സെക്യൂരിറ്റി പരിശോധനകള്‍ ഒഴിവാക്കാന്‍ ഇന്റര്‍നാഷണല്‍ അറൈവലില്‍ എത്തുന്ന ബാഗേജുകള്‍ ഡൊമസ്റ്റിക്കിലേക്ക് മാറ്റി മയക്കുമരുന്ന് കള്ളക്കടത്ത്. ബാഗേജ് കൈകാര്യം ചെയ്യുന്ന ജീവനക്കാരുടെ സഹായത്തോടെയാണ് കള്ളക്കടത്ത് നടത്തിയത്. ലക്ഷക്കണക്കിന് മില്യന്‍ പൗണ്ട് മൂല്യമുള്ള കൊക്കെയിനാണ് ഈ വിധത്തില്‍ കടത്തിയത്. ബര്‍ഗര്‍ കിംഗ് ഔട്ട്‌ലെറ്റില്‍ വെച്ച് മയക്കുമരുന്ന് കൈമാറുന്നതിനിടെ ഒരാള്‍ പിടിയിലായതോടെയാണ് ഇത് പുറത്തായത്. മയക്കുമരുന്ന് കടത്താന്‍ പുതിയ സംവിധാനം കണ്ടെത്തിയ 12 അംഗ സംഘത്തിലെ മാര്‍ക്ക് അഗോറോ എന്നയാളാണ് പിടിയിലായത്.

ബ്രസീലില്‍ നിന്ന് എത്തുന്ന മയക്കുമരുന്ന് അടങ്ങിയ സ്യൂട്ട്‌കേസുകള്‍ ഇന്റര്‍നാഷണല്‍ അറൈവലിലെ ലഗേജ് കാരോസലില്‍ നിന്ന് ഡൊമസ്റ്റിക് ഹാളിലേക്ക് മാറ്റുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതിയില്‍ നടന്ന വാദത്തില്‍ സംഘത്തിനുള്ള ശിക്ഷ ഈയാഴ്ച വിധിക്കും. 2015ലാണ് അഗോറോ അറസ്റ്റിലായത്. കിംഗ്‌സ് ക്രോസിലെ ബര്‍ഗര്‍ കിംഗിലെ ടേബിളിനടിയില്‍ 141 ഗ്രാം കൊക്കെയിന്‍ കൈമാറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. സംഘത്തിന്റെ നേതാവ് ഹീത്രൂവിലെ ബാഗേജ് വിഭാഗത്തില്‍ ജീവനക്കാരനായിരുന്ന ജോയ്‌സണ്‍ ജൂറി എന്നയാളാണെന്നും കണ്ടെത്തിയിരുന്നു.

ഇയാളുടെ ബ്രദര്‍ ഇന്‍ ലോ ആയ പ്രീതം മുന്‍ഗ്ര, ടെര്‍മിനല്‍ 5ലെ ബാഗേജ് ജീവനക്കാരായ ഡാമിയന്‍ ഗുഡ്ഹാള്‍, വില്‍ഫ്രഡ് ഓസു എന്നിവരും സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വിമാനത്തില്‍ ലഗേജുമായി അഗോറോ വന്നിറങ്ങുകയും വിമാനത്താവളത്തിലെ സഹായികള്‍ ബാഗേജ് മാറ്റാന്‍ സഹായിക്കുകയുമായിരുന്നു.