പിതാവ് ശക്തമായി കുലുക്കിയതിനെത്തുടര്‍ന്ന് കുഞ്ഞ് മരിച്ചു. അലെജാന്ദ്രോ റൂബിം എന്ന ഒന്നര മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. മസ്തിഷ്‌കത്തിനും കണ്ണുകള്‍ക്കും തലക്കുമേറ്റ പരിക്കുകളായിരുന്നു മരണകാരണം. സംഭവത്തില്‍ പിതാവായ പെഡ്രോ റൂബിമിനെ എട്ടര വര്‍ഷം തടവിന് ശിക്ഷിച്ചു. നാല് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് കുഞ്ഞ് മരിച്ചത്. സംഭവം ഹൃദയഭേദകമാണെന്നായിരുന്നു മെറ്റ് പോലീസ് ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ ഡേവിഡ് വെസ്റ്റ് പറഞ്ഞത്. നവജാതശിശുക്കള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ സഹായത്തിന് അഭ്യര്‍ത്ഥിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പിതാവിന്റെ പക്കല്‍ കുട്ടി സുരക്ഷിതനാകേണ്ടതായിരുന്നു. പക്ഷേ സംഭവിച്ചത് മറിച്ചാണെന്നും വെസ്റ്റ് വ്യക്തമാക്കി.
ബൗണ്‍സറില്‍ നിന്ന് കുഞ്ഞ് താഴെ വീണുവെന്നാണ് എന്‍ഫീല്‍ഡില്‍ താമസിക്കുന്ന റൂബിം ആദ്യം പോലീസിനോട് പറഞ്ഞത്. കുഞ്ഞിനെ എടുത്ത താന്‍ അവന് ബോധം വരുത്താനായി കുലുക്കിയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ശക്തമായ കുലുക്കത്തിലുണ്ടായ മസ്തിഷ്‌ക ക്ഷതവും കണ്ണിനുണ്ടായ ക്ഷതവും മറ്റും പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. കുഞ്ഞിന്റെ ജീവന്‍ പിതാവ് കവരുകയായിരുന്നുവെന്ന് എന്‍എസ്പിസിസി വക്താവും പ്രതികരിച്ചു. കുട്ടികള്‍ക്കുണ്ടാകുന്ന വീഴ്ചകള്‍ക്കും പരിക്കുകള്‍ക്കും സഹായം തേടുകയാണ് വേണ്ടത്. അതിന് എന്‍എസ്പിസിസി ഉപദേശങ്ങളും പിന്തുണയും മാതാപിതാക്കള്‍ക്ക് നല്‍കാറുണ്ടെന്നും വക്താവ് പറഞ്ഞു.
കുട്ടിയുടെ അമ്മ ഡെന്റിസ്റ്റിനെ കാണാന്‍ പോയ സമയത്താണ് അപകടമുണ്ടായത്. പാല്‍ എടുക്കുന്നതിനായി താന്‍ പോയ സമയത്താണ് കുഞ്ഞ് താഴെ വീണതെന്ന് റൂബിം പറഞ്ഞെങ്കിലും മരണകാരണമായത് വീഴ്ചയിലുണ്ടായ ക്ഷതങ്ങളല്ലെന്ന് തെളിഞ്ഞതോടെ ഇയാള്‍ക്ക് കോടതി ശിക്ഷ നല്‍കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ഇന്ത്യന്‍ വംശജയെ ആരോ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മാതാപിതാക്കള്‍. ഹാംപ്‌സ്റ്റെഡിലെ ഹെന്റീറ്റ ബാര്‍നെറ്റ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്ന പതിനാലുകാരി എലേന മോന്‍ഡാലിനെ കഴിഞ്ഞ വര്‍ഷമാണ് തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടെയില്‍ കണ്ടെത്തിയത്. സ്‌കൂളിന്റെ സമീപത്തുള്ള മരങ്ങള്‍ നിറഞ്ഞ പ്രദേശത്ത് വെച്ചായിരുന്നു സ്‌കൂളിലെ അധ്യാപകന്മാരിലൊരാള്‍ എലേനയെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. എലേനയെ കാണാതായതോടെ പോലീസും സ്‌കൂള്‍ അധികൃതരും സമീപ പ്രദേശങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടന്ന ഈ അന്വേഷണങ്ങള്‍ പോലീസിനെ തെറ്റായ സ്ഥലത്ത് കൊണ്ടെത്തിക്കുകയായിരുന്നു. കൃത്യസമയത്ത് സ്ഥലം കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ അവളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു.
പഠന കാര്യത്തില്‍ വളരെയധികം മികവ് പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥിനികളില്‍ ഒരാളായിരുന്നു മരിച്ച എലേന മോന്‍ഡാല്‍. മകളുടെ മരണത്തില്‍ അതീവ ദു:ഖിതരാണ് എലേനയുടെ മാതാപിതാക്കളായ ശ്യാമലും മൗഷുമി മോന്‍ഡാലും. തങ്ങളുടെ മകള്‍ മരണപ്പെടുന്നതിന് മുന്‍പ് ആരുടെയെങ്കിലും ഭീഷണിക്കിരയായതായി സംശയമുണ്ടെന്ന് ബാര്‍നെറ്റ് കോറോണേഴ്‌സ് കോടതിയില്‍ നടന്ന വിചാരണയില്‍ ഇവര്‍ വ്യക്തമാക്കി. ദുരന്തം നടന്ന ദിവസം എലേനയുടെ ഫോണ്‍ ആക്ടിവിറ്റികളുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളെക്കുറിച്ച് വിവരിക്കാന്‍ കേസ് അന്വേഷിച്ച പോലീസ് കോണ്‍സ്റ്റബിള്‍ സൈമണ്‍ നോര്‍ത്തിനോട് ഫാമിലി ബാരിസ്റ്റര്‍ ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥിനി മരിക്കുന്ന ദിവസം ഫോണ്‍ വളരെ കുറച്ചു മാത്രമെ ഉപയോഗിച്ചിരുന്നുള്ളുവെന്ന് സൈമണ്‍ നോര്‍ത്ത് കോടതിയെ ബോധിപ്പിച്ചു.
എലേനയുടെ ഫോണില്‍ നിന്ന് മായ്ച്ചു കളഞ്ഞിരിക്കുന്ന സന്ദേശങ്ങള്‍ കണ്ടെത്തുക അസാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫോണില്‍ നിന്ന് ഡാറ്റകള്‍ ഡിലീറ്റ് ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. വിവിധ മാനസിക പ്രശ്‌നങ്ങള്‍ മൂലം എലേന ബുദ്ധിമുട്ടിയിരുന്നതായി കുട്ടിയ ചികിത്സിച്ച സൈക്യാട്രിസ്റ്റ് കോടതിയില്‍ അറിയിച്ചു. ഭക്ഷണത്തോട് വിരക്തിയുണ്ടാവുക സ്വയം ദേഹോപദ്രവം ഏല്‍പ്പിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ മൂലം എലേന ബാര്‍നെറ്റ്‌സ് ചൈല്‍ഡ് ആന്റ് അഡോളസെന്റ് മെന്റല്‍ ഹെല്‍ത്ത് സര്‍വീസില്‍ നിന്ന് കൗണ്‍സലിംഗ് തേടിയിരുന്നു. ഹാംപ്‌സ്റ്റെഡിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലിലും എലേന ചികിത്സ നേടിയിരുന്നു. മറ്റു കുട്ടികളപ്പോലെ ഭാവിയെക്കുറിച്ച് വലിയ ആഗ്രഹങ്ങള്‍ സൂക്ഷിച്ചിരുന്ന മനസ്സായിരുന്നു എലേനയുടേതും. പഠിച്ച് ഡോക്ടറാകണമെന്നായിരുന്നു എലേന സ്വപ്‌നം കണ്ടിരുന്നത്.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
പ്രെസ്റ്റണ്‍: ഈശോ തന്റ പന്ത്രണ്ട് ശിഷ്യന്മാരുടെ കാല്‍ കഴുകി വി. കുര്‍ബാനയും പൗരോഹിത്യവും സ്ഥാപിച്ച പെസഹാ ദിനത്തിന്റെ അനുസ്മരണം ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ വി. കുര്‍ബാന സെന്ററുകളില്‍ ഭക്തിയോടെ ആചരിച്ചു. പ്രെസ്റ്റണ്‍ കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായിരുന്നു. കത്തീഡ്രല്‍ വികാരി റവ. ഡോ. മാത്യൂ ചൂരപൊയ്കയില്‍ സഹകാര്‍മ്മികനായിരുന്നു.
ദൈവപുത്രനായ ഈശോയുടെ മുമ്പില്‍ പാപം ഒരിക്കല്‍ കൂടി തോറ്റ അവസരമായിരുന്നു ഈശോയുടെ കാലുകഴുകല്‍ കര്‍മ്മത്തിലൂടെ വെളിവായതെന്ന് സുവിശേഷ സന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. തിരുസഭയിലെ വിവിധ കൂദാശകളിലൂടെ ഈശോ ഇന്നും ഈ കാല്‍കഴുകല്‍ കര്‍മ്മം നടത്തി നമ്മെ വിശുദ്ധീകരിക്കുന്നു. ക്ഷമ എന്ന മഹത്തായ പുണ്യത്തിന്റെ പ്രകാശനവും പ്രതിഫലനവുമാണ് കാല്‍ കഴുകിയതിലൂടെ ഈശോ കാണിച്ചുതന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേവാലയം നിറഞ്ഞ് കവിഞ്ഞ് വിശ്വാസികള്‍ ശുശ്രൂഷകളില്‍ സംബന്ധിച്ചു. ബഹു. സിസ്‌റ്റേഴ്‌സ്, വൈദിക വിദ്യാര്‍ത്ഥികള്‍, ഗായകസംഘം തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചു. അള്‍ത്താര ശുശ്രൂഷികളായ പന്ത്രണ്ട് കുട്ടികളാണ് പന്ത്രണ്ട് ശ്ലീഹന്മാരുടെ പ്രതിനിധികളായി കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് എത്തിയത്. ദുഃഖവെള്ളിയുടെ തിരുക്കര്‍മ്മങ്ങള്‍ ഇന്നു രാവിലെ 10 മണിക്ക് കത്തീഡ്രല്‍ ദേവാലയത്തില്‍ ആരംഭിക്കും.
ഫാ.ഹാപ്പി ജേക്കബ്
പ്രവചന പൂര്‍ത്തീകരണം താന്‍ അരുളിച്ചെയ്തത് പോലെ ഇന്ന് സംഭവിക്കുകയാണ്. ഹൃദയം നുറുങ്ങി തന്റെ വേദനകളുടെ പാരമ്യത്തില്‍ ഇന്ന് പെസഹാദിനത്തില്‍ അരുളി ചെയ്തത് പോലെ തന്റെ ശരീരം കാല്‍വരിയില്‍ മുറിക്കപ്പെടുകയാണ്. തന്റെ ദൗത്യം പൂര്‍ത്തീകരിക്കുന്ന അതുല്യമായ ഓര്‍മ്മയുടെ ദിനം. പഴയ നിയമ കാലങ്ങളില്‍ തുടര്‍ന്നുവന്ന എല്ലാ ബലികളേയും ഇന്ന് തന്റെ യാഗം മൂലം മാറ്റപ്പെടുകയാണ്. വലിയ പിതാവായ അബ്രഹാം തന്റെ ഏകജാതനായ പുത്രന്റെ യാഗം കഴിക്കുവാന്‍ കൊണ്ടുപോകുന്ന അനുഭവം ഇന്ന് പുനരാവിഷ്‌കരിക്കുകയാണ് ഇന്ന്. യാഗം കഴിക്കുന്ന ആളും യാഗവസ്തുവും സ്വീകരിക്കുന്ന ആളും എല്ലാം ഒരാളാകുന്ന അത്യപൂര്‍വ്വ യാഗം.
തന്റെ ജീവിതം മുഴുവന്‍ കൂടെ ഉണ്ടായിരുന്നവര്‍ തന്നെ ഒറ്റികൊടുക്കുന്നു. അനേകര്‍ക്ക് ആശ്വാസം നല്‍കിയവന്‍ ഇന്ന് അടിയും പീഡയും ഏല്‍ക്കുന്നു. സ്‌നേഹവും സൗഖ്യവും പകര്‍ന്നു നല്‍കിയവന്‍ ഇന്ന് നിന്ദയും തൂവലും ഏല്‍ക്കുന്നു. കൂടിവരവിന്റേയും ഐക്യത്തിന്റേയും സുവിശേഷം കേട്ടവര്‍ ഇന്ന് ഓടിപ്പോകുന്നു. ന്യായം വിധിച്ചവന്‍ ആരും ഒരു കുറ്റവും കണ്ടില്ലെങ്കിലും ശിക്ഷയ്ക്ക് വിധിക്കപ്പെടുന്നു. നമുക്ക് വേണ്ടി നമ്മുടെ പാപങ്ങള്‍ക്കും തിന്മകള്‍ക്കും വേണ്ടി അവന്‍ ഈ കഷ്ടതകള്‍ എല്ലാം ഏല്‍ക്കുന്നു. അന്ധകാരത്തില്‍ നിന്നും ഭരണത്തില്‍ നിന്നും ഉള്ള വീണ്ടെടുപ്പ് നമ്മുടെ കര്‍ത്താവ് നമുക്കായി സാധ്യമാക്കി തന്നു.
ഇത് ഒരു അനുസ്മരണമല്ല. അവനെ ക്രൂശിക്ക എന്നോര്‍ത്ത് വിളിച്ച ജനസമൂഹമല്ലേ നമ്മുടെ സാന്നിധ്യം കാട്ടിത്തരുന്നത്. എല്ലാ അനുഗ്രഹങ്ങളും ലഭിച്ചു എങ്കിലും, ഏതാണെങ്കിലും നാം ഓര്‍ക്കുന്നുണ്ടോ. പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് അറിവായ്കയാല്‍ ഇവരോട് ക്ഷമിക്കണമേ എന്ന് നമ്മുടെ കര്‍ത്താവ് പ്രതിവചിച്ച വചനം ഇന്നും പ്രസക്തമല്ലേ. അറിഞ്ഞും അറിയാതെയും നാം ചെയ്തുകൂട്ടുന്ന പാപം എത്ര അധികം എന്ന് ഇന്നെങ്കിലും ഉയര്‍ത്തപ്പെട്ട ക്രൂശിനെ നോക്കി അനുതപിക്കുക.
ക്രൂശിന്റെ സാന്നിധ്യം സ്‌നേഹസൂചകമാണ്, അത് സമാധാന പ്രതീകമാണ്, പ്രത്യാശയാണ് നമ്മുടെ ധൈര്യമാണ്. പിശാചിന്റെ ബന്ധനത്തില്‍ നിന്നും വീണ്ടെടുത്ത ആയുധമാണ്. പ്രകൃതി വിറച്ചു, പാറകള്‍ പിളര്‍ന്നു, തിരശ്ശീല ചിന്തിപോയി, ദേശത്തെങ്ങും അന്ധകാരം നിറഞ്ഞു എന്നു വേദഭാഗങ്ങളില്‍ നാം മനസിലാക്കുമ്പോള്‍ പ്രകൃതി പോലും തന്റെ സൃഷ്ടാവിന്റെ അനുഭവങ്ങളില്‍ ചലിക്കപ്പെടുന്നു. എന്നിട്ടും നാം എന്തേ കഠിനമായ ഹൃദയങ്ങളെ അനുതാപചൂടില്‍ ഉരുക്കി കളയുവാന്‍ ശ്രമിക്കാത്തത്.
ഒരു നിമിഷം ആ ക്രൂശിലേക്ക് നമ്മുടെ ദൃഷ്ടി പതിപ്പിക്കാം. എനിക്ക് വേണ്ടി എന്റെ കര്‍ത്താവ് അനുഭവിച്ച വേദനകളെ സ്മരിക്കാം. എന്റെ പാപങ്ങളെ കഴുകി കളഞ്ഞ കാല്‍വരിയില്‍ ഒഴുക്കപ്പെട്ട തിരുരക്തത്തിന്റെ വില മനസിലാക്കാം.
ഭയത്തെ ദൂരീകരിച്ച്, സ്‌നേഹകൂട്ടായ്മയില്‍ ഒരുമിച്ച് ദൈവപ്രതിയാല്‍ നമുക്ക് കൂടി വരാം. അവന്റെ രക്ഷണ്യ പ്രവര്‍ത്തനങ്ങളെ വാഴ്ത്താം. ഇനി ഞാന്‍ അവനുള്ളവന്‍ എന്ന് മനസുകൊണ്ട് തീരുമാനിക്കാം. നമ്മുടെ പാപങ്ങളെ മരണത്തിനായി വിട്ടുകൊടുത്ത് നമ്മുടെ കര്‍ത്താവിനൊപ്പം പുതിയവരായി തീരുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. ഞാന്‍ ക്രിസ്തുവിനോടു കൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനി ജീവിക്കുന്നത് ഞാനല്ല; ക്രിസ്തുവാരോ എന്നില്‍ ജീവിക്കുന്നു.
കാല്‍വരി യാഗത്തില്‍ വീണ്ടെടുക്കപ്പെട്ട് വിലക്ക് വാങ്ങപ്പെട്ടവരായ നാം അവനുള്ളവരായി ജീവിക്കാം.
ദൈവം അനുഗ്രഹിക്കട്ടെ
ഹാപ്പി ജേക്കബ് അച്ചന്‍
ലണ്ടന്‍: 35 അസുഖങ്ങള്‍ക്കുള്ള ചികിത്സ ഒഴിവാക്കാനൊരുങ്ങി എന്‍എച്ച്എസ്. 570 മില്യന്‍ പൗണ്ട് ചെലവാകുന്ന നിസാര രോഗങ്ങള്‍ക്കുള്ള ചികിത്സകളാണ് എന്‍എച്ച്എസ് ഒഴിവാക്കുന്നത്. ഡാന്‍ഡ്രഫ്, വയറിളക്കം തുടങ്ങിയ രോഗങ്ങളാണ് പട്ടികയിലുള്ളത്. ഫാര്‍മസികളില്‍ ഇവയ്ക്ക് ചികിത്സ ലഭ്യമാണ്. ഇവിടെ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുമെങ്കിലോ, നിസാരമെന്ന് സ്ഥിരീകരിച്ചാലോ മാത്രമേ ആശുപത്രികളില്‍ ചികിത്സ നിഷേധിക്കുകയുള്ളു. ഈ നീക്കത്തിലൂടെ എന്‍എച്ച്എസിന്റെ ചെലവില്‍ അഞ്ചിലൊന്ന് കുറവു വരുത്താന്‍ കഴിയുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.
എന്നാല്‍ പാവപ്പെട്ടവര്‍ക്ക് ചികിത്സ നിഷേധിക്കുന്ന നടപടിയാണ് ഇതെന്ന് വിമര്‍ശകര്‍ പറയുന്നു. ഏപ്രില്‍ മുതല്‍ ഈ പരിഷ്‌കാരം നടപ്പിലാകും. കൂടുതല്‍ കാലത്തേക്ക് നീണ്ടു നില്‍ക്കുന്നതോ, മറ്റ് ഗുരുതര രോഗങ്ങളുടെ അനുബന്ധമായുള്ളതോ ആയ രോഗങ്ങള്‍ക്ക് മാത്രമേ ഇന്ി ഡോക്ടര്‍മാര്‍ പ്രിസ്‌ക്രിപ്ഷന്‍ നല്‍കേണ്ടതുള്ളു. റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി ഈ പരിഷ്‌കാരത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ചെറിയ രോഗങ്ങളാണെങ്കിലും പണം നല്‍കാന്‍ സാധിക്കാത്ത സാധാരണക്കാര്‍ക്ക് ചികിത്സ നിഷേധിക്കലായിരിക്കും ഈ നിയമമെന്ന് ആര്‍പിഎസ് പറയുന്നു.
ഇത്തരം നിസാര രോഗങ്ങളുടെ ചികിത്സയിലൂടെ പാഴായിപ്പോകുന്ന പണം തിരിച്ചു പിടിക്കാന്‍ കഴിഞ്ഞാല്‍ അത് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ ഉള്‍പ്പെടെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു. മെന്റല്‍ ഹെല്‍ത്ത് കെയര്‍ മെച്ചപ്പെടുത്താനും ക്യാന്‍സര്‍ ചികിത്സയിലും ഈ പണം ഉപയോഗിക്കാനാകുമെന്നാണ് വിശദീകരണം. മലബന്ധം, അത്‌ലറ്റ്‌സ് ഫുട്ട്, മൈല്‍ഡ് ആക്‌നെ, ഡാന്‍ഡ്രഫ്, വയറിളക്കം, പേന്‍, കോള്‍ഡ് സോറുകള്‍, ചെവിക്കായം നീക്കല്‍ തുടങ്ങിയവയാണ് എന്‍എച്ച്എസ് ഒഴിവാക്കിയ പട്ടികയിലുള്ളത്.
ഈസ്റ്റര്‍ ദിനത്തില്‍ ബ്രിട്ടനില്‍ വലിയ ഗതാഗതത്തിരക്കുണ്ടാവാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഈസ്റ്റര്‍ വീക്കെന്‍ഡിലെ നാല് ദിവസങ്ങളിലായി ഏതാണ്ട് 26 മില്യണ്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം തിങ്കളാഴ്ച്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഞ്ഞ് വീഴ്ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. പെസഹ വ്യാഴാഴ്ച്ച റോഡുകളില്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു. സമീപ വര്‍ഷങ്ങളിലെ ഏറ്റവും കൂടിയ തിരക്കായിരിക്കും ഈ ബാങ്ക് അവധി ദിനങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാരാന്ത്യത്തില്‍ വൈകീട്ട് 4 മുതല്‍ 6 വരെയുള്ള സമയത്തും നാളെ രാവിലെ 10 മുതല്‍ 2 വരെയുള്ള സമയത്തും ഈസ്റ്റര്‍ തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 12 മുതല്‍ വൈകീട്ട് 5 വരെയുള്ള സമയത്തും റോഡുകളില്‍ രൂക്ഷമായ തിരക്കായിരിക്കുമെന്ന് ട്രാഫിക്ക് അനലറ്റിക്‌സ് ഇന്റിക്‌സ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ന് യാത്ര ചെയ്യുന്ന ആളുകള്‍ക്കും നിരത്തില്‍ ബുദ്ധിമുട്ട് നേരിടാന്‍ സാധ്യതയുണ്ട്. വീക്കെന്‍ഡിലെ പ്രതികൂല കാലാവസ്ഥ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. വീക്കെന്‍ഡില്‍ താപനില മൈനസ് 5 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴാന്‍ സാധ്യയുണ്ട്. കൂടാതെ ഈ ദിവസങ്ങളില്‍ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ച്ചക്കും ശക്തമായ ശീതക്കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ മഞ്ഞുവീഴ്ച്ചയ്ക്ക് സാധ്യതയുള്ളത് ഈസ്റ്റര്‍ തിങ്കളാഴ്ച്ചയാണ്. മെറ്റ് ഓഫീസ് കാലാവസ്ഥ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 4 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച്ചയ്ക്ക് ഇഗ്ലണ്ട്, വെയില്‍സ്, സതേണ്‍ സ്‌കോട്ട്‌ലണ്ട് തുടങ്ങിയ പ്രദേശങ്ങള്‍ സാക്ഷ്യം വഹിക്കുമെന്ന് മെറ്റ് ഓഫീസ് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. റോഡിലൂടെയുള്ള യാത്രകളില്‍ തടസ്സം നേരിട്ടേക്കാമെന്നും വാഹനങ്ങള്‍ നിരത്തില്‍ കുടുങ്ങി പോകാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ പറയുന്നു. റെയില്‍, വിമാന സര്‍വീസുകളിലും തടസ്സം നേരിടാന്‍ സാധ്യതയുണ്ട്. സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്‌തേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും പ്രതികൂല കാലാവസ്ഥ മൂലം വൈദ്യൂതി വിതരണത്തില്‍ തടസ്സം നേരിട്ടേക്കും. മൊബൈല്‍ നെറ്റ്‌വര്‍ക്കുകളും തകരാറിലായേക്കും. ഇന്ന് രാത്രി 9 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 12 മണി വരെ സ്‌കോട്ട്‌ലണ്ടിലെ ഹൈലാന്‍ഡുകളില്‍ ഒരു ഇഞ്ച് വരെ മഞ്ഞു വീഴ്ച്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ റോഡിലൂടെയുള്ള യാത്രകള്‍ക്ക് കൂടുതല്‍ സമയമെടുക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. നാളെ മുതല്‍ മഴ പെയ്യാനും സാധ്യതയുണ്ട്. നോര്‍ത്തിലെ താപനില 5 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 7 ഡിഗ്രി സെല്‍ഷ്യസ് വരെയും സൗത്തില്‍ 8 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 9 ഡിഗ്രി സെല്‍ഷ്യസ് വരെയും ആയിരിക്കും. ഈസ്റ്റര്‍ ഞായറാഴ്ച്ച രാവിലെ സൗത്തില്‍ 1 ഡിഗ്രി സെല്‍ഷ്യസായിരിക്കും താപനില. യുകെയിലെ 81 ശതമാനം വരുന്ന വാഹന യാത്രക്കാരും വീക്കെന്‍ഡ് ആഘോഷിക്കാനുള്ള യാത്രകള്‍ പ്ലാന്‍ ചെയ്തിരിക്കുന്നതായി എഎ സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. 20,000 പേരില്‍ നടത്തിയ സര്‍വ്വേ ഈ ദിവസങ്ങളില്‍ റോഡുകളില്‍ 26 മില്യണ്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്ന് വ്യക്തമാക്കുന്നു.
യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന് സ്വകാര്യ ട്യൂട്ടര്‍മാരെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളില്‍ അഞ്ചിലൊരാള്‍ വീതം പഠന സഹായത്തിനായി ട്യൂട്ടര്‍മാരെ സമീപിക്കുന്നുവെന്ന് സ്റ്റുഡന്‍സ് ഡിസ്‌കൗണ്ട് വൗച്ചര്‍ സൈറ്റായ യുണിഡേയ്‌സ് (UNiDAYS) നടത്തിയ സര്‍വ്വേ വ്യക്തമാക്കുന്നു. ഫസ്റ്റ് ക്ലാസ്, അപ്പര്‍ സെക്കന്റ് ക്ലാസ് എന്നിങ്ങനെ ഉന്നത വിജയം നേടുന്നതിനായുള്ള സമ്മര്‍ദ്ദമാണ് ഈ പ്രവണതയ്ക്ക് കാരണമെന്ന് ഫ്‌ളീറ്റ് ട്യൂട്ടേര്‍സ് മാനേജിംഗ് ഡയറക്ടര്‍ മൈലീന്‍ കേര്‍ട്ടിസ് വിലയിരുത്തുന്നു. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഗ്രേഡ് മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായിട്ടാണ് ട്യൂട്ടര്‍മാരുടെ സഹായത്തിനെത്തുന്നതെന്ന് അവര്‍ പറഞ്ഞു.
യൂണിവേഴ്‌സിറ്റി പഠനത്തിനായി എത്തുന്ന ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടെയും പഠനത്തിലെ പിന്നോക്കാവസ്ഥയാണ് സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ക്ക് ഇത്രയധികം പ്രചാരം ലഭിക്കാന്‍ കാരണമെന്നും കേര്‍ട്ടിസ് വ്യക്തമാക്കുന്നു. സമീപകാലത്ത് യൂണിവേഴ്‌സിറ്റി പഠനത്തിനായി എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പക്ഷേ ഇവരില്‍ പലര്‍ക്കും എഴുതാന്‍ പോലും അറിയില്ലെന്നതാണ് വാസ്തവം. യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം ആവശ്യപ്പെടുന്ന നിലവാരത്തിലേക്ക് അതുകൊണ്ടുതന്നെ ഇവര്‍ക്ക് എത്തിച്ചേരാനാകുന്നില്ല. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു ട്യൂട്ടര്‍ എന്ന തരത്തിലുള്ള സേവനമാണ് മൂന്നില്‍ രണ്ടു പേരും തേടുന്നത്. കൂടാതെ അഞ്ചില്‍ ഒരാളെന്ന തോതില്‍ ഗ്രൂപ്പ് ട്യൂട്ടര്‍മാരുടെ ക്ലാസുകളില്‍ പങ്കെടുക്കുന്നുമുണ്ട്.
3,500 അണ്ടര്‍ ഗ്രാജ്വേറ്റ്‌സില്‍ നിന്നാണ് വിവരശേഖരണം നടത്തിയിരിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഏതാണ്ട് പകുതിയോളം പേരുടെയും ട്യൂഷന്‍ ഫീസ് നല്‍കുന്നത് ഇവരുടെ കുടുംബങ്ങളാണ്. 16 ശതമാനം പേര്‍ തങ്ങളുടെ നിക്ഷേപങ്ങളില്‍ നിന്നും 13 ശതമാനം പേര്‍ വിദ്യഭ്യാസ വായ്പയില്‍ നിന്നുമാണ് ട്യൂഷന്‍ ഫീസിനായുള്ള പണം കണ്ടെത്തുന്നത്. സമീപകാലത്ത് യൂണിവേഴ്‌സിറ്റി പഠനത്തിനായി എത്തുന്ന യുവതീയുവാക്കളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വര്‍ദ്ധനവ് ഡിഗ്രികളുടെ മൂല്യം താഴേക്ക് കൊണ്ടു വന്നതായി കേര്‍ട്ടിസ് ചൂണ്ടി കാണിക്കുന്നു. ഡിഗ്രി ലെവല്‍ ട്യൂഷനുകള്‍ നല്‍കുന്നതിനായി സ്ഥാപനങ്ങള്‍ 65 പൗണ്ടാണ് മണിക്കൂറിന് ഈടാക്കുന്നത്. പ്ലേസ്‌മെന്റ് ഫീ ആയി 50 പൗണ്ടും നല്‍കണം.
യുകെയില്‍ അടുത്ത മാസം മുതല്‍ ഷുഗര്‍ ടാക്‌സ് നിലവില്‍ വരുന്നു. പഞ്ചസാരയടങ്ങിയ പാനീയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ നികുതിയാണ് ഇത്. ഇത് പ്രാബല്യത്തിലാകുന്നതോടെ പെപ്‌സി, കൊക്കകോള തുടങ്ങിയ ഡ്രിങ്കുകളുടെ ലെവിയില്‍ വര്‍ദ്ധനവുണ്ടാകും. ജോര്‍ജ് ഓസ്‌ബോണ്‍ ചാന്‍സലറായിരുന്ന 2016 മാര്‍ച്ചിലാണ് സര്‍ക്കാര്‍ സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്. 2018ല്‍ ഇത് നടപ്പിലാക്കുമെന്നും അന്ന് പ്രഖ്യാപിച്ചിരുന്നു. ഏതാണ്ട് 520 മില്യണ്‍ പൗണ്ടിന്റെ നികുതി വരുമാന വര്‍ദ്ധനവാണ് ഷുഗര്‍ ടാക്‌സ് ഏര്‍പ്പെടുത്തുന്നതിലൂടെ പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ 6 മുതല്‍ പുതിയ നികുതി നിലവില്‍ വരും.
റെസിപ്പികളില്‍ മാറ്റം വരുത്താന്‍ കമ്പനികള്‍ക്ക് സമയമനുവിദിക്കുന്നതിനായാണ് നികുതി നിര്‍ദേശം പുറപ്പെടുവിച്ച ശേഷം രണ്ട് വര്‍ഷത്തെ സമയം അനുവദിച്ചത്. 100 മില്ലീലിറ്ററില്‍ 5 ഗ്രാമില്‍ കൂടുതല്‍ ഷുഗര്‍ അടങ്ങിയിട്ടുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ക്കാണ് പുതിയ ലെവി ബാധകമാവുക. ഡോ. പെപ്പര്‍, ഫാന്റ, സ്‌പ്രൈറ്റ് തുടങ്ങിയവയുടെ നികുതി നിരക്ക് കുറവായിരിക്കും. എന്നാല്‍ കോക്കകോള, പെപ്‌സി, അയണ്‍ ബ്രു തുടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകള്‍ ഉയര്‍ന്ന നികുതിയുള്ള വിഭാഗത്തിലായിരിക്കും. പഞ്ചസാരയുടെ അളവ് കൂടുതലുള്ള ഡ്രിങ്കുകളുണ്ടാക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി നമുക്കറിയാം. പൊണ്ണത്തടി മുതല്‍ പ്രമേഹം വരെ ഒട്ടേറെ അസുഖങ്ങള്‍ക്കാണ് ഇവ കാരണമാകുന്നത്. പക്ഷേ നിര്‍ണായക തീരുമാനമെടുക്കുന്നതില്‍ നിന്ന് നാം ഒഴിഞ്ഞു മാറുകയായിരുന്നു. ഇക്കാര്യത്തില്‍ നമ്മള്‍ ഒന്നും തന്നെ ചെയ്തിരുന്നില്ലെന്നും ജോര്‍ജ് ഓസ്‌ബോണ്‍ 2016ല്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.
100 മില്ലീലിറ്ററില്‍ 5 ഗ്രാമില്‍ കൂടുതല്‍ ഷുഗര്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അത്തരം ഡ്രിങ്കുകളുടെ വില 18 പെന്‍സ് വര്‍ധിപ്പിക്കും. 8 ഗ്രാമില്‍ കൂടുതലാണ് ഷുഗറിന്റെ അളവെങ്കില്‍ 24 പെന്‍സിന്റെ വര്‍ധനവും ഉണ്ടാകും. സാധാരണ ഗതിയില്‍ 70 പെന്‍സിന് ലഭിക്കുന്ന കോക്കിന്റെ ക്യാനിന്റെ വിലയില്‍ 8 പെന്‍സിന്റെ വര്‍ധനവുണ്ടാകും. പെപ്‌സി, അയണ്‍ ബ്രു എന്നിവയുടെ ക്യാനിന് 8 പെന്‍സിന്റെ വര്‍ധനവും ഫാന്റ സ്‌പ്രൈറ്റ് എന്നിവയുടെ ബോട്ടിലിന് 6 പെന്‍സിന്റെയും വര്‍ധനവുണ്ടാകും. 1.75 മില്ലിലിറ്ററിന്റെ കോക്കിന്റെ വിലയില്‍ 1.25 പൗണ്ട് മുതല്‍ 1.29 പൗണ്ട് വരെ വര്‍ധനവ് ഉണ്ടായേക്കും.
ഓരോ കലാപരിപാടികളും മലയാളിക്ക് ഉത്സവമാണ്. പ്രത്യേകിച്ച് പ്രവാസനാട്ടിലെ കലാപരിപാടികള്‍. അത്തരത്തില്‍ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ് യുകെയിലെ നൃത്തങ്ങളുടെയും, പാട്ടിന്റെയും തറവാടായ TUNE OF ARTS ന്റെ മയൂരാഫെസ്റ്റ്. കാലങ്ങള്‍ പല കലകളും മായിച്ചുകളയുമെങ്കിലും ആത്മാര്‍ത്ഥതയോടെ ചെയ്ത നന്മയുള്ള കലാകര്‍മ്മങ്ങള്‍ കാലാതീതമായി നിലനില്‍ക്കുക തന്നെ ചെയ്യും. മരിക്കാത്ത ഓര്‍മ്മകളായി. അങ്ങനെ യുകെ മലയാളികളുടെ മനസ്സില്‍ ഞങ്ങള്‍ നല്കിയ കടപ്പാടിന്റെ കണക്കുപുസ്തകത്തിന്റെ നേര്‍ചിത്രമാണ് മയൂരഫെസ്റ്റ്. യുകെ മലയാളികളുടെ പ്രിയപ്പെട്ടവര്‍ വിശിഷ്ട അതിഥികളായി പങ്കെടുക്കുന്ന മയൂരാഫെസ്റ്റ് 2018 ഏപ്രില്‍ 21ന് നോര്‍ത്താംപ്ട്ടണ്‍ഷെയറിലെ കെറ്ററിങ്ങില്‍ നടത്തപ്പെടും.
മയൂരാഫെസ്റ്റ് 2018 കലാപരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ കലയില്‍ കഴിവുറ്റവരും അതിലുപരി മലയാളിയുടെ കലാസംസ്‌കാരത്തെയും ജീവിതരീതികളെയും നമ്മളില്‍നിന്ന് നഷ്ടപ്പെടാതെ വരുംതലമുറയുടെ വഴികാട്ടികളായി നില്‍ക്കുന്നവര്‍ തന്നെയാണ്. നമ്മളില്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം കലകളിലൂടെ ഇവര്‍ അവതരിപ്പിക്കുന്നു. നമ്മളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന പിറന്ന നാടിന്റെ ഓര്‍മ്മകളിലേക്ക് താളുകള്‍ മറിക്കുമ്പോള്‍ ഈ സയഹ്ന്‌ന വേദി നിങ്ങള്‍ക്ക് ഒരു പുത്തന്‍ അനുഭവമാകും എന്നു ഞങ്ങള്‍ക്കുറപ്പുണ്ട്.
TUNE OF ARTS ഒരുക്കുന്ന മയൂരാഫെസ്റ്റ് 2018ല്‍ ‘കണ്ണീരും സ്വപ്നങ്ങളും വില്‍ക്കുവാനായ് വന്നവന്‍ ഞാന്‍” എന്ന ഗാനോപഹാര നിമിഷങ്ങളിലൂടെ നമ്മളുടെ സ്വന്തം ബാബുക്കായെ അനുസ്മരിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ ഖല്‍ബിലെ സംഗീത രത്‌നങ്ങളായ ‘പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍, ഒരു പുഷ്പം മാത്രം, താമസമെന്തേ വരുവാന്‍, തുടങ്ങിയ അനവധി പാട്ടുകള്‍ വ്യത്യസ്തമായ ലൈവ് ഗസലിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞങ്ങള്‍ എത്തിക്കുന്നു.
യുകെയിലെ അറിയപ്പെടുന്ന തബല മാന്ത്രികനും നാടകസംവിധായകനും അഭിനയ സാമ്രാട്ടുമായ മനോജ് ശിവയോടൊപ്പം പ്രശസ്ത കീബോഡിസ്റ്റായ ടൈറ്റസും സംഘവും ചേര്‍ന്നൊരുക്കുന്ന ഈ ഗസല്‍ ഗാനസന്ധ്യ ഗാനപ്രേമികള്‍ക്ക് സംഗീത ലഹരി പകരും. ഗസല്‍ പാട്ടിനൊപ്പം യുകെയില്‍ അറിയപ്പെടുന്ന നര്‍ത്തകി മിന്നാ ജോസിന്റെ ( സാലിസ്ബറി) പ്രകടനം നിങ്ങള്‍ക്ക് വ്യത്യസ്ഥമായ ഒരനുഭവമായിരിക്കും. യുകെയുടെ നാനാഭാഗങ്ങളില്‍നിന്നും വളരെയധികം കലാകാരന്മാരും കലാകാരികളും ഈ മയൂരഫെസ്റ്റ് വിരുന്നില്‍ പങ്കെടുക്കുന്നു. ബര്‍മിങ്ഹാമില്‍ നിന്നെത്തുന്ന അലീന സെബാസ്റ്റ്യന്‍ & ടീം, കെറ്ററിങ്ങില്‍നിന്നും സ്റ്റെഫാനോയും സംഘവും തുടങ്ങി അനേകം കലാകാരന്മാരും കലാകാരികളും സ്റ്റേജില്‍ മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കും. ഈസ്റ്റ്മിഡ്‌ലാന്‍സിന്റെ പ്രശസ്ത നൃത്ത അധ്യാപന സ്‌കൂള്‍ ആയ ‘നടനം നൃത്ത വിദ്യാലയം’ മയൂരഫെസ്റ്റിലെ നൃത്ത പരിപാടികളുടെ വലിയൊരു പങ്കുവഹിക്കുന്നു. നടനം നൃത്തവിദ്യാലയത്തിന്റെ നടത്തിപ്പുകാരിയും പ്രധാനാദ്ധ്യാപികയുമായ ജിഷാ സത്യനെ ഈ വേദിയില്‍ ആദരിക്കുന്നതായിരിക്കും.
കണ്ണിനും കാതിനും മനസ്സിനും കുളിര്‍മ്മയേകുന്ന ഈ പരിപാടിയുടെ തുടക്കം കെറ്ററിങ്ങിന്റെ നര്‍ത്തകിയായ ലക്ഷ്മിയുടെ ഗണപതി സ്തുതിയോടെയാണ്. യുകെയിലെ തിരക്കിട്ട ജീവീതത്തിനിടയിലും കലയെയും കലാകാരന്‍മാരെയും സ്‌നേഹിക്കുകയും അവരെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന മാതാപിതാക്കളോടും കലാകാരന്മാരോടും TUNE OF ARTS ന്റെ നന്ദിയും കടപ്പാടും അറിച്ചുകൊള്ളുന്നു.
2018 ഏപ്രില്‍ 21ന് കൃത്യം മൂന്നുമണിക്ക് പരിപാടികള്‍ കലാപരിപാടികള്‍ ആരംഭിക്കും. ഈ അനുഗ്രഹമുഹൂര്‍ത്തത്തിനും കലാകാരന്മാരുടെ സ്വപ്നസാക്ഷാല്‍ക്കാരത്തിനു പങ്കാളികളാകുവാന്‍ നല്ലവരായ നിങ്ങള്‍ ഏവരെയും ഞങ്ങള്‍ ആദരപൂര്‍വ്വം ക്ഷണിക്കുകയാണ്. നിങ്ങളുടെ ആശീര്‍വാദവും സഹകരണവും താഴ്മയോടെ പ്രതീക്ഷിക്കട്ടെ…
കൂടുതല്‍ വിവരങ്ങള്‍ക്ക്
Ajith Paliath (Sheffield) 07411708055, Sebastain Birmingham – 07828739276, Sujith kettering 07447613216, Titus (Kettering) 07877578165, Biju Nalapattu 07900782351, Prem Northampton- 07711784656, Sudheesh Kettering 07990646498, Anand Northampton 07503457419, Toni Kettering 07428136547,
സ്ഥലം : Kettering General Hospital (KGH) Social Club, Rothwell Road, Kettering, Northamptonshire, NN16 8UZ.
ഈ അഡ്രസില്‍ എത്തിയതിനു ശേഷം ആംബുലന്‍സ് സ്റ്റേഷന്റെ തൊട്ടടുത്ത കാര്‍പാര്‍ക്കിങ്ങില്‍ പാര്‍ക്കു ചെയ്യുക. ഒരു പൗണ്ട് നിരക്കില്‍ ദിവസം മുഴുവനും കാര്‍ പാര്‍ക്കിങ്ങിന് അവസരമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ പരിപാടി കമ്മറ്റി അംഗങ്ങളില്‍ നിന്നു അറിയാവുന്നതാണ്. തികച്ചും സൗജന്യമായാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണം ഹാളില്‍ ലഭിക്കും.
ഈമെയില്‍ : [email protected]
വെബ്‌സൈറ്റ് : http://tuneofarts.co.uk/
വിമാനത്തിന്റെ ചക്രം കാലിലൂടെ കയറിയിറങ്ങി വിമാനത്താവളത്തിലെ ഗ്രൗണ്ട് ജീവനക്കാരന് പരിക്ക്. ഗാറ്റ്വിക്ക് വിമാനത്താവളത്തിലാണ് സംഭവമുണ്ടായത്. റഷ്യയിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുകയായിരുന്ന റോസിയ എയര്‍ലൈന്‍സ് വിമാനത്തിന്റെ ചക്രമാണ് ഇയാളുടെ കാലിലൂടെ കയറിയിറങ്ങിയത്. കുറച്ചു നേരം വിമാനത്തിന്റെ കീഴില്‍ കുടുങ്ങിയ ഇയാളെ പിന്നീട് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന കാര്യത്തില്‍ വിശദീകരണം ലഭ്യമായിട്ടില്ല.
സംഭവത്തേത്തുടര്‍ന്ന് വിമാനം ടാര്‍മാക്കില്‍ രണ്ട് മണിക്കൂറോളം കിടന്നു. 200 ഓളം യാത്രക്കാരാണ് വിമാനത്തില്‍ കുടുങ്ങിയത്. പിന്നീട് വിമാനം യാത്ര റദ്ദാക്കുകയും യാത്രക്കാര്‍ക്ക് ലണ്ടനില്‍ താമസ സൗകര്യം നല്‍കുകയും ചെയ്തു. വിമാനം റദ്ദാക്കിയതിനേക്കുറിച്ച് യാത്രക്കാര്‍ പലരും സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പങ്കുവെക്കുന്നുണ്ടായിരുന്നു. റണ്‍വേയിലേക്ക് ടാക്‌സി ചെയ്യുന്നതിനിടെ ഒരു ഗ്രൗണ്ട് ജീവനക്കാരന്റെ മേല്‍ വിമാനം കയറിയെന്നാണ് ക്രൂ വെളിപ്പെടുത്തിയതെന്നാണ് ഒരു യാത്രക്കാരി ട്വീറ്റ് ചെയ്തത്.
വിമാനത്തിനരികില്‍ എമര്‍ജന്‍സി സര്‍വീസുകള്‍ എത്തിയതിന്റെ ചിത്രങ്ങളും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. എമര്‍ജന്‍സി സര്‍വീസുകള്‍ വിമാനം ഉയര്‍ത്താന്‍ ശ്രമിച്ചുവെന്ന് ചില യാത്രക്കാര്‍ പറയുന്നു. പരിക്കേറ്റ ജീവക്കാരന്റെ ആരോഗ്യ നിലയേക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. വൈകുന്നേരം 5.10നാണ് സംഭവമുണ്ടായതെന്നും ഒരാള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റതായും ഗാറ്റ്വിക്ക് വിമാനത്താവള വക്താവ് സ്ഥിരീകരിച്ചു.