ആഢംബര വിമാനയാത്രകള്‍ക്കായി എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ വന്‍തുക ചെലവഴിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. ടാക്‌സ് പെയേഴ്‌സ് അലയന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2015ന് ശേഷം എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിമാനയാത്രകള്‍ക്കായി ചെലവഴിച്ചിരിക്കുന്നത് ഏതാണ്ട് 6.5 മില്യണ്‍ പൗണ്ടാണ്. ഏകദേശം 16,866 യാത്രകളുടെ ബില്ലാണിത്. ഇവര്‍ നടത്തിയ മിക്ക യാത്രകളുടെയും ടിക്കറ്റുകള്‍ ബിസിനസ് ക്ലാസുകളിലേതായിരുന്നുവെന്ന് അന്വേഷണത്തില്‍ മനസിലായിട്ടുണ്ട്. എന്‍എച്ച്എസ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ഘട്ടത്തിലാണ് ആഢംബര യാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. എന്‍എച്ച്എസിനെ ബാധ്യതകളില്‍ നിന്ന് കരകയറ്റാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പിലാണ് തെരേസ മെയ് സര്‍ക്കാര്‍.
716 ബിസിനസ് ക്ലാസ് വിമാനയാത്രകളും 174 പ്രീമിയം ഇക്കോണമി യാത്രകളുമാണ് എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ നടത്തിയിരിക്കുന്നത്. ഇത് കൂടാതെ മറ്റു യാത്രകളും നടത്തിയിട്ടുണ്ട്. ബിസിനസ് ക്ലാസ് യാത്രകള്‍ക്ക് മാത്രമായി 2.2 മില്യണ്‍ പൗണ്ടും പ്രീമിയം ഇക്കോണമി യാത്രകള്‍ക്കായി 241,345 പൗണ്ടുമാണ് ചെലവഴിച്ചിരിക്കുന്നത്. എന്‍എച്ച്എസ് നിലവില്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിനായി ഏതാണ്ട് 4 ബില്യണോളം പൗണ്ട് ആവശ്യമായി വരുമെന്ന് എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് വ്യക്തമാക്കിയിരുന്നു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ എന്‍എച്ച്എസ് പ്രതിസന്ധി പരിഹരിക്കുന്നതിനായി അധിക നികുതി ഏര്‍പ്പെടുത്തുന്നത് വരെയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആലോചിച്ച് വരികയാണ്.
എന്നാല്‍ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എന്‍എച്ച്എസിനെ നേരം വിമര്‍ശനങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്. പണം അനാവിശ്യമായി ധൂര്‍ത്തടിക്കുകയാണ് എന്‍എച്ച്എസ് ചെയ്യുന്നതെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ബ്രിട്ടനിലെ ആരോഗ്യ മേഖലയെ അവിഭാജ്യഘടകമെന്ന നിലയില്‍ ഇത്തരം കാര്യങ്ങളില്‍ എന്‍എച്ച്എസ് സൂക്ഷ്മത പുലര്‍ത്തേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ ഭാവിയില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകും. ബിസിനസ് ക്ലാസ് യാത്രകള്‍ നടത്തുന്നത് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള നിയമങ്ങളുടെ ലംഘനമാണ്. 1000 പൗണ്ട് ചെലവുള്ള 615 വിമാനയാത്രകളാണ് എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ നടത്തിയിരിക്കുന്നത്. ഹീത്രൂവില്‍ നിന്ന് സാന്റിയാഗോയിലേക്ക് ഒക്ടോബറില്‍ എന്‍എച്ച്എസ് ബ്ലഡ് ആന്റ് ട്രാന്‍സ്പ്ലാന്റ് ജീവനക്കാരന്‍ നടത്തിയ യാത്രയാണ് ഏറ്റവും ചെലവേറിയത്. അന്ന് 6,231 പൗണ്ടാണ് വിമാന ടിക്കറ്റിനായി ചെലവഴിച്ചത്.
വിദേശങ്ങളില്‍ നിന്ന് എന്‍എച്ച്എസില്‍ നിയമിക്കപ്പെട്ട ഡോക്ടര്‍മാര്‍ക്ക് ഹോം ഓഫീസ് വിസ നിഷേധിക്കുന്നു. ഹെല്‍ത്ത് സര്‍വീസില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഹോം ഓഫീസ് നിയന്ത്രണങ്ങള്‍ തിരിച്ചടിയാകുകയാണ്. യൂറോപ്പിതര രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന വിസകള്‍ക്ക് പരിധിയേര്‍പ്പെടുത്തിയിരിക്കുന്നത് രോഗികള്‍ക്കായിരിക്കും പ്രതിസന്ധി സൃഷ്ടിക്കുകയെന്ന് എന്‍എച്ച്എസ് വ്യക്തമാക്കി. 30 എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ നിയമിക്കുന്നതിനായി നോര്‍ത്ത്-വെസ്റ്റിലെ ഒരു സ്‌കീമിലേക്ക് നിയോഗിക്കപ്പെട്ട നൂറോളം ഇന്ത്യക്കാരായ ഡോക്ടര്‍മാര്‍ക്ക് വിസ നിഷേധിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഡിസംബറിനു ശേഷം 400ഓളം വിദേശ ഡോക്ടര്‍മാര്‍ക്കുള്ള വിസ ഹോം ഓഫീസ് നിഷേധിച്ചിട്ടുണ്ടെന്ന് എന്‍എച്ച്എസ് എംപ്ലോയേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഡാനി മോര്‍ട്ടിമര്‍ ബിബിസിയോട് പറഞ്ഞു.
ഡോക്ടര്‍മാരുടെ കുറവ് മൂലം ക്ലിനിക്കുകള്‍ റദ്ദാക്കപ്പെടുകയും രോഗികളുടെ പരിശോധനയില്‍ പോലും താമസമുണ്ടാകുകയും ചെയ്യുന്നുണ്ട്. നിലവിലുള്ള മെഡിക്കല്‍ സംഘത്തിനുമേല്‍ ഇതുമൂലം സമ്മര്‍ദ്ദമേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും കുറവുമൂലം വിന്ററില്‍ എന്‍എച്ച്എസ് നേരിട്ട പ്രവര്‍ത്തന പ്രതിസന്ധി എല്ലാവരും കണ്ടതാണ്. എന്നിട്ടും ഈ വിധത്തിലുള്ള നടപടിയെടുക്കാന്‍ ഹോം ഓഫീസിന് കഴിയുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നായിരുന്നു ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ പാര്‍ട്‌നര്‍ഷിപ്പ് ചീഫ് ഓഫീസര്‍ ജോണ്‍ റൂസ് പറഞ്ഞത്.
ഇംഗ്ലണ്ടില്‍ മാത്രം ഒരു ലക്ഷത്തോളം ഒഴിവുകള്‍ നികത്താതെ കിടക്കുന്നുണ്ടെന്ന് എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റ് ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കുന്ന ടയര്‍ 2 വിസകളുടെ പ്രതിമാസ പരിധി കഴിയുന്നത് മൂലമാണ് ഇപ്രകാരം സംഭവിക്കുന്നതെന്നാണ് ഹോം ഓഫീസ് വിശദീകരിക്കുന്നത്. അപേക്ഷ നിരസിക്കപ്പെട്ടവര്‍ക്ക് വീണ്ടും അപേക്ഷിക്കാമെന്നും അധികൃതര്‍ പറഞ്ഞു. ദേശീയ താല്‍പര്യത്തിന് അനുസരിച്ചാണ് ഇമിഗ്രേഷന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും തൊഴിലുകളില്‍ യുകെ പൗരന്‍മാര്‍ക്ക് ആദ്യം അവസരം നല്‍കിയ ശേഷം മാത്രമായിരിക്കും വിദേശ പൗരന്‍മാരെ പരിഗണിക്കുകയെന്നും ഹോം ഓഫീസ് വക്താവ് പറഞ്ഞു.
തന്റെ ചുമതലയിലുണ്ടായിരുന്ന പ്രാക്ടീസുകളില്‍ നിന്ന് 400,000 പൗണ്ടുമായി കടന്നുകളഞ്ഞ ജിപി കാമുകിയുമൊത്ത് ആത്മമഹത്യ ചെയ്തുവെന്ന് സ്ഥിരീകരണം. ജിപിയായിരുന്ന ടൈറ്റസ് ബ്രാഡ്‌ലി നോയേമി ഗെര്‍ഗ്ലി എന്ന 28കാരിയായ കാമുകിയുമൊത്ത് കേപ്പ് വെര്‍ഡിലുള്ള സാന്റോ അന്റാവോ എന്ന സ്ഥലത്തേക്കാണ് കടന്നത്. ഒരു വര്‍ഷം മുമ്പ് ഇവര്‍ അപ്രത്യക്ഷരായതിനു ശേഷമാണ് ഡോ.ബ്രാഡ്‌ലി ജോലി ചെയ്തിരുന്ന നാല് പ്രാക്ടീസുകളിലെ പെന്‍ഷന്‍ ഫണ്ടുകളും ജീവനക്കാരുടെ ശമ്പളത്തിനായുള്ള പണവും കാണാനില്ലെന്ന് വ്യക്തമായത്. അറ്റ്‌ലാന്റിക് ദ്വീപായ കേപ്പ് വെര്‍ഡിലെ പോലീസ് ഇന്നലെയാണ് ഇവര്‍ രണ്ടു പേരും ഒരു ബുള്ളറ്റില്‍ നിന്നേറ്റ മുറിവിനാലാണ് കൊല്ലപ്പെട്ടതെന്ന് അറിയിച്ചത്.
ഇരുവരും തമ്മിലുണ്ടായ കലഹത്തിനു ശേഷമായിരുന്നു കൊലപാതകവും ആത്മഹത്യയും നടന്നതെന്ന് ഇവര്‍ താമസിച്ചിരുന്ന ഡിവിന്‍ ആര്‍ട്ട് ഗസ്റ്റ് ഹൗസിലെ മാനേജര്‍ പറഞ്ഞു. തന്നെ ഡോക്ടര്‍ മര്‍ദ്ദിച്ചതായി നോയേമി ഗസ്റ്റ് ഹൗസ് ജീവനക്കാരോട് പറഞ്ഞിരുന്നു. ഇതിനു ശേഷം വെടിയൊച്ച കേള്‍ക്കുകയായിരുന്നുവെന്നാണ് മൊഴി. പണം നഷ്ടമായെന്ന് യുകെയില്‍ സ്ഥിരീകരിക്കപ്പെട്ടതിനു ശേഷമായിരുന്നു ഇവര്‍ ചെക്ക് ഇന്‍ ചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്. 2017 ഏപ്രില്‍ 15നായിരുന്നു ഇത്. രണ്ട് ദിവസത്തിനു ശേഷം ഇരുവരും കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തില്‍ മറ്റ് ദുരൂഹതകളൊന്നും ഇല്ലെന്നാണ് പോലീസ് അറിയിക്കുന്നത്. 2012ല്‍ വിവാഹബന്ധം തകര്‍ന്നയാളാണ് ബ്രാഡ്‌ലി. ലണ്ടനില്‍ ഒരു പബ്ലിക് റിലേഷന്‍സ് കമ്പനിയില്‍ ജീവനക്കാരിയായിരുന്നു ഹംഗേറിയന്‍ വംശജയായ നൊയേമി.
ഇവരുമായി പരിചയപ്പെടുമ്പോള്‍ ഈസ്റ്റ് സസെക്‌സിലെ ഇയാള്‍ക്ക് കീഴിലുള്ള സര്‍ജറികള്‍ ജീവനക്കാരില്ലാതെ പ്രതിസന്ധിയിലായിരുന്നു. അസന്‍ഷന്‍ ദ്വീപുകളിലേക്ക് മീന്‍പിടിത്ത ട്രിപ്പിന് പോയ ഇവര്‍ രണ്ടു പേരും മൂന്നാഴ്ച പിന്നിട്ടിട്ടും മടങ്ങിയിരുന്നില്ല. പിന്നീട് തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായെന്ന് പറഞ്ഞ് നോയേമി തിരിച്ചെത്തിയിരുന്നുവെന്ന് സര്‍ജറി വൃത്തങ്ങള്‍ പറഞ്ഞു. കാണാതായ പണം നോയേമിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി അന്ന് കണ്ടെത്തിയിരുന്നു. ഈ സര്‍ജറികളില്‍ രണ്ടെണ്ണം ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. രണ്ടെണ്ണം പുതിയ ഉടമസ്ഥരുടെ കീഴിലാണുള്ളത്. ഇവരെ അവസാനമായി കാണാതാകുന്നതിനു മുമ്പായി സര്‍ജറികളിലെ ജീവനക്കാര്‍ക്ക് ശരിയായി ശമ്പളം ലഭിച്ചിരുന്നില്ലെന്നും മുന്‍ സ്റ്റാഫ് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം പണം കാണാതായ സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണെന്ന് സസെക്‌സ് പോലീസ് അറിയിച്ചു.
ലണ്ടൻ∙ ഇംഗ്ലീഷ് ഫുട്ബോളിന്റെ ഹൃദയഭൂമിയായ വെബ്ലി നാഷണൽ സ്റ്റേഡിയം ഫുട്ബോൾ അസോസിയേഷനിൽ നിന്നും സ്വകാര്യ വ്യക്തിയുടെ കൈകളിലേക്ക്. മൂന്നു മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി പാക്ക് വംശജനായ അമേരിക്കൻ വ്യവസായി സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുമെന്നാണ് റിപ്പോർട്ട്. ഇംഗ്ളീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബ്ബായ ഫുൾഹാമിന്റെ ഉടമയും അമേരിക്കൻ വ്യവസായ പ്രമുഖനുമായ ഷാഹിദ് ഖാനാണ് ഇംഗ്ലീഷ് ഫുട്ബോൾ ആരാധകരുടെ വികാരമായ വെബ്ലിയെ സ്വകാര്യ സ്വത്താക്കി മാറ്റാൻ 900 മില്യൺ പൗണ്ടിന്റെ ക്വട്ടേഷൻ നൽകിയിരിക്കുന്നത്. അമേരിക്കയിലെ നാഷണൽ ഫുട്ബോൾ ലീഗിലെ പ്രമുഖ ടീമായ ജാക്സൺ വില്ലെ ജാഗ്വാർസിന്റെ ഉടമ കൂടിയാണ് കടുത്ത ഫുട്ബോൾ ആരാധകനായ ഷാഹിദ് ഖാൻ.
സ്റ്റേഡിയത്തിന് 600 മില്യൺ പൗണ്ടും സ്റ്റേഡിയത്തോടനുബന്ധിച്ചുള്ള ക്ലബ്ബിനും മറ്റു ഹോസ്പിറ്റാലിറ്റി ബിസിനസുകൾക്കുമായി 300 മില്യം പൗണ്ടുമാണ് ഷാഹിദ് ഖാൻ വിലയിട്ടിരിക്കുന്നത്. ബിസിനസ് ലാഭത്തേക്കാളുപരി സ്റ്റേഡിയം സ്വന്തമാക്കാനുള്ള മോഹവിലയാണിതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
2013ൽ ഫുൾഹാം ക്ലബ്ബിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയതു മുതലാണ് പാക്കിസ്ഥാനിൽ ജനിച്ചു വളർന്ന അമേരിക്കൻ വ്യവസായായ ഷാഹിദ് ഖാൻ (67) ഇംഗ്ലീഷ് ഫുട്ബോൾ രംഗത്ത് താൽപര്യം പ്രകടിപ്പിച്ചു തുടങ്ങിയത്. 2007 മുതൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ എൻ.എഫ്.എൽ. ഫ്രാഞ്ചൈസി ജാക്സൺ വില്ലെ വെംബ്ലിയിൽ സ്ഥിരമായി കളിക്കാൻ എത്തിയിരുന്നു. ഫോബ്സ് മാസിക 2018ൽ പുറത്തിറക്കിയ ലോകത്തെ ധനികരുടെ ലിസ്റ്റിൽ 217 ആണ് ഷാഹിദ് ഖാന്റെ സ്ഥാനം. 6.25 ബില്യൺ പൗണ്ടാണ് ഈ വർഷത്തെ അദ്ദേഹത്തിന്റെ പ്രഖ്യാപിത സ്വത്ത്.
92,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള വെബ്ലി സ്റ്റേഡിയം ബ്രിട്ടനിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയമാണ്. വലിപ്പത്തേക്കാളുപരി ഇംഗ്ലീഷ് ഫുട്ബോളിന്റെ മെക്കയായാണ് വെംബ്ലി അറിയപ്പെടുന്നത്. 1966ൽ ബോബി മൂറും സംഘവും ഇംഗ്ലണ്ടിനായി ലോകകപ്പ് സ്വന്തമാക്കിയത് വെംബ്ലിയിലാണ്. അന്നു മുതൽ ഇംഗ്ലണ്ടിന്റെ ഭാഗ്യ ഗ്രൗണ്ടായും ദേശീയ ഗ്രൗണ്ടായുമൊക്കെയാണ് വെംബ്ലി അറിയപ്പെടുന്നത്. ഇതു സ്വകാര്യ വ്യക്തിക്കു വിൽക്കാനുള്ള തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധവും ഉടലെടുത്തിട്ടുണ്ട്.
സ്പോട്സ് ഇംഗ്ലണ്ട്, ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ-മീഡിയ ആൻഡ് സ്പോർട്സ്, ലണ്ടൻ ഡവലപ്മെന്റ് ഏജൻസി, എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഫുട്ബോൾ അസോസിയേഷൻ 2007ൽ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഏകദേശം 757 മില്യൺ പൗണ്ടായിരുന്നു ഇതിനായി ചെലവഴിച്ചത്. നാഷണൽ ലോട്ടറിയിൽ നിന്നുള്ള 120 മില്യൺ പൗണ്ടും ഇതിനായി ഉപയോഗിച്ചു. 2014 ആകുമ്പോഴേ ഈ തുകയിൽ ബാക്കിയുള്ള 113 മില്യൺ ബാധ്യത ഫുട്ബോൾ അസോസിയേഷനു കൊടുത്തു തീർക്കാനാകൂ. അതിനു മുമ്പേ സ്റ്റേഡിയം വിൽക്കുന്നത് ഫുട്ബോൾ വികസനത്തിനു പണം കണ്ടെത്താനാണെന്നാണ് അസോസിയേഷന്റെ വിശദീകരണം.
പ്രതിഷേധം ശക്തമായതോടെ ജനവികാരം കണക്കിലെടുത്തു മാത്രമേ തീരുമാനം ഉണ്ടാകു എന്നു പ്രധാനമന്ത്രി തെരേസ മേ വ്യക്തമാക്കി. പ്രമുഖ ക്ലബുകളുടെ കോച്ചുമാരും ഇംഗ്ലണ്ടിന്റെ ഇതിഹാസ താരങ്ങളായ കളിക്കാരും ഉൾപ്പെടെയുള്ളവർ തീരുമാനത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഗാരി ലിനേക്കറെപ്പോലുള്ള ചിലർ തീരുമാനത്തെ അനുകൂലിച്ചും രംഗത്തുണ്ട്.
ഫുട്ബോളിന്റെ അടിസ്ഥാന വികസനത്തിനായി പണം കണ്ടെത്താനുള്ള ഈ നീക്കത്തിൽ തെറ്റില്ലെന്നാണ് ഇവരുടെ അഭിപ്രായം. സ്റ്റേഡിയം വിൽപനയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ഏതു കാലാവസ്ഥയിലും കളിക്കാൻ ഉതകുന്ന 1500 ഫുട്ബോൾ പിച്ചുകൾ രാജ്യമെങ്ങും ഉണ്ടാക്കാനാണ് ഫുട്ബോൾ അസോസിയേഷൻ ലക്ഷ്യമിടുന്നത്. നിലവിൽ ബ്രിട്ടനിൽ ഇരുപതിനായിരത്തിലേറെ ഫുട്ബോൾ പിച്ചുകൾ ഉണ്ടെങ്കിലും ഇവയിൽ ഭൂരിഭാഗവും മഴക്കാലത്തും മഞ്ഞുകാലത്തും ഉപയോഗിക്കാൻ കൊള്ളാത്തവയാണ്. ഇങ്ങനെ നഷ്ടപ്പെടുന്ന മൽസരങ്ങളുടെ എണ്ണം നിരവധിയാണെന്നും ഇതു ഫുട്ബോളിന്റെ വളർച്ചയ്ക്ക് തടസമാകുമെന്നുമാണ് അസോസിയേഷന്റെ വാദം. ഉടമസ്ഥാവകാശം കൈമാറിയാലും വെംബ്ലിയുടെ ദേശീയ പ്രാധാന്യവും പ്രാമുഖ്യവും ഹോം ഗ്രൗണ്ടെന്ന ഖ്യാതിയും തുടരുമെന്നും അസോസിയേഷൻ വാദിക്കുന്നു.
ടോമി തോമസ്
ശാസ്ത്രബോധവും മാനവികതയും യുക്തിചിന്തയും പരിപോഷിപ്പിക്കുന്നതിനു വേണ്ടി, കേരളത്തില്‍ രൂപംകൊണ്ട എസ്സെന്‍സ് ക്ലബ് അതിന്റെ പ്രൗഢ ഗംഭിര പ്രവര്‍ത്തനങ്ങളാല്‍ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ആഗോളതലത്തില്‍ പ്രചുരപ്രചാരം നേടിക്കഴിഞ്ഞു. ഈ ശാസ്ത്ര പ്രസ്ഥാനത്തിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായ യുകെയിലെ പ്രബുദ്ധരായ ആള്‍ക്കാരുടെ ആഗ്രഹപ്രകാരം 2017 ഒക്ടോബകര്‍ 30ിന് ഇവിടെയും എസ്സെന്‍സ് രൂപംകൊണ്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ലോകത്തിനുതന്നെ മാതൃകയായി നമ്മുടെ കൊച്ചുകേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചെങ്കിലും ആ അറിവ് പ്രയോഗിക ജീവിതത്തില്‍ പ്രതിഫലിക്കുന്നില്ല.
വിദ്യാഭ്യാസത്തിലൂടെ ജനങ്ങള്‍ക്ക് കിട്ടിയ അറിവ് പ്രാവര്‍ത്തികമാക്കുവാന്‍ സഹായിക്കുന്നതിനുപകരം മസ്തിഷ്‌കപ്രഷാളനത്തിലൂടെ ജനങ്ങളില്‍ ഇടുങ്ങിയ ചിന്താഗതിയും അനൈക്യവും അരാജകത്വും അന്ധവിശ്വാസവും വളര്‍ത്തുവാനാണ് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളില്‍ മുഴുകിയവരും ദന്തഗോപുരങ്ങളില്‍ വിരാജിക്കുന്നവരുമായ മതരാഷ്ട്രീയനേതാക്കളുടെ മല്‍സരം. ജനങ്ങളെ പുരോഗതിയുടെയും സ്വാതന്ത്ര്യത്തിന്റെയും പടവുകള്‍ ചവിട്ടിക്കയറുവാന്‍ പ്രേരിപ്പിക്കുന്നതിനു പകരം അറിവില്ലായ്മയുടെയും പാരതന്ത്ര്യത്തിന്റെയും അന്ധകാര ലോകത്തിലേക്ക് തള്ളിവിടുവാനാണ് സുഖലോലുപതയില്‍ മുങ്ങിക്കുളിക്കുന്ന മതരാഷ്ട്രീയക്കോമരങ്ങള്‍ക്കു താല്പര്യം.
നാം ജീവിക്കുന്ന ഈ നൂറ്റാണ്ടില്‍ കാണുന്ന സര്‍വ ഐശ്വര്യങ്ങള്‍ക്കും കാരണമായ ശാസ്ത്രത്തിന്റെ അറിവുകളെ തള്ളിപ്പറഞ്ഞുകൊണ്ട് നമ്മളെ വീണ്ടും ഇരുണ്ടകാലഘട്ടത്തിലെ അടിമത്തസ്ഥിതിയിലേക്കു വലിച്ചിഴച്ചെങ്കില്‍ മാത്രമേ മതരാഷ്ട്രീയ നേതാക്കള്‍ക്ക് നിലനില്‍പ്പുള്ളൂ. അയ്യായിരവും രണ്ടായിരവും വര്‍ഷങ്ങളിലെ പാരമ്പര്യം അവകാശപ്പെടുന്ന മതങ്ങള്‍ക്കോ നൂറുകണക്കിന് വര്‍ഷങ്ങളുടെ ചരിത്രം അവകാശപ്പെടുന്ന രാഷ്ട്രീയ തത്വചിന്താ പ്രസ്ഥാനങ്ങള്‍ക്കോ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ സാധിക്കുന്നില്ല.
നിരന്തരം ഭീതി ജനിപ്പിക്കുന്ന ചിന്തകള്‍ അവിരാമം മലയാളികളുടെ തലച്ചോറിലേക്ക് കടത്തിവിട്ട് അവരെ നിഷ്‌ക്രിയരാകുന്ന മതനേതാക്കള്‍ ജനങ്ങളെ ശാസ്ത്രത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും അറിവുകളെ പുച്ഛിച്ചുതള്ളുവാന്‍ പ്രേരിപ്പിക്കുമ്പോള്‍ തന്നെ സ്വന്തം ചികിത്സക്കുവേണ്ടി ഏറ്റവുംമുന്തിയ ആതുരസേവനത്തിനായി ലക്ഷങ്ങള്‍ ചിലവഴിച്ചു പരക്കംപായുന്നു. മനുഷ്യന്റെ സര്‍ഗാത്മകതയും അന്വേഷണത്വരയും യുക്തിചിന്തയും നശിപ്പിക്കുന്ന മതഭ്രാന്തിനെ തൂത്തെറിയുവാന്‍ യൂറോപ് ഉള്‍പ്പെടെയുള്ള വികസിതരാജ്യങ്ങള്‍ ശ്രമിക്കുന്നത് നമ്മുടെ കണ്‍മുമ്പിലുണ്ട്.
സമത്വസുന്ദര ഭാവി വാഗ്ദാനം ചെയുന്ന സാങ്കല്പിക രാഷ്ട്രീയ തത്വചിന്തകളുടെ തകര്‍ന്നടിയിലും സംഭവിച്ചത് നമ്മുടെ കാലഘട്ടത്തില്‍ത്തന്നെയാണ്. ഈ അവസരത്തിലാണ് മാറ്റങ്ങള്‍ക്കുവേണ്ടി ദാഹിക്കുന്ന യുവാക്കള്‍ക്കു ആശയും പ്രതീക്ഷയും ആയി എസ്സെന്‍സ് ക്ലബ്ബ് മുന്നോട്ടുവരുന്നത്. മധ്യകാലഘട്ടത്തെ ചരിത്രത്തിന്റെ ഇരുണ്ട കാലഘട്ടമെന്നു വിശേഷിപ്പിക്കുന്നത്, മത രാഷ്ട്രീയ നേതാക്കളുടെ നിയന്ത്രണത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെയും അരാജകത്തത്തിന്റെയും ഫലമായി മനുഷ്യരാശിയെ വെറും വിഡ്ഢികളാക്കി സര്‍ഗാത്മകതയും ശാസ്ത്രചിന്തയും അടിച്ചമര്‍ത്തിയതിന്റെ ഫലമായിരുന്നു.
അതില്‍ നിന്നുള്ള ഒരു മോചനമായിരുന്നു പിന്നീട് നവോത്ഥാനത്തിലൂടെ നമ്മള്‍ യൂറോപ്പില്‍ കണ്ടത്. ആ അന്ധകാരത്തില്‍നിന്നും ശാസ്ത്രത്തിന്റെ വെളിച്ചത്തിലൂടെ മുന്നേറിയതിന്റെ ഫലമാണ് നാം കാണുന്ന ഈ ലോകം. എന്നാല്‍ വീണ്ടും നമ്മളെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അടിമകളാക്കുവാന്‍ ചിലരുടെ ഭാഗത്തുനിന്നും ശ്രമിക്കുന്നതിനെ തടയാനാണ് Renaissance 2018 ലൂടെ എസ്സെന്‍സ് യുകെ ശ്രമിക്കുന്നത്.
ജീവിതത്തിലെ ഏതു പ്രശ്‌നങ്ങളെയും അവസ്ഥകളെയും ശാസ്ത്രത്തിന്റെ കണ്ണുകളിലൂടെ നോക്കികാണുവാനും പ്രതിസന്ധിഘട്ടങ്ങളെ ശാസ്ത്രത്തിന്റെ മാര്‍ഗത്തിലൂടെ അപഗ്രഥിച്ചു മനസ്സിലാക്കുവാനുള്ള ശരിയായ ശ്രമമാണ് എസ്സെന്‍സിലൂടെ സാധിക്കുന്നത്. അനീതിക്കും അനൈക്യത്തിനും പാരതന്ത്ര്യത്തിനും വിരാമമിട്ടുകൊണ്ട് സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സുന്ദരഭൂവിലേക്ക് ചവിട്ടിക്കയറണമെങ്കില്‍ തങ്ങള്‍ക്കുകിട്ടിയ ശാസ്ത്രാവബോധം ജനങ്ങളില്‍ പ്രചരിപ്പിച്ചെങ്കില്‍ മാത്രമേ സാധിക്കുകയുള്ളു എന്ന് മനസിലാക്കിയ ചെറുപ്പക്കാരുടെ ശ്രമം ഇന്ന് ആഗോളതലത്തില്‍ ഒരു മാറ്റത്തിനു വഴിമരുന്നിടുകയാണ്.
ചരിത്രം എടുത്തു പരിശോധിച്ചാല്‍ ഏതു മാറ്റങ്ങളുടെയും വിപ്ലവങ്ങളുടെയും പിന്നില്‍ അറിവില്‍ സമ്പുഷ്ടരായ, ചുറുചുറുക്കുള്ള യുവാക്കളുടെ ഊര്‍ജ്വസ്വലമായ പ്രവര്‍ത്തനത്തിന്റെ ഒരു നീണ്ട നിര തന്നെകാണാം. ഉറങ്ങിയെണീക്കുന്നതുപോലെ ഒരു മാറ്റം പ്രതിഷിക്കുന്നില്ലെങ്കിലും പടിപടിയായുള്ള പ്രവര്‍ത്തനങ്ങളിലൂടെയും നവമാദ്ധ്യമങ്ങളുടെ സഹായത്താലും എസ്സെന്‍സ് ക്ലബ് അതിന്റെ സാന്നിദ്ധ്യം ഏവരുടെ മനസ്സിലും വരുത്തികൊണ്ടിരിക്കുന്നു.
കച്ചവടതാല്പര്യങ്ങള്‍ വെച്ചുപുലര്‍ത്തുന്ന മതരാഷ്ട്രീയനേതാക്കളുടെ കുഴലൂത്തുകാരായ പരമ്പരാഗത വാര്‍ത്താമാധ്യമങ്ങള്‍ എസ്സെന്‍സിന്റെ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും നവമാധ്യമങ്ങളിലെ സജീവ സാന്നിധ്യങ്ങളിലൂടെ ഒരു മാറ്റത്തിനായി ദാഹിക്കുന്ന കുറെയേറെ യുവാക്കളെ എസ്സെന്‍സിനു നേടുവാന്‍ സാധിച്ചിരിക്കുന്നു. കേരളത്തിലെ മതരാഷ്ട്രീയനേതാക്കളുടെ ആഞ്ജാനുവര്‍ത്തികളും അടിമകളുമാകാതെ അവര്‍ പടുത്തുയര്‍ത്തുന്ന കോട്ടകൊത്തളങ്ങളും ചങ്ങലകളും പൊട്ടിച്ചെറിയാനും മാനവികതയുടെയും, സമത്വത്തിന്റെയും പുരോഗതിയുടെയും ചിന്തകള്‍ വിതറികൊണ്ട് മനുഷ്യരാശി നേരിടുന്ന പ്രതിസന്ധികളെയും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ശാസ്ത്രത്തിന്റെ അടിത്തറയില്‍നിന്നുകൊണ്ടു അവയൊക്കെ വിശകലനം ചെയ്തു തരണം ചെയ്യുവാന്‍ എസ്സെന്‍സ് ക്ലബ്ബിനോട് ജാതി മത വര്‍ഗ്ഗ ലിംഗ വ്യത്യസമില്ലാതെ കൈകോര്‍ക്കുക.
ജനസേവനമെന്ന വ്യാജേന പണസമ്പാദനത്തിനും വോട്ടുബാങ്കിനുംവേണ്ടി മതരാഷ്ട്രീയനേതാക്കള്‍ യുകെയിലുടെനീളം കഴുകന്മാരെപോലെ മലയാളികളെത്തേടി വട്ടമിട്ടു പറക്കുമ്പോള്‍ ശാസ്ത്രബോധനം എന്ന ഒറ്റലക്ഷ്യത്തോടെയാണ് ഏഴിലധികം വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദം നേടിയതും കഴിഞ്ഞവര്‍ഷത്തെ ഏറ്റവും നല്ല ശാസ്ത്രപ്രചാരകനുള്ള കേരളസംസ്ഥാന അവാര്‍ഡ് നേടിയ, പ്രശസ്ത വാഗ്മിയും സംവാദകനുമായ ശ്രീ. ഇ. രവിചന്ദ്രന്‍ യുകെയില്‍ വരുന്നത്.
വ്യാജചികിത്സാവിദഗ്ദ്ധരും ആള്‍ദൈവങ്ങളും പ്രചരിപ്പിക്കുന്ന അബദ്ധധാരണകളും വിശ്വാസങ്ങളും പൊളിച്ചടുക്കി, കയ്പേറിയ നഗ്‌നസത്യങ്ങളും അപ്രിയസത്യങ്ങളും മുഖംനോക്കാതെ വീറോടെ സമൂഹമധ്യത്തില്‍ അവതരിപ്പിക്കുന്ന കേരളത്തിലെ അപൂര്‍വ വ്യക്തിത്വത്തിന്റെ ഉടമയായ രവി സാറിന്റെ പ്രബോധനങ്ങള്‍ നേരിട്ടുകേള്‍ക്കുവാനും ആശയസംവാദനത്തിനുമുള്ള സുവര്‍ണ്ണാവസരത്തിലേക്ക് ഏവര്‍ക്കും ഹാര്‍ദവമായ സ്വാഗതം. യുകെയിലെ വിവിധ നഗരങ്ങളിലും അയര്‍ലണ്ടിലും നടത്തപ്പെടുന്ന ശ്രീ. രവിചന്ദ്രന്റെ പ്രധാനപ്പെട്ട പരിപാടികള്‍ താഴെപ്പറയുന്നവയാണ്.
1. ഹ്യൂമനിസം അണ്‍പ്ലഗ്ഗ്ഡ്.
മെയ് 14 ന് 4 pm – 9 pm
വൈന്‍ കോണ്‍ഫറന്‍സ് സെന്റര്‍, 131 , ഗര്‍വോക് ഹില്‍,
ഡാണ്‍ഫേം ലൈന്‍. എഡിന്‍ബര്‍ഗ്. KY11 4JU. ഫോണ്‍ – 07443892438, 07727406149
2. സ്റ്റീഫന്‍ ഹോക്കിങ് അനുസ്മരണ സമ്മേളനം
മെയ് 16 ന് 6 pm – 9 pm. നോര്‍ത്ത് വേ ഇവാഞ്ചലിക്കല്‍ ചര്‍ച് ഹാള്‍, 12 സട്ടന്‍ റോഡ്, ഓക്‌സ്‌ഫോര്‍ഡ്. OX3 9RB. ഫോണ്‍- 07874002934, 07415500102
3. സോറി അലന്‍
മെയ് 19 ന് 2 pm – 9 pm. ബ്രിട്ടാനിയ കണ്‍ട്രി ഹോസ് ഹോട്ടല്‍,
പാലറ്റിന്‍ റോഡ്, ഡിഡ്‌സ്ബറി, മാഞ്ചസ്റ്റര്‍. M20 2WG. ഫോണ്‍- 07415500102, 07874002934
4. മുട്ടുമടക്കിയ നാസ
മെയ് 20 ന് 4 pm – 10 pm ഒയാസിസ് അക്കാദമി, 50 ഹോംഫീല്‍ഡ് റോഡ്, കോള്‍സ്ടന്‍. ക്രോയിഡന്‍. CR5 1ES., ഫോണ്‍- 07874002934, 07702873539
5. വാലസ് & വെയില്‍സ്
മെയ് 24 ന് 8 pm -11 pm. സെന്റ് ഫിലിപ് ഇവാന്‍സ് കമ്മ്യൂണിറ്റി ഹാള്‍, ലാണെണ്ടിയറാന്‍, കാര്‍ഡിഫ്. CF23 9UL ഫോണ്‍- 07505202005
6. ഭീതിവ്യാപാരികള്‍
മെയ് 26 ന് 4 pm – 10 pm. ട്രിനിറ്റി സെന്റര്‍, ഈസ്റ്റ് അവന്യു, മനോര്‍ പാര്‍ക്ക്. ഈസ്‌റ് ഹാം E12 6SG. ഫോണ്‍- 07737240192, 07930134340.
7. ജനനാനന്തര ജീവിതം.
മെയ് 27 ന് 5 pm – 10 pm ദി പ്ലാസ ഹോട്ടല്‍, തളറ്റ്, ഡബ്‌ളിന്‍. D24 X2FC. ഫോണ്‍- 0872263917, 0879289885.
ഡെര്‍ബി മലയാളി അസോസിയേഷന്റെ പതിനൊന്നാം വാര്‍ഷികാഘോഷങ്ങളുടെ ഈസ്റ്റര്‍-വിഷു ആഘോഷ പരിപാടികള്‍ ഈ വരുന്ന ശനിയാഴ്ച ഏപ്രില്‍ ഇരുപത്തിയെട്ടാം തിയതി ടത്തപ്പെടുന്നു. ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ നമ്മുടെ ഇടയിലേക്ക് കടന്നു വന്ന പുതിയ കുടുംബങ്ങളെ ഈ പരിപാടികളിലേക്ക് പ്രത്യേകമായി സ്വാഗതം ചെയ്യുകയും അസോസിയേഷനില്‍ അംഗത്വമെടുക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നു.
ആഘോഷ പരിപാടികള്‍ കൃത്യം 11 മണിക്ക് റോയ് കുട്ടനാട് അവതരിപ്പിക്കുന്ന മാജിക് ഷോയോട് കൂടി ആരംഭിക്കുന്നതാണ്. 12 .15 ന് പ്രസിഡന്റ് വില്‍സണ്‍ ബെന്നി ഭദ്രദീപം കൊളുത്തി പരിപാടികള്‍ ആരംഭിക്കുന്നതാണ്, 1ന് ഡെര്‍ബിയിലെ നര്‍ത്തകര്‍ ഒരുക്കുന്ന വിഷുക്കണി ഈസ്റ്റര്‍ ഡാന്‍സും അത് കഴിഞ്ഞാല്‍ ഉച്ചഭക്ഷണവും 2 മണിക്ക് ഡെര്‍ബി നാടക നിലയം അവതരിപ്പികൂന്നു ചക്കിക്കൊത്തചങ്കരന്‍ നാടകം ആരംഭിക്കും. സംഗീതത്തിന് മാറ്റൊലി കൂട്ടാന്‍ പ്രശസ്ത ഗായകന്‍ സാംഷീര്‍, ഗായികമാര്‍ ആരുഷിയും, ജിനു പണിക്കരും ഡെര്‍ബി മലയാളി അസോസിയേഷന്റെ ഗായകര്‍ക്കൊപ്പം അണിനിരക്കും.
തുടര്‍ന്ന് ഡെര്‍ബിയിലെ അംഗങ്ങളുടെ കലാപരിപാടികളും 6മണിയോടെ കൂടി അടുത്ത അടുത്ത ഭക്ഷണവും മ്യൂസിക്കല്‍ ഇവന്റും നടത്തപ്പെടും. ഡെര്‍ബിമലയാളി അസോസിയേഷന്‍ കമ്മറ്റി അംഗങ്ങള്‍ ഹൃദയപൂര്‍വം ഡെര്‍ബിയിലെയും പരിസര പ്രദേശത്തുള്ള മലയാളികളെയും സ്വാഗതം ചെയ്യുന്നു.
Praveen Damodar,
Secretary,
Dma
അനീഷ് ജോര്‍ജ്
ഡോര്‍സെറ്റിലെ കുട്ടികളുടെ ചാരിറ്റി ആയ ജൂലിയാസ് ഹൗസിനു വേണ്ടി ഡോര്‍സെറ്റ് ഇന്ത്യന്‍സ് ക്രിക്കറ്റ് ഒരുക്കുന്ന ചാരിറ്റി ഇവന്റിലേക്കു ഏവര്‍ക്കും സ്വാഗതം. ചാരിറ്റി ഇവെന്റിനോട് അനുബന്ധിച്ചു നടക്കുന്ന 20/20 ക്രിക്കറ്റ് മാച്ചും തുടര്‍ന്ന് ഇന്ത്യന്‍ പലഹാരങ്ങളടങ്ങുന്ന കോഫീ മോര്‍ണിങ്ങും വിജയകരമാക്കി തീര്‍ക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.
2015ല്‍ ഹാംപ്ഷെയര്‍ ലീഗ് ചാമ്പ്യനും, 2016 ഡോര്‍സെറ്റ് സണ്‍ഡേ ലീഗ് റണ്ണര്‍ അപ്പ് ആയ ഇവര്‍ 2009ല്‍ രൂപം കൊണ്ടതാണ്. നാളെ ശനിയാഴ്ച രാവിലെ 11:30 മുതല്‍ ആരംഭിക്കുന്ന ഇവന്റില്‍ 20 /20 ക്രിക്കറ്റിനോടൊപ്പം രുചികരമായ ഇന്ത്യന്‍ പലഹാരങ്ങളും രുചിച്ചറിയാനുള്ള ഒരു വേദിയും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോര്‍സെറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ചെയര്‍മാനായ സുനില്‍ രവീന്ദ്രനെ ബന്ധപ്പെടുക :07427105530.
ചാരിറ്റിക്കായി രൂപം കൊണ്ട കമ്മറ്റിയിലെ അംഗങ്ങളായ അനോജ് ചെറിയാന്‍, ഡാന്റോ പോള്‍, അനീഷ് ജോര്‍ജ് , ശ്രീകുമാര്‍, ബോബിച്ചന്‍, ബിനോയ് മാത്യു, ലൂയിസ് കുട്ടി, പ്രശാന്ത് എന്നിവരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനമാണു ഈ കാരുണ്യ പ്രവര്‍ത്തനത്തിനു പിന്നില്‍.
ഓണ്‍ലൈന്‍ ബാങ്കിങ്ങിലുണ്ടായ തകരാര്‍ പരിഹരിക്കാന്‍ സമയമെടുക്കുമെന്ന് ടിഎസ്ബി ബാങ്ക്. ഈ തകരാര്‍ മൂലം ഉപഭോക്താക്കളിലുണ്ടാകുന്ന ആഘാതം കുറയ്ക്കാന്‍ 10 മില്യന്‍ പൗണ്ടാണ് ബാങ്ക് ഇതുവരെ ചെലവഴിച്ചിരിക്കുന്നതെന്നും ബാങ്ക് മേധാവി പോള്‍ പെസ്റ്റര്‍ പറഞ്ഞു. തകരാറില്‍ നിന്ന് കരകയറാനുള്ള പരിശ്രമം തുടര്‍ന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെ ഐടി പ്ലാറ്റ്‌ഫോം മാറാനുള്ള ശ്രമത്തിനിടെയാണ് തകരാറുണ്ടായത്. ആറ് ദിവസത്തിനു ശേഷവും ഇത് പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. തകരാറുണ്ടായതിന്റെ ഉത്തരവാദിത്തം വ്യക്തിപരമായി താനും ഏറ്റെടുക്കുന്നുവെന്ന് പെസ്റ്റര്‍ പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ നാലു മണിക്ക് ഓണ്‍ലൈന്‍ സര്‍വീസുകളിലെ തകരാര്‍ പരിഹരിച്ചുവെന്ന് അവകാശപ്പെട്ട് പെസ്റ്റര്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ തെറ്റായ വിവരങ്ങളടങ്ങിയ ട്വീറ്റിനെ സോഷ്യല്‍ മീഡിയ കണക്കറ്റ് പരിഹസിക്കുകയായിരുന്നു. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം ഓണ്‍ലൈന്‍ ബാങ്കിംഗിന്റെ 50 ശതമാനം മാത്രമാണ് പ്രവര്‍ത്തനക്ഷമമായിരിക്കുന്നതെന്ന് അദ്ദേഹം തിരുത്തി. ഇപ്പോള്‍ ഞങ്ങള്‍ കുറച്ച് മോശം അവസ്ഥയിലൂടെ കടന്നു പോകുകയാണ്. എന്നാല്‍ വളരെപ്പെട്ടെന്ന് തന്നെ ഇതില്‍ നിന്ന് മടങ്ങിവരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഓണ്‍ലൈനിലെ തകരാറ് എന്ന് പരിഹരിക്കാനാകുമെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും തെറ്റായ ട്വീറ്റ് നല്‍കിയത് തന്റെ ഐടി ടീമില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും പെസ്റ്റര്‍ പറഞ്ഞു. ഉപഭോക്താക്കളുടെ രോഷം ശമിപ്പിക്കാനുള്ള നടപടികളും ബാങ്ക് കൈക്കൊണ്ടിട്ടുണ്ട്. ഏപ്രിലിലെ ഓവര്‍ഡ്രാഫ്റ്റ് ഫീസുകളും ഇന്ററസ്റ്റ് ചാര്‍ജുകളും കുറച്ചിട്ടുണ്ട്. അതുപോലെ ചില സേവിംഗ്‌സ് അക്കൗണ്ടുകളിലെ പലിശനിരക്കുകളില്‍ വര്‍ദ്ധനയും വരുത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ തങ്ങളുടെ നിക്ഷേപത്തിലുള്ള പണം ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന പരാതിയുമായി രംഗത്തുണ്ട്.
468 കേസുകളില്‍ കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ടയാളാണ് 62കാരനായ പാട്രിക് റയാന്‍. 667 കേസുകളില്‍ നിന്നാണ് ഇത്രയും എണ്ണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടത്. ഇയാള്‍ ഒരു കേസില്‍ ശിക്ഷ പൂര്‍ത്തിയാക്കി ഇറങ്ങി മൂന്ന് ദിവസത്തിനു ശേഷം വീണ്ടും ജയിലിലാക്കപ്പെട്ടിരിക്കുകയാണ്. 100 പേജുകളാണ് ഇയാള്‍ക്കെതിരായ ക്രിമിനല്‍ റെക്കോര്‍ഡ് രേഖപ്പെടുത്താന്‍ വേണ്ടി വന്നിരിക്കുന്നത്. ആവശ്യത്തിലധികം പേപ്പറുകള്‍ വേണ്ടിവരുമെന്നതിനാല്‍ ഇത് ഒരു കാരണവശാലും പ്രിന്റ് ചെയ്യരുതെന്നാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ചെലവേറിയ റെസ്റ്റോറന്റുകളില്‍ കയറി ഭക്ഷണം കഴിച്ചതിനു ശേഷം പണം നല്‍കാതിരുന്ന കേസുകളാണ് ഇയാള്‍ക്കെതിരെ ചാര്‍ജ് ചെയ്യപ്പെട്ടതില്‍ ഭൂരിപക്ഷവും. ഒരു സ്റ്റോറില്‍ നിന്ന് വൈന്‍ വാങ്ങിയ ശേഷം തന്റെ ജാക്കറ്റ് പ്രതിഫലമായി നല്‍കാമെന്ന് ഷോപ്പ് അസിസ്റ്റന്റിനോട് പറഞ്ഞതാണ് ഈ ഗണത്തില്‍ ഏറ്റവും ഒടുവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വൈന്‍ ഷോപ്പില്‍വെച്ചു തന്നെ ഇയാള്‍ കുടിച്ചിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ പര്‍വീണ്‍ അഖ്തര്‍ കോടതിയെ അറിയിച്ചു. ഇതിന് പണം ചോദിച്ചപ്പോളാണ് ഇയാള്‍ ജാക്കറ്റ് നല്‍കാമെന്ന് പറഞ്ഞത്.
റയാന്‍ ബ്രിട്ടനിലെ ഏറ്റവും കൂടുതല്‍ കേസുകളില്‍ പ്രതിയായ ആളെന്ന നിലയിലാണ് അറിയപ്പെടുന്നത്. നിബന്ധനകള്‍ക്ക് വിധേയമായാണ് ഇയാള്‍ക്ക് കുറച്ചു ദിവസത്തേക്ക് ഡിസ്ചാര്‍ജ് അനുവദിച്ചത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇയാളെ തിരികെ ജയിലിലെത്തിക്കുകയായിരുന്നു. ഇനി ഒക്ടോബര്‍ വരെ ജയിലില്‍ തുടരേണ്ടിവരും. 14 വയസ് മുതല്‍ വിവിധ കേസുകളിലായി ജയിലില്‍ കഴിഞ്ഞിട്ടുള്ള റയാന്‍ തന്റെ 50 വയസിനുള്ളില്‍ 23 വര്‍ഷം തടവ് അനുഭവിച്ചിട്ടുണ്ട്.
സ്പ്രിംഗില്‍ അപ്രതീക്ഷിതമായി ലഭിച്ച വെയിലിന് ശമനമാകുന്നു. താപനിലയില്‍ കുറവുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. രണ്ടു ദിവസം ഇടിയോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനം പറയുന്നു. കഴിഞ്ഞയാഴ്ച അനുഭവപ്പെട്ട താപനിലയില്‍ നിന്ന് 10 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറഞ്ഞേക്കാമെന്നാണ് നിഗമനം. വീക്കെന്‍ഡിലെ രാത്രി താപനില മൈനസ് രണ്ട് വരെ ചിലയിടങ്ങളില്‍ താഴ്‌ന്നേക്കാം. സ്‌കോട്ട്‌ലാന്‍ഡിലും നോര്‍ത്തിലുമാണ് ഇതിന് സാധ്യതയേറെയുള്ളത്.
മഴ മൂന്ന് ദിവസത്തോളം തുടര്‍ന്നേക്കുമെന്നും 1 ഇഞ്ച് വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതുകൊണ്ടു തന്നെ പല പ്രദേശങ്ങളിലും പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏപ്രിലില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഹീറ്റ് വേവിനു ശേഷം മഴയ്ക്ക് സാധ്യതയുള്ള അറ്റ്‌ലാന്റിക് കാലാവസ്ഥയാണ് എത്തുന്നത്. വെസ്റ്റില്‍ നിന്ന് എത്തുന്ന ന്യൂനമര്‍ദ്ദം അടുത്തയാഴ്ച സജീവമായിരിക്കുമെന്നും സ്പ്രിംഗിലെ തെളിഞ്ഞ കാലാവസ്ഥയ്ക്ക് കാരണമായ ഹൈ പ്രഷര്‍ അവസാനിക്കുകയാണെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു.
യുകെയിലൊട്ടാകെ ഇടിയോടു കൂടിയ മഴയുണ്ടാകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് മെറ്റീരയോളജിസ്റ്റ് ജോണ്‍ വെസ്റ്റ് പറയുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതേ കാലാവസ്ഥ വരും ദിവസങ്ങളിലും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വെയില്‍സിലും മറ്റും 1.2 ഇഞ്ച് വരെ മഴ പെയ്‌തേക്കുമെന്നും അടുത്തയാഴ്ച ചൂടുള്ള കാലാവസ്ഥ തിരിച്ചു വരാനുള്ള സാധ്യത വിരളമാണെന്നും അദ്ദേഹം അറിയിച്ചു.