മെനുവില് വലിയ മാറ്റങ്ങള് കൊണ്ടുവന്നതിന് പിന്നാലെ കൂള് ഡ്രിങ്കുകളിലും പരിഷ്കരണത്തിനൊരുങ്ങി മക്ഡൊണാള്ഡ്സ്. ഈ വര്ഷം അവസാനത്തോടെ കൂള് ഡ്രിങ്ക് കപ്പുകളും ട്രേകളും പ്ലാസ്റ്റിക് വിമുക്തമാക്കാനാണ് കമ്പനിയുടെ തീരുമാനം. പുതിയ പരിഷ്കാരങ്ങള് ലോകമൊട്ടാകയുള്ള ഔട്ട്ലെറ്റുകളില് നടപ്പില് വരുത്താനാണ് പദ്ധതിയെന്ന് ദി സണ് റിപ്പോര്ട്ട് ചെയ്യുന്നു. ഉപഭോക്താക്കളുടെ അഭിപ്രായം പരിഗണിച്ച് കഴിഞ്ഞ ആഴ്ച്ച ചീസ്ബര്ഗറുകള് മക്ഡൊണാള്ഡ്സ് മെനുവില് നിന്ന് ഒഴിവാക്കിയിരുന്നു. ചീസ്ബര്ഗറുകള് ഒഴിവാക്കിയതിന് പിന്നാലെ പുതിയ ബിഗ് മാക് ബര്ഗറുകള് പുറത്തിറക്കി കമ്പനി ഉപഭോക്താക്കളെ അമ്പരപ്പിച്ചിരുന്നു. റീസൈക്കിള് ചെയ്യാന് കഴിയുന്ന വിധത്തിലുള്ള പാക്കിംഗ് രീതി ലോകമൊമ്പാടുമുള്ള ഔട്ട്ലെറ്റുകളില് 2025 ഓടെ കൊണ്ടുവരുമെന്ന് കമ്പനി പറയുന്നു.
റീസൈക്കിളിംഗ് അസാധ്യമായ പാക്കേജിംഗ് രീതി പിന്തുടര്ന്നിരുന്ന മക്ഡൊണാള്ഡ്സ് പരിസ്ഥിതി പ്രവര്ത്തകരുടെയും ഉപഭോക്താക്കളുടെയും വിമര്ശനത്തിന് വിധേയമായിരുന്നു. ഏഴു വര്ഷങ്ങള്ക്കുള്ളില് മക്ഡൊണാള്ഡ്സ് റസ്റ്റോറന്റ് ശൃഖലയില് ഉപയോഗിക്കുന്ന ബാഗുകളും കപ്പുകളും സ്ട്രോയും അനുബന്ധ പാക്കിംഗ് മെറ്റീരിയലുകള് ഉള്പ്പെടെയുള്ളവ റിസൈക്കിള് ചെയ്ത് നിര്മ്മിക്കുന്നവയായി മാറ്റും. നിലവില് കമ്പനി പാക്കേജിങിനായി ഉപയോഗിക്കുന്നതില് പകുതിയിലേറെയും പ്ലാസ്റ്റിക്ക് അനുബന്ധ ഉത്പ്പന്നങ്ങളാണ്. ഇതില് വെറും 10 ശതമാനമാണ് റിസൈക്കിള് ചെയ്യപ്പെടുന്നതെന്ന് റിപ്പോര്ട്ട്. 120 രാജ്യങ്ങളിലായി 37,000 റസ്റ്റോറന്റുകള് മക്ഡൊണാള്ഡ്സിന് സ്വന്തമായുണ്ട്. പാക്കേജിംഗ് മാലിന്യങ്ങള് പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നതായും അത്തരം പ്രശ്നങ്ങളെ ഗൗനിക്കേണ്ടതുണ്ടെന്നും ഞങ്ങളോട് ഉപഭോക്താക്കള് ആവശ്യപ്പെട്ടിരുന്നുവെന്ന് മക്ഡൊണാള്ഡ്സിന്റെ സപ്ലൈ ആന്റ് സസ്റ്റൈനബിലിറ്റ്ി ചീഫ് ഓഫീസര് ഫ്രാന്സിസ്കാ ഡിബയേസ് പറഞ്ഞു.
ഞങ്ങളുടെ ആഗ്രഹം ഉപഭോക്താക്കള് ആവശ്യപ്പെടുന്ന മാറ്റങ്ങള് കൊണ്ടു വരുകയെന്നതാണ്. പാക്കേജിംഗ് ലഘൂകരിക്കുക, റിസൈക്കിള് ചെയ്യാവുന്ന ഉത്പ്പന്നങ്ങള് ഉപയോഗിക്കുക, അതിനാവശ്യമായ അനുബന്ധ കാര്യങ്ങള് ആസൂത്രണം ചെയ്യുക തുടങ്ങിയവ വൃത്തിയുള്ള ഒരു സമൂഹത്തെ വാര്ത്തെടുക്കുന്നതിന് സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. തെരെസ മേയ് അടുത്തിടെ പ്ലാസ്റ്റിക് ഉത്പാദനം ഗണ്യമായി വര്ദ്ധിച്ചു വരുകയാണെന്ന് മുന്നറിയിപ്പ് നല്കിയതിന് പിന്നാലെയാണ് മകഡൊണാള്ഡ്സിന്റെ പുതിയ തീരുമാനം പുറത്തുവരുന്നത്.
ഷിബു മാത്യൂ.
ഇനി പഠിച്ചാലും വിജയിക്കാം. പരീക്ഷയില്ലെങ്കില് വിജയമില്ല. പരീക്ഷ വിജയത്തിലേയ്ക്ക് നയിക്കുന്ന ഉപാധിയാണ്. ജോലിത്തിരക്കിനിടയിലും മക്കള് പ്രധാനപ്പെട്ടതാണ് എന്ന് ആഴത്തില് വിശ്വസിക്കുന്നവരാണ് യുകെയിലെ മാതാപിതാക്കള്. പക്ഷേ മക്കള് പരീക്ഷയില് ഉന്നത വിജയം നേടാതെ വരുമ്പോള് അവരെ പഴിചാരുന്നതും ഇതേ മാതാപിതാക്കള് തന്നെ. ഇരുപത്തിനാല് മണിക്കൂറും മക്കളെ ശ്രദ്ധിക്കുന്ന മാതാപിതാക്കള് മക്കള്ക്കൊരു ശല്യമാകരുത് എന്ന് പ്രശസ്ത ടെലിവിഷന് അവതാരകയും മോഡലും അതിലുപരി കൊച്ചി ഇടപ്പള്ളി ഗവ. ഹയര് സെക്കന്ററി സ്ക്കൂള് ഗണിതശാസ്ത്ര വിഭാഗം അദ്ധ്യാപികയുമായ മായാറാണി പറയുന്നു.
ഏഷ്യാനെറ്റ് കേബിള് വിഷനില് പെണ്ണഴക് എന്ന പരിപാടിയില് എക്സാം ടിപ്സ് അവതരിപ്പിക്കുകയാണ് മായാറാണി. അഞ്ച് മിനിറ്റ് ദൈര്ഘ്യത്തില് നാല് എപ്പിസോഡായി പ്രക്ഷേപണം ചെയ്യുന്ന ഈ പരിപാടിയില് പരീക്ഷകളെ എങ്ങനെ നേരിടാം എന്ന് വ്യക്തമായി പറയുന്നു. മക്കളുടെ പഠനത്തില് മാതാപിതാക്കളുടെ പങ്ക് വളരെ പ്രധാനമാണ്. മക്കളുടെ തോല്വിക്ക് ഒരു പരിധിവരെ മാതാപിതാക്കളാണ് കാരണവും. മക്കളുടെ മാര്ക്കിന്റെ അടിസ്ഥാനത്തില് അവരെ സ്നേഹിക്കുന്ന മാതാപിതാക്കളും ധാരാളം. ജോലിത്തിരക്കിനിടയില് മക്കളെ ശ്രദ്ധിക്കാതെ പോകുന്ന മാതാപിതാക്കളാണ് യു കെയില് അധികവും.
GCSE യും A level പരീക്ഷയും അതീവ ഭീതിയോടെ കാണുന്ന യുകെയിലെ മാതാപിതാക്കള്ക്ക് ഈ വീഡിയോ പ്രയോജനപ്പെടുമെന്നതില് സംശയമില്ല.
എക്സാം ടിപ്പ്സ് എന്ന വീഡിയോ കാണുവാന് താഴെ കാണുന്ന ലിങ്കില് ക്ലിക് ചെയ്യുക.
[ot-video][/ot-video]
ഡ്രൈവ് ചെയ്യുന്നതിനിടയില് മറ്റൊരു വാഹനത്തിന്റെ ഡ്രൈവറോട് തോന്നുന്ന അസഹിഷ്ണുത പ്രകടിപ്പിക്കാന് അംഗവിക്ഷേപങ്ങള് നടത്താത്തവരായി ആരുമില്ല. എന്നാല് ഇവ ശിക്ഷാര്ഹമായ കുറ്റകൃത്യമാണെന്ന് എത്രപേര്ക്ക അറിയാം. വാഹനമോടിക്കുമ്പോള് സംയമനം പാലിച്ചില്ലെങ്കില് ആയിരം പൗണ്ട് വരെ പിഴ ലഭിച്ചേക്കാമെന്നതാണ് വാസ്തവം. ദേഷ്യത്തോടെയുള്ള ഒരു ചെറിയ ആഗ്യം കാട്ടിയാല്പോലും നിങ്ങള് വന് തുക പിഴയൊടുക്കേണ്ടി വരുമെന്ന് റിപ്പോര്ട്ടുകള് പറയുന്നു. വാഹനമോടിക്കുന്ന സമയത്ത് പരമാവധി ദേഷ്യപ്പെടാതിരിക്കുകയെന്നതേ പിഴയില് നിന്ന് നിങ്ങളെ രക്ഷപ്പെടുത്തുകയുള്ളു. നടുവിരല് ഉയര്ത്തി കാണിക്കുന്നത് കടുത്ത നിയമലംഘനമാണ്. മോശം പെരുമാറ്റത്തിന് വിചാരണ ചെയ്യാന് തക്കതായ നിയമലംഘനമാണ് ഇത്.
1998ല് പാസാക്കിയ ക്രൈം ആന്റ് ഡിസോര്ഡര് ആക്ട് പ്രകാരം കുറ്റം തെളിയിക്കപ്പെട്ടാല് ഒരുപക്ഷേ നിങ്ങളുടെ ഒരാഴ്ച്ചത്തെ ശമ്പളത്തിന്റെ 75ശതമാനം പിഴയൊടുക്കേണ്ടതായും വരും. വാഹനമോടിക്കുന്ന സമയത്ത് കൈകൊണ്ട് ആഗ്യം കാണിക്കുന്നത് വാഹനത്തിന്റെ നിയന്ത്രണം തെറ്റാന് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഗ്യം കാണിക്കുമ്പോള് വാഹനത്തിന്റെ നിയന്ത്രണം ഒരു കൈയ്യില് മാത്രമായിരിക്കുമെന്നും ഇത് അപകടങ്ങള് സൃഷ്ടിക്കാന് സാധ്യതയുണ്ടെന്നും റിപ്പോര്ട്ടുകള് പറയുന്നു.
റോഡില് ഒരു ദിവസം ഏതാണ്ട് 40 ഓളം നിയമലംഘനങ്ങള്ക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ടെന്ന് ബിബിസി അവതാരകന് ജെറമി വൈന് പറയുന്നു. ലണ്ടന് അസംബ്ലി ട്രാന്സ്പോര്ട്ട് കമ്മറ്റിയോടാണ് അദ്ദേഹം ഈ വെളിപ്പെടുത്തല് നടത്തിയത്. വൈനിനെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുന്ന വിധത്തില് സംസാരിക്കുകയും ചെയ്ത ഷാനിക്യൂ സൈറേന പിയേര്സണ് എന്നയാള്ക്ക് ഒമ്പത് മാസം ജയില് ശിക്ഷ ലഭിച്ചിരുന്നു. മറ്റൊരു കേസില് നിയമലംഘനം നടത്തിയ ഡ്രൈവര്ക്ക് 3000 പൗണ്ട് പിഴയൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും വൈന് പറയുന്നു.
ലണ്ടന്: ഈ വര്ഷം നടക്കാനിരിക്കുന്ന ലോക്കല് തെരഞ്ഞെടുപ്പ് കണ്സര്വേറ്റീവ് പാര്ട്ടിക്ക് ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന് വിലയിരുത്തല്. പാര്ട്ടി ചെയര്മാന് ബ്രാന്ഡന് ലൂയിസ് തന്നെയാണ് ഇക്കാര്യം സമ്മതിച്ചത്. ലണ്ടനിലെ കൗണ്സില് സീറ്റുകളിലേക്കുള്ള മത്സരം ദുഷ്കരമായിരിക്കുമെന്ന് ലൂയിസ് പറഞ്ഞു, കുറഞ്ഞത് മൂന്ന് പ്രധാന കൗണ്സിലുകളെങ്കിലും രാജ്യം ഭരിക്കുന്ന പാര്ട്ടിക്ക് പ്രാദേശിക തെരഞ്ഞെടുപ്പുകളില് നഷ്ടപ്പെടാന് സാധ്യതയുണ്ട്. മെയ് മാസത്തിലാണ് തെരഞ്ഞെടുപ്പുകള് നടക്കാനിരിക്കുന്നത്.
പാര്ട്ടി ചെയര്മാന് സ്ഥാനത്തേക്ക് പുതുതായി നിയമിതനായ ലൂയിസിനായിരിക്കും തെരഞ്ഞെടുപ്പില് പ്രചാരണ പ്രവര്ത്തനങ്ങളുടെ ചുക്കാന് പിടിക്കേണ്ടി വരിക. അതിനായി ഏറെ പ്രവര്ത്തിക്കേണ്ടതുണ്ടെന്ന് ലൂയിസ് പറഞ്ഞു. 2014ലെ കൗണ്സില് തെരഞ്ഞെടുപ്പില് ലേബറിനായിരുന്നു മുന്തൂക്കം. ലണ്ടനിലും അവര്ക്കായിരുന്നു നേട്ടമുണ്ടാക്കാനായത്. ഏറ്റവും വെല്ലുവിളി നിറഞ്ഞതും ലണ്ടന് തന്നെയാണ്. ഇവിടെയും മറ്റിടങ്ങളിലും ഒട്ടേറെ കാര്യങ്ങള് ടോറികള്ക്ക് ചെയ്തു തീര്ക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പുകള് വെല്ലുവിളി നിറഞ്ഞവ തന്നെയാണ്. എന്നാല് നാണിച്ചു പിന്മാറി നില്ക്കാതെ പ്രവര്ത്തനങ്ങളില് മുഴുകുകയാണ് ചെയ്യേണ്ടത്. ജനങ്ങള്ക്ക് വേണ്ടി എന്തൊക്കെ ചെയ്യാനാകുമെന്ന് പ്രചരണങ്ങളിലൂടെ അറിയിക്കുകയും പരമാവധി സീറ്റുകളില് വിജയിക്കാനുള്ള ശ്രമം നടത്തുകയുമാണ് ഇപ്പോള് ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ലണ്ടനില് ലേബറിന് കണ്സര്വേറ്റീവുകളേക്കാള് 26 പോയിന്റ് ലീഡുണ്ടെന്ന് വ്യക്തമാക്കുന്ന പുതിയ പോള് ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ടോറി ചെയര്മാന്റെ പ്രസ്താവന. ടോറികള് അധികാരത്തിലിരിക്കുന്ന പ്രധാന കൗണ്സിലുകളായ ബാര്നറ്റ്, വാന്ഡ്സ് വര്ത്ത്, വെസ്റ്റ്മിന്സ്റ്റര് എന്നിവയില് ലേബറിന് ആധിപത്യം നേടാനാകുമെന്നാണ് പുതിയ സര്വേ വ്യക്തമാക്കുന്നത്.
ലണ്ടന്: പഞ്ചാബില് നിന്ന് യുകെയിലെത്തിയ സിഖ് യുവാവിന്റെ തലപ്പാവ് ബലമായി അഴിച്ചു മാറ്റാന് ശ്രമം. റവ്നീത് സിങ് എന്ന യുവാവിനാണ് വംശീയാതിക്രമം നേരിടേണ്ടി വന്നത്. പോര്ട്ട്കള്ളിസ് ഹൗസിനു മുമ്പില് ലേബര് എംപി തന്മന്ജീത് സിങ് ദേശിയെ കാണാന് കാത്തിരിക്കുന്നതിനിടെയാണ് സംഭവം. ക്യൂവില് നില്ക്കുകയായിരുന്ന റവ്നീത് സിങ്ങിനു നേരെ മുസ്ലീങ്ങള് തിരികെ പോകുക എന്ന് ആക്രോശിച്ചുകൊണ്ട് വെളുത്ത വര്ഗ്ഗക്കാരനായ ഒരാള് പാഞ്ഞെത്തുകയും തന്റെ തലപ്പാവില് പിടിച്ച് വലിക്കുകയുമായിരുന്നുവെന്ന് റവ്നീത് സിങ് പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് 5.20നാണ് സംഭവമുണ്ടായത്. തലപ്പാവ് പകുതിയോളം തലയില് നിന്ന് ഊരിയെടുക്കാന് അക്രമിക്ക് സാധിച്ചു. അപ്പോഴേക്കും താന് അതില് പിടിക്കുകയും ശബ്ദമുയര്ത്തുകയും ചെയ്തതോടെ അക്രമി ഓടിപ്പോകുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ അതിക്രമത്തില് താന് ഞെട്ടിപ്പോയെന്ന് പറഞ്ഞ റവ്നീത് തന്നെ ആക്രമിച്ചയാള് വെളുത്ത വര്ഗ്ഗക്കാരനാണെങ്കിലും ഇംഗ്ലീഷുകാരനാണെന്ന് തോന്നുന്നില്ലെന്നും പറഞ്ഞു. സ്ലോവിലെ ലേബര് എംപിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ക്യൂവില് നില്ക്കുകയായിരുന്നു ഇദ്ദേഹം.
മൂന്നാഴ്ച നീളുന്ന സന്ദര്ശനത്തിനാണ് ഇദ്ദേഹം യുകെയില് എത്തിയത്. ഒരു പരിസ്ഥിതി സംഘടനയ്ക്കു വേണ്ടി പ്രവര്ത്തനങ്ങളേക്കുറിച്ച് സംസാരിക്കാനാണ് എത്തിയത്. സംഭവത്തില് പ്രതിഷേധമറിയിച്ച തന്മന്ജീത് തന്റെ അതിഥിയുടെ തലപ്പാവ് അഴിക്കാന് ശ്രമിച്ച അതിക്രമം വംശവെറിയുടേതാണെന്ന് ട്വിറ്ററില് പറഞ്ഞു. അധികാരികളും മെറ്റ് പോലീസും വിഷയത്തില് കര്ശന നടപടികള് സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും പറഞ്ഞു.
യുകെയിലെ ഫാമുകളില് നിന്ന് വന്തോതില് പഴങ്ങളും പച്ചക്കറികളും പാഴാക്കപ്പെടുന്നതായി റിപ്പോര്ട്ട്. പതിനായിരക്കണക്കിന് ടണ്ണോളം പഴങ്ങളും പച്ചക്കറികളും പാഴാക്കപ്പെടുന്നതായി റിപ്പോര്ട്ടില് പറയുന്നു. വന്തോതില് ഉത്പാദന നിരക്ക് വര്ദ്ധിപ്പിച്ചതാണ് ഭക്ഷ്യോല്പ്പന്നങ്ങള് പാഴായിപ്പോകാന് കാരണം. ഉല്പ്പാദനം വര്ദ്ധിപ്പിച്ചതില് സൂപ്പര് മാര്ക്കറ്റുകളുടെ സ്വാധീനമുണ്ടെന്ന് ഫുഡ് ആന്റ് എന്വിയോണ്മെന്റ് ചാരിറ്റി ഫീഡ്ബാക്ക് നടത്തിയ പഠനത്തില് കണ്ടെത്തിയിട്ടുണ്ട്. വിപണിയിലെ ഏതാണ്ട് 85 ശതമാനത്തോളം വ്യാപാരത്തെ നിയന്ത്രിക്കുന്നത് സൂപ്പര് മാര്ക്കറ്റുകളാണ്. ഭക്ഷ്യോല്പ്പന്നങ്ങള് പാഴായി പോകുന്നതിലൂടെ നഷ്ടം സഹിക്കേണ്ടി വരുന്നത് കര്ഷകര്ക്കായിരിക്കുമെന്ന് പഠനം മുന്നറിയിപ്പ് നല്കുന്നു. ഉല്പ്പന്നങ്ങള് പാഴായി പോകുന്നത് മൂലവും അനുബന്ധ ചെലവ് മൂലവും ഉണ്ടാകുന്ന നഷ്ടം കര്ഷകര്ക്കായിരിക്കുമെന്ന് റിപ്പോര്ട്ട് പറയുന്നു. 37,000 ടണ് പഴങ്ങളും പച്ചക്കറികളുമാണ് ഒരു വര്ഷത്തില് പാഴായി പോകുന്നതെന്ന് റിപ്പോര്ട്ടില് പറയുന്നു. മൊത്തം ഉല്പാദനത്തിന്റെ ഏതാണ്ട് 16 ശതമാനത്തോളമാണ് പാഴാവുന്നത്.
സാധാരണഗതിയില് ഒരാള് ഉപയോഗിക്കുന്ന പഴം, പച്ചക്കറി എന്നിവയുടെ അളവെടുത്താല് പാഴായിപ്പോകുന്ന ഭക്ഷ്യോല്പ്പന്നങ്ങള് ഏതാണ്ട് 2,50,000 പേര്ക്ക് ഒരു വര്ഷം ഉപയോഗിക്കാന് കഴിയുമെന്ന് പഠനം പറയുന്നു. ഏകദേശ കണക്കെടുത്താല് ബര്മിങ്ഹാം അല്ലെങ്കില് മാഞ്ചസ്റ്റര് സിറ്റികളിലെ മൊത്തം ആവശ്യകതയുടെ അത്രയും പഴങ്ങളും പച്ചക്കറികളും പാഴായി പോകുന്നതായി ഫീഡ്ബാക്ക് നടത്തിയ പഠനത്തില് പറയുന്നു. സൂപ്പര് മാര്ക്കറ്റുകളില് വെച്ച് പാഴായിപ്പോകുന്ന പഴം, പച്ചക്കറികള് എന്നിവയുടെ അളവ് കുറയ്ക്കുന്നതില് ഗൗരവപൂര്വമായി ഇടപെടലുകള് ഉണ്ടാകേണ്ടതുണ്ടെന്ന് പഠനം പറയുന്നു. ഫാമുകള് തങ്ങള് വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലും ഉത്പന്നങ്ങള് പാഴായി പോകുന്നുണ്ടോയെന്ന് ശ്രദ്ധിക്കണമെന്നും പഠനം പറയുന്നു.
സര്വ്വേയില് പങ്കെടുക്കുന്ന കര്ഷകരില് പകുതി പേരും ഉദ്പാദനം വര്ദ്ധിപ്പിക്കാന് സമ്മര്ദ്ദമുണ്ടാകുന്നതായി പറയുന്നു. ഇവ സമയത്ത് മാര്ക്കറ്റുകളിലെത്തിച്ചില്ലെങ്കില് വിപണി നഷ്ടമാകുമോയെന്ന ഭയം മൂലം ഉദ്പാദനം വര്ദ്ധിപ്പിക്കുകയാണ് പതിവെന്ന് കര്ഷകര് പറയുന്നു. സമ്മര്ദ്ദങ്ങള്ക്കിടയില് ഉദ്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളുമൊക്കെ നിറത്തിന്റെയും ആകൃതിയുടെയുമൊക്കെ പേരില് വിപണിയില് നിന്ന് ഒഴിവാക്കപ്പെടാറുണ്ട്. അത്തരത്തില് ഒഴിവാക്കപ്പെടുന്നവ പിന്നീട് പാഴായി പോകുകയാണ് പതിവെന്നും കര്ഷകര് പറയുന്നു. കുറഞ്ഞ വിലയില് മറ്റിടങ്ങളില് ഉല്പ്പന്നങ്ങള് ലഭ്യമാകുന്ന സമയത്ത് തങ്ങളുടെ ഉല്പ്പന്നങ്ങള് വാങ്ങിക്കുന്നത് മൊത്തക്കച്ചവടക്കാര് നിര്ത്താറുണ്ടെന്ന് പഠനം നടത്തിയ പകുതിയിലേറെ കര്ഷകരും പ്രതികരിച്ചു.
ലണ്ടന്: എന്എച്ച്എസ് നേരിടുന്നത് അതി രൂക്ഷമായ ജീവനക്കാരുടെ ക്ഷാമമെന്ന് വെളിപ്പെടുത്തല്. പതിനൊന്നില് ഒന്ന് വീതം ഒഴിവുകള് നികത്തപ്പെടാതെ കിടക്കുകയാണെന്ന് എന്എച്ച്എസ് ഇംപ്രൂവ്മെന്റിന്റെ ക്വാര്ട്ടേര്ലി പ്രവര്ത്തന റിപ്പോര്ട്ട് പറയുന്നു. ഒക്ടോബര്, നവംബര്, ഡിസംബര് എന്നീ മാസങ്ങളിലെ റിപ്പോര്ട്ടാണ് പുറത്തു വന്നത്. ഒരു ലക്ഷത്തിലേറെ വേക്കന്സികള് രാജ്യത്തൊട്ടാകെയുണ്ടെന്നാണ് വ്യക്തമാക്കപ്പെടുന്നത്. ഈ മൂന്ന് മാസക്കാലയളവില് ആശുപത്രികളില് എത്തിയ 5.6 ദശലക്ഷത്തോളം രോഗികളെ കൈകാര്യം ചെയ്യുന്നതിലുണ്ടായ പരാജയത്തിന് കാരണവും ജീവനക്കാരുടെ രൂക്ഷമായ ക്ഷാമമാണെന്നും റിപ്പോര്ട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്ഷത്തേക്കാള് രണ്ടര ലക്ഷത്തോളം അധികം രോഗികള് ആശുപത്രികളില് എത്തിയെന്നാണ് കണക്ക്. ഡിസംബറില് മാത്രം നാല് ലക്ഷത്തോളം പേര് അഡ്മിറ്റ് ചെയ്യപ്പെട്ടു. ഈ വിന്ററില് എന്എച്ച്എസിനു വേണ്ടി ഏറ്റവും മികച്ച തയ്യാറെടുപ്പുകളാണ് നടത്തിയതെന്ന പ്രധാനമന്ത്രിയുടെയും എന്എച്ച്എസ് നേതൃത്വത്തിന്റെയും അവകാശവാദങ്ങളെ പൊളിച്ചുകൊണ്ടായിരുന്നു വിന്റര് ക്രൈസിസ് അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ വിശ്വരൂപം കാണിച്ചത്. എക്കാലത്തെയും മികച്ച സംവിധാനങ്ങളായിരുന്നു ഒരുക്കിയതെന്ന് എന്എച്ച്എസ് ഇംപ്രൂവ്മെന്റും സ്ഥിരീകരിക്കുന്നുണ്ട്. എന്നാല് സോഷ്യല് കെയറിലേക്ക് മാറ്റേണ്ട രോഗികളെ ആശുപത്രി ബെഡുകളില് നിന്ന് മാറ്റുന്നതില് ട്രസ്റ്റുകള് പരാജയപ്പെട്ടു.
രോഗികളുടെ തിരക്ക് വര്ദ്ധിക്കുകയും എ ആന്ഡ് ഇ, ഇലക്ടീവ് സര്ജറി ദേശീയ ടാര്ജറ്റുകള് താഴേക്കാകുകയും ചെയ്തു. ട്രസ്റ്റുകളുടെ സാമ്പത്തിക നിലയില് ഇടിവുണ്ടാകുകയും ചെയ്തു. ഈ സാമ്പത്തികവര്ഷത്തിന്റെ അന്ത്യത്തോടെ 931 മില്യന് പൗണ്ടിന്റെ കമ്മി ട്രസ്റ്റുകള്ക്ക് ഉണ്ടാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. പ്രവചിക്കപ്പെട്ടതിനേക്കാള് 435 മില്യന് പൗണ്ട് കൂടുതലാണ് ഇത്. ഓട്ടം ബജറ്റില് 337 മില്യന് പൗണ്ട് നല്കുമെന്നാണ് സര്ക്കാര് വാഗ്ദാനമെന്നിരിക്കെ ട്രസ്റ്റുകള് കടക്കെണിയിലേക്ക് നീങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്.
പ്ലാസ്റ്റിക്ക് കഷണങ്ങള് കണ്ടെത്തിയതിനെത്തുടര്ന്ന് യുകെയില് വിറ്റഴിക്കപ്പെട്ട ഹാപ്പി ഷോപ്പര് ടൊമാറ്റോ കെച്ചപ്പ് പായ്ക്കറ്റുകള് വിപണിയില് നിന്നും പിന്വലിച്ചു. ബുക്കര് മൊത്തവ്യാപര ശ്യഖലയാണ് പ്ലാസ്റ്റിക്ക് കഷ്ണങ്ങള് അടങ്ങിയിട്ടുണ്ടെന്ന സംശയത്തിന്റെ പേരില് ഹാപ്പി ഷോപ്പര് ടൊമാറ്റോ കെച്ചപ്പുകള് വിപണിയില് നിന്നും പിന്വലിച്ചത്. ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് ഇവ പിന്വലിക്കാന് കമ്പനി തീരുമാനിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്ക് കഷണങ്ങള് അടങ്ങിയ ബോട്ടിലുകളുടെ ബാച്ച് നമ്പര് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ ഉപയോഗിക്കരുതെന്നും അടുത്തുള്ള സൂപ്പര് മാര്ക്കറ്റുകളില് നല്കിയാല് ഉല്പ്പന്നത്തിന്റെ പണം തിരികെ നല്കുമെന്നും ഉപഭോക്താക്കള്ക്ക് കമ്പനി നിര്ദേശം നല്കിയിട്ടുണ്ട്.
ഉല്പന്നം വിറ്റഴിക്കപ്പെട്ട ലോന്ഡിസ് ബഡ്ജെന്സ് സ്റ്റോറുകളിലും പിന്വലിക്കല് സംബന്ധിച്ച് മുന്നറിയിപ്പു നല്കുന്ന നോട്ടീസുകള് സ്ഥാപിച്ചിട്ടുണ്ട്. ടൊമാറ്റോ കെച്ചപ്പുകളില് കണ്ടെത്തിയിട്ടുള്ള പ്ലാസ്റ്റിക്ക് കഷണങ്ങള് ആരോഗ്യ പ്രശ്നങ്ങള്ക്ക് കാരണമാകുമെന്ന് ഫുഡ് സ്റ്റാന്ഡേര്ഡ് ഏജന്സി മുന്നറിയിപ്പ് നല്കി. നിലവില് കെച്ചപ്പ് പായ്ക്കറ്റുകള് വാങ്ങിയിട്ടുള്ളവര് അത് ഉപയോഗിക്കരുതെന്നും അടുത്തുള്ള സ്റ്റോറുകളില് ഇവ തിരികെ നല്കി പണം തിരികെ കൈപ്പറ്റണമെന്നും ഏജന്സി അറിയിച്ചു.
ഹാപ്പിഷോപ്പറിന്റെ ബാച്ച് നമ്പര് 7269ലുള്ള ടൊമാറ്റോ കെച്ചപ്പുകളില് പ്ലാസ്റ്റിക്ക് കഷണങ്ങള് അടങ്ങിയിട്ടുണ്ട് മുന്കരുതല് നടപടിയെന്ന നിലയ്ക്ക് വിപണിയില് നിന്നും അവ പിന്വലിക്കുകയാണ്. മറ്റു ബാച്ച് നമ്പറുകളിലെ ഉത്പ്പന്നങ്ങളില് പ്രശ്നങ്ങളൊന്നുമില്ലെന്നും ബുക്കര് തങ്ങളുടെ പ്രോഡക്ട് റികോള് നോട്ടീസില് അറിയിച്ചു. മാര്ച്ച് അവസാനം വരെ കാലാവധിയുള്ള ബാച്ച് നമ്പര് 7269ന്റെ 440ഗ്രാമിന്റെ പായ്ക്കറ്റിലാണ് പ്ലാസ്റ്റിക്ക് കഷ്ണങ്ങള് കണ്ടെത്തിയിരിക്കുന്നത്.
ശരീരത്തിൽ ധരിച്ചാൽ പ്രമേഹം അടക്കമുള്ള രോഗങ്ങളെക്കുറിച്ചു മുന്നറിയിപ്പു നല്കുന്ന പുതിയ സെൻസർ ഇന്ത്യൻ വംശജനായ ഗവേഷകന്റെ നേതൃത്വത്തിൽ കണ്ടുപിടിച്ചു. വലിച്ചുനീട്ടാനും വളയ്ക്കാനും കഴിയുമെന്നതാണ് ഈ സെൻസറിന് മുൻഗാമികളെ അപേക്ഷിച്ചുള്ള മേന്മ. സ്മാർട്ട്ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്ലിക്കേഷനിലേക്കാണ് വിവരങ്ങൾ കൈമാറുന്നത്.
ബ്രിട്ടനിലെ ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് എൻജിനിയറിംഗ് വിഭാഗത്തിൽ ഗവേഷകനായ പ്രഫ. രവീന്ദർ ദാഹിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ സെൻസർ കണ്ടുപിടിച്ചത്. വിയർപ്പിലെ പിഎച്ച് ലെവൽ അടക്കം പരിശോധിച്ചാണ് രോഗനിർണയം നടത്തുന്നത്.
ഇത്തരം സെൻസറുകൾ ധരിച്ചാൽ പതിവ് രക്തപരിശോധന വേണ്ടിവരില്ല. ശരീരം ഉത്പാദിപ്പിക്കുന്ന ഗ്ലൂക്കോസ്, യൂറിയ തുടങ്ങിയ പദാർഥങ്ങൾ വിയർപ്പിലും ഉണ്ട്. ഇവ പരിശോധിച്ച് പ്രമേഹം, വൃക്കരോഗങ്ങൾ, ചിലതരം കാൻസറുകൾ എന്നിവയുടെ സാന്നിധ്യം നിർണയിക്കാനാകും. ഇപ്പോൾ കണ്ടുപിടിച്ച സെൻസറിന്റെ ശേഷി വർധിപ്പിക്കാനുള്ള ഗവേഷണം ആരംഭിച്ചിട്ടുണ്ട്.
കേരള കള്ച്ചറല് അസോസിയേഷന് റെഡ്ഡിച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ജസ്റ്റിന് ജോസഫിന്റെ അദ്ധ്യക്ഷതയില് കൂടിയ പൊതുയോഗത്തിലാണ് 2018-19 വര്ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് – അഭിലാഷ് സേവ്യര്, വൈസ് പ്രസിഡന്റ് – ലെയ്സണ് ജെയ്സണ്, സെക്രട്ടറി – ബെന്നി വര്ഗ്ഗീസ്, ജോയിന്റ് സെക്രട്ടറി- സാബു ഫിലിപ്പ്, ട്രഷറര് – ജസ്റ്റിന് ജോസഫ് എന്നിവരെ ഐകകണ്ഠമായി തെരഞ്ഞെടുത്തു.
എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പേഴ്സ് – രഞ്ജി വര്ഗ്ഗീസ്, ബിജിമോന് മാത്യൂ, ജിബു ജേക്കബ്, ഷാജി തോമസ്, റെജി ജോര്ജ് ക്ഷ പ്രവീണ് തോമസ്. ആര്ട്ട് സെക്രട്ടറിമാര് – ജോര്ജ് ദേവസി, ഡെയ്സി അഭിലാഷ്. കൗണ്സില് നോമിനി – ജിജോ പോള് ആന്റ് പോള് ജോസഫ്. സ്പോര്ട്സ് കോ – ഓര്ഡിനേറ്റേഴ്സ് – ടോമി അഗസ്റ്റിന്, ജസ്റ്റിന് മാത്യൂ. നഴ്സസ് ഫോറം – ഷൈബി ബിജിമോന്, മഞ്ജു വിക്ടര്. ഇന്റേണല് ഓഡിറ്റര് – ബിജു എബ്രഹാം എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
2012 ജനുവരി മാസത്തില് തുടക്കം കുറിച്ച കെ സി എ റെഡ്ഡിച്ച് ശ്രദ്ധേയമായ പ്രവര്ത്തനങ്ങളിലൂടെ യുകെയിലെ മുഖ്യ ധാര അസോസിയേഷനുകളില് ഒന്നായി മാറിയിരിക്കുന്നു. കേരളത്തില് നിന്നും കുടിയേറിയ നാനാ ജാതി മതസ്ഥരായ റെഡ്ഡിച്ച് മലയാളികള് അവരുടെ സ്വപ്ന സാക്ഷാത്കാരത്തിനായി രൂപം കൊടുത്ത കെസിഎ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി നിലകൊണ്ട് കുട്ടികളുടെയും മുതിര്ന്നവരുടെയും കലാ സാംസ്കാരിക ഉന്നതിക്കായും ആവശ്യങ്ങളില് കൈത്താങ്ങായും നിലകൊണ്ട് വരുന്നു.
ഒട്ടേറെ ശ്രദ്ധേയമായ നേട്ടങ്ങള് കൈവരിക്കാന് സാധിച്ചതിന്റെ ചാരിതാര്ത്ഥ്യത്തിലാണ് താന് വിരമിക്കുന്നതെന്ന് പ്രസിഡന്റ് ജസ്റ്റിന് ജോസഫ് പറഞ്ഞു. പ്രവാസി മലയാളികളുടെ പുതിയ തലമുറയെ മലയാള ഭാഷയും സാഹിത്യവും സംസ്കാരവും പഠിപ്പിക്കുകയും പരിചയപ്പെടുത്തുകയുമാണ് മലയാളം മിഷന് ചെയ്തു പോരുന്നത്. ”എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം” എന്നതാണ് മലയാളം മിഷന്റെ മുദ്രാവാക്യം.
കഴിഞ്ഞ ഒരു വര്ഷക്കാലം അസോസിയേഷന്റെ എല്ലാ പ്രവര്ത്തനങ്ങളിലും സഹകരിക്കുകയും സംഘടനയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത അംഗങ്ങള്ക്ക് പ്രസിഡന്റ് ജസ്റ്റിന് ജോസഫ് നന്ദി അറിയിച്ചു. തുടര്ന്ന് അടുത്ത ഒരു വര്ഷക്കാലം അസോസിയേഷന് പ്രവര്ത്തനങ്ങള് പൂര്വ്വാധികം ഭംഗിയോടെ മുന്പോട്ട് കൊണ്ട് പോകാന് അംഗങ്ങള് ഐകകണ്ഠ്യേന തീരുമാനിച്ചു.