UK

വാൽസിംഗ്ഹാം: ഇംഗ്ലണ്ടിലെ നസ്രത് എന്ന് അറിയപ്പെടുന്ന വാൽസിംഗ്ഹാമിലേക്കുള്ള സീറോ മലബാർ സഭയുടെ മൂന്നാമത് തീർഥാടനം ഭക്തിനിർഭരമായ അനുഭവങ്ങൾ വിശ്വാസികൾക്ക് നൽകി പര്യവസാനിച്ചു. പ്രതിക്കൂലമായ കാലാവസ്ഥ പ്രവചങ്ങളെ അവഗണിച്ചു വാൽസിംഗ്ഹാമിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ ആയിരുന്നു.

രാവിലെ ഒന്പത് മണിക്ക് സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപത അദ്ധ്യക്ഷൻ  മാർ ജോസഫ് സ്രാമ്പിക്കൽ പതാക ഉയർത്തിയതിനോടുകൂടി തിരുനാളിന്റെ തിരുകർമ്മങ്ങൾ ആരംഭിച്ചത്. മാർ ജോസഫ് സ്രാമ്പിക്കൽ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികൻ ആയി. അച്ചടക്കത്തിലും ചിട്ടയായ പ്രവർത്തനത്തിലും ശ്രദ്ധേയമായ തീർഥാടനത്തിൽ വിശ്വാസികളുടെ ഭക്തിനിർഭരമായ പ്രദിക്ഷണം എടുത്തു പറയേണ്ടതാണ്. ബൈബിളിലെ വേലക്കാരന്റെ ഉപമയിലെ വെള്ളക്കാരന്റെ മനോഭാവമാണ് സഭാ മക്കൾക്ക് ഇന്നിന്റെ ആവശ്യമെന്ന് കുർബാന മദ്ധ്യേയുള്ള പ്രസംഗത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ ചൂണ്ടിക്കാട്ടി.യൂദാസിനും മറ്റ് ശിക്ഷ്യൻമ്മാർക്കും ഒരേ വിളിയാണ് ലഭിച്ചത്. എന്നാൽ യുദാസിന് ആ വിളി ഫലപ്രദമായി വിനയോഗിക്കുവാൻ സാധിച്ചില്ല. സീറോ മലബാർ സഭ ഒരു വ്യക്തിയെ ആശ്രയിച്ചല്ല നിലനിൽക്കുന്നത്. സഭ മുൻ കാലങ്ങളിൽ പല പ്രശ്നങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്. മുൻ കാലങ്ങളിൽ ഉണ്ടായിട്ടുള്ള എല്ലാ പ്രശ്നങ്ങളും സഭ അതിജീവിക്കുകയും ചെയ്‌തിട്ടുണ്ട്‌ എന്നും പിതാവ് ചൂണ്ടിക്കാട്ടി. സഭയിലെ പ്രശ്നങ്ങളെ ചില സഭാവിരുദ്ധരും ചില മാധ്യമങ്ങളും ചേർന്ന് നുണ പ്രചാരണത്തിലൂടെ തേജോവധം ചെയ്യുന്നതിനെ പരാമർശിച്ചാണ് പിതാവ് ഇത്തരുണത്തിൽ പ്രതികരിച്ചത്.

കോൾചെസ്റ്റർ സീറോ മലബാർ കാതോലിക്കാ സമൂഹമാണ് ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തിയത്.

സ്റ്റോക്ക് ഓൺ ട്രെൻഡ്:  രണ്ട് കുട്ടികളുടെ മാതാവിന് സ്ഥാനാർബുദമാണെന്ന് കണ്ടെത്തിയതിൽ പിഴവ് സംഭവിച്ചുവെന്ന് തെളിഞ്ഞു. സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന സാറാ ബോയിൽ ആണ് തെറ്റായ രോഗനിർണയത്തിന് ഇരയായത്. 2016ലാണ് റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ബയോപ്സി റിപ്പോർട്ടുകൾ പ്രകാരം, സാറായ്ക്ക് ട്രിപ്പിൾ നെഗറ്റീവ് സ്തനാർബുദം ഉണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ അവളുടെ ടിഷ്യൂ സാമ്പിളുകൾ പരിശോധിച്ചതിൽനിന്ന് കോശങ്ങൾക്ക് അർബുദം ബാധിച്ചിട്ടുണ്ടെന്ന് പാത്തോളജിസ്റ്റ് തെറ്റിദ്ധരിച്ചു. മുലയൂട്ടുന്നതിൽ പ്രശ്നം ഉണ്ടായതിനെത്തുടർന്നാണ് 28കാരിയായ സാറാ ഡോക്ടറുമാരുടെ അടുത്തെത്തിയത്. ക്യാൻസർ ഗുരുതരമാണെന്നും ഉടൻ തന്നെ ചികിത്സകൾ തുടങ്ങണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അന്നുമുതൽ സാറാ പല കീമോതെറാപ്പികൾക്ക് വിധേയയാവേണ്ടി വന്നു. കൂടാതെ മാസ്റ്റെക്ടമിക്കും വിധേയയായി. രണ്ട് സ്തനങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും സ്തനങ്ങളിൽ ഇംപ്ലാന്റുകൾ സ്ഥാപിക്കുന്നതിന് വീണ്ടും ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഈ ഇംപ്ലാന്റുകൾ ഭാവിയിൽ ക്യാൻസറിന് സാധ്യതകൾ ഉണ്ടാക്കും.

2017 ജൂലൈയിൽ മാത്രമാണ് ആശുപത്രി അധികൃതർ തങ്ങൾക്ക് സംഭവിച്ച തെറ്റ് മനസ്സിലാക്കുന്നത്. അപ്പോഴേക്കും പ്രശ്നം ഗുരുതരമായിരുന്നു. സാറാ തന്റെ ഭർത്താവ് സ്റ്റീവനോടും മക്കളായ ടെഡി, ലൂയിസ് എന്നിവരോടുമൊപ്പമാണ് കഴിയുന്നത്. സാറാ പറഞ്ഞു ” കഴിഞ്ഞ മൂന്ന് വർഷം ഞങ്ങൾക്ക് വളരെ പ്രയാസമേറിയതായിരുന്നു. ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചില്ല. പിന്നീട് സർജറിയും കീമോയും എല്ലാം കഴിഞ്ഞശേഷം ക്യാൻസർ ഇല്ല എന്ന് പറഞ്ഞത് ഞങ്ങളെ ശരിക്കും തകർത്തുകളഞ്ഞു. ഇംപ്ലാന്റുകൾ മൂലം ഭാവിയിൽ ക്യാൻസർ ഉണ്ടാകുമോ എന്നും കീമോതെറാപ്പിയുടെ അനന്തരഫലങ്ങൾ ഉണ്ടാകുമോ എന്നും പേടിയുണ്ട്. ” ക്യാൻസർ ചികിത്സകൾക്കിടയിൽ ഫെർട്ടിലിറ്റി പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും ഈ വർഷം സാറാ തന്റെ രണ്ടാമത്തെ മകന് ജന്മം നൽകി. എന്നാൽ ചികിത്സ കാരണം തനിക്ക് മുലയൂട്ടാൻ കഴിയുന്നില്ലെന്ന് അവൾ പറഞ്ഞു. ” ഞങ്ങൾക്ക് പല ഉത്തരങ്ങൾ കിട്ടാനുണ്ട്. ഈ അശ്രദ്ധ കാരണം മറ്റാർക്കും ഇതുപോലെ സംഭവിക്കരുത്.” സാറാ കൂട്ടിച്ചേർത്തു.

സാറയുടെ വക്കീൽ ആയ സാറാ ഷാർപ്പിൾസ് ഇപ്രകാരം പറഞ്ഞു ” ഇത് ശരിക്കും ഞെട്ടിപ്പിക്കുന്ന ഒരു കേസാണ്. ഒരു യുവ അമ്മ കഠിനമായ ചികിത്സാ കാലഘട്ടം നേരിട്ടിട്ടുണ്ട്. എൻഎച്ച്എസ് ട്രസ്റ്റിന് ഉണ്ടായ പിഴവ് അവർ സമ്മതിച്ചു. എന്നാൽ ഇത്തരം സംഭവങ്ങൾ തുടർന്ന് ഉണ്ടാവാതിരിക്കുവാൻ വേണ്ട നടപടികൾ എൻഎച്ച്എസ് സ്വീകരിച്ചോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.” യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഓഫ് നോർത്ത് മിഡ്‌ലാൻഡ്‌സ് എൻഎച്ച്എസ് ട്രസ്റ്റിലെ ഒരു വക്താവ് പറഞ്ഞു ” ഇതൊരു അപൂർവമായ കേസാണ്. സാറാ ഇതിലൂടെ അനുഭവിച്ച ബുദ്ധിമുട്ട് ഞങ്ങൾക്ക് മനസ്സിലാകും. ഇതൊരു മനുഷ്യ പിശക് ആയിരുന്നു. ഇനിയുള്ള എല്ലാ അർബുദരോഗ നിർണയ റിപ്പോർട്ടുകളും രണ്ടാമതൊരാൾ കൂടി പരിശോധിക്കും. ” തന്നെ ചികിത്സിച്ച ക്ലിനിക്കൽ ടീമും ആയി സാറാ നിരന്തരം ബന്ധപ്പെടുന്നുണ്ട്. സാറയ്ക്ക് ഉണ്ടാവുന്ന ആശങ്കകളെക്കുറിച്ച് ചർച്ച ചെയ്യുവാൻ അവർ എപ്പോഴും തയ്യാറാണ്.

രാജ്യത്തെ കാർബൺ ന്യൂട്രൽ ആക്കുന്നതിന്റെ ഭാഗമായി പുതിയ വീടുകളിൽ ഇലക്ട്രിക് കാർ ചാർജ് ചെയ്യാനുള്ള സംവിധാനങ്ങൾ നിര്ബന്ധിതമാക്കും . നിയമം പ്രാബല്യത്തിൽ വരികയാണെങ്കിൽ ഇലക്ട്രിക് കാറുകൾ കൂടുതൽ നിരത്തിലിറങ്ങും, മാത്രമല്ല ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നത് വ്യക്തികൾക്ക് കൂടുതൽ സ്വീകാര്യവും ആയിരിക്കുമെന്ന് സിഎൻ ബിസി പറയുന്നു. ഇത് യുകെയെ കാർബൺ ന്യൂട്രൽ 2050 ലേക്ക് കൂടുതൽ അടുപ്പിക്കും. അങ്ങനെയാണെങ്കിൽ ഇലക്ട്രിക് കാറുകൾക്ക് കൃത്യമായ ചാർജിങ് പ്ലോട്ടുകളും പാർക്കിങ് സ്പേസും ഉള്ള ആദ്യത്തെ രാജ്യം ആവും യുകെ.

ഇലക്ട്രിക് കാറുകൾക്ക് ഇപ്പോൾ സുരക്ഷയ്ക്കായി കൃത്രിമ ശബ്ദം നൽകിയിട്ടുണ്ട്, ഇത് അപകടങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്യും . വീടുകളിലെ ചാർജിങ് പോയിന്റ് കൾക്ക് പുറമേ പബ്ലിക് ചാർജിങ് സ്റ്റേഷനുകളും കൂടുതൽ ലഭ്യമാക്കാനാണ് ഗതാഗത വകുപ്പിന്റെ നീക്കം.ഇത് സ്വകാര്യമേഖലയിലെ ചാർജിങ് സ്റ്റേഷനുകളുടെ കടന്നുകയറ്റം ഒരു പരിധി വരെ കുറയ്ക്കും.

ട്രാൻസ്പോർട്ട് സെക്രട്ടറിയായ ക്രിസ് പറയുന്നു “ക്ലീൻ ആൻഡ് ഗ്രീൻ ട്രാൻസ്പോർട്ട് ആണ് നമുക്കാവശ്യം, ഇത് സൗകര്യപ്രദവും ചെലവുകുറഞ്ഞതുമായ വഴിയാണ്. രാത്രി ചാർജിൽ ഇട്ടു രാവിലെ ഊരി എടുത്ത് ഉപയോഗിക്കുന്ന ഫോണിന്റെ അത്രയും തന്നെ എളുപ്പമാണ് ഇലക്ട്രിക് കാറുകളുടെ കാര്യവും ” നിലവിലുള്ള വീടുകളിൽ ചാർജ് സ്ലോട്ടുകൾ ഉറപ്പാക്കാനായി 500 പൗണ്ട് വരെ ഗ്രാൻഡ് നൽകാൻ ഗവൺമെന്റ് തയ്യാറാണ്.

മെട്രോപ്പൊലിറ്റൻ പൊലീസിന്റെ ട്വിറ്റർ അക്കൗണ്ടിലും വാർത്താപേജുകളിലും ഇ മെയിലിലും ഹാക്കർമാർ കടന്നുകയറി വിചിത്രസന്ദേശങ്ങൾ അയച്ചു. പൊലീസിനെതിരായ സന്ദേശങ്ങളും മോശമായ ഭാഷാപ്രയോഗങ്ങളും ജയിലിൽ കിടക്കുന്ന റാപ്പറെ മോചിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുരുതുരെ വന്നതോടെ 12.2 ലക്ഷം അംഗങ്ങളോടു പൊലീസിനു ക്ഷമ ചോദിക്കേണ്ടിവന്നു. എന്നാൽ തങ്ങളുടെ ആസ്ഥാനത്തെ കംപ്യൂട്ടർ സംവിധാനത്തിൽ ഹാക്കർമാർ കടന്നുകയറിയിട്ടില്ലെന്നും പൊലീസ് വ്യക്മാക്കി.

സ്‌കോട്ട്‌ലൻഡ് യാർഡ് പോലീസ് ആസ്ഥാനം അതിന്റെ ആന്തരിക ഐടി ഇൻഫ്രാസ്ട്രക്ചർ ഹാക്ക് ചെയ്തിട്ടില്ലെന്ന് പറഞ്ഞു, ഈ പ്രശ്നം അതിന്റെ പ്രസ് ഓഫീസ് ഓൺലൈൻ ദാതാക്കളായ മൈ ന്യൂസ് ഡെസ്‌കിൽ മാത്രമായി പരിമിതപ്പെടുത്തി,  എന്നും വാർത്താക്കുറിപ്പുകൾ ഓൺലൈനിൽ  പൊതുജനങ്ങളെ അറിയിച്ചു .

“ഞങ്ങളുടെ വെബ്‌സൈറ്റിന്റെ വാർത്താ വിഭാഗത്തിലും അതിന്റെ ട്വിറ്റർ ഫീഡിലും ഇമെയിലുകളിലും അനധികൃത സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടു. “ഞങ്ങളുടെ വരിക്കാരോടും അനുയായികളോടും ലഭിച്ച സന്ദേശങ്ങൾക്ക് ഞങ്ങൾ ക്ഷമ ചോദിക്കുന്നു.

 

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. ഇന്ത്യന്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഇറാനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.

Image result for british-oil-tanker-indians-safe-says-authorities

രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ച് സ്റ്റെനാ ഇംപെറോയെന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍ കഴിഞ്ഞ ദിവസമാണ് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്തത്. കപ്പലിലെ 23 ജീവനക്കാരില്‍ പതിനെട്ടുപേര്‍ ഇന്ത്യക്കാരാണ്. രാജ്യാന്തര നിയമങ്ങള്‍ പാലിച്ചാണ് കപ്പല്‍ പ്രവര്‍ത്തിക്കുന്നതെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും കപ്പലിന്റെ ഉടമകളായ കമ്പനി അറിയിച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട്

വാല്‍ത്സിങ്ങാം: നിറഞ്ഞു കവിഞ്ഞ മാതൃ ഭക്തരാലും, അവിരാമം ആലപിച്ച മാതൃ ഭക്തി സ്തോത്രങ്ങളാലും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് വാല്‍ത്സിങ്ങാം മരിയൻ തീർത്ഥാടനം അവിസ്മരണീയ മരിയപ്രഘോഷണോത്സവമായി. അഖണ്ട ജപമാല സമർപ്പണവും, ഭംഗിയായും ചിട്ടയായും അണിനിരന്ന തീർത്ഥാടകരും ആരാധനാസ്തുതിഗീതങ്ങളും , മരിയഭക്തി സ്പുരിക്കുന്ന പ്രഘോഷണങ്ങളും, ആത്മീയ അനുഭവത്തിന്റെ നവ്യാനുഭവം പകർന്ന തീർത്ഥാടന തിരുന്നാൾ ദിവ്യബലിയിയും, മാതൃസ്നേഹം വിളിച്ചോതിയ തിരുന്നാൾ സന്ദേശവും തീർത്ഥാടകർക്ക് മറക്കാനാവാത്ത ദൈവാനുഭവം സമ്മാനിച്ചു. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വിവിധഭാഗങ്ങളിൽനിന്നായി വൻ വിശ്വാസസമൂഹമാണ് ഇത്തവണത്തെ വാൽസിംഗ്ഹാം തിരുനാളിനെത്തിച്ചേർന്നത്.

പ്രവാസ ജീവിത യാത്രയിൽ സ്നേഹമയിയും സംരക്ഷകയുമായ ദൈവമാതാവിനെ ഹൃദയത്തിൽ ആഴമായി ചേർത്തു നിറുത്തുവാനുള്ള അതിയായ ആഗ്രഹം വിളിച്ചോതിയ തീർത്ഥാടനത്തിനു റെവ. ഫാ. ജോസ് അന്ത്യാകുളം, റെവ. ഫാ. ടോമി എടാട്ട്, ജോസഫ് എന്നിവർ നടത്തിയ ആരാധനാ-പ്രാർത്ഥനാ ശുശ്രുഷയോടെ ഭക്തി നിർഭരമായ തുടക്കമായി.

തുടർന്ന് റെവ. ഫാ.തോമസ് അറത്തിൽ MST നടത്തിയ മാതൃ വിശ്വാസപ്രഘോഷണം വാൽസിംഗാമിൽ തടിച്ചുകൂടിയ മാതൃഭക്തരിലേക്കു പരി. അമ്മയുടെ സാന്നിധ്യം കൊണ്ടുവന്നു. കുടുംബ ജീവിതത്തിന്റെ ഏറ്റവും വിഷമഘട്ടങ്ങളിലൂടെയെല്ലാം കടന്നുപോയ പരിശുദ്ധ അമ്മയെപ്പോലെ മറ്റൊരു കുടുംബ നാഥയും ഈ ലോകത്തിലുണ്ടായിട്ടില്ലന്ന് തോമസ് അച്ചൻ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. കൊടിയ അപമാനത്തിന്റെ ഘട്ടത്തിൽ തുടങ്ങി, ദാരിദ്രം, ഒളിച്ചോട്ടം, മകനെ നഷ്‌ടപ്പെട്ട അനുഭവം, അവസാനം കൺമുമ്പിൽ ക്രൂരമായി പീഡകളേറ്റു മരക്കുരിശിൽ തൂക്കി കൊല്ലപ്പെടുന്ന മകൻ, സ്വന്തം മടിയിൽ മകന്റെ മൃതശരീരവുമായി ഇരിക്കേണ്ട അവസ്ഥ അങ്ങിനെ ഏറെ ത്യഗങ്ങളും സഹനങ്ങളും സന്തോഷത്തോടെ സ്വീകരിക്കുവാൻ തയ്യാറായ കുടുംബ നാഥയാണ് പരിശുദ്ധ അമ്മ. വേദനകളെയും വിഷമതകളെയും അടുത്തറിയുന്ന കരുണാമയിയായ അമ്മക്ക് മാത്രമേ നമ്മുടെ ഓരോ ചെറിയ വേദനയിലും, വിഷമത്തിലും സാന്ത്വനവും, മദ്ധ്യസ്ഥയുമാവാൻ കഴിയൂവെന്നും തോമസ് അച്ചൻ തന്റെ മരിയൻ സന്ദേശത്തിൽ ഉദ്‌ബോധിപ്പിച്ചു. കുട്ടികളുടെ അടിമസമർപ്പണപ്രാർത്ഥനയ്ക്കുശേഷം ഉച്ച ഭക്ഷണത്തിനു പിരിഞ്ഞ തീർത്ഥാടകർക്കായി സ്വാദിഷ്ടമായ ചൂടൻ നാടൻ ഭക്ഷണ സ്റ്റാളുകൾ നിന്നുള്ള ഭക്ഷണം മിതമായ നിരക്കിൽ ലഭ്യമാക്കിയിരുന്നു.

വാൽഷിങ്ങാമിനെ മാതൃ സ്തോത്ര മുഖരിതവും മരിയൻ പ്രഘോഷണവുമാക്കിയ തീർത്ഥാടന പ്രദക്ഷിണം തീർത്ഥാടനത്തിൽ മാതൃ ശോഭ പകർന്നു. ആവേ മരിയാ സ്തുതിപ്പുകളും, പരിശുദ്ധ ജപമാലയും, മരിയൻ സ്തുതിഗീതങ്ങളുമായി മാതാവിന്റെ രൂപവും വഹിച്ചു നീങ്ങിയ തീർത്ഥാടനത്തിന്റെ ഏറ്റവും പിന്നിലായി ആതിതേയരായ കോൾചെസ്റ്റർ സീറോ മലബാർ കമ്മ്യുണിറ്റി അണി നിരന്നു. സ്വർണ്ണ കുരിശുകളും, മുത്തുക്കുടകളും, പേപ്പൽ പതാകകളും കൊണ്ട് വർണ്ണാഭമായ തീർത്ഥാടന യാത്രയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മാതൃ ഭക്തരുടെ മദ്ധ്യസ്ഥ പ്രാർത്ഥനകൾ കൂട്ടി ചേർത്ത ദിവ്യകാരുണ്യം എഴുന്നള്ളിച്ചു മാതൃ പേടകത്തിന്റെ മുന്നിലായി നടന്നു നീങ്ങി. തീർത്ഥാടനത്തിന്റെ ഒരറ്റം സ്ലിപ്പർ ചാപ്പലിൽ എത്തിച്ചേർന്നപ്പോഴും സ്ലിപ്പർ ചാപ്പലിൽ പരശതം വിശ്വാസികൾ ആരംഭസ്ഥലത്തുനിന്ന് നടന്നു തുടങ്ങിയിട്ടില്ലായിരുന്നു. ഉള്ളിൽ മാതൃസ്നേഹവും ചുണ്ടിൽ മാതൃസ്‌തുതികളുമായി ആയിരക്കണക്കിന് മലയാളി മാതൃഭക്തരാണ് ഇത്തവണ വാത്സിങ്ങാമിനെ ആവേ മരിയാ സ്തോത്രങ്ങളിലൂടെ മുഖരിതമാക്കിയത്.

ആഘോഷമായ തിരുന്നാൾ കുർബ്ബാനയിൽ സ്ലിപ്പർ ചാപ്പൽ റെക്ടർ ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്തു. മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിച്ച ആഘോഷമായ തീർത്ഥാടന തിരുന്നാൾ സമൂഹ ബലിയിൽ വികാരി ജനറാളുമാരായ മോൺ. ആൻ്റണി ചുണ്ടലിക്കാട്ട്, മോൺ. സജിമോൻ മലയിൽപുത്തൻപ്പുരയിൽ, മോൺ. ജോർജ്ജ് ചേലക്കൽ, മോൺ. ജിനോ അരീക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലും യു കെ യുടെ വിവിധ ഭാഗങ്ങളിലും ശുശ്രുഷ ചെയ്യുന്ന നിരവധി വൈദികർ തുടങ്ങിയവർ സഹകാർമികരായി. തീർത്ഥാടനത്തിൽ മുഖ്യ സംഘടകനായും ആഘോഷമായ തിരുന്നാൾ സമൂഹബലിയിൽ മുഖ്യ കാർമ്മികനായും നേതൃത്വം നൽകിയ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ ജോസഫ് സ്രാമ്പിക്കൽ പിതാവ് നൽകിയ തിരുന്നാൾ സന്ദേശവും അനുബന്ധ ശുശ്രുഷകളും തീർത്ഥാടകർക്ക് ആത്മീയ വിരുന്നായി.

റെവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാലയുടെ നേതൃത്വത്തിൽ ഒരുക്കിയ ഗായകസംഘത്തിൻ്റെ ഗാനാലാപം വിശ്വാസികൾക്ക്‌ ദിവ്യബലിയിലും മറ്റു പ്രാർത്ഥനാശുശ്രുഷകളിലും സ്വർഗീയാനുഭവം സമ്മാനിച്ചു. ഇത്തവണത്തെ ഗാനശുശ്രുഷയിൽ കുട്ടികളുടെ ഗായകസംഘവും ഗാനങ്ങളാലപിച്ചു. തീർത്ഥാടനം വൻവിജയമാക്കാൻ മാസങ്ങളായി അത്യദ്ധ്വാനം ചെയ്ത ആതിധേയരായ കോൾചെസ്റ്റർ കമ്മ്യൂണിറ്റിക്കും ഡയറക്ടർ റെവ. ഫാ. തോമസ് പാറക്കണ്ടത്തിലിനും അഭിനന്ദനങ്ങൾ അർപ്പിച്ചു. അടുത്ത വർഷത്തെ തിരുനാൾ ഏറ്റു നടത്തുന്ന ഹോവർഹിൽ സീറോ മലബാർ കമ്മ്യൂണിറ്റിയിലെ പ്രീസ്റ് ഇൻ ചാർജ് റെവ. ഫാ. തോമസ് പാറക്കണ്ടത്തിൽ, കമ്മ്യൂണിറ്റിയിലെ കുടുംബാങ്ങങ്ങൾ എന്നിവർക്ക് കത്തിച്ച തിരികൾ നൽകി തിരുനാൾ ഏൽപ്പിക്കുകയും ആശീർവാദം നൽകുകയും ചെയ്തതോടുകൂടി ഈ വർഷത്തെ തിരുനാളിനു സമാപനമായി. അടുത്ത വർഷത്തെ തിരുനാൾ 2020 ജൂലൈ 18 ശനിയാഴ്ച നടക്കും.

“ജീവിത തീർത്ഥാടന പാതയിൽ പരമ വിജയത്തിന് മാതൃ മാദ്ധ്യസ്‌ഥ്യം അനിവാര്യം” മാർ സ്രാമ്പിക്കൽ.

ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ ആത്‌മീയആഘോഷമായ വാൽസിങ്ങം തീർത്ഥാടനത്തിന്റെ മൂന്നാം വർഷത്തെ മരിയോത്സവത്തിൽ ഏറെ ചിന്തോദ്ദീപകവും കുടുംബ ജീവിതം നയിക്കുന്നവർക്ക് സഹായകരമായ ഉപദേശങ്ങളും തിരുന്നാൾ സന്ദേശത്തിലൂടെ മാർ ജോസഫ് സ്രാമ്പിക്കൽ പങ്കുവച്ചു. കുടുംബ ജീവിതക്കാരുടെ തുണയും, മാതൃകയും, അനുഗ്രഹവും,ശക്തിയുമായ പരി. അമ്മയെ നമ്മുടെ ഭവനങ്ങളിൽ കുടുംബ നാഥയായി കുടിയിരുത്തേണ്ടതിന്റെ അനിവാര്യത പിതാവ് പ്രത്യേകം ഓർമ്മിപ്പിച്ചു. ജീവിതമെന്ന തീർത്ഥാടനത്തിൽ സഹനങ്ങളും,ത്യാഗവും,സമർപ്പണവും അനിവാര്യമാണെന്നും സ്വർഗ്ഗ കവാടം പ്രാപിക്കും വരെ അവ സഹിഷ്ണതയോടെ ഉൾക്കൊള്ളുവാനും, നേരിടുവാനും തയ്യാറായാലേ പരമ വിജയം നേടുവാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

എളിമയുടെയും സഹനത്തിന്റെയും സഹായത്തിന്റെയും കരുണയുടെയും സ്നേഹത്തിന്റെയും ഏറ്റവും വലിയ മധ്യസ്ഥശക്തിയായ പരി. മാതാവിനോടുള്ള പാരമ്പര്യ വിശ്വാസ തീക്ഷ്ണത നെഞ്ചിലേറ്റി ഇവിടെ തിങ്ങി നിറഞ്ഞിരിക്കുന്ന പ്രവാസി മാതൃ ഭക്തർക്ക്‌ പ്രത്യേക അനുഗ്രഹങ്ങൾ പ്രാപ്യമാകട്ടെയെന്നും പിതാവ് ആശംശിച്ചു. രൂപതയുടെ അഭൂതപൂർവ്വമായ വളർച്ചയും, വിജയങ്ങളും പരിശുദ്ധ അമ്മയുടെ അനുഗ്രഹമാണെന്നും, ഈ വർഷത്തെ മൂന്നാമത് ബൈബിൾ കൺവെൻഷൻ മാതാവിന് സമർപ്പിക്കുകയാണെന്നും പിതാവ് പറഞ്ഞു.

 

കോൾചെസ്റ്റർ: ചെറിയ സമൂഹത്തിന്റെ മികച്ച സംഘാടകത്വം വിളിച്ചോതിയ മഹാതീർത്ഥാടനം.

ഏറ്റവും മികച്ച സംഘാടകത്വം കൊണ്ടു തീർത്ഥാടനത്തെ അവിസ്മരണീയവും,അനുഗ്രഹ പൂരിതവുമാക്കാൻ കഴിഞ്ഞ ഒരു വർഷമായി അക്ഷീണ പരിശ്രമവും പ്രാർത്ഥനയും നടത്തിയ കോൾചെസ്റ്റർ എന്ന ചെറിയ സമൂഹം തീര്ത്ഥാടന വേദിയിൽ ഏറെ പ്രശംശിക്കപ്പെട്ടു. കോൾചെസ്റ്റർ കൂട്ടായ്മ്മ തങ്ങളുടെ ഒത്തൊരുമയും, കർമ്മ ശക്തിയും വിളിച്ചോതിയ തീർത്ഥാടനത്തിൽ തീർത്ഥാടകർക്ക് പ്രാഥമിക ആവശ്യങ്ങൾക്കും, ഭക്ഷണത്തിനും വേണ്ട ഒരുക്കങ്ങൾ ഭംഗിയായി നടതിയതും , പാർക്കിങ്ങ്, ട്രാഫിക് എന്നിവയിൽ യാതൊരു പരാതിയും ഇല്ലാതെ നിയന്ത്രിച്ചതും ശ്രദ്ധേയമായി.എത്തിച്ചേർന്ന ആയിരക്കണക്കിന് തീർത്ഥാടകരെ അടുക്കും ചിട്ടയുമായി സമയാനുസൃതമായി അണി നിരത്തി നടത്തിയ തീർത്ഥാടനം കൂടുതൽ ആകർഷകമായി. റെവ. ഫാ. തോമസ് പാറക്കണ്ടത്തിൽ, ടോമി പാറക്കൽ, നിതാ ഷാജി എന്നിവരുടെ നേതൃത്വത്തിൽ എല്ലാ കോൾചെസ്റ്റർ കുടുംബാംഗങ്ങളും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട മൂന്നാം വർഷത്തെ തിരുനാളിൽ പങ്കെടുക്കാനെത്തിയ എല്ലാവര്ക്കും പുത്തനുണർവും മാതൃസ്നേഹത്തിൻറെ സ്വർഗീയാനുഭവവും തിരുനാൾ സമ്മാനിച്ചു.

മലയാളം യുകെ ന്യൂസ് ബ്യുറോ

ബ്രെക്സിറ്റ്‌ വിഷയത്തിൽ 2016ൽ ബ്രിട്ടനിൽ ആരംഭിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. ബ്രിട്ടൻ പ്രധാനമന്ത്രി തെരേസ മേയുടെ പടിയിറക്കത്തിനും കാരണമായത് ബ്രെക്സിറ്റ്‌ തന്നെ. ഇനി ബ്രിട്ടനെ നയിക്കാനിരിക്കുന്ന പ്രധാനമന്ത്രി ബ്രെക്സിറ്റ്‌ വിഷയത്തിൽ എന്ത് നടപടി കൈക്കൊള്ളും എന്ന് അറിയേണ്ടിയിരിക്കുന്നു. എന്നാൽ ഇപ്പോൾ ഓഫീസ് ഫോർ ബഡ്ജറ്റ് റെസ്പോണ്സിബിലിറ്റി (ഓബിആർ ) അവരുടെ ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ്. ഒരു കരാർ ഇല്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടാൽ അത് വലിയ സാമ്പത്തികമാന്ദ്യത്തിന് കാരണമാകുമെന്ന് ഇന്ന് പുറത്ത് വിട്ട കണക്കുകൾ വ്യക്തമാകുന്നു. 2020ഓടെ സമ്പദ്‌വ്യവസ്ഥ 2% ആയി ചുരുങ്ങുകയും തൊഴിലില്ലായ്മ 5% വർധിക്കുകയും ചെയ്യും. ഒപ്പം ഗാർഹിക നിരക്കുകൾ 10%വും വർധിക്കും.

പ്രധാനമന്ത്രി സ്ഥാനാർത്ഥികളായ ബോറിസ് ജോൺസണും ജെറമി ഹണ്ടും പറയുന്നത്, ഒരു കരാറില്ലാതെ തന്നെ ബ്രിട്ടന് യൂറോപ്യൻ യൂണിയൻ വിടാൻ കഴിയും എന്നാണ്. ഇതോടെയാണ് നോ ഡീൽ ബ്രെക്സിറ്റിന്റെ പ്രശ്നങ്ങൾ ചർച്ചചെയ്യപ്പെടുന്നത്. മേയ്യിൽ നടന്ന ബിബിസിയുടെ പനോരമ പ്രോഗ്രാമിൽ യൂറോപ്യൻ യൂണിയന്റെ പ്രധാന ബ്രെക്സിറ്റ്‌ ഇടനിലക്കാരൻ മൈക്കിൾ ബാർനിയർ ഇപ്രകാരം പറഞ്ഞിരുന്നു “ഒരു കരാർ ഇല്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടാൽ അനേകം പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ” കരാറില്ലാതെയാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതെങ്കിൽ പൊതു വായ്പ കൂടുന്ന അവസ്ഥ ഉടലെടുക്കുമെന്ന് ചാൻസലർ ഫിലിപ്പ് ഹാമ്മൻഡ് ബ്രെക്സിറ്റ് നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി.

നോ ഡീൽ ബ്രെക്സിറ്റ്‌ യുകെയുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കും എന്നാണ് ഓബിആറിന്റെ റിപ്പോർട്ടുകൾ വ്യക്തമാകുന്നത്.അത് യുകെയുടെ ദേശീയ കടം കൂട്ടുകയും അത് വഴി രാജ്യം ഒരു സാമ്പത്തികമാന്ദ്യം നേരിടേണ്ടി വരുകയും ചെയ്യും. ഓബിആറിന്റെ കണക്കുകൾ പ്രകാരം 1990കളിൽ രാജ്യം നേരിട്ട സാമ്പത്തികമാന്ദ്യത്തിന് സമാനമായ ഒന്നാണ് വരാനിരിക്കുന്നത്. 2 സ്ഥാനാർത്ഥികളും നികുതി കുറയ്ക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഇത് ഗവണ്മെന്റ് കടം കൂട്ടുമെന്നും ഓബിആർ പറഞ്ഞു. 2035ഓടെ സമ്പദ്‌വ്യവസ്ഥ 8% ആയി ചുരുങ്ങുമെന്നും പലിശ നിരക്ക് 5.5% ഉയരുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ നവംബറിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ബ്രെക്സിറ്റ്‌ വിഷയത്തിൽ അനിശ്ചിതത്വം തുടരവേ ഇക്കഴിഞ്ഞ വർഷങ്ങളിൽ പൗണ്ടിന്റെ മൂല്യത്തിലും വൻ ഇടിവ് സംഭവിച്ചിട്ടുണ്ട്. 2008-09 വർഷങ്ങളിൽ ആയിരുന്നു അവസാനമായി യുകെ ഒരു സാമ്പത്തികമാന്ദ്യം നേരിട്ടത്. കൺസേർവേറ്റിവ് പാർട്ടി യുകെയുടെ സമ്പദ്‌വ്യവസ്ഥയ്ക്കുതന്നെ ഒരപകടം ആണെന്ന് ലേബർ പാർട്ടി ഷാഡോ ചാൻസലർ ജോൺ മക്‌ഡൊണേൽ അഭിപ്രായപ്പെട്ടു.അടുത്താഴ്ച തെരഞ്ഞെടുക്കപ്പെടുന്ന പുതിയ പ്രധാനമന്ത്രി എപ്രകാരം ഈ വിഷയത്തിൽ അനുയോജ്യമായ തീരുമാനം കൈക്കൊള്ളും എന്ന് ബ്രിട്ടൻ ജനത ഉറ്റുനോക്കുകയാണ്.

മലയാളം യുകെ ന്യൂസ് ബ്യുറോ

അടുത്ത പ്രധാനമന്ത്രിയും ടോറി പാർട്ടി നേതാവും ആകാനുള്ള തെരഞ്ഞെടുപ്പ് അതിന്റെ അവസാന ഘട്ടത്തിൽ. ശക്തമായ പ്രകടനം കാഴ്ചവെച്ച് മുൻ വിദേശകാര്യ മന്ത്രി ബോറിസ് ജോൺസണും വിദേശകാര്യ മന്ത്രി ജെറമി ഹണ്ടും തെരഞ്ഞെടുപ്പ് രംഗത്തുണ്ട്. ഏകദേശം 160000ഓളം വരുന്ന കൺസേർവേറ്റിവ് പാർട്ടി അംഗംങ്ങളുടെ പിന്തുണ നേടാനാണ് അവർ ഇപ്പോൾ ശ്രമിക്കുന്നത്. ഇതിനായി അവർ രണ്ടുപേരും തുടർച്ചയായി ചർച്ചകളിലും സംവാദങ്ങളിലും പങ്കെടുക്കുന്നു. അവസാന ചർച്ച ഇന്നലെ നടന്നു. പാർട്ടി അംഗങ്ങളുടെ വീടുകളിലേക്ക് ബാലറ്റ് പേപ്പറുകൾ ഇതിനകം അയച്ചിട്ടുണ്ട്. വിജയിയെ ജൂലൈ 23ന് പ്രഖ്യാപിക്കും.

പ്രധാനമന്ത്രി സ്ഥാനാർത്ഥികൾ ചില പ്രധാന വിഷയങ്ങളിൽ കൈകൊണ്ട നിലപാടുകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം : തെരേസ മേയുടെ പടിയിറക്കത്തിന് കാരണമായ ബ്രെക്സിറ്റ്‌ പ്രശ്നത്തിൽ, ഒരു കരാറുകളും ഇല്ലാതെ ഒക്ടോബർ 31 ന് തന്നെ ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടും എന്നാണ് ജോൺസൻ അറിയിച്ചിരിക്കുന്നത്. എന്നാൽ ഒരു കരാറിലൂടെ മാത്രമേ യൂറോപ്യൻ യൂണിയൻ വിടുകയുള്ളു എന്ന നിലപാടിലാണ് ഹണ്ട്. എമിഗ്രേഷന്റെ കാര്യത്തിൽ കഴിവുള്ള ജോലിക്കാർക്ക് മുൻഗണന നൽകുമെന്ന് ഹണ്ട് അറിയിച്ചപ്പോൾ കുടിയേറ്റക്കാരന്റെ തൊഴിൽ, ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ് എന്നിവ കണക്കിലെടുത്ത് ഒരു ഓസ്ട്രേലിയൻ ശൈലിയിലുള്ള പോയിന്റ് ബേസ്ഡ് സംവിധാനം കൊണ്ടുവരുമെന്നും ഇതിനായി മൈഗ്രേഷൻ ഉപദേശക സമിതിയെ നിയമിക്കുമെന്നുമാണ് ജോൺസൻ അഭിപ്രായപ്പെട്ടത്. നികുതി സംബന്ധിച്ച് കോർപ്പറേഷൻ നികുതി 12.5 ശതമാനമായി കുറയ്ക്കും, 90% ഹൈ സ്ട്രീറ്റ് ഷോപ്പുകൾക്കായി ബിസിനസ് നിരക്കുകൾ ഇല്ലാതാകുമെന്നും ഹണ്ട് പറഞ്ഞു. തൊഴിലാളികൾ ആദായനികുതി അടയ്ക്കാൻ തുടങ്ങുന്ന പോയിന്റ് ഉയർത്തും, അനാരോഗ്യകരമായ ഭക്ഷ്യനികുതി അവലോകനം ചെയ്യുമെന്നുമാണ് ജോൺസൻ അറിയിച്ചത്. പ്രതിരോധം ശക്തമാക്കാൻ അടുത്ത 5 വർഷത്തേക്ക് 15 ബില്യൺ പൗണ്ട് ചിലവഴിക്കും, സാമൂഹിക സേവനത്തിൽ കൂടുതൽ ഫണ്ടിംഗ്, നിരക്ഷരത തുടച്ചുനീക്കും,വിദ്യാർത്ഥികളുടെ കടം തിരിച്ചടവിന്റെ പലിശ നിരക്ക് കുറയ്ക്കും, അദ്ധ്യാപന തൊഴിലിനായി കൂടുതൽ ധനസഹായം നൽകാനുള്ള ദീർഘകാല പദ്ധതി തുടങ്ങും എന്നിവയാണ് ജെറമി ഹണ്ട് നൽകിയ വാഗ്ദാനങ്ങൾ. ജോൺസൻ നൽകിയ മറ്റ് വാഗ്ദാനങ്ങൾ ഇവയൊക്കെയാണ് : 2022ഓടെ 20, 000 പോലീസ് ഓഫീസർമാരെ നിയമിക്കും, ജിഡിപിയുടെ 0.7 ശതമാനം വിദേശ സഹായത്തിനായി ചിലവഴിക്കും, എച്ച്എസ് ട്രെയിൻ പദ്ധതി അവലോകനം ചെയ്യും, 2025 ഓടെ എല്ലാ വീട്ടിലും പൂർണ ഫൈബർ ബ്രോഡ്ബാൻഡ് ഉറപ്പാക്കും, എൻ എച്ച് എസിനെ കൂടുതൽ ശക്തമാകും, വിദ്യാർത്ഥികളുടെ കടം തിരിച്ചടവിന്റെ പലിശ നിരക്ക് കുറയ്ക്കും തുടങ്ങിയവ.

1300 കൺസേർവേറ്റിവ് പാർട്ടി അംഗങ്ങളുടെ ഇടയിൽ നടത്തിയ സർവേയിൽ ജോൺസൻ മുന്നിലെത്തി. അടുത്ത നേതാവ് ആരാകുമെന്ന് രണ്ട് അഭിപ്രായങ്ങൾ ഉണ്ടെങ്കിലും കൂടുതൽ സാധ്യത ബോറിസ് ജോൺസണാണ്. രണ്ടുപേരിൽ, കഴിഞ്ഞ വർഷം വിദേശകാര്യ സെക്രട്ടറിയായി നിയമിതനായ ജെറമി ഹണ്ടിന് ജോൺസണെക്കാൾ ഗവണ്മെന്റ് കാര്യങ്ങളിൽ കൂടുതൽ പരിചയമുണ്ട്. 2010ൽ സഖ്യസർക്കാരിന് കീഴിൽ കൾച്ചറൽ സെക്രട്ടറി ആയ ഹണ്ട്, പിന്നീട് 2012 ലണ്ടൻ ഒളിമ്പിക്സിന് മേൽനോട്ടം വഹിച്ചു. തുടർന്ന് 6 വർഷത്തോളം ആരോഗ്യ സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചു. ബോറിസ് ജോൺസൻ, 2008ൽ മേയറായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് 7 വർഷം ഹെൻലിയുടെ എംപി ആയിരുന്നു. 2015ൽ ഓസ്ബ്രിഡ്ജ്, സൗത്ത് റുസ്ലിപ് എന്നിവയുടെ എംപിയും ആയി അദ്ദേഹം. വ്യക്തിപരമായ തലത്തിൽ രണ്ട് സ്ഥാനാർത്ഥികൾകക്കും സമാനമായ പശ്ചാത്തലങ്ങളുണ്ട്. സ്വകാര്യ സ്കൂളുകളിൽ വിദ്യാഭ്യാസം നേടുകയും പിന്നീട് ഓസ്‌ഫോർഡ് സർവകലാശാലയിൽ പഠിക്കുകയും ചെയ്തവരാണ് ഇരുവരും.

ടോറി എംപിമാരുടെ ഇടയിൽ അഞ്ചു ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പിലൂടെയാണ് അവസാന രണ്ട് സ്ഥാനാർഥികളായി ഹണ്ടും ജോൺസണും തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ചാമത്തെ വോട്ടെടുപ്പിൽ 313ൽ 160 വോട്ടുകളും നേടി ജോൺസൻ ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തുള്ള ജെറമി ഹണ്ടിന് 77 വോട്ടുകളും. 10 സ്ഥാനാർത്ഥികളുമായി ജൂൺ 10ന് തുടങ്ങിയ തെരഞ്ഞെടുപ്പ് ഇപ്പോൾ അതിന്റെ അന്ത്യത്തിൽ എത്തി നിൽക്കുകയാണ്. മാർക്ക്‌ ഹാർപ്പർ, ആൻഡ്രിയ ലീഡ്‌സോം, എസ്ഥേർ മക്കവെ എന്നിവർ ആദ്യ റൗണ്ടിൽ പുറത്തായി. മാറ്റ് ഹാൻകോക്ക് പിന്മാറുകയും ചെയ്തു. ഡൊമിനിക് റാബ് രണ്ടാം റൗണ്ടിലും റോറി സ്റ്റുവർട്ട് മൂന്നിലും സാജിദ് ജാവീദ്, മൈക്കിൾ ഗോവ് എന്നിവർ നാലാം റൗണ്ടിലും പുറത്തായി. വാശിയേറിയ പോരാട്ടങ്ങളിലൂടെ തെരഞ്ഞെടുപ്പ് അവസാന രണ്ടുപേരിൽ എത്തി നിൽകുമ്പോൾ ബ്രിട്ടനെ തുടർന്ന് നയിക്കുന്നത് ആരെന്ന് അറിയേണ്ടിയിരിക്കുന്നു. അതിനായി ആ കാത്തിരിപ്പ് നീളുന്നു, ജൂലൈ 23 വരെ.

ഭൂരിപക്ഷം വ്യക്തികളും തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച ദുഃഖങ്ങളെയും ദുരിതങ്ങളെയും ഓർത്ത് വിലപിക്കുമ്പോൾ, അതിൽ നിന്നെല്ലാം വ്യത്യസ്തനായി ഇതാ ഒരാൾ. തന്റെ അന്ധതയെ സധൈര്യം നേരിട്ട് ഗോൾഫ് കളിക്കുകയാണ് ഇയാൾ. മുപ്പതുകാരനായ നിക്ക് ബർ എന്ന വ്യക്തിയാണ് ഈ ഹീറോ. കാഴ്ച നഷ്ടപ്പെടുന്നതിനു മുൻപ് തന്നെ അദ്ദേഹം ഗോൾഫിൽ വിദഗ്ധനായിരുന്നു.എന്നാൽ ഒറ്റരാത്രി കൊണ്ടാണ് അദ്ദേഹത്തിന് തന്റെ കാഴ്ച നഷ്ടപ്പെട്ടത്.

2013- ൽ ചെവി വേദനയോടെ ആരംഭിച്ച രോഗം, പിന്നീട് സെൻട്രൽ നെർവ്‌സ് സിസ്റ്റം ക്യാൻസർ ആണെന്ന് സ്ഥിരീകരിച്ചു. എന്നാൽ ഗോൾഫ് കളിയിൽ അതീവ താൽപര്യമുണ്ടായിരുന്ന നിക്ക്, എല്ലാ ആഴ്ച്ചയിലും തന്റെ സഹായി യോടൊപ്പം പ്രാക്ടീസ് ചെയ്തു. തന്റെ സഹായിയാണ് പ്രാക്ടീസ് കാലഘട്ടങ്ങളിലൂടനീളം തന്നെ മെച്ചപ്പെടുത്തി എടുത്തതെന്നു അദ്ദേഹം പറഞ്ഞു.

ബോളിന്റെ വേഗതയും, ദിശയും, മറ്റും മനസ്സിലാക്കാനായി ഒരു ഡിജിറ്റൽ വാച്ച് അദ്ദേഹം ഉപയോഗിച്ചിരുന്നു. കാഴ്ച ഉണ്ടായിരുന്ന സമയം കളിച്ചിരുന്ന പോലെ കളിക്കുവാൻ ശ്രമിച്ചെങ്കിലും, ഒരുപാട് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു. എല്ലാ കാര്യങ്ങളും ആദ്യം മുതൽ തന്നെ സാവധാനം പഠിക്കേണ്ടി വന്നു.

കഠിനമായ ചെവി വേദന, ഉയർന്ന രക്തസമ്മർദ്ദം, കാഴ്ച വൈകല്യങ്ങൾ മുതലായവയായിരുന്നു തുടക്കത്തിലേ രോഗലക്ഷണങ്ങൾ. പല ഡോക്ടർമാരെയും അദ്ദേഹം സന്ദർശിച്ചു. ഇരുപത്തിയഞ്ചാം വയസ്സിൽ ഒരു ന്യൂ ഇയർ രാത്രിയിൽ അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടു. നാലാം ദിവസം അദ്ദേഹത്തിന് കാഴ്ച എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. തുടർന്ന് ക്യാൻസറാണെന്ന് നിർണയിക്കപ്പെടുകയും, റേഡിയേഷനും കീമോതെറാപ്പിയും മറ്റും നൽകുകയും ചെയ്തു. ഒക്ടോബർ 2014 ഓടുകൂടി അദ്ദേഹം ക്യാൻസറിൽ നിന്ന് പൂർണ്ണ മുക്തി പ്രാപിച്ചു.

ഗോൾഫും, ഫുട്ബോളുമെല്ലാം കളിച്ചിരുന്ന അദ്ദേഹം, പിന്നീട് തന്റെ അന്ധതയോട് പൊരുതി ജീവിത നേട്ടങ്ങൾ കൈപ്പിടിയിലാക്കി. ഇപ്പോൾ അദ്ദേഹം അനുഭവിക്കുന്ന ഗോൾഫ് കളിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ്.

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടും മലയാളിയുടെ മരണം. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശിയായ പെരേപ്പാടൻ വീട്ടിൽ ബെന്നി. പി. കുട്ടപ്പൻ (52)  സ്വാൻസി മോറിസ്റ്റന്‍ ഹോസ്പിറ്റലിൽ നിര്യാതനായി. ഇന്നലെ വീട്ടിൽ വച്ച് സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ മുതൽ വെൻറിലേറ്ററിൽ ആയിരുന്നു. ഡോക്ടർമാർ പരമാവധി പരിശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കാതെ വന്നതിനാൽ ഇന്ന് വൈകുന്നേരം 7 മണിയോടെ വെന്റിലേറ്ററിൽ നിന്നും മാറ്റുകയായിരുന്നു. പരേതൻ ഇതേ ഹോസ്പിറ്റലിൽ ജോലിക്കാരനായിരുന്നു. ഭാര്യ ജിഷാ ബെന്നി. മോറിസ്റ്റന്‍ ഹോസ്പിറ്റലിൽ നഴ്സാണ്. മക്കള്‍:  ആൽവിൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥി, ഗ്ലാഡ് വിൻ ഏഴാം ക്ലാസ് വിദ്യാർത്ഥി, ക്രിസ് വിൻ മൂന്നാം ക്ലാസ് വിദ്യാർത്ഥി എന്നിവരാണ് മക്കൾ.

വൈകിട്ട് ഭക്ഷണ ശേഷം സോഫയിൽ പതിവു പോലെ ടെലിവിഷനിൽ പ്രോഗ്രാം കണ്ടു കൊണ്ടിരുന്നതിനിടയിൽ ഉറങ്ങിപ്പോയതാണ് ഉറക്കത്തിൽ മസ്തിഷ്കാഘാതം ഉണ്ടായതായാണ് കരുതുന്നത്. പുലർച്ചെ ജോലിക്കു പോകുന്നതിനായായി എഴുന്നേറ്റ ഭാര്യ ബെന്നിയെ അബോധാവസ്ഥയിൽ കണ്ടെതിനെ തുടർന്ന് ആംബുലൻസ് വിളിക്കുകയും  ചെയ്യുകയായിരുന്നു. പാരാമെഡിക്കൽ സംഘം ഉടൻ ആശുപത്രിയിൽ എത്തിച്ച്  തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ദ ചികത്സ നൽകുകയുമായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാകു ന്നതനുസരിച്ച് ബെന്നിയുടെ സംസ്കാര കർമ്മങ്ങൾ നാട്ടിൽ എത്തിച്ചു  സ്വദേശത്ത് നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്. ബെന്നിയുടെ പ്രായമായ അമ്മയും മറ്റു സഹോദരങ്ങളും നാട്ടിലാണ് ഉള്ളത്. മൃതദേഹം ഇപ്പോൾ ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സ്വാന്‍സി ഹോളി ക്രോസ് ഇടവക വികാരി റവ.ഫാ.സിറിൾ തടത്തിലിന്റെ നേതൃത്വത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിൽ  എല്ലാ കാര്യങ്ങളും ക്രമീകരിച്ചു വരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ഈ അവസരത്തിൽ ബെന്നിയുടെ വേർപാടിൽ മലയാളംയുകെ ന്യൂസ് ടീമിന്റെ അനുശോചനം ദുഃഖാർത്ഥരായ കുടുംബത്തെ അറിയിക്കുകയും ചെയ്യുന്നു.

RECENT POSTS
Copyright © . All rights reserved