UK
ലണ്ടൻ: ഫാ.ജോർജ്ജ് പനക്കലച്ചന്റെ നേതൃത്വത്തിൽ  റെയിൻഹാം ഏലുടെക് അക്കാദമിയിൽ വെച്ച് ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ വ്യാഴാഴ്ച നടത്തപ്പെടുമ്പോൾ കൺവെൻഷൻ വേദിയിലേക്കുള്ള റൂട്ട് മാപ്പും, പാർക്കിങ് ലൊക്കേഷനും മറ്റു നിർദ്ദേശങ്ങളുമായി സ്വാഗതസംഘം.
ട്യൂബ് ട്രെയിൻ മാർഗ്ഗം വരുന്നവർ അപ്‌മിൻസ്റ്റർ വഴിയുള്ള ജില്ലാ ലൈനിലൂടെ വന്നു ഡെഗൻഹാം ഈസ്റ്റിൽ ഇറങ്ങേണ്ടതാണ്. ട്യൂബ് സ്റ്റേഷന് നേരെ എതിർവശത്ത്കാണുന്ന എലൂടെക് അക്കാദമി ഓഫ് ഡിസൈൻ ആൻഡ് എഞ്ചിനീയറിംഗിലെ സ്പോർട്സ് ഹാളിൽ വെച്ചാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
വാഹനങ്ങളിൽ വരുന്നവർ എം & ബി സ്പോർട്സ് ആൻഡ് സോഷ്യൽ ക്ലബ്  കാർ പാർക്കിൽ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്. മൂന്നു മിനിട്ടു നടക്കുവാനുള്ള ദൂരത്തിലാണ് കാർ പാർക്കിങ്.
കൺവെൻഷന്റെ ഇടവേളകളിൽ ചായയും ബിസ്കറ്റും നൽകുവാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. വെള്ളക്കുപ്പികൾ ഹാളിന്റെ വിവിധ ഭാഗങ്ങളിൽ ലഭ്യമായിരിക്കും.  ഫസ്റ്റ് എയ്ഡ് സഹായവും ഉണ്ടായിരിക്കുന്നതാണ്.
കുട്ടികൾക്കും, യുവജനങ്ങൾക്കും വേറെ ഹാളുകളിലായി വചന ശുശ്രുഷകൾ ഒരുക്കിയിരിക്കുന്നതിനാൽ മാതാപിതാക്കൾ വോളണ്ടിയേഴ്സ് നൽകുന്ന നിർദ്ദേശാനുസരണം ഹാളുകളിൽ കൊണ്ടു പോയി വിടുകയോ വോളണ്ടിയേഴ്സ് കൂട്ടിക്കൊണ്ട് പോവുകയോ ചെയ്യും.  പ്രത്യേക ശുശ്രുഷകളിലൂടെ ആല്മീയ ചിന്തകളും വിജ്ഞാനവും നൽകി ആല്മീയ ധാരയിൽ ദൈവീക കൃപകളോടെ വീടിനും നാടിനും അനുഗ്രഹമായി വളർന്നു വരുന്നതിനുള്ള  ശുശ്രുഷകളാണ് ഒരുക്കിയിരിക്കുന്നത്.
സ്രാമ്പിക്കൽ പിതാവും, പനക്കലച്ചനുമൊപ്പം ഫാ.ജോസഫ് എടാട്ട്, ഫാ.ആൻ്റണി പറങ്കിമാവിൽ, ഫാ.ജോസഫ് എടാട്ട്, ഫാ.ജോജോ മരിപ്പാട്ട്, ഫാ.ജോസ് പള്ളിയിൽ എന്നിവർ വിവിധ ശുശ്രുഷകളിൽ പങ്കുചേരും.
ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷനായി എലുടെക് അക്കാദമിയിൽ തിരുവചനവേദി ഉയരുമ്പോൾ ആയിരങ്ങൾക്ക് കൃപകളും അനുഗ്രഹങ്ങളും വർഷിക്കുന്ന ശുശ്രുഷകളുമായി ജോർജ്ജ് പനക്കലച്ചനും ടീമും വ്യാഴാഴ്ച റയിൻഹാമിൽ എത്തും.ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ സ്രാമ്പിക്കൽ പിതാവ് തിരുക്കർമ്മങ്ങൾ നയിച്ചു അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്.
അനുഗ്രഹ വാതായനങ്ങൾ തുറക്കപ്പെടുന്ന തിരുവചനങ്ങളുടെ ആഴങ്ങളിൽ  ലയിക്കുവാനും , ദൈവീക സ്നേഹസ്പർശം അനുഭവിക്കുവാനും, നവീകരണവും, ആല്മീയ സന്തോഷവും നേടുവാനും ഉതകുന്ന  ബൈബിൾ കൺവെൻഷനിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി കൺവീനർ ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. ജോസ് അന്ത്യാംകുളം- 07472801507
കൺവെൻഷൻ വേദി: ELUTEC ACADEMY, Yew Tree Ave, Dagenham(E),RM10 7FN
 കാർ പാർക്ക് : M &B  Sports  and  Social  Club  RM7 0QX

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ബോറിസ് ജോൺസന്റെ പുതിയ ബ്രെക്സിറ്റ്‌ കരാർ പാർലമെന്റിൽ പരാജയപ്പെട്ടതോടെ വലിയ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ബ്രിട്ടൻ. ബ്രെക്സിറ്റ് നീട്ടിവയ്ക്കാൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടണമെന്ന് ബ്രിട്ടീഷ് പാർലമെന്റ് പ്രമേയം പാസാക്കിയതിന് പിന്നാലെ പുതിയ തന്ത്രവുമായി ജോൺസൺ എത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി എന്ന നിലയിൽ കാലാവധി നീട്ടണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടുകൊണ്ടും വ്യക്തിപരമായി ബ്രെക്സിറ്റ് കാലാവധി നീട്ടാതിരിക്കുന്നതാണ് ഉചിതമെന്ന് കാണിച്ചും രണ്ട് കത്തുകൾ ബോറിസ് ജോൺസൺ ബ്രസൽസിന് അയച്ചു. എന്നാൽ ആദ്യത്തെ കത്തിൽ അദ്ദേഹം ഒപ്പുവെച്ചിട്ടില്ല. ബോറിസ് ജോൺസന്‍റെ കത്ത് കിട്ടിയെന്ന് സ്ഥിരീകരിച്ച യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്ക് ചർച്ചകൾക്ക് ശേഷം പ്രതികരണം അറിയിക്കാമെന്ന് നിലപാടെടുത്തു. അർത്ഥവത്തായ ഒരു വോട്ടെടുപ്പ് തിങ്കളാഴ്ച നടത്താൻ സർക്കാർ പദ്ധതിയിടുന്നതായി ഹൗസ് ഓഫ് കോമൺസ് നേതാവ് ജേക്കബ് റീസ്-മോഗ് പറഞ്ഞു.

ബ്രെക്സിറ്റിൽ ഇനി എന്തൊക്കെ സംഭവിക്കാം ;
1) കാലാവധി നീട്ടണമെന്ന അഭ്യർത്ഥന – ജോൺസന്റെ കത്ത് യൂറോപ്യൻ യൂണിയൻ ഇപ്പോൾ പരിഗണിക്കും. എല്ലാ 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഒരു വിപുലീകരണത്തിന് സമ്മതിക്കണം. യൂറോപ്യൻ യൂണിയൻ ഉടനടി ഉത്തരം നൽകേണ്ടതില്ല.ബ്രെക്‌സിറ്റിന് കാലതാമസം നൽകാൻ യൂറോപ്യൻ യൂണിയൻ വിസമ്മതിക്കുകയാണെങ്കിൽ, ഒരു കരാറും അനുബന്ധ നിയമനിർമ്മാണവും പാസാക്കാൻ പാർലമെന്റിന് ഒക്ടോബർ 31 വരെ സമയമുണ്ട്.

2)ഒക്ടോബർ 31ന് കരാർ രഹിത ബ്രെക്സിറ്റ്‌ – ഒക്ടോബർ 31ന് തന്നെ യൂറോപ്യൻ യൂണിയൻ വിടണമെന്ന നിലപാടിലാണ് ജോൺസൻ. ഏറ്റവും കഠിനമായ അവസ്ഥയാണ് നോ-ഡീല്‍ ബ്രെക്സിറ്റ്‌. യൂറോപ്യന്‍ യൂണിയന്‍ നല്‍കിയിട്ടുള്ള സമയപരിധി ആയ ഒക്ടോബര്‍ 31 ആയിട്ടും കരാറില്‍ എത്താന്‍ ബ്രിട്ടന് കഴിയാതെ വന്നാല്‍ ബ്രിട്ടണ്‍ വെറും കൈയ്യോടെ യൂറോപ്യന്‍ യൂണിയന്‍ വിട്ടിറങ്ങേണ്ടി വരും. ഇത് എളുപ്പമല്ല. കനത്ത നഷ്‍ടമായിരിക്കും ബ്രിട്ടീഷ് സാമ്പത്തിക രംഗം നേരിടുക. ഇംഗ്ലീഷ് സെന്‍ട്രല്‍ ബാങ്ക് നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് ബ്രിട്ടീഷ് ജിഡിപി 8 ശതമാനം വരെ ഇടിയും. ലോകവ്യാപാര സംഘടന ഉള്‍പ്പെടെയുള്ള സംഘടനകളുമായി പുതിയ കരാറുകള്‍ക്ക് ബ്രിട്ടണ്‍ ശ്രമിക്കേണ്ടിവരും.

3)ഇടക്കാല തെരഞ്ഞെടുപ്പ് -നിലവിൽ ബ്രെക്സിറ്റ്‌ നടക്കാനിരിക്കുന്ന ഒക്ടോബർ 31 ന് ശേഷം ഒരു ഇടക്കാല തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കാം. എന്നിരുന്നാലും, അത് ഈ വർഷാവസാനമോ അല്ലെങ്കിൽ അടുത്ത വർഷം ആദ്യം ആയിരിക്കുമോ എന്ന കാര്യം വ്യക്തമല്ല. പ്രതിപക്ഷമായ ലേബർ പാർട്ടി അധികാരത്തിൽ എത്തിയാലും ബ്രെക്സിറ്റിനു പരിഹാരം കാണാൻ കഴിയുമെന്ന് പ്രതീക്ഷയില്ല. പകരം ബ്രെക്സിറ്റിനുമേൽ രണ്ടാം ഹിതപരിശോധന നടന്നേക്കും.

4) ബ്രെക്സിറ്റ്‌ റദ്ദാക്കുക – ആർട്ടിക്കിൾ 50 റദ്ദാക്കി ബ്രെക്സിറ്റ് മൊത്തത്തിൽ റദ്ദാക്കാനുള്ള നിയമപരമായ സാധ്യതയുമുണ്ട്. എന്നാൽ ഇത് നിലവിലെ സർക്കാർ ആലോചിക്കുന്ന ഒന്നല്ല. അതിനാൽ സർക്കാരിന്റെ മാറ്റത്തിനുശേഷമേ ഇതിനെപറ്റി ചിന്തിക്കാൻ കഴിയൂ. കോമൺസിൽ ഭൂരിപക്ഷം നേടിയാൽ ആർട്ടിക്കിൾ 50 റദ്ദാക്കുമെന്നും ബ്രെക്സിറ്റ് റദ്ദാക്കുമെന്നും ലിബറൽ ഡെമോക്രാറ്റുകൾ അഭിപ്രായപ്പെട്ടിരുന്നു.

സ്വന്തം ലേഖകൻ

യുകെ : പ്രവാസ ലോകത്ത് വളരെയധികം പ്രതീക്ഷയോടെ വളർന്നു വന്ന യൂണിയൻ ഓഫ് യുകെ മലയാളി അസ്സോസ്സിയേഷൻസ്  ( യുക്മ  ) എന്ന സാംസ്കാരിക സംഘടന ഇന്ന് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളെ തോൽപ്പിക്കും വിധം തരം താഴ്ന്നില്ലേ ?.  കുറെ വർഷങ്ങളായുള്ള ഈ സംഘടനയുടെ നടപടികളെ വിലയിരുത്തിയാൽ ഇന്ത്യയിൽ  ജനാധിപത്യം ഇല്ലാതാക്കാൻ കാരണക്കാരായ രാഷ്ട്രീയ പാർട്ടികളെപ്പോലെയാണ്  യുകെ മലയാളികൾ നെഞ്ചിലേറ്റിയ യുക്മ എന്ന പ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ . ഒരു സാംസ്കാരിക സംഘടന എന്നതിൽ നിന്ന് മാറി നിലവാരമില്ലാത്ത ഒരു ഇന്ത്യൻ രാഷ്ട്രീയ പാർട്ടിക്ക് വേണ്ട എല്ലാ അധഃപതിച്ച സംവിധാനങ്ങളും ഉൾക്കൊള്ളുന്ന വെറുമൊരു കൂട്ടായ്മയായി യുക്മ മാറിയെന്ന് ആർക്കും പറയാം .

ആജ്ഞാനുവർത്തികളായ അണികളെ സൃഷ്‌ടിക്കുക ,സ്തുതിപാടകർക്കായി അനേകം  സ്ഥാനമാനങ്ങൾ സൃഷ്‌ടിച്ച്‌ വീതം വെച്ച് നൽകുക , അധികാര പ്രിയരായ കപട നിക്ഷപക്ഷ വാദികളെ കണ്ടെത്തി ഉപയോഗിക്കുക ,  തെരഞ്ഞെടുപ്പുകളിൽ സാമുദായിക – വർഗ്ഗീയ ധ്രുവീകരണം നടത്തി ജയിക്കുക , കള്ളവോട്ട് ചെയ്യുക , ബാലറ്റ് പേപ്പറുകൾ തിരുത്തുക , വോട്ട് എണ്ണലിൽ കൃത്രിമം കാട്ടുക , കോടതിയിൽ കള്ള തെളിവുകൾ സമർപ്പിക്കുക , അധികാരം ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചാൽ ഇന്നലെ വരെ പറഞ്ഞവയെ വിഴുങ്ങിക്കൊണ്ട്  വർഷങ്ങളായി അസഭ്യം പറഞ്ഞു നടന്നവരുമായി യാതൊരു ഉളുപ്പുമില്ലാതെ ചങ്ങാത്തം ഉണ്ടാക്കി മറുകണ്ടം ചാടുക , ഫോട്ടോ എടുക്കൽ രാഷ്ട്രീയം , സ്റ്റേജിൽ ഇടിച്ച് കയറൽ  , മാധ്യമ ശ്രദ്ധ നേടാനുള്ള പരാക്രമങ്ങൾ , മരണം വരെ നേതാവ് ചമയൽ , എതിരാളികൾക്കെതിരെ നുണകൾ  പറഞ്ഞു  പരത്തി വ്യക്തിഹത്യ നടത്തുക , കു‌ടെ നിന്ന് കൊണ്ട് തന്നെ വിശ്വസിച്ചവരെ ചതിക്കുക , സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെ നാലാംകിട അണികളെ ഉപയോഗിച്ചുകൊണ്ട്  പ്രതിരോധിക്കുക , തെറ്റുകളെ ചോദ്യം ചെയ്യന്നവരെ യുക്മ വിരുദ്ധർ എന്ന് പ്രചരിപ്പിച്ച്  സംഘടനയിൽ നിന്ന് പുറത്താക്കി ഇല്ലാതാക്കുക , നല്ല രീതിയിൽ പ്രവർത്തിക്കുന്ന അസ്സോസിയേഷനുകൾക്കിടയിൽ പിളർപ്പുകൾ ഉണ്ടാക്കി മുതലെടുക്കുക തുടങ്ങി ഇന്നത്തെ തരംതാണ ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളുടെ എല്ലാ ലക്ഷണങ്ങളും കാണിക്കുന്ന ചെറിയൊരു ആൾകൂട്ടമായി  യുക്മ എന്ന സംഘടന മാറിയില്ലേ ? .

കഴിഞ്ഞ കുറെ നാളുകളായി ഈ സംഘടന നടത്തുന്ന എല്ലാ പരിപാടികളിലും ജനപങ്കാളിത്തം കുറയുന്നതിന്റെയും , യുക്മയോടുള്ള യുകെ മലയാളികളുടെ താൽപ്പര്യം കുറയുന്നതിന്റെയും കാരണങ്ങൾ  മേൽപറഞ്ഞവയല്ലേ ? . യുകെയിലെ നൂറിൽ പരം മലയാളി അസ്സോസിയേഷനുകൾ അംഗമായിട്ടുള്ള ഈ പ്രസ്ഥാനത്തിൽ നിന്നും ഒട്ടുമിക്ക അസ്സോസിയേഷനുകളും ദിനംപ്രതി നിർജീവമായിക്കൊണ്ടിരിക്കുകയല്ലേ ? .  സ്വന്തം അംഗങ്ങളെ തൃപ്തിപ്പെടുത്താൻ നടത്തുന്ന വെറുമൊരു ചടങ്ങായി മാത്രമല്ലേ ഇന്നത്തെ യുക്മയുടെ പരിപാടികളെ പല അസ്സോസ്സിയേഷനുകളും കാണുന്നത് ? .

യുക്മ നടത്തുന്ന എല്ലാ പരിപാടികളിലേയ്ക്കും യുകെ മലയാളികളെ എത്തിക്കുക എന്നതാണ് ഇപ്പോൾ യുക്മ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രശ്നം . ജനസമ്മതരായ നേതാക്കളുടെ അഭാവവും  , യുക്മയുടെ പ്രവർത്തനങ്ങളെ വിജയിപ്പിക്കുവാൻ മേലനങ്ങി പണിയെടുക്കുന്ന നേതാക്കളുടെ കുറവും , നിക്ഷപക്ഷരും ആത്മാർത്ഥരുമായ  നേതാക്കൾ മനംനൊന്ത് സംഘടനാ പ്രവർത്തനം അവസാനിപ്പിച്ചതും , ഇത്തരം നേതാക്കളോട് യുക്മ നേതൃത്വം കാട്ടിയ അനീതിയോട് പൊതുസമൂഹത്തിന്റെ വിയോജിപ്പുമൊക്കെയല്ലേ ദിനംപ്രതി യുകെ മലയാളികൾ യുക്മ എന്ന പ്രസ്ഥാനത്തിൽ നിന്ന് അകലുന്നതിന്റെ കാരണങ്ങൾ.

ഇത്രയും ദയനീയമായ ഒരു അവസ്ഥയിലേയ്ക്ക് യുക്മ എന്ന പ്രസ്ഥാനത്തെ കൊണ്ടെത്തിച്ചത്  കുത്തഴിഞ്ഞ ഒരു ഭരണഘടനയും അതിന്റെ പിൻബലത്തിൽ നടത്തിയ സംഘടനാ തെരഞ്ഞടുപ്പുകളുമാണ് . യുക്മയിലെ രാഷ്ട്രീയ യജമാനന്മാർക്ക് എതിർ നിൽക്കുന്ന നിക്ഷപക്ഷരായവരെ ഇല്ലാതാക്കാൻ വേണ്ടി ഓരോ തവണയും ഭേദഗതികൾ വരുത്തിയ യുക്മയുടെ ഭരണഘടന ഇന്ന് സാമാന്യ ബുദ്ധിയുള്ള ഒരാൾക്ക് വായിച്ച് മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയിലേയ്ക്ക് എത്തിച്ചു കഴിഞ്ഞു . ഇംഗ്ളീഷിലും മലയാളത്തിലുമായി ആർക്കും മനസിലാകാത്ത അവസ്ഥയിൽ കിടക്കുന്ന ഈ ഭരണഘടനയുടെ പിൻബലത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പുകളാണ് യുക്മയെ ഇത്രയധികം തകർത്തത് .

ഓരോ അസ്സോസ്സിയേഷനിൽ നിന്നും പറഞ്ഞയയ്ക്കുന്ന മൂന്ന് യുക്മ പ്രതിനിധികളാണ് തെരഞ്ഞെടുപ്പിലെ വില്ലന്മാർ . രഹസ്യ വോട്ടെടുപ്പ് ആയതുകൊണ്ട് ഇവർ ഒരിക്കലും യുക്മയിലെ  യഥാർത്ഥ അംഗങ്ങളായ അസ്സോസ്സിയേഷനുകളുടെ താത്പര്യങ്ങൾ സംരക്ഷിക്കാറില്ല . അധികാര കൊതിയന്മാരായ ഇവരെ രാഷ്ട്രീയപരമായും , സമുദായികപരമായും , വർഗ്ഗീയപരമായും വിഘടിപ്പിച്ച് , സ്ഥാനമാനങ്ങൾ നൽകി ഉപയോഗപ്പെടുത്തി അധികാരം കൈയ്യാളുന്ന കാഴ്ചയാണ് വർഷങ്ങളായി നിലനിന്ന് പോരുന്നത് . യുക്മയുടെ നേതാക്കളെ തെരഞ്ഞെടുക്കുന്ന ഈ തെരഞ്ഞെടുപ്പുകളിൽ ഒന്നിലും യുകെ മലയാളികളിലെ 99 ശതമാനം വരുന്ന സാധാരണകാർക്കും യാതൊരു അവകാശവുമില്ല .

ഇക്കഴിഞ്ഞ ഇലക്ഷൻ കാലത്ത് യുകെയിലെ മാധ്യമങ്ങൾ പൊതുസമൂഹത്തിനും കൂടി വോട്ടു ചെയ്യാനുള്ള അവസരം നൽകി നടത്തിയ അഭിപ്രായ സർവേകളിൽ പങ്കെടുത്ത ഭൂരിപക്ഷം യുകെ മലയാളികളും ഇപ്പോഴത്തെ ഭരണസമിതിക്കെതിരെയാണ് വോട്ട് ചെയ്തത് . കള്ളവോട്ടിങ്ങിലൂടെ നടത്തിയ തെരഞ്ഞെടുപ്പിലും നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് ഇക്കൂട്ടർ അധികാരം കൈയ്യടക്കിയത് .  ഈ രാഷ്ട്രീയ കൂട്ട്കെട്ടുകൾ  കാലാകാലങ്ങളായി യുക്മയിൽ നടത്തുന്ന നാടകങ്ങളെ പൊതുസമൂഹം അത്രകണ്ട് മടുത്തിരുക്കുന്നുവെന്നല്ലേ ഈ സർവേ ഫലവും , കള്ളവോട്ട് ഫലവും സൂചിപ്പിക്കുന്നത് .

യുക്മ തകർക്കാൻ നടക്കുന്നവർ എന്ന് മുദ്രകുത്തി സാധാരണ യുകെ മലയാളികൾക്കിടയിൽ  വ്യാജപ്രചാരണം നടത്തിയാണ് ഈ രാഷ്ട്രീയക്കാർ ഇതുവരെ വിമർശകരെ നേരിട്ടിരുന്നത്. വ്യക്തി വൈരാഗികളും , അധികാര കൊതിയന്മാരുമായ ഈ നേതാക്കളുടെ ധിക്കാരവും ധാർഷ്ഠ്യപരവുമായ ഭരണ രീതിയാണ് ഈ സംഘടനയിൽ നിന്നും യുകെ മലയാളികളെ അകറ്റിയത് . അതുകൊണ്ട് തന്നെ യുക്മ എന്ന പ്രസ്ഥാനത്തെ ഈ ദുരവസ്ഥയിൽ കൊണ്ടെത്തിച്ചവർക്കെതിരെ സംഘടിച്ചുകൊണ്ട് തെരുവിലിറങ്ങി പ്രതിക്ഷേധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് തന്നെയാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നത് .

യുകെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനും സംഘാടകനുമായ ഇഗ്നേഷ്യസ് പേട്ടയിലിന്റെ ഭാര്യ മേരി ഇഗ്നേഷ്യസ് (64) നിര്യാതയായി. ഏറെ നാളായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന മേരി ഇഗ്നേഷ്യസ് ഇന്നലെ രാത്രിയോടെ ആണ് യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി ഈ ലോകത്തോട്‌ വിട പറഞ്ഞത്. യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയന്റെ ആദ്യ പ്രസിഡന്റ് ആയിരുന്ന ഇഗ്നേഷ്യസ് പേട്ടയില്‍ എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷന്‍റെ അമരക്കാരന്‍ എന്നാ നിലയിലും യുകെ മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്. ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ പിന്തുണയുമായി കൂടെ നിന്നിരുന്നത് യുകെ മലയാളികള്‍ മേരിചേച്ചി എന്ന് സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന  മേരി ഇഗ്നേഷ്യസ് ആയിരുന്നു.

രണ്ടു മക്കളാണ് ഇഗ്നേഷ്യസ് മേരി ദമ്പതികള്‍ക്ക്. ജസ്റ്റിന്‍ പേട്ടയില്‍, ജുമിന്‍ പേട്ടയില്‍. മരുമകള്‍ ഷാരോണ്‍ ജസ്റ്റിന്‍. പേരക്കുട്ടി ഓസ്റ്റിന്‍ ജസ്റ്റിന്‍. സംസ്കാരം സംബന്ധിച്ച് ഉള്ള വിവരങ്ങള്‍ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

മേരിചേച്ചിയുടെ വേര്‍പാടില്‍ വേദനിക്കുന്ന ഇഗ്നേഷ്യസ് ചേട്ടന്‍റെയും കുടുംബത്തിന്റെയും തീരാദുഖത്തില്‍ മലയാളം യുകെ ന്യൂസ് ടീമും പങ്ക് ചേരുന്നു.

LIVE UPDATE… പൂളിൽ മലയാളിയായ കെന്‍ വിനോദ് വര്‍ക്കിയുടെ മരണം ഇന്ന് സംഭവിച്ചപ്പോൾ നാല് ദിവസത്തിനുള്ളിൽ മൂന്ന് മരണം… യുകെയിലെ മലയാളി സമൂഹത്തിന് വേദനകൾ വരുന്നത് ഒന്നിന് പിന്നാലെ മറ്റൊന്നായി… 

സ്വർണ്ണം തേടിയാണ് പ്രധാനമായും മോഷ്ട്ടാക്കൾ മലയാളികളുടെ വീടുകൾ തേടിയെത്തുന്നത് .വിന്റർ ആരംഭിച്ചതോടു കൂടി മലയാളികളുടെ വീടുകളിൽ മോഷണ പരമ്പര ആരംഭിച്ചിരിക്കുകയാണ് .ചെസ്റ്ററിലെ കൈപ്പുഴ സ്വദേശിയായ മലയാളിയുടെ വീട്ടിൽ വൻ മോഷണമാണ് നടന്നിരിക്കുന്നത് എങ്കിലും വീട്ടുകാർ എല്ലാവരും സുരക്ഷിതരാണെന്നആശ്വാസത്തിലാണ് ചെസ്റ്റർ നിവാസികൾ .

 

സ്വർണ്ണവും ബിഎംഡബ്ല്യൂ കാറും ഉൾപ്പെടെ വീടിൻെറ താഴെത്ത നിലയിലുള്ള എല്ലാ വസ്തുവകകളും നഷ്ട്ടപ്പെട്ടു . ഭാര്യവും ഭർത്താവും കുട്ടികളും കൂടി മുകളിലത്തെ നിലയിൽ ഉറങ്ങുന്ന സമയത്താണ് താഴത്തെ നിലയിൽ മോഷണം നടന്നത് . ടെലിവിഷൻ ഉൾപ്പെടെയുള്ള എല്ലാ ഇലക്ട്രോണിക്സ് സാധനങ്ങളും നഷ്ടപെട്ടെന്നാണ് ലഭ്യമാകുന്ന വിവരം.

9 .30 -ഓടുകൂടി പോലീസ് എത്തി വിരലടയാളം ശേഖരിച്ചു. ഏകദേശം 4 മണിക്കൂറുകൾക്കു ശേക്ഷം നഷ്ടപെട്ട കാർ മോഷ്ടാക്കളുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ് അറിയിച്ചു. വിന്റർ ആരഭിച്ചതോടുകൂടി മോഷണ പരമ്പരകൾ മലയാളി കുടുംബങ്ങളെ വേട്ടയാടുമോ എന്ന ഭയത്തിലാണ് യുകെയിലെ പ്രവാസി മലയാളികൾ .

 

ഗായകന്‍ ഡോ. കെ.ജെ യേശുദാസിന് ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാളില്‍ ആദരം. ബ്രിട്ടനില്‍ സംഗീത പരിപാടിക്ക് എത്തിയ യേശുദാസിന് യു.കെയിലെ ഇന്തോ-ബ്രിട്ടീഷ് സാംസ്‌കാരിക കൂട്ടായ്മയുടെയും യു.കെ ഇവന്റ് ലൈഫിന്റെയും ആഭിമുഖ്യത്തിലാണ് സ്വീകരണം നല്‍കിയത്.

ബ്രിട്ടീഷ് എം.പി മാര്‍ട്ടിന്‍ ഡേ, ബ്രിട്ടീഷ് പാര്‍ലമെന്റിലെ മിനിസ്ട്രി ഓഫ് ജസ്റ്റീസ് അണ്ടര്‍ സെക്രട്ടറി ക്രിസ് ഫിലിപ്പ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന പരിപാടിയില്‍ ബ്രിട്ടനിലെ പ്രമുഖരായ മലയാളികളും പങ്കെടുത്തു. യേശുദാസിന്റെ ഭാര്യ പ്രഭ യേശുദാസ്, മകന്‍ വിജയ് യേശുദാസ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

പരിപാടിയില്‍ യുകെ ഇവന്റ് ലൈഫ് ഡയറക്ടര്‍മാരായ ഫിലിപ്പ് എബ്രഹാം, നോര്‍ഡി ജേക്കബ്, സുദേവ് കുന്നത്, യു കെ ഇന്ത്യ ബിസിനസ് ഫോറം ഡയറക്ടര്‍ പയസ് കുന്നശ്ശേരി, കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദ് എന്നിവരും പങ്കെടുത്തു.

പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ മൂന്നാം വാർഷിക ഏകദിന ബൈബിൾ കൺവെൻഷന് ഒക്ടോബർ 22 ന് കേംബ്രിഡ്ജ് റീജിയണിൽ തുടക്കമാവും. സുപ്രസിദ്ധ ബൈബിൾ പ്രഭാഷകനും ധ്യാനഗുരുവുമായ റെവ. ഫാ. ജോർജ്ജ് പനക്കൽ V. C യാണ് മുഖ്യ പ്രഭാഷകൻ. ഒക്ടോബർ 22 മുതൽ 30 വരെ രൂപതയുടെ എട്ടു റീജിയനുകളിലായി നടക്കുന്ന ഈ ഏകദിന കൺവെൻഷനുകളിലെ എല്ലാ ദിവസങ്ങളിലും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ദിവ്യബലിയർപ്പിച്ചു വചനസന്ദേശം നൽകും.
കേരളത്തിലെ കരിസ്മാറ്റിക് നവീകരണത്തിൻറെ മുഖ്യതുടക്കക്കാരിൽ ഒരാളും അനേകരെ മാനസാന്തരത്തിലേക്കും ജീവിതനവീകരണത്തിലേക്കും നയിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചയാളുമായ റെവ. ഫാ. ജോർജ്ജ് പനക്കൽ V C യുടെ ധ്യാനചിന്തകൾ വിശ്വാസികൾക്ക് പുതിയ ആത്മീയ വെളിച്ചം പകരും. റെവ. ഫാ. ജോർജ്ജ് പനക്കലിനൊപ്പം റെവ. ഫാ. ആൻ്റണി പറങ്കിമാലിൽ V C, റെവ. ഫാ. ജോസഫ് എടാട്ട് V C എന്നിവരും  ഓരോ റീജിയനുകളിലെയും സീറോ മലബാർ വൈദികരും കൺവെൻഷൻ വോളണ്ടിയേഴ്‌സ്‌സും മറ്റ്  അല്മായ ശുശ്രുഷകരും ശുശ്രുഷകൾക്കു നേതൃത്വം നൽകും.
രാവിലെ ഒൻപതു മണിക്ക് ജപമാലയോടും ആരാധനാസ്തുതിഗീതങ്ങളോടുംകൂടി ആരംഭിക്കുന്ന പ്രാർത്ഥനാശുശ്രഷകൾ വൈകിട്ട് നാലുമണിയോടുകൂടി സമാപിക്കും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൻറെ മുഖ്യകാർമ്മികത്വത്തിൽ വി. കുർബാന, സുവിശേഷപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവയും ഓരോ ദിവസത്തെ ശുശ്രുഷകളെ സമ്പന്നമാക്കും. കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ ഉണ്ടായിരിക്കും. കൺവെൻഷൻ ദിവസങ്ങളിൽ വി. കുമ്പസാരത്തിന് പ്രത്യേക സൗകര്യമുണ്ടായിരിക്കും.
എട്ടു റീജിയനുകളിലും കോ ഓർഡിനേറ്ററുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കമ്മറ്റിയുടെയും വോളണ്ടിയേഴ്സ്സിന്റെയും സഹകരണത്തോടെ കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. രൂപതയുടെ ആത്മീയയാത്രയിലെ ഏറ്റവും സുപ്രധാനമായ ഈ ദിവസങ്ങളിൽ നമ്മെക്കുറിച്ചുള്ള ദൈവഹിതം മനസ്സിലാക്കുന്നതിനായി എല്ലാ വിശ്വാസികളും ഈ കൺവെൻഷനിൽ പങ്കെടുക്കാൻ ഉത്സാഹിക്കണമെന്നു രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അഭ്യർത്ഥിച്ചു. ഓരോ റീജിയനിലെയും കൺവെൻഷൻറെ ക്രമീകരങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ ചുവടെ:
  Schedule of the 3rd Bible Convention of the Syro-Malabar Eparchy of Great Britain 
Date: Tuesday, 22nd October 2019; Region: Cambridge; Venue: St. John the Baptist Cathedral, Unthank Road, Norwich, NR2 2PA; Contact: Rev. Fr. Thomas Parakandathil (Mob: 07512402607).
Date: Thursday, 24th October 2019; Region: London; Venue: Our Lady of La Salette Catholic Church, 1 Rainham Road, Rainham, Essex, RM13 8SP; Contact: Rev. Fr. Jose Anthiamkulam MCBS (Mob: 07472801507).
Date: Friday, 25th October 2019; Region: Manchester; Venue: St. Anthony’s Church Wythenshawe, M22 0WR; Contact: Rev. Fr. Jose Anchanickal (Mob: 07534967966).
Date: Saturday, 26th October 2019; Region: Preston; Venue: St. Alphonsa of the Immaculate Conception Cathedral, Preston, St. Ignatius Square, Preston, Lancashire, PR1 1TT; Contact: Rev. Fr. Babu Puthenpurackal (Mob: 07703422395).
Date: Sunday, 27th October 2019; Region: Glasgow; Venue: St. Cuthbert’s Church, 98 High Blantyre Road, Hamilton, ML3 9HW; Contact: Rev. Fr. Joseph Vembadamthara VC (Mob: 07865997974).
Date: Monday, 28th October 2019; Region: Coventry; Venue: The New Bingley Hall, 11 Hockley Circus, Hockley, Birmingham, B18 5BE; Contact: Rev. Fr. Terin Mullakara (Mob: 07985695056).
Date: Tuesday, 29th October 2019; Region: Bristol-Cardiff; Venue: Clifton Cathedral, Clifton Park, BS8 3BX; Contact: Rev. Fr. Paul Vettikattu CST (Mob: 07450243223).
Date: Wednesday, 30th October 2019; Region: Southampton: Venue: St. John’s Cathedral, Bishop Crispian Way, Portsmouth, Hampshire, PO1 3HG; Contact: Rev. Fr. Tomy Chirackalmanavalan (Mob: 07480730503).

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

യുകെ : താൻ 5 ലക്ഷം പൗണ്ട് കമ്പനിയിൽനിന്ന് ബോണസ് കൈ പറ്റിയിട്ടുണ്ടെന്ന് സമ്മതിച്ച മുൻ മേധാവി  പീറ്റർ ഫാംഹൗസ്റ്റർ പറയുന്നത് താൻ ഒറ്റയാൾ കാരണമല്ല കമ്പനി തകർന്നത് എന്നാണ്. എംപിമാർ നടത്തിയ ക്രോസ് പാർട്ടി കമ്മിറ്റിയിലാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്. കമ്പനി തകർന്നതിൽ തനിക്ക് വേദനയുണ്ട് എന്നും അവസാന മാസങ്ങളിൽ കമ്പനിയെ സഹായിക്കാൻ താൻ അഹോരാത്രം പണിയെടുത്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

കമ്മറ്റി അധ്യക്ഷ റേച്ചൽ റിവീസ് ഫാംഹൗസ്സ്റ്ററിനോട് ബോണസ് തിരികെ നൽകാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇപ്പോൾ താൻ അതിന് ഉത്തരംനൽകുന്നില്ല എന്നായിരുന്നു മറുപടി. 23 സെപ്റ്റംബറിൽ പിരിച്ചുവിട്ടതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകളുടെ ജോലി നഷ്ടമായതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചില്ല. പൊതുജനത്തിന്റെ വികാരം മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെങ്കിലും സഹപ്രവർത്തകരുടെ അഭിപ്രായത്തെകൂടി മാനിക്കേണ്ടതുണ്ടെന്നും പീറ്റർ പറഞ്ഞു .

2 -ാം ലോക മഹാ യുദ്ധത്തിനു ശേഷം ബ്രിട്ടൻ കണ്ട ഏറ്റവും വലിയ തൊഴിൽ നഷ്ടങ്ങളിൽ ഒന്നാണ് തോമസ് തോമസ് കുക്കിന്റെ അടച്ചുപൂട്ടലോടെ സംഭവിച്ചിരിക്കുന്നത് . അതോടൊപ്പം ബ്രിട്ടന്റെ സാമ്പത്തിക മേഘലയെ തോമസ് കുക്കിന്റെ തകർച്ച എങ്ങനെ ബാധിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.ലോകത്തിലെ ഏറ്റവും വലിയ യാത്രാ കമ്പനികളിലൊന്നായ തോമസ് കുക്ക് 1841ലാണ് പ്രവർത്തനം ആരംഭിച്ചത്. .22000 തൊഴിലാളികൾ ഉള്ളതിൽ 9000 പേരും ബ്രിട്ടീഷുകാരായിരുന്നു .

 

2019ലെ മാൻ ബുക്കർ പുരസ്‌കാരം പങ്കിട്ട് ബ്രീട്ടീഷ് കനേഡിയന്‍ എഴുത്തുകാരികൾ. കനേഡിയൻ എഴുത്തുകാരി മാർഗരറ്റ് അറ്റ്‌വുഡും ബ്രീട്ടീഷ് എഴുത്തുകാരി ബർണാഡിയൻ ഇവാരിസ്റ്റോയുമണ് ഇത്തവണ മാൻ ബുക്കർ പുരസ്‌കാരം സ്വന്തമാക്കിയത്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് മാൻ ബുക്കർ പുരസ്‌കാരം രണ്ട് പേർ പങ്കിടുന്നത്. 79 വയസുകാരിയായ അറ്റ്‌വുഡ് ഏറ്റവും പ്രായം കൂടിയ ബുക്കർ പുരസ്‌കാരജേതാവായി മാറുമ്പോൾ ബുക്കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരിയാണ് മാറി ഇവാരിസ്റ്റോ.

അറ്റ്‌വുഡിൻറെ ‘ദി ടെസ്റ്റ്‌മെൻറ്‌സും’ ഇവാരിസ്റ്റോയുടെ ‘ഗേൾ, വുമൺ, അതർ’ എന്നീ കൃതികൾക്കാണ് ഇത്തവണ പുരസ്‌കാരത്തിന് അർഹമായത്. കറുത്ത വര്‍ഗ്ഗക്കാരികളായ 19 മുതല്‍ 93 വരെ പ്രായമുള്ള 12 സ്ത്രീകളുടെ കഥയാണ് ഇവാരിസ്റ്റോയുടെ ‘ഗേൾ, വുമൺ, അതർ’ പറയുന്നത്.ഇത് രണ്ടാം തവണയാണ് മാർഗരറ്റ് അറ്റ്‌വുഡ് ബുക്കർ പുരസ്‌കാരം സ്വന്തമാക്കുന്നത്. 2000ത്തിലാണ് അറ്റ്‌വുഡ് ഇതിന് മുമ്പ് പുരസ്കാരത്തിന് അർഹയായത്. ‘ബ്ലൈൻഡ് അസാസ്സിൻസ്’ എന്ന പുസ്തകമായിരുന്നു അത്തവണ പരിഗണിച്ചത്. 50000 പൗണ്ട്(ഏകദേശം 44 ലക്ഷത്തോളം രൂപ)യാണ് സമ്മാനത്തുക. ഇത് ഇരുവരും പങ്കിട്ടെടുക്കും. രണ്ട് കൃതികളും വേർതിരിക്കാനാവില്ലെന്ന് ജൂറി അംഗങ്ങളുടെ കടുത്ത നിലപാടാണ് ഇരുവർക്കും സമ്മാനം നൽകാൻ കാരണമായത്. 1992ലാണ് അവസാനമായി രണ്ടുപേർ ബുക്കർ പ്രൈസ് പങ്കിട്ടെടുത്തത്. ഇതിന് ശേഷം തയ്യാറാക്കിയ പുരസ്കാരം വിഭജിക്കരുതെന്ന നിബന്ധന മറികടന്നാണ് ഇത്തവണത്തെ പ്രഖ്യാപനമെന്നാണ് റിപ്പോർട്ടുകൾ.

നോബൽ സമ്മാനം കഴിഞ്ഞാൽ ഒരു സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും പ്രസിദ്ധമായ പുരസ്കാരമാണ് മാൻ ബുക്കർ പ്രൈസ് ഫോർ ഫിക്ഷൻ എന്ന ബുക്കർ പ്രൈസ്. ഇംഗ്ലീഷ് ഭാഷയിൽ എഴുതിയിട്ടുള്ള നോവുകളാണ് പുരസ്കാരത്തിന് പരിഗണിക്കു‌ക. കോമൺ വെൽത്ത് അംഗരാജ്യത്തിലെ അംഗത്തിനോ അയർലന്റ്, സിംബാബ്‌വെ എന്നിവിടങ്ങളിലെ എഴുത്തുകാരുടെ കൃതികളാണ് ഇതിനായി തിരഞ്ഞെടുക്കുക. ബ്രിട്ടീഷ് ഇന്ത്യന്‍ നോവലിസ്റ്റായ സല്‍മാന്‍ റുഷ്ദിയെയും ഇത്തവണ അവസാന പട്ടികയിൽ പരിഗണിച്ചിരുന്നു.

ന്യൂസ് ടീം 

ലണ്ടൻ : മൂന്നാമത് ലണ്ടൻ ഏഷ്യൻ ബിസിനസ്‌ അവാർഡുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 11 വെള്ളിയാഴ്ച്ച കേസിങ്ടണ്ണിലെ മില്ലേനിയം ഗ്ലോസ്റ്റർ ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ലണ്ടനിലെ ദക്ഷിണേന്ത്യൻ സമൂഹത്തിന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന ചടങ്ങിൽ ഫൈനലിസ്റ്റുകളായ 32 പേർക്ക് അവാർഡുകൾ ലഭിച്ചു. യുവ സംരംഭകൻ , റൈസിംഗ് സ്റ്റാർ , ഇന്റർനാഷണൽ ബിസിനസ്‌ ഓഫ് ദി ഇയർ തുടങ്ങിയ വിഭാഗങ്ങളിൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ലണ്ടൻ ഏഷ്യൻ ബിസിനസ് അവാർഡ് 2019 ലെ മികച്ച നേട്ടത്തിനുള്ള പുരസ്‌കാരം ടെക് ബാങ്കിന്റെ ഉടമയായ സുഭാഷ് മാനുവൽ കരസ്ഥമാക്കി. ലണ്ടനിലെ വ്യവസായ മേഖലയിൽ ഏഷ്യാക്കാരുടെ സ്വാധീനം എത്രമാത്രം പ്രാധാന്യം അർഹിക്കുന്നതാണെന്നതിനുള്ള തെളിവുകളാണ് ഈ പുരസ്‌കാരങ്ങൾ.

ഈ ചടങ്ങിന്റെ ഔദ്യോഗിക മാധ്യമ പങ്കാളികൾ ലണ്ടൻ ബിസിനസ് ജേണൽ ആയിരുന്നു. ലണ്ടനിലെ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ഗാർഹിക പീഡന സഹായ സേവനങ്ങൾ നൽകുന്ന ഏഷ്യൻ വിമൻസ് റിസോഴ്‌സ് സെന്ററായിരുന്നു ചാരിറ്റി പങ്കാളികൾ. ഏഷ്യൻ ബിസിനസ് അവാർഡ് 2019 സംഘടിപ്പിക്കുന്നത് യുകെയിലെ പ്രമുഖ കമ്പനിയായ ഓഷ്യാനിക് കൺസൾട്ടിംഗ് ആണ്. ഒപ്പം അവാർഡുകൾ സ്പോൺസർ ചെയ്തിരിക്കുന്നത് ഗേറ്റ്ഹൗസ് ബാങ്കും നൽകുന്നത് ഗ്രീൻലീഫ് കേറ്ററിങ്ങുമാണ്.

സമ്മാനാർഹരായ ഏവരെയും ഓഷ്യാനിക് കൺസൾട്ടിംഗ് സി ഇ ഒ ഇർഫാൻ യൂനിസ് അഭിനന്ദിച്ചു. ലണ്ടനിലെ ഏഷ്യൻ ബിസിനസ് കമ്മ്യൂണിറ്റി , ഭാവി തലമുറയിലെ സംരംഭകർക്ക് മികച്ച മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 13 വർഷത്തെ പ്രവർത്തന പരിചയമുള്ള ഓഷ്യാനിക് കൺസൾട്ടിംഗ് പ്രധാനപ്പെട്ട ഇംഗ്ലീഷ് , സ്കോട്ടിഷ് , ഐറിഷ് നഗരങ്ങളിൽ വാർഷിക അവാർഡ് ദാന ചടങ്ങുകൾ നടത്തിവരുന്നു.

RECENT POSTS
Copyright © . All rights reserved