സ്വന്തം ലേഖകൻ

യുകെ : പ്രവാസ ലോകത്ത് വളരെയധികം പ്രതീക്ഷയോടെ വളർന്നു വന്ന യൂണിയൻ ഓഫ് യുകെ മലയാളി അസ്സോസ്സിയേഷൻസ്  ( യുക്മ  ) എന്ന സാംസ്കാരിക സംഘടന ഇന്ന് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളെ തോൽപ്പിക്കും വിധം തരം താഴ്ന്നില്ലേ ?.  കുറെ വർഷങ്ങളായുള്ള ഈ സംഘടനയുടെ നടപടികളെ വിലയിരുത്തിയാൽ ഇന്ത്യയിൽ  ജനാധിപത്യം ഇല്ലാതാക്കാൻ കാരണക്കാരായ രാഷ്ട്രീയ പാർട്ടികളെപ്പോലെയാണ്  യുകെ മലയാളികൾ നെഞ്ചിലേറ്റിയ യുക്മ എന്ന പ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ . ഒരു സാംസ്കാരിക സംഘടന എന്നതിൽ നിന്ന് മാറി നിലവാരമില്ലാത്ത ഒരു ഇന്ത്യൻ രാഷ്ട്രീയ പാർട്ടിക്ക് വേണ്ട എല്ലാ അധഃപതിച്ച സംവിധാനങ്ങളും ഉൾക്കൊള്ളുന്ന വെറുമൊരു കൂട്ടായ്മയായി യുക്മ മാറിയെന്ന് ആർക്കും പറയാം .

ആജ്ഞാനുവർത്തികളായ അണികളെ സൃഷ്‌ടിക്കുക ,സ്തുതിപാടകർക്കായി അനേകം  സ്ഥാനമാനങ്ങൾ സൃഷ്‌ടിച്ച്‌ വീതം വെച്ച് നൽകുക , അധികാര പ്രിയരായ കപട നിക്ഷപക്ഷ വാദികളെ കണ്ടെത്തി ഉപയോഗിക്കുക ,  തെരഞ്ഞെടുപ്പുകളിൽ സാമുദായിക – വർഗ്ഗീയ ധ്രുവീകരണം നടത്തി ജയിക്കുക , കള്ളവോട്ട് ചെയ്യുക , ബാലറ്റ് പേപ്പറുകൾ തിരുത്തുക , വോട്ട് എണ്ണലിൽ കൃത്രിമം കാട്ടുക , കോടതിയിൽ കള്ള തെളിവുകൾ സമർപ്പിക്കുക , അധികാരം ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചാൽ ഇന്നലെ വരെ പറഞ്ഞവയെ വിഴുങ്ങിക്കൊണ്ട്  വർഷങ്ങളായി അസഭ്യം പറഞ്ഞു നടന്നവരുമായി യാതൊരു ഉളുപ്പുമില്ലാതെ ചങ്ങാത്തം ഉണ്ടാക്കി മറുകണ്ടം ചാടുക , ഫോട്ടോ എടുക്കൽ രാഷ്ട്രീയം , സ്റ്റേജിൽ ഇടിച്ച് കയറൽ  , മാധ്യമ ശ്രദ്ധ നേടാനുള്ള പരാക്രമങ്ങൾ , മരണം വരെ നേതാവ് ചമയൽ , എതിരാളികൾക്കെതിരെ നുണകൾ  പറഞ്ഞു  പരത്തി വ്യക്തിഹത്യ നടത്തുക , കു‌ടെ നിന്ന് കൊണ്ട് തന്നെ വിശ്വസിച്ചവരെ ചതിക്കുക , സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെ നാലാംകിട അണികളെ ഉപയോഗിച്ചുകൊണ്ട്  പ്രതിരോധിക്കുക , തെറ്റുകളെ ചോദ്യം ചെയ്യന്നവരെ യുക്മ വിരുദ്ധർ എന്ന് പ്രചരിപ്പിച്ച്  സംഘടനയിൽ നിന്ന് പുറത്താക്കി ഇല്ലാതാക്കുക , നല്ല രീതിയിൽ പ്രവർത്തിക്കുന്ന അസ്സോസിയേഷനുകൾക്കിടയിൽ പിളർപ്പുകൾ ഉണ്ടാക്കി മുതലെടുക്കുക തുടങ്ങി ഇന്നത്തെ തരംതാണ ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളുടെ എല്ലാ ലക്ഷണങ്ങളും കാണിക്കുന്ന ചെറിയൊരു ആൾകൂട്ടമായി  യുക്മ എന്ന സംഘടന മാറിയില്ലേ ? .

കഴിഞ്ഞ കുറെ നാളുകളായി ഈ സംഘടന നടത്തുന്ന എല്ലാ പരിപാടികളിലും ജനപങ്കാളിത്തം കുറയുന്നതിന്റെയും , യുക്മയോടുള്ള യുകെ മലയാളികളുടെ താൽപ്പര്യം കുറയുന്നതിന്റെയും കാരണങ്ങൾ  മേൽപറഞ്ഞവയല്ലേ ? . യുകെയിലെ നൂറിൽ പരം മലയാളി അസ്സോസിയേഷനുകൾ അംഗമായിട്ടുള്ള ഈ പ്രസ്ഥാനത്തിൽ നിന്നും ഒട്ടുമിക്ക അസ്സോസിയേഷനുകളും ദിനംപ്രതി നിർജീവമായിക്കൊണ്ടിരിക്കുകയല്ലേ ? .  സ്വന്തം അംഗങ്ങളെ തൃപ്തിപ്പെടുത്താൻ നടത്തുന്ന വെറുമൊരു ചടങ്ങായി മാത്രമല്ലേ ഇന്നത്തെ യുക്മയുടെ പരിപാടികളെ പല അസ്സോസ്സിയേഷനുകളും കാണുന്നത് ? .

യുക്മ നടത്തുന്ന എല്ലാ പരിപാടികളിലേയ്ക്കും യുകെ മലയാളികളെ എത്തിക്കുക എന്നതാണ് ഇപ്പോൾ യുക്മ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രശ്നം . ജനസമ്മതരായ നേതാക്കളുടെ അഭാവവും  , യുക്മയുടെ പ്രവർത്തനങ്ങളെ വിജയിപ്പിക്കുവാൻ മേലനങ്ങി പണിയെടുക്കുന്ന നേതാക്കളുടെ കുറവും , നിക്ഷപക്ഷരും ആത്മാർത്ഥരുമായ  നേതാക്കൾ മനംനൊന്ത് സംഘടനാ പ്രവർത്തനം അവസാനിപ്പിച്ചതും , ഇത്തരം നേതാക്കളോട് യുക്മ നേതൃത്വം കാട്ടിയ അനീതിയോട് പൊതുസമൂഹത്തിന്റെ വിയോജിപ്പുമൊക്കെയല്ലേ ദിനംപ്രതി യുകെ മലയാളികൾ യുക്മ എന്ന പ്രസ്ഥാനത്തിൽ നിന്ന് അകലുന്നതിന്റെ കാരണങ്ങൾ.

ഇത്രയും ദയനീയമായ ഒരു അവസ്ഥയിലേയ്ക്ക് യുക്മ എന്ന പ്രസ്ഥാനത്തെ കൊണ്ടെത്തിച്ചത്  കുത്തഴിഞ്ഞ ഒരു ഭരണഘടനയും അതിന്റെ പിൻബലത്തിൽ നടത്തിയ സംഘടനാ തെരഞ്ഞടുപ്പുകളുമാണ് . യുക്മയിലെ രാഷ്ട്രീയ യജമാനന്മാർക്ക് എതിർ നിൽക്കുന്ന നിക്ഷപക്ഷരായവരെ ഇല്ലാതാക്കാൻ വേണ്ടി ഓരോ തവണയും ഭേദഗതികൾ വരുത്തിയ യുക്മയുടെ ഭരണഘടന ഇന്ന് സാമാന്യ ബുദ്ധിയുള്ള ഒരാൾക്ക് വായിച്ച് മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയിലേയ്ക്ക് എത്തിച്ചു കഴിഞ്ഞു . ഇംഗ്ളീഷിലും മലയാളത്തിലുമായി ആർക്കും മനസിലാകാത്ത അവസ്ഥയിൽ കിടക്കുന്ന ഈ ഭരണഘടനയുടെ പിൻബലത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പുകളാണ് യുക്മയെ ഇത്രയധികം തകർത്തത് .

ഓരോ അസ്സോസ്സിയേഷനിൽ നിന്നും പറഞ്ഞയയ്ക്കുന്ന മൂന്ന് യുക്മ പ്രതിനിധികളാണ് തെരഞ്ഞെടുപ്പിലെ വില്ലന്മാർ . രഹസ്യ വോട്ടെടുപ്പ് ആയതുകൊണ്ട് ഇവർ ഒരിക്കലും യുക്മയിലെ  യഥാർത്ഥ അംഗങ്ങളായ അസ്സോസ്സിയേഷനുകളുടെ താത്പര്യങ്ങൾ സംരക്ഷിക്കാറില്ല . അധികാര കൊതിയന്മാരായ ഇവരെ രാഷ്ട്രീയപരമായും , സമുദായികപരമായും , വർഗ്ഗീയപരമായും വിഘടിപ്പിച്ച് , സ്ഥാനമാനങ്ങൾ നൽകി ഉപയോഗപ്പെടുത്തി അധികാരം കൈയ്യാളുന്ന കാഴ്ചയാണ് വർഷങ്ങളായി നിലനിന്ന് പോരുന്നത് . യുക്മയുടെ നേതാക്കളെ തെരഞ്ഞെടുക്കുന്ന ഈ തെരഞ്ഞെടുപ്പുകളിൽ ഒന്നിലും യുകെ മലയാളികളിലെ 99 ശതമാനം വരുന്ന സാധാരണകാർക്കും യാതൊരു അവകാശവുമില്ല .

ഇക്കഴിഞ്ഞ ഇലക്ഷൻ കാലത്ത് യുകെയിലെ മാധ്യമങ്ങൾ പൊതുസമൂഹത്തിനും കൂടി വോട്ടു ചെയ്യാനുള്ള അവസരം നൽകി നടത്തിയ അഭിപ്രായ സർവേകളിൽ പങ്കെടുത്ത ഭൂരിപക്ഷം യുകെ മലയാളികളും ഇപ്പോഴത്തെ ഭരണസമിതിക്കെതിരെയാണ് വോട്ട് ചെയ്തത് . കള്ളവോട്ടിങ്ങിലൂടെ നടത്തിയ തെരഞ്ഞെടുപ്പിലും നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് ഇക്കൂട്ടർ അധികാരം കൈയ്യടക്കിയത് .  ഈ രാഷ്ട്രീയ കൂട്ട്കെട്ടുകൾ  കാലാകാലങ്ങളായി യുക്മയിൽ നടത്തുന്ന നാടകങ്ങളെ പൊതുസമൂഹം അത്രകണ്ട് മടുത്തിരുക്കുന്നുവെന്നല്ലേ ഈ സർവേ ഫലവും , കള്ളവോട്ട് ഫലവും സൂചിപ്പിക്കുന്നത് .

യുക്മ തകർക്കാൻ നടക്കുന്നവർ എന്ന് മുദ്രകുത്തി സാധാരണ യുകെ മലയാളികൾക്കിടയിൽ  വ്യാജപ്രചാരണം നടത്തിയാണ് ഈ രാഷ്ട്രീയക്കാർ ഇതുവരെ വിമർശകരെ നേരിട്ടിരുന്നത്. വ്യക്തി വൈരാഗികളും , അധികാര കൊതിയന്മാരുമായ ഈ നേതാക്കളുടെ ധിക്കാരവും ധാർഷ്ഠ്യപരവുമായ ഭരണ രീതിയാണ് ഈ സംഘടനയിൽ നിന്നും യുകെ മലയാളികളെ അകറ്റിയത് . അതുകൊണ്ട് തന്നെ യുക്മ എന്ന പ്രസ്ഥാനത്തെ ഈ ദുരവസ്ഥയിൽ കൊണ്ടെത്തിച്ചവർക്കെതിരെ സംഘടിച്ചുകൊണ്ട് തെരുവിലിറങ്ങി പ്രതിക്ഷേധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് തന്നെയാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നത് .