UK

മാഞ്ചസ്റ്റർ: ബാങ്ക് ഹോളിഡേ അവധി ദിവസങ്ങൾ ഇംഗ്ലീഷുകാരെ സംബന്ധിച്ചിടത്തോളം ആഘോഷങ്ങളുടെ ദിവസങ്ങളാക്കി മാറ്റുന്ന പ്രവണത പണ്ട് മുതലേ ഉള്ളതാണ്… പ്രത്യേകിച്ച് സമ്മറിൽ കാലാവസ്ഥ നോക്കിയുള്ള സൺ ബാത്തിനായി പ്ലാൻ തയ്യാറാക്കി യാത്ര പുറപ്പെടുന്നവർ… കടൽ തീരങ്ങളാണ് ഇതിനായി മിക്കവാറും എല്ലാവരും തന്നെ തിരഞ്ഞെടുക്കുക. എന്നാൽ പതിവിന് വിപരീതമായി ഉണ്ടാകുന്ന  റോഡ് അപകടങ്ങൾ എല്ലാം മാറ്റിമറിക്കും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് റോച്ച് ഡെയ്ൽ അടുത്ത് M62 മോട്ടോർ വേയിൽ കഴിഞ്ഞ ബാങ്ക് ഹോളിഡേ വീക്ക് എൻഡിൽ ഉണ്ടായ സംഭവം..  നടുറോഡില്‍ യുവതിയുടെ തുണിപറിച്ചെറിഞ്ഞുള്ള സണ്‍ബാത്തിനാണ് മോട്ടോറിസ്റ്റുകൾ സാക്ഷ്യം വഹിച്ചത്.

മാഞ്ചസ്റ്ററിലെ റോച്ച് ഡെയ്ൽ M 62 മോട്ടോർ വേയിൽ ലിലി വില്ലേഴ്‌സ് എന്ന യുവതിയാണ് ഇത്തരത്തിലൊരപൂര്‍വ്വ സണ്‍ബാത്ത് നടത്തിയത്. കാമുകനൊപ്പം സണ്‍ബാത്തിനായി ബ്ലാക്ക്പൂളിലേക്ക് പോവുകയായിരുന്നു ലിലി. ഈ സമയം ടാങ്കര്‍ അപകടത്തില്‍ പെട്ട് ഇരു ദിശയിലേക്കുമുള്ള ഗതാഗതം നിലച്ചു. ടാങ്കറിന്‌ തീ പിടിച്ചതോടെ ഫയർ സർവീസ് സ്ഥലത്തെത്തുകയും മോട്ടോർ വേ അടക്കുകയും ചെയ്തപ്പോൾ കുടുങ്ങിയത് ആയിരക്കണക്കിന് യാത്രക്കാർ. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുരുക്ക് മാറുന്ന ലക്ഷണമില്ല. അന്തരീക്ഷത്തിനാണെങ്കില്‍ നല്ല ചൂടും. കാറിനുള്ളിലും ചൂട് കൂടിയതോടെ യുവതിയ്ക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി. എന്തായാലും സണ്‍ബാത്തിന് പോവുകയാണ്. അതിന് എന്തിന് ബ്ലാക്ക് പൂൾ വരെ പോകണം! അത് ഇവിടെത്തന്നെയായാലോ എന്ന ചിന്ത അപ്പോഴാണ് യുവതിയുടെ മനസില്‍ ഉടലെടുത്തത്. പിന്നെ ഒട്ടും അമാന്തിച്ചില്ല, യുവതി കാറില്‍ നിന്നും പുതപ്പുമായി ചാടിയിറങ്ങി. പുതപ്പ് വിരിച്ച് നടുറോഡില്‍ മലര്‍ന്ന് ഒരൊറ്റക്കിടപ്പ്.

ഇത് മറ്റുള്ളവർക്ക് പ്രചോദനമെന്ന രീതിയിൽ തങ്ങളുടെ ബോറിങ് തീർക്കുവാൻ നല്ലൊരു വഴി കണ്ടെത്തിയ സന്തോഷത്തിൽ പലരും ലിലിയുടെ പാത പിൻതുടന്നു. മൂന്ന് മണിക്കൂറിന് ശേഷമാണ് മോട്ടോർ വേ തുറന്ന് കൊടുത്ത്.

 

ബ്രെയിന്‍ ക്യാന്‍സര്‍ ഗവേഷണങ്ങള്‍ക്കായി കൂടുതല്‍ തുക അനുവദിക്കാന്‍ ഗവണ്‍മെന്റ് തീരുമാനം. അന്തരിച്ച മുന്‍ ക്യാബിനറ്റ് മിനിസ്റ്ററും ലേബര്‍ പിയറുമായ ഡെയിം ടെസ ജോവെലിന്റെ സ്മരണാര്‍ത്ഥമാണ് തുക അനുവദിക്കുന്നത്. ശനിയാഴ്ചയാണ് ബ്രെയിന്‍ ട്യൂമര്‍ ബാധിതയായിരുന്ന ഇവര്‍ അന്തരിച്ചത്. ട്യൂമറുകളെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താനും ബ്രിട്ടീഷ് ക്യാന്‍സര്‍ രോഗികള്‍ക്ക് കൂടുതല്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഇതിലൂടെ പ്രാപ്തമാക്കാനുമാണ് ഫണ്ട് അനുവദിക്കുന്നത്. ബ്രെയിന്‍ ക്യാന്‍സര്‍ ഗവേഷണങ്ങള്‍ക്കായി 20 മില്യന്‍ പൗണ്ട് അനുവദിക്കുമെന്ന് ബാരോണസ് ജോവലിനെ സന്ദര്‍ശിച്ച ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചിരുന്നു.

20 മില്യന്‍ പൗണ്ട് കൂടി അനുവദിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ പദ്ധതിക്കായുള്ള ഗവണ്‍മെന്റ് വിഹിതം 40 മില്യനായി ഉയരും. ക്യാന്‍സര്‍ റിസര്‍ച്ച് യുകെയുടെ വിഹിതമാി 25 മില്യന്‍ കൂടി ഇതിനായി ലഭിക്കുന്നതോടെ ഗവേഷണ പരിപാടിയുടെ പ്രാഥമിക ഫണ്ട് 65 മില്യന്‍ പൗണ്ടായി മാറും. ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ടാണ് പ്രോജക്ട് പ്രഖ്യാപിച്ചത്. ഇതിനൊപ്പം ബ്രെയിന്‍ ക്യാന്‍സര്‍ നിര്‍ണ്ണയത്തിന് ഉപയോഗിക്കുന്ന ഗോള്‍ഡ് സ്റ്റാന്‍ഡാര്‍ഡ് ഡൈ ടെസ്റ്റ് രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനുള്ള പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോല്‍ ഇംഗ്ലണ്ടിലെ ഏതാണ് പകുതിയോളം ബ്രെയിന്‍ ക്യാന്‍സര്‍ സെന്ററുകളില്‍ മാത്രമാണ് ഈ പരിശോധനാ സംവിധാനമുള്ളത്.

ഒന്നിലേറെ ചികിത്സകള്‍ രോഗികളില്‍ നടത്തിക്കൊണ്ട് ക്യാന്‍സര്‍ ചികിത്സ വേഗത്തിലാക്കുന്ന സമ്പ്രദായത്തിന്റെ പരീക്ഷണങ്ങള്‍ ദ്രുതഗതിയിലാക്കാനും നീക്കമുണ്ട്. ലോകമെമ്പാടുമുള്ള ബ്രെയിന്‍ ക്യാന്‍സര്‍ വിദഗ്ദ്ധരെ ഒരുമിപ്പിച്ചുകൊണ്ട് എല്ലാ വര്‍ഷവും ടെസ ജോവല്‍ ഗ്ലോബല്‍ സിമ്പോസിയം നടത്താനും പദ്ധതിയുണ്ട്. 2017 മെയ് മാസത്തിലാണ് ജോവലിന് ഗ്ലിബോലസ്‌റ്റോമ എന്ന ഗുരുതരമായ ബ്രെയിന്‍ ക്യാന്‍സര്‍ ബാധിച്ചതായി സ്ഥിരീകരിച്ചത്.

മലയാളം യുകെ സ്‌പെഷ്യല്‍, ജോജി തോമസ്

ഇന്ത്യക്കാരന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നതാണ് ക്രിക്കറ്റെന്ന് വികാരം. ദേശവും ഭാഷയും മാറിയാലും ക്രിക്കറ്റിനെ മറക്കാനില്ലെന്നാണ് യോര്‍ക്ക്ഷയറിലെ ഒരുപറ്റം മലയാളികളുടെ ഉറച്ച തീരുമാനം. അതിന്റെ ഏറ്റവും വലിയ ഉദാഹരമാണ് ലീഡ്‌സ് പ്രീമിയര്‍ ലീഗ്. യോര്‍ക്ക്ഷയറില്‍ ഇനി രണ്ടരമാസം നീണ്ടു നില്‍ക്കുന്ന ക്രിക്കറ്റിന്റെ ഉത്സവമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാതൃകയില്‍ സംഘടിപ്പിച്ചിരിക്കുന്ന മത്സരങ്ങളില്‍ 6 ടീമുകളാണ് മാറ്റുരയ്ക്കുക. മൊത്തം 30 മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ടീമുകളും രണ്ട് തവണ വീതം മുഖാമുഖം കാണും. നാളെ നടക്കുന്ന ഉദ്ഘാടന മത്സരങ്ങളില്‍ ലീഡ്‌സ് ഗ്ലാഡിയേറ്റേഴ്‌സും സണ്‍റൈസ് ബ്ലൂവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഷെഫിന്‍സ് ബ്ലാസ്റ്റേഴ്‌സിനെ നേരിടുന്നത് സണ്‍റൈസേഴ്‌സ് റെഡ് ആണ്. മറ്റൊരു മത്സരം കീത്തില് സ്‌പോര്‍ട്‌സും ലീഡ്‌സ് സൂപ്പര്‍ കിംഗും തമ്മിലാണ്.

വരാന്‍ പോകുന്ന ക്രിക്കറ്റ് മാമാങ്കത്തെ യോര്‍ക്ക്ഷയറിലെയും സമീപ പ്രദേശങ്ങളിലെയും ക്രിക്കറ്റ് പ്രേമികള്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്ന് ലീഡ്‌സ് ഗ്ലാഡിയേറ്റേഴ്‌സിന്റെ ക്യാപ്റ്റനും മുഖ്യ സംഘാടകരില്‍ ഒരാളുമായ ജേക്കബ് കളപ്പുരക്കല്‍ മലയാളം യുകെയോട് പറഞ്ഞു. സൗത്ത് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ മത്സരങ്ങളില്‍ അണിനിരക്കുന്നുണ്ടെങ്കിലും കളിക്കാരും ടീമുകളും പ്രധാനമായും മലയാളി സമൂഹത്തില്‍ നിന്നാണ്. ഇത്തരത്തിലൊരു സംരഭത്തിന്റെ സംഘാടനത്തിനും മുന്നിട്ടിറങ്ങിയത് മലയാളികള്‍ തന്നെയായിരുന്നു.

ക്രിക്കറ്റിനെയും കായിക വിനോദങ്ങളെയും പ്രോത്സാഹിപ്പിക്കുകയും കായിക വിനോദങ്ങള്‍ പുതുതലമുറയ്ക്ക് താത്പ്പര്യം ജനിപ്പിക്കുകയുമാണ് ലീഡ്‌സ് പ്രീമിയര്‍ ലീഗിന്റെ ഉദ്ദേശം. പൊതുവെ ജോലിയും വീടുമായി കഴിയുന്ന യുകെയിലെ മലയാളി സമൂഹത്തിന് മൊത്തത്തില്‍ മാതൃകയാവുകയാണ് ലീഡ്‌സ് പ്രീമിയര്‍ ലീഗ്. ലീഡ്‌സ് പ്രീമിയര്‍ ലീഗില്‍ ഷെഫിന്‍സ് ബ്ലാസ്റ്റേഴ്‌സിനെ വിഷ്ണുവും കീത്തലി സ്പാര്‍റ്റന്‍സിനെ നിഖിലും ലീഡ്‌സ് ഗ്ലാസിയേറ്റേഴ്‌സിനെ ജേക്കബ് കളപ്പുരയ്ക്കലും ലിഡ്‌സ് സൂപ്പര്‍ കിംഗ്‌സിനെ ഡോ. പ്രവുവും ലിഡ്‌സ് സണ്‍റൈസേഴ്‌സ് റെഡിനെ സുരേഷും സണ്‍റൈസേഴ്‌സ് ബ്ലുവിനെ രാജീവും നയിക്കും.

ലീഡ്‌സ് പ്രീമിയര്‍ ലീഗ് യുകെ മലയാളികളുടം ഇടയില്‍ തികച്ചും പുതുമയാര്‍ന്ന പരീക്ഷണമാണ്. ടീമുകള്‍ക്കെല്ലാം അവരുടെ പരിശീലനത്തിനും മറ്റുമുള്ള ചിലവുകള്‍ക്കായി സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചതുതന്നെ ലീഡ്‌സ് പ്രീമിയര്‍ ലീഗിന് സമൂഹത്തില്‍ ലഭിച്ച അംഗീകാരത്തിന് തെളിവാണ്. ലീഡ്‌സ് പ്രീമിയര്‍ ലീഗില്‍ ഒരോ മത്സരത്തിലും മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കുന്നവരെ മികച്ച സമ്മാനങ്ങളാണ് തേടിയെത്തുക.

സ്വന്തം മകള്‍ക്ക് ഒരു നല്ല കാലം വന്നപ്പോള്‍ അത് ഉപയോഗിച്ച് എങ്ങനെയും പണമുണ്ടാക്കാനുള്ള ശ്രമത്തിലാണ് മെഗാന്റെ പിതാവ് തോമസ്‌ മെര്‍ക്കല്‍. ഹാരി രാജകുമാരന്റെ കൈപിടിച്ച് രാജകുടുംബത്തിലേക്ക് പ്രവേശിക്കുന്ന മെഗാന്‍ മെര്‍ക്കലിന്റെ ചെയ്തികള്‍ മെഗാനും രാജകുടുംബത്തിനും മാനക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. പാപ്പരാസികള്‍ ഭാവി അമ്മയച്ഛന്റെ പിന്നാലെ കൂടുന്നത് ഒഴിവാക്കണമെന്ന് ഹാരി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാപ്പരാസികളുമായി ഒത്തുചേര്‍ന്ന് മെഗാന്റെ പിതാവ് തന്നെ ഫോട്ടോഷൂട്ടുകള്‍ നടപ്പാക്കുന്നുവെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വീഡിയോ സഹിതം പുറത്തുവരുന്നത്.

അടുത്ത ശനിയാഴ്ച വിന്‍ഡ്‌സര്‍ കാസിലില്‍ മകളുടെ കൈപിടിച്ച് കൊടുക്കേണ്ട തോമസ് മാര്‍ക്കിള്‍ ഇന്റര്‍നെറ്റ് കഫെ സന്ദര്‍ശിക്കുന്നതും, തയ്യല്‍ക്കാരന്റെ അരികില്‍ കോട്ടിന് അളവെടുക്കുന്നതുമായ സംഭവങ്ങളെല്ലാം മനഃപ്പൂര്‍വ്വം സൃഷ്ടിച്ച സംഭവങ്ങളാണെന്നാണ് വിവരം. ബ്രിട്ടീഷ് പാപ്പരാസി ഫോട്ടോഗ്രാഫര്‍ക്കൊപ്പം ചേര്‍ന്നുള്ള ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍ ലോകത്തിലെ വിവിധ മാധ്യമങ്ങള്‍ക്ക് 1 ലക്ഷം പൗണ്ടിന് വില്‍ക്കുകയും ചെയ്തു. ഇന്റര്‍നെറ്റ് കഫെയില്‍ ഫോട്ടോഗ്രാഫര്‍ ജെഫ് റെയ്‌നര്‍ക്കൊപ്പം എത്തുന്ന 73-കാരനായ തോമസിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് നാണക്കേടായത്.

മകളെയും, ഹാരി രാജകുമാരനെയും കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്റര്‍നെറ്റ് കഫെയിലിരുന്ന് വായിക്കുന്ന തോമസ് മാര്‍ക്കിളിന്റെ ചിത്രങ്ങളായാണ് ഈ സംഭവം നേരത്തെ പുറത്തുവന്നത്. എന്നാല്‍ ഇത് വെറും അഭിനയം ആയിരുന്നെന്ന് സിസിടിവി ദൃശ്യങ്ങള്‍ സ്ഥിരീകരിക്കുന്നു. പാപ്പരാസികള്‍ മെഗാന്റെ പിതാവിനെ ശല്യം ചെയ്യുന്നതിനെതിരെ കെന്‍സിംഗ്ടണ്‍ കൊട്ടാരം മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് തോമസ് ഇതിനെല്ലാം കൂട്ടുനില്‍ക്കുന്നതായി വ്യക്തമായത്. ഫോട്ടോ എടുക്കുന്നതൊന്നും താന്‍ അറിഞ്ഞിട്ടേയില്ലെന്ന തരത്തിലാണ് ചിത്രങ്ങളില്‍ മെഗാന്റെ പിതാവ് കാണപ്പെടുന്നത്. എന്നാല്‍ മുന്‍കൂട്ടി പറഞ്ഞുറപ്പിച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് ഇവയെല്ലാമെന്നാണ് തെളിഞ്ഞിരിക്കുന്നത്.

വിവാഹത്തിനുള്ള സ്യൂട്ട് തയ്ക്കാന്‍ അളവെടുക്കുന്ന ചിത്രങ്ങളും ലോകം കണ്ടതാണ്. ഇതിനുള്ള ടേപ്പ് വരെ ഫോട്ടോഗ്രാഫര്‍ എത്തിച്ചതാണെന്നാണ് വിവരം. ഇനിയും ഏറെ നാണക്കേടുകള്‍ സംഭവിക്കും മുന്‍പ് വിവാഹം എങ്ങിനെയെങ്കിലും കഴിഞ്ഞാല്‍ മതിയെന്ന അവസ്ഥയിലാണ് മെഗാനും, ഹാരിയും!

റോഡില്‍ കാര്‍ റേസിംഗ് നടത്തിയുണ്ടായ അപകടത്തെത്തുടര്‍ന്ന് 18കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് തടവുശിക്ഷ. ജോഷ്വ ചെറുകര (20), ഹാരി കേബിള്‍ (18) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ടൈനിസൈഡിലെ വിറ്റ്‌ലി ബേയിലൂടെ ഇവര്‍ മത്സരിച്ച് കാറുകള്‍ ഓടിക്കുന്നതിനിടെ ജോഗിംഗ് നടത്തുകയായിരുന്ന വില്യം ഡോറി എന്ന കൗമാരക്കാരനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. രണ്ട് പേരും കുറ്റം ചെയ്തതായി തെളിഞ്ഞതിനെത്തുടര്‍ന്ന് ചെറുപ്പക്കാരായ കുറ്റവാളികളെ പാര്‍പ്പിക്കുന്ന സ്ഥലത്തേക്ക് മാറ്റി. ജോഷ്വ ചെറുകരയ്ക്ക് ആറ് വര്‍ഷവും ഒമ്പത് മാസവും കേബിളിന് നാലര വര്‍ഷവും തടവാണ് ലഭിച്ചിരിക്കുന്നത്.

ഇവര്‍ ജയില്‍ മോചിതരായാലും നാല് വര്‍ഷത്തേക്ക് ഡ്രൈവിംഗ് വിലക്കും നേരിടേണ്ടി വരും. ഇവര്‍ രണ്ടുപേരും വിറ്റ്‌ലി ബേയിലൂടെ ജോയ് റൈഡിംഗ് നടത്തുന്നതിന്റെയും വില്യം ഡോറിയെ ഇടിച്ചു വീഴ്ത്തുന്നതിന്റെയും സിസിടിവി ദൃശ്യം തെളിവായി ലഭിച്ചിരുന്നു. എ ലെവല്‍ വിദ്യാര്‍ത്ഥിയായിരുന്ന ഡോറിയെ ഇടിക്കുന്നതിന് തൊട്ടു മുമ്പായി വീഡിയോ ക്ലിപ്പ് നില്‍ക്കുന്നുണ്ടെങ്കിലും അതിനു ശേഷമുള്ള ഭാഗത്ത് പോലീസ് കാറിനു പിന്നില്‍ വിറച്ചുകൊണ്ടിരിക്കുന്ന ജോഷ്വയുടെ ദൃശ്യങ്ങളും കാണാം.

ജോഷ്വ ഓടിച്ചിരുന്ന റെനോ മെഗാന്‍ ഇടിച്ചാണ് വില്യം ഡോറി കൊല്ലപ്പെട്ടത്. കേബിള്‍ ഒരു വോക്‌സ്‌ഹോള്‍ കോഴ്‌സയായിരുന്നു ഓടിച്ചിരുന്നത്. അപകടത്തോടെ തങ്ങളുടെ ജീവിതം ശിഥിലമായെന്ന് വില്യം ഡോറിയുടെ പിതാവ് ഹ്യൂഗ് ഡോറി പറഞ്ഞു. അല്‍പ നേരത്തെ പക്വതയില്ലാത്ത പെരുമാറ്റം ഇല്ലാതാക്കിയത് തങ്ങളുടെ ജീവിതമാണ്. ഈ നഷ്ടം അളക്കാനാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

സമ്മര്‍ ഹോളിഡേകള്‍ വരികയാണ്. ജനങ്ങള്‍ ഹോളിഡേ ആഘോഷങ്ങള്‍ക്കായി ദീര്‍ഘദൂര യാത്രകള്‍ക്കും തയ്യാറായിക്കൊണ്ടിരിക്കുന്നു. ബജറ്റ് വിമാന സര്‍വീസുകളെയാണ് മിക്കയാളുകളും യാത്രക്കായി ആശ്രയിക്കുന്നത്. ജൂലൈ, ഓഗസ്റ്റ് എന്നീ മാസങ്ങളില്‍ സ്‌കൂള്‍ അവധിയായതിനാല്‍ വിന്ററിലേതിനേക്കാള്‍ വിമാന ടിക്കറ്റ് നിരക്കുകളും അധികമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടല്ലോ. റയന്‍ എയര്‍, ബ്രിട്ടീഷ് എയര്‍വേയ്‌സ് തുടങ്ങിയ എയര്‍ലൈനുകള്‍ ഈ സീസണില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഈസിജെറ്റ് പോലെയുള്ള എയര്‍ലൈനുകളില്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ ലഭിക്കാനുള്ള ചില മാര്‍ഗങ്ങള്‍ അവതരിപ്പിക്കുകയാണ് മണി സേവിംഗ് എക്‌സ്‌പെര്‍ട്ട് എന്ന വെബ്‌സൈറ്റിലെ മാര്‍ട്ടിന്‍ ലൂയിസ്.

1. തെറ്റായ തിയതിയില്‍ ബുക്ക് ചെയ്യുക

ഈസിജെറ്റിന്റെ ഫ്‌ളെക്‌സിഫെയേഴ്‌സ് പദ്ധതി പീക്ക് സീസണുകളില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ സഹായിക്കും. ഇതിനായി ടിക്കറ്റ് നിരക്കുകള്‍ കുറഞ്ഞിരിക്കുന്ന സമയങ്ങളില്‍ ബുക്ക് ചെയ്ത് വെക്കുക. നിരക്കുകള്‍ ഉയരുന്ന അവസരങ്ങളില്‍ ഈ സൗകര്യം ഉപയോഗിച്ച് നിങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാകും. ബുക്ക് ചെയ്ത തിയതിയേക്കാള്‍ ഒരാഴ്ച മുമ്പോ മൂന്നാഴ്ചയ്ക്ക് ശേഷമോ വരെ മാത്രമേ യാത്ര മാറ്റിവെക്കാന്‍ കഴിയൂ എന്ന നിബന്ധന ഇതിനുണ്ട്.

2. ടിക്കറ്റുകള്‍ ഒരുമിച്ച് ബുക്ക് ചെയ്യുക

കുടുംബവുമൊത്തോ അല്ലെങ്കില്‍ സംഘമായോ യാത്ര ചെയ്യുകയാണെങ്കില്‍ ആവശ്യമായ ടിക്കറ്റുകള്‍ ഒരുമിച്ച് ബുക്ക് ചെയ്യുന്നത് കൂടുതല്‍ ചാര്‍ജുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഓരോ ബുക്കിംഗിനും ഈസിജെറ്റ് 15 പൗണ്ട് വീതം അഡ്മിന്‍ ഫീ ഈടാക്കാറുണ്ട്. യാത്രക്കാരുടെ എണ്ണമല്ല, ഓരോ ബുക്കിംഗിനുമാണ് ഈ ഫീസ് ഈടാക്കുന്നതെന്നതിനാല്‍ ഒരു തവണ ബുക്ക് ചെയ്യുന്നതിലൂടെ പണം ലാഭിക്കാന്‍ സാധിക്കും.

3. 30 ദിവസം മുമ്പ് ചെക്കിന്‍ ചെയ്യുക

മറ്റ് എയര്‍ലൈനുകളെ അപേക്ഷിച്ച് ചെക്കിന്‍ ചെയ്യാന്‍ ചില പ്രത്യേക സൗകര്യങ്ങള്‍ ഈസിജെറ്റ് അനുവദിക്കുന്നുണ്ട്. 30 ദിവസം മുമ്പു തന്നെ ചെക്ക് ഇന്‍ ചെയ്യാന്‍ ഇതിലൂടെ സാധിക്കും. ഇതിനായി പണം നല്‍കേണ്ടെന്ന് മാത്രമല്ല, നല്ല സീറ്റുകള്‍ നേരത്തേതന്നെ ലഭിക്കുമെന്ന സൗകര്യവുമുണ്ട്. സീറ്റുകള്‍ക്കായി അവസാന നിമിഷം വരെ കാത്തിരിക്കരുത്. കാരണം നല്ല സീറ്റുകള്‍ നേരത്തേ തന്നെ ആളുകള്‍ ബുക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്നും മണി സേവിംഗ് എക്‌സ്‌പെര്‍ട്ട് ഓര്‍മിപ്പിക്കുന്നു.

4. ലഗേജ് ചെക്ക് ഇന്‍ സൗജന്യമാക്കാന്‍ ശ്രദ്ധിക്കുക

ലഗേജുകള്‍ സൗജന്യമായി ചെക്ക് ഇന്‍ ചെയ്യാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. തിരക്കുള്ള വിമാനങ്ങളില്‍ ഓവര്‍ഹെഡ് ലോക്കറുകള്‍ വളരെ വേഗത്തില്‍ നിറയാറുണ്ട്. അതുകൊണ്ടുതന്നെ ലഗേജുകള്‍ ചെക്ക് ഇന്‍ ചെയ്യാന്‍ ജീവനക്കാര്‍ ആവശ്യപ്പെടാറുണ്ട്. ഈ സൗകര്യം ചെക്ക് ഇന്നിലോ ഗേറ്റിലോ ലഭിക്കുമോ എന്ന് അന്വേഷിക്കുക. ചിലപ്പോള്‍ നിങ്ങള്‍ക്ക് ഹാന്‍ഡ് ബാഗേജ് എന്ന നിലയില്‍ സൗജന്യമായി ലഗേജുകള്‍ കൊണ്ടുപാകാന്‍ സാധിച്ചേക്കും.

5. നിരക്കുകള്‍ ശ്രദ്ധിക്കുക, എക്‌സ്ട്രാകള്‍ ഒഴിവാക്കുക

വിമാനം തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ ചില എക്‌സ്ട്രാ സേവനങ്ങള്‍ ഈസി ജെറ്റ് നിങ്ങള്‍ക്കു മുന്നിലേക്ക് നീട്ടും. ഹോട്ടല്‍ സേവനം, കാര്‍ ഹയര്‍, ട്രാവല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയവയായിരിക്കും അവ. ട്രാവര്‍ ഇന്‍ഷുറന്‍സുകള്‍ എടുക്കേണ്ടവയാണെങ്കിലും എയര്‍ലൈനുകളിലൂടെയോ ഹോളിഡേ ഏജന്റുമാരിലൂടെയോ അവ എടുക്കുന്നത് അമിത ചെലവായിരിക്കും ഉണ്ടാക്കുക. നിരക്കുകള്‍ കുറഞ്ഞ സേവനങ്ങള്‍ നേരത്തേ തന്നെ എടുക്കുന്നതായിരിക്കും നല്ലത്.

6. അമിത ലഗേജുകള്‍ ഒഴിവാക്കുക

ഈസിജെറ്റ് ഫ്‌ളെക്‌സിഫെയര്‍ യാത്രയാണ് നിങ്ങള്‍ ചെയ്യുന്നതെങ്കില്‍ ഹാന്‍ഡ് ബാഗേജിന് നിയന്ത്രണമുണ്ടാകാന്‍ സാധ്യതയുണ്ട്. ഒരു ഹാന്‍ഡ് ബാഗേജ് മാത്രമേ അനുവദിക്കുകയുള്ളു. അപ്പോള്‍ ചെറിയതും വിലപിടിപ്പുള്ള വസ്തുക്കളുമുണ്ടെങ്കില്‍ അവ സ്വന്തമായി സൂക്ഷിക്കേണ്ടി വരും.

7. നിരക്കുകള്‍ താരതമ്യം ചെയ്യുക

ബ്രിട്ടനിലെ ഏറ്റവും വലിയ ബജറ്റ് എയര്‍ലൈനാണെങ്കിലും എല്ലാ സമയത്തും ഈസി ജെറ്റ് അത്ര നിരക്കു കുറഞ്ഞതാവില്ല. ചിലപ്പോള്‍ മറ്റു സര്‍വീസുകളില്‍ കുറഞ്ഞ നിരക്കുകള്‍ കാണാന്‍ സാധ്യതയുണ്ട്. ഇത് മനസിലാക്കുന്നതിനായി നിരക്കുകള്‍ താരതമ്യം ചെയ്യാവുന്നതാണ്.

8. വിമാനം വൈകലിന് മുമ്പ് ഇരയായിട്ടുണ്ടോ? നിങ്ങള്‍ക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാം

ആറു വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്ന് മണിക്കൂറിലേറെ നീളുന്ന ഫ്‌ളൈറ്റ് ഡിലേയ്‌ക്കോ, റദ്ദാക്കലിനോ ഇരയായിട്ടുണ്ടെങ്കില്‍ 110 മുതല്‍ 550 പൗണ്ട് വരെ നഷ്ടപരിഹാരത്തിന് നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്. വിമാനം പുറപ്പെടുന്ന സ്ഥലം, എത്തിയ സ്ഥലം, താമസത്തിന്റെ കാരണം തുടങ്ങിയ കാരണങ്ങളനുസരിച്ച് നഷ്ടപരിഹാരത്തുകയിലും വ്യത്യാസമുണ്ടാകും.

ബേസില്‍ ജോസഫ്

ചേരുവകള്‍

കാസ്റ്റര്‍ ഷുഗര്‍ -200 ഗ്രാം
പ്ലെയിന്‍ ബട്ടര്‍ -200 ഗ്രാം
മുട്ട -4 എണ്ണം
സെല്‍ഫ് റൈസിംഗ് ഫ്‌ലോര്‍ -200 ഗ്രാം
ബേക്കിംഗ് പൗഡര്‍ -1 ടീസ്പൂണ്‍
മില്‍ക്ക്-2 ടേബിള്‍ സ്പൂണ്‍

ഫില്ലിങ്

ബട്ടര്‍ -100 ഗ്രാം
ഐസിങ് ഷുഗര്‍ -150 ഗ്രാം
വാനില എക്‌സ്ട്രാക്ട് -1 ഡ്രോപ്പ്
സ്ട്രോബെറി/റാസ്പ്‌ബെറി ജാം -250 ഗ്രാം

പാചകം ചെയ്യുന്ന വിധം

ഓവന്‍ 180 ഡിഗ്രിയില്‍ പ്രീ ഹീറ്റ് ചെയ്യുക. 2 കേക്ക് ബേക്കിംഗ് ടിന്നുകള്‍ ഗ്രീസ് ചെയ്തു റെഡിയാക്കി വെക്കുക. ഒരു മിക്‌സിങ് ബൗളില്‍ കാസ്റ്റര്‍ ഷുഗര്‍, പ്ലെയിന്‍ ബട്ടര്‍, മുട്ട, സെല്‍ഫ് റൈസിംഗ് ഫ്‌ലോര്‍, ബേക്കിംഗ് പൗഡര്‍, മില്‍ക്ക് എന്നിവ ഒരു ബീറ്റര്‍ കൊണ്ട് നന്നായി ബീറ്റ് ചെയ്ത് നല്ല സോഫ്റ്റ് ക്രീമിയാക്കി എടുക്കുക. ഈ മിശ്രിതം രണ്ടായി പകുത്തു രണ്ടു ടിന്നുകളിലാക്കി ബേക്ക് (20 മുതല്‍ 25 മിനിറ്റ്) ചെയ്‌തെടുക്കുക. ബേക്ക് ചെയ്യുന്ന സമയത്തു ഫില്ലിങ് തയാറാക്കാം. ഒരു മിക്‌സിങ് ബൗളില്‍ ബട്ടര്‍ നന്നായി ക്രീമിയാകും വരെ ബീറ്റ് ചെയ്‌തെടുക്കുക. ഇതിലേക്ക് കുറച്ചു കുറച്ചായി ഐസിങ് ഷുഗര്‍ കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഒരു ഡ്രോപ്പ് വാനില എക്‌സ്ട്രാക്ട് കൂടി ചേര്‍ത്താല്‍ ക്രീം ഫില്ലിങ് റെഡി. നന്നായി ബേക്ക് ആയിക്കഴിയുമ്പോള്‍ ഓവനില്‍ നിന്നും എടുത്തു തണുക്കാന്‍ വയ്ക്കുക. നന്നായി തണുത്തു കഴിയുമ്പോള്‍ ഒരു സ്‌പോഞ്ചിന്റെ മുകളില്‍ ബട്ടര്‍ ക്രീം ഫില്ലിങ്ങും ജാമും കൂടി സ്‌പ്രെഡ് ചെയ്യുക അതിനു മുകളിലേയ്ക്ക് അടുത്ത സ്‌പോഞ്ച് വച്ച് അതിന് മുകളില്‍ അല്‍പം ഐസിങ് ഷുഗര്‍ ഡസ്റ്റ് ചെയ്ത് ഗാര്‍ണിഷ് ചെയ്യുക. വിക്ടോറിയന്‍ സ്‌പോഞ്ച് റെഡി.

 

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

 

 

യൂറോപ്യന്‍ യൂണിയന്‍ നഴ്‌സുമാര്‍ക്ക് ബ്രെക്‌സിറ്റിനുശേഷം എന്‍എച്ച്എസ് സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ പണം നല്‍കേണ്ടി വരും. പ്രതിവര്‍ഷം 600 പൗണ്ട് വീതം ഇവര്‍ അടക്കേണ്ടി വരുമെന്നാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഈ നീക്കം സ്റ്റാഫിംഗ് പ്രതിസന്ധി രൂക്ഷമാക്കുമെന്ന് എന്‍എച്ച്എസ് നേതൃത്വം മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ യൂറോപ്പിതര രാജ്യങ്ങളില്‍ നിന്നെത്തുന്ന കുടിയേറ്റക്കാരില്‍ നിന്ന് ഈടാക്കുന്ന ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് ബ്രെക്‌സിറ്റിനു ശേഷം യൂറോപ്പില്‍ നിന്നുള്ളവര്‍ക്കു കൂടി ബാധകമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ഹോം ഓഫീസ് സ്ഥിരീകരിച്ചു. നഴ്‌സുമാരുടെ കുടുംബങ്ങള്‍ ഈ സര്‍ചാര്‍ജ് മൂലം ഇപ്പോള്‍ത്തന്നെ പലയിടങ്ങളിലായാണ് കഴിയുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പറയുന്നു.

കുട്ടികളെ സ്വന്തം രാജ്യത്ത് ഉപേക്ഷിച്ചാണ് മിക്ക നഴ്‌സുമാരും ഇവിടെ ജോലി ചെയ്യുന്നതെന്ന ആര്‍സിഎന്‍ വിശദീകരിച്ചു. കെനിയയില്‍ നിന്നുള്ള ഈവലിന്‍ ഒമോന്‍ഡി എന്ന നഴ്‌സ് രണ്ട് മുതിര്‍ന്നവര്‍ക്കും നാല് കുട്ടികള്‍ക്കുമായി 3600 പൗണ്ടാണ് നല്‍കി വരുന്നത്. ഈ ഫീസ് താങ്ങാനാവാത്തതിനാല്‍ ഇവര്‍ ആറും എട്ടും വയസുള്ള ഇളയ കുട്ടികളെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചിരിക്കുകയാണെന്ന് ആര്‍സിഎന്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. 2015ലാണ് ഈ സര്‍ചാര്‍ജ് അവതരിപ്പിച്ചത്. കുടിയേറ്റക്കാര്‍ക്ക് വരാന്‍ സാധ്യതയുള്ള മെഡിക്കല്‍ ചെലവുകള്‍ പരിഗണിച്ചാണ് ഇത് ഈടാക്കുന്നത്. ഒരാള്‍ക്ക് 200 പൗണ്ട് എന്ന നിലയിലാണ് വര്‍ക്ക് പെര്‍മിറ്റിനു വേണ്ടി ഈ തുക നല്‍കേണ്ടതായി വരുന്നത്.

ഈ സര്‍ചാര്‍ജുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഇനി കൂടുതല്‍ രൂക്ഷമാകുമെന്ന് ആര്‍സിഎന്‍ ചീഫ് ജാനറ്റ് ഡേവിസ് വാര്‍ഷിക കോണ്‍ഫറന്‍സില്‍ പറയും. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ നഴ്‌സുമാരിലേക്ക് കൂടി ഈ ഫീസ് ബാധകമാക്കിയാല്‍ അതുകൊണ്ടുണ്ടാകുന്ന നഷ്ടം വിശദീകരണങ്ങള്‍ക്ക് അപ്പുറമായിരിക്കുമെന്നും അവര്‍ സൂചിപ്പിക്കും. എന്‍എച്ച്എസിന് നിലവില്‍ 43,000 നഴ്‌സുമാരുടെ കുറവാണുള്ളത്. 1,40,000 യൂറോപ്യന്‍ നഴ്‌സുമാര്‍ നിലവില്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്നുണ്ട്. അതിരൂക്ഷമായ സ്റ്റാഫിംഗ് പ്രതിസന്ധിക്കിടയില്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് കൂടുതല്‍ പ്രതിസന്ധിക്കിടയാക്കുകയേയുള്ളുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലിവര്‍പൂള്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായതിനു ശേഷമുള്ള ആദ്യ ഇടവക ദേവാലയം ലിവര്‍പൂളിലെ ലിതര്‍ലണ്ടില്‍ തിങ്ങി നിറഞ്ഞ വിശ്വാസിസമൂഹത്തെ സാക്ഷി നിര്‍ത്തി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. ലിവര്‍പൂള്‍ അതിരൂപത ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് ദാനമായി നല്‍കിയ സമാധാന രാജ്ഞി ആയ പരിശുദ്ധ മറിയത്തിന്റെ നാമധേയത്തിലുള്ള മനോഹരമായ ദേവാലയം ലിവര്‍പൂള്‍ അതിരൂപതയില്‍ ഉള്ള സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ഇനി മുതല്‍ ഇടവക ദേവാലയം ആയിരിക്കും. ഇടവക പ്രഖ്യാപനത്തോടനുബന്ധിച്ചു രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ലിവര്‍പൂള്‍ അതിരൂപത ആര്‍ച് ബിഷപ് മാര്‍ മാല്‍ക്കം മക്മെന്‍ ഓ.പി വചനസന്ദേശം നല്‍കി.

മാര്‍ത്തോമാശ്ലീഹായുടെ വിശ്വാസ പാരമ്പര്യം അഭംഗുരം കാത്തു സൂക്ഷിക്കുന്ന സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടനില്‍ വലിയ വിശ്വാസ സാക്ഷ്യമാണ് നല്‍കികൊണ്ടിരിക്കുന്നതെന്നും അവരുടെ ആരാധന ക്രമത്തിലുള്ള പങ്കാളിത്തവും വിശ്വാസ പരിശീലനവും ഏവര്‍ക്കും മാതൃകായാണെന്നും ലിവര്‍ പൂള്‍ ആര്‍ച് ബിഷപ് പറഞ്ഞു. കത്തോലിക്ക സഭയിലെ ഒരു വ്യക്തി സഭയായ സീറോ മലബാര്‍ സഭയുടെ പാരമ്പര്യവും തനിമയും വരും തലമുറയിലേക്കു പകര്‍ന്നു നല്‍കാന്‍ മാതാപിതാക്കള്‍ കാണിക്കുന്ന തീഷ്ണതയും ശ്രദ്ധയും സ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലിവര്‍പൂള്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോം വില്യംസ്, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വികാരി ജനറല്‍മാരായ ഫാ. സജി മോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. ഡോ. മാത്യു ചൂരപൊയ്കയില്‍, പാസ്റ്ററല്‍ കോഡിനേറ്റര്‍ ഫാ. ടോണി പഴയകളം, സി എസ്. ടി ചാന്‍സലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ സെമിനാരി റെക്ടര്‍ ഫാ. വര്‍ഗീസ് പുത്തന്‍പുരക്കല്‍, ഫാ. മാര്‍ക് മാഡന്‍, പ്രെസ്റ്റന്‍ റീജിയന്‍ കോഡിനേറ്റര്‍ ഫാ. സജി തോട്ടത്തില്‍, പ്രഥമ വികാരിയായി നിയമിതനായ ഫാ. ജിനോ അരീക്കാട്ട് എം.സി. ബി.എസ്, ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവരുള്‍പ്പെടെ നിരവധി വൈദികര്‍ സഹകാര്‍മ്മികരായിരുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായി ഒന്നര വര്‍ഷത്തിനുള്ളില്‍ തന്നെ ലിവര്‍പൂളില്‍ സ്വന്തമായി ഇടവക ദേവാലയം ലഭിച്ച സന്തോഷത്തില്‍ ആണ് രൂപതയിലെ വൈദികരും അല്‍മായരും അടങ്ങുന്ന വിശ്വാസി സമൂഹം. സീറോ മലബാര്‍ സഭയുടെ ആരാധനക്രമ പരികര്‍മ്മത്തിനു അനുയോജ്യമായ രീതിയില്‍ ഈ ദേവാലയത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തിയതിനു ശേഷമാണ് ഇന്നലെ ഔദ്യോഗികമായി ഇടവക ഉദ്ഘാടനം നടന്നത്. 2018 മാര്‍ച് 19ന് രൂപതാധ്യക്ഷന്‍ തന്റെ സര്‍ക്കുലറിലൂടെ നിര്‍ദേശിച്ച രൂപതയിലെ മറ്റ് 74 മിഷനുകളും ഇത് പോലെ ഇടവകകള്‍ ആകാനുള്ള പരിശ്രമത്തില്‍ ആണ്.

ഷാജി തലച്ചിറ

കോട്ടയം ജില്ലയില്‍ നിന്നുള്ള നിരവധി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളെ സമ്മാനിച്ചിട്ടുള്ള മീനച്ചില്‍ താലൂക്കിലെ കോഴായില്‍ നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളികളുടെ സംഗമം ചെല്‍ട്ടന്‍ ഹാമിലെ പ്രിസ്റ്റ്ബറിയില്‍  വച്ച് നടക്കുന്നു. കോഴാ നിവാസികളായ യുകെയിലെ പ്രവാസി മലയാളികളുടെ ഏഴാമത് സംഗമത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സംഗമത്തിനെത്തുന്ന കുടുംബങ്ങളെ സ്വീകരിക്കാനും മികച്ച പ്രോഗ്രാമുകള്‍ സംഘടിപ്പിക്കാനും ഭാരവാഹികള്‍ പരിശ്രമം തുടങ്ങിക്കഴിഞ്ഞു.

ജൂണ്‍ രണ്ടിന് രാവിലെ പതിനൊന്ന് മണിക്ക് ആരംഭിക്കുന്ന സംഗമത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാവുന്ന നിരവധി പരിപാടികള്‍ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പതിനൊന്ന് മണിക്ക് തന്നെ ആരംഭിക്കുന്ന രജിസ്ട്രേഷന്‍ നടപടികളോടെ ആണ് സംഗമം ആരംഭിക്കുന്നത്. രജിസ്ട്രേഷന് ശേഷം കുടുംബ സമേതം ഉല്ലസിക്കാനുള്ള ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ ഗെയിമുകളും കലാ കായിക മത്സരങ്ങളും മറ്റ് പ്രോഗ്രാമുകളും നടക്കും.

സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി കേരളീയ ശൈലിയിലുള്ള നാടന്‍ ഭക്ഷണ ശാലകളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ പ്രമുഖ സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കും. നാളെ നടക്കുന്ന പ്രോഗ്രാമുകളിലും സാംസ്കാരിക സമ്മേളനത്തിലും പങ്കെടുക്കാന്‍ കോഴാ നിവാസികളായ എല്ലാ പ്രവാസി മലയാളികളെയും  സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ബാബു വട്ടക്കാട്ടില്‍ – 07830906560

സജിമോന്‍ – 07960394174

ജിമ്മി പൂവാട്ടില്‍ – 07440029012

ഷാജി തലച്ചിറ – 07878528236

സംഗമവേദിയുടെ അഡ്രസ്സ്:

Masonic Hall
2 Portland Street
Prestbury, UK
GL52 5JF

Copyright © . All rights reserved