പ്രിന്‍സ് ഹാരി-മെഗാന്‍ മാര്‍ക്കല്‍ വിവാഹ ചടങ്ങുകള്‍ ബ്രിട്ടന്‍ ഇന്നേവരെ സാക്ഷിയായതില്‍ വെച്ച് ഏറ്റവും സുരക്ഷാസന്നാഹങ്ങളോട് കൂടിയായിരിക്കും നടക്കുക. ഏതാണ്ട് 30 മില്യണ്‍ പൗണ്ട് ചെലവിലായിരിക്കും സുരക്ഷാസജ്ജീകരണങ്ങള്‍ ഒരുക്കുക. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി 100,000ത്തിലധികം ആളുകള്‍ എത്തിച്ചേരുമെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിഥികള്‍ എല്ലാവരും തന്നെ ഏത് സമയത്തും പോലീസ് സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാകേണ്ടി വന്നേക്കാം. തീവ്രവാദ ആക്രമണങ്ങളുടെ സാധ്യത കണക്കിലെടുത്ത് അത്യാധുനിക സജ്ജീകരണങ്ങളായിരിക്കും നഗരത്തിലും വിവാഹ വേദികള്‍ക്കടുത്തും ഒരുക്കുക. വാഹന പരിശോധനയും സ്‌നൈപ്പര്‍ നിരീക്ഷണവും ഏര്‍പ്പെടുത്തും. അതിഥികള്‍ എല്ലാവരും തന്നെ വിമാനത്താവളത്തിലേതിന് സമാനമായ സ്‌കാനറുകള്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് വിധേയമാകേണ്ടി വരും.

വിവാഹത്തിനായി ഒരുക്കാനിരിക്കുന്ന സുരക്ഷാക്രമീകരണങ്ങള്‍ ചരിത്രത്തില്‍ ഇടംപിടിക്കുമെന്നും ഇനി വരുന്ന ഏഴ് ആഴ്ചകളില്‍ നഗരത്തില്‍ പതിയ സുരക്ഷാസജ്ജീകരണങ്ങള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും തെംസ്വാലി പോലീസ് അറിയിച്ചു. വിവാഹച്ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനായി രാജകീയ വേദിയിലെത്തുന്നവര്‍ ഹൈ സെക്യൂരിറ്റി സ്‌കാനര്‍ പരിശോധനയ്ക്ക് വിധേയമാകണം. കൊട്ടാരത്തിനും സെന്റ് ജോര്‍ജ് ചാപ്പലിനും സമീപത്തായി വലിയ സുരക്ഷാവേലികള്‍ നിര്‍മ്മിക്കും.

വിവാഹച്ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ഏതാണ്ട് 600ഓളം പേരാണ് ഉണ്ടാവുക. അതിഥികള്‍ കൊണ്ടുവരുന്ന ബാഗുകളും മറ്റു വസ്തുക്കളും അതീവ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കും. കൂടാതെ സമീപ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന ട്രക്കുകളും വാനുകളും ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാഹനങ്ങള്‍ മോഷ്ടിച്ച് ഭീകാരക്രമണങ്ങള്‍ നടത്താനുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് രഹസ്യ പോലീസ് ഉള്‍പ്പെടെയുള്ളവരുടെ സംഘം കാര്യങ്ങള്‍ നീക്കുന്നത്. വാഹനങ്ങളുടെ നമ്പറുകള്‍ അവിടെ വെച്ച് തന്നെ വെരിഫൈ ചെയ്യാനും സംവിധാനങ്ങള്‍ ഉണ്ടാകും. വിവാഹത്തോട് അനുബന്ധിച്ച് പോലീസ് സേനയിലെ 4200 ഓളം പേര്‍ക്ക് അനുവദിച്ച അവധി റദ്ദാക്കി ഇവരെ തിരിച്ചു വിളിച്ചിട്ടുണ്ട്. മെയ് 19നാണ് വിവാഹം. അതിന് മുന്‍പ് തന്നെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയാകും. തെംസ് നദിയുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ പരിശോധിക്കാന്‍ മറൈന്‍ ഫോഴ്‌സിന്റെ പ്രത്യേക സംഘം ഉണ്ടായിരിക്കും. കൂടാതെ ബോംബ് സ്‌ക്വാഡും പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായകളുടെ സേവനവും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി എത്തും. ചരിത്രം സൃഷ്ടിക്കാന്‍ പോകുന്ന വിവാഹച്ചടങ്ങുകള്‍ക്കായിരിക്കും ബ്രിട്ടന്‍ സാക്ഷ്യം വഹിക്കുക