ഇരട്ടകളില്‍ സെറിബ്രല്‍ പാള്‍സി രോഗിയായ കുട്ടി നടക്കാന്‍ തുടങ്ങിയതിന്റെ സന്തോഷത്തിലാണ് മാതാവായ ലോറ ബ്രോക്കണ്‍ഷയര്‍ ഡൈക്ക്. ഇരട്ട സഹോദരനായ സോളമനൊപ്പം സെബാസ്റ്റ്യന്‍ എന്ന ബാലന് നടക്കാന്‍ സാധിച്ചത് അമേരിക്കയില്‍ നടത്തിയ ഒരു ശസ്്ര്രകിയയിലൂടെയാണ്. എന്‍എച്ച്എസില്‍ ലഭ്യമല്ലാത്ത് ഈ ശസ്ത്രക്രിയക്കായി ലോറ സമാഹരിച്ചത് 70,000 പൗണ്ടായിരുന്നു. കാലുകള്‍ ദൃഢമാകുന്ന അവസ്ഥ ഇല്ലാതാക്കാനുള്ള ശസ്ത്രക്രിയയാണ് നടത്തിയത്. ഇതുമാത്രമായിരുന്നു സെബാസ്റ്റ്യന് നടക്കാനുള്ള ശേഷി ലഭിക്കാനുള്ള അവസാന ആശ്രയം. സെബാസ്റ്റ്യന്‍ നടക്കുന്നത് കാണുമ്പോള്‍ ഇപ്പോള്‍ ശരിക്കും അതിശയം തോന്നുകയാണെന്ന് ലോര്‍മ പറയുന്നു.

ഒരിക്കലും നടക്കില്ലെന്ന് കരുതിയതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. സോളമന്‍ അവനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സോളമനൊപ്പം നടക്കാന്‍ സെബാസ്റ്റ്യന് എന്നും ആഗ്രഹമുണ്ടായിരുന്നു. ഇപ്പോള്‍ അവന് അത് സാധിക്കുന്നുണ്ടെന്ന് ലോര്‍മ പറയുന്നു. കേംബ്രിഡ്ജിലെ അഡെന്‍ബ്രൂക്ക് ആശുപത്രിയിലാണ് ഇരട്ടക്കുട്ടികള്‍ക്ക് ലോര്‍മ ജന്‍മം നല്‍കിയത്. പ്രസവം 37-മത്തെ ആഴ്ചയിലായിരുന്നെങ്കിലും 28 ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ കോണ്ട്രാക്ഷന്‍ ആരംഭിച്ചിരുന്നു. ഇത് സെബാസ്റ്റിയന് ഓക്‌സിജന്‍ ലഭിക്കുന്നത് കുറച്ചിരിക്കാമെന്നാണ് കരുതുന്നത്. 15 മാസം പ്രായമുള്ളപ്പോളാണ് സെറിബ്രല്‍ പാള്‍സിയുണ്ടെന്ന കാര്യം സ്ഥിരീകരിച്ചത്.

പിന്നീടാണ് ഒരു ശസ്ത്രക്രിയ നടത്തിയാല്‍ കുഞ്ഞിന് നടക്കാനുള്ള ശേഷി ലഭിക്കുമെന്ന് ലോര്‍മയും ഭര്‍ത്താവ് ജെയിംസും അറിഞ്ഞത്. മിസൗറിയിലെ സെന്റ് ലൂയിസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലായിരുന്നു അത്. യുകെയില്‍ ഈ ശസ്ത്രക്രിയ ഇല്ലെന്നും അതിനായി 70,000 പൗണ്ടോളം വേണ്ടി വരുമെന്നും മനസിലായി. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ഒരു വര്‍ഷത്തിനുള്ളില്‍ ഈ തുക കണ്ടെത്തിയത്. 2016ല്‍ അമേരിക്കയിലേക്ക് ഇവര്‍ ചികിത്സക്കായി പോയി. ഒരു മാസം അവിടെ തങ്ങേണ്ടി വന്നു. അവിടെ പ്രാഥമിക പരിശീലനങ്ങള്‍ സെബാസ്റ്റ്യന് ലഭിച്ചു. ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഫിസിയോ തെറാപ്പിക്ക് സെബാസ്റ്റ്യന്‍ വിധേയനാകുന്നുണ്ട്.