ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- തീവ്രവാദ സംഘടനയായ അൽക്വയ്ദയുമായി ബന്ധമാരോപിച്ച് ബ്രിട്ടീഷ് വിദ്യാർത്ഥി ഇരുപത്തിയാറുകാരനായ മുഹമ്മദ് യാമിനെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. രണ്ടായിരത്തി പതിമൂന്നിൽ പുറത്തിറങ്ങിയ ഒരു യൂട്യൂബ് വീഡിയോയിൽ തീവ്രവാദ സംഘടനയ്ക്ക് വേണ്ടി മുഖംമൂടിയണിഞ്ഞു സംസാരിക്കുന്നത് മുഹമ്മദ് ആണെന്നുള്ള കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. ഈസ്റ്റ് ലണ്ടനിൽ നിന്നുള്ള മുഹമ്മദ് സാധാരണ ജീവിതം നയിക്കുകയാരുന്നു. 2017-ൽ വൈറ്റ്ഹാളിൽ വച്ച് സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് തീവ്രവാദി സംഘടനയുമായുള്ള ബന്ധം ചുരുളഴിഞ്ഞത്.
മുഹമ്മദ് യാമിനെയാണ് പത്തുവർഷത്തേക്ക് ജയിൽ ശിക്ഷയ്ക്ക് വിധിച്ചത് . അൽക്വയ്ദ പുറത്തിറക്കിയ ഒരു യൂട്യൂബ് വീഡിയോയിൽ മുഖംമൂടിയണിഞ്ഞ സംസാരിച്ചത് മുഹമ്മദ് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തി. മുഹമ്മദിൻെറ ശബ്ദവും, മുഖവുമെല്ലാം വീഡിയോയിലെ വ്യക്തിയുമായി സാമ്യമുള്ളതാണെന്ന് കണ്ടെത്തി. മുഹമ്മദ് സംഘടനയുടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു എന്ന് ശിക്ഷ വിധിച്ച ജഡ്ജി മാർക്ക് ഡെന്നിസ് അഭിപ്രായപ്പെട്ടു. എന്നാൽ അതിനുശേഷം എല്ലാത്തരം പ്രവർത്തനങ്ങളും അവസാനിപ്പിച്ച് ലണ്ടനിൽ സാധാരണ ജീവിതം നയിക്കുകയായിരുന്നു മുഹമ്മദ്.
തീവ്രവാദ ആക്രമണങ്ങൾ വർധിച്ചതിനെ തുടർന്ന് 2017- ൽ അതീവ ജാഗ്രത പുലർത്തിയ അധികൃതർ, വൈറ്റ് ഹാളിലെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുകയായിരുന്ന മുഹമ്മദിനെ സംശയാസ്പദമായി പിടികൂടി. ചോദിച്ച സാധാരണ ചോദ്യങ്ങൾക്ക് പോലും തെറ്റായ ഉത്തരങ്ങൾ നൽകിയതിനെ തുടർന്നാണ് അധികൃതരിൽ സംശയം ഉണ്ടായത്. 2014-ലും ഹെയ്ത്രോ എയർപോർട്ടിൽ വച്ച് സംശയാസ്പദമായി മുഹമ്മദിന് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. തീവ്രവാദ ബന്ധമുള്ള വ്യക്തിക്ക് വസ്ത്രങ്ങൾ കൈമാറാനായി സിറിയയിലേക്ക് യാത്ര ചെയ്തു എന്നായിരുന്നു അന്ന് കണ്ടെത്തിയത്. അതിനു ശേഷം പിന്നീട് തന്റെ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ മുഹമ്മദ്, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സിനായും ചേർന്നു.
എന്നാൽ താൻ ഏർപ്പെട്ട പ്രവർത്തനങ്ങളിൽ വളരെ കുറ്റബോധം ഉണ്ടെന്ന് മുഹമ്മദിന്റെ അഭിഭാഷകൻ കോടതിയിൽ രേഖപ്പെടുത്തി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വ്യക്തികൾ ഇനിയും ഉണ്ടാകാം എന്ന ധാരണയിൽ അധികൃതർ ജാഗ്രത വർധിപ്പിച്ചിരിക്കുകയാണ്.
ഇംഗ്ലണ്ടിലെ മാഞ്ചസറ്ററിലുണ്ടായ കത്തിക്കുത്തുകളിൽ നിരവധി പേർക്ക് പരിക്കേറ്റു. മാഞ്ചസ്റ്ററിലെ ആൻഡേൽ ഷോപ്പിംഗ് സെൻ്ററിലാണ് കത്തിക്കുത്തുകളുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. കുത്തിയെന്ന് പറയുന്ന ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പൊലീസ് നിലത്ത് കിടത്തിയതിൻ്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം ആരും കൊല്ലപ്പെട്ടതായി ഇതുവരെ റിപ്പോട്ടില്ല. നാല് പേരെ ചികിത്സിച്ചതായി നോർത്ത് വെസ്റ്റ് സർവീസ് ആംബുലൻസ് സർവീസ് വക്താവ് അറിയിച്ചു. അഞ്ച് പേര്ക്ക് കുത്തേറ്റതായാണ് പൊലീസ് പറയുന്നത്. ഭീകരവിരുദ്ധ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 40കാരനാണ് അറസ്റ്റിലായിരിക്കുന്നത്.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- ബൾഗേറിയ ക്കെതിരെ വംശീയ അധിക്ഷേപങ്ങൾ ഉന്നയിച്ച ഇംഗ്ലണ്ട് ഫുട്ബോൾ ടീം മാനേജറും, മുൻ കളിക്കാരനുമായ ഗാരെത് സൗത്ത്ഗേറ്റ് സമാധാന വഴിയിലേക്ക്. തിങ്കളാഴ്ച ബൾഗേറിയയിലെ സോഫിയയിൽ വച്ച് നടക്കുന്ന യൂറോ-2020 ക്വാളിഫയർ മത്സരത്തിന് മുന്നോടിയായാണ് ഈ പ്രസ്താവന. സോഫിയ വെച്ച് നടക്കുന്ന മത്സരത്തിൽ കളിക്കാർ വംശീയ അധിക്ഷേപങ്ങൾ നേരിടേണ്ടിവരുമെന്ന് ഗാരെത് നേരത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇത്തരത്തിൽ അധിക്ഷേപങ്ങൾ നേരിട്ടാൽ കളി ബഹിഷ്കരിക്കുമെന്ന് ചെൽസി സ്ട്രൈക്കർ ടാമി എബ്രഹാമും രേഖപ്പെടുത്തിയിരുന്നു.
എന്നാൽ ഇത്തരം പ്രസ്താവനകൾക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നു വന്നിരുന്നു. സൗത്ത്ഗേറ്റിന്റെയും കൂട്ടാളികളുടെയും പ്രസ്താവനയ്ക്കെതിരെ അമർഷം രേഖപ്പെടുത്തി ബൾഗേറിയൻ ഫുട്ബോൾ യൂണിയൻ പ്രസിഡന്റ് ബോറിസ്ലാവ് മിഹായേലോവ് യുഇഎഫ്എയ്ക്ക് കത്തെഴുതി. ബൾഗേറിയയിലെ സ്റ്റേഡിയം ഭാഗികമായി അടച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനും, ചെക്ക് റിപ്പബ്ലിക്കിനും എതിരെ നടക്കുന്ന മത്സരങ്ങൾക്ക് വേണ്ടിയാണ് ഈ മുൻകരുതൽ. ജൂണിൽ നടന്ന ക്വാളിഫയർ മത്സരങ്ങളിൽ കൊസോവക്കും മറ്റും എതിരെ വംശീയ അധിക്ഷേപങ്ങൾ നടന്നിരുന്നു.
തങ്ങളുടെ ചട്ടങ്ങൾ ലംഘിക്കാൻ ഇംഗ്ലണ്ട് ടീം അംഗങ്ങളെ അനുവദിക്കുകയില്ലെന്ന് ബൾഗേറിയൻ ഫുട്ബോൾ യൂണിയൻ പ്രസിഡന്റ് യുഇഎഫ്എയെ അറിയിച്ചു. ബള്ഗേറിയ ക്കെതിരെ നടത്തുന്ന ഇത്തരം വംശീയ അധിക്ഷേപങ്ങളിൽ ഉള്ള രോഷം അദ്ദേഹം രേഖപ്പെടുത്തി. തങ്ങൾ ബൾഗേറിയയുടെ എല്ലാ ചട്ടങ്ങളും പാലിക്കുമെന്ന് സൗത്ത്ഗേറ്റ് പിന്നീട് വാർത്താസമ്മേളനത്തിൽ ഉറപ്പുനൽകി. തങ്ങൾ നേരിട്ട ചോദ്യങ്ങൾക്ക് സത്യസന്ധമായ ഉത്തരങ്ങൾ മാത്രമാണ് നൽകിയതെന്നും, പ്രശ്നങ്ങളിലല്ല, മത്സരത്തിലാണ് തങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുന്ന തെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ടാകും. ഹാർട്ടലെപൂളിൽ നടന്ന സംഭവങ്ങൾ വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
യുഇഎഫ്എ യിലും അതിന്റെ ചട്ടങ്ങളിലും തങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്ന് മറ്റൊരു ഇംഗ്ലണ്ട് താരമായ റഹീം സ്റ്റെർലിംങ് വ്യക്തമാക്കി. വിജയം മാത്രമാണ് ഇപ്പോൾ തങ്ങളുടെ മനസ്സിൽ എന്ന് അദ്ദേഹം പറഞ്ഞു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ആഗോള കാലാവസ്ഥാ വ്യതിയാനത്തിന് എതിരെയുള്ള പ്രതിഷേധത്തിന് ഭാഗമായി ലണ്ടൻ സിറ്റി എയർപോർട്ടിൽ ബ്രിട്ടീഷ് എയർവെയ്സ് വിമാനത്തിന്റെ മുകളിൽ കയറി പ്രതിഷേധിച്ചത് ഒരു പാരാലിമ്പിക് മെഡലിസ്റ്റ് ആണ്. ജെയിംസ് ബ്രൗൺ എന്ന കാഴ്ചശക്തിക്ക് പരിമിതിയുള്ള അദ്ദേഹം സംഭവം ഓൺലൈനായി ലൈവ് വീഡിയോ ഇട്ടിരുന്നു. എന്നാൽ മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ ഡാൻ ക്രെസെൽ ഡിക്ക്, സംഭവത്തെ നിരർത്ഥകവും, അപകടം പിടിച്ചതും, ബുദ്ധിശൂന്യമായ പ്രകടനം എന്ന് വിശേഷിപ്പിച്ചു. മറ്റൊരു വ്യക്തി ഇതേ കാരണത്താൽ സീറ്റിൽ ഇരിക്കാൻ വിസമ്മതിച്ചു പ്രതിഷേധ പ്രകടനം നടത്തിയത് മൂലം മറ്റൊരു ഫ്ലൈറ്റ് രണ്ടുമണിക്കൂർ താമസിച്ചാണ് പുറപ്പെട്ടത്.
രണ്ട് വ്യക്തികളും എയർപോർട്ടിലെ മുഴുവൻ സെക്യൂരിറ്റി ചെക്കിംഗ്നും ശേഷം വിമാനത്തിൽ കയറിയവരാണ്. ഫ്ലൈറ്റിൽ നിന്നിറങ്ങി കാഴ്ചക്കാരായി നിലത്തിറങ്ങിയ അമ്പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഭവത്തെതുടർന്നും ഫ്ലൈറ്റുകൾ ഭൂരിഭാഗവും കൃത്യസമയം പാലിച്ചു എങ്കിലും രണ്ടെണ്ണം ക്യാൻസൽ ചെയ്യേണ്ടിവന്നു.
വ്യത്യസ്തമായ പ്രകടനങ്ങൾ പലയിടത്തും നടന്നുവരുന്നു. പല സ്ഥലങ്ങളിലും നടുറോഡിൽ നിന്ന് പ്രതിഷേധ ക്കാ രെയും അവരുടെ ടെൻഡുകളും നീക്കാൻ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. പാർലമെന്റ് സ്ക്വയറിലെ ക്യാമ്പ് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. മാന്യമായ വേഷം ധരിച്ച ഒരു വ്യക്തി പെട്ടെന്ന് വിമാനം പുറപ്പെടും മുമ്പ് സീറ്റിൽ നിന്ന് എണീറ്റ് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ഒരു നീളൻ പ്രസംഗം നടത്തുകയും ഇരിക്കാൻ വിസമ്മതിക്കുകയായിരുന്നു. ഒടുവിൽ പോലീസെത്തി അറസ്റ്റ് ചെയ്തതോടെയാണ് ഫ്ലൈറ്റ് പുറപ്പെട്ടത്. എന്നാൽ മാധ്യമ ശ്രദ്ധയ്ക്കായി സഹജീവികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങൾ വർധിച്ചുവരുന്നതായാണ് റിപ്പോർട്ട്.
ലണ്ടൻ: യൂറോപ്യൻ യൂണിയനുമായി ബ്രെക്സിറ്റ് സംബന്ധിച്ചു കരാറുണ്ടാക്കാനുള്ള സാധ്യത മങ്ങി. പ്രധാനമന്ത്രി ബോറീസ് ജോൺസൻ ജർമൻ ചാൻസലർ ആംഗല മെർക്കലുമായി നടത്തിയ ഫോൺ സംഭാഷണത്തെത്തുടർന്നു ജോൺസന്റെ ഓഫീസ് തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. വടക്കൻ അയർലൻഡ് ഇയു കസ്റ്റംസ് നിയമങ്ങൾ തുടർന്നും പാലിക്കണമെന്ന മെർക്കലിന്റെ നിർദേശമാണ് ബ്രിട്ടനെ ചൊടിപ്പിച്ചത്. കരാറില്ലാതെ ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടപ്പാക്കാനുള്ള സാധ്യതയേറി. കരാറില്ലാ ബ്രെക്സിറ്റ് പാടില്ലെന്നു പാർലമെന്റ് പാസാക്കിയ നിയമം എങ്ങനെയാണു മറികടക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ല. യൂറോപ്പിന്റെയും യുകെയുടെയും ഭാവി വച്ചാണു ജോൺസൻ കളിക്കുന്നതെന്നു യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡോണൾഡ് ടസ്ക് ആരോപിച്ചു
ഐ ക്യു ടെസ്റ്റുകളില് വലിയ നേട്ടം സ്വന്തമാക്കുകയെന്നത് ചില്ലറകാര്യമല്ല. ആല്ബര്ട്ട് ഐന്സ്റ്റിനും സ്റ്റീഫന് ഹോക്കിംഗുമൊക്കെയുള്ള പട്ടികയില് ഇടംപിടിച്ച് വാര്ത്താകോളങ്ങളില് നിറയുകയാണ് നന്ദന പ്രകാശെന്ന പത്താം ക്ലാസുകാരി. ലണ്ടനിലെ പ്ലാഷ്നെറ്റ് സ്കൂളില് പത്താം ക്ലാസില് പഠിക്കുന്ന നന്ദന കൊല്ലം കുളത്തുപ്പുഴ സ്വദേശികളായ എന് എസ് പ്രകാശ്-സിമി ദമ്പതികളുടെ മകളാണ്. ലോകത്തെ വലിയ ഐക്യ സംഘടനയായ ‘മെന്സ’ യുടെ ജീനിയസ് സ്കോറായ 142 സ്വന്തമാക്കിയാണ് നന്ദന അഭിമാനനേട്ടത്തിലെത്തിയത്.
ഐന്സ്റ്റിനും ഹോക്കിംഗും 160 പോയിന്റാണ് നേടിയിട്ടുള്ളതെന്ന് കൂടി അറിഞ്ഞാലേ നന്ദനയുടെ നേട്ടത്തിന്റെ തിളക്കം വ്യക്തമാകു. ലോകത്തില് ഏകദേശം ഇരുപതിനായിരകത്തോളം പേര് മാത്രമാണ് മെന്സ ക്ലബില് ഇടം നേടിയിട്ടുള്ളത്.
മെന്സ ക്ലബിലെത്താനായതിന്റെ സന്തോഷം നന്ദന മറച്ചുവച്ചില്ല. വളരെയധികം സന്തോഷവും ആഹ്ളാദവുമുണ്ടെന്ന് നന്ദന വ്യക്തമാക്കി. പിക്കാസോയുടെ പെയിന്റിംഗുകള് വലിയ പ്രചോദനം നല്കിയെന്നും നന്ദന കൂട്ടിച്ചേര്ത്തു. യുകെയിലെ സ്കൂള് പോരാട്ടങ്ങളിലും നന്ദന പലപ്പോഴും മികവ് കാട്ടിയിട്ടുണ്ട്.
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ എട്ടു റീജണുകളായി സംഘടിപ്പിക്കുന്ന മൂന്നാമത് വാർഷീക ബൈബിൾ കൺവെൻഷനുകളിൽ ലണ്ടൻ റീജണൽ കൺവെൻഷൻ ഒക്ടോബർ 24 ന് വ്യാഴാഴ്ച നടത്തപ്പെടും. വ്യാഴാഴ്ച രാവിലെ 9:00 മണിക്ക് ജപമാല സമർപ്പണത്തോടെ ലണ്ടനിലെ റെയ്ൻഹാമിലുള്ള ഔവർ ലേഡി ഓഫ് ലാസലെറ്റ് ദേവവാലയത്തിൽ വച്ച് ആരംഭിക്കുന്ന ശുശ്രുഷകൾ വൈകുന്നേരം 5 മണി വരെ തുടരും. ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷനിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്.
പതിറ്റാണ്ടുകളായി തിരുവചനാഖ്യാനങ്ങളിലൂടെ അനേകരിൽ ഈശ്വരസ്പർശം അനുഭവവേദ്യമാക്കിയ ആല്മീയ ശുശ്രുഷകനും, അനുഗ്രഹീത ധ്യാന ഗുരുവുമായ ജോർജ്ജ് പനക്കൽ അച്ചൻ ബൈബിൾ കൺവൻഷനു നേതൃത്വം നൽകും. റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടറും, പ്രമുഖ ധ്യാന ഗുരുവുമായ ഫാ.ജോസഫ് എടാട്ട്, വിവിധ രാജ്യങ്ങളിൽ വിശ്വാസ പ്രഘോഷണം നടത്തി അനേകരിൽ ദൈവീക അനുഭവം പകർന്നുക്കൊണ്ടിരിക്കുന്ന ഫാ. ആന്റണി പറങ്കിമാലിൽ തുടങ്ങിയവർ വചന ശുശ്രുഷകളിൽ പങ്കുചേരുന്നുണ്ട്.
കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടി ഡിവൈൻ ടീം പ്രത്യേക ശുശ്രുഷകൾ നടത്തുന്നതാണ്. നാളിൻറെ വിശ്വാസ ദീപങ്ങൾക്കു ആല്മീയമായ ഊർജ്ജവും, ആന്തരിക ജ്ഞാനവും, ജീവിത നന്മകളും കൂടുതലായി പകരുവാൻ കിട്ടുന്ന ഈ സുവർണ്ണാവസരം മാതാപിതാക്കൾ മക്കൾക്കായി നൽകാവുന്ന ഏറ്റവും അമൂല്യമായ സംഭാവനയാവും ലണ്ടൻ കൺവെൻഷനിൽ നിന്ന് ലഭിക്കുക.
കൺവീനർ ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യൻ ചാമക്കാല, ഫാ.ഹാൻസ് പുതിയകുളങ്ങര, ഫാ.ജോസഫ് കടുത്താനം, അടക്കം ലണ്ടൻ റീജണിലെ മുഴുവൻ വൈദികരും മാസ്സ് സെന്റർ ട്രസ്റ്റികൾ, ക്യാറ്റക്കിസം ടീച്ചേഴ്സ്, മാതൃവേദി, ഭക്തസംഘടന പ്രതിനിധികൾ അടങ്ങുന്ന സംഘാടക സമിതി ഏവരെയും സസ്നേഹം കൺവെൻഷനിലേക്കു സ്വാഗതം ചെയ്യുന്നു.
ജീവൻ തുടിക്കുന്ന തിരുവചനങ്ങൾ ആല്മീയ-മാനസിക നവീകരണത്തിനും, നന്മയുടെ പാതയിൽ നയിക്കപ്പെടുന്നതിനും ആത്മാവിന്റെ കൃപാ ശക്തിയും വിശ്വാസോർജ്ജ ദായകവുമായ ‘ബൈബിൾ കൺവെൻഷൻ 2019’ ലേക്ക് ഏവരെയും സ്നേഹ പൂർവ്വം ക്ഷണിച്ചു കൊള്ളുന്നതായി ലണ്ടൻ റീജിയണൽ സംഘാടക സമിതിക്കായി ഫാ.ജോസ് അന്ത്യാംകുളവും, സംഘാടക സമിതിയും അറിയിക്കുന്നു.
ഔവർ ലേഡി ഓഫ് ലാ സലെറ്റ്, 1 റെയിൻഹാം, RM13 8SR.
സണ്, ഡെയ്ലി മിറര് എന്നീ മാധ്യമങ്ങള്ക്കെതിരെ നിയമ നടപടിക്കൊരുങ്ങി ബ്രട്ടീഷ് രാജകുടംബാംഗം ഹാരി രാജകുമാരന്. ഫോണ് ഹാക്കിംഗ് നടത്തിയെന്ന് ആരോപിച്ചാണ് നിയമനടപടികള് സ്വീകരിക്കാന് ഒരുങ്ങുന്നത്. ബ്രിട്ടീഷ് മാധ്യമങ്ങള് ഹാരിയുടെ ഭാര്യ മേഗനെതിരെ നടത്തിയ ശക്തമായ ആക്രമണത്തെ തുടര്ന്നാണ് തീരുമാനം. വോയ്സ്മെയില് സന്ദേശങ്ങളിലേക്ക് നിയമവിരുദ്ധമായി കൈകടത്തിയെന്ന് ആരോപിച്ച് ഹൈക്കോടതിയില് ഹര്ജി സമര്പ്പിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു.
ഹാരിയും സഹോദരന് വില്യം രാജകുമാരനും കഴിഞ്ഞ ദശകത്തില് ഹാക്കിംഗ് ആരോപണങ്ങളുടെ കേന്ദ്രമായിരുന്നു. ടാബ്ലോയിഡ് ജേണലിസ്റ്റുകള് പതിവായി സ്റ്റോറികള് കണ്ടെത്താന് പൊതുജനങ്ങളുടെ വോയ്സ്മെയിലുകള് ആക്സസ്സുചെയ്യുന്നത് ഒരു ചരിത്ര സംഭവമാണ്. മേഗന് വേറെയൊരു നിയമനടപടിക്കുകൂടെ ഒരുങ്ങുന്നുണ്ട്. തന്റെ പിതാവിനയച്ച കത്ത് ചോര്ത്തി പ്രസിദ്ധീകരിച്ചുകൊണ്ട് തന്റെ സ്വകാര്യത ലംഘിച്ചുവെന്നും പകര്പ്പവകാശ ലംഘനം നടത്തിയെന്നുമാണ് അവരുടെ ആരോപണം.
നിയമനടപടികളുടെ ആദ്യപടിയാണ് ഇപ്പോള് നടക്കുന്നത്. കോടതിയില് പേപ്പറുകള് സമര്പ്പിച്ചുകഴിഞ്ഞാല് നടപടികളുമായി മുന്നോട്ട് പോകണോ എന്നു തീരുമാനിക്കാന് വാദിഭാഗത്തിന് നാലുമാസം സമയം ലഭിക്കും. സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളില് യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നാണ് കൊട്ടാര ദമ്പതികളുടെ നടപടികള് വ്യക്തമാക്കുന്നത്. ‘അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ വ്യക്തികള്ക്കെതിരെ പ്രചാരണം നടത്തുകയാണ്’ ചില മാധ്യമങ്ങളെന്ന് ഹാരി ആരോപിച്ചു.
വസ്തുനിഷ്ഠവും സത്യസന്ധവുമായ റിപ്പോര്ട്ടിംഗിന്റെ പ്രാധാന്യം മനസ്സിലാക്കുന്നുവെന്നു പറഞ്ഞ ഹാരി വളരെ വൈകാരികമായി ‘ആദ്യം എനിക്ക് എന്റെ അമ്മയെ നഷ്ടപ്പെട്ടു, ഇപ്പോള് എന്റെ ഭാര്യയും അതേ ശക്തികള്ക്ക് ഇരയാകുന്നത് ഞാന് കാണുന്നു’ എന്നും പറഞ്ഞു. ഹാരിയുടെ മാതാവ് ഡയാന രാജകുമാരി മരണപ്പെട്ട കാറപകടം സംഭവിച്ചത് പാപ്പരാസികളില് നിന്ന് രക്ഷപ്പെടാന് ശ്രമിക്കുമ്പോഴായിരുന്നുവെന്ന് ഒരു വാദമുണ്ട്.
ഹാരിയും ടാബ്ലോയിഡ് പ്രസ്സും തമ്മിലുള്ള ശത്രുത മേഗനുമായുള്ള ബന്ധം ആരംഭിച്ചതുമുതല് തുടങ്ങിയതാണ്. ഇരുവരുടെയും ദാമ്പത്യ ജീവിതത്തില് വിള്ളലുകള് വീണപ്പോള് റിപ്പോര്ട്ടിംഗില് ഉണ്ടായ ‘വംശീയ പരാമര്ശങ്ങളെ’ അദ്ദേഹം രൂക്ഷമായി വിമര്ശിച്ചു. എന്നാല് ബിബിസി അടക്കമുള്ള മാധ്യമങ്ങള് റിപ്പോര്ട്ടിംഗിനെ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ഇറാൻ : ഇറാനിലെ അമ്മമാർക്കുള്ള ഒരു തുറന്ന കത്തിലൂടെ തന്റെ അവസ്ഥ ലോകത്തെ അറിയിച്ച പൊരുതാനുറച്ചിരിക്കുകയാണ് നസാനിൻ എന്ന യുവതി. 2016 ചാരപ്രവർത്തനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത നാസ്നിന് അഞ്ചു വർഷത്തേക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. യുവതിയും ബന്ധുക്കളും ഇത് പാടേ നിഷേധിക്കുന്നു. തന്റെ മകളെ ബന്ധുക്കളെ കാണിക്കാൻ ഇറാനിലേക്ക് കൊണ്ടുവന്നതായിരുന്നു യുവതി. എന്നാൽ അവർ ഇറാനിലെ ജനങ്ങളെ മാധ്യമ പ്രവർത്തനം നടത്താൻ പഠിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന ചാര പ്രവർത്തക എന്നാരോപിച്ചായിരുന്നു അറസ്റ്റ് ചെയ്തത്.
ഫോറിൻ സെക്രട്ടറിയായ ഡൊമിനിക് റാബ് കത്തിനെ ഹൃദയഭേദകമായത് എന്നാണ് വിശേഷിപ്പിച്ചത്. നസാനിൻ സകാരി റാഡ്ക്ലിഫ്ന്റെ അറസ്റ്റ് ന്യായീകരിക്കാനോ അംഗീകരിക്കാനോ സാധിക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം കുഞ്ഞിന്റെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് അവർ ഇപ്പോൾ പോരാടുന്നത്. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇറാൻ പ്രസിഡണ്ടുമായി നസാനിന്റെ മോചനത്തെ കുറിച്ച് ചർച്ച നടത്തിയിരുന്നു.
40 വയസ്സുകാരിയായ നസാനിന്റെ അഞ്ചു വയസ്സായ മകൾ ഗബ്രിയേലയ്ക്കെങ്കിലും ഇറാൻ എക്സിറ്റ് വിസ നൽകണമെന്ന ആഗ്രഹം ആണ് ഇപ്പോൾ അവർക്കുള്ളത്. ബ്രിട്ടനിൽ ഉള്ള ഭർത്താവ് സകാരി റാഡ്ക്ലിഫ്ന്റെ അടുത്തെത്തി മകൾക്ക് സ്കൂൾ വിദ്യാഭ്യാസം കൊടുത്തു തുടങ്ങാനാണ് കുടുംബത്തിന്റെയും ആഗ്രഹം. എന്നാൽ രാഷ്ട്രീയ ചെസ്സ് കളിയിലെ വെറും ഒരു കളിപ്പാവ മാത്രമാണ് താൻ എന്നും തനിക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയില്ല എന്നും അവർ പറഞ്ഞു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജെല്ലിക്കെട്ട്’ ഒക്ടോബർ 5നു ബ്രിട്ടീഷ് ഫിലിം ഇൻസ്ടിട്യൂട്ട് ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ അവതരിപ്പിക്കും. ‘കേരളത്തിലെ ബാഡ് ബോയ് ഡയരക്ടർ ലിജോ ജോസ് പെല്ലിശ്ശേരി’ എന്നാണ് ലണ്ടനിൽ നടന്ന പ്രസ് കോൺഫറൻസിൽ വിതരണം ചെയ്ത ഫെസ്റ്റിവൽ പ്രോഗ്രാമിൽ സംവിധായകനെ അല്പം കുസൃതിയോടെ വിശേഷിപ്പിക്കുന്നത്.
ചെറിയ ഒരിടവേളയ്ക്ക് ശേഷമാണ് ഒരു മലയാള ചിത്രം ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ എത്തുന്നത്. BFI അംഗം അല്ലാത്തവർക്ക് സെപ്തംബർ 12 മുതൽ 020 7928 3232 എന്ന നമ്പരിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാവും.