ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ വിറ്റ് കാശാക്കിയതിനു പിന്നാലെ മറ്റൊരു വാര്‍ത്ത കൂടി. ഐഫോണ്‍ ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ കടന്ന് കയറി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത ഗൂഗിള്‍ ആണ് ഇത്തവണ പ്രതിക്കൂട്ടില്‍. യുകെയിലെ ഐഫോണ്‍ ഉപയോക്താക്കളെ സേര്‍ച്ച് കമ്പനി രഹസ്യമായി ട്രാക്ക് ചെയ്‌തെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് ഗൂഗിളിനെതിരെ കൂട്ട നിയമനടപടിക്ക് വഴിയൊരുങ്ങുകയാണ്.

നിങ്ങളൊരു ഐഫോണ്‍ ഉപയോക്താവാണെങ്കില്‍ 750 പൗണ്ട് നഷ്ടപരിഹാരം നേടാനുള്ള വഴി കൂടിയാണ് ഇതെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. സ്വകാര്യമെന്ന് നമ്മള്‍ ധരിച്ചിരുന്ന പല വിവരങ്ങളിലും ഗൂഗിള്‍ കൈകടത്തിയിട്ടുണ്ട്. മാനസികവും ശാരീരികവുമായ ആരോഗ്യം മുതല്‍ രാഷ്ട്രീയ ബന്ധങ്ങള്‍, ലൈംഗിക താല്‍പര്യങ്ങള്‍ എന്നിവ വരെ ഐഫോണ്‍ ഉപയോക്താക്കളില്‍ നിന്നും ഗൂഗിള്‍ ചോര്‍ത്തി. ഇതുപയോഗിച്ച് പരസ്യങ്ങള്‍ക്കായി ആളുകളെ വേര്‍തിരിക്കുകയാണ് ഗൂഗിള്‍ ചെയ്തതെന്ന് ഹൈക്കോടതിയില്‍ വിശദീകരിക്കപ്പെട്ടു.

ഏകദേശം 4.4 മില്ല്യണ്‍ ഐഫോണ്‍ ഉപയോക്താക്കളെ ഗൂഗിള്‍ ഇത്തരത്തില്‍ ചോര്‍ത്തിയെന്നാണ് വിവരം. #Google You Owe Us എന്ന പ്രചരണമാണ് ഇതിന് വേണ്ടി നടക്കുന്നത്. 3.2 ബില്ല്യണ്‍ നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ട് വരുന്നത്. ഇത് പങ്കുവെച്ചാല്‍ 750 പൗണ്ട് വീതം ഐഫോണ്‍ ഉപയോക്താവിന് ലഭിക്കും. ആപ്പിള്‍ ഐഡി ഉപയോഗിച്ച് സഫാരി ബ്രൗസറിലൂടെ ബ്രൗസിംഗ് ചെയ്തവരെയാണ് ഗൂഗിള്‍ നിരീക്ഷിച്ചത്.