UK

വോഡഫോണിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ അതി സങ്കീര്‍ണാവസ്ഥയിലൂടെയാണ് കടന്നുപോവുന്നതെന്ന കമ്പനി സിഇഓ നിക്ക് റീഡിന്റെ വാക്കുകള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചതിന് ദിവസങ്ങള്‍ക്കുള്ളില്‍ ക്ഷമാപണം നടത്തി കേന്ദ്രസര്‍ക്കാരിന് അദ്ദേഹത്തിന്റെ കത്ത്. തന്റെ വാക്കുകളെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും ഇന്ത്യയില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ സങ്കീര്‍ണമായ സാമ്പത്തിക സാഹചര്യമാണ് കമ്പനി നേരിടുന്നതെന്നും സര്‍ക്കാരിന്റെ സഹായമില്ലെങ്കില്‍ കമ്പനിയ്ക്ക് ഇന്ത്യയില്‍ തുടരാനാവില്ലെന്നും ഉയര്‍ന്ന ടാക്‌സുകളും പിന്തുണ നല്‍കാത്ത നിയന്ത്രണങ്ങളും തങ്ങള്‍ക്കെതിരായ സുപ്രീംകോടതി വിധിയും കാര്യങ്ങള്‍ ഗുരുതരാവസ്ഥയില്‍ എത്തിക്കുകയാണെന്നും നിക്ക് റീഡിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.

ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിനുള്ള കത്തിലൂടെ തന്റെ പ്രസ്താവനയില്‍ ക്ഷമാപണം നടത്തിയ നിക്ക് റീഡ് യു.കെ.യില്‍ വെച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ശരിയായല്ല വ്യാഖ്യാനിച്ചതെന്ന് പറഞ്ഞു. ഇന്ത്യയില്‍ വളര്‍ച്ചയുണ്ടാകുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും വോഡഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ പ്രതിജ്ഞാബദ്ധമായി തുടരുമെന്നും സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ടെലികോം വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹിന്ദു റപ്പോര്‍ട്ട് ചെയ്യുന്നു.

ലൈസന്‍സും റഗുലേറ്ററി ഫീസുകളും സംബന്ധിച്ച തര്‍ക്കത്തില്‍ ടെലികോം വകുപ്പിന്റെ വാദം ശരിവെച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് മൂലം ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട ടെലികോം സേവന ദാതാക്കളില്‍ ഒരാളാണ് വോഡഫോണ്‍ ഐഡിയ. ഇതേ തുടര്‍ന്ന് ലൈസന്‍സ് ഫീസുകള്‍ക്കും സ്‌പെക്ട്രം ഉപയോഗത്തിന്റെ പിഴയും പലിശയും സഹിതം കമ്പനി ഇപ്പോള്‍ 40,000 കോടി രൂപ കുടിശികയായി നല്‍കേണ്ട സ്ഥിതിയിലാണ്.

ഇതുകൂടാതെ വന്‍തോതിലുള്ള ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കും കമ്പനിയുടെ സ്ഥിതി വഷളാക്കുന്നുണ്ട്. ആ സാഹചര്യത്തിലാണ് വോഡഫോണ്‍ ഇന്ത്യയില്‍ സേവനം അവസാനിപ്പിച്ചേക്കുമെന്ന വാര്‍ത്തകള്‍ വരുന്നത്.

ഈ മേഖലയിലെ സാമ്പത്തിക സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി, നിയമപരമായ കുടിശ്ശിക പൂര്‍ണ്ണമായി എഴുതിത്തള്ളാനും അല്ലെങ്കില്‍ പലിശകളും, പിഴകളുമെങ്കിലും ഒഴിവാക്കണമെന്നും വോഡഫോണ്‍ ഐഡിയ അംഗമായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ജനറൽ ഇലക്ഷനിൽ വിജയിക്കുകയാണെങ്കിൽ 2030ഓടെ രാജ്യത്തെ മുഴുവൻ വീടുകളിലും ബിസിനസ്‌ സ്ഥാപനങ്ങളിലും ഫ്രീ ഫുൾ ഫൈബർ ബ്രോഡ്ബാൻഡ് നൽകുമെന്ന വാഗ്ദാനവുമായി ലേബർ പാർട്ടി രംഗത്ത്. പദ്ധതിയുടെ ഭാഗമായി ബി ടി ദേശീയ വൽക്കരിക്കും എന്നും പദ്ധതിക്ക് ആവശ്യമായ ചെലവുകൾ ടെക് ഭീമൻ മാരിൽ നിന്നും ടാക്സിനത്തിൽ ലഭ്യമാക്കുമെന്നും പാർട്ടി പറഞ്ഞു. രാജ്യം മുഴുവൻ 20 ബില്യൻ പൗണ്ട് ചെലവിൽ മിഷനറി എന്ന് വിശേഷിപ്പിക്കപ്പെട്ട പദ്ധതി നടപ്പിലാക്കുമെന്ന് ഷാഡോ ചാൻസിലർ ജോൺ മക്‌ഡോന്നേൽ ഉറപ്പുനൽകി. എന്നാൽ കൊക്കിലൊതുങ്ങാത്തത് എന്നാണ് പദ്ധതിയെപ്പറ്റി ബോറിസ് ജോൺസൺ അഭിപ്രായപ്പെട്ടത്.

നിലവിൽ ബ്രോഡ്ബാൻഡുകൾ തീരെ ലഭ്യമല്ലാത്ത ഇടങ്ങളിൽ ആദ്യം സൗകര്യം നൽകാൻ ശ്രമിക്കുമെന്ന് പാർട്ടി വാഗ്ദാനം നൽകുന്നു. പദ്ധതി വഴി ഷെയർ ഹോൾഡേഴ്സിന് ഉണ്ടാകാൻ സാധ്യതയുള്ള നഷ്ടം ഗവൺമെന്റ് ബോർഡുകൾ വഴി പരിഹരിക്കുമെന്നും, ബി ടി യിലെ തൊഴിലാളികൾക്ക് പെൻഷൻ കാര്യം പരിഗണിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പാർട്ടിയുടെ ഗ്രീൻ ട്രാൻസ്ഫോർമേഷൻ ഫണ്ടിൽനിന്ന് ആവശ്യമായ ഫണ്ട് വകയിരുത്തും എന്ന് മാക്ഡോന്നേല്സ് പറഞ്ഞു.

എന്നാൽ പദ്ധതിയുടെ ചിലവ്, പ്രവർത്തനം എന്നിവ കൃത്യമായി വിലയിരുത്താൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. ബ്രോഡ്ബാൻഡ് ദാതാക്കൾ ബ്രിട്ടീഷ് ബ്രോഡ്ബാൻഡിനോട്‌ സഹകരിക്കുന്നില്ല എങ്കിൽ അവയെ പൊതുസ്ഥാപനങ്ങൾ ആക്കാനും ആലോചനയുണ്ട്. യുകെയിലെ മില്യൻ കണക്കിന് വരുന്ന ബ്രോഡ്ബാൻഡ് ബില്ലുകൾക്ക് പദ്ധതി അന്ത്യംകുറിക്കും എന്ന് കരുതുന്നു.

ബി ടി ചീഫ് എക്സിക്യൂട്ടീവ് ആയ ഫിലിപ് ജെൻസൺ പറയുന്നത് പദ്ധതി വിചാരിക്കുന്ന അത്ര എളുപ്പമാവില്ല എന്നാണ്. പത്തുവർഷംകൊണ്ട് പദ്ധതിയുടെ ചെലവ് 83 ബില്യൻ പൗണ്ട് ആയി ഉയരുമെന്ന് ടോറി പാർട്ടി ആരോപിച്ചു. മാത്രമല്ല ഈ പദ്ധതി നികുതിദായകർക്ക് വലിയൊരു ബാധ്യത ആവാനും സാധ്യതയുണ്ട്. ആസ്ട്രേലിയയിൽ 6 മില്യൺ ഓളം പേർക്ക് സൗജന്യ ബ്രോഡ്ബാൻഡ് ലഭ്യമാക്കുന്നുണ്ട്. എന്നാൽ സർവീസ് ക്വാളിറ്റി പലയിടങ്ങളിൽ പലതാണ് എന്നതിനാൽ അതിനെ പൂർണമായി ആശ്രയിക്കാൻ കഴിയില്ല.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : 2025 അവസാനത്തോടെ ഒരു സാർവത്രിക അടിസ്ഥാന വരുമാനം യുകെയിൽ നടപ്പിലാക്കുമെന്ന് ഗ്രീൻസ് പാർട്ടിയുടെ വാഗ്ദാനം. വികലാംഗർക്കും ഒറ്റപെട്ടു കഴിയുന്ന മാതാപിതാക്കൾക്കും ഉൾപ്പെടെ ജോലിക്ക് തടസ്സങ്ങൾ നേരിടുന്നവർക്ക് അധിക വരുമാനം ലഭിക്കും. അതുപോലെ എല്ലാ മുതിർന്നവർക്കും ആഴ്ചയിൽ 89 പൗണ്ട് വരെ ലഭിക്കും. ഈയൊരു പദ്ധതിയ്ക്ക് 76 ബില്യൺ ഡോളർ അധിക ചിലവ് വരുമെന്നും അത് നികുതിയിലൂടെ ലഭിക്കുമെന്നും പാർട്ടിയുടെ സഹനേതാവ് സിയാൻ ബെറി പറഞ്ഞു. ഈ നയം മുമ്പത്തേക്കാൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അവർ പറഞ്ഞു.

ഗ്രീൻ പാർട്ടിയുടെ പദ്ധതികൾ പ്രകാരം, സാർവത്രിക വായ്പയെ മാറ്റിസ്ഥാപിക്കാൻ വരുമാനത്തിന് കഴിയും. ഭവന ആനുകൂല്യവും പരിചരണത്തിന്റെ വേതനവും ഒഴികെയുള്ള എല്ലാ ആനുകൂല്യങ്ങളും പുതിയ പ്രതിഫലത്തിൽ ഉൾപ്പെടുത്തും, ഇത് അഞ്ച് വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി ലഭിക്കുകയും ചെയ്യും. ഏറ്റവും കുറഞ്ഞ വേതനത്തിൽ മുഴുവൻ സമയവും ജോലി ചെയ്യുന്ന ഒരാൾക്ക് അദേഹത്തിന്റെ വരുമാനം 32% ആയി ഉയരുമെന്ന് പാർട്ടി വാഗ്ദാനം ചെയ്യുന്നു. ദാരിദ്ര്യത്തെ നേരിടാനുള്ള നയങ്ങളും ലക്ഷ്യങ്ങളും ഗ്രീൻ പാർട്ടിക്കുണ്ടെന്ന് സിയാൻ ബെറി പറഞ്ഞു. ” സാമ്പത്തിക സുരക്ഷ ഒരു നല്ല സമൂഹത്തെ സൃഷ്ടിക്കുന്നതിന് കാരണമാവും.

സാർവത്രിക വരുമാനം ലഭിക്കുന്ന ആളുകൾക്ക് കൂടുതൽ പദ്ധതികൾ ഉണ്ടാകും, കൂടാതെ കൂടുതൽ ആളുകൾക്ക് ജോലി സമയം വെട്ടിക്കുറയ്ക്കാനും പുതിയ ഹരിത വ്യവസായം ആരംഭിക്കാനും കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും കഴിയും. അതുവഴി അവരുടെ ജീവിതം കൂടുതൽ മെച്ചപ്പെടും.” അദ്ദേഹം കൂട്ടിച്ചേർത്തു. സാർവത്രിക അടിസ്ഥാന വരുമാനം എന്ന ആശയം പടിഞ്ഞാറൻ കെനിയ, നെതർലാന്റ്സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഇതിനകം പരീക്ഷിച്ചിട്ടുണ്ട്.

പ്രശസ്ത ഭരതനാട്യം കലാകാരി ഡോ:രാജശ്രീ വാര്യർ ഡിസംബർ 6 മുതൽ 15 വരെ യൂകെ യിൽ എത്തുന്നു. യൂകെ യിലെ വിവിധ നൃത്ത സംഘങ്ങൾ സംഘടിപ്പിക്കുന്ന ഭാരതനാട്യം കളരികളിൽ മാർഗനിർദേശം നൽകാനാണ് ഇത്തവണ ഇംഗ്ളണ്ട് സന്ദർശിക്കുന്നത്. രണ്ടാഴ്ചകളിലായി ശനിയും ഞായറും അഞ്ച് മണിക്കൂർ നീളുന്ന കളരിയിൽ തുടക്കക്കാർക്ക് ‘നൃത്ത്യപദം’ എന്ന ക്ലാസും, സീനിയേഴ്‌സിന് ‘നായികപദവും’ ഒരു ജവാലി അല്ലെങ്കിൽ അഷ്ടപതിയും പഠിപ്പിക്കും. കളരിയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ഒരു പ്രത്യേക നൃത്ത ഇനവും അതിന്റെ മ്യൂസിക്കും ലഭ്യമാക്കും. മറ്റു ദിവസങ്ങളിൽ ചെറിയ ഗ്രൂപ്പുകൾക്ക് പ്രത്യേക പഠന സൗകര്യവും ഉണ്ടാവും.

രാജശ്രീ വാര്യരുടെ ‘അഭിനയ’ എന്ന ഭരതനാട്യം കളരികൾ വളരെ പ്രശസ്തമാണ്. മൂന്നു പതിറ്റാണ്ടിലേറെയായി കേരളത്തിലെ നാട്യ സംഗീത മേഖലയിലെ നിറ സാന്നിദ്ധ്യമാണ് ഡോ: രാജശ്രീ വാരിയർ. 2014 മുതൽ കേരള സംഗീത നാടക അക്കാഡമി എക്സിക്യൂട്ടീവ് മെമ്പറായി സേവനം അനുഷ്ഠിക്കുന്ന രാജശ്രീ വാര്യർ ‘നർത്തകി’, ‘നൃത്തകല’ എന്നീ രണ്ടുപുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് .

കൂടുതൽ വിവരങ്ങൾക്കും കളരിയിൽ പങ്കെടുക്കാനും 07886530031 എന്ന നമ്പറിൽ ബന്ധപ്പെടുക.


ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- വിവാഹം എല്ലാവരുടെയും മനസ്സിലെ സ്വപ്നമാണ്. എന്നാൽ വിവാഹങ്ങളെ സംബന്ധിക്കുന്ന പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ആഡംബരം കുറഞ്ഞ വിവാഹങ്ങളാണ് കൂടുതൽകാലം നിലനിൽക്കുന്നതെന്ന പുതിയ വെളിപ്പെടുത്തലാണ് റിപ്പോർട്ടിലുള്ളത്. ബ്രൈഡൽ മാസികകളും, ഡയമണ്ട് കമ്പനികളുമെല്ലാം വിവാഹം അതിഗംഭീരമായി നടത്തുന്നതിനുള്ള നൂതന വഴികൾ തേടുമ്പോൾ, ഗവേഷകരുടെ വെളിപ്പെടുത്തൽ ഇതിനു വിപരീതമായാണ്.

സാമ്പത്തികശാസ്ത്ര പ്രൊഫസർമാരായ ആൻഡ്രൂ ഫ്രാൻസിസും, ഹ്യൂഗോ മിയാലോണും മൂവായിരത്തോളം ദമ്പതികളിൽ നടത്തിയ പഠനത്തിനു ശേഷമാണ് റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. വിവാഹ ചെലവുകൾക്ക് പ്രാധാന്യം നൽകുന്നവർ പുറംമോടിക്കാണ് പ്രാധാന്യം നൽകുന്നത്. അവരുടെ വിവാഹ ബന്ധം നീണ്ടു നിൽക്കാൻ ഉള്ള സാധ്യത കുറവാണ്. 2000 ഡോളറിൽ കൂടുതൽ വിവാഹമോതിരത്തിനായി ചിലവാക്കുന്നവരുടെ വിവാഹ ബന്ധങ്ങൾ തകരാനുള്ള സാധ്യത ഏറെയാണെന്ന് പഠനറിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു. അതോടൊപ്പം തന്നെ ആയിരം ഡോളറിൽ താഴെ ഉള്ള ചെലവുള്ള വിവാഹങ്ങൾ നിലനിൽക്കാനുള്ള സാധ്യത ഏറെയാണെന്നും പറയുന്നു.

ദമ്പതികളുടെ സൗന്ദര്യം കണക്കിലെടുത്തു നടത്തുന്ന വിവാഹങ്ങളും നിലനിൽക്കാനുള്ള സാധ്യത കുറവാണെന്ന് പ്രൊഫസർ മിയലോൻ ഇൻഡിപെൻഡന്റിനു നൽകിയ വാർത്താസമ്മേളനത്തിൽ രേഖപ്പെടുത്തി. വിവാഹജീവിതത്തിൽ ഹണിമൂണിന് വളരെ പ്രാധാന്യമുണ്ടെന്നും, ഹണിമൂണിന് പോകുന്നത് ദാമ്പത്യബന്ധത്തെ സുസ്ഥിരപ്പെടുത്തും എന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു. വിവാഹ ചെലവുകൾക്കായി ദൂർത്തടിക്കുന്നതിനേക്കാൾ , വിവാഹശേഷമുള്ള യാത്രകൾക്ക്പണം വിനിയോഗിക്കുന്നതാണ് ഉത്തമം. പുതിയ പഠനറിപ്പോർട്ടുകൾ ആധുനിക തലമുറയുടെ ചിന്താഗതിയെ തന്നെ മാറ്റിമറിക്കുന്നതാണ്.

അനു എലിസബത്ത് തോമസ്, മലയാളം യുകെ ന്യൂസ് ടീം

ഡിസംബർ 12 ന് നടക്കുന്ന യുകെ പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വോട്ട് ചെയ്യില്ല എന്ന് പ്രഖ്യാപിച്ച ബ്രിട്ടീഷ് ഹിന്ദു വോട്ടർമാരെ അനുനയിപ്പിക്കാൻ ശ്രമം. കാശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ പ്രമേയം പാസാക്കിയതാണ് വോട്ടർമാർക്കിടയിൽ ലേബർ പാർട്ടിയോട് എതിർപ്പിന് കാരണമായി തീർന്നത്.

ഓഗസ്റ്റ് അഞ്ചിന് ഇന്ത്യാ ഗവൺമെന്റ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന്, തർക്കപ്രദേശത്ത് മാനുഷിക പ്രതിസന്ധിയുണ്ടെന്നും കശ്മീരിലെ ജനങ്ങൾക്ക് സ്വയം നിർണ്ണയത്തിനുള്ള അവകാശം നൽകണമെന്നും ലേബർ പാർട്ടി അംഗങ്ങൾ സെപ്റ്റംബറിൽ നടന്ന പാർട്ടി സമ്മേളനത്തിൽ പ്രമേയം പാസാക്കിരുന്നു. ഇത് ഹിന്ദു സമുദായങ്ങളിൽ നിന്ന് കടുത്ത രോഷത്തിന് ഇടയാക്കി. പാർട്ടി ഇന്ത്യൻ വിരുദ്ധവും ഹിന്ദു വിരുദ്ധവുമാണെന്ന് പ്രചരിക്കുവാൻ പ്രമേയം കാരണമായി തീർന്നു.

ഒരു പ്രമുഖ ഹൈന്ദവ സംഘടനയുടെ വിമർശനത്തെത്തുടർന്ന് ലേബർ പാർട്ടി ഇപ്പോൾ കോൺഫറൻസ് പ്രമേയത്തിൽ നിന്ന് അകന്നുനിൽക്കുകയാണ്. ഹിന്ദു കൗൺസിൽ യുകെ ചെയർമാൻ ഉമേഷ് ചന്ദർ ശർമ ബിബിസി റേഡിയോ 4 ന്റെ ടുഡേ പ്രോഗ്രാമിനോട് പറഞ്ഞു, “മിക്ക ഹിന്ദുക്കളും ലേബർ പാർട്ടിയുടെ നിലപാടിൽ വളരെയധികം അസ്വസ്ഥരാണ്. രാഷ്ട്രീയ നിഷ്പക്ഷത പുലർത്തുന്ന ചാരിറ്റിയും ഇതിനെതിരാണ്. സാധാരണയായി ലേബർ പാർട്ടിക്ക് വോട്ടുചെയ്യുന്ന ചിലർ പ്രശ്‌നം കാരണം കൺസർവേറ്റീവുകൾക്ക് വോട്ടുചെയ്യുമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.

കാശ്മീർ ജനതയുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ഭാവി സുരക്ഷിതമാക്കുകയും സമാധാനപരമായ പരിഹാരം ഇന്ത്യയും പാകിസ്ഥാനും സംയുക്തമായി കൈക്കൊള്ളണം എന്നാണ് പാർട്ടിയുടെ നിലപാട് എന്ന് ലേബർ പാർട്ടി ചെയർമാൻ ഇയാൻ ലവേറി അറിയിച്ചു. മറ്റൊരു രാജ്യത്തിന്റെ രാഷ്ട്രീയകാര്യങ്ങളിൽ ബാഹ്യഇടപെടലിൽ താൽപര്യമില്ലെന്നും ഇന്ത്യാ വിരുദ്ധമോ പാകിസ്ഥാൻ വിരുദ്ധമോ ആയ നിലപാടുകൾ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ : പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങൾ മൂന്നാഴ്ചയോളം വീടുകളിൽ നിന്ന് മാറി താമസിക്കേണ്ടതു ആവശ്യമായി വന്നിരിക്കുകയാണ്. ജനങ്ങളെ സുരക്ഷിതമായി പലയിടങ്ങളിൽ നിന്നും മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്. 1900 ത്തോളം പേരെയാണ് ഡോൺകാസ്റ്റർ ഏരിയയിൽ നിന്നും മാത്രം മാറ്റി പാർപ്പിച്ചിരിക്കുന്നത്. ഫിഷ്ലേയ്ക്ക് ഗ്രാമത്തെ ആണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ഏകദേശം ഇരുന്നൂറോളം സൈനിക പ്രവർത്തകർ സൗത്ത് യോർക്ക്ഷെയറിൽ പ്രളയ നിയന്ത്രണ പ്രവർത്തനങ്ങളെ സഹായിക്കാനായി എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രളയ ബാധിത പ്രദേശമായ സ്റ്റെയിൻഫോർത് സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രിക്കെതിരെ ജനങ്ങൾ രോഷാകുലരാണ്. എന്നാൽ ജനങ്ങളുടെ വികാരത്തെ മാനിക്കുന്നുവെന്നും പ്രധാനമന്ത്രി ജോൺസൺ രേഖപ്പെടുത്തി.

അധികൃതരിൽ നിന്നും വേണ്ടത്ര സഹായങ്ങൾ ലഭിക്കുന്നില്ലെന്ന് ഫിഷ്ലേയ്ക്ക് ഗ്രാമത്തിലെ പ്രളയബാധിത പ്രവർത്തനങ്ങളെ ക്രോഡീകരിക്കുന്ന ഷെല്ലി ബെനിറ്റ്സൺ കുറ്റപ്പെടുത്തി. എന്നാൽ പ്രധാനമന്ത്രി തന്റെ എല്ലാ സഹായങ്ങളും സന്ദർശനത്തിനിടയിൽ വാഗ്ദാനം ചെയ്തു. ജനങ്ങൾക്ക് വീടുകളിലേക്ക് മടങ്ങാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കും എന്ന് ഡോൺകാസ്റ്റർ കൗൺസിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.

എന്നാൽ വീണ്ടും മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഇത് പ്രളയബാധിത പ്രദേശങ്ങളെ വീണ്ടും രൂക്ഷമായി ബാധിക്കുമെന്നാണ് നിഗമനം. ഡോൺകാസ്റ്ററിൽ ഏകദേശം അഞ്ഞൂറോളം ഭവനങ്ങൾ വെള്ളത്തിനടിയിലാണ്. ഫിഷ്‌ലേയ്ക്ക് ഗ്രാമത്തിൽനിന്നും നൂറോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. ഗ്രാമത്തിലേക്കുള്ള റോഡുകളെല്ലാം തന്നെ അടച്ചിരിക്കുകയാണ്. ഗവൺമെന്റ് കഴിഞ്ഞ ദിവസം അടിയന്തര യോഗം കൂടി ആവശ്യമായ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ബോറിസ് ജോൺസന്റെ പ്രഖ്യാപനങ്ങളെല്ലാം വൈകിപ്പോയെന്ന കുറ്റപ്പെടുത്തലുകളും ഉയർന്നിട്ടുണ്ട്. ദുരിതബാധിതർക്ക് ആവശ്യമായ സാധനങ്ങളുടെ ശേഖരണം പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്.

 

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് മൂന്നുമാസത്തേക്ക് ക്യാൻസൽ ചെയ്യാനുള്ള തീരുമാനം ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും. ട്രാൻസ്പോർട്ട് മിനിസ്റ്റർ ഷെയിൻ റോസ് ആണ് ഈ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. നേരത്തെയുള്ള നിയമങ്ങളിൽ മദ്യപിച്ച് വാഹനമോടിക്കുന്ന എല്ലാവരുടെയും ലൈസൻസ് ഇല്ലാതാക്കി യിരുന്നില്ല. പെനാൽറ്റി നൽകി വിട്ടയയ്ക്കുകയാണ് ചെയ്തിരുന്നത്. പുതിയ നിയമമനുസരിച്ച് മദ്യപിച്ച് വാഹനമോടിച്ചു പിടിച്ചാൽ മൂന്ന് മാസത്തേക്ക് പിന്നീട് വണ്ടിയോടിക്കാൻ സാധിക്കുന്നതല്ല. മദ്യപിച്ച് വാഹനമോടിക്കുന്നതിനെ തുടർന്നുണ്ടാകുന്ന അപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ ആണ് പുതിയ നിയമം നിലവിൽ വരുന്നത്.

മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ പ്രശ്നം അയർലൻഡിൽ അതി രൂക്ഷമാണെന്ന് റോഡ് സേഫ്റ്റി അതോറിറ്റി വക്താവ് മൊയാഗ് മർഡോക്ക് രേഖപ്പെടുത്തി. 39% റോഡപകടങ്ങളും മദ്യപിച്ച് വാഹനമോടിക്കുന്നതിനെ തുടർന്നുണ്ടാകുന്നതാണെന്നും അവർ പറഞ്ഞു. ഗവൺമെന്റ് റോഡ് സേഫ്റ്റി സ്ട്രാറ്റജിയുടെ ഭാഗമായാണ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്നും അവർ രേഖപ്പെടുത്തി.  മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെ തുടർന്ന് റോഡുകളിൽ മനുഷ്യജീവൻ കുരുതികൊടുക്കുന്നത് തടയുകയും മരണനിരക്ക് 2020 -ഓടെ പ്രതിവർഷം   124 -ൽ കുറയ്ക്കുകയുമാണ് ഗവൺമെൻറ് ലക്ഷ്യമിടുന്നത്.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ക്രിസ്മസിന്റെ ഭാഗമായി ബ്രിട്ടനിൽ ആയിരത്തോളം തൊഴിലാളികൾക്ക് വേതന വർദ്ധനവ്. “റിയൽ ലിവിങ് വേജ് ” ക്യാമ്പയിനിൽ അംഗങ്ങളായ തൊഴിലുടമകളുടെ തൊഴിലാളികൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. യു കെയിൽ മണിക്കൂറിന് മുപ്പതു പെൻസ് എന്നുള്ളത് ഒൻപതര പൗണ്ടായി ഉയർത്തിയിരിക്കുകയാണ്. ലണ്ടനിൽ മണിക്കൂറിന് ഇരുപതു പെൻസ് എന്നുള്ളത് 10.75 പൗണ്ടായി ഉയർത്തിയിരിക്കുകയാണ്. 18 വയസ്സിന് മുകളിലുള്ള എല്ലാ തൊഴിലാളികൾക്കും അർഹമായ ഈ വേതന വർദ്ധനവ്, അവരുടെ ജീവിത ആവശ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചയിച്ചിരിക്കുന്നത്. ലിവിങ് വേജ് ഫൗണ്ടേഷനിൽ ഇപ്പോൾ തന്നെ ഏകദേശം ആറായിരത്തോളം സംഘടനകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രിസ്റ്റൽ പാലസ് ഫുട്ബോൾ ക്ലബ്, ഹിസ്‌കോസ്‌ ഇൻഷുറർ, വെൽഷ് വാട്ടർ, ലണ്ടൻ സിറ്റി എയർപോർട്ട് തുടങ്ങിയവ അവയിൽ ചിലതാണ്.

ഏകദേശം രണ്ട് ലക്ഷത്തി പതിനായിരത്തോളം തൊഴിലാളികൾക്ക് ഈ പദ്ധതിയിലൂടെ മെച്ചം ഉണ്ടാകുമെന്നാണ് ലിവിങ് വേജ് ഫൗണ്ടേഷൻ അറിയിക്കുന്നത്. ലിവിങ് വേജ് ഫൌണ്ടേഷന്റെ ക്രമപ്രകാരമുള്ള വേതനം നൽകാത്ത വരുടെ എണ്ണം 22 ശതമാനത്തിൽനിന്നും 19 ശതമാനായി കുറഞ്ഞിരിക്കുകയാണ്. അതായതു ഇപ്പോഴും 5.2 മില്യൺ തൊഴിലാളികൾക്കു റിയൽ ലിവിങ് വേജ് പ്രകാരമുള്ള വേതനം ലഭിക്കുന്നില്ല. ഡിസംബർ 12 ന് നടക്കുന്ന ജനറൽ ഇലക്ഷനിൽ ദേശീയ തൊഴിൽ വേതനം ഒരു മുഖ്യ പ്രചാരണ വിഷയമായി മാറിയിരിക്കുകയാണ്. ദേശീയ തൊഴിൽ വേതനം മണിക്കൂറിൽ 8.21 പൗണ്ടായാണ് ഗവണ്മെന്റ് നിശ്ചയിച്ചിരിക്കുന്നത്. ഇത് 25 വയസ്സിന് മുകളിലുള്ള തൊഴിലാളികൾക്ക് മാത്രമാണ് ലഭിക്കുന്നത്. എന്നാൽ ഇതു തൊഴിലാളികൾക്ക് മതിയാവുകയില്ല എന്ന തീരുമാനത്തിലാണ് ലിവിങ് വേജ് ഫൗണ്ടേഷൻ ” റിയൽ ലിവിങ് വേജ് ” എന്ന പദ്ധതിയുമായി മുന്നോട്ടു വന്നത്.

2024 ഓടുകൂടി ദേശീയ തൊഴിൽ വേതനം മണിക്കൂറിൽ 10.4 പൗണ്ടായി ഉയർത്തുമെന്നും, അതോടൊപ്പം ആനുകൂല്യം ലഭിക്കാനുള്ള പ്രായം 21 വയസ്സായി കുറയ്ക്കുമെന്നും കൺസർവേറ്റീവ് പാർട്ടി ഉറപ്പു നൽകിയിരിക്കുകയാണ്. ലേബർ പാർട്ടി തുല്യമായ വാഗ്ദാനങ്ങൾ ഇലക്ഷനിൽ നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് 18 വയസ്സിൽ താഴെയുള്ള തൊഴിലാളികൾക്ക് 4.35 പൗണ്ട് പാത്രമാണ് മണിക്കൂറിൽ നൽകുന്നത്. ഇലക്ഷനോടനുബന്ധിച്ച് ദേശീയ തൊഴിൽ വേതനം ഒരു മുഖ്യ ചർച്ചാവിഷയം ആയി മാറിയിരിക്കുകയാണ്.

സാലിസ്ബറി: ‘മരണത്തോളം ഭയാനകമായ ഒന്നില്ല; അതോടെ എല്ലാത്തിന്റെയും അവസാനമാകുന്നു’ എന്ന് അരിസ്റ്റോട്ടിൽ പറഞ്ഞത് തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു സാലിസ്ബറിയിൽ മരിച്ച നേഴ്‌സായ സീന എന്ന മാലാഖക്ക്  മലയാളി- ഇംഗ്ലീഷ് സമൂഹം നൽകിയ അന്ത്യയാത്ര. ഒരുകാര്യം ശരിയാണ്. സീനയുടെ ഭൗതീക ജീവിതം അവസാനിച്ചു എങ്കിലും സീന എന്ന നേഴ്‌സ്  സമൂഹത്തിന് നൽകിയ നന്മകൾക്ക് മരണം ഇല്ല എന്ന് തെളിയിക്കുന്നതായിരുന്നു അവിടെയെത്തിയ ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുന്നത്.

ഈ മാസം ഒന്നാം തിയതി വെളിയാഴ്ച സാലിസ്ബറിയില്‍ മരണമടഞ്ഞ കോട്ടയം ഉഴവൂര്‍ മുടീക്കുന്നേല്‍ ഷിബു ജോണിന്റെ ഭാര്യ സീനയ്ക്ക് (41) യാത്രാമൊഴി നൽകാൻ യുകെയുടെ നാനാഭാഗത്തുനിന്നുമായി ബന്ധുക്കളും സുഹൃത്തുക്കളുമായ നൂറുകണക്കിനാളുകളാണ് സാലിസ്ബറിയിലേക്ക് ഒഴുകിയെത്തിയത്. ജോൺ ഗ്ലെൻ (സാലിസ്ബറി MP ) സീനയുടെ മരണത്തിൽ അനുശോചനമറിക്കാൻ എത്തിയ ഇംഗ്ലീഷ് സമൂഹത്തോടൊപ്പം ഉണ്ടായിരുന്നു.

ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടരമണിയോടെ സെന്റ് ഗ്രിഗറീസ് കാത്തലിക് ദേവാലയത്തില്‍ ആണ് പൊതുദര്‍ശന സൗകര്യമൊരുക്കിയിരുന്നത്. സീനയുടെ ഭൗതിക ശരീരം എത്തുന്നതിന് മുൻപ് തന്നെ ദേവാലയവും തൊട്ടടുത്ത് ക്ലോസ്സ് സര്‍ക്യൂട്ട് സ്‌ക്രീനിലൂടെ ലൈവ് സജ്ജീകരിച്ചിരുന്ന ഹാളും നിറഞ്ഞിരുന്നു. സൗതാംപ്ടണ്‍ സെന്റ് പോള്‍സ് ക്‌നാനായ മിഷനിലെ ഫാ ജോസ് തേക്കുനില്‍ക്കുന്നതിലിന്റെയും, സെന്റ് ഓസ്മണ്ട്‌സ് ചര്‍ച്ച് വികാരി ഫാ: സജി നീണ്ടൂര്‍ MSFS ന്റെയും കാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു.

വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് സെന്റ് ഗ്രിഗറീസ് ദേവാലയം സാക്ഷ്യം വഹിച്ചത്. അകാലത്തില്‍ പറന്നകന്ന തന്റെ പ്രിയതമയുടെ ചേതനയറ്റ മുഖത്തു നിന്ന് കണ്ണെടുക്കാതെ കാവല്‍ നില്‍ക്കുന്ന ഷിബുവിനെ സാക്ഷിയാക്കി മൂത്ത മകന്‍ നിഖില്‍ സഹോദരങ്ങളായ നിബിനെയും അഞ്ചു വയസുകാരന്‍ നീലിനെയും ചാരത്തു ചേര്‍ത്തു നിറുത്തി തന്റെ പ്രിയ മാതാവിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ പങ്കു വച്ചപ്പോള്‍ നിറയാത്ത കണ്ണുകളില്ലായിരുന്നു. തുടര്‍ന്ന് സീനയുടെ ഇളയ സഹോദരി സോഫി തന്റെ പ്രിയ ചേച്ചിയുടെ ബാല്യകാല കുസൃതികള്‍ മുതല്‍ നന്മ നിറഞ്ഞ കരുതലിന്റെയും സാഹോദര്യത്തിന്റെയും ഓര്‍മ്മകള്‍ പങ്കു വച്ചപ്പോൾ എത്തിയവരുടെ കണ്ണുകൾ നിറയുന്ന സമയങ്ങൾക്ക് സാക്ഷിയായി.

യുകെ ക്‌നാനായ കാത്തലിക് അസോസിയേഷനു വേണ്ടി പ്രസിഡന്റ് തോമസ് ജോസഫ്യു, യുക്മയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള എന്നിവര്‍ അനുശോചന സന്ദേശം നല്‍കി. സാലിസ്ബറി എന്‍ എച്ച് എസ് ഹോസ്പിറ്റല്‍, സാലിസ്ബറി മലയാളി അസോസിയേഷന്‍, സെന്റ് പോള്‍ ക്‌നാനായ മിഷന്‍ , സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി തുടങ്ങയവരുടെ പ്രതിനിധികള്‍ അനുശോചനം രേഖപ്പെടുത്തി. ചടങ്ങുകള്‍ക്ക് കാര്യക്ഷമമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി സാലിസ്ബറിയിലെ കുടുംബങ്ങള്‍ മാതൃകയായി .

ഇന്ന് ഉച്ചതിരിഞ്ഞു ഷിബുവും, കുട്ടികളും അടുത്ത കുടുംബാംഗങ്ങളും നാട്ടിലേക്ക് തിരിക്കും. സീനായുടെ ഭൗതിക ശരീരം ബുധനാഴ്ച്ച നാട്ടിലേക്ക് കൊണ്ടുപോകും. നാട്ടിലെ മൃതസംസ്‌കാര ശുശ്രൂഷകള്‍ പതിനഞ്ചാം തിയതി വെള്ളിയാഴ്ച സ്വദേശമായ ഉഴവൂരില്‍ നടക്കും. മൂന്ന് മണിക്ക് വീട്ടിൽ ആരംഭിക്കുന്ന മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ തുടർ ശുശ്രൂഷകള്‍ നടക്കുന്നു.

സീന കഴിഞ്ഞ ഒന്നര വർഷത്തിലധികമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സാലിസ്ബറി എന്‍ എച്ച് എസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്‌സ് ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു സീന. നിഖില്‍, നിബിന്‍, നീല്‍ എന്നീ മൂന്ന് ആണ്‍കുട്ടികളാണ് സീനാ ഷിബു ദമ്പതികള്‍ക്കുള്ളത്.

 Also Read… മൂന്ന് കുരുന്നുകളെ ഷിബുവിന്റെ കരങ്ങളിൽ ഏൽപ്പിച്ചു സാലിസ്ബറി ഹോസ്പിറ്റലിലെ നേഴ്‌സായിരുന്ന സീന വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി… യുകെ മലയാളികളെ മരണം വിടാതെ പിന്തുടരുമ്പോൾ നഷ്ടമായത് കോട്ടയം സ്വദേശിനിയെ...

 

Copyright © . All rights reserved