ബ്രിട്ടനിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന സര്‍വീസ് നടത്തുന്ന കമ്പനിയായി ജെറ്റ്-2വിനെ തെരഞ്ഞെടുത്തു. യാത്രകള്‍ പ്ലാന്‍ ചെയ്യാന്‍ ആളുകളെ സഹായിക്കുന്ന ആപ്ലിക്കേഷനായ ട്രിപ് അഡൈ്വസറാണ് ജെറ്റ്-2 സേവനങ്ങള്‍ക്ക് അംഗീകാരവുമായി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തെ എയര്‍ലൈനുകളുടെ സര്‍വീസ് ക്വാളിറ്റി പരിശോധിച്ചാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. ലോകത്തിലെ ചെലവ് കുറഞ്ഞ യാത്രാവിമാനങ്ങളുടെ പട്ടികയില്‍ ജെറ്റ്-2 എഴാം സ്ഥാനത്താണ്. യുകെയിലെ പ്രമുഖ എയര്‍ലൈനുകളുമായി കടുത്ത മത്സരത്തിന് ശേഷമാണ് ജെറ്റ്-2 ട്രിപ് അഡൈ്വസര്‍ ട്രാവലേഴ്‌സ് ചോയിസ് അവാര്‍ഡ് നേടിയിരിക്കുന്നത്. അവാര്‍ഡ് അഭിമാനര്‍ഹമായ നേട്ടമാണെന്ന് എയര്‍ലൈന്‍ അധികൃതര്‍ പ്രതികരിച്ചു.
ബ്രിട്ടീഷ് എയര്‍വേഴ്‌സ്, ഈസിജെറ്റ്, റയന്‍എയര്‍ തുടങ്ങിയ കമ്പനികള്‍ മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിലും ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ കഴിഞ്ഞില്ല. ലോകത്തെമ്പാടുമുള്ള സഞ്ചാരികള്‍ കഴിഞ്ഞ 12 മാസം ട്രിപ് അഡൈ്വസറില്‍ വിമാന കമ്പനികള്‍ക്ക് നല്‍കിയിട്ടുള്ള റേറ്റിംഗിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ക്വാളിറ്റി എയര്‍ലൈനുകളെ പൂര്‍ണമായും തെരഞ്ഞടുത്തിരിക്കുന്നത് ഉപഭോക്താക്കളുടെ അഭിപ്രായം കണക്കിലെടുത്താണ്. യുറോപ്പിലെ ചെലവ് കുറഞ്ഞ മറ്റു എയര്‍ലൈനുകള്‍ ബ്ലു എയര്‍, റോമാനിയ, തോമസ് കുക്ക് എയര്‍ലൈന്‍ എന്നിവരാണ്.
ലോകത്തിലെ മികച്ച എയര്‍ലൈനുകളുടെ പട്ടികയില്‍ ഒന്നാമന്‍ സിംഗപ്പൂര്‍ എയര്‍ലൈനാണ്. മികച്ച സേവനം ഉറപ്പു വരുത്തുന്ന ഈ ഏഷ്യന്‍ എയര്‍ലൈന്‍ വിമാന യാത്രാക്കാരുടെ ഇഷ്ട വിമാനക്കമ്പനികളിലെ പ്രധാനിയാണ്. എയര്‍ ന്യൂസിലാന്റ്, എമിറേറ്റ്‌സ് എന്നീ കമ്പനികളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഉപഭോക്താക്കളുടെ ഇഷ്ട പട്ടികയിലുള്ള ഏറ്റവും കൂടുതല്‍ കമ്പനികള്‍ ഏഷ്യയില്‍ നിന്നുള്ളവയാണ്. നാല് എയര്‍ലൈനുകളാണ് ഏഷ്യയില്‍ നിന്നും ആദ്യ പത്തില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇവിഎ എയര്‍, കൊറിയന്‍ എയര്‍, ജപ്പാന്‍ എയര്‍ലൈന്‍സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എന്നീ കമ്പനികളാണ് ലോകത്തിലെ മികച്ച കമ്പനികളുടെ പട്ടികയിലുള്ളത്.
അനീഷ് ജോര്‍ജ്
മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപോലെ തന്നെയാണ് ഓരോ സംഗീതാസ്വാദകരും മഴവില്ലിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മഴവില്‍ സംഗീത പരിപാടി കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ ഒരുപോലെ ആസ്വാദകരമായിരുന്നു. അന്ന് വിശിഷ്ടാതിഥികളായെത്തിയ സര്‍ഗാത്മ ഗായകന്മാരായ ശ്രീ വില്‍സ്വരാജും, ഡോ.ഫഹദ് അതുപോലെ തന്നെ യുകെയുടെ നാനാഭാഗത്തുനിന്നും ഉള്ള പ്രശസ്ത ഗായകരും ചേര്‍ന്ന് മഴവില്ലിന്റെ ഏഴുനിറങ്ങളിലൂടെ പകര്‍ന്നുതന്നതു ഏഴുസ്വരങ്ങളുടെ സ്വര ലയ താള വിസ്മയമായിരുന്നു.
സംഗീതത്തിന് മുന്‍തൂക്കം കൊടുത്തുകൊണ്ട് മറ്റു കലാപരിപാടികളും നൃത്തനൃത്യങ്ങളും ഒത്തുചേരുന്ന ഒരു കലാവിരുന്നാണ് എല്ലാ തവണയും പോലെ ഈ മഴവില്ലിലും ഒരുക്കിയിരിക്കുന്നത്. സംഗീതത്തിന് മുറിവുണക്കാനും ഹൃദയങ്ങളെ ഇണക്കിച്ചേക്കാനും കഴിയുമെന്നു ശാസ്ത്രം പോലും തെളിയിച്ചിരിക്കുന്നു.
മഴവില്ലിന്റെ സാരഥികളായ സംഗീതത്തെ ആസ്വദിക്കുകയും ആസ്വദിപ്പിക്കുകയും ചെയ്യുന്ന ദമ്പതികളായ അനീഷ് ജോര്‍ജിന്റെയും ടെസ്സമോള്‍ ജോര്‍ജിന്റെയും പരിശ്രമവും ആത്മാര്‍ത്ഥതയും സംഗീതതോടുള്ള അഭിനിവേശവുമാണ് ”മഴവില്‍ സംഗീതം”.കൂടെ കരുത്തായി എന്നും നിന്നിട്ടുള്ള ഒരുപിടി സംഗീതപ്രേമികളായ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍,ഓരോരുത്തരും മഴവില്ലിന്റെ ചരിത്രത്തില്‍ സ്വര്‍ണലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെട്ടവരാണ്. ഏവര്‍ക്കും സ്വാഗതം മഴവില്‍ സംഗീത സായാഹ്നത്തിലേക്ക്
കൂടുതല്‍ വിവരങ്ങള്‍ക്ക് അനീഷ് ജോര്‍ജ് (07915061105 )
പ്രോസ്‌റ്റേറ്റ് കാന്‍സര്‍ നിര്‍ണ്ണയം എന്‍എച്ച്എസില്‍ വൈകുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ രോഗമുള്ളവരില്‍ പകുതിയാളുകള്‍ക്കും രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പായി രണ്ട് തവണയെങ്കിലും ജിപിമാരെ കാണേണ്ടി വന്നിട്ടുണ്ടെന്നാണ് പഠനം പറയുന്നത്. ആറ് ശതമാനം പുരുഷന്‍മാര്‍ക്ക് രോഗ സ്ഥിരീകരണത്തിനായി അഞ്ച് തവണയെങ്കിലും ജിപിമാരെ കാണേണ്ടതായി വന്നിട്ടുണ്ട്. രോഗലക്ഷണങ്ങളുമായി അപ്പോയിന്റ്‌മെന്റ് പോലുമെടുക്കാതെ മൂന്ന് മാസം വരെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്ന് അഞ്ചിലൊന്ന് രോഗികളും വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.
ബ്രെസ്റ്റ് ക്യാന്‍സര്‍ നിര്‍ണ്ണയത്തിന് വെറും 9 ശതമാനം പേര്‍ക്ക് മാത്രമേ രണ്ടാമത്തെ ജിപി സന്ദര്‍ശനം ആവശ്യമായി വരുന്നുള്ളു എന്നിരിക്കെയാണ് ഇത്. ജിപിമാരും രോഗികളും രോഗലക്ഷണങ്ങളെ അവഗണിക്കുന്ന പ്രവണത പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ കാര്യത്തിലുണ്ടെന്നും ക്യാന്‍സര്‍ ചാരിറ്റിയായ ഓര്‍ക്കിഡ് നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. യുകെയില്‍ ഓരോ വര്‍ഷവും 12,000 പേര്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ മൂലം മരിക്കുന്നുവെന്നാണ് കണക്ക്. 47000 പേരില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്യാറുണ്ട്.
അടുത്ത രണ്ട് ദശകങ്ങളില്‍ ഈ നിരക്ക് ഉയരുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ചരിത്രത്തിലാദ്യമായി ഈ വര്‍ഷം പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ മരണങ്ങള്‍ സ്തനാര്‍ബുദ മരണങ്ങളുടെ എണ്ണത്തെ കവച്ചു വെച്ചു. രോഗം ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത ഘട്ടത്തില്‍ മാത്രം കണ്ടെത്തപ്പെടുന്നതാണ് ഇതിന് കാരണം. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ 2016ലെ ക്യാന്‍സര്‍ എക്‌സ്പീരിയന്‍സ് സര്‍വേയില്‍ നിന്നുള്ള വിവരങ്ങളാണ് ഓര്‍ക്കിഡ് സര്‍വേ അവലംബിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക്:
സാലിസ്ബറി: യുക്മയുടെ ഏതൊരു പരിപാടികൾക്കും സജീവ സാന്നിദ്ധ്യമാകുന്ന സാലിസ്ബറി മലയാളീ അസോസിയേഷന് നവ നേതൃത്വം.പ്രസിഡണ്ട് ആയി മിസ്റ്റർ സുജു ജോസഫ്,സെക്രട്ടറിയായി ശ്രീമതി മേഴ്‌സി സജീഷ്, ട്രഷറർ ആയി മിസ്റ്റർ M P പത്മരാജ് എന്നിവർ ചുമതലയേറ്റു.വൈസ് പ്രസിഡണ്ട് ആയി മിസ്റ്റർ ഷിബു ജോണും, ജോയിന്റ് സെക്രട്ടറിയായി ശ്രീമതി സിജു സ്റ്റാലിനും, ജോയിന്റ് ട്രഷറർ ആയി മിസ്റ്റർ ജോബിൻ ജോണും അവർക്കൊപ്പമുണ്ട്.
ഏപ്രിൽ ഏഴാം തിയതി ബ്രിറ്റ്ഫോർഡ് ഹാളിൽ ഈസ്റ്റർ വിഷു ആഘോഷങ്ങളോട് അനുബന്ധിച്ചു നടന്ന ചടങ്ങിലാണ് പുതിയ ഭരണ സമതി ചുമതലയേറ്റത്.അസ്സോസിയേഷൻ ഭാരവാഹികൾക്കൊപ്പം നാട്ടിൽ നിന്നും എത്തിയ മാതാപിതാക്കളും കൂടി നിലവിളക്ക് കൊളുത്തി ഈസ്റ്റർ,വിഷു ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മറ്റി കോർഡിനേറ്ററായി ശ്രീമതി ഷൈബി സെബാസ്റ്റിയൻ ,സ്റ്റേജ് കമ്മറ്റി കോർഡിനേറ്ററായി മിസ്റ്റർ M P പത്മരാജ്,ഫുഡ് കമ്മറ്റി കോർഡിനേറ്ററായി മിസ്റ്റർ അഭിലാഷ് എന്നിവരും ചുമതലയേറ്റു.
കഴിഞ്ഞ രണ്ടു വർഷക്കാലം പ്രസിഡണ്ട് എന്ന നിലയിൽ തനിക്കു നൽകിയ എല്ലാ സഹായ സഹകരണങ്ങൾക്കും ഷിബു ജോൺ നന്ദി പറഞ്ഞു.സെക്രട്ടറി ശ്രീമതി സിൽവി ജോസ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും പുതിയ ഭരണ സമതിക്ക് എല്ലാവിധ സപ്പോർട്ടും വാഗ്‌ദാനം ചെയ്തു.ട്രഷറർ മിസ്റ്റർ സെബാസ്റ്റിയൻ ചാക്കോ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.
കഴിഞ്ഞ ഭരണ സമിതി അംഗങ്ങൾ കേക്ക് മുറിച്ചു സന്തോഷം പങ്ക് വച്ചതിനു ശേഷമാണ് പുതിയ കമ്മറ്റിക്ക് ചുമതല കൈമാറിയത്.സാലിസ്ബറി മലയാളീ അസ്സോസിയേഷനെ വീണ്ടും ഉയരങ്ങളിൽ എത്തിക്കാൻ പുതിയ ഭരണ സമിതിക്ക് സാധിക്കട്ടെയെന്നു ആശംസിക്കുകയും ചെയ്തു. അസ്സോസിയേഷന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സഹായ സഹകരണങ്ങൾ വളരെ ആവശ്യമാണെന്നും SMA യുടെ വളർച്ചക്ക് വേണ്ടി പരിശ്രമിക്കുമെന്നും പുതിയതായി ചുമതലയേറ്റ അംഗങ്ങൾ അറിയിച്ചു.ശ്രീമതി ഷീന ജോബിൻ സ്വാഗതവും ശ്രീമതി മേഴ്‌സി സജീഷ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ ഏൽപ്പിച്ച ചുമതല ഭംഗിയായി നടപ്പാക്കിയ മിസ്റ്റർ പദ്മരാജിനെ അസ്സോസിയേഷൻ അംഗങ്ങൾ അനുമോദിച്ചു.
‘ജ്വലിക്കാം സൂര്യ തേജസില്‍, വളരാം വട വൃക്ഷമായി, കാക്കാം യുവത്വമേ ക്‌നാനായ പൈതൃകം’…. UKKCA 2018 കണ്‍വെന്‍ഷന്‍ ആപ്തവാക്യം പ്രഖ്യാപിച്ചു. ലിവര്‍പൂള്‍ പൂള്‍ യൂണിറ്റില്‍ നടന്ന ഈസ്റ്റര്‍ ആഘോഷങ്ങളില്‍ വച്ച് UKKCA പ്രസിഡന്റ് തോമസ് തോണ്ണന്‍മാവുങ്കാല്‍ ആണ് UKKCA 2018 കണ്‍വെന്‍ഷന്‍ ആപ്തവാക്യം പ്രഖ്യാപിച്ചത് .
ക്‌നാനായ കത്തോലിക്ക അസ്സോസിയേഷന്‍ ലെസ്റ്റര്‍ യൂണിറ്റിലെ അംഗമായ ലൈബി സുനില്‍ ആല്‍മതടത്തില്‍, സുനില്‍ ആല്‍മതടത്തില്‍ എന്നിവര്‍ ആണ് ഈ വര്‍ഷത്തെ ആപ്ത വാക്യ വിജയികള്‍. പാലാ ചെറുകര ക്‌നാനായ കത്തോലിക്ക പള്ളി ഇടവക അംഗമാണ്. ഭര്‍ത്താവ് സുനില്‍ ആല്‍മതടത്തില്‍ കഴിഞ്ഞ വര്‍ഷത്തെ UKKCA സ്വാഗത ഗാന വിജയിയാണ്.
ലെസ്റ്റര്‍ യൂണിറ്റിന് ഇത് അഭിമാന നിമിഷം
UKKCA യുടെ 51 യൂണിറ്റുകളില്‍ നിന്നും വന്ന എന്‍ട്രികളില്‍ നിന്നും അവസാന റൗണ്ടില്‍ എത്തിയ 30 ഓളം എന്ററികളില്‍ നിന്നാണ് വിജയിയെ കണ്ടെത്തിയത്. ശ്രീമതി ലൈബി സുനിലിന് ലെസ്റ്റര്‍ യൂണിറ്റിന്റെ അഭിനന്ദനങ്ങള്‍ പ്രസിഡന്റ് ശ്രീ തോമസ് ചേത്തലില്‍ സഹോദരനും സെകട്ടറിയുമായ ശ്രീ റോബിന്‍സ് എന്നിവര്‍ കമ്മറ്റിക്കുവേണ്ടി രേഖപ്പെടുത്തി .
ഇനിമുതല്‍ ബ്രിട്ടനിലെ പ്രമുഖ ബോഡിംഗ് സ്‌കുളിലെ ആണ്‍കുട്ടികള്‍ക്ക് പാവാട ധരിച്ച് ക്ലാസുകളിലെത്താം. റൂട്ട്‌ലാന്റിലെ അപ്പിംഗ്ഹാം സ്‌കൂള്‍ അധികൃതരാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റീഫന്‍ ഫ്രൈ, പ്രശസ്ത ഷെഫ് റിക് സ്റ്റെയിന്‍ തുടങ്ങിയവര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സ്‌കൂള്‍ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളതാണ്. ക്രോസ് ഡ്രസ്സിംഗിന് അനുമതി ചോദിച്ചെത്തുന്ന സ്‌കൂളിലെ ഏതൊരു ആണ്‍കുട്ടിക്കും പോസിറ്റീവ് മറുപടിയാണ് നല്‍കുകയെന്ന് ഹെഡ്ടീച്ചര്‍ അറിയിച്ചു. ലിംഗവ്യത്യാസമില്ലാതെ ഏതു വസ്ത്രവും തെരഞ്ഞെടുക്കാനുള്ള അവകാശം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്. ഏത് വസ്ത്രം തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടത് വിദ്യാര്‍ത്ഥികളായിരിക്കണമെന്ന് ഇത്തരം സ്‌കൂള്‍ അധികാരികള്‍ വ്യക്തമാക്കുന്നു.
2016ല്‍ 80 സ്റ്റേറ്റ് സ്‌കൂളുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ക്രോസ് ഡ്രസ്സിംഗ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കൊണ്ടുവന്നിരിക്കുന്നത്. ബ്രൈറ്റണ്‍ കോളേജും ഇത്തരം അധികാരം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്. 170 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടപ്പിലാക്കിയ നിയമം പരിഷ്‌കരിച്ചാണ് കോളേജ് ജെന്‍ഡര്‍ ന്യൂട്രെല്‍ ഭേദഗതി കൊണ്ടു വന്നത്. സെന്റ് പോള്‍സ് ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ആണ്‍കുട്ടികളുടെ പേരിടാനും അവരുടെ വസ്ത്രധാരണ രീതി പിന്തുടരാനും കഴിയും. അപ്പിംഗ്ഹാം സ്‌കൂള്‍ അധികൃതരുടെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ഡേവോണ്‍ കോളേജ് ഹെഡ്ടീച്ചര്‍ ഗാരിയേത്ത് ഡൂഡ്‌സ് രംഗത്ത് വന്നു.
അതേസമയം സ്‌കൂള്‍ പിന്തുടരുന്ന എത്തിക്‌സ് കൂടുതല്‍ പ്രാധാന്യത്തോടെ കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എതിര്‍ ലിംഗത്തിലുള്ളവരുടെ വസ്ത്രങ്ങള്‍ ധരിക്കുന്നത് നമ്മുടെ ആത്മവിശ്വാസത്തെ ബാധിക്കില്ലെന്ന് കുട്ടികളെ ബോധിപ്പിക്കേണ്ടതുണ്ടെന്നും ഡൂഡ്‌സ് പറയുന്നു. 300 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഡേവോണില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകള്‍ കൊണ്ടുവരാന്‍ പദ്ധതിയുണ്ടായിരുന്നില്ല. പക്ഷേ വസ്ത്രധാരണം ഒരോരുത്തരുടെയും തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ട് ഉണ്ടാവുന്നതാണെന്ന് കുട്ടികളെ ബോധിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ കാണാനെത്തുന്ന ഇംഗ്ലണ്ട് ആരാധകര്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ്. റഷ്യ, അര്‍ജന്റീന ഹൂളിഗനുകള്‍ ഇതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിനായി ഓണ്‍ലൈന്‍ കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടന്നിട്ടുണ്ടെന്നും വെബ് ഫുട്‌ബോള്‍ ഫോറങ്ങള്‍ വെളിപ്പെടുത്തുന്നു. റഷ്യയും ബ്രിട്ടനുമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വേള്‍ഡ് കപ്പിനെത്തുന്ന ബ്രിട്ടീഷുകാരുടെ എണ്ണം വളരെ കുറവായിരിക്കുമെന്നാണ് കരുതുന്നത്. റഷ്യന്‍ ഹൂളിഗനുകളും പോലീസും ഉള്‍പ്പെടെ ഇംഗ്ലണ്ട് ആരാധകരെ ആക്രമിക്കാനിടയുണ്ടെന്ന് വൈറ്റ്ഹാള്‍ വൃത്തങ്ങളും പറയുന്നു.
അര്‍ജന്റീനയിലെ ഹൂളിഗനുകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ റഷ്യന്‍ ഹൂളിഗനുകള്‍ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ എത്തിയിരുന്നതായും ചില കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു. ഫുട്‌ബോള്‍ കാണുന്നതിനായി ധൈര്യസമേതം എത്തുന്ന ബ്രിട്ടീഷുകാരെ ആക്രമിക്കുന്നതിന് പദ്ധതിയിടാനാണ് 8000 മൈല്‍ സഞ്ചരിച്ച് ഇവര്‍ അര്‍ജന്റീനയില്‍ എത്തിയതെന്നാണ് ആരോപണം. ഫ്രാന്‍സില്‍ 2016ല്‍ നടന്ന യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ റഷ്യന്‍ ആരാധകര്‍ ഇംഗ്ലണ്ട് ആരാധകരെ ആക്രമിച്ചിരുന്നു.
മാര്‍സെയിലില്‍ വച്ച് നടന്ന ആക്രമണത്തില്‍ പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ആക്രമണത്തില്‍ തലച്ചോറിന് ക്ഷതമേറ്റ 51 കാരന്‍ ആന്‍ഡ്രൂ ബാഷ് അടുത്തിടെയാണ് കോമയില്‍ നിന്ന് ഉണര്‍ന്നത്. ഏതാണ്ട് 20,000 ഇംഗ്ലണ്ട് ആരാധകര്‍ റഷ്യയിലെത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും 10,000 പേര്‍ മാത്രമേ എത്താനിടയുള്ളുവെന്നാണ് അവസാന നിഗമനം. യുകെയില്‍ നിന്ന് 10000 വിസ അപേക്ഷകള്‍ മാത്രമേ ലഭിച്ചിട്ടുള്ളുവെന്നും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത് പോലും കുറവാണെന്നും റഷ്യന്‍ നയതന്ത്ര വൃത്തങ്ങള്‍ പറയുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധാരണക്കാര്‍ ഉപയോഗിച്ചു തുടങ്ങിയിട്ട് അധികകാലമായിട്ടില്ലെങ്കിലും ഇവയ്ക്ക് വലിയ ജനപ്രീതി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. സിരി, അലെക്‌സ തുടങ്ങിയ സ്മാര്‍ട്ട് ആപ്പുകള്‍ ഇപ്പോള്‍ നിരവധി പേര്‍ ഉപയോഗിക്കുന്നുണ്ട്. ഈ ആപ്പുകള്‍ക്ക് നമ്മുടെ മനസിലുള്ള കാര്യങ്ങള്‍ വായിക്കാനാകുമോ എന്നതാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ അടുത്ത ഘട്ടമായി നടന്നുവരുന്ന ഗവേഷണം. ഇക്കാര്യത്തില്‍ ശാസ്ത്രജ്ഞന്‍മാര്‍ കാര്യമായ പുരോഗതി നേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പുതുതായി കണ്ടെത്തിയ സാങ്കേതികത ഉപയോഗിച്ച് സ്മാര്‍ട്ട് ഹോം ഡിവൈസുകളെ ചിന്തയിലൂടെ പ്രവര്‍ത്തിപ്പിക്കാനാകും. വിവങ്ങള്‍ ശേഖരിക്കാനും മെസേജുകള്‍ അയക്കാനും ഇതിലൂടെ സാധ്യമാകും. ഒരു ഇന്റലിജന്‍സ് ഡിവൈസാണ് കണ്ടെത്തിയിരിക്കുന്നത്. ഫോണ്‍ ഹെഡ്‌സെറ്റ് പോലെ തോന്നിക്കുന്ന ഈ ഉപകരണം മുഖത്ത് ധരിക്കാവുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിലെ ഇലക്ട്രോഡുകള്‍ മുഖത്തെ ന്യൂറോമസ്‌കുലര്‍ സിഗ്നലുകളെ വിശകലനം ചെയ്ത് വാക്കുകളാക്കി മാറ്റും. നാം മസ്തിഷ്‌കത്തില്‍ സംസാരിക്കുന്നത് ഈ ഉപകരണം വാക്കുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്.
ആമസോണ്‍ അലക്‌സ, ആപ്പിള്‍ സീരി എന്നിവ വോയ്‌സ് കമാന്‍ഡുകളെ മനസിലാക്കി പ്രവര്‍ത്തിക്കുന്നവയാണ്. അതില്‍ നിന്നും ഒരു പടി കൂടി കടന്നാണ് ഈ ഉപരകരണത്തിന്റെ പ്രവര്‍ത്തനം. ഈ സാങ്കേതികത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഉപയോഗിച്ചാല്‍ നാം മനസില്‍ വിചാരിക്കുന്ന കാര്യങ്ങളോട് പ്രതികരിക്കാന്‍ അവയ്ക്കാകും. മസാച്ച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകനും ഇന്ത്യന്‍ വംശജനുമായ അര്‍ണവ് കപൂറാണ് ഈ ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിനു പിന്നില്‍.
രാജേഷ് ജോസഫ്
ആലാഹനായനും അൻപൻ മിശിഹായും കാരണവന്മാരും തുണയ്ക്കണേ എന്ന പ്രാർത്ഥനയിൽ ഫാ. സജി മലയിൽ പുത്തൻപുരയിലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധകുർബാനയോടെ ലെസ്റ്ററിലെ ക്നാനായ ഈസ്റ്റർ ആഘോഷങ്ങൾക്കു തുടക്കമായി. സമാധാന ദൂതനായ ഈശോയുടെ സമാധാനം നമ്മുടെ ജീവിതത്തിനു മാതൃക ആകണം എന്ന തിരുവചന സന്ദേശവും ഭക്തി നിർഭരമായ ഗാനങ്ങളും ദിവ്യബലി പ്രാർത്ഥന പൂരിതമാക്കി.
5 മണിയോടെ ആരംഭിച്ച സമ്മേളനവും കലാപരിപാടികളുടെ രാഗതാളലയ വർണ സമന്വയം ആയിരുന്നു. ലെസ്റ്റര്‍ ക്നാനായ കമ്മ്യുണിറ്റിയുടെ 2018-20 ഭാരവാഹികളെ ചടങ്ങില്‍ പരിചയപ്പെടുത്തി. ശ്രീ തോമസ് ചേത്തലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെകട്ടറി ശ്രി റോബിൻസ് എല്ലാവരെയും സ്വാഗതം ചെയ്തു. ഫാ. സജി മലയിൽ പുത്തൻപുരയിൽ സമ്മേളനത്തിന് തിരികൊളുത്തിയതോടെ കലാപരിപാടികൾ ആരംഭിച്ചു . KCYL കുട്ടികളുടെ നടവിളികളുടെ ആർപ്പു ആരവങ്ങൾ എല്ലാവരിലും ആവേശം ഉണർത്തി. ചടങ്ങിൽ UKKCA ട്രഷറർ ആയി തിരഞ്ഞെടുത്ത ശ്രീ വിജി ജോസഫിനെ ആദരിക്കുകയുണ്ടായി. കുട്ടികളുടെ കലാപരിപാടികൾ നാട്യ നടന വർണ വിസ്മയ കാഴ്ചകൾ ഏവർക്കും സമ്മാനിച്ചു. കലാ പരിപാടികൾക്ക് ശ്രീ ടോമി കുമ്പുക്കൽ ശ്രി മിനി ജെയിംസ് എന്നിവർ നേതൃത്വം നൽകി. ചിത്രങ്ങളിലേക്ക്…
കഴിഞ്ഞ പതിന്നാലര വര്‍ഷമായി ഗ്ലാസ്‌ഗോയിലെ മലയാളി സമൂഹത്തില്‍ നിറസാന്നിധ്യമായിരുന്നു റെജി പോളും കുടുംബവും. കഴിഞ്ഞ ഒരു വര്‍ഷം മുന്‍പ് ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ റെജിയ്ക്കും കുടുംബത്തിനും പിന്നിൽ ബന്ധുക്കളും സുഹൃത്തുക്കളും ഒരു താങ്ങായി നിലകൊണ്ടിരുന്നു. എന്നാൽ പ്രാര്‍ത്ഥനകളും ചികിത്സകളും എല്ലാം വിഫലമാക്കി ഇന്നലെ റെജി മരണത്തിനു കീഴടങ്ങിയതോടെ അവരുടെ ശ്രമങ്ങൾ വിഫലമാവുകയായിരുന്നു. ഗ്ലാസ്‌ഗോയിലെ റെജി പോള്‍ എന്ന മലയാളി നഴ്‌സ് 45ാം വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞുപോയപ്പോള്‍, സഹപ്രവര്‍ത്തകര്‍ക്കും സ്‌നേഹിതര്‍ക്കും അനുഭവപ്പെട്ട മനോവികാരം ഒന്നുതന്നെയായിരുന്നു…. വിധിയുടെ വിളയാട്ടം… അല്ലാതെന്തു പറയാൻ…
കഴിഞ്ഞ ഒന്നര ദശാബ്ദത്തോളം ഗ്ലാസ്‌ഗൊ മലയാളികള്‍ക്കെല്ലാം സുപരിചിതയായിരുന്നു റെജിപോളും കുടുംബവും. മലയാളി അസ്സോസിയേഷന്റേത് അടക്കമുള്ള പരിപാടികളിലെല്ലാം സജീവ സാന്നിധ്യം. സ്‌നേഹിതര്‍ക്കാകട്ടെ ഈ കിഴക്കമ്പലത്തുകാരി എപ്പോഴും സ്‌നേഹവും സന്തോഷവും പകരുന്ന കൂട്ടുകാരിയും ആയിരുന്നു. ഒരു വര്‍ഷം മുൻപ് മാത്രമാണ് റെജിപോളിനെ അര്‍ബുദം കാര്‍ന്നുതിന്നു തുടങ്ങിയ വിവരം പരിശോധനയിലൂടെ അറിയുന്നത്. അറിയാന്‍ വൈകിയതിനാല്‍ത്തന്നെ രോഗം വല്ലാതെ മൂര്‍ഛിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ഭര്‍ത്താവിനും മക്കള്‍ക്കും സ്‌നേഹിതര്‍ക്കുമൊപ്പം ജീവിച്ചു കൊതിതീരുംമുമ്പെ റെജിപോള്‍ എന്നെന്നേക്കുമായി വിടപറയുകയും ചെയ്തു.
എറണാകുളം ജില്ലയിലെ കിഴക്കമ്പലം സ്വദേശിയും കോതമംഗലം പ്ലാംകുഴി വീട്ടില്‍ പോള്‍ വര്‍ഗീസിന്റെ ഭാര്യയുമാണ് റെജിപോള്‍. മെഡിസിനു പഠിക്കുന്ന ഫേഹ പോളും ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ കെസിയ പോളുമാണ് മക്കള്‍. ഇപ്പോള്‍ സെന്റ് മാര്‍ഗരെറ്റ് ഹോസ്‌പൈസില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ക്കു ശേഷം നാട്ടിലേക്കു കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.ഏറെ വര്‍ഷക്കാലം മസ്‌ക്കറ്റില്‍ ജോലി ചെയ്തതിനു ശേഷമാണ് പോളും കുടുംബവും യുകെയില്‍ എത്തിയത്.