ഹൗസ് ഓഫ് ലോര്‍ഡ്സിന്റെ ആദരമേറ്റുവാങ്ങിയ ലയന ഇനി മെഡിസിന് പഠനത്തിന്.
റോയല്‍ കോളേജ് ഓഫ് സയന്‍സ് നടത്തിയ ശാസ്ത്ര അഭിരുചി പരീക്ഷയില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹയായ മലയാളി പെണ്‍കുട്ടിയെ മലയാളി സമൂഹം മറന്ന് കാണാനിടയില്ല. ആ നേട്ടത്തിന്റെ പേരില്‍ ബ്രിട്ടീഷ് പ്രഭുസഭയില്‍ വീട്ടുകാരുടെ കണ്മുന്നില് വച്ച് ആദരം ഏറ്റവാങ്ങുകയും ഹൗസ് ഓഫ് ലോര്‍ഡ്സ് അംഗങ്ങള്‍ക്കൊപ്പം ചിലവിടുകയും ചെയ്ത് മലയാളി സമൂഹത്തിന്റെ അഭിമാനമായി മാറിയ ലയന സാനി ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല. ജിസിഎസ് സിക്ക് പിന്നാലെ എ ലവല്‍ പരീക്ഷയില്‍ മിന്നും തിളക്കം കൈവ്വരിച്ചിരിക്കുകയാണ് ലയന.എഴുതിയ വിഷങ്ങളില്ലെല്ലാം മുഴുവന്‍ മാര്‍ക്കും നേടിയ ലയന ഇനി മെഡിസിന് പഠനത്തിനായി അഡ്മിഷന് ഉറപ്പിച്ച് കഴിഞ്ഞു.
ബയോളജി, കെമിസ്ട്രി, കണക്ക്, ജിയോഗ്രഫി, ഇപിക്യു ( എക്സ്റ്റന്‍ഡ് പ്രൊജകട് ക്വാളിഫിക്കേഷന്‍ )എന്നീ വിഷയങ്ങളിലാണ് ലയന വിജയം കൈവ്വരിച്ചത്. ജിസിഎസ് എസി പരീക്ഷയില്‍ പതിനാല് എ സ്റ്റാര്‍ നേടി വിജയം കൈവരിച്ച ലയന പോര്‍ട്സ്മൗത്തിലെ ഓക് ലന്റ് കാത്തോലിക് സ്കൂള്‍ വാട്ടര്‍ലൂവിലായിരുന്നു പഠനം നടത്തിവന്നത്. ഇനി കോര്‍പസ് ക്രൈസ്റ്റ് കോളേജ് ഓക്സ്ഫോര്‍ഡില്‍ മെഡിസിന് പഠനത്തിന് സീറ്റ് ഉറപ്പാക്കി കഴിഞ്ഞു ഈ മിടുക്കി.

ലേഖനങ്ങള്‍ എഴുതി കഴിവ് തെളിയിച്ചിട്ടുള്ള ലയന റോയല്‍ കോളേജ് സയന്‍സ് നടത്തിയ ശാസ്ത്ര ലേഖന മത്സരത്തില്‍ ഏറ്റവും മികച്ച കുറിപ്പെഴുതിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു. ജെറ്റ്റൂഡ് ഏലിയന്‍ എന്ന ക്യാന്‍സര്‍ രോഗിയുടെ അനുഭവം സംബന്ധിച്ച് എഴുതിയ കുറിപ്പാണു ലയനയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.
ലണ്ടനിലെ ഈംപീരിയല്‍ കോളേജ് നടത്തുന്ന സയന്‍സ് ചലഞ്ചില്‍ ആണ് ലയന മുഴുവന്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന നേട്ടം സ്വന്തം പേരില്‍ കുറിച്ചിട്ടത്. ഇത്ര ചെറുപ്രായത്തില്‍ ബ്രിട്ടീഷ് പാര്‍ലിമെന്റ് അംഗീകാരം നേടിയ മറ്റൊരു വിദ്യാര്‍ത്ഥിയുടെ പേര് മലയാളി സമൂഹത്തില്‍ നിന്ന് കണ്ടെത്തുക പ്രയാസമായിരിക്കും.

കാലടി സ്വദേശിയായ സാനി പോളിന്റെയും റോസിലി സാനിയുടെയും മകളാണ് ലയന. ഇരുവരും നഴ്സിങ് ഹോം ജീവനക്കാരാണ്. പിതാവ് സാനി പോള്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായും, അമ്മ നഴസായും ജോലി ചെയ്യുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മിലന് ആണ് ലയനയുടെ സഹോദരന്.
സ്പോര്‍ട്സിലും ചാരിറ്റി പ്രവര്‍ത്തനത്തിനും ഒപ്പം പഠനത്തിലും ഒന്നാമനായി അലന് ജോജി മാത്യു.
ന്യൂകാസിലിലെ അലന് ജോജിക്ക് നൂറില്‍ നൂറ് എന്ന് മികവുറ്റ വിജയത്തിളക്കം ഒരു പുത്തരിയല്ല. ജിസിഎസ്ഇ പരീക്ഷയില്‍ ആണ്കുട്ടികള്ക്കിടയില് അസാധാരണമായി വിജയം കൈവരിച്ച അലന് എ ലെവല്‍ റിസള്‍ട്ടിലും മിന്നും തിളക്കം കൈവ്വരിച്ചിരിക്കുകയാണ്. എഴുതിയ എല്ലാ വിഷയങ്ങളിലും മുഴുവന്‍ എ സ്റ്റാര്‍ നേടിയിരിക്കുകയാണ്.

സെന്റ് തോമസ് മോര് കാത്തലിക് സ്കൂളിലെ ടോപ്പറാണ് അലന് ജോജി. ട്യൂഷന്റെയും മറ്റ് പഠന സഹായികളോ ഇല്ലാതെയാണ് അലന് വീണ്ടും വിജയത്തിളക്കം കൈവ്വരിച്ചിരിക്കുന്നത്. ക്രിക്കറ്റിലും ബാസ്കറ്റ് ബോളിവും, ചാരിറ്റിയിലും കൈമുദ്ര പതിപ്പിച്ചിട്ടുള്ള അലന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ മെഡിസിന് പഠനത്തിന് ചേരാനാണ് ഉദ്ദേശിക്കുന്നത്.