UK

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബ്രിട്ടീഷ് എയർലൈൻസ് കമ്പനിയായ തോമസ് കുക്കിന്റെ തകർച്ചയെ പറ്റി ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് എംപിമാർ രംഗത്ത്. കമ്പനിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ഡയറക്ടർമാരുടെ പ്രവർത്തനങ്ങളെപ്പറ്റിയും, കമ്പനിയുടെ അക്കൗണ്ടുകളെ പറ്റിയും മറ്റും ഉന്നതതല അന്വേഷണം വേണമെന്ന് അവർ ആവശ്യപ്പെട്ടു. കമ്പനി പൂട്ടിയതു മൂലം ജോലി നഷ്ടപ്പെട്ടവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് ബ്രിട്ടീഷ് ബിസിനസ്‌ സെക്രട്ടറി ആൻഡ്രിയ ലീഡ്‌സോം അറിയിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ടൂർ ഓപ്പറേറ്റേഴ്സിൽ ഒന്നായ തോമസ് കുക്ക് എയർലൈൻസ് നാല് ദിവസം മുൻപാണ് പൂർണമായ തകർച്ചയിലേക്ക് നിലം പതിച്ചത്. ഒൻപതിനായിരത്തോളം ബ്രിട്ടീഷുകാരുടെ ജോലിയാണ് ഇതോടെ നഷ്ടപ്പെട്ടിരിക്കുന്നത്. കമ്പനിയുടെ ഓഡിറ്റർമാർ ആയിരുന്ന വ്യക്തികളുടെ പ്രവർത്തനങ്ങളെപ്പറ്റിയും അന്വേഷണം വേണമെന്ന് ബിഇഐസ് ( ബിസിനസ്‌, എനർജി & ഇൻഡസ്ട്രിയൽ സ്ട്രാറ്റജി ) കമ്മിറ്റി ചെയർമാൻ റേച്ചൽ റീവ്സ് ആവശ്യപ്പെട്ടു. ഒക്ടോബറോടുകൂടി അന്വേഷണം തുടങ്ങും എന്ന് ഉറപ്പ് അധികാരികൾ നൽകിയിട്ടുണ്ട്.

കമ്പനിയുടെ ഡയറക്ടർ സ്ഥാനത്തും, ഓഡിറ്റ് സ്ഥാനത്തും മറ്റും സേവനമനുഷ്ഠിച്ച എല്ലാവരെയും അന്വേഷണത്തിന് വിധേയമാക്കും. ഈ സ്ഥാനങ്ങളിൽ ഇരുന്നവർ എല്ലാംകൂടി ചേർന്ന് ഏകദേശം 35 മില്യൻ പൗണ്ടോളം, 12 വർഷം കൊണ്ട് കൈക്കലാക്കിയിട്ടുണ്ട്. കമ്പനിയുടെ പെട്ടെന്നുള്ള തകർച്ച ടൂറിസ്റ്റുകളെ ആകമാനം ബാധിക്കുമെന്നാണ് റിപ്പോർട്ട്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

സൗത്ത് വെയിൽസ് : പോർട്ട് ടാൽബോട്ടിലെ ടാറ്റാ സ്റ്റീൽ വർക്ക് മെഷിനറി അപകടമുണ്ടായ ഉടൻ തന്നെ കമ്പനി അന്വേഷണം ആരംഭിച്ചിരുന്നു. സൗത്ത് വെയിൽസിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അപകടം നടന്ന ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എമർജൻസി സർവീസ് എത്തി അതിവേഗം രക്ഷാ പ്രവർത്തനം നടത്തിയിരുന്നു. ഒറ്റപ്പെട്ട അപകടം എന്നാണ് പോലീസ് ഇതിനെ വിശേഷിപ്പിച്ചത് തൊഴിലാളിക്ക് മാത്രമേ അപകടം സംഭവിച്ചിട്ടുള്ളൂ എന്നും പൊതുജനം സുരക്ഷിതരാണെന്നും പോലീസ് അറിയിച്ചു.

 

അപകടത്തെ തുടർന്ന് അടിയന്തര സഹായം ആവശ്യമായ തൊഴിലാളിക്ക് വെൽഷ് ആംബുലൻസ് സർവീസ് ലഭ്യമാക്കിയിരുന്നു. 25 സെപ്റ്റംബർ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ തങ്ങളെ ടെൽബോട്ടിലേക്ക് രക്ഷാപ്രവർത്തനത്തിന് വിളിച്ചിരുന്നു എന്ന് രക്ഷാപ്രവർത്തക പ്രതിനിധി അറിയിച്ചു. ഒരു എമർജൻസി ആംബുലൻസും രണ്ട് ഓഫീസർമാരും ഒരു ഹസാഡ് റെസ്പോൺസ് ടീമും ഉൾപ്പെടെയുള്ള സംഘമാണ് വെയിൽസ് എയർ ആംബുലൻസ്ന്റെ സഹകരണത്തോടെ രക്ഷാപ്രവർത്തനത്തിന് എത്തിയത്.

കഴിഞ്ഞ ഏപ്രിലിൽ സമാനമായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. റെയിൽവേ ട്രാക്കിൽ ദ്രാവകരൂപത്തിലുള്ള ലോഹം ജലവുമായി സമ്പർക്കം ഉണ്ടായപ്പോൾ പെട്ടെന്നുണ്ടായ തീപിടിത്തം ആണ് അപകടകാരണമെന്ന് കരുതുന്നു.

രാജ്യം വലിയ ദേശീയ വിവാദങ്ങളിലൂടെ കടന്നുപോകുന്ന സമയത്ത് ഒരു രാഷ്ട്രീയ ചോദ്യത്തെക്കുറിച്ച് കോടതി അഭിപ്രായം പറയുന്നത് തെറ്റാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പൊതുതിരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ നയിക്കാന്‍ തൻ്റെ ഗവൺമെൻ്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്ന് അദ്ദേഹം ചെറിയ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പല്ല, ജോണ്‍സണ്‍ രാജി വയ്ക്കുകയാണ് വേണ്ടതെന്ന ലേബർ പാർട്ടി നേതാവ് ജെറിമി കോര്‍ബിൻ്റെ നിലപാടിനെ ടോറി (കൺസർവേറ്റീവ് പാർട്ടി) എംപിമാര്‍ പ്രശംസിച്ചു. ‘ഔദ്യോഗിക പദവി വഹിക്കാന്‍ താന്‍ യോഗ്യനല്ലെന്നും സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ രാജി വയ്ക്കുകയാണ് വേണ്ടതെന്നും’ കോര്‍ബിന്‍ പ്രധാനമന്ത്രിയോട് പറഞ്ഞു.

കോടതിയില്‍ സര്‍ക്കാരിനെ ഏകകണ്ഠമായി പരാജയപ്പെടുത്തിയതിന് മറ്റ് എംപിമാരും ജോണ്‍സണെതിരെ വിമര്‍ശവുമായി രംഗത്തെത്തി. ബ്രെക്‌സിറ്റ് നിലപാടിലുറച്ച് മുന്നോട്ട് പോകുന്നതിനിടെയാണ് ബോറിസ് ജോണ്‍സണ് തിരിച്ചടിയായി സുപ്രീം കോടതിയുടെ നടപടി. പാര്‍ലമെൻ്റ് സസ്‌പെൻ്റ് ചെയ്ത പ്രധാനമന്ത്രിയുടെ നടപടി നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കോടതി വിധിയോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം പൊതുജനങ്ങളെ ഭയപ്പെടുത്തുന്നതാണെന്നും അദ്ദേഹം രാജ്യത്തോട് മാപ്പ് പറയണമെന്നും ലേബര്‍ പാര്‍ട്ടി എം.പിമാര്‍ ആവശ്യപ്പെട്ടു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്കില്‍ യു.എന്‍ പൊതുസമ്മേളനത്തിലായിരുന്ന ജോണ്‍സണ്‍, സന്ദര്‍ശനം വെട്ടിച്ചുരുക്കി യു.കെയിലേക്ക് മടങ്ങിയിരുന്നു.

എന്നാല്‍, ‘സഭയ്ക്ക് പുറത്തുള്ള ആളുകള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായെന്ന് ഞാന്‍ കരുതുന്നു’വെന്നാണ് ജോണ്‍സണ്‍ പറയുന്നത്. ‘സ്വാര്‍ത്ഥതയും, രാഷ്ട്രീയ ഭീരുത്വവും വെടിഞ്ഞുകൊണ്ട് ജനങ്ങളോട് സംവദിക്കാന്‍ അവര്‍ ഒരുക്കമല്ല. പ്രതിപക്ഷ നേതാവും അദ്ദേഹത്തിൻ്റെ പാര്‍ട്ടിയും ജനങ്ങളെ വിശ്വസിക്കുന്നില്ല. ജനഹിതപരിശോധനയെ എങ്ങിനെയെങ്കിലും അസാധുവാക്കുക എന്ന ആഗ്രഹം മാത്രമാണ് അവരെ സംബന്ധിച്ചിടത്തോളം പ്രധാനം’ – അദ്ദേഹം തുറന്നടിച്ചു. പ്രതിപക്ഷ നേതാവിനെ രൂക്ഷമായ ഭാഷയിലാണ് ജോണ്‍സണ്‍ വിമര്‍ശിച്ചത്. ടോറി എംപിമാര്‍ നിരന്തരമായ കരഘോഷത്തോടെ സ്വീകരിച്ചുവെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ലേബര്‍ പാര്‍ട്ടി അംഗങ്ങളെ അത് ചൊടിപ്പിച്ചു.

ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കുള്ള സമയം പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ജോണ്‍സണിൻ്റെ പാര്‍ലമെൻ്റ് റദ്ദാക്കല്‍. കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ ഭൂരിപക്ഷം എം.പിമാരും എതിര്‍ത്തിരുന്നു. രണ്ട് തവണയാണ് നോ ഡീല്‍ ബ്രെക്‌സിറ്റിനുള്ള ഭേദഗതി വോട്ടിനിട്ട് തള്ളിയത്. ഒക്ടോബര്‍ 31 ന് യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നിരിക്കെയാണ് അഞ്ചാഴ്ചത്തേക്ക് പാര്‍ലമെൻ്റ് നിര്‍ത്തിവെച്ചത്. പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ രാജ്യത്താകെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

മുതലക്കോടം സംഗമം 2019

പ്രിയ സുഹൃത്തേ
യൂകെയിലുള്ള മുതലക്കോടം നിവാസികളുടെ കൂട്ടായ്മയായ മുതലക്കോടം സംഗമം ഈ വരുന്ന ഒക്ടോബര്‍ മാസം അഞ്ചാം തീയതി ശനിയാഴ്ച പത്തു മണി മുതല്‍ നാല് മണി വരെ എസ്സെക്‌സില്‍ ഉള്ള ഹാര്‍ലോ എന്ന സ്ഥലത്തു വെച്ച് നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ള വിവരം താങ്കള്‍ ഇതിനോടകം അറിഞ്ഞു കാണുമല്ലോ.
നമ്മുടെ സുഹൃത്ത് ബന്ധം നിലനിര്‍ത്തുവാനും സ്‌നേഹം പങ്കുവെക്കുവാനും കൂട്ടായ്മ ഊട്ടി ഉറപ്പിക്കുവാനും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സമ്മേളിക്കുന്ന ഈ സംഗമം വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നു എല്ലാവര്ക്കും ബോധ്യപ്പെട്ടിട്ടുള്ളതാണല്ലോ.

കൂട്ടായ്മയിലും സ്‌നേഹവിരുന്നിലും താങ്കള്‍ കുടുംബസമേതം പങ്കെടുത്തു വിജയിപ്പിക്കുവാന്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു .
എന്ന് മുതലക്കോടം സംഗമം കമ്മറ്റിക്കുവേണ്ടി

ജോണ്‍സണ്‍ മാളിയേക്കല്‍ (പ്രസിഡന്റ്)
ജോഷി പള്ളിക്കുന്നേല്‍ (കോര്‍ഡിനേറ്റര്‍)
ലീന കാവുകാട്ട് (സെക്രട്ടറി)

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം

St Thomas more church hall
Holding Road
Harlow
Essex
CM20 1TN

അഞ്ച് ആഴ്ചത്തേക്ക് പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീ കോടതി വിധിച്ചതോടെ അപമാനിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ന്യൂയോർക്ക് സന്ദർശനം വെട്ടിച്ചുരുക്കി യു.കെയിലേക്ക് തിരിച്ചു. പ്രകോപിതരായ എം‌പിമാരെ അഭിമുഖീകരിക്കുക എന്നതാണ് ഇനി അദ്ദേഹത്തിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. 11 അംഗ ജഡ്ജിങ് പാനലാണ് കേസ് പരിഗണിച്ച് ബോറിസ് ജോൺസൺ നിയമപരമായല്ല പ്രവർത്തിച്ചതെന്ന് കണ്ടെത്തിയത്. നടപടി നിലനിൽക്കില്ലെന്നും ഫലമില്ലാത്തതാണെന്നും കോടതി ഉത്തരവിട്ടു. പാർലമെന്‍റ് നിർത്തിവെക്കാനുള്ള തീരുമാനം ഹീനമാണെന്നും ബോറിസ് ജോൺസണിന്‍റെ രാഷ്ട്രീയ കൗശലമായിരുന്നെന്നും, എലിസബത്ത് രാജ്ഞിയെ തെറ്റിദ്ധരിപ്പിച്ചതായിരിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

‘നമ്മുടെ രാജ്യത്തെ ജുഡീഷ്യറിയെയും കോടതികളേയും തീര്‍ത്തും ബഹുമാനിക്കുന്നുണ്ടെങ്കിലും അവര്‍ പറയുന്നതിനോട് ഞാന്‍ വിയോജിക്കുകയും ചെയ്യുന്നു’ എന്നാണ് ജോണ്‍സണ്‍ കോടതിവിധിയെ കുറിച്ച് പ്രതികരിച്ചത്. എന്നാല്‍, ‘രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെട്ടുകൊണ്ട് കോടതി ഗുരുതരമായ തെറ്റാണ് ചെയ്തിരിക്കുന്നത്’ എന്ന് ജഡ്ജിമാരെ രൂക്ഷമായി വിമർശിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ ഓഫീസ് വക്താവ് രംഗത്തെത്തുകയും ചെയ്തു. ഹൌസ് ഓഫ് കോമൺസ് നേതാവ് ജേക്കബ് റീസ്-മോഗ് മന്ത്രിസഭാ യോഗത്തില്‍വെച്ച് സഹപ്രവർത്തകരോട് പറഞ്ഞത് സുപ്രീം കോടതി വിധി ‘ഭരണഘടനാ അട്ടിമറിയാണ്’ എന്നാണ്. ഹൌസ് ഓഫ് കോമൺസ് വീണ്ടും യോഗം ചേരുമെന്ന് സ്പീക്കർ ജോൺ ബെർകോവ് അറിയിച്ചതിനെത്തുടർന്ന് പാർലമെന്റിൽ ജോൺസണെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷ എംപിമാർ.

പ്രധാനമന്ത്രിയുടെ മേൽ എങ്ങനെ പരമാവധി സമ്മർദ്ദം ചെലുത്താമെന്നാണ് പ്രതിപക്ഷം ഇപ്പോള്‍ ആലോചിക്കുന്നത്. അതുസംബന്ധിച്ച് ജെറമി കോർബിൻ ചൊവ്വാഴ്ച വൈകുന്നേരം മറ്റു നേതാക്കളുമായി കൂടിയാലോചന നടത്തി. ഒക്ടോബർ 19 നകം ബ്രെക്‌സിറ്റ് ഒരു കരാർ പാസാക്കിയിട്ടില്ലെങ്കിൽ ബെൻ ബില്ലിൽ പറഞ്ഞിരിക്കുന്നതുപോലെ ബ്രെക്സിറ്റ് നീട്ടികൊണ്ടുപോകാനുള്ള നിയമപരമായ ബാധ്യതയിൽ നിന്ന് രക്ഷപ്പെടാൻ ജോണ്‍സണെ അനുവദിക്കാതിരിക്കുകയാണ് അവരുടെ പ്രധാന ലക്ഷ്യം.

ഉടമ്പടികളില്ലാതെ യൂറോപ്യൻ യൂണിയൻ വിടാനുള്ള ബോറിസ് ജോൺസന്‍റെ തീരുമാനത്തിന് ഭരണപക്ഷത്തു നിന്നുൾപ്പെടെ എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. തുടർന്ന് പാർലമെന്‍റ് പിരിച്ച്വിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുവാനുള്ള തീരുമാനത്തിനും സ്വന്തം പാർട്ടിയിൽ നിന്നുൾപ്പടെ എതിർപ്പ് നേരിട്ടതോടെ ബോറിസ് ജോൺസൺ സെപ്തംബർ 10 മുതൽ ഒക്ടോബർ 14 വരെ പാർലമെന്‍റ് താത്കാലികമായി നിർത്തിവെക്കുകയായിരുന്നു.

ഇംഗ്ലണ്ടിൽ നഴ്സ് ജോലി വാഗ്ദാനം ചെയ്ത് 68 േപരിൽ നിന്നായി 2.18 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ കാസർകോട് ആവിക്കര പൊക്കണ്ടത്തിൽ വീട്ടിൽ മാർഗരറ്റ് മേരി അലക്കോക്കിനെ (43) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ധ്യാനകേന്ദ്രങ്ങളിലെ പ്രാർഥനാ കൂട്ടായ്മകളിൽ പങ്കെടുക്കുന്നവരുടെ, കാഞ്ഞങ്ങാട്ടെ ഒരു വാട്സാപ് ഗ്രൂപ്പിലൂടെയാണു പരാതിക്കാർ പ്രതിയെ പരിചയപ്പെട്ടതെന്നു പൊലീസ് പറഞ്ഞു.

പ്രാർഥനയ്ക്കു നേതൃത്വം നൽകുന്ന ജിമ്മി, ബിജു എന്നിവരും തട്ടിപ്പിനു കൂട്ടുനിന്നു. 1.5 ലക്ഷം രൂപ മുതൽ ഏഴു ലക്ഷം രൂപ വരെ ഇവർക്കു നൽകിയവരുണ്ട്. അഞ്ചു തമിഴ്നാട്ടുകാരും വഞ്ചിക്കപ്പെട്ടവരിലുണ്ട്. മഞ്ജു എന്നാണു മാർഗരറ്റ് മേരി അപേക്ഷകരോടു പേരു പറഞ്ഞത്.

കഴിഞ്ഞദിവസം രവിപുരത്തെ വീസ അറ്റസ്റ്റേഷൻ കേന്ദ്രത്തിനു സമീപത്തെത്തി 55,000 രൂപ നേരിട്ടു കൈമാറാൻ ഇവർ അപേക്ഷകരോട് ആവശ്യപ്പെട്ടിരുന്നു. 40 പേർ തുക നൽകി. മാർഗരറ്റ് പണം വാങ്ങി, ഒരു ഓട്ടോറിക്ഷക്കാരനെ ഏൽപിച്ചു. സംശയം തോന്നിയ അപേക്ഷകർ, മാർഗരറ്റിനെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തുകയും പരാതി നൽകുകയുമായിരുന്നു.

ലണ്ടന്‍: 178 വര്‍ഷം പഴക്കമുള്ള ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്ക് കമ്പനി അടച്ചു പൂട്ടി. 25 കോടി ഡോളര്‍ (ഏകദേശം 18,000 കോടി രൂപ) ബാധ്യത തീര്‍ക്കാന്‍ സാധിക്കാത്തതാണ് കമ്പനി അടച്ചു പൂട്ടാനുള്ള കാരണം. ഇതോടെ കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കുകയും ചെയ്തു. കമ്പനി പൂട്ടിയതോടെ 16 രാജ്യങ്ങളിലായി 20,000 ജീവനക്കാരാണ് തൊഴില്‍രഹിതരായത്. ഇവരില്‍ 9000 ഓളം പേര്‍ ബ്രിട്ടനിലാണ്.

സാമ്പത്തിക ബാധ്യത തീര്‍ക്കാനായി റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡുമായും ലോയിഡ്‌സ് ബാങ്കുമായും കമ്പനി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ബാങ്കുകള്‍ ബാധ്യത ഏറ്റെടുക്കാന്‍ തയാറായില്ല. ഇതോടെയാണ് കമ്പനി അടച്ചു പൂട്ടേണ്ടി വന്നത്. തോമസ് കുക്കിന്റെ നൂറിലേറെ വിമാനങ്ങളും തിരിച്ചിറക്കി.

അതേസമയം കമ്പനി പൂട്ടിയതിനെത്തുടര്‍ന്ന് ഒന്നരലക്ഷം ബ്രിട്ടീഷ് യാത്രക്കാര്‍ പെരുവഴിയിലായതായാണു റിപ്പോര്‍ട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്പനിയുടെ ഒന്നരലക്ഷത്തോളം വിനോദസഞ്ചാരികളെ ബ്രിട്ടീഷ് സര്‍ക്കാര്‍ തിരികെ അതാതു സ്ഥലങ്ങളില്‍ എത്തിക്കുമെന്നാണു വിവരം.

തോമസ് കുക്കുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മണി എക്‌സേഞ്ചുകള്‍, വിമാന സര്‍വീസുകള്‍, ഫെറി സര്‍വീസുകള്‍ എന്നിവയെയും കമ്പനിയുടെ അടച്ചുപൂട്ടല്‍ ബാധിക്കും. അതേസമയം, തോമസ് കുക്ക് ഇന്ത്യ വേറെ കമ്പനി ആയതിനാല്‍ പ്രതിസന്ധി ബാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 1841-ല്‍ ആരംഭിച്ച കമ്പനി പിന്നീട് 16 രാജ്യങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു.

രണ്ട് മാസത്തിലേറെ നീണ്ട അനിശ്ചിത്വത്തിനൊടുവില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണകപ്പല്‍ സ്റ്റെന ഇംപരോ വിട്ടയച്ചു. അവശേഷിച്ചിരുന്ന 16 കപ്പല്‍ ജീവനക്കാരും മോചിതരായി.

സ്വീഡിഷ് ഉടമസ്ഥയിലുള്ള സ്റ്റെന ഇംപരോ ബ്രിട്ടന്റെ പതാകയാണ് വഹിക്കുന്നത്. എത്രയും പെട്ടെന്ന് ഇറാന്‍ സമുദ്ര പരിധിയില്‍ നിന്ന് നീങ്ങുമെന്ന് കപ്പല്‍ ഉടമസ്ഥര്‍ അറിയിച്ചു. അന്താരാഷ്ട്ര സമുദ്ര ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് കപ്പല്‍ പിടികൂടിയതെന്നാണ് ഇറാന്റെ വിശദീകരണം.

യൂറോപ്യന്‍ യൂനിയന്‍ ഉപരോധം നിലനില്‍ക്കെ, സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഇറാന്റെ എണ്ണ കപ്പല്‍ ജിബ്രാള്‍ട്ടറില്‍ തടഞ്ഞതില്‍ പ്രതിഷേധിച്ചായിരുന്നു ജൂലൈ 19ന് ബ്രിട്ടീഷ് എണ്ണ കപ്പല്‍ സ്റ്റെന ഇംപരോ തെഹ്‌റാന്‍ പിടിച്ചെടുത്തത്. ഇതേ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം രൂക്ഷമാവുകയും രണ്ട് യുദ്ധകപ്പലുകള്‍ ബ്രിട്ടന്‍ മേഖലയിലേക്ക് അയക്കുകയും ചെയ്തു.

ആഗസ്റ്റ് 18ന് ജിബ്രാര്‍ട്ടര്‍ കോടതി ഇറാന്‍ കപ്പല്‍ വിട്ടയച്ചതോടെയാണ് സ്റ്റെന ഇംപരോ കൈമാറാനുള്ള നടപടി ഇറാന്‍ ആരംഭിച്ചത്. എട്ട് ജീവനക്കാരെ നേരത്തെ ഇറാന്‍ മോചിപ്പിച്ചിരുന്നു.

നടി എമി ജാക്‌സണ്‍ അമ്മയായി. ഈ വിവരം എമി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. കുഞ്ഞ് ആണ്‍കുട്ടിയാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് എമി പരിശോധനയിലൂടെ അറിയുകയും ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു.

ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചതു മുതല്‍ തന്റെ ഗര്‍ഭകാലത്തെ ഓരോ ഘട്ടവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു എമി ജാക്‌സണ്‍. തന്റെ ബേബി ഷവറില്‍നിന്നുളള ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് എമി തന്റെ ബേബി ഷവര്‍ ആഘോഷിച്ചത്. ഇളം ബ്ലൂ നിറത്തിലുളള വസ്ത്രമണിഞ്ഞാണ് എമി എത്തിയത്. അതിന് അനുസൃതമായാണ് ബേബി ഷവര്‍ ആഘോഷ വേദിയൊരുക്കിയതും.

എമിയും ജോര്‍ജും 2015 മുതല്‍ പ്രണയത്തിലായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പരന്നെങ്കിലും അവയൊക്കെ എമി നിഷേധിച്ചിരുന്നു. ജോര്‍ജിനൊപ്പമുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എമി ജാക്‌സണ്‍ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും അവയിലൊന്നും മുഖം വ്യക്തമായിരുന്നില്ല. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് ജോര്‍ജുമായുള്ള ചിത്രം പങ്കുവച്ച് എമി തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്.

 

 

View this post on Instagram

 

Our Angel, welcome to the world Andreas 💙

A post shared by Amy Jackson (@iamamyjackson) on

ഗ്ലോസ്റ്റർ :  ഗൃഹാതുരുത്വം ഉണർത്തുന്ന പ്രവാസി മലയാളികളുടെ ഓണാഘോഷങ്ങളുടെ ഇടയിൽ വ്യത്യസ്തതയുമായി ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ(ജി എം എ ) .101 വനിതകൾ പങ്കെടുത്ത മെഗാ തിരുവാതിര ആയിരുന്നു ജി എം എ യുടെ ഓണാഘോഷങ്ങളുടെ മുഖ്യ ആകർഷണം. മാസങ്ങൾ നീണ്ട ചിട്ടയായ പരിശീലനം അവസാനം സഫലീകൃതമായി .

 

ചുവടുകൾ അണുവിട തെറ്റാതെ കേരളീയ വേഷത്തിൽ അണിനിരന്ന തിരുവാതിര നൃത്തം ആസ്വാദകരെ ആനന്ദത്തിലാക്കി . യുകെയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്ര വിപുലമായ രീതിയിൽ പരിശീലനം നടത്തി 101 പേരെ ഉൾപ്പെടുത്തി തിരുവാതിരകളി അരങ്ങേറുന്നത് .

തിരുവാതിര കളി കൂടാതെ 15 ഓളം വനിതകൾ അണിനിരന്ന ചെണ്ടമേളവും , പുലികളിയും ,മുത്തുകുടയും , താലപ്പൊലിയും ഒക്കെ ആസ്വാദകരുടെ കണ്ണിനും കാതിനും കുളിർമയേകുന്നതുമായിരുന്നു . തിരുവാതിരക്കു ശേഷം ചെൽറ്റൻഹാമും ഗ്ലോസ്റ്ററും തമ്മിൽ നടന്ന വാശിയേറിയ വടം വലി മത്സരത്തിൽ ചെൽറ്റൻഹാമും വിജയികളായി. എന്നും മനസ്സിൽ സൂക്ഷിക്കാൻ പറ്റുന്ന ഒരു പറ്റം ഓർമകളുമായാണ് ഗ്ലോസ്റ്റെർ ഷെയർ മലയാളി അസോസിയേഷൻെറ (ജി എം എ )യുടെ ഓണാഘോഷത്തിന് തിരശീലവീണത് .

RECENT POSTS
Copyright © . All rights reserved