UK

മൂന്ന് വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകളില്‍ കുറവ് രേഖപ്പെടുത്തി. വ്യാജ ക്ലെയിമുകളിലൂടെ കമ്പനികള്‍ക്ക് പണം നഷ്ടപ്പെടുന്നതില്‍ കുറവുണ്ടായതോടെയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. ശരാശരി 7 ശതമാനം വരെയാണ് പ്രീമിയത്തില്‍ കുറവുണ്ടായത്. ഈ വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇത് 59 പൗണ്ട് മാത്രമായിരുന്നുവെന്ന് confused.com റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാജ ക്ലെയിമുകള്‍ ഇല്ലാതാക്കാന്‍ ഗവണ്‍മെന്റ് നടപ്പിലാക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ വിജയം കണ്ടതിന്റെ സൂചനയാണ് ഇതെന്നും ഈ ഇന്‍ഷുറന്‍സ് പോര്‍ട്ടല്‍ പറയുന്നു. പുരുഷന്‍മാര്‍ ഇന്‍ഷുറന്‍സ് കവറിനായി 810 പൗണ്ടും സ്ത്രീകള്‍715 പൗണ്ടുമാണ് ഇപ്പോള്‍ നല്‍കി വരുന്നത്.

ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നടത്തുന്നവര്‍ മെഡിക്കല്‍ തെളിവുകള്‍ കൂടി സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ മാസം ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗോക്ക് അവതരിപ്പിച്ച പദ്ധതിയില്‍ വ്യക്തമാക്കുന്നു. വ്യാജ ക്ലെയിമുകളിലൂടെ സാധാരണ വാഹന ഉടമകള്‍ക്ക് പ്രതിവര്‍ഷം 1 ബില്യന്‍ പൗണ്ടിന്റെ നഷ്ടമായിരുന്നു ഉണ്ടായിരുന്നത്. വ്യാജ ക്ലെയിമുകള്‍ വളരെ വേഗത്തില്‍ അനുവദിക്കപ്പെടുന്ന സംസ്‌കാരത്തിന് അറുതി വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു ഗോക്ക് ഇതേക്കുറിച്ച് വിശദീകരിച്ചത്. ഒട്ടേറെ വ്യാജ ഇന്‍ഷുറന്‍സ് ക്ലെയിമുകളായിരുന്നു എത്തിക്കൊണ്ടിരുന്നത്. വല്ലാത്തൊരു നഷ്ടപരിഹാര സംസ്‌കാരമായിരുന്നു ഇതിലൂടെ തുടര്‍ന്നു വന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗുരുതരമായ പരിക്കുകള്‍ക്ക് പേഴ്‌സണല്‍ ഇന്‍ജുറി നഷ്ടപരിഹാരം കണക്കാക്കുന്ന രീതിയില്‍ വ്യത്യാസം വരുത്തണമെന്ന് കഴിഞ്ഞ മാസം മന്ത്രിസഭ നിര്‍ദേശം നല്‍കിയിരുന്നു. അടുത്ത ഏപ്രിലില്‍ മാത്രമേ ഈ രീതി നടപ്പാകുകയുള്ളു. എങ്കിലും ഈ നിര്‍ദേശത്തിന്റെ പ്രതിഫലനം പ്രീമിയങ്ങളുടെ നിരക്കുകളില്‍ കണ്ടു തുടങ്ങിയിട്ടുണ്ടെന്നും കമ്പനികള്‍ പറയുന്നു.

ലണ്ടനിലെ കലാ പ്രേമികള്‍ക്കായി ‘The Maestros’ എന്ന പേരില്‍ ഒരു ഗംഭീര സംഗീത വിരുന്നുമായി V4 Entertainments UK . മെയ് 11, 12, 13 തീയതികളില്‍ ലണ്ടനിലെ വിവിധ ഭാഗങ്ങളില്‍ ആയിരിക്കും ഈ സംഗീതനിശ അരങ്ങേറുക. പ്രശസ്ത സംഗീതജ്ഞനും ദേശീയ പുരസ്‌കാര ജേതാവും ആയ ശ്രീ ഔസേപ്പച്ചന്‍ മാഷ് നേതൃത്വം നല്‍കുന്ന ഈ സംഗീത സന്ധ്യയില്‍ പ്രസിദ്ധ പിന്നണി ഗായകന്‍ ശ്രീ വില്‍സ്വരാജ്, ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഡോക്ടര്‍ വാണി ജയറാം, ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കോണ്‍ടെസ്‌റ് ജേതാവ് രാജേഷ് രാമന്‍ എന്നിവര്‍ പങ്കെടുക്കുന്നു. ഔസേപ്പച്ചന്‍രവീന്ദ്രന്‍ജോണ്‍സണ്‍ ത്രയത്തിന്റെ നിത്യഹരിത ഗാനങ്ങളിലൂടെ ഉള്ള ഒരു അവിസ്മരണീയയാത്ര ആയിരിക്കും ശ്രോതാക്കള്‍ക്ക് ഈ പരിപാടി സമ്മാനിക്കുക.

ശ്രീ വിനോദ് നവധാരയുടെ നേതൃത്വത്തില്‍ ഉള്ള പ്രശസ്ത ലൈവ് ഓര്‍ക്കസ്ട്ര ആയ നിസരി ആയിരിക്കും ഈ പരിപാടിയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുക. പല പ്രമുഖസംഗീതജ്ഞരോടും ഒപ്പം ഇതിനു മുന്‍പുംനിരവധി തവണ യു കെയില്‍ അങ്ങോളം ഇങ്ങോളം ലൈവ് പരിപാടികള്‍ അവതരിപ്പിച്ചു പരിചയം ഉള്ളവര്‍ ആണ് നിസരിയിലെ കലാകാരന്മാര്‍ . ശ്രീ ഔസേപ്പച്ചന്‍ മാഷിനൊപ്പം നിസരിയിലെഅംഗങ്ങള്‍ കൂടി ചേരുമ്പോള്‍ സംഗീത ആസ്വാദകര്‍ക്ക് അതൊരു മറക്കാനാവാത്ത അനുഭവം ആയിരിക്കുമെന്ന് തീര്‍ച്ച!

മെയ് 11 നു വൈകുന്നേരം ഏഴു മണിക്ക് ഈസ്റ്റ് ലണ്ടനിലെ ബോളിയന്‍ തീയറ്ററില്‍ നടക്കുന്ന പരിപാടിയോടു കൂടിയിരിക്കും ‘The Maetsros’ നു തുടക്കം കുറിക്കുക. പിറ്റേ ദിവസം മെയ് 12 വൈകുന്നേരം 6.30 ന് വെസ്റ്റ് ലണ്ടനിലെ സംഗീതാസ്വാദകര്‍ക്കു വേണ്ടി ഹെയ്‌സിലെ നവ്‌നാത് സെന്ററില്‍ വച്ചായിരിക്കും രണ്ടാമത്തെ പരിപാടി അരങ്ങേറുന്നത്. മെയ് 13 നു വൈകുനേരം സൗത്ത് ലണ്ടനിലെ ലാന്‍ഫ്രാങ്ക് അക്കാദമിയില്‍ വച്ചു നടക്കുന്ന മൂന്നാമത്തെ പരിപാടിയോടു കൂടി ‘The Maestros’ സമാപിക്കും.

നിരവധി മെഗാ ഷോകള്‍ക്ക് ശബ്ദവും വെളിച്ചവും നല്‍കി പരിചയം ഉള്ള ലണ്ടനിലെ ഒയാസിസ് ഡിജിറ്റല്‍സ് ആണ് പരിപാടികളുടെ ശബ്ദവും വെളിച്ചവും നിയന്ത്രിക്കുന്നത്. അനശ്വര കലാകാരന്മാരുടെ അപൂര്‍വ സംഗമം ആയ ഈ സംഗീത നിശയിലേയ്ക്ക് ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

For information Contact : വിനോദ് നവധാര: 07805 192891, സോജന്‍ : 07878 8963384 (ഈസ്റ്റ് ഹാം), രാജേഷ് രാമന്‍ : 07874 002934 (ക്രോയിഡോണ്‍ ), ഷിനോ : 07411143936 (ഹെയ്‌സ് വെസ്റ്റ് ലണ്ടന്‍)

മൂന്നാമത് ആനന്ദ്‌ ടിവി അവാര്‍ഡ് നൈറ്റ് യുകെ മലയാളികള്‍ക്ക് മുന്‍പില്‍ അരങ്ങേറുമ്പോള്‍ ഇത്തവണ അതിഥിയായി എത്തുമെന്ന് ഉറപ്പ് നല്‍കി സൂപ്പര്‍താരം മോഹന്‍ലാല്‍. യൂറോപ്പ് മലയാളികള്‍ക്ക് വിസ്മയ നിമിഷങ്ങള്‍ സമ്മാനിച്ച് കടന്ന് പോയ ആദ്യ രണ്ട് അവാര്‍ഡ് നൈറ്റുകളും സൂപ്പര്‍താര സാന്നിദ്ധ്യം മൂലവും ആകര്‍ഷകങ്ങളായ പ്രോഗ്രാമുകള്‍ വഴിയും ജനഹൃദായങ്ങള്‍ കീഴടക്കിയിരുന്നു. ഒരു യൂറോപ്പ്യന്‍ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ മലയാളി പ്രോഗ്രാം എന്ന നിലയില്‍ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ് തുടക്കം മുതല്‍ തന്നെ ശ്രദ്ധേയമായി മാറിയ വേദിയാണ്. മലയാളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റ് ടിവിയുടെ യൂറോപ്പ് ഡയറക്ടര്‍ ആയ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ യൂറോപ്പ് മലയാളികള്‍ക്കായി രൂപം കൊണ്ട ടെലിവിഷന്‍ ചാനല്‍ ആണ് ആനന്ദ് ടിവി. ശ്രദ്ധേയമായ പ്രോഗ്രാമുകളിലൂടെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ ചാനല്‍ ആ നിലവാരം കാത്ത് സൂക്ഷിച്ച് നടത്തിവയായിരുന്നു കഴിഞ്ഞ് പോയ രണ്ട് അവാര്‍ഡ് നൈറ്റുകളും.

മാഞ്ചസ്റ്റര്‍ അറീനയില്‍ നടന്ന ഒന്നും രണ്ടും അവാര്‍ഡ് നൈറ്റുകള്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്നവയായിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയും, മകനും യുവ സൂപ്പര്‍ താരവുമായ ദുല്‍ഖര്‍ സല്‍മാനും ഭാര്യാ സമേതരായി പങ്കെടുത്ത ആദ്യ അവാര്‍ഡ് നൈറ്റ് താരനിബിഡമായ ഒരു ചടങ്ങ് ആയിരുന്നു. മമ്മൂട്ടിയുടെ ഭാര്യ സ്റ്റേജില്‍ എത്തിയതും മമ്മൂട്ടി തടഞ്ഞതും മമത മോഹന്‍ദാസിന്‍റെ വസ്ത്രധാരണവും ഒക്കെ അവാര്‍ഡ് നൈറ്റിനു ശേഷം ലോകമലയാളികള്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ ആയിരുന്നു.

മാഞ്ചസ്റ്റര്‍ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ നടന്ന രണ്ടാമത് അവാര്‍ഡ് നൈറ്റ് ശ്രദ്ധേയമായത് ബോളിവുഡ് സൂപ്പര്‍താരമായ അനില്‍ കപൂര്‍, യുവതാരം നിവിന്‍ പോളി, പ്രശസ്ത നടി ഭാവന എന്നിവരുടെ സാന്നിദ്ധ്യവും എത്തുമെന്ന് കരുതിയിരുന്ന മോഹന്‍ ലാലിന്‍റെ പിന്മാറ്റവും മൂലമായിരുന്നു. ഷൂട്ടിംഗ് നടന്നു കൊണ്ടിരുന്ന ചിത്രത്തിന് വരാവുന്ന നഷ്ടം മൂലം കഴിഞ്ഞ തവണ പിന്മാറിയ മോഹന്‍ലാല്‍ അത് കൊണ്ട് തന്നെ ഇത്തവണ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാനായി മറ്റെല്ലാ പരിപാടികള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. ലാലേട്ടന് പകരം അനില്‍ കപൂറിനെ ഇറക്കി കാണികളെ കയ്യിലെടുത്ത ആനന്ദ് ടിവിയും ലാലേട്ടന്‍ ഇത്തവണ പങ്കെടുക്കും എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്.

മോഹന്‍ലാലിന് പുറമേ വന്‍ താരനിര തന്നെ മൂന്നാമത് ആനന്ദ് ടിവി അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. പതിവ് വേദിയായ മാഞ്ചസ്റ്റര്‍ അറീനയില്‍ നിന്നും മാറി കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള ബര്‍മിംഗ്ഹാം ഹൈപ്പോ ഡ്രോമിലേക്ക് അവാര്‍ഡ് നൈറ്റ് എത്തുമ്പോള്‍ പ്രേക്ഷകരെ ആനന്ദിപ്പിക്കാന്‍ എത്തുന്നവരില്‍ രമേഷ് പിഷാരടി, ധര്‍മ്മജന്‍, നടി പാര്‍വതി, വിജയ്‌ യേശുദാസ്, സ്റ്റീഫന്‍ ദേവസ്സി, മനോജ്‌ കെ ജയന്‍തുടങ്ങി പ്രമുഖര്‍ ഏറെയാണ്‌.

മുന്‍പ് രണ്ട് തവണയും ടിക്കറ്റുകള്‍ ലഭിക്കാതെ വളരെയധികം പേര്‍ നിരാശരായ പരിപാടി എന്ന നിലയില്‍ ഈ പ്രോഗ്രാം കാണാന്‍ താത്പര്യമുള്ളവര്‍ നേരത്തെ തന്നെ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്ത് വയ്ക്കുന്നത് നന്നായിരിക്കും. ആനന്ദ് ടിവി വഴിയും അവാര്‍ഡ് നൈറ്റ് മീഡിയ പാര്‍ട്ണര്‍ ആയ മലയാളം യുകെ വഴിയും നിങ്ങള്‍ക്ക് ടിക്കറ്റുകള്‍ നേരത്തെ തന്നെ റിസര്‍വ് ചെയ്യാവുന്നതാണ്. ജൂണ്‍ 16 ശനിയാഴ്ച ആണ് ബര്‍മിംഗ്ഹാമില്‍ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ് അരങ്ങേറുന്നത്.

ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ നിങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ വിളിക്കാവുന്നതാണ്. ടിക്കറ്റ് നിരക്കുകള്‍ £75, £50, £40, £30, £20 എന്നിങ്ങനെ വിവിധ നിരക്കുകളില്‍ ലഭ്യമാണ്. ഫാമിലി ടിക്കറ്റുകള്‍ക്കും ഗ്രൂപ്പ് ബുക്കിംഗുകള്‍ക്കും സ്പെഷ്യല്‍ ഡിസ്കൌണ്ടുകള്‍ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിംഗിനും താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

ആനന്ദ് ടിവി: 02085866511
മലയാളം യുകെ : 07951903705, 07915660914

യുവതലമുറയിലെ മലയാളി കുട്ടികള്‍ക്ക് മാതൃഭാഷയുടെ മാധുര്യം പകര്‍ന്നു നല്‍കുന്നതിനായി ലെസ്റ്ററില്‍ മലയാളം ക്ലാസ്സുകള്‍ക്ക്‌ തുടക്കമാകുന്നു. ലെസ്റ്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാ സംഗീത കൂട്ടായ്മയായ ലെസ്റ്റര്‍ ലൈവ് കലാസമിതി ആണ് മലയാളം ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് മുന്‍കൈയെടുത്തിരിക്കുന്നത്. പഠന കലാ രംഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന യുകെയിലെ മലയാളി കുട്ടികള്‍ മാതൃഭാഷ പഠന രംഗത്ത് വേണ്ടത്ര താത്പര്യം കാണിക്കുന്നില്ല എന്നതിനാലാണ് മലയാള ഭാഷ പഠനത്തിന് അവസരമൊരുക്കാന്‍ ലെസ്റ്റര്‍ ലൈവ് പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. മിക്ക കുട്ടികള്‍ക്കും മലയാളം സംസാരിക്കാന്‍ അറിയാമെങ്കിലും എഴുതാനും വായിക്കാനും അറിയാവുന്നവര്‍ ചുരുക്കമാണ് എന്ന വാസ്തവം തിരിച്ചറിഞ്ഞതിനാലാണ് ഈയൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നത് എന്ന് ലെസ്റ്റര്‍ ലൈവ് പ്രവര്‍ത്തകര്‍ പറഞ്ഞു.

ലെസ്റ്ററിലെ ബ്രോണ്‍സ്റ്റന്‍ ഹാളില്‍ ആയിരിക്കും ഏപ്രില്‍ 21 ശനിയാഴ്ച മുതല്‍ മലയാളം ക്ലാസ്സുകള്‍ക്ക്‌ തുടക്കം കുറിക്കുന്നത്. മുന്‍ അദ്ധ്യാപകനായ ശ്രീ. കെ. എല്‍. വര്‍ഗീസ്‌ ആയിരിക്കും കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്നത്. മറ്റ് അനുബന്ധ സൗകര്യങ്ങള്‍ ലെസ്റ്റര്‍ ലൈവ് പ്രവര്‍ത്തകര്‍ ഒരുക്കും. കുട്ടികളെ മലയാളം ക്ലാസ്സില്‍ പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

സാബു ജോസ് – 07809211405
റെജി ജോസഫ് – 07463906699

ബ്രക്സിറ്റിന്‍റെ പശ്ചാത്തലത്തില്‍ ലണ്ടനില്‍ ചേരുന്ന നിര്‍ണ്ണായക കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലണ്ടനിലേക്ക് തിരിക്കും. യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്ന ബ്രിട്ടനും പുതിയ വ്യാപാരവാണിജ്യ സാധ്യതകള്‍ തേടുന്ന ഇന്ത്യയ്ക്കും യോഗം ഏറെ പ്രധാനപ്പെട്ടതാണ്. ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷമാണ് കോമണ്‍വെല്‍ത്ത് ഉച്ചകോടിക്ക് ബ്രിട്ടന്‍ വേദിയാകുന്നത്.

ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി കോമണ്‍വെല്‍ത്ത് രാജ്യതലന്മാരുടെ യോഗത്തില്‍ പങ്കെടുക്കുന്നത്. യൂറോപ്യന്‍ യൂണിയനുമായും ബ്രിട്ടനുമായും നല്ല നയതന്ത്രബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. എലിസബത്ത് രാജ്ഞിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മോദിയുടെ ബ്രിട്ടണ്‍ സന്ദര്‍ശനം. ലോകജനസംഖ്യയില്‍ 32ശതമാനമാണ് കോമണ്‍വെല്‍ത്ത് കൂട്ടായ്മയ്ക്കുള്ളത്. ഇതില്‍ സിംഹഭാഗവും ഇന്ത്യയുടെ സംഭാവനയാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകുമ്പോഴുണ്ടാകുന്ന വാണിജ്യ, വ്യാപാര നഷ്ടങ്ങള്‍ കോമണ്‍വെല്‍ത്ത് കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിലൂടെ മറികടക്കാമെന്നാണ് ബ്രിട്ടന്‍റെ കണക്കുകൂട്ടല്‍.

ഉച്ചകോടിയുടെ ഭാഗമായി ചേരുന്ന അംഗരാജ്യങ്ങളിലെ വ്യാപാരികളും നിക്ഷേപകരും പങ്കെടുക്കുന്ന ബിസിനസ് ഫോറത്തിലാണ് ബ്രിട്ടന്‍റെ കണ്ണ്. എല്ലാ വന്‍കരകളിലും പ്രാതിനിധ്യമുള്ള കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ വ്യാപാരം ഇരുപത് ശതമാനം വര്‍ധിപ്പിക്കാമെന്ന് ബ്രിട്ടണ്‍ കരുതുന്നു. എഴുപതിനായിരം കോടി ഡോളറിന്‍റെ പ്രത്യക്ഷ നിക്ഷേപവും പ്രതീക്ഷിക്കുന്നു. സന്ദര്‍ശക വീസാ നിരക്ക് കുറയ്ക്കാനൊരുങ്ങുന്ന ബ്രിട്ടന്‍റെ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തിട്ടുണ്ട്. സ്വീഡന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടനിലെത്തുക.

ഇറച്ചി സ്പര്‍ശിക്കാന്‍ പേടിയുള്ളവര്‍ക്കായി പുതിയ പാക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തി സെയിന്‍സ്‌ബെറി. ചിക്കന്‍ കൈകൊണ്ട് സ്പര്‍ശിക്കുന്നതിന് ചിലര്‍ക്ക് ബുദ്ധിമുട്ടുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൂപ്പര്‍ മാര്‍ക്കറ്റ് ശൃഖല പുതിയ പാക്കിംഗ് സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. പുതിയ പ്ലാസ്റ്റിക്ക് പാക്കിംഗ് ഇറച്ചി സ്പര്‍ശിക്കാതെ തന്നെ പാചകം ചെയ്യുന്നതിന് അനുയോജ്യമായതാണ്. ചിക്കന്‍ നേരിട്ട് പാനിലേക്ക് ഇട്ട് കുക്ക് ചെയ്‌തെടുക്കാം. 1980കള്‍ക്ക് ശേഷം ജനിച്ച മിക്കവരും ചിക്കന്‍ നേരിട്ട് സ്പര്‍ശിക്കാന്‍ പേടിയുള്ളവരാണ്. ഇത്തരം ആളുകളുടെ സൗകര്യം കണക്കിലെടുത്താണ് പുതിയ പാക്കിംഗ് സംവിധാനം കൊണ്ടു വന്നിരിക്കുന്നത്. ഫുഡ് പോയിസണ്‍ ഭയന്ന് പലരും കോഴിയിറച്ചി കൈകൊണ്ട് സ്പര്‍ശിക്കാറില്ലെന്നും ചിലര്‍ ചിക്കന്‍ പാചകം ചെയ്യുന്നതിന് മുന്‍പ് ഡെറ്റോള്‍ സ്‌പ്രേ ചെയ്യാറുണ്ടെന്നും കടയുടമകള്‍ വ്യക്തമാക്കുന്നു.

ഉപഭോക്താക്കളില്‍ പലരും പ്രത്യേകിച്ച് യുവാക്കളായിട്ടുള്ളവര്‍ ചിക്കന്‍ സ്പര്‍ശിക്കുന്നതില്‍ ഭയമുള്ളവരാണ്. ചില ഉപഭോക്താക്കള്‍ വളരെ തിരക്കുള്ളവരായതിനാല്‍ ചിക്കന്‍ വൃത്തിയാക്കുക തുടങ്ങിയവയ്ക്ക് സമയം ലഭിക്കാത്തവരും. ഇരു കൂട്ടര്‍ക്കും പുതിയ പാക്കിംഗ് ഉപകാരപ്രദമാകും. നേരെ ഫ്രയിംഗ് പാനിലേക്ക് ഇട്ട് ചിക്കന്‍ കുക്ക് ചെയ്യാന്‍ പുതിയ പാക്കിംഗ് പ്രകാരം സാധിക്കുമെന്നും സെയിന്‍സ്‌ബെറി മീറ്റ്, ഫിഷ്, പൗള്‍ട്ടറി പ്രോഡക്ട്‌സ് ഡെവല്പമെന്റ് മാനേജര്‍ കാതറീന്‍ ഹാള്‍ വ്യക്തമാക്കി. ഉപഭോക്താക്കളില്‍ ചിക്കന്‍ സ്പര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് വളര്‍ന്നു വരുന്ന പേടിയെക്കുറിച്ച് കാതറീന്‍ ഹാളും പൗള്‍ട്ടറി മേഖലയിലെ വിദഗ്ദ്ധരും പഠനം നടത്തിയതിന് ശേഷമാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

1980നു ശേഷം ജനിച്ചവര്‍ ഭക്ഷണ കാര്യത്തില്‍ കൂടുതല്‍ റിസ്‌ക് എടുക്കാന്‍ ശ്രമിക്കുന്നവരാണ് എന്നാല്‍ ചിക്കന്‍ പാചകം ചെയ്യുന്ന കാര്യത്തില്‍ മാത്രം ചെറിയ പരിഭ്രമം ഉള്ളവരാണ്. ഇതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അറിയാത്തതാണ് പരിഭ്രമം സൃഷ്ടിക്കുന്നതിന്റെ പ്രധാന കാരണമെന്ന് ഹാള്‍ പറഞ്ഞു. യുവാക്കള്‍ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. വീട്ടില്‍ പാചകം ചെയ്യുന്ന ശീലം കുറഞ്ഞു വരികയാണ്. വേറെയാരെങ്കിലും തനിക്കായി പാചകം ചെയ്തു തരികയാണെങ്കില്‍ നന്നാവുമെന്നാണ് ഇവര്‍ കരുതുന്നതെന്നും ഹാള്‍ വ്യക്തമാക്കുന്നു. ബാക്ടീരിയ ബാധിക്കുന്നതിനെക്കുറിച്ചും ഫുഡ്‌പോയിസണ്‍ ഉണ്ടാവുന്നതിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നത് ഭയമില്ലാതാക്കുന്നതിന് കാരണമാകുമെന്നും ഹാള്‍ കൂട്ടിച്ചേര്‍ത്തു.

റഷ്യയും പാശ്ചാത്യ ലോകവും തമ്മില്‍ പുതിയ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടന് പ്രതിരോധ വിദഗ്ദ്ധന്റെ മുന്നറിയിപ്പ്. പ്രതിരോധ മേഖലയില്‍ മതിയായ നിക്ഷേപം നടത്താത്തതിനാല്‍ ശീതയുദ്ധ സമയത്തെ അതേവിധത്തിലുള്ള ഭീഷണിയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്ന് വിദഗ്ദ്ധനായ ജൂലിയന്‍ ലൂയിസ് പറഞ്ഞു. മൂന്നാം ലോകമഹായുദ്ധത്തിന്റെ നിഴലില്‍ ലോകം നില്‍ക്കുമ്പോള്‍ നാറ്റോ നിര്‍ദേശിച്ചിരിക്കുന്ന 2 ശതമാനം മിനിമം സൈനികഫണ്ട് പോലും വെട്ടിക്കുറച്ചിരിക്കുകയാണ് പ്രധാനമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു.

കോമണ്‍സിലെ ഒട്ടു മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഡിഫന്‍സ് ബജറ്റ് വര്‍ദ്ധിപ്പിക്കാനാണ് ആവശ്യപ്പെടുന്നത്. അതേ സമയം ഡിഫന്‍സ് കമ്മിറ്റി ഇത് ചെവിക്കൊള്ളുന്നില്ല. ജിഡിപിയുടെ രണ്ട് ശതമാനമാണ് പ്രതിരോധത്തിനായി വകയിരുത്തിയിരിക്കുന്നതെന്നാണ് 2016ലെ റിപ്പോര്‍ട്ട് പറയുന്നത്. ശീതയുദ്ധകാലത്ത് ജിഡിപിയുടെ 4.5-5 ശതമാനത്തിനിടയിലായിരുന്നു ഡിഫന്‍സിനായി നീക്കിവെച്ചിരുന്നത്. ശീതയുദ്ധത്തിനൊടുവില്‍ 90കളില്‍ ചെലവു ചുരുക്കലുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പോലും 3 ശതമാനം തുക വകയിരുത്തിയിരുന്നു.

ഇപ്പോള്‍ രാജ്യ സുരക്ഷ അപകടത്തിലാണെന്നാണ് ഗവണ്‍മെന്റ് പറയുന്നത്. ശീതയുദ്ധകാലത്തേക്കാള്‍ മോശം അവസ്ഥയാണെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും വെറും രണ്ട് ശതമാനം മാത്രമാണ് നിക്ഷേപം. ഇത് ഒട്ടും മതിയാവില്ല. തീവ്രവാദമായിരുന്നു അടുത്തകാലം വരെയുള്ള ഭീഷണിയെങ്കില്‍ രാജ്യങ്ങള്‍ ഭീഷണിയാകുന്ന സ്ഥിതിവിശേഷം വീണ്ടും ഉടലെടുത്തിരിക്കുകയാണ്. ഇവയുടെ രണ്ടിന്റെയും ഒരുമിച്ചുള്ള ആക്രമണം 1980കളില്‍ റഷ്യയുടെയും ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുടെയും ഭാഗത്തു നിന്നുണ്ടായതാണ് അവസാന അനുഭവമെന്നും അദ്ദേഹം പറഞ്ഞു. സിറിയയില്‍ ആക്രമണത്തിന് അമേരിക്ക, ഫ്രാന്‍സ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന ബ്രിട്ടീഷ് നടപടിയുടെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പെന്നത് ശ്രദ്ധേയമാണ്.

ഗ്യാസ്, ഇലക്ട്രിസിറ്റി ഉപഭോക്താക്കള്‍ക്ക് അധിക ഫീസ് ചുമത്തി എനര്‍ജി കമ്പനി ഇഡിഎഫ്. 90 പൗണ്ടാണ് ഉപഭോക്താക്കള്‍ നല്‍കേണ്ടി വരുന്നത്. ഗ്യാസ്, ഇലക്ട്രിസിറ്റി എന്നിവയ്ക്ക് മൂന്ന് മാസത്തിലൊരിക്കല്‍ ചെക്കായോ പണമായോ പണമടക്കുന്നവര്‍ക്കാണ് ഈ നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഡയറക്ട് ഡെബിറ്റായി പണം നല്‍കാത്ത അഞ്ചര ലക്ഷം ഉപഭോക്താക്കളെ നേരിട്ടു ബാധിക്കുന്ന തീരുമാനമാണ് ഇത്. ചെക്കായോ പണമായോ ബില്ലടക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഇത് ബാധകമാകും. ഡയറക്ട് ഡെബിറ്റ് പേയ്‌മെന്റുകളല്ലാത്തവയ്ക്ക് വരുന്ന അധികച്ചെലവാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നതെന്നാണ് ഇഡിഎഫ് അവകാശപ്പെടുന്നത്.

ഇന്‍ഡസ്ട്രി റെഗുലേറ്റര്‍ ഓഫ്‌ജെം അനുവദിച്ചിരിക്കുന്ന പരിധിക്കുള്ളില്‍ നിന്നുകൊണ്ടാണ് ഈ നിരക്ക് ഈടാക്കുന്നതെന്നും മറ്റുകമ്പനികള്‍ക്ക് തുല്യമാണ് ഇതെന്നും കമ്പനി അറിയിച്ചു. എന്നാല്‍ പണമടക്കുന്ന രീതിയനുസരിച്ച് ഉപഭോക്താക്കള്‍ക്ക് പിഴയിടാനുള്ള ആശയം വിവാദമായിരിക്കുകയാണ്. ഡയറക്ട് ഡെബിറ്റ് ചിലര്‍ക്ക് ഉപകാരപ്രദമാണെങ്കില്‍ പ്രായമായവരുള്‍പ്പെടെയുള്ളവരില്‍ പലരും ചെക്കുകളിലൂടെയും മറ്റുമാണ് പണമടക്കാറുള്ളത്. അവരുടെ ബജറ്റിനെ ഈ രീതികളായിരിക്കും സഹായിക്കുകയെന്ന് ഏജ് യുകെയുടെ കരാളിന്‍ അബ്രഹാംസ് പറഞ്ഞു.

അതിന് ഈ രീതിയിലുള്ള നിരക്ക് ഈടാക്കുന്നത് അത്തരക്കാരെ കുഴപ്പത്തിലാക്കുകയേയുള്ളു. ബില്‍ എസ്റ്റിമേറ്റുകള്‍ പോലും ശരിയായ വിധത്തില്‍ തയ്യാറാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇത് ഉപഭോക്താക്കളെ വീണ്ടും കഷ്ടത്തിലാക്കുമെന്ന് അവര്‍ പറഞ്ഞു. ഇലക്ട്രിസിറ്റി അക്കൗണ്ടുകളുടെ സ്റ്റാന്‍ഡിംഗ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. 1.4 മില്യന്‍ ഉപഭോക്താക്കള്‍ ഇതിന്റെ ഭാരം അനുഭവിക്കേണ്ടതായി വരും. വൈദ്യുതി മാത്രം ഉപയോഗിക്കുന്നവര്‍ 85 പൗണ്ടും ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്നവര്‍ 181 പൗണ്ടും ഇതനുസരിച്ച് നല്‍കേണ്ടി വരും. ബ്രിട്ടീഷ് ഗ്യാസ് തങ്ങളുടെ നിരക്കുകള്‍ ഉയര്‍ത്തിയതിനു പിന്നാലെയാണ് ഇഡിഎഫിന്റെ നടപടി.

ഹരികുമാര്‍ ഗോപാലന്‍

കാശ്മീരില്‍ അതി ഭീകരമായി കൊലചെയ്യപ്പെട്ട 8 വയസുകാരി അസിഫക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടും സിറിയയില്‍ യുദ്ധകെടുതിയില്‍ ജീവന്‍ ഹോമിക്കപ്പെടുന്ന കുട്ടികള്‍ക്ക് വേണ്ടി സുറിയാനിയില്‍ പാട്ടുപാടിയും ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) നടത്തിയ രണ്ടാമത് ഈസ്റ്റര്‍ വിഷു ആഘോഷം ശ്രദ്ധേയമായി .

ലിവര്‍പൂളില്‍ താമസിക്കുന്ന എല്‍ദോസ് സൗമ്യ ദമ്പതികളുടെ മകള്‍ എമിലി എല്‍ദോസും ജോഷുവ എല്‍ദോസും ചേര്‍ന്നാണ് സിറിയയിലെ യുദ്ധത്തില്‍ നരകിക്കുന്ന കുട്ടികള്‍ക്കുവേണ്ടി സുറിയാനിയില്‍ പട്ടുപടി പിന്തുണ അറിയിച്ചത് .
പരിപാടികളുടെ മുഖൃഅഥിതിയായി എത്തിയ ഡോക്ടര്‍ സുസന്‍ കുരുവിള ,ഡോക്ടര്‍ കുരുവിള എന്നിവരും ലിമ ഭാരവാഹികളും കൂടി നിലവിളക്കു കൊളുത്തി കൊണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. പിന്നിട് കുട്ടികളെ കൊണ്ട് വിഷുക്കണികാണിച്ചു. അതിനുശേഷം വിഷുകൈനീട്ടംം ഡോക്ടര്‍ സുസന്‍ കുരുവിളയും, ഡോക്ടര്‍ കുരുവിളയും ചേര്‍ന്നു നല്‍കി .

ആശംസകള്‍ നേര്‍ന്നു കൊണ്ട് ഡോക്ടര്‍ സുസന്‍ കുരുവിള, ടോം ജോസ് തടിയംപാട്, ജോയി അഗസ്തി, തോമസ്‌കുട്ടി ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ ശനിയാഴ്ച്ച വിസ്റ്റന്‍ ടൌണ്‍ ഹാളിലാണ് പരിപാടികള്‍ അരങ്ങേറിയത് .

കുട്ടികളും മുതിര്‍ന്നവരും വിവിധതരം കലാപരിപാടികള്‍ അവതരിപ്പിച്ചു, ഫസക്കര്‍ലി ലേഡിസ് അവതരിപ്പിച്ച ഡാന്‍സും ഹരികുമാര്‍ ഗോപാലന്റെ നേതൃത്തത്തില്‍ അവധരിപ്പിച്ച അമ്മന്‍കുടവും കാണികളുടെ നിലക്കാത്ത കൈയടി നേടി, .മത സഹോദരൃത്തിന്റെ പരിസരം പൊതുവേ നഷ്ട്ടമായികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ .
മതസഹോദരൃത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കുക എന്നതാണ് ഇത്തരം പരിപാടികള്‍കൊണ്ട് ഉദേശിക്കുന്നതെന്നു ലിമ ഭാരവാഹികള്‍ പറഞ്ഞു.

വൈകുന്നേരം 6 മണിക്കാരംഭിച്ച പരിപാടികള്‍ രാത്രി 10 മണി വരെ തുടര്‍ന്നു വളരെ രുചികരമായ ഭക്ഷണമാണ് അതിഥികള്‍ക്ക് വേണ്ടി ഒരുക്കിയിരുന്നത് .
പരിപാടികള്‍ക്ക് ലിമ സെക്രട്ടറി ബിജു ജോര്‍ജ്ജ് നന്ദി പറഞ്ഞു

ന്യൂസ് ഡെസ്ക്.

എഡിൻബറോയിൽ മലയാളി നഴ്സ് മരണമടഞ്ഞു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ ഷീജാ ബാബുവാണ് ക്യാൻസർ മൂലം മരിച്ചത്. ലിവിംഗ്സ്റ്റണിലെ പീക്കോക്ക് നഴ്സിംഗ് ഹോമിലെ ജീവനക്കാരിയായിരുന്നു. 43 വയസുള്ള ഷീജാ ഇന്നലെ വൈകുന്നേരം ലിവിംഗ്സ്റ്റണിലെ സെൻറ് ജോൺസ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ആറു മാസം മുമ്പാണ് ക്യാൻസർ രോഗം സ്ഥിരീകരിച്ചത്. ബാബു എബ്രഹാമാണ് ഭർത്താവ്. മൂന്നു മക്കളുണ്ട്. സ്റ്റെഫാൻ, സൂരജ്, സ്നേഹ.

ഷീജാ ബാബുവിന്റെ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

RECENT POSTS
Copyright © . All rights reserved