തലപ്പാവ് അഴിക്കാന്‍ വിസമ്മതിച്ച സിഖ് യുവാവിനെ നൈറ്റ് ക്ലബില്‍ നിന്നും ബലമായി പുറത്താക്കി. മാന്‍സ്ഫീല്‍ഡിലെ റഷ് എന്നറിയപ്പെടുന്ന നൈറ്റ് ക്ലബ് അധികൃതരാണ് തലപ്പാവ് കാരണം യുവാവിനെ ഇറക്കി വിട്ടത്. ഇന്നലെ രാത്രിയാണ് അമ്രിഖ് സിങ് എന്ന 22 കാരനെ വംശീയമായി അധിക്ഷേപിച്ച പ്രവര്‍ത്തി ഉണ്ടായിരിക്കുന്നത്. സംഭവത്തെക്കുറിച്ച് വിദ്യാര്‍ത്ഥിയായ അമ്രിഖ് തന്റെ ഫേസ്ബുക്കില്‍ കുറിപ്പ് എഴിതിയതോടെയാണ് വിഷയം പുറം ലോകമറിയുന്നത്. സംഭവത്തെ തുടര്‍ന്ന് ഒരു ബാര്‍ ജീവനക്കാരനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ബാറിലെത്തിയ അമ്രിഖ് തനിക്ക് ആവശ്യമുള്ള ഡ്രിങ്ക് ഓര്‍ഡര്‍ ചെയ്തതിനു ശേഷം ചങ്ങാതിമാരോട് സംസാരിച്ചു നില്‍്ക്കുന്നതിനിടയില്‍ ബാര്‍ ജീവനക്കാരനായ ഒരാള്‍ സമീപിച്ച് തലപ്പാവ് അഴിച്ചു മാറ്റാന്‍ ആവശ്യപ്പെട്ടു. തലപ്പാവ് തന്റെ മതപരമായ വിശ്വാസത്തിന്റെ ഭാഗമാണെന്നും അഴിച്ചുമാറ്റുന്നത് വിശ്വാസത്തിനെതിരാണെന്നും അമ്രിഖ് ജീവനക്കാരനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ അമ്രിഖിന്റെ വിശദീകരണത്തില്‍ തൃപ്തനാവാതെ ബാറില്‍ നിന്ന് പുറത്തു പോവാന്‍ ആവശ്യപ്പെട്ട് ഇയാള്‍ യുവാവിനെ ബലമായി ഇറക്കി വിടുകയായിരുന്നു.
ബാര്‍ ജീവനക്കാരനോട് സംസാരിക്കുന്ന ശബ്ദരേഖ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചേര്‍ത്താണ് അമ്രിഖ് ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയിരിക്കുന്നത്. തലപ്പാവിനെ പാദരക്ഷകളുമായി താരതമ്യപ്പെടുത്തി അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുന്ന ജീവനക്കാരന്റെ ശബ്ദം അമ്രിഖ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പില്‍ വ്യക്തമായി കേള്‍ക്കാം. തലപ്പാവ് അഴിക്കാന്‍ വിസമ്മതിച്ചതിനാണ് ഞാന്‍ പുറത്താക്കപ്പെടുന്നത്. ക്ലബിന്റെ നിയമങ്ങള്‍ അനുസരിച്ച് തലപ്പാവ് ധരിക്കാന്‍ പാടില്ലെന്നാണ് അവര്‍ പറഞ്ഞത്. ആദ്യഘട്ടത്തില്‍ ഏതാണ്ട് 30 മിനിറ്റോളം എനിക്ക് ക്ലബില്‍ തുടരാന്‍ കഴിഞ്ഞിരുന്നു അതിനു ശേഷമാണ് ജീവനക്കാരന്‍ വന്ന പുറത്താക്കിയത്. തലപ്പാവ് സ്റ്റൈലിനായി ഉപയോഗിക്കുന്നതല്ലെന്നും മതപരമായ ആചാരത്തിന്റെ ഭാഗമാണെന്നും പൊതു ഇടങ്ങളില്‍ തലപ്പാവ് ധരിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദമുണ്ട് എന്നടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു പക്ഷേ അംഗീകരിക്കപ്പെട്ടില്ല. സുഹൃത്തുക്കള്‍ക്കിടയില്‍ നിന്ന് ബലമായിട്ടാണ് എന്നെ പുറത്താക്കിയത് അമ്രിഖ് ഫേസ്ബുക്കില്‍ കുറിച്ചു.
എന്റെ പൂര്‍വ്വികര്‍ ബ്രിട്ടിഷ് സൈന്യത്തിന് വേണ്ടി പടപൊരുതിയിട്ടുള്ളവരാണ്. ഞാനും എന്റെ മാതാപിതാക്കളും ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്നവരാണ്. രാജ്യത്തിന്റെ എല്ലാ മുല്ല്യങ്ങളെയും ബഹുമാനിച്ചാണ് ഞങ്ങള്‍ ജീവിക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ പൊതുയിടത്തില്‍ നിന്ന് പുറത്താക്കപ്പെട്ടത് എന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും അമ്രിഖ് പറയുന്നു. ബാറിലേക്ക് വീണ്ടും സമീപിച്ചെങ്കിലും തലപ്പാവ് കാരണം ഭാവിയില്‍ പ്രവേശനം അനുവദിക്കില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അമ്രിഖ് കൂട്ടിച്ചേര്‍ത്തു. നോട്ടിംഗ്ഹാമിലെ ട്രെന്റ് യൂണിവേഴ്‌സിറ്റിയില്‍ അവസാന വര്‍ഷ നിയമ വിദ്യാര്‍ത്ഥിയാണ് അമ്രിഖ് സിങ്. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും തലപ്പാവ് അഴിപ്പിക്കുന്നത് തങ്ങളുടെ സ്ഥാപനത്തിന്റെ പ്രൈവസിയുടെ ഭാഗമല്ലെന്നും അമ്രിഖിനെ ഇറക്കി വിട്ട ജീവനക്കാരനെ സസ്‌പെന്റ് ചെയ്തതായും റഷ് ബാര്‍ ലേബര്‍ കൗണ്‍സിലര്‍ സോണ്യാ വാര്‍ഡ് ട്വീറ്റ് ചെയ്തു.
ജിമ്മി ജോസഫ്, ഗ്ലാസ്ഗോ
ഗ്ലാസ്ഗോയിലെ ആദ്യകാല മലയാളി കുടിയേറ്റക്കരനായിരുന്ന ഡോ.ജോര്‍ജ്ജ് മേച്ചേരില്‍ നിര്യാതനായി. ഗ്ലാസ്ഗോ മലയാളികള്‍ സ്നേഹപൂര്‍വ്വം ജോര്‍ജ്ജ് അങ്കിള്‍ എന്ന് വിളിച്ചിരുന്ന ഇദ്ദേഹം യുകെയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്തിട്ടുണ്ട്. ഇരുപത്തിയെട്ടാം വയസ്സില്‍ യുകെയിലെത്തിയ ഡോ. ജോര്‍ജ്ജ് മേച്ചേരില്‍ യുകെയിലെ മലയാളി സമൂഹത്തിനിടയില്‍ വളരെ പരിചിതനും സാമൂഹിക പ്രവര്‍ത്തന രംഗത്ത് നിറഞ്ഞ സാന്നിദ്ധ്യവുമായിരുന്നു. ഹൃദയ സംബന്ധമായ അസുഖം ബാധിച്ച് ഹെയര്‍മയെര്‍സ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവേയാണ് ഡോ. ജോര്‍ജ്ജ് എഴുപതാം വയസ്സില്‍ മരണമടഞ്ഞത്.
ഗ്ലാസ്ഗോ മലയാളി സമൂഹത്തിന്‍റെ കൂട്ടായ്മയായ കലാകേരളത്തിന്‍റെ എല്ലാ പരിപാടികളിലും സജീവ സാന്നിദ്ധ്യമായിരുന്നു ഡോ. ജോര്‍ജ്ജ്. പഴയ തലമുറയില്‍ പെട്ട ആളുകളെ കലാകേന്ദ്രയുടെ പ്രവര്‍ത്തനങ്ങളില്‍ അടുപ്പിച്ച് നിര്‍ത്തുന്നതില്‍ ഇദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. സ്കോട്ട്ലന്‍ഡിലെ പ്രഥമ മലയാളി സംഘടനയായ ക്ലൈഡ് കലാസമിതിയുടെ നേതൃത്വത്തിലും ഡോ. ജോര്‍ജ്ജ് പ്രവര്‍ത്തന നിരതനായിരുന്നിട്ടുണ്ട്.
സൗമ്യമായ പെരുമാറ്റം കൊണ്ട് ആരെയും ആകര്‍ഷിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഡോ. ജോര്‍ജ്ജിന്‍റെ എന്ന് ഇദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ അനുസ്മരിക്കുന്നു. ഡോ. ജോര്‍ജ്ജിന്‍റെ ആഗ്രഹപ്രകാരം സംസ്കാര ശുശ്രൂഷകള്‍ കേരളത്തിലായിരിക്കും നടത്തുക. ഗ്ലാസ്ഗോ മലയാളികള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയ ശേഷമായിരിക്കും മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവുക എന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്.
കോട്ടയം മണര്‍കാട് സെന്റ് മേരീസ് ഇടവകക്കാരനാണ് ഡോ. ജോര്‍ജ്ജ് മേച്ചേരില്‍. ഭാര്യ റീന ജോര്‍ജ്ജ്. മക്കള്‍ ഡോ. സിമി ജോര്‍ജ്ജ്, ഡോ. റയാന്‍ ജോര്‍ജ്ജ്.
ബേസില്‍ ജോസഫ്
ചേരുവകള്‍
പ്രോണ്‍സ് – 250 ഗ്രാം
കാശ്മീരി ചില്ലി പൗഡര്‍ – 2 ടീസ്പൂണ്‍
ജീരകപ്പൊടി – 1 ടീ സ്പൂണ്‍
കുരുമുളകുപൊടി – 1 ടീ സ്പൂണ്‍
ഗരം മസാല – 1 ടീ സ്പൂണ്‍
മഞ്ഞള്‍പൊടി – 1 ടീ സ്പൂണ്‍
സബോള –2 എണ്ണം (വളരെ ചെറുതായി അരിഞ്ഞത് )
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍
കറിവേപ്പില -1 തണ്ട്
ടൊമാറ്റോ കെച്ചപ്പ് (സ്വീറ്റ് & സൗര്‍ )2 ടീ സ്പൂണ്‍
വിനാഗിരി -50 എംല്‍
ഓയില്‍ -100 എംല്‍
ഷുഗര്‍ -1 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
പ്രോണ്‍സ് നന്നായി വൃത്തിയാക്കി അര ടീ സ്പൂണ്‍ മഞ്ഞള്‍ പൊടി അല്‍പം ഉപ്പ് എന്നിവ ചേര്‍ത്ത് അര മണിക്കൂര്‍ വയ്ക്കുക. ഒരു ചെറിയ ബൗളില്‍ കാശ്മീരി ചില്ലി പൗഡര്‍, ജീരകപ്പൊടി, കുരുമുളകുപൊടി, ഗരം മസാല, മഞ്ഞള്‍പൊടി, വിനാഗിരി എന്നിവ മിക്‌സ് ചെയ്ത് ഒരു പേസ്റ്റ് ആക്കി എടുക്കുക. ഒരു പാനില്‍ അല്പം ഓയില്‍ ചൂടാക്കി പ്രോണ്‍സ് ചെറുതീയില്‍ ചെറിയ ഗോള്‍ഡന്‍ ബ്രൗണ്‍ കളര്‍ ആവുന്നതുവരെ വറത്തെടുക്കുക. മറ്റൊരു പാനില്‍ ബാക്കിയുള്ള ഓയില്‍ ചൂടാക്കി കറിവേപ്പില മൂപ്പിച്ചെടുക്കുക. ഇതിലേയ്ക്ക് സബോള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് പച്ച മണം മാറുന്നതുവരെ നന്നായി വഴറ്റി എടുക്കുക. ഇതിലേയ്ക്ക് മിക്‌സ് ചെയ്ത് വച്ചിരിക്കുന്ന പേസ്റ്റ് ചേര്‍ത്ത് ഓയില്‍ വലിഞ്ഞു തുടങ്ങുമ്പോള്‍ പ്രോണ്‍സ്, ഷുഗര്‍ അല്പം ചൂട് വെള്ളം എന്നിവ ചേര്‍ത്ത് നന്നായി വറ്റിച്ചെടുക്കുക. അവസാനമായി ടൊമാറ്റോ കെച്ചപ്പ് കൂടി ചേര്‍ത്തിളക്കി ചൂടോടെ വിളമ്പുക.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഫാ.ഹാപ്പി ജേക്കബ്
നിര്‍മ്മലമായ നോമ്പിന്റെ അനുഭവങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പകര്‍ത്തുകയും സഹജീവികളെ ആ കാരുണ്യത്തില്‍ ദര്‍ശിക്കുകയും ചെയ്യുമ്പോള്‍ ദൈവസ്‌നേഹവും സ്പര്‍ശനവും നമുക്ക് അനുഗ്രഹങ്ങളായി ഭവിക്കുന്നു. എന്നാല്‍ ഈ നേരവും ആശങ്കയും പീഡനവും ദൈവനിന്ദയും കളിയാടുന്ന ലോകവും ഒട്ടും വ്യത്യസ്തതയില്ലാതെ ഈ പൈശാചികാനുഭവങ്ങളില്‍ എല്ലാം ക്രിസ്ത്യാനി സാന്നിധ്യം നാം കാണുമ്പോള്‍ അല്‍പം വേദന ഉളവാകുകയും നിരാശനാകുകയും ചെയ്യുന്നു. എന്നാല്‍ നിരാശയല്ല പ്രത്യാശയാണ് നമ്മെ ഭരിക്കേണ്ടതെന്ന ചിന്ത ഉദിക്കുമ്പോള്‍ പ്രാര്‍ത്ഥനയുടെ കുറവും ജീവിതനിഷ്ഠയോടുള്ള മുഖംതിരിവും നാം ഇനിയെങ്കിലും തിരിച്ചറിഞ്ഞ് നേരിന്റെ പാത തിരഞ്ഞ് കണ്ടെത്തേണ്ടിയിരിക്കുന്നു. നോമ്പിന്റെ ഇനിയുള്ള ദിനങ്ങള്‍ നമ്മെ അതിന് പ്രാപ്തരാക്കട്ടെ.
ഈയാഴ്ചയിലെ ചിന്തക്കായി ഭവിക്കുന്നത് വി.ലൂക്കോസിന്റെ സുവിശേഷം 13: 10-17 വരെയുള്ള വാക്യങ്ങളാണ്. കര്‍ത്താവ് ശാബത്തില്‍ പതിനെട്ട് സംവത്സരമായി കൂനിയായ സ്ത്രീയെ സൗഖ്യമാക്കുന്നു. ആത്മീയതലത്തില്‍ കൂന് പാപഭാരത്തിന്റെ അടയാളമായി മനസിലാക്കാം. പാപവും ദോഷവും അകൃത്യവും ജീവിതത്തില്‍ ഏറുമ്പോള്‍ നിവര്‍ന്ന് നിന്ന് സഹോദരങ്ങളെ കാണുവാനോ ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിക്കുവാനോ കഴിയാതെ വരുന്നു. എന്നാല്‍ പാപമോചനം നേടി കൂന് നിവര്‍ത്തുവാനുള്ള അവസരങ്ങള്‍ ധാരാളം നമുക്കുണ്ടെങ്കിലും അതിന് അടുത്ത് വരുവാന്‍ നമുക്ക് മനസുമില്ല, ധൈര്യവുമില്ല. നിരന്തരം ആരാധനയ്ക്കായി നാം ദൈവാലയത്തില്‍ പോകുമ്പോഴും നമ്മുടെ ചിന്താഗതി മാറ്റുവാനോ ദൈവചിന്ത ഉറപ്പിക്കുവാനോ കഴിയുന്നില്ല. അതിനാല്‍ ദൈവാനുഗ്രഹങ്ങളും നമുക്ക് അപ്രാപ്യമാകുന്നു.
എന്നാല്‍ ഈ സ്ത്രീയെ കണ്ടയുടന്‍ കര്‍ത്താവ് അടുത്ത് വിളിച്ച് അവളെ സൗഖ്യമാക്കുന്നു. അവള്‍ നിവര്‍ന്ന് ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു. അവള്‍ കര്‍ത്താവിനെ കാണുകയും കര്‍ത്താവ് അവളെ കാണുകയും ചെയ്യുന്ന ദൈവാനുഭവം. ഏതൊരു വിശ്വാസിയും ആഗ്രഹിക്കുന്ന സ്വര്‍ഗ്ഗീയ നിമിഷം. ഇതുതന്നെയാണ് ഈ നോമ്പില്‍ നാമും ആര്‍ജ്ജിക്കേണ്ടത്. കര്‍ത്താവേ, കര്‍ത്താവേ എന്ന് വിളിക്കുന്നവരല്ല, എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗ്ഗരാജ്യത്തിന്റെ അവകാശിയാകുന്നതെന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുള്ളത് നാം വിസ്മരിക്കരുത്. നമ്മുടെ നോമ്പും നമസ്‌കാരവും പ്രാര്‍ത്ഥനയും കര്‍ത്താവിനെ കാണുവാന്‍ പ്രാപ്തരാക്കട്ടെ.
എന്നാല്‍ സുനഗോഗിലെ പ്രമാണിമാര്‍ക്ക് ഇത് അത്ര സുഖകരമായ അനുഭവമല്ല ഉണ്ടാക്കിയത്. അവര്‍ പരിഭവിക്കുകയും ശാബത്തില്‍ സൗഖ്യമാക്കിയതിനെ വിമര്‍ശിക്കുകയും ചെയ്യുന്നു. എന്നാല്‍ ദൈവകൃപ ഏവര്‍ക്കും പ്രാപ്തമാണെന്നും അത് സൗജന്യമാണെന്നും അര്‍ഹതയുള്ളവര്‍ക്ക് ദൈവം അത് നല്‍കുമെന്നും കര്‍ത്താവ് പഠിപ്പിക്കുന്നു. ബലിയിലല്ല, കരുണയിലത്രേ, മനുഷ്യപുത്രന്‍ ശാബത്തിനു കര്‍ത്താവാണെന്ന് പഠിപ്പിക്കുന്നു.
നമ്മുടെ ഉള്ളിലും നമ്മുടെ സമൂഹത്തിലും നടമാടുന്ന പല അനാചാരങ്ങളും നീങ്ങിയേ മതിയാവുകയുള്ളു. നിയമങ്ങള്‍ സാധാരണവും പാലിക്കപ്പെടേണ്ടവയുമാണ്. എന്നാല്‍ ദൈവപ്രവര്‍ത്തനത്തിന് അവ വിഘാതമാകാന്‍ പാടില്ല. ദൈവജനമായ നമുക്ക് ദൈവകൃപ ഏത് വിധേനയും പ്രാപിക്കേണ്ടത് ആവശ്യമാണ്. കൂനിയായ സത്രീയെ കര്‍ത്താവ് സ്പര്‍ശിച്ചപ്പോള്‍ അവളുടെ രോഗം മാറി സൗഖ്യപ്പെട്ടത് പോലെ ആ കരസ്പര്‍ശനം നമുക്കും അനുഭവിക്കണം. കര്‍ത്താവിനെ കാണുവാന്‍, അവന്‍ നമ്മെ ഒന്ന് കാണുവാന്‍ നമുക്ക് ശ്രമിക്കാം. നമ്മെ അലട്ടുന്ന പാപഭാരങ്ങളെ മോചിപ്പിക്കപ്പെട്ട് ആത്യന്തികമായ സൗഖ്യം നമുക്കും നേടാം. ദൈവമുഖത്തേക്ക് നോക്കി പിതാവേ എന്ന് വിളിക്കാന്‍ നമുക്കും കഴിയണം. ദൈവ സന്നിധിയില്‍ നിന്ന് നമ്മെ അകറ്റുന്ന എന്ത് പ്രതിബന്ധങ്ങളും ആയിക്കൊള്ളട്ടെ, അതിനെ തരണം ചെയ്യാന്‍ ഈ നോമ്പ് നമ്മെ ശാക്തീകരിക്കും. കര്‍ത്താവിനെ കണ്ടവരും അവനെ തൊട്ടവരും അവന്റെ നിഴല്‍ സ്പര്‍ശിച്ചവര്‍ പോലും സൗഖ്യപ്പെട്ടപ്പോള്‍ വിശ്വാസം ഏറ്റെടുത്ത് നമുക്ക് അവന്റെയടുത്ത് ചെല്ലാം. നമ്മുട പാപഭാരങ്ങളെ ദൂരീകരിക്കാം, ആത്മീയവും ഭൗതികവുമായ കൃപയില്‍ നിറയാം. നാം ആര്‍ജ്ജിച്ച കൃപയില്‍ നമ്മുടെ സമൂഹവും ധന്യമാകട്ടെ.
പ്രാര്‍ത്ഥനയില്‍
ഹാപ്പി ജേക്കബ് അച്ചന്‍
വൈദ്യൂത ആഘാത ഭീഷണിയെ തുടര്‍ന്ന് കിച്ചണ്‍ ഉപകരണം ആംബിയാനോ മിനി ഫ്രയേര്‍സ് ആല്‍ഡി വിപണിയില്‍ നിന്നും പിന്‍വലിച്ചു. ഉപകരണത്തില്‍ നിന്നും ഷോക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന കാരണം കണക്കിലെടുത്താണ് ആല്‍ഡിയുടെ പുതിയ നടപടി. യുകെയിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃഖലയായ ആല്‍ഡി തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഉത്പന്നം പിന്‍വലിക്കുന്നത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. നിലവില്‍ ആംബിയാനോ മിനി ഫ്രയേര്‍സ് വാങ്ങിച്ചിട്ടുള്ള ഉപഭോക്താക്കള്‍ ആരും തന്നെ ഇത് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
മുന്‍ കരുതല്‍ നടപടിയെന്ന നിലയ്ക്കാണ് ഈ ഉപകരണം വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഉപകരണത്തിന്റെ വൈദ്യൂതീകരണത്തില്‍ കാര്യമായ അപാകതകള്‍ ഉണ്ടെന്ന് സംശയമുള്ളതായും ആല്‍ഡി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഉപകരണം വാങ്ങിച്ചിട്ടുള്ള ഉപഭോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള സ്‌റ്റോറുകളില്‍ ഇവ തിരികെ നല്‍കാമെന്നും ഉത്പന്നത്തിന്റെ മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്നും ആല്‍ഡി ഉറപ്പു നല്‍കിയിട്ടുണ്ട്.
20072452, 20072476, 20072469 എന്നീ ബാച്ച് നമ്പറുള്ള മിനി ഫ്രയേര്‍സാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഭക്ഷണ പദാര്‍ഥങ്ങള്‍ ഫ്രൈ ചെയ്യാന്‍ ഉപയോഗിക്കുന്ന ഈ ഉപകരണങ്ങളുടെ വില 19.99 പൗണ്ടാണ്. ചുവപ്പ്, കറുപ്പ്, ഗ്രേ തുടങ്ങിയ നിറങ്ങളില്‍ എത്തുന്ന ഇവ വളരെ പ്രചാരമുള്ള കിച്ചണ്‍ ഉപകരണങ്ങളിലൊന്നാണ്. ബില്ലുകള്‍ കൈവശമില്ലാതെ ഉപകരണം മാറ്റി നല്‍കുമോയെന്ന ഉപഭോക്താവിന്റെ സംശയത്തിന് എന്തെങ്കിലും തെളിവ് ഹാജരാക്കിയാല്‍ മതിയാകുമെന്ന് ആല്‍ഡി മറുപടി നല്‍കി. ഉപഭോക്താക്കള്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ കമ്പനിക്ക് ഖേദമുണ്ടെന്നും ആല്‍ഡി ഫേസ്ബുക്കില്‍ കുറിച്ചു.
റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് വലിയ പ്രതീക്ഷ വയ്ക്കുന്ന ടീമുകളിലൊന്നാണ് ഇംഗ്ലണ്ട്. മികച്ച കളിക്കാരുണ്ടായിട്ടും സമീപകാലത്ത് നടന്ന ലോകകപ്പുകളിലൊന്നും ക്വര്‍ട്ടറിനപ്പുറം മുന്നേറാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല. ആ ചീത്തപ്പേര് മാറ്റിയെടുക്കാനാണ് ഗാരി സൗത്ത് ഗേറ്റിന്റെ പരിശീലനത്തില്‍ ടീം ഇറങ്ങുന്നത്.
എന്നാല്‍ ഇംഗ്ലണ്ട് ഇപ്പോള്‍ അപ്രതീക്ഷിത പ്രതിസന്ധിയിലാണ്. ലോകകപ്പ് ബഹിഷ്‌കരക്കാന്‍ ഇംഗ്ലണ്ടിലെ എംപി മാരും മറ്റും ആവശ്യപ്പട്ടതാണ് ഇതിന് കാരണം. മുന്‍പ് ബ്രിട്ടന്റെ ഏജന്റായി പ്രവര്‍ത്തിച്ചരുന്ന റഷ്യന്‍ സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ സെര്‍ജി സ്‌കരിപലിനേയും മകളേയും അബോധാവസ്ഥയില്‍ വഴിയരികില്‍ നിന്ന് കണ്ടെത്തിയിരുന്നു. വിഷവാതകമേറ്റാണ് ഇരുവരും ഗുരുതരാവസ്ഥയിലായത്. ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കിയ ഇവര്‍ റഷ്യയില്‍ നിന്ന് മടങ്ങിവരുന്നവഴിയാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ച നടന്ന ഈ സംഭവത്തിന് പിന്നില്‍ റഷ്യയാണെന്നാണ് ആരോപണം. സംഭവത്തെത്തുടര്‍ന്ന് മറ്റ് 21 പേരും ചികിത്സ തേടിയിരുന്നു.
റഷ്യയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായാല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് മത്സരം ഇംഗ്ലണ്ട് ബഹിഷ്‌കരിക്കണമെന്നാണ് ഒട്ടേറെ പാര്‍ലമെന്റംഗങ്ങള്‍ ആവശ്യപ്പെടുന്നത്. അതേസമയം ലോകകപ്പില്‍ നിന്ന് ഇംഗ്ലണ്ട് പിന്‍മാറിയാല്‍ 2022 ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ നിന്ന് ഇംഗ്ലണ്ടിനെ ഫിഫ വിലക്കുമെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലണ്ടന്‍: ബ്രിട്ടനില്‍ ഡെന്റിസ്റ്റുകളെ കാണുന്നത് ചെലവേറിയതാകുന്നു. എന്‍എച്ച്എസ് ഡെന്റിസ്റ്റുകളുടെ ഫീസ് നിരക്ക് വീണ്ടും വര്‍ദ്ധിപ്പിച്ചു. വര്‍ദ്ധനയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ പുതിയ നിരക്കുകള്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഒരു ബേസിക് ചെക്ക്അപ്പിന് 21.60 പൗണ്ട് ഇനി മുതല്‍ ചെലവാകും. ദന്തചികിത്സാ മേഖലയിലെ പൊതുധന വിനിയോഗം ആവര്‍ത്തിച്ച് വെട്ടിക്കുറയ്ക്കുന്നതിനിടെയാണ് നിരക്കുകളില്‍ വര്‍ദ്ധന വരുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടില്‍ 5 ശതമാനത്തിന്റെ നിരക്ക് വര്‍ദ്ധനയാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഇതനുസരിച്ച് ക്രൗണുകളുടെ വില 244.30 പൗണ്ടില്‍ നിന്ന് 256.50 പൗണ്ടായി ഉയരും.
കഴിഞ്ഞ വര്‍ഷവും നിരക്കുകളില്‍ വര്‍ദ്ധന വരുത്തിയിരുന്നു. ഒരു കോഴ്‌സ് ചികിത്സ, അല്ലെങ്കില്‍ ഒരു അടിയന്തര ചികിത്സ എന്നിവയ്ക്ക് 90 പെന്‍സ് വരെയായിരുന്നു വരുത്തിയ വര്‍ദ്ധന. 19.70 പൗണ്ടില്‍ നിന്ന് ഈ നിരക്ക് 20.60 പൗണ്ടായാണ് വര്‍ദ്ധിച്ചത്. ചികിത്സാ നിരക്കുകള്‍ വീണ്ടും വര്‍ദ്ധിപ്പിച്ചതിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. പൊതുധന വിനിയോഗം വെട്ടിക്കുറച്ചത് മറയ്ക്കാനാണ് ഈ വര്‍ദ്ധന വരുത്തിയിരിക്കുന്നതെന്ന് ബിഡിഎ കുറ്റപ്പെടുത്തി. സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും ദന്തചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഇതിലൂടെ ഉണ്ടാകുകയെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
ദന്തചികിത്സക്കായി എത്തുന്ന രോഗിള്‍ പുതുക്കിയ നിരക്കനുസരിച്ച് 72 മില്യന്‍ പൗണ്ടായിരിക്കും ഒരു വര്‍ഷം അധികമായി നല്‍കാന്‍ പോകുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ നടപ്പാക്കിയ ഈ ഫീസ് വര്‍ദ്ധന സ്വയം പരാജയപ്പെടുത്തലാണെന്ന് ബിഡിഎ ചെയര്‍മാന്‍ ഹെന്റിക്ക് ഓവര്‍ഗാര്‍ഡ് നീല്‍സണ്‍ പറഞ്ഞു. ചികിത്സ ആവശ്യമായവരെപ്പോലും ദന്തഡോക്ടറുടെ സഹായം തേടുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്ന സമീപനമാണ് ഇത്. ഇതിലൂടെ രോഗികളുടെ അവസ്ഥ മോശമാകുകയും കൂടുതല്‍ ചെലവേറിയ ചികിത്സ ആവശ്യമായി വരികയും ചെയ്യും. ഇത് എന്‍എച്ച്എസിന് ലാഭമാണോ വരുത്തുകയെന്ന് ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്
മലയാളികൾക്ക് അഭിമാനിക്കാൻ ഇതാ ഒരു അസുലഭ നിമിഷം വരവായി. ഇംഗ്ലണ്ടിലെ സഭയെ നയിക്കാൻ ഒരു മലയാളി വൈദികൻ നിയോഗിക്കപ്പെട്ടിരിക്കുന്നു. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചെംസ്ഫോർഡ് രൂപതയിലെ ബ്രാഡ് വെൽ ബിഷപ്പായി ഡോ. ജോൺ പെരുമ്പാലത്ത് നിയമിക്കപ്പെട്ടു. ബ്രിട്ടീഷ് രാജ്ഞിയാണ് നിയമനം പ്രഖ്യാപിച്ചത്. ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫീസ് 10, ഡൗണിംഗ് സ്ട്രീറ്റ് വെള്ളിയാഴ്ച ഔദ്യോഗിക കുറിപ്പിലൂടെ നിയമനം അറിയിക്കുകയായിരുന്നു. ജൂലൈ 3 ന് ഡോ.ജോൺ ബിഷപ്പായി അഭിഷിക്തനാകും. ഇദ്ദേഹം യുണൈറ്റെഡ് ചർച്ച് ഓഫ് നോർത്ത് ഇന്ത്യയിലെ വൈദികനായി നേരത്തെ സേവനമനുഷ്ഠിച്ചിരുന്നു. നിലവിൽ ബാർക്കിംഗിൽ ആർച്ച് ഡീക്കനായി സേവനമനുഷ്ഠിക്കവയെയാണ് പുതിയ പദവിയിലേക്ക് നിയുക്തനാകുന്നത്. കേരളത്തിലെ പുരാതന സിറിയൻ ക്രിസ്ത്യൻ കുടുംബാംഗമായ ഡോ. ജോൺ പൂനയിലെ യൂണിയൻ ബിബ്ളിക്കൽ സെമിനാരിയിലാണ് പഠനം പൂർത്തിയാക്കിയത്. BA, BD, MA, MTh, PhD ബിരുദങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.
ഡോ. ജോൺ പെരുമ്പാലത്ത് യൂത്ത് വർക്കറായും തിയോളജിക്കൽ എഡ്യൂക്കേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 2002ലാണ് അദ്ദേഹം ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ സേവനമാരംഭിക്കുന്നത്. 2013 ൽ ആർച്ച് ഡീക്കൻ പദവിയിലെത്തുന്നതിന് മുൻപ് മൂന്ന് ഇടവകകളിൽ സേവനം ചെയ്തിരുന്നു. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ജനറൽ സിനഡിൽ അംഗമാണ് ഡോ. ജോൺ. സിനഡിന്റെ മിഷൻ ആൻഡ് പബ്ലിക് അഫയേഴ്സ് കൗൺസിലിലും അപ്പോയിന്റ്മെന്റ്സ് കമ്മിറ്റിയിലും ഇപ്പോൾ അദ്ദേഹം ചുമതല വഹിക്കുന്നുണ്ട്. വെസ്റ്റ്കോട്ട് ഹൗസ് ട്രസ്റ്റി ബോർഡ് മെമ്പറായ അദ്ദേഹം തിയോളജിക്കൽ കോളജ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, നാഷണൽ കമ്മിറ്റി ഫോർ എത്നിക് മൈനോറിറ്റീസ്, ലണ്ടൻ ചർച്ചസ് റെഫ്യൂജിസ് നെറ്റ് വർക്ക് എന്നീ സ്ഥാപനങ്ങളിലും വിവിധ റോളുകൾ കൈകാര്യം ചെയ്യുന്നുണ്ട്.
ആംഗ്ലിക്കൻ മിഷൻ ഏജൻസിയുടെ മുൻ ട്രസ്റ്റിയായ ഡോ.ജോൺ ആംഗ്ലിക്കൻ കമ്യൂണിയന്റെ വിവിധ പ്രോവിൻസുകളിലെ സ്ഥിരം പ്രഭാഷകനാണ്. ബിഷപ്പാകാനുള്ള ക്ഷണം എളിമയോടെ സ്വീകരിക്കുന്നുവെന്നും പുതിയ പദവിയിൽ സന്തോഷമുണ്ടെന്നും ഡോ.ജോൺ പെരുമ്പാലത്ത് പറഞ്ഞു. ബാർക്കിംഗിലെ അഞ്ചു വർഷത്തെ സേവനത്തിനു ശേഷം ലഭിച്ചിരിക്കുന്ന പുതിയ അവസരം വെല്ലുവിളികളുടെ പുതിയ മേഖലയാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെംസ്ഫോർഡ് ബിഷപ്പ്, സ്റ്റീഫൻ കോട്റൽ പുതിയ ബിഷപ്പിന്റെ നിയമനത്തിൽ തന്റെ സന്തോഷം പങ്കുവെച്ചു. പ്രഗത്ഭനായ തിയോളജിയനും അതിബുദ്ധിമാനായ പാസ്റ്ററുമാണ് ഡോ.ജോൺ എന്ന് ബിഷപ്പ് പറഞ്ഞു.
ഇടവകാംഗങ്ങളുടെ സ്നേഹവും വിശ്വാസവും നേടിയെടുക്കാൻ ഡോ. ജോണിന് കഴിഞ്ഞെത്തും കൂടുതൽ ഉത്തരവാദിത്വങ്ങൾ അദ്ദേഹത്തിൽ ഭരമേൽപ്പിക്കപ്പെടുകയാണെന്നും പുതിയ പദവിയിൽ മുന്നേറുന്നതിനുള്ള അനുഗ്രഹങ്ങൾക്കായി ഡോ. ജോണിനും അദ്ദേഹത്തിന്റെ പത്നി ജെസിക്കു വേണ്ടിയും പ്രാർത്ഥിക്കണമെന്നും ബിഷപ്പ് സ്റ്റീഫൻ കോട്റൽ വിശ്വാസ സമൂഹത്തോട് അഭ്യർത്ഥിച്ചു. ജൂലൈയിൽ മരണമടഞ്ഞ ബിഷപ്പ് ജോൺ വ്റോയുടെ പിൻഗാമിയായാണ് ഡോ. ജോൺ പെരുമ്പാലത്ത് അഭിഷിക്തനാക്കുന്നത്. 1966 ൽ ജനിച്ച ഡോ.ജോൺ 1995 ൽ വൈദികപട്ടം സ്വീകരിച്ചു. പത്നി ജെസി മാത്സ് ടീച്ചര്‍ ആണ്. ഏകമകൾ അനുഗ്രഹ മെഡിക്കൽ സ്റ്റുഡന്റാണ്.
ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചെംസ്ഫോർഡ് രൂപതയിലെ ബ്രാഡ് വെൽ ബിഷപ്പായി നിയമിക്കപ്പെട്ട ഡോ. ജോൺ പെരുമ്പാലത്തിന് മലയാളം യുകെ ന്യൂസ് ടീമിന്റെ അഭിനന്ദനങ്ങള്‍.
ഷിബു മാത്യൂ.
യോര്‍ക്ഷയര്‍. നാലാമത് പ്രൈഡ് ഓഫ് ഏര്‍ഡെല്‍ അവാര്‍ഡ് ഏര്‍ഡെല്‍ NHS പ്രഖ്യാപിച്ചു. ലീഡര്‍ ഓഫ് ദി ഈയര്‍ വിഭാഗത്തില്‍ മലയാളിയായ റീന മാത്യൂ അവാര്‍ഡ് ജേതാവ്. മദേഴ്‌സ് ഡേയോടനുബന്ധിച്ച് കിട്ടിയ ഈ അവാര്‍ഡ് എന്റെ അമ്മയുടെ പ്രചോദനം മാത്രമാണ്. സ്വര്‍ഗ്ഗത്തിലിരിക്കുന്ന എന്റെ അമ്മയ്ക്കായി ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് റീന മാത്യൂ.
വ്യാഴാഴ്ച വൈകിട്ട് സ്‌കിപ്ടണ്‍ റൊണ്ടെവുസ് ഹോട്ടലില്‍ വെച്ചു നടന്ന അവാര്‍ഡ് നൈറ്റില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെയാണ് പ്രൈഡ് ഓഫ് ഏര്‍ഡെല്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്.
Rena Mathew
അമ്പതില്‍പ്പരം മലയാളികളടക്കം രണ്ടായിരത്തി അഞ്ഞൂറിലധികം പേര്‍ ജോലി ചെയ്യുന്ന യോര്‍ക്ഷയറിലെ പ്രമുഖ NHS ഹോസ്പിറ്റലായ ഏര്‍ഡെല്‍ NHS ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ 2014ല്‍ ഏര്‍പ്പെടുത്തിയതാണ് പ്രൈഡ് ഓഫ് ഏര്‍ഡെല്‍ അവാര്‍ഡ്. ഹോസ്പിറ്റലിലെ എല്ലാ വിഭാഗത്തിലുള്ള സ്റ്റാഫിനെയും ഉള്‍പ്പെടുത്തി പന്ത്രണ്ട് വിഭാഗങ്ങളിലായിട്ടാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തുന്നത്. ഹോസ്പിറ്റലിന് പുറത്തുള്ള പ്രത്യേക ജൂറിയാണ് വിധി നിര്‍ണ്ണയം നടത്തുന്നത്. ഒരു വര്‍ഷക്കാലത്തെ സ്റ്റാഫിന്റെ പ്രവര്‍ത്തനങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ജൂറി വിലയിരുത്തും. രോഗികളുടെയും ബന്ധുക്കളുടെയും അഭിപ്രായ സര്‍വ്വേയും അവാര്‍ഡ് നിര്‍ണ്ണയത്തിന് പരിഗണിക്കും. അതീവ രഹസ്യമായിട്ടാണ് വിധി നിര്‍ണ്ണയം നടത്തുക. പതിനൊന്നു വിഭാഗങ്ങളിലും പാശ്ചാത്യര്‍ അവാര്‍ഡ് ജേതാക്കളായപ്പോള്‍ ലീഡര്‍ ഓഫ് ദി ഈയര്‍ വിഭാഗത്തില്‍ റീന മാത്യൂ അവാര്‍ഡ് സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് പ്രൈഡ് ഓഫ് ഏര്‍ഡെല്‍ അവാര്‍ഡ് മലയാളിയെ തേടിയെത്തുന്നത്. 2016ല്‍ കോട്ടയം അയര്‍ക്കുന്നം സ്വദേശി ബിജുമോന്‍ ജോസഫ് ബെസ്റ്റ് കെയറര്‍ അവാര്‍ഡ് നേടിയിരുന്നു.
പത്തനംതിട്ട ജില്ലയില്‍ പ്രസിദ്ധമായ ചരല്‍ക്കുന്ന് ഗ്രാമത്തില്‍ കുളത്തികൊമ്പില്‍ പരേതരായ മാത്യൂ കുഞ്ഞമ്മ ദമ്പതികളുടെ എക മകളായ റീന 2002ലാണ് യോര്‍ക്ഷയറിലെ ഏര്‍ഡെല്‍ ഹോസ്പിറ്റലിന്റെ ഭാഗമാകുന്നത്. ഇപ്പോള്‍ ഇതേ ഹോസ്പിറ്റലില്‍ തന്നെ ഹെമറ്റോളജി ആന്റ് മള്‍ട്ടി സ്‌പെഷ്യാലിറ്റി വാര്‍ഡിന്റെ മാനേജരായി സേവനമനുഷ്ഠിക്കുന്നു. നീണ്ട പതിനാറ് വര്‍ഷത്തെ സേവനം ഒരുപാട് അറിവുകള്‍ നേടിക്കൊടുത്തു എന്ന് റീന പറയുന്നു. ബാബു സെബാസ്‌ററ്യനാണ് ഭര്‍ത്താവ്. ഡെറിന്‍ സെബാസ്റ്റ്യന്‍, ദിവ്യാ സെബാസ്റ്റ്യന്‍ എന്നിവര്‍ മക്കളാണ്. രണ്ടായിരത്തി രണ്ടു മുതല്‍ കീത്തിലിയില്‍ സ്ഥിരതാമസമാണ് റീനയും കുടുംബവും. കീത്തിലി മലയാളി അസ്സോസ്സിയേഷന്‍ കുടുംബാംഗമാണിവര്‍.
ലണ്ടന്‍: എനര്‍ജി ബില്ലുകളിലെ അനിശ്ചിതത്വത്തില്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റനെ കുറ്റപ്പെടുത്തി ലേബര്‍ പാര്‍ട്ടി. എനര്‍ജി നിരക്ക് ഇനത്തില്‍ ഓരോ കുടുംബത്തിനും 1000 പൗണ്ടിന്റെ അധികച്ചെലവാണ് ടോറികള്‍ വരുത്തിവെച്ചിരിക്കുന്നതെന്ന് ലേബര്‍ ആരോപിക്കുന്നു. കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കിടെ ഇലക്ട്രിസിറ്റി, ഗ്യാസ് കമ്പനികള്‍ വരുത്തിയ നിരക്കു വര്‍ദ്ധനകള്‍ നിയന്ത്രിക്കാന്‍ തുടര്‍ച്ചയായി അധികാരത്തിലെത്തിയ ടോറി ഗവണ്‍മെന്റുകള്‍ പരാജയപ്പെട്ടുവെന്നും ഇപ്പോള്‍ എനര്‍ജി പ്രൈസ് ക്യാപ് ഏര്‍പ്പെടുത്തേണ്ടി വരുന്നത് കാലങ്ങളായി ഉദാസീന സമീപനം സ്വീകരിച്ചതിനാലാണെന്നും പ്രധാന പ്രതിപക്ഷകക്ഷിയായ ലേബര്‍ ആരോപിക്കുന്നു.
2010 മുതല്‍ എനര്‍ജി ബില്ലുകള്‍ വര്‍ദ്ധിക്കുന്നതിനെതിരെ നടപടിയെടുക്കുമെന്നാണ് ഗവണ്‍മെന്റുകള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ നിരക്കുകള്‍ വര്‍ദ്ധിക്കുകയല്ലാതെ കുറയുന്നില്ലെന്ന് ഷാഡോ ബിസിനസ് സെക്രട്ടറി റെബേക്ക ലോംഗ് ബെയിലി പറഞ്ഞു. 2010ല്‍ സാധാരണ മട്ടില്‍ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന ഒരു വീടിന് ഇരു ബില്ലുകളിലുമായി 1038 പൗണ്ടായിരുന്ന വര്‍ഷം നല്‍കേണ്ടി വന്നിരുന്നത്. 2017ല്‍ ഇത് 1116 പൗണ്ടായി മാറി. എന്നാല്‍ ചില വര്‍ഷങ്ങളില്‍ ഈ തുക 1200 പൗണ്ടിന് മുകളിലെത്തിയിരുന്നുവെന്നും അവര്‍ പറഞ്ഞു.
ഹൗസ് ഓഫ് കോമണ്‍സ് ലൈബ്രറി തയ്യാറാക്കിയ കണക്കുകള്‍ അനുസരിച്ച് ശരാശരി വീടുകള്‍ക്ക് 957 പൗണ്ടിന്റെ അധികച്ചെലവ് പ്രതിവര്‍ഷം എനര്‍ജി ബില്ലുകളില്‍ ഉണ്ടാകുന്നുണ്ട്. കമ്പനികള്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് നേരത്തേ തടയിട്ടിരുന്നെങ്കില്‍ ജനങ്ങള്‍ക്കു മേല്‍ ഈ അധികഭാരം ഉണ്ടാവില്ലായിരുന്നു. ഇതിന്റെയൊക്കെ ഫലമായി ബിഗ് സിക്‌സ് എന്നറിയപ്പെടുന്ന എനര്‍ജി ഭീമന്‍മാരുടെ ലാഭത്തില്‍ പതിന്‍മടങ്ങ് വര്‍ദ്ധനയാണ് രേഖപ്പെടുത്തുന്നത്. 2.5 മില്യന്‍ ജനങ്ങള്‍ ഇതു മൂലം കഷ്ടത അനുഭവിക്കുന്നുണ്ടെന്നും ലേബര്‍ പറഞ്ഞു.