് വിശദീകരണം. രാജ്യത്തെ മൊത്തം മരണസംഖ്യ 4632 ആണെന്നും വ്യക്തമാക്കിയിട്ടുണ്ട്. 351 പേര്‍ക്ക് കൂടി ഇവിടെ പുതുതായി രോഗം ബാധിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണയും ലോക് ഡൗണും എങ്ങും അനിശ്ചിതത്വവും അസന്തുഷ്ടിയുമാണ് രാജ്യമെങ്ങും സമ്മാനിച്ചിരിക്കുന്നത്. പല കോണുകളിൽ നിന്നും എന്നാണ് ലോക് ഡൗൺ അവസാനിക്കും എന്ന ചോദ്യം ഉയരുന്നുണ്ട് .ലോക് ഡൗൺ ഒരു മൂന്നാഴ്ച കൂടി നീണ്ടു നിൽക്കുന്ന സാഹചര്യത്തിലാണ് ഗവൺമെന്റ് ജനങ്ങൾ നടപ്പിലാക്കേണ്ട 5 ലക്ഷ്യങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. എല്ലാദിവസവും നടത്തുന്ന പത്രസമ്മേളനത്തിൽ ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബ് ഇതിനെപ്പറ്റി വിശദമായി പറയുകയുണ്ടായി. ഈ നേട്ടങ്ങൾ കൈവരിക്കുന്നത് രാജ്യത്തിന് പ്രതീക്ഷ നൽകാനാവുമെന്ന് അദ്ദേഹം പറഞ്ഞു.

1. എൻഎച്ച്എസിന് കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടാനാവും എന്നുള്ള ഉറപ്പാക്കൽ.
2. മരണ നിരക്ക് കുറയുന്ന ഒരു ഘട്ടത്തിൽ എത്തുക.
3. അണുബാധ നിരക്ക് കുറയുന്നു എന്ന് ഉറപ്പാക്കുക.
4. ഭാവിയിൽ ആവശ്യത്തിന് വൈറസ് പരിശോധനകിറ്റുകളും പിപിഇയും ഫേസ് മാസ്കുകളും ലഭ്യമാണെന്ന് ഉറപ്പ് വരുത്തുക.
5. അണുബാധയുടെ രണ്ടാംഘട്ട പകർച്ച ഉണ്ടാകാതെ സൂക്ഷിക്കുക.
എന്നിവയാണ് അദ്ദേഹം പങ്കുവെച്ച ലക്ഷ്യങ്ങളിൽ ചിലത്.

വൈറസിൻെറ രണ്ടാംഘട്ട പകർച്ച പൊതുജനത്തിന്റെ ആരോഗ്യത്തെ മാത്രമല്ല സമ്പദ് വ്യവസ്ഥയേയും മോശമായി ബാധിക്കുമെന്ന് ഫോറിൻ മിനിസ്റ്റർ റാബ് പറഞ്ഞു. നിലവിൽ യുകെയിൽ 13, 729 മരണങ്ങളാണ് കൊറോണ വൈറസ് മൂലം ഉണ്ടായിരിക്കുന്നത്. 3, 27, 608 ആളുകളിൽ നടത്തിയ ടെസ്റ്റിൽ 1, 03, 093 പേർക്ക്‌ ഫലം പോസിറ്റീവ് ആവുകയും ചെയ്ത ഈ സാഹചര്യത്തിലാണ് ഗവൺമെന്റിന്റെ ഈ പുതിയ നടപടി.

കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ആശുപത്രികളിൽ കുറയുന്നുണ്ടെന്നും പ്രെസ്സ് കോൺഫ്രൻസിൽ അധികൃതർ വ്യക്തമാക്കി. എന്നാലും ചില ആശുപത്രികളുടെയും പ്രാദേശങ്ങളുടെയും കാര്യത്തിൽ ചില മുൻകരുതലുകൾ ആവശ്യമാണെന്നും ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു . ആദ്യം തന്നെ ജനങ്ങൾ കൊറോണ വൈറസിനെ നേരിടാനുള്ള എൻഎച്ച്എസിന്റെ കഴിവിൽ വിശ്വസിക്കുകയും ആരോഗ്യപ്രവർത്തകരുമായി സഹകരിക്കുകയും ചെയ്യണമെന്ന് മി. റാബ് കൂട്ടിചേർത്തു.

കൊറോണ എന്ന മഹാമാരിയെ തടുക്കാൻ ഏകദേശം മൂന്നുമാസമെങ്കിലും എടുക്കുമെന്നാണ് വിലയിരുത്തലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ തുടക്കത്തിലേ പറഞ്ഞിരുന്നു. പക്ഷെ കൃത്യമായ ഒരു സമയപരിധി നൽകാൻ തനിക്കാവില്ല എന്നാണ് മി.റാബ് തൻെറ പത്രസമ്മേളനത്തിൽ പറഞ്ഞത് . എന്നാൽ ഏതൊരു തുരങ്കത്തിന്റയും അവസാനം വെളിച്ചമുണ്ട് എന്ന് അദ്ദേഹം ജനങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്തു.

ഒരു സൂക്ഷ്മജീവിയുടെ നിയന്ത്രണത്തിൽ ലോകം മുഴുവനും ഒറ്റപ്പെട്ടുകഴിയുമ്പോൾ ലോകജനതയുടെ സൗഖ്യത്തിനായി  പ്രാർത്ഥനാപൂർവ്വം യുകെയിലെ ഗായകർ. യുകെയിലെ ആരോഗ്യമേഖലയിൽ പ്രത്യേകിച്ച് എൻഎച്എസിൽ ജോലി ചെയ്യുന്ന എല്ലാവർക്കുമായി സമർപ്പിച്ചിരിക്കുന്ന ഈ ഗാനം യുകെ മലയാളികളുടെ പ്രിയഗായകർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ‘താങ്ക്യൂ എൻഎച്എസ്’ എന്ന പേരിൽ ഗർഷോം ടിവി യാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
മലയാളത്തിന്റെ സ്വന്തം കെ. എസ്. ചിത്രയും സുജാതയും ശരത്തും മറ്റു 20 ഗായകരും ചേർന്ന് ലോകസൗഖ്യത്തിനായി പാടിയ ‘ലോകം മുഴുവൻ സുഖം പകരനായ്’ എന്ന ഗാനത്തിന്റെ അതെ രൂപത്തിലാണ് ഈ ഗാനവും അവതരിപ്പിച്ചിരിക്കുന്നത്. 1972-ൽ പുറത്തിറങ്ങിയ ‘സ്നേഹദീപമേ മിഴി തുറക്കൂ’ എന്ന ചിത്രത്തിൽ പി. ഭാസ്കരൻ എഴുതി പുകഴേന്തി സംഗീതം നൽകി എസ്. ജാനകി പാടിയ ഈ ഗാനം 27 യുകെ മലയാളികൾ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
അവതാരകയായ സന്ധ്യ മേനോന്റെ ആമുഖത്തോടെ ആരംഭിക്കുന്ന ഈ ഗാനത്തിന് ശബ്ദം നൽകിയിരിക്കുന്നവർ അനു ചന്ദ്ര, ഡോ. ഫഹദ്, ദീപ സന്തോഷ്, രാജേഷ് രാമൻ, സത്യനാരായണൻ, ഡെന്ന, അഷിത, മനോജ് നായർ, ഹെലൻ റോബർട്ട്, റെക്സ്, റോയ് സെബാസ്റ്റ്യൻ, വിനു ജോസഫ്, ടെസ്സ ജോൺ, ജോമോൻ മാമ്മൂട്ടിൽ, സാൻ ജോർജ്, ഹരികുമാർ വാസുദേവൻ, അലൻ ആന്റണി, ജിയ ഹരികുമാർ, ഹരീഷ് പാലാ, അനീഷ് ജോൺ, രഞ്ജിത് ഗണേഷ്, ശോഭൻ ബാബു, ജിഷ മാത്യു, അനീഷ് ജോർജ്, സോണി സേവ്യർ, ഷാജു ഉതുപ്പ്, ഷംസീർ എന്നിവരാണ്. ഓരോരുത്തരും അവരവരുടെ സ്ഥലങ്ങളിൽ ഇരുന്നുകൊണ്ട് തയ്യാറാക്കിയ ഈ ഗാനത്തിൽ യുകെയിൽ നിന്നുള്ള പരമാവധി ഗായകരെ ചേർത്തുകൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ആഗ്രഹവും സന്നദ്ധതയും പ്രകടിപ്പിച്ച യുകെയിലെ മറ്റു പല  ഗായകരെയും ഇതിൽ ഉൾപ്പെടുത്തുവാൻ സാധിച്ചില്ല.
യുകെയിലെ പ്രവാസിമലയാളികൾ ഭൂരിഭാഗം പേരും ജോലി ചെയ്യുന്ന എൻഎച്എസിന് പിന്തുണയും ആശംസകളുമായി ഇവിടുത്തെ ഗവണ്മെന്റും സ്ഥാപനങ്ങളും പൊതു സമൂഹവും ഇതിനോടകം തന്നെ നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കൂടാതെ കലാഭവൻ ലണ്ടന്റെ നേതൃത്വത്തിൽ എല്ലാദിവസവും വൈകിട്ട് ‘വീ ഷാൽ  ഓവർകം’ എന്ന ഫേസ്ബുക് ലൈവ് പ്രോഗ്രാമിൽ നിരവധി ഗായകരും കലാകാരന്മാരുമാണ് പങ്കെടുത്തുവരുന്നത്. കലാരംഗത്തു പ്രവർത്തിക്കുന്ന യുകെ മലയാളികളിൽ ഭൂരിഭാഗം ആളുകളും ഫേസ്ബുക്കിലൂടെ ലൈവ് പ്രോഗ്രാമുകളുമായി സജീവമായി നിൽക്കുന്നു. കോവിഡ്ആ-19 ഉയർത്തുന്ന ആശങ്കകളിലൂടെയും  രോഗാവസ്ഥകളിലൂടെയും കടന്നു പോകുന്ന ലോകജനതക്ക്  ആശ്വാസവും പ്രതീക്ഷയും നൽകുക എന്ന സദ്ദുദ്ദേശമാണ് എല്ലാ പ്രോഗ്രാമുകൾക്കും.
ആരോഗ്യരംഗത്തെ പ്രവർത്തകരെ ബഹുമാനിച്ചു കൊണ്ട് തയ്യാറാക്കിയ ഈ ഗാനവും അവരോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കുവാനുള്ള അവസരമായി കാണുന്നതായി ഇതിൽ പങ്കെടുത്ത എല്ലാ കലാകാരന്മാരും അറിയിച്ചു.
ഗാനം കേൾക്കുവാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഇന്ത്യയിലകപ്പെട്ട നാലായിരത്തോളം ബ്രിട്ടീഷ് പൗരന്മാരെകൂടി തിരിച്ച് കൊണ്ടുപോകുമെന്ന് ബ്രിട്ടന്‍. ഇതിനായി 17 പ്രത്യേക വിമാനങ്ങള്‍ കൂടി സജ്ജീകരിക്കും. ഏപ്രില്‍ 20 മുതല്‍ ഏപ്രില്‍ 27 വരെ ഇവ അഹമ്മദാബാദ്, അമൃത്സര്‍, ബെംഗളൂരു, ഡല്‍ഹി, ഗോവ, മുംബൈ എന്നിവിടങ്ങളില്‍ നിന്നും യാത്രതിരിക്കും.

ആരോഗ്യപ്രശ്നങ്ങളുള്ളവര്‍, പ്രായം കൂടിയവര്‍ എന്നിവര്‍ക്കായിരിക്കും യാത്രയില്‍ മുന്‍ഗണന. സീറ്റിന്റെ ലഭ്യതയ്ക്കനുസരിച്ച് മറ്റുള്ളവര്‍ക്ക് യാത്രയ്ക്ക് അനുമതി നല്‍കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ബ്രിട്ടന്‍ നേരത്തെ പ്രഖ്യാപിച്ച 21 വിമാനങ്ങള്‍ക്ക് പുറമേയാണ് ഇന്ന് പ്രഖ്യാപിച്ച 17 എണ്ണം. നേരത്തെ പ്രഖ്യാപിച്ച 21 വിമാനങ്ങള്‍ ഏപ്രില്‍ 8 മുതലാണ് സര്‍വീസ് ആരംഭിച്ചത്. ഏപ്രില്‍ 20 വരെ ഇവയുടെ സര്‍വീസ്. 5000 ബ്രിട്ടീഷ് പൗരന്മാരെ ഈ വിമാനങ്ങളില്‍ തിരിച്ചെത്തിക്കാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ജിജോ അരയത്ത്

രക്തബന്ധങ്ങൾ അപകടത്തിലേക്ക് പോകുമ്പോൾ സാധാരണക്കാരനും സൂപ്പർ ഹീറോ ആയി മാറുന്നു.
യു കെ മലയാളികൾ അഭിനയിച്ച, പൂർണമായും ഇംഗ്ലണ്ടിൽ ചിത്രികരിച്ച വ്യത്യസ്തതയാർന്ന ഒരു മലയാള മ്യൂസിക് ആൽബം .

പ്രണയം വിരഹം തുടങ്ങിയ പതിവ് ഇതിവൃത്തങ്ങളിൽനിന്നും മാറി പുതുതലമുറയുടെ “ഈസി മണി മേക്കിങ്” എന്ന പ്രവണതയെ അടിസ്ഥാനമാക്കിയാണ് ഈ ആക്ഷൻ ത്രില്ലെർ മ്യൂസിക് ആൽബം ചിത്രികരിച്ചിരിക്കുന്നത് .രക്തബന്ധങ്ങൾ അപകടകളിലേക്കു പോകുമ്പോൾ ഏത്‌ സാധാരണക്കാരനും സൂപ്പർഹീറോ ആയി മാറുന്നു .ആശ്രേയ പ്രൊഡക്ഷൻനാണ് ഈ ആൽബം റിലീസ് ചെയ്തിരിക്കുന്നത് .നിരവധി പുതുമുഖ കലാകാരന്മാർക്ക് അവസരം നൽകിയ ആശ്രേയ പ്രൊഡക്ഷന്റെ പല ഗാനങ്ങളും ഇതിനോടകം യൂട്യൂബിൽ ഒരു മില്യനിലധികം പ്രേക്ഷകരെ നേടി കഴിഞ്ഞു .യൂ കെ മലയാളിയും , ഐ ടി പ്രൊഫെഷനലും ,നിരവധി ഗാനങ്ങളുടെ സംഗീത സവിധായകനുമായ അബി എബ്രഹാം ആണ് ഈ മ്യൂസിക് ആൽബം സഗീതസംവിധാനം ചെയ്തിരിക്കുന്നത് . മിഥുൻ ജയരാജ് ,ക്രിസ്റ്റോ സേവ്യർ എന്നിവർ ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു .

തന്റെ സിനിമാ മോഹം ഉള്ളിലൊതുക്കി യൂ കെ യിൽ സ്ഥിരതാമസമാക്കിയ പ്രവീൺ ഭാസ്ക്കർ സംവിധാനം ചെയുന്ന രണ്ടാമത്തെ ആൽബം ആണ് മിഴിയെ 2 . അദ്ദേഹംതന്നെയാണ് ഇതിൽ പ്രധാനകഥാപാത്രമായി അഭിനയിച്ചിരിക്കുന്നത് . ആഷ് എബ്രഹാമാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് .

ഗ്രേറ്റ് യാർമൗത് മലയാളി അസ്സോസിയേഷനി (GYMA )ലെ മെംബേർസ് ആയ പതിമൂന്നോളം കലാകാരന്മാരാണ് മറ്റുകഥാപാത്രങ്ങൾ .ഇവരെല്ലാം പുതുമുഖങ്ങളാണ് എന്നുള്ളതാണ് ഈ മ്യൂസിക്കൽ ആൽബത്തെ വ്യത്യസ്തമാക്കുന്നത് .അസോസിയേഷൻ പ്രസിഡന്റ് ബിൽജി തോമസ് ആണ് മെയിൻ വില്ലൻ വേഷം ചെയ്തിരിക്കുന്നത് . അസോസിയേഷൻ ഭാരവാഹിയായ ദിലീപ് കുറുപ്പത്ത് ആണ് ആർട്ട് ഡയറക്ടർ .സംഗീത രചന ഗോപു മുരളീധരൻ , RAP -ആഷ് എബ്രഹാം . നിരവധി മലയാള തമിഴ് സിനിമകളുടെ ഛായാഗ്രാഹകനായ അബു ഷാ ഈ ആൽബത്തിന്റെയും കാമറ ചെയ്തിരിക്കുന്നത് .ഇംഗ്ലണ്ടിന്റെ കിഴക്കേയറ്റമായ ഗ്രേറ്റ് യാർമോത്തിലും ലണ്ടനിലുമായാണ് ഈ ആൽബം ചിത്രികരിച്ചിരിക്കുന്നത് .റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ആയിരക്കണക്കിന് പ്രേക്ഷകരെനേടി ഈ ആൽബം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.
നവീന്റെ എഡിറ്റിംഗിൽ ഗ്രേറ്റ് യാർമൗത് മലയാളികളായ
പ്രവീൺ ഭാസ്‌ക്കർ
ആഷ്
ബിൽജി തോമസ്
അനീഷ് സുരേഷ്
എബ്രഹാം ((കൊച്ചുമോൻ)
പ്രിയ ജിജി
ജോയ്‌സ് ജോർജ്
ദിലീപ് കുറുപ്പത്ത്
ബ്ലിൻറ്റോ ആന്റണി
ലിന്റോ തോമസ്
എബി
പ്രിൻസ് മുതിരക്കാല
റോബിൻ
മാസ്റ്റർ ഡാനി
മാസ്റ്റർ അതുൽ തുടങ്ങിയവരാണ് ഈ ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്

RECENT POSTS
Copyright © . All rights reserved