UK

2019ലെ മാൻ ബുക്കർ പുരസ്‌കാരം പങ്കിട്ട് ബ്രീട്ടീഷ് കനേഡിയന്‍ എഴുത്തുകാരികൾ. കനേഡിയൻ എഴുത്തുകാരി മാർഗരറ്റ് അറ്റ്‌വുഡും ബ്രീട്ടീഷ് എഴുത്തുകാരി ബർണാഡിയൻ ഇവാരിസ്റ്റോയുമണ് ഇത്തവണ മാൻ ബുക്കർ പുരസ്‌കാരം സ്വന്തമാക്കിയത്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് മാൻ ബുക്കർ പുരസ്‌കാരം രണ്ട് പേർ പങ്കിടുന്നത്. 79 വയസുകാരിയായ അറ്റ്‌വുഡ് ഏറ്റവും പ്രായം കൂടിയ ബുക്കർ പുരസ്‌കാരജേതാവായി മാറുമ്പോൾ ബുക്കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരിയാണ് മാറി ഇവാരിസ്റ്റോ.

അറ്റ്‌വുഡിൻറെ ‘ദി ടെസ്റ്റ്‌മെൻറ്‌സും’ ഇവാരിസ്റ്റോയുടെ ‘ഗേൾ, വുമൺ, അതർ’ എന്നീ കൃതികൾക്കാണ് ഇത്തവണ പുരസ്‌കാരത്തിന് അർഹമായത്. കറുത്ത വര്‍ഗ്ഗക്കാരികളായ 19 മുതല്‍ 93 വരെ പ്രായമുള്ള 12 സ്ത്രീകളുടെ കഥയാണ് ഇവാരിസ്റ്റോയുടെ ‘ഗേൾ, വുമൺ, അതർ’ പറയുന്നത്.ഇത് രണ്ടാം തവണയാണ് മാർഗരറ്റ് അറ്റ്‌വുഡ് ബുക്കർ പുരസ്‌കാരം സ്വന്തമാക്കുന്നത്. 2000ത്തിലാണ് അറ്റ്‌വുഡ് ഇതിന് മുമ്പ് പുരസ്കാരത്തിന് അർഹയായത്. ‘ബ്ലൈൻഡ് അസാസ്സിൻസ്’ എന്ന പുസ്തകമായിരുന്നു അത്തവണ പരിഗണിച്ചത്. 50000 പൗണ്ട്(ഏകദേശം 44 ലക്ഷത്തോളം രൂപ)യാണ് സമ്മാനത്തുക. ഇത് ഇരുവരും പങ്കിട്ടെടുക്കും. രണ്ട് കൃതികളും വേർതിരിക്കാനാവില്ലെന്ന് ജൂറി അംഗങ്ങളുടെ കടുത്ത നിലപാടാണ് ഇരുവർക്കും സമ്മാനം നൽകാൻ കാരണമായത്. 1992ലാണ് അവസാനമായി രണ്ടുപേർ ബുക്കർ പ്രൈസ് പങ്കിട്ടെടുത്തത്. ഇതിന് ശേഷം തയ്യാറാക്കിയ പുരസ്കാരം വിഭജിക്കരുതെന്ന നിബന്ധന മറികടന്നാണ് ഇത്തവണത്തെ പ്രഖ്യാപനമെന്നാണ് റിപ്പോർട്ടുകൾ.

നോബൽ സമ്മാനം കഴിഞ്ഞാൽ ഒരു സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും പ്രസിദ്ധമായ പുരസ്കാരമാണ് മാൻ ബുക്കർ പ്രൈസ് ഫോർ ഫിക്ഷൻ എന്ന ബുക്കർ പ്രൈസ്. ഇംഗ്ലീഷ് ഭാഷയിൽ എഴുതിയിട്ടുള്ള നോവുകളാണ് പുരസ്കാരത്തിന് പരിഗണിക്കു‌ക. കോമൺ വെൽത്ത് അംഗരാജ്യത്തിലെ അംഗത്തിനോ അയർലന്റ്, സിംബാബ്‌വെ എന്നിവിടങ്ങളിലെ എഴുത്തുകാരുടെ കൃതികളാണ് ഇതിനായി തിരഞ്ഞെടുക്കുക. ബ്രിട്ടീഷ് ഇന്ത്യന്‍ നോവലിസ്റ്റായ സല്‍മാന്‍ റുഷ്ദിയെയും ഇത്തവണ അവസാന പട്ടികയിൽ പരിഗണിച്ചിരുന്നു.

ന്യൂസ് ടീം 

ലണ്ടൻ : മൂന്നാമത് ലണ്ടൻ ഏഷ്യൻ ബിസിനസ്‌ അവാർഡുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 11 വെള്ളിയാഴ്ച്ച കേസിങ്ടണ്ണിലെ മില്ലേനിയം ഗ്ലോസ്റ്റർ ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ലണ്ടനിലെ ദക്ഷിണേന്ത്യൻ സമൂഹത്തിന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന ചടങ്ങിൽ ഫൈനലിസ്റ്റുകളായ 32 പേർക്ക് അവാർഡുകൾ ലഭിച്ചു. യുവ സംരംഭകൻ , റൈസിംഗ് സ്റ്റാർ , ഇന്റർനാഷണൽ ബിസിനസ്‌ ഓഫ് ദി ഇയർ തുടങ്ങിയ വിഭാഗങ്ങളിൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ലണ്ടൻ ഏഷ്യൻ ബിസിനസ് അവാർഡ് 2019 ലെ മികച്ച നേട്ടത്തിനുള്ള പുരസ്‌കാരം ടെക് ബാങ്കിന്റെ ഉടമയായ സുഭാഷ് മാനുവൽ കരസ്ഥമാക്കി. ലണ്ടനിലെ വ്യവസായ മേഖലയിൽ ഏഷ്യാക്കാരുടെ സ്വാധീനം എത്രമാത്രം പ്രാധാന്യം അർഹിക്കുന്നതാണെന്നതിനുള്ള തെളിവുകളാണ് ഈ പുരസ്‌കാരങ്ങൾ.

ഈ ചടങ്ങിന്റെ ഔദ്യോഗിക മാധ്യമ പങ്കാളികൾ ലണ്ടൻ ബിസിനസ് ജേണൽ ആയിരുന്നു. ലണ്ടനിലെ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ഗാർഹിക പീഡന സഹായ സേവനങ്ങൾ നൽകുന്ന ഏഷ്യൻ വിമൻസ് റിസോഴ്‌സ് സെന്ററായിരുന്നു ചാരിറ്റി പങ്കാളികൾ. ഏഷ്യൻ ബിസിനസ് അവാർഡ് 2019 സംഘടിപ്പിക്കുന്നത് യുകെയിലെ പ്രമുഖ കമ്പനിയായ ഓഷ്യാനിക് കൺസൾട്ടിംഗ് ആണ്. ഒപ്പം അവാർഡുകൾ സ്പോൺസർ ചെയ്തിരിക്കുന്നത് ഗേറ്റ്ഹൗസ് ബാങ്കും നൽകുന്നത് ഗ്രീൻലീഫ് കേറ്ററിങ്ങുമാണ്.

സമ്മാനാർഹരായ ഏവരെയും ഓഷ്യാനിക് കൺസൾട്ടിംഗ് സി ഇ ഒ ഇർഫാൻ യൂനിസ് അഭിനന്ദിച്ചു. ലണ്ടനിലെ ഏഷ്യൻ ബിസിനസ് കമ്മ്യൂണിറ്റി , ഭാവി തലമുറയിലെ സംരംഭകർക്ക് മികച്ച മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 13 വർഷത്തെ പ്രവർത്തന പരിചയമുള്ള ഓഷ്യാനിക് കൺസൾട്ടിംഗ് പ്രധാനപ്പെട്ട ഇംഗ്ലീഷ് , സ്കോട്ടിഷ് , ഐറിഷ് നഗരങ്ങളിൽ വാർഷിക അവാർഡ് ദാന ചടങ്ങുകൾ നടത്തിവരുന്നു.

തൃശൂര്‍∙ കയ്പമംഗലത്തുനിന്നു ഇന്നലെ രാത്രി കാണാതായ പെട്രോൾ പമ്പ് ഉടമയുടെ മൃതദേഹം ഗുരുവായൂരിൽ റോഡുവക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കയ്പമംഗലം കാളമുറി കോഴിപ്പറമ്പിൽ കെ.കെ. മനോഹരൻ (68) ആണു കൊല്ലപ്പെട്ടത്. കയ്പമംഗലം വഴിയമ്പലത്തെ എച്ച്പി പെട്രോൾ പമ്പ് ഉടമസ്ഥനാണ്. ഗുരുവായൂർ എൽഎഫ് കോളജിനു സമീപം കുന്നംകുളം ഗുരുവായൂർ റോഡുവക്കിൽ ഇന്നു രാവിലെയാണു മൃതദേഹം കണ്ടത്. ഭാര്യ ഗീത. മക്കൾ: ലാൽ, അനൂപ് (ഇരുവരും ലണ്ടനിൽ) മകൾ: ലക്ഷ്മി.

ഇന്നലെ രാത്രി പത്തുമണിയോടെ മനോഹരൻ പെട്രോൾ പമ്പിലേക്കു പോയി. തിരികെ രണ്ടുമണിക്ക് എത്തേണ്ടയാളെ കാണാതായപ്പോൾ വീട്ടുകാർ ഫോണിൽ വിളിച്ചു. ഫോണെടുത്തയാൾ സാർ കാറിൽ ഉറങ്ങുകയാണെന്നു പറഞ്ഞു. കാറിൽ തട്ടുന്ന ശബ്ദം കേട്ടു. പിന്നീട് ഫോൺ കട്ടായി. വീണ്ടും വിളിച്ചപ്പോൾ ഫോണെടുത്തില്ല. പിന്നെ സ്വിച്ച്ഡ് ഓഫ് ആയി. ഇതോടെ വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. എന്നാൽ രാവിലെ റോഡരികിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മനോഹരൻ സഞ്ചരിച്ചിരുന്ന കാർ, ആഭരണങ്ങൾ, പഴ്സ്, പമ്പിലെ കലക്ഷനുണ്ടായിരുന്ന ബാഗ് എന്നിവയും കാണാതായി. കെഎൽ47 ഡി: 8181 നമ്പറിലുള്ള വെള്ള കാറാണ് കാണാതായത്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ട്. കൈകൾ പിന്നിലേക്കു കെട്ടിവച്ചതിന്റെ ലക്ഷണങ്ങളുണ്ട്. സമീപത്തുനിന്ന് ഒട്ടിക്കുന്ന വലിയ ടേപ്പ് കണ്ടെത്തി. പൊലീസ് നായ, ഫൊറൻസിക് സംഘങ്ങൾ എന്നിവർ സ്ഥലത്തെത്തി പരിശോധിക്കുകയാണ്.

തൃശൂരിൽ സമാനമായ രീതിയിൽ ഇന്നലെ രാത്രി നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഊബർ ടാക്സി ഡ്രൈവറെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച് രണ്ടു പേർ ചേർന്ന് ടാക്സി തട്ടിയെടുത്തതും ഇന്നലെ അർധരാത്രിയിലാണ്. ടാക്സി പിന്നീട് പൊലീസ് കാലടയിൽ നിന്നു പിടികൂടുകയായിരുന്നു. ഡ്രൈവർ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. തൃശൂർ റൂറൽ പൊലീസ് പരിധിയിലാണു രണ്ടു സംഭവങ്ങളും അരങ്ങേറിയത്. രണ്ടും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

യാത്രാ വിവരണ രംഗത്ത് പുതുകാൽവെയ്പ്പായി ഗാന്ധി ജയന്തി ദിനത്തില്‍ ഒക്ടോബര്‍ 2ന് “Planet search with MS” എന്ന മലയാള യൂ ട്യൂബ് ചാനല്‍ ലണ്ടനില്‍ ഉദ്ഘാടനം ചെയ്തു.

ലണ്ടനിലെ കേരളാ ഹൌസില്‍, വച്ച് കേരള പ്ലാനിംഗ് ബോഡ് മെമ്പര്‍ ഡോ രവി രാമന്‍ “Planet search with MS” എന്ന ചാനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പത്ര മാധ്യമ രംഗത്ത്‌ കഴിഞ്ഞ 43 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മണമ്പൂര്‍ സുരേഷാണ് ചാനലിന്റെ സാരഥി. വിവിധ രാജ്യങ്ങളും ഭൂഖണ്ഡങ്ങളും സന്ദര്‍ശിച്ച് 12 എപിസോഡ് ഉള്ള ടെലിവിഷന്‍ സീരിയലുകള്‍ ചെയ്ത ശേഷമാണ് “Planet search with MS” എന്ന യൂ ട്യൂബ് ചാനലിലെത്തുന്നത്. ലിന്‍സ് അയ്നാട്ട് എഡിറ്റിംഗ് ചുമതല നോക്കുന്നു.

www.youtube.com/watch?v=yNSjBDuMYR8&t=8s 

www.youtube.com/watch?v=PV-_9vzDxdo&t=6s

https://m.youtube.com/watch?v=5L_Vryx1TSE

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് എലിസബത്ത് രാജ്ഞി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവ് ജെറിമി കോര്‍ബിന്‍. രാജ്ഞിയുടെ പ്രസംഗം ആശാവഹമാണ് എന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടപ്പോള്‍ പ്രസംഗം വെറും പ്രഹസനവും പ്രൊപ്പഗാണ്ട നടപടിയും മാത്രമാണ് എന്ന് ജെറിമി കോര്‍ബിന്‍ അഭിപ്രായപ്പെട്ടു. ആരോഗ്യം, പരിസ്ഥിതി തുടങ്ങിയവ സംബന്ധിച്ചും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടും പുതിയ നയങ്ങള്‍ പ്രഖ്യാപിച്ചു. നടപ്പാക്കാന്‍ പോകുന്നില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. പ്രസംഗം വിഡ്ഢിയുടെ സ്വര്‍ണമല്ലാതെ മറ്റൊന്നുമല്ല രാജ്ഞിയുടെ പ്രസംഗം എന്ന് കോര്‍ബിന്‍ അഭിപ്രായപ്പെട്ടു.

പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സില്‍ രാജ്ഞിയുടെ പ്രസംഗത്തിന് മറുപടി നല്‍കുകയായിരുന്നു കോര്‍ബിന്‍. 26 ബില്ലുകളാണ് ജോണ്‍സണ്‍ ഗവണ്‍മെന്റ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇതില്‍ ഏഴെണ്ണം ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ടതാണ്. മത്സ്യബന്ധനം, കൃഷി, വ്യാപാരം, ധനകാര്യ സേവനങ്ങള്‍ തുടങ്ങിയവയ്ക്കായി പുതിയ രൂപരേഖകള്‍ ഉണ്ടാക്കുന്നത് സംബന്ധിച്ചുള്ളതാണിവ. ആരോഗ്യ സംബന്ധമായ കേസുകള്‍ അന്വേഷിക്കാന്‍ സ്വതന്ത്ര എന്‍എച്ച്എസ് (നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്) സംവിധാനം തുടങ്ങിയവ പുതിയ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.പൊതുജന സേവനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറിച്ചത് മൂലമുണ്ടായ പ്രശ്‌നങ്ങള്‍ വഷളാകാന്‍ പോവുകയാണ് എന്ന് കോര്‍ബിന്‍ അഭിപ്രായപ്പെട്ടു.

തീവ്രമായ ചർച്ചകളുടെ ഒരാഴ്ച പിന്നിടുമ്പോഴും ബ്രെക്സിറ്റ് ഇപ്പോഴും വിദൂരതയില്‍ തന്നെയാണ്. ഒരു കരാറോടെ ഒക്ടോബർ 31-നകം യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകുകയെന്നത് യു.കെയെ സംബന്ധിച്ച് അസാധ്യമായിരിക്കുമെന്നാണ് കരുതുന്നത്. ചര്‍ച്ചകളില്‍ യാതൊരുവിധ പുരോഗതിയും കാണാത്തതിനാല്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കു ശേഷവും ചർച്ചകൾ തുടരേണ്ടിവരുമെന്ന് യൂറോപ്യൻ യൂണിയന്റെ പ്രധാന മധ്യസ്ഥനായ മൈക്കിള്‍ ബാർനിയർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം യൂറോപ്യൻ യൂണിയൻ അംബാസഡർമാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐറിഷ് അതിർത്തിയുമായി ബന്ധപ്പെട്ട് ബ്രിട്ടണ്‍ മുന്നോട്ടുവെച്ച പുതിയ നിര്‍ദേശങ്ങള്‍ ഇതുവരെ ‘പരീക്ഷിക്കപ്പെടാത്ത’ ഒന്നായതിനാല്‍ അതിന്‍റെ അപകടസാധ്യത മുന്‍കൂട്ടി കാണാന്‍ കഴിയില്ലെന്ന് അംഗരാജ്യങ്ങളുടെ നയതന്ത്രജ്ഞരോട് ബാർനിയർ പറഞ്ഞു. ഈയാഴ്ചതന്നെ ഒരു കരാർ യാഥാർത്ഥ്യമാവണമെങ്കില്‍ ബോറിസ് ജോൺസന്റെ ഭാഗത്തുനിന്നും കൂടുതല്‍ ചടുലമായ രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഐറിഷ് അതിർത്തിയുമായി ബന്ധപ്പെട്ട ആശങ്കകളാണ് ബ്രക്സിറ്റ് കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്ന പ്രധാന കാരണം. അത് പരിഹരിക്കുന്നതിനായി ബോറിസ് ജോൺസൺ ഐറിഷ് പ്രധാനമന്ത്രിയുമായി സുദീര്‍ഘമായ കൂടിക്കാഴ്ച നടത്തിയിരുന്നു. ജോണ്‍സണ്‍ അവതരിപ്പിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ച് യുകെയുടെ മറ്റ് മേഖലകള്‍ക്കൊപ്പം 2021-ല്‍ ഉത്തര അയര്‍ലന്‍ഡും യൂറോപ്യന്‍ യൂണിയന്റെ കസ്റ്റംസ് യൂണിയന്‍ വിടുമെന്നും, എന്നാല്‍ കാര്‍ഷിക – കാര്‍ഷികേതര ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട യൂണിയന്‍ നിയമങ്ങള്‍ അവര്‍ക്ക് ബാധകമായിരിക്കുമെന്നും പറഞ്ഞിരുന്നു. മാത്രവുമല്ല, പാര്‍ലമെന്റ് അംഗങ്ങളുടെ അംഗീകാരത്തോടെയായിരിക്കും അത് നടത്തുക. കൂടാതെ, യൂറോപ്യന്‍ യൂണിയന്‍ നിയമത്തില്‍ തുടരാന്‍ ഓരോ നാലു വര്‍ഷം കൂടുന്തോറും അവര്‍ പാര്‍ലമെന്റങ്ങളുടെ അംഗീകാരം തേടുകയും വേണമെന്നും ഉണ്ടായിരുന്നു. അതംഗീകരിക്കാന്‍ ഐറിഷ് സര്‍ക്കാര്‍ തയ്യാറായില്ല.

എന്നാല്‍ ഐറിഷ് പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ചക്കിടെ കസ്റ്റംസ് അതിർത്തി സ്ഥാപിക്കണമെന്ന തന്‍റെ മുന്‍ നിലപാടില്‍നിന്നും ജോണ്‍സണ്‍ പിന്മാറിയതായി യൂറോപ്യൻ യൂണിയൻ വൃത്തങ്ങൾ പറഞ്ഞിരുന്നു. ബ്രെക്സിറ്റ് യാഥാര്‍ത്ഥ്യമാക്കാന്‍ ഇനിയും ഒരുപാട് കടമ്പകള്‍ കടക്കാനുണ്ടെന്നും, പക്ഷെ, അത് സാധ്യമാകുമെന്നും, പുറത്തുപോകാന്‍ തയ്യാറായിരിക്കണമെന്നും ജോണ്‍സണ്‍ കഴിഞ്ഞ ദിവസം പറഞ്ഞതായി നമ്പര്‍ 10-ന്‍റെ വക്താവ് പറഞ്ഞു.

ഐറിഷ് അതിർത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു പരിഹാരം കണ്ടെത്താന്‍ യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടണ് ‘അവസാനമായി ഒരവസരം കൂടി’ നല്‍കണമെന്ന് ബാർനിയർ ആവശ്യപ്പെട്ടു. അതേസമയം, ബ്രക്സിറ്റ് യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞാല്‍ ‘ചൈനയേയും യുഎസിനേയും പോലെ’ ബ്രിട്ടണും ആഗോള വിപണികളിൽ യൂറോപ്യൻ യൂണിയന്‍റെ എതിരാളിയായിരിക്കുമെന്ന് ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കൽ യുകെയെ ഓർമ്മിപ്പിച്ചു.

ലണ്ടൻ:  റെയിൻഹാമിലെ, ഔർ ലേഡി ഓഫ് ലാ സലൈറ്റ് ദേവാലയത്തിൽ ലണ്ടൻ  ബൈബിൾ കൺവെൻഷന് വേദിയൊരുങ്ങുമ്പോൾ റീജണലിലെ ശുശ്രുഷകളുടെ അനുഗ്രഹ വിജയങ്ങൾക്കും സാഫല്യത്തിനുമായി ജപമാല ഭക്തിയുടെ മാസമായി ആചരിക്കുന്ന ഒക്ടോബർ മാസത്തിൽ പരിശുദ്ധ അമ്മയുടെ ശക്തമായ മാദ്ധ്യസ്ത സഹായം യാചിച്ചു കൊണ്ട് വിശ്വാസി സമൂഹം ഭവനങ്ങളിലും, കൂട്ടായ്മ്മകളിലും, പ്രാർത്ഥനാഗ്രൂപ്പുകളിലും സജീവമായി പ്രാർത്ഥനായജ്ഞത്തിലാണ്.
ലണ്ടൻ റീജണൽ കൺവെൻഷൻ ഒക്ടോബർ 24 നു വ്യാഴാഴ്ച  രാവിലെ 9:00 മണിക്ക് ആരംഭിച്ചു വൈകുന്നേരം 5:00 മണിക്ക് സമാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ രൂപതാ തലത്തിൽ നടത്തപ്പെടുന്ന ബൈബിൾ കൺവെൻഷന്റെ ലണ്ടൻ റീജണൽ കൺവെൻഷൻ പ്രശസ്ത വചന പ്രഘോഷകൻ  ജോർജ്ജ് പനക്കൽ അച്ചൻ നയിക്കും.രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കൺവെൻഷനിൽ അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്. ഫാ.ജോസഫ് എടാട്ട്, ഫാ. ആൻറണി പറങ്കിമാലിൽ എന്നിവരും വിവിധ ശുശ്രുഷകളിൽ പങ്കു ചേരും.
പ്രാർത്ഥനയുടെയും, നവീകരണത്തിന്റെയും, ദൈവ കൃപയുടെയും നിറവിൽ രൂപതയെ സുവിശേഷവൽക്കരണത്തിന്റെ പുത്തൻ ഉണർവ്വിലേക്ക് നയിക്കപ്പെടുന്നതിലേക്കായി ലക്‌ഷ്യം വെച്ച് അഭിവന്ദ്യ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ സംഘടിപ്പിക്കുന്ന മൂന്നാമത് ലണ്ടൻ റീജണൽ കൺവെൻഷൻ
നടത്തപ്പെടുമ്പോൾ കുട്ടികൾക്കും, യുവജനങ്ങൾക്കുമായി പ്രത്യേകമായി അനുഗ്രഹീത ശുശ്രുഷകൾ ക്രമീകരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
നവീകരണത്തിന്റെയും, അനുഗ്രഹ കൃപാവരങ്ങളുടെയും വേദിയൊരുങ്ങുന്ന തിരുവചന വിരുന്നിലേക്ക് ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി കൺവീനർ ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.
ഫാ. ജോസ് അന്ത്യാംകുളം (07472801507)
പള്ളിയുടെ വിലാസം.

Our Lady Of La Salette, 1 Rainham Road, Rainham, RM13 8SR

മദര്‍ മറിയം ത്രേസ്യക്കൊപ്പം നാളെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുന്ന മൂന്നുപേരില്‍ ഒരാള്‍ ഇംഗ്ലണ്ടിന്‍റെ കര്‍ദിനാള്‍ ജോണ്‍ ഹെന്‍‌റി ന്യുമാനാണ്. ആഗോളതലത്തില്‍തന്നെ സഭ ഉപയോഗിക്കുന്ന വിഖ്യാതമായ പ്രാര്‍ഥനയുടെ രചയിതാവ് കൂടിയാണ് കര്‍ദിനാള്‍ ന്യുമാന്‍. .ഇടുക്കി ജില്ലയിലെ തൊടുപുഴ ന്യൂമാൻ കോളജ് അദ്ദേഹത്തിന്റെ പേരിലുള്ളതാണ്

കര്‍ദിനാള്‍ ന്യുമാന്‍റെ വിഖ്യാതമായ കവിത ഇന്നും യാമപ്രാര്‍ഥനയില്‍ സഭ ഉപയോഗിക്കുന്നു. ആഗോളതലത്തില്‍തന്നെ പ്രശസ്തമായ കവിതയും പ്രാര്‍ഥനയുമാണിത്. കേരളത്തില്‍ ഇന്നും ഉപയോഗിക്കുന്ന അറിയപ്പെട്ടെ അന്തിമോപചാര ശുശ്രൂഷാഗാനവും ഭക്തിഗാനവുമാണിത്.

ആംഗ്ലിക്കൻ പൗരോഹിത്യം വെടിഞ്ഞു കത്തോലിക്കാ സഭയിൽ ചേര്‍ന്ന ബ്രിട്ടീഷുകാരനാണ് ജോണ്‍ ഹെന്‍‌റി ന്യുമാന്‍. 2010 ൽ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ലണ്ടനിൽ 1801 ലാണു ജനനം. 1890 ൽ അന്തരിച്ചു.

ഹെന്ററി എന്ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുമ്പോൾ ചങ്ങനാശേരി എസ് ബി കോളേജും സന്തോഷിക്കുന്നു. എസ് ബികോളേജിന്റെ ചരിത്രത്തിൽ മികച്ച ഹോസ്റ്റലുകളിൽ ഒന്നിന്റെ പേര് ന്യൂമാൻ ഹോസ്റ്റൽ എന്നായിരുന്നു എന്നതാണ് ആ സന്തോഷം.

1946 യിൽ സ്ഥാപിച്ച ന്യൂമാൻ ഹോസ്റ്റലിൽ വികാസങ്ങളുടെ ഭാഗമായി പൊളിച്ചു നീക്കിയില്ലങ്കിലും, എവിടെ താമസിച്ച പൂർവ്വ വിദ്യാർത്ഥികളും ഹോസ്റ്റൽ വർദ്ധൻ മാർക്കും ഓർമ്മയിൽ ഒരു സ്‌നേഹ സ്മരണയ്ക്കായി.

മലയാളത്തിന്റെ നിത്യ ഹരിത നായകൻ പ്രേം നസീർ ഉൾപ്പെടെ പല പ്രമുഖരും ന്യൂമാൻ ഹോസ്റ്റലിൽ ആണ് താമസിച്ചിരുന്നത്. 260 ഓളം വിദ്യാർത്ഥികൾ ഒരേ സമയം ഇവിടെ താമസിച്ചു പഠിച്ചു വന്നിരുന്നു

യുഎസ് ട്രംപ് ഡൊണാള്‍ഡ് വൃത്തികെട്ടയാളെന്ന് വിഖ്യാത ഹോളിവുഡ് നടന്‍ റോബര്‍ട്ട് ഡി നീറോ. ട്രംപ് ഗുണ്ടാ പ്രസിഡന്റാണ്. അയാള്‍ ജയിലിലാകുന്നത് കാണാന്‍ ഇനിയും കാത്തിരിക്കാനാകില്ലെന്നും റോബര്‍ട്ട് ഡി നീറോ പറഞ്ഞു. താന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന, മാര്‍ട്ടിന്‍ സ്‌കോര്‍സസിയുടെ ഐറിഷ് മാന്‍ എന്ന സിനിമയുടെ ആദ്യ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിനെത്തിയ ഡി നീറോ, ദ ഗാര്‍ഡിയനോടാണ് ഇക്കാര്യം പറഞ്ഞത്.

തോന്നുന്നതെന്തും ചെയ്യാന്‍ അധികാരമുണ്ട് എന്ന് കരുതുന്ന ഒരു ഗുണ്ടാ പ്രസിഡന്റ് ആണ് നമുക്കുള്ളത് എന്നതാണ് ഏറ്റവും അടിയന്തരമായി പരിഹാരം കാണേണ്ട പ്രശ്‌നം. ഈ പ്രശ്‌നം നമ്മള്‍ അവഗണിച്ചാല്‍ ഇത് നമ്മെയെല്ലാം ബാധിക്കുന്ന തരത്തില്‍ മാറും. അയാള്‍ക്ക് ചുറ്റുമുള്ളവര്‍ അയാളെ പ്രതിരോധിക്കുകയാണ്. ഈ റിപ്പബ്ലിക്കന്മാരുടെ കാര്യം ഭയാനകമാണ്. നമ്മള്‍ എന്തെങ്കിലും ചെയ്‌തേ പറ്റൂ – റോബര്‍ട്ട് ഡി നീറോ പറഞ്ഞു. ജനങ്ങളെ ഒരു പാഠം പഠിപ്പിക്കുമെന്നാണ് ഇവരുടെ മനോഭാവം. അവരെ നമ്മള്‍ പാഠം പഠിപ്പിക്കാന്‍ പോവുകയാണ് എന്ന് അവര്‍ മനസിലാക്കണം. അവര്‍ക്ക് ഇതില്‍ നിന്ന് രക്ഷപ്പെടാനാകില്ലെന്നും. സാമാന്യബോധമുള്ളവര്‍ക്ക്് ലോകത്തും ഈ രാജ്യത്തും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നറിയാം. അയാള്‍ മരിക്കണം എന്നെനിക്ക് ആഗ്രഹമില്ല. എന്നാല്‍ ജയിലിലായി കാണണമെന്നുണ്ട് – ഡി നീറോ പറഞ്ഞു.

പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഉക്രൈൻ്റെ ഇടപെടലിന് അവസരമുണ്ടാക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിൽ ട്രംപ് ഹൗസ് ഓഫ് റെപ്രസൻ്റേറ്റീവ്സിൻ്റെ അന്വേഷണം നേരിടുകയാണ്. ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിലാണ് ഹൗസിൽ ഭൂരിപക്ഷമുള്ള ഡെമോക്രാറ്റുകൾ. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥികളിലൊരാളായ മുൻ വൈസ് പ്രസിഡൻ്റ് ജോ ബൈഡനും മകനുമെതിരെ അഴിമതി ആരോപണം ഉന്നയിച്ച് അന്വേഷണം നടത്താൻ ഉക്രൈൻ പ്രസിഡൻ്റിന് മേൽ സമ്മർദ്ദം ചെലുത്തി എന്നാണ് ട്രംപിനെതിരായ ആരോപണം.

മാഫിയ കൊലയാളി ഫ്രാങ്ക് ഷീരനായാണ് ഐറിഷ് മാനില്‍ റോബര്‍ട്ട് ഡി നീറോ വരുന്നത്. 1975ലെ ജിമ്മി ഹോഫ കൊലപാതകത്തിലൂടെയടക്കം കുപ്രസിദ്ധനാണ് ഫ്രാങ്ക് ഷീരന്‍.

60 വര്‍ഷം മുമ്പ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട യുഎന്‍ സെക്രട്ടറി ജനറലിന്റെ ദുരൂഹമരണം സംബന്ധിച്ച ഫയലുകള്‍ കൈമാറാന്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗമായ എംഐ 6-നുമേല്‍ സമ്മര്‍ദ്ദം ഏറുകയാണ്. 1961 സെപ്റ്റംബറിലാണ് ഐക്യരാഷ്ട്ര സഭയുടെ രണ്ടാമത്തെ സെക്രട്ടറി ജനറലായ ഡോഗ് ഹമ്മര്‍സ്‌ക്‌ജോള്‍ഡ് മറ്റ് 13 പേര്‍ക്കൊപ്പം വിമാനാപകടത്തില്‍ കൊല്ലപ്പെടുന്നത്. വിമാനം മനപ്പൂര്‍വം ഇടിച്ചിറക്കുകയയിരുന്നു എന്ന അഭ്യൂഹമുണ്ട്.

ഡോഗ് ഹമ്മര്‍സ്‌ക്‌ജോള്‍ഡിന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച ‘കോള്‍ഡ് കേസ് ഹമ്മര്‍സ്‌ക്‌ജോള്‍ഡ്’ എന്ന ചലച്ചിത്രമാണ് വീണ്ടും വിഷയം ചര്‍ച്ചയാവാന്‍ കാരണം. 2019 സണ്‍ഡാന്‍സ് ചലച്ചിത്രമേളയില്‍ മികച്ച ചിത്രമായി അത് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അവലോകനം ചെയ്യാന്‍ യുഎന്‍ നിയോഗിച്ച ടാന്‍സാനിയയിലെ മുന്‍ ചീഫ് ജസ്റ്റിസായ മുഹമ്മദ് ചന്ദെ ഒത്മാന്റെ ഒരു റിപ്പോര്‍ട്ടാണ് ബ്രിട്ടനുനേരെ വിരല്‍ ചൂണ്ടുന്നത്.

1961ശേഷം യുകെ, ആഫ്രിക്കയിലുടനീളം രഹസ്യാന്വേഷണ ഏജന്റുമാരെ വിന്യസിച്ചിരുന്നു. അപകടത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമോ എന്നറിയാനായിരുന്നു അത്. ‘ഇനിയും വെളിപ്പെടുത്താത്ത ചില വിവരങ്ങള്‍ യു.കെയുടേയും അമേരിക്കയുടേയും കൈവശം ഉണ്ടായിരിക്കുമെന്നത് ഏതാണ്ട് ഉറപ്പാണ്’ എന്നാണ് ഒത്മാന്‍ പറഞ്ഞത്. കൂടാതെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനുള്ള ആവശ്യത്തോട് പ്രതികരിക്കാന്‍ ബ്രിട്ടണ്‍ 5 മാസമെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

‘ ബ്രിട്ടൻ പ്രസക്തമായ വിവരങ്ങള്‍ കൈവശം വയ്ക്കാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും, അത്തരം വിവരങ്ങള്‍ എവിടെയാണ് ഉണ്ടാവുക എന്ന് ഞാന്‍ കൃത്യമായി സൂചിപ്പിച്ചിട്ടും പുതിയ രേഖകളോ മറ്റ് വിവരങ്ങളോ ലഭിച്ചില്ല. എന്റെ പ്രസക്തമായ ചില ചോദ്യങ്ങള്‍ക്ക് മറുപടിയും ലഭിച്ചില്ല’- ഒത്മാന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം യുകെ, ദക്ഷിണാഫ്രിക്ക, അമേരിക്ക, റഷ്യ തുടങ്ങിയ 14 രാജ്യങ്ങളോട് അവരുടെ രഹസ്യാന്വേഷണ, സുരക്ഷാ, പ്രതിരോധ രേഖകള്‍ അവലോകനം ചെയ്യാന്‍ ഒരു സ്വതന്ത്ര ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് യു.എന്‍ ആവശ്യപ്പെട്ടിരുന്നു. ഒരു മാസത്തിനുള്ളില്‍ ബ്രിട്ടണ്‍ അവലോകനം നടത്തി. ‘ഇത്തരത്തിലുള്ള സമഗ്ര അവലോകനം നടത്താന്‍ ഒരു മാസം മതിയാകുമെന്ന് ഞാന്‍ കരുതുന്നില്ല’ എന്ന് ഒത്മാന്‍ അഭിപ്രായപ്പെട്ടു. ബ്രിട്ടണ്‍ എന്തൊക്കെയോ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ഉയര്‍ന്നുവരുന്ന പ്രധാന ആരോപണം.

RECENT POSTS
Copyright © . All rights reserved