ടോം ജോസ് തടിയമ്പാട്
കഴിഞ്ഞ ദിവസം അന്തരിച്ച രഞ്ജിത് കുമാര്‍ തികഞ്ഞ സ്വതന്ത്ര ചിന്തകനും മനുഷ്യസ്‌നേഹിയുമായിരുന്നുവെന്ന് എസ്സെന്‍സ് യുകെയുടെ പ്രസിഡന്റ് ഡോക്ടര്‍ ജോഷി ജോസ് പറഞ്ഞു. അദ്ദേഹത്തിന്റെ മരണം യുകെയിലെ സ്വതന്ത്ര ചിന്തകര്‍ക്ക് വലിയ നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നതെന്നു ജോഷി കൂട്ടിച്ചേര്‍ത്തു. മരണത്തെക്കുറിച്ച് ചിന്തിക്കുന്നതും സംസാരിക്കുന്നതും ഏവര്‍ക്കും എപ്പോഴെങ്കിലുമൊക്കെ അസ്വസ്ഥത ഉളവാക്കുന്ന ഒരു വിഷയമാണ്. പലരും ആശ്വാസം കണ്ടെത്തുന്നത് തെളിവുകള്‍ ഒന്നുമില്ലാത്ത മരണാനന്തര ജീവിതത്തെ കുറിച്ചും വ്യാജ സങ്കല്‍പ്പമായ സ്വര്‍ഗ്ഗത്തെക്കുറിച്ചും ഒക്കെയുള്ള കപടമായ പ്രത്യാശയിലും പ്രതീക്ഷയിലുമാണ്. ഇതിലൊന്നും വിശ്വസിക്കാതെ, നമുക്ക് കിട്ടിയ ഈ ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്ന ചിലരുണ്ട്. അവരില്‍ ഒരാളായിരുന്നു രഞ്ജിത് ചേട്ടന്‍.
യുകെയിലെ മലയാളികളെ, പ്രത്യേകിച്ച് കേംബ്രിഡ്ജിലെ മലയാളികളെ ദു:ഖത്തിലാഴ്ത്തിയാണു രഞ്ജിത് കുമാറിന്റെ മരണ വാര്‍ത്ത കടന്നു വന്നത്. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് രോഗ നിര്‍ണ്ണയം നടത്തിയപ്പോള്‍ ഡോക്ടര്‍ അഭിപ്രായപ്പെട്ടത് രഞ്ജിത്തിന് ആയുസ്സ് വെറും ആറു മാസം മാത്രം എന്നാണ്. ‘ഇല്ല, .. സമയമായിട്ടില്ല..എനിക്ക് ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്’ എന്ന് പുഞ്ചിരിയോടെ ഡോക്ടറോട് പറഞ്ഞ അദ്ദേഹം പിന്നെ മൂന്നു വര്‍ഷത്തോളം വീണ്ടും വളരെ സജീവമായ് യുക്മയുടെ ഈസ്റ്റ് ആംഗ്‌ളിയ റീജിയണിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
തികഞ്ഞ യുക്തിവാദ നിലപാടുകളാണ് ജീവിതത്തില്‍ അദ്ദേഹം സ്വീകരിച്ചിരുന്നത്. ചികിത്സ ആരംഭിച്ചതിനു ശേഷം രോഗത്തില്‍ നിന്നും അദ്ദേഹം പലവട്ടം മടങ്ങിവന്നിട്ടുണ്ട്. അപ്പോള്‍ എല്ലാം, ദൈവത്തിനു ഒന്നും അതില്‍ യാതൊരു പങ്കുമില്ല എന്ന് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ശാസ്ത്രത്തിലും മാനവികതയിലും സ്വതന്ത്രചിന്തയിലും വിശ്വസിക്കുന്ന വലിയ ഒരു മനുഷ്യ സ്‌നേഹിയെയും മികച്ച ഒരു സംഘാടകനെയുമാണു നമുക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ എസ്സെന്‍സ് യുകെ.ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് ഡോക്ടര്‍ ജോഷി ജോസ് അറിയിച്ചു.
ബ്രിട്ടീഷ് തലസ്ഥാനത്ത് കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കിടെ എട്ട് പേരാണ് വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടത്. ഈസ്റ്റ് ലണ്ടനിലെ ഷോപ്പിംഗ് സെന്ററില്‍ അജ്ഞാതരുടെ കുത്തേറ്റ് യുവാവ് മരിച്ചതാണ് ഏറ്റവും ഒടുവിലെ സംഭവം. 20നോട് അടുത്ത് പ്രായം തോന്നിക്കുന്ന യുവാവിനെ കുത്തേറ്റ പാടുകളോടെ സ്ട്രാറ്റ്‌ഫോഡ് സെന്ററില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ എമര്‍ജന്‍സി സംഘം സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഏതാണ്ട് 10 മണിയോടു കൂടി ഇയാളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മെട്രോപൊളിറ്റന്‍ പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2018ല്‍ മാത്രം ഇത്തരത്തില്‍ 38 കൊലപാതകങ്ങള്‍ ലണ്ടനില്‍ നടന്നിട്ടുണ്ട്. ഇവയില്‍ അന്വേഷണം നടന്നുവരികയാണ്.
സംഭവത്തിന് ആരെങ്കിലും ദൃസാക്ഷികളായിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് വിവരം കൈമാറണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു. സ്ട്രാറ്റ്‌ഫോഡ് കൊലപാതകത്തെക്കുറിച്ച് മേജര്‍ ക്രൈം കമാന്റിന് വിവരം കൈമാറിയതായി സ്‌കോട്‌ലന്റ് യാര്‍ഡ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷമേ കൂടുതല്‍ വ്യക്തത ഇക്കാര്യത്തിലുണ്ടാകുകയുള്ളുവെന്ന് പോലീസ് വക്താവ് വ്യക്തമാക്കി. ലണ്ടനില്‍ കഴിഞ്ഞ തിങ്കളാഴ്ച്ച നടന്ന വ്യത്യസ്ത ആക്രമണങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. കത്തിക്കുത്തേറ്റാണ് ഇരുവരും കൊല്ലപ്പെട്ടത്. 40കാരനായ ഒരാള്‍ വാല്‍ത്താംസ്‌റ്റോയിലും മറ്റൊരാള്‍ സൗത്താളിലുമാണ് ആക്രമിക്കപ്പെട്ടത്. സൗത്താളില്‍ വെച്ച് കുത്തേറ്റയാളെ വെസ്റ്റ് ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ടോപാത്ത് വോക്കില്‍ ശരീരത്തില്‍ നിരവധി കുത്തുകളേറ്റ നിലയില്‍ മറ്റൊരാളെ ഞാറാഴ്ച്ച പോലീസ് കണ്ടെത്തിയിരുന്നു. 42 വയസ് പ്രായം തോന്നിക്കുന്ന ഇയാള്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടു. ടോപാത്തിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ഞായറാഴ്ച്ച ഹോണ്‍സ്ലോയിലെ വീട്ടില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേരും ഇതിനോടകം പോലീസ് പിടിയിലായിട്ടുണ്ട്. ഹോണ്‍സ്ലോയില്‍ മരിച്ചയാളുടെ പേരു വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ലണ്ടന്റെ വിവിധ ഭാഗങ്ങളിലായി നടന്ന കൊലപാതകങ്ങളില്‍ പോലീസ് ഊര്‍ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് കരുതുന്നത്.
മോസ്‌കോ ആതിഥേയത്വം വഹിക്കാന്‍ പോകുന്ന 2018 ലോകകപ്പ് ഫുട്‌ബോളിനെ 1936ല്‍ ഹിറ്റ്‌ലര്‍ നടത്തിയ ജര്‍മന്‍ ഒളിമ്പിക്‌സുമായി താരതമ്യം ചെയ്ത് ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍. മുന്‍ റഷ്യന്‍ ഉദ്യോഗസ്ഥനും ബ്രിട്ടീഷ് ചാരനുമായിരുന്ന സെര്‍ജി സ്‌ക്രിപാലിനെ നെര്‍വ് ഏജന്റ് ആക്രമണത്തിനിരയാക്കിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ വിമര്‍ശനവുമായി ഫോറിന്‍ സെക്രട്ടറി രംഗത്ത് വന്നിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റിന്റെ ആഭിമുഖ്യത്തില്‍ സമ്മറില്‍ നടക്കാന്‍ പോകുന്ന ലോകകപ്പ് കാണുന്നത് അത്യധികം വെറുപ്പുളവാക്കുന്ന കാര്യമാണ്. റഷ്യയുടെ അതിക്രൂരവും മലീമസവുമായ ഭരണത്തെ ലോകത്തിന് മുന്നില്‍ ന്യായീകരിച്ചു കാണിക്കാനുള്ള അവസരമായി ലോകകപ്പ് വിനിയോഗിക്കപ്പെടുമെന്നും ഫോറിന്‍ സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു. ബ്രിട്ടീഷ് ഫുട്‌ബോള്‍ ആരാധകര്‍ റഷ്യന്‍ ലോകകപ്പിന് പോകരുതെന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത് ഫോറിന്‍ ഓഫീസ് നിര്‍ത്തലാക്കിയിട്ടുണ്ട്. പക്ഷേ ആരാധകര്‍ക്ക് റഷ്യയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് എന്ന രൂപത്തിലാണ് ജോണ്‍സന്റെ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്.
ബ്രിട്ടനിലെ ഔദ്യോഗിക സ്ഥാനം വഹിക്കുന്നവരോ മന്ത്രിമാരോ റഷ്യന്‍ ലോകകപ്പില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചിരുന്നു. റഷ്യന്‍ ലോകകപ്പ് ഫുട്‌ബോള്‍ ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ച് ബ്രിട്ടന്‍ ആലോചിക്കണമെന്നും മത്സരങ്ങള്‍ കാണുന്നതിനായി റഷ്യയിലെത്തുന്ന ഇംഗ്ലണ്ട് ആരാധകരുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്നും ലേബര്‍ എംപി ഇയാന്‍ ഓസ്റ്റിന്‍ അഭിപ്രായപ്പെട്ടു. ന്യൂക്ലിയര്‍ ശക്തിയായ ഒരു രാജ്യത്തിന്റെ നേതാവായി പുടിന്‍ മാറിയത് ഭയപ്പാടുണ്ടാക്കുന്ന കാര്യമാണെന്നും ഫുട്‌ബോള്‍പ്രേമി കൂടിയായ ലേബര്‍ എംപി കൂട്ടിച്ചേര്‍ത്തു. 1936ലെ ഒളിമ്പിക്‌സിനെ ഹിറ്റ്‌ലര്‍ എങ്ങനെയാണോ ഉപയോഗപ്പെടുത്തിയത് അതിനു സമാന രീതിയില്‍ പുടിന്‍ വരുന്ന ലോകകപ്പിനെയും ഉപയോഗപ്പെടുത്തുമെന്ന് കോമണ്‍സ് ഫോറിന്‍ അഫേയേര്‍സ് കമ്മറ്റിക്ക് മുന്നില്‍ നടത്തിയ പ്രസംഗത്തില്‍ ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കുന്നു. പുടിന്‍ ഉത്തരവാദിയായിരിക്കുന്ന ക്രൂരപ്രവൃത്തികളെയും മലിനമായ ഭരണത്തെയും വെള്ളപൂശാനുള്ള പിആര്‍ വര്‍ക്കുകള്‍ ലോകകപ്പിലൂടെ നടത്താനാണ് റഷ്യ പദ്ധതിയിടുന്നതെന്നും ജോണ്‍സണ്‍ പറയുന്നു.
തുറന്ന് പറയുകയാണെങ്കില്‍ 1936ല്‍ ഹിറ്റ്‌ലര്‍ നടത്തിയ ഒളിമ്പിക്‌സുമായുള്ള താരതമ്യം വളരെ ശരിയാണ്. ലോകകപ്പോടു കൂടി പുടിന്‍ എന്ന നേതാവ് ലോകത്തിന് മുന്നില്‍ പ്രകീര്‍ത്തിക്കപ്പെടും. ഇഗ്ലണ്ട് ആരാധകര്‍ ലോകകപ്പ് കാണാനായി റഷ്യയിലേക്ക് യാത്ര ചെയ്യുന്നത് നിരോധിക്കുന്നത് ശരിയായ നടപടിയല്ല. പക്ഷേ റഷ്യയില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നുവെന്ന സത്യം അവരെ അറിയിക്കേണ്ടതുണ്ട് ജോണ്‍സണ്‍ വ്യക്തമാക്കി. ഇത്തവണ റഷ്യയിലേക്ക് ലോകകപ്പ് കാണാന്‍ പോകുന്നത് 24,000 ആരാധകരാണ്. എന്നാല്‍ കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിന് ഇഗ്ലണ്ടില്‍ നിന്നും 94,000 പേര്‍ പങ്കെടുത്തിരുന്നു. അതേ സമയം ഫോറിന്‍ സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി റഷ്യ രംഗത്ത് വന്നു. ബോറിസ് ജോണ്‍സണിന്റെ പ്രസ്താവന ദേഷ്യത്തിന്റെയും വെറുപ്പിന്റെയും വിഷം നിറഞ്ഞതാണെന്ന് റഷ്യന്‍ ഫോറിന്‍ മിനിസ്ട്രി വക്താവ് പ്രതികരിച്ചു.
ലണ്ടന്‍: സിനിമാ തിയേറ്ററിലെ കസേരയ്ക്കിടയില്‍ തല കുടുങ്ങി യുവാവ് മരിച്ചു. ബര്‍മിങ്ഹാം സിറ്റി എന്റര്‍ടെയ്ന്‍മെന്റ് കോംപ്ലക്സിലെ വ്യൂ സിനിമാ തീയേറ്ററില്‍ വെച്ചാണ് സംഭവം. സിനിമ കാണുന്നതിനിടയില്‍ നിലത്തു വീണ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ തല കസേരകള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു.
തലകുടുങ്ങിയതോടെ സീറ്റിനോട് ചേര്‍ന്നുള്ള ഇലക്രോണിക് ഫൂട്ട്റെസ്റ്റ് തലയിലേക്ക് വീണ് ക്ഷതമേല്‍ക്കുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവാവിന്റെ തല സീറ്റിനുള്ളില്‍ നിന്ന് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫൂട്ട്റെസ്റ്റ് തകര്‍ത്ത ശേഷമാണ് ഇയാളെ രക്ഷിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
മാര്‍ച്ച് 9നാണ് അപകടം ഉണ്ടാകുന്നത്. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവാവ് കഴിഞ്ഞ വെള്ളിയാഴ്ച്ചയോടെ മരണപ്പെട്ടു. തല കസേരകള്‍ക്കിടയില്‍ കുടുങ്ങിയതോടെ വെപ്രാളത്തിലായ യുവാവിന് ഹൃദയസ്തംഭനം ഉണ്ടായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തിയേറ്റര്‍ അധികൃതര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
ലണ്ടന്‍: ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടന്‍ ഏര്‍പ്പെടുത്താനിരിക്കുന്ന നീല പാസ്‌പോര്‍ട്ടുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ലഭിച്ചത് യൂറോപ്യന്‍ കമ്പനിക്ക്. ഫ്രഞ്ച്, ഡച്ച് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ജെമാറ്റോ എന്ന കമ്പനിക്കാണ് ഈ കരാര്‍ ലഭിച്ചത്. ബിഡുകള്‍ സമര്‍പ്പിച്ചത് ആരാണെന്ന വിവരം മറച്ചുവെച്ചുകൊണ്ട് നടത്തിയ ടെന്‍ഡറിലാണ് ഈ കമ്പനിക്ക് നറുക്ക് വീണത്. അറിയാതെയാണെങ്കിലും യൂറോപ്യന്‍ കമ്പനിക്ക് അനുമതി ലഭിച്ചതിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞിരിക്കുകയാണ്.
പാര്‍ലമെന്റില്‍ യൂറോപ്യന്‍ യൂണിയന്‍ രേഖകളുടെ രാഷ്ട്രീയ പ്രാധാന്യം വിലയിരുത്തുന്ന യൂറോപ്യന്‍ സ്‌ക്രൂട്ടിനി കമ്മിറ്റിയുടെ തലവനായ സര്‍ ബില്‍ ക്യാഷ് ഈ നടപടിയെ പൊരുത്തക്കേട് എന്നാണ് വിശേഷിപ്പിച്ചത്. തീര്‍ത്തും അനാവശ്യമാണ് ഇതെന്നും പൂര്‍ണ്ണമായും തെറ്റായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം എടുക്കാനുണ്ടായ സാഹചര്യങ്ങള്‍ എന്തുതന്നെയായാലും ഇത് അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. യൂറോപ്യന്‍ യൂണിയന്‍ വിടുകയെന്നത് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ അര നൂറ്റാണ്ടിനിടെ സംഭവിച്ചിരിക്കുന്ന സുപ്രധാന കാര്യമാണ്. അതിന്റെ സൂചകമായ പുതിയ പാസ്‌പോര്‍ട്ട് നിര്‍മിക്കാന്‍ യൂറോപ്യന്‍ കമ്പനിക്ക് അനുവാദം നല്‍കിയതിനെ ന്യായീകരിക്കാന്‍ ഒരു കാരണവും കാണാനാകില്ലെന്നും ക്യാഷ് പറഞ്ഞു.
തലതിരിഞ്ഞതും അപമാനകരവുമായ തീരുമാനമെന്നായിരുന്നു മുന്‍ മന്ത്രി പ്രീതി പട്ടേല്‍ വിമര്‍ശിച്ചത്. നീല പാസ്‌പോര്‍ട്ട് തിരിച്ചു വരുന്നത് ബ്രിട്ടീഷ് ഐഡന്റിറ്റി തിരികെ കൊണ്ടുവരുന്നതിന് തുല്യമാണ്. എന്നാല്‍ അതിന്റെ നിര്‍മാണം ഫ്രഞ്ച് കമ്പനിയെ ഏല്‍പ്പിക്കുന്നത് അതിശയത്തോടെ മാത്രമേ കാണാനാകൂ. ഇത് രാജ്യത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അവര്‍ വ്യക്തമാക്കി. തീരുമാനം പുനഃപരിശോധിക്കാന്‍ ആംബര്‍ റൂഡിനോട് ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു. ബ്രെക്‌സിറ്റ് പാസ്‌പോര്‍ട്ട് നിര്‍മിക്കാനുള്ള ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നവരില്‍ ഒരു ബ്രിട്ടീഷ് കമ്പനിയും ഒരു ജര്‍മന്‍ കമ്പനിയും ഒരു ഫ്രാങ്കോ ഡച്ച് കമ്പനിയുമുണ്ടായിരുന്നതായി കഴിഞ്ഞ വര്‍ഷം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ലെസ്റ്റര്‍ഷെയറിലെ എം1 മോട്ടോര്‍വേയുടെ ചില ഭാഗങ്ങള്‍ മെയ് 11 മുതല്‍ രണ്ടു ദിവസത്തേക്ക് അടച്ചിടും. സൗത്ത്ബൗണ്ടിലും നോര്‍ത്ത്ബൗണ്ടിലുമുള്ള പ്രധാന കാര്യേജ്വോയ ജംഗ്ഷന്‍ 23എ മുതല്‍ 24 വരെയുള്ള ഭാഗങ്ങളാണ് അടച്ചിടുക. പ്രധാന പാത അടച്ചിടുന്നതോടെ വാഹനങ്ങളുടെ തിരക്ക് ഗണ്യമായി വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. പുതിയതായി നിര്‍മ്മിച്ച കെഗ്വെര്‍ത്ത് ബൈപ്പാസില്‍ റോഡ് ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായിട്ടാണ് പാതയില്‍ ഗതാഗതം നിരോധിക്കുന്നതെന്ന് ഡെര്‍ബി ടെലഗ്രാഫ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. വാരാന്ത്യത്തിലായിരിക്കും മോട്ടോര്‍വേ അടക്കുന്നത്. അതിനാല്‍ ഗതാഗത പ്രതിസന്ധിയുണ്ടാകാനിടയുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി മെയ് 11 വെള്ളിയാഴ്ച്ച വൈകീട്ട് 10 മണിയോടെ പാതയില്‍ ഗതാഗതം നിരോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ സമയത്ത് വാഹനങ്ങള്‍ക്ക് സമാന്തര പാതയായി എ453 ആഷ്ബി റോഡ് ഉപയോഗിക്കാവുന്നതാണ്. ഇരുവശങ്ങളിലേക്കുമുള്ള ട്രാഫിക്കിന് എ453 ആഷ്ബി റോഡ് ഉപയോഗിക്കാം. നിലവിലുള്ള ആഷ്ബി റോഡ് ബ്രിഡ്ജിന് പുതിയൊരു ക്രോസിംഗ് കൂട്ടിച്ചേര്‍ക്കും. ഈസ്റ്റ് മിഡ്ലാന്‍ഡ്സ് എയര്‍പോര്‍ട്ടിനോട് ചേര്‍ന്ന് സെര്‍ഗോ ലോജിസ്റ്റിക്സ് പാര്‍ക്ക് ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ഗെയിറ്റ് വേ എന്ന പേരില്‍ സ്ഥാപിക്കുന്ന പുതിയ ഡിസ്ട്രിബ്യൂഷന്‍ ഹബ്ബിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കാനാണ് ഈ ക്രോസിംഗ് നിര്‍മിക്കുന്നത്.
ക്രോസിംഗ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി എം1 അടച്ചിടുന്ന സമയം ഉപയോഗപ്പെടുത്തി ബ്രിഡ്ജ് വാട്ടര്‍പ്രൂഫിംഗ് ജോലികളും ഹൈവേ ഓഫ് ഇഗ്ലണ്ട് പൂര്‍ത്തീകരിക്കും. സൗത്ത് ജെ23എ പാതയിലാണ് ബ്രിഡ്ജ് വാട്ടര്‍ പ്രൂഫിംഗ് ജോലികള്‍ പൂര്‍ത്തിയാക്കാനുള്ളത്. യുകെയിലെ ഏറ്റവും തിരക്കേറിയ എം1 മോട്ടോര്‍വേ അടച്ചിടുന്നതോടെ നിരത്തില്‍ വലിയ തിരക്കുണ്ടാകാനുള്ള സാധ്യതയുണ്ട്. സമാന്തര പാതകളിലും മോട്ടോര്‍വേകളിലും തിരക്കുണ്ടാകുമെന്നും സെഗ്രോ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഡ്രൈവര്‍മാര്‍ പ്രസ്തുത പാത ഒഴിവാക്കി യാത്ര ചെയ്യണമെന്നും ഈസ്റ്റ് മിഡ്‌ലാന്‍ഡ്സ് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ സമാന്തര പാതകള്‍ ഉപയോഗപ്പെടുത്താന്‍ പരമാവധി ശ്രമിക്കണമെന്നും കുറിപ്പില്‍ പറയുന്നു.
ജെഗി ജോസഫ്
ഓരോ മത്സരവും ഒരുപിടി പ്രതിഭകളെ സൃഷ്ടിക്കുന്നു. മാറ്റുരയ്ക്കുന്നവര്‍ തങ്ങളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ വേദിയില്‍ എത്തിക്കുമ്പോള്‍ അത് ആസ്വാദകര്‍ക്കും മികച്ചൊരു വിരുന്നായിരിക്കും. മുന്‍ വര്‍ഷങ്ങളിലെ പോലെ ഇക്കുറിയും ബ്രിസ്‌ക ബ്രിസ്റ്റോളിലെ പ്രതിഭകള്‍ക്കായുള്ള മത്സങ്ങള്‍ നടത്തുകയാണ്. ഏപ്രില്‍ 21നാണ് മത്സരം. രാവിലെ പത്തു മണി മുതല്‍ രാത്രി എട്ടു വരെ സൗത്ത്മീഡ് കമ്യൂണിറ്റി ഹാളില്‍ വച്ചാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. രസകരമായ നിമിഷങ്ങളും മത്സരങ്ങളുടെ ആവേശവും ബ്രിസ്‌കയ്ക്ക് ഇക്കുറിയും മുതല്‍ക്കൂട്ടാകും. വന്‍തോതിലുള്ള ഒരുക്കങ്ങളാണ് ബ്രിസ്‌ക എക്‌സിക്യൂട്ടീവ് കമ്മിറ്റി ഇതിനായി നടത്തിയിരിക്കുന്നത്.
മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഒരാള്‍ക്ക് അഞ്ച് വ്യക്തിഗത മത്സരങ്ങളില്‍ പങ്കെടുക്കാം. 5 പൗണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഗ്രൂപ്പ് മത്സരങ്ങളില്‍ ഒരു ടീമിന് 5 പൗണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസ്. പ്രായം കണക്കാക്കി അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. കളറിങ്, പെയ്ന്റിങ്, പുഞ്ചിരി മത്സരം, ഉപന്യാസം. മെമ്മറി ടെസ്റ്റ്, ഫാന്‍സി ഡ്രസ്, സിംഗിള്‍ ഡാന്‍സ്, സെമി ക്ലാസിക്കല്‍, ഗ്രൂപ്പ് ഡാന്‍സ് എന്നിങ്ങനെ രസകരമായ ഒട്ടേറെ മത്സരങ്ങള്‍ നടത്തുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ വാശിയേറിയ മത്സരങ്ങള്‍ നടന്നിരുന്ന മിസ്റ്റര്‍ ബ്രിസ്‌ക, മിസ് ബ്രിസ്‌ക എന്നിവക്കൊപ്പം ഇക്കുറി മുതിര്‍ന്നവര്‍ക്കായി ബെസ്റ്റ് കപ്പിള്‍സ് എന്ന മത്സര ഇനം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആവേശത്തോടെ മത്സരങ്ങളുടെ ഭാഗമാകാന്‍ ഏവരേയും ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യു, സെക്രട്രറി പോള്‍സണ്‍ മേനാച്ചേരി എന്നിവര്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍ഗോത്സവത്തിന്റെ ചുമതല വഹിക്കുന്ന ബ്രിസ്‌ക എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സെബാസ്റ്റ്യന്‍ ലോനപ്പന്‍, റെജി തോമസ്, സന്ദീപ് കുമാര്‍ എന്നിവരെ ബന്ധപ്പെടുക.
അഡ്രസ്
സൗത്ത്മീഡ് കമ്യൂണിറ്റി ഹാള്‍
248 ഗ്രെ സ്റ്റോക്ക് അവന്യൂ,
BS10 6BQ
ജനങ്ങള്‍ ശക്തമായ തീവ്രവാദ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശവുമായി പോലീസ്. ഭീകരാക്രമണങ്ങള്‍ തടയുന്നതിന് ജനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. കഴിഞ്ഞ വര്‍ഷം ജനങ്ങള്‍ ഇത്തരത്തിലുള്ള 6000ത്തോളം വിവരങ്ങള്‍ ഇന്റലിജന്‍സിന് കൈമാറിയതായും പോലീസ് പറയുന്നു. വിവരങ്ങള്‍ കൈമാറുന്നതിന് പ്രത്യേക പരിശീലനത്തിന്റെ ആവശ്യമില്ല. വളരെ നൈസര്‍ഗികമായുള്ള മനുഷ്യന്റെ കഴിവേ ഇതിനായി ആവശ്യമുള്ളു. നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തെ അറിയുക. സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കുകയാണ് ചെയ്യേണ്ടതെന്നും പുതുതായി ചാര്‍ജെടുത്ത മെട്രോപൊളിറ്റന്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ നീല്‍ ബസു അറിയിച്ചു. ഓരോരുത്തര്‍ക്കും തീവ്രവാദത്തിനെതിരായി എന്തെങ്കിലും ചെയ്യാനുള്ള സുവര്‍ണ്ണാവസരമാണ് ഇതിലൂടെ ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൗണ്ടര്‍ ടെറര്‍ പോലീസിന് 2017ല്‍ ഓണ്‍ലൈനായും ഫോണിലൂടെയും 30,984 അറിയിപ്പുകള്‍ ലഭിച്ചിരുന്നു. അവയില്‍ 6659 എണ്ണം ഉപകാരപ്രദമായി. ഇവയിലൂടെ അന്വേഷണങ്ങള്‍ക്ക് സഹായം ലഭിക്കുകയും ചില സംഘങ്ങളേക്കുറിച്ച് ഇന്റലിജന്‍സ് രൂപങ്ങള്‍ തയ്യാറാക്കാന്‍ സാധിക്കുകയും ചെയ്തു. തീവ്രവാദികള്‍ക്ക് പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ട്, സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ടതായി വരുന്നുണ്ട. അപ്രകാരം ചെയ്യേണ്ടി വരുമ്പോള്‍ അവര്‍ പരിഭ്രാന്തരാകുകയും അപരിചിതമായി പെരുമാറുകയും ചെയ്തേക്കാം. ഇത്തരത്തിലുള്ളവരെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുകയാണ് വേണ്ടത്. വലിയ ാഹനങ്ങള്‍ വാടകയ്ക്കെടുക്കുക, കൂടിയി അളവില്‍ കെമിക്കലുകള്‍ വാങ്ങുക, ഗ്യാസ് സിലിണ്ടറുകള്‍ സംഘടിപ്പിക്കുക തുടങ്ങി പ്രത്യക്ഷത്തില്‍ അനാവശ്യമായതെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അധികാരികളെ വിവരമറിയിക്കണം. കൂടാതെ അസാധാരണ വസ്തുക്കള്‍ പാര്‍സലായി ലഭിക്കുക, അലക്ഷ്യമായി യാത്ര ചെയ്യുക, സുരക്ഷാ സംവിധാനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പോലീസ് അറിയിക്കുന്നു.
കഴിഞ്ഞ വര്‍ഷത്തിന്റെ ആരംഭം മുതല്‍ ഏതാണ്ട് പത്തോളം ഇസ്ലാമിക് തീവ്രവാദ ആക്രമണങ്ങളും നാലോളം തീവ്ര-വലതുപക്ഷ ഭീകരാ,്രകമണങ്ങളും സുരക്ഷാ വിഭാഗത്തിന് വിജയകരമായി തടയാന്‍ കഴിഞ്ഞിട്ടുണ്ട്. എംഐ5ഉം പോലീസും നിലവില്‍ 600ഓളം തീവ്രവാദ കേസുകളാണ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഏതാണ്ട് 3000ത്തോളം വരുന്ന ആളുകളെ കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണങ്ങളാണ്. തീവ്രവാദികളെ നേരിടുന്നതില്‍ പൊതുജനങ്ങള്‍ക്ക് മുഖ്യമായ പങ്കുണ്ടെന്ന് അവര്‍ തിരിച്ചറിയണമെന്നും. ജനങ്ങള്‍ക്ക് പിന്തുണയുമായി ആഗോള തലത്തില്‍ തന്നെ ഭീകരാക്രമണങ്ങള്‍ക്കെതിരെ പോരാടുന്ന ഏജന്‍സികളുണ്ടെന്നും നെയില്‍ ബസു പറയുന്നു. സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ 0800789321 എന്ന നമ്പറില്‍ വിളിച്ച് പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറുവുന്നതാണെന്നും കൗണ്ടര്‍ ടെറര്‍ പോലീസിന്റെ ചുമതലയുളള നീല്‍ ബസു വ്യക്തമാക്കി.
നൂറ്റാണ്ടിലെ മഹാനായ ശാസ്ത്രജ്ഞനെന്ന് വിശേഷിപ്പിക്കാവുന്ന സ്റ്റീഫന്‍ ഹോക്കിംഗിന് അന്ത്യവിശമമൊരുങ്ങുന്നത് സര്‍ ഐസക് ന്യൂട്ടന്റെ കല്ലറയ്ക്കരികില്‍. ഹോക്കിംഗിന്റെ ചിതാഭസ്മം വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ അടക്കം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രൊഫ.ഹോക്കിംഗിന്റെ സംസ്‌കാരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പുറത്തു വിടും. മാര്‍ച്ച് 31ന് കേംബ്രിഡ്ജില്‍ വെച്ചായിരിക്കും സംസ്‌കാരമെന്നാണ് കരുതുന്നത്. അദ്ദേഹം ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന നഗരത്തില്‍വെച്ചു തന്നെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
മാര്‍ച്ച് 14നാണ് സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചത്. അദ്ദേഹത്തിന് 76 വയസായിരുന്നു. സംസ്‌കാരം സ്വകാര്യ ചടങ്ങായി നടത്തുമെന്നാണ് വിവരം. ഗ്രേറ്റ് സെന്റ് മേരീസ്, യൂണിവേഴ്‌സിറ്റി ചര്‍ച്ചിലായിരിക്കും ചടങ്ങുകള്‍ നടക്കുക. പിന്നീട് ട്രിനിറ്റി കോളേജില്‍ അനുശോചന യോഗം ചേരും. തങ്ങളുടെ പിതാവിന്റെ വിയോഗത്തില്‍ ആദരാഞ്ജലികളും സന്ദേശങ്ങളും അയച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായി ഹോക്കിംഗിന്റെ മക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു. 50 വര്‍ഷത്തേളം കേംബ്രിഡ്ജിലാണ് അദ്ദേഹം ജീവിച്ചത്.
ഇക്കാലയളവില്‍ അദ്ദേഹം യൂണിവേഴ്‌സിറ്റിയുടെയും നഗരത്തിന്റെയും അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സംസ്‌കാരച്ചടങ്ങുകള്‍ ഇവിടെവെച്ച് നടത്താന്‍ ആഗ്രഹിക്കുകയാണെന്ന് അവര്‍ വ്യക്തമാക്കി. ഓക്‌സ്‌ഫോര്‍ഡ്ഷയറില്‍ ജനിച്ച ഹോക്കിംഗ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പഠനത്തിന് ശേഷമാണ് കേംബ്രിഡ്ജില്‍ എത്തിയത്. 1964ല്‍ 22-ാമത്തെ വയസിലാണ് ശരീരത്തിന്റെ സ്വാധീനം നഷ്ടമാകുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗത്തിന് അദ്ദേഹം അടിമയായത്. തമോഗര്‍ത്തങ്ങളേക്കുറിച്ചുള്ള സിദ്ധാന്തമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
ലണ്ടന്‍: ബ്രെക്‌സിറ്റി പരിവര്‍ത്തന കാലത്തേക്ക് രൂപീകരിച്ച കരാറുകളില്‍ യുകെ യൂറോപ്യന്‍ യൂണിയന്റെ ആവശ്യങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങുകയായിരുന്നുവെന്ന് ആരോപണം. മുതിര്‍ന്ന നിയമവിദഗ്ദ്ധരാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കരാറുകള്‍ ക്രമാനുഗതമായ പിന്‍വാങ്ങലില്‍ നിര്‍ണ്ണായകമാണെന്ന് മിഷേല്‍ ബാര്‍ണിയറും ഡേവിഡ് ഡേവിസും വ്യക്തമാക്കുന്നു. 2019 മാര്‍ച്ച് 29 മുതല്‍ 2020 ഡിസംബര്‍ വരെയായിരിക്കും പരിവര്‍ത്തനകാലഘട്ടെന്ന് അംഗീകരിക്കുന്ന ഉടമ്പടി പക്ഷേ ഐറിഷ് അതിര്‍ത്തി പോലെയുള്ള ചില വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ നിശബ്ദത പാലിക്കുകയാണെന്നും വിലയിരുത്തപ്പെടുന്നു.
ഈ കരാര്‍ ലളിതമായി പറഞ്ഞാല്‍ ഒരു വോക്ക് ഔട്ട് ആണെന്നാണ് നിയമവിദഗ്ദ്ധനായ ഡേവിഡ് അലന്‍ ഗ്രീന്‍ പറയുന്നത്. കരാര്‍ അനുസരിച്ച് യുകെ യൂറോപ്യന്‍ യൂണിയനില്‍ത്തന്നെ നിലനില്‍ക്കും. ബ്രെക്‌സിറ്റ് പേരില്‍ മാത്രമായി ചുരുങ്ങും. ഔദ്യോഗികമായി യൂണിയനില്‍ അംഗമല്ലെങ്കിലും യൂണിയനിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും യുകെ പങ്കാളികളാകുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു. അതായത് യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഒരു ബ്രെക്‌സിറ്റാണ് നടക്കാനിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
2017 ഏപ്രിലില്‍ യൂറോപ്യന്‍ യൂണിയന്‍ അവതരിപ്പിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തന്നെയാണ് ഈ കരാറില്‍ ഉള്ളത്. അതുകൊണ്ടുതന്നെ കഴിഞ്ഞ സമ്മറില്‍ കരാറില്‍ ഒപ്പിട്ടാലും ഒന്നും സംഭവിക്കുമായിരുന്നില്ലെന്നും അദ്ദേഹം പരിഹസിക്കുന്നു. ഗവണ്‍മെന്റ് ജനങ്ങള്‍ക്ക് നല്‍കിയ ഏഴ് വാഗ്ദാനങ്ങള്‍ ഈ കരാറിലൂടെ ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് ഓപ്പണ്‍ ബ്രിട്ടന്‍ വിമര്‍ശിക്കുന്നു. സ്വതന്ത്ര സഞ്ചാരം, ഫിഷറീസിലെ നിയന്ത്രണം ഏറ്റെടുക്കല്‍, രണ്ട് വര്‍ഷത്തെ കരാര്‍ നടപ്പാക്കല്‍ സമയം, 2019 മാര്‍ച്ചിന് ശേഷം യൂണിയന് പണം നല്‍കില്ല, തുടങ്ങിയ വാഗ്ദാനങ്ങളാണ് ലംഘിക്കപ്പെട്ടതെന്നും ഓപ്പണ്‍ ബ്രിട്ടന്‍ കുറ്റപ്പെടുത്തുന്നു.
യൂറോപ്യന്‍ യൂണിയന്‍ കരട് കരാര്‍ തെരേസ മേയ് തിരസ്‌കരിച്ചതിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പുതിയ കരാര്‍ നിലവില്‍ വരുന്നത്. എന്നാല്‍ ഇതിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. കരാര്‍ വ്യവസ്ഥകള്‍ പലതും ബ്രിട്ടന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.