UK

ലണ്ടന്‍: യുകെയില്‍ അതിശൈത്യം തുടരുന്നു. സ്പ്രിംഗ് ആരംഭിച്ചിട്ടും കനത്ത മഞ്ഞു വീഴ്ച്ച തുടരുകയാണ്. പ്രതികൂല കാലവസ്ഥയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 10 കവിഞ്ഞു. 10 വയസ്സുകാരിയായ കുട്ടിയാണ് അവസാനമായ കൊല്ലപ്പെട്ടത്. പല മേഖലകളിലും റോഡപകട നിരക്ക് കുത്തനെ ഉയര്‍ന്നു. സൗത്ത് വെസ്റ്റ് ഇഗ്ലണ്ടിലും സൗത്ത് വെയില്‍സിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശൈത്യത്തെ നേരിടാന്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കനത്ത മഞ്ഞു വീഴ്ച്ച തുടരുന്ന പ്രദേശങ്ങളില്‍ സൈന്യത്തിന്റെ സേവനം ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്നാണ് കരുതുന്നത്. സമീപ കാലത്തുണ്ടായിരിക്കുന്ന ഏറ്റവും തണുപ്പേറിയ സ്പ്രിംഗ് സീസണായിരിക്കും യുകെയെ കാത്തിരിക്കുന്നതെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. ബീസ്റ്റ് ഫ്രം ഈസ്റ്റ് എന്നറിയപ്പെടുന്ന സൈബീരയന്‍ ശീതകാറ്റും സ്റ്റോം എമ്മ എന്ന പ്രതിഭാസവും കൂടിച്ചേര്‍ന്നാണ് യുകെയില്‍ പ്രതികൂല കാലവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്. ഈ രണ്ട് പ്രതിഭാസങ്ങളും രാജ്യത്ത് അതിശൈത്യം തുടരാന്‍ കാരണമായെന്ന് കാലവസ്ഥ നിരീക്ഷകര്‍ വിലയിരുത്തുന്നു. ജീവന് ഭീഷണി നിലനില്‍ക്കുന്നതായി പല ഭാഗങ്ങളില്‍ നിന്നും മുന്നറിയിപ്പുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.

പരിഭ്രാന്തരായിരിക്കുന്ന ജനങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്. അതിശൈത്യം അപകടം വിതയ്ക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പരിഭ്രാന്തരായ ഉപഭോക്താക്കള്‍ ഭക്ഷ്യ വസ്തുക്കള്‍ വന്‍തോതില്‍ വാങ്ങിക്കുകയാണെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരത്തില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് കാരണം പല സൂപ്പര്‍ മാര്‍ക്കറ്റുകളിലെയും ഷെല്‍ഫുകള്‍ ഇതിനോടകം കാലിയായിട്ടുണ്ട്. ബ്രഡും പാലുമാണ് ഇത്തരക്കാര്‍ കൂടുതലായി വാങ്ങിക്കുന്നത്. അതേസമയം പ്രതികൂല കാലവസ്ഥ ഹൃദായാഘാതം ഉണ്ടാക്കാന്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കുറഞ്ഞ താപനില ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രികളില്‍ അടിയന്തരമായ നടത്തേണ്ടവയല്ലാത്ത എല്ലാ ഓപ്പറേഷനുകളും ചികിത്സയും റദ്ദ് ചെയ്തിട്ടുണ്ട്. കാലവസ്ഥ കൂടുതല്‍ മോശം അവസ്ഥയിലെത്തുന്നതോടെ അടിയന്തര സേവനങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നടപടി.

കാലഘട്ടത്തിലെ മോശം കാലവസ്ഥ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ഏതാണ്ട് 1000ത്തോളം സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. റോഡ്, റെയില്‍, വിമാന ഗതാഗതം താറുമാറിയി കിടക്കുകയാണ്. സ്‌കോട്ട്‌ലന്റ് എം 80 പാതയില്‍ ഏതാണ്ട് 300 ഓളം വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയാണ്. ഇന്നലെ ഏകദേശം 1000ത്തോളം വാഹനങ്ങള്‍ ഈ പാതയില്‍ രാത്രി മുഴുവന്‍ കുടുങ്ങി കിടന്നിരുന്നു. വിവിധ മോട്ടോര്‍ വേ കള്‍ അടച്ചിട്ടിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ റോഡ് ഗതാഗതം ഉപയോഗിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇഗ്ലണ്ട് സ്‌കോട്‌ലന്റ് ക്രോസ് ബോര്‍ഡര്‍ ട്രെയിനുകള്‍ എല്ലാം റദ്ദ് ചെയ്തിട്ടുണ്ട്. മിക്ക ട്രെയിനുകളും സര്‍വീസുകള്‍ റദ്ദ് ചെയ്തിരിക്കുകയാണ്. ഏതാണ്ട് 800 വിമാന സര്‍വീസുകളാണ് യുറോപ്പില്‍ ഇതിനോടകം റദ്ദ് ചെയ്തിരിക്കുന്നത്. ഡബ്ലിനില്‍ മാത്രം 194 വിമാനങ്ങളുടെ യാത്ര മാറ്റി വെച്ചിട്ടുണ്ട്. അടുത്ത ആഴ്ച്ചകളില്‍ കാലവസ്ഥയില്‍ നേരിയ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

ഷിബു മാത്യൂ
ഒരു രാജ്യം തന്നെ ഒരു ബൈബിള്‍ കലോത്സവത്തിന് വീണ്ടുമൊരുങ്ങുന്നു.
‘യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു’. എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവം 2018. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍

രൂപതയുടെ രണ്ടാമത് ബൈബിള്‍ കലോത്സവം നവംബറില്‍ നടക്കും. ബ്രിസ്റ്റോള്‍ വീണ്ടും ആതിഥേയത്വം വഹിക്കുന്ന ബൈബിള്‍ കലോത്സവത്തിന് ഒരുക്കങ്ങള്‍ ഇതിനോടകം രാജ്യത്തിന്റെ പല ഭാഗത്തുള്ള വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലും ചാപ്ലിന്‍സി കളിലുമായി ആരംഭിച്ചു കഴിഞ്ഞു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ ബൈബിള്‍ കലോത്സവമാണ് കഴിഞ്ഞ വര്‍ഷം ബ്രിസ്റ്റോളില്‍ നടന്നത്. ഒരു രൂപത രൂപീകൃതമായതിനു ശേഷം നടന്ന ആദ്യ ബൈബിള്‍ കലോത്സവം എന്ന പ്രസക്തിയും ഇതിനുണ്ട്. അതില്‍ നിന്നും ഉള്‍ക്കൊണ്ട പ്രചോദനത്താല്‍ രൂപതയുടെ കീഴിലുള്ള വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളും ചാപ്ലിന്‍സികളും ഇത്തവണ വളരെ മുമ്പേ തന്നെ ബൈബിള്‍ കലോത്സവത്തിന് ഒരുങ്ങുകയാണ്.

കേംബ്രിഡ്ജ് റീജണില്‍ റവ. ഫാ. ടെറിന്‍ മുള്ളക്കരയുടെ നേതൃത്വത്തില്‍ ബൈബിള്‍ ക്വിസ് മത്സരം ആരംഭിക്കുകയാണ്. ബൈബിള്‍ കലോത്സവത്തിനുള്ള പരിശീലനമെന്നോളം റീജണിലെ ഇപ്‌സ്വിച്ച്, നോര്‍വിച്ച്, ഗോള്‍സ്റ്റണ്‍, ഹേവര്‍ ഹില്‍, ബെറീസ് സെന്റ്. എഡ്മണ്‍ഡ്‌സ്‌ളം എന്നിവിടങ്ങളില്‍ ബൈബിള്‍ ക്വിസ് മത്സരം നടത്തുകയാണ്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങള്‍ക്കും ചാപ്ലിന്‍സികള്‍ക്കും ബഹുമാനപ്പെട്ട വൈദീകര്‍ക്കും അല്‍മായര്‍ക്കും സഭാ വിശ്വാസികള്‍ക്കുമൊക്കെ നടക്കാന്‍ പോകുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ രണ്ടാമത് ബൈബിള്‍ കലോത്സവത്തിന് ഒരു പ്രചോദനം നല്കുക എന്ന ലക്ഷ്യമാണ് ഈ ബൈബിള്‍ ക്വിസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഫാ. ടെറിന്‍ മുള്ളക്കര മലയാളം യുകെയോട് പറഞ്ഞു.

നവംബര്‍ പത്തിന് നടക്കാന്‍ പോകുന്ന ബൈബിള്‍ കലോത്സവത്തിന്റെ രൂപരേഖ ഇതിനോടകം പുറത്തിറങ്ങി. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ മേല്‍നോട്ടത്തിലായിരിക്കും ബൈബിള്‍ കലോത്സവം നടക്കുക. ഒക്ടോബര്‍ അവസാനത്തോടു കൂടി റീജണല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാകും.

 

റിപ്പോർട്ടർ, ലിങ്കൺ ഷയർ

കനത്ത മഞ്ഞു വീഴ്ചയെത്തുടർന്ന് ലിങ്കൺ ഷയറിൽ ജനജീവിതം പൂർണമായി സ്തംഭിച്ചു. നിരവധി വില്ലേജുകൾ ഒറ്റപ്പെട്ടു. റോഡുകൾ ഗതാഗത  യോഗ്യമല്ലാതായി. നൂറു കണക്കിന് അപകടങ്ങളാണ് ലിങ്കൺഷയറിൽ മാത്രം റിപ്പോർട്ട് ചെയ്തത്. ലിങ്കണിലെ A46 റോഡ് പൂർണമായും അടഞ്ഞു കിടക്കുകയാണ്. സ്റ്റോം എമ്മ ആഞ്ഞടിക്കാൻ തുടങ്ങിയതോടെ കാലാവസ്ഥ തീർത്തും മോശമായി. സ്കൂളുകൾ പൂർണമായും ഇന്ന് അടഞ്ഞുകിടക്കുകയാണ്. നാളെയും നിരവധി സ്കൂളുകൾക്ക് അവധി നല്കിയിട്ടുണ്ട്. ഹോസ്പിറ്റലുകളിൽ സ്റ്റാഫിന് എത്തിച്ചേരാൻ പറ്റാത്തതിനാൽ നിരവധി അപ്പോയിന്റുമെന്റുകളും സർജറികളും റദ്ദാക്കി.

അടിയന്തിര സാഹചര്യങ്ങളെ തുടർന്ന് ലിങ്കൺഷയറിൽ മിലിട്ടറി രംഗത്തിറങ്ങി. റോയൽ എയർ ഫോഴ്സിന്റെ ആർഎഎഫ് വിറ്ററിംഗ് സ്ക്വാഡ്രനാണ് സഹായത്തിനെത്തിയത്. 4×4 വാഹനങ്ങളുമായി 20 അംഗ മിലിട്ടറി സംഘമാണ് അടിയന്തിര പ്രവർത്തനങ്ങളെ സഹായിക്കുന്നത്. ഒറ്റപ്പെട്ട വില്ലേജുകളിലേക്ക് ഹെൽത്ത് വർക്കേഴ്സിനെ എത്തിക്കുന്നതിനും ഹോസ്പിറ്റലുകളിലേയ്ക്ക് സ്റ്റാഫിനെ എത്തിക്കുന്നതിനുമാണ് മിലിട്ടറി പ്രഥമ പരിഗണന നല്കുന്നത്. യുകെയിൽ എവിടെയും രക്ഷാപ്രവർത്തനത്തിനായി മൂന്നു ബറ്റാലിയനുകൾ തയ്യാറായി നിൽക്കുകയാണെന്ന് മിനിസ്ട്രി ഓഫ് ഡിഫൻസ് അറിയിച്ചു.

ലണ്ടന്‍. യുകെയിലെ വിവിധ ലോക്കല്‍ കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മേയ് മാസം മൂന്നാം തീയതി നടക്കുമ്പോള്‍ തെരഞ്ഞെടുപ്പ് രംഗത്ത് മലയാളി സ്ഥാനാര്‍ത്ഥികളും. പ്രമുഖ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്നെയാണ് മലയാളികള്‍ ഇടം പിടിച്ചിരിക്കുന്നത്. ബ്രിട്ടനിലെ മലയാളികളുടെ അഭിമാനമായി ക്രോയ്‌ഡോണ്‍ മേയര്‍ സ്ഥാനം വചിച്ചിരുന്ന മഞ്ജു ഷാഹുല്‍ ഹമീദ് , മുന്‍ ന്യൂഹാം മേയര്‍ ഓമന ഗംഗാധരന്‍ , ലണ്ടനിലെ അറിയപ്പെടുന്ന മലയാളി നേതാവും ലേബര്‍ പാര്‍ട്ടി എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവും സോഷ്യല്‍ ആക്ടിവിവിസ്റ്റുമായ സുഗതന്‍ തെക്കേപ്പുര , നിയമ വിദഗ്ദനും കേംബ്രിഡ്ജിലെ ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകനുമായ ബൈജു വര്‍ക്കി തിട്ടാല  എന്നിവരാണ് ഇത്തവണ ലേബര്‍ പാര്‍ട്ടിയുടെ പാനലില്‍ മത്സര രംഗത്തുള്ളത് . എല്ലാവരും വിജയ സാധ്യത ഉള്ളവര്‍ ആയതു മലയാളി സമൂഹത്തിനും ഏറെ പ്രതീക്ഷ നല്‍കുന്നു .

ഈസ്റ്റ് ഹാം സെന്‍ട്രലില്‍ മത്സരിക്കുന്ന സുഗതന്‍ തെക്കെപ്പുര കോട്ടയം വൈക്കം സ്വദേശിയാണ് . നിലവില്‍ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ദേശീയ സെക്രെട്ടറി കൂടിയായ സുഗതന്‍ ലേബര്‍ പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗത്വം വരെ വഹിച്ചിട്ടുണ്ട്. ഏറെ മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശം കൂടിയാണ് ഈസ്റ്റ്ഹാം, മലയാളികളുടെ ഉള്‍പ്പടെ ഉള്ള സാമൂഹ്യ വിഷയങ്ങളില്‍ ശക്തമായ സാന്നിധ്യം ആയ സുഗതന്‍ തെക്കേപ്പുരയുടെ വിജയം അനായാസമാകും എന്നാണ് കരുതുന്നത് .

ക്രോയ്‌ഡോണിലെ മുന്‍ മേയറും ഇപ്പോഴത്തെ കൗണ്‍സിലര്‍ മാരില്‍ ഒരാളുമായ മഞ്ജു ഷാഹുല്‍ ഹമീദ് ആണ് മറ്റൊരു സ്ഥാനാര്‍ഥി .യുകെ യിലെ മലയാളി കളുടെ എല്ലാ പരിപാടികളിലും സജീവ സാന്നിധ്യമായ മഞ്ജു ഷാഹുല്‍ ഹമീദ് അട്ടിമറി വിജയം നേടിയാണ് കഴിഞ്ഞ തവണ ക്രോയ്‌ഡോണ്‍ മേയര്‍ സ്ഥാനം വരെ എത്തിയത് .നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ കൂടിയും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ കൂടിയും യുകെയില്‍ ഏറെ അറിയപ്പെടുന്ന മഞ്ജു ഷാഹുല്‍ ഹമീദും ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് ജനവിധി തേടുന്നത് .

കോട്ടയം ചങ്ങനാശേരി സ്വദേശിനിയും , കഥാകൃത്തും , ഒക്കെ ആയ ഓമന ഗംഗാധരന്‍ ഇത്തവണയും ജനവിധി തേടുന്നത് ന്യൂഹാമില്‍ നിന്നും ആണ് .ലേബര്‍ പാര്‍ട്ടിയുടെ സ്ഥിരം സീറ്റായ ന്യൂഹാമില്‍ നൂറു ശതമാനം വിജയ പ്രതീക്ഷയോടെ മത്സരിക്കുന്ന ഓമന ഗംഗാധരന്‍ ന്യൂ ഹാം കോര്‍പറേഷന്‍ സിവിക് മേയര്‍ ,ഡെപ്യൂട്ടി സിവിക് മേയര്‍ ,ദീര്‍ഘകാലം കൗണ്‍സിലര്‍, നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് നോണ്‍ എക്‌സികുട്ടീവ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട് .സാമൂഹ്യ സാംസ്‌കാരിക , ചാരിറ്റി പ്രവര്‍ത്തനങ്ങളിലും വ്യക്തി മുദ്ര പതിപ്പിച്ച ഓമന ഗംഗാധരന്റെ വിജയവും ലേബര്‍ പാര്‍ട്ടി ഏറെ പ്രതീക്ഷയോടെയാണ് കരുതുന്നത് .

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഉള്‍പ്പെടുന്ന കാസില്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് ബൈജു വര്‍ക്കി തിട്ടാല ജനവിധി തേടുന്നത്. ഇടതു പക്ഷ ആശയങ്ങളില്‍ ആകൃഷ്ടനായി സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ ശക്തമായ സാന്നിദ്ധ്യമാണ് ബൈജു തിട്ടാല കഴിഞ്ഞ വര്‍ഷങ്ങളില്‍ കാഴ്ച വച്ചിട്ടുള്ളത്.

 

 

അരങ്ങേറ്റത്തില്‍ തന്നെ സദസ്സിനെ അമ്പരപ്പിക്കുന്ന പ്രകടനവുമായി ശ്രുതി ശ്രീകുമാര്‍. ഫെബ്രുവരി 17ന് ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നില്‍ ആയിരുന്നു വിസ്മയിപ്പിക്കുന്ന നടന വൈഭവവുമായി ശ്രുതി ശ്രീകുമാര്‍ അരങ്ങേറ്റം നടത്തിയത്. നാലാം വയസ്സ് മുതല്‍ നൃത്താഭ്യസനം തുടങ്ങിയ ശ്രുതിക്ക് നൃത്തം ജീവിതത്തിന്‍റെ ഭാഗമാണ്. യുകെയിലെ മലയാളി കലാകാരന്മാര്‍ക്കും കലാകരികള്‍ക്കും ഏറെ പ്രോത്സാഹനം നല്‍കുന്ന  ഏഷ്യനെറ്റ് യുകെ ഡയറക്ടറും, ആനന്ദ് ടിവിയുടെ സിഇഒയുമായ  അച്ഛന്‍ സദാനന്ദന്‍ ശ്രീകുമാറിന്റെയും  അമ്മ ജീതി ശ്രീകുമാറിന്റെയും അകമഴിഞ്ഞ പ്രോത്സാഹനം കൂടി ആയപ്പോള്‍ ശ്രുതിയുടെ നൃത്ത സപര്യ ഏറ്റവും മികച്ചതായി മാറി.

ശ്രുതിയുടെ അരങ്ങേറ്റം ശനിയാഴ്ച ലണ്ടനിലെ എസെക്‌സ് വുഡ് ഫോര്‍ഡ് ഗ്രീനില്‍ സര്‍ ജെയിംസ് ഹോക്കി ഹാളില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുമ്പില്‍ നടന്നപ്പോള്‍ അത് അവിസ്മരണീയമായ ഒരു കലാനുഭവം ആയി മാറുകയായിരുന്നു. വൈകുന്നേരംഅഞ്ചുമണിയോടെ വുഡ് ഫോര്‍ഡ് ഗ്രീന്‍ പാര്‍ലമെന്റ് അംഗം ഇയാന്‍ സ്മിത്ത് ഉദ്ഘാടനം ചെയ്തതോടെയാണ്  അരങ്ങേറ്റത്തിന് തുടക്കമായത്. കുട്ടിക്കാലം മുതല്‍ക്കേ നൃത്തം അഭ്യസിച്ചു തുടങ്ങിയ ശ്രുതി കാണികളെ അമ്പരിപ്പിക്കുന്ന പ്രകടനാണ് അരങ്ങില്‍ കാഴ്ച്ചവച്ചത്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന പരിശീലനത്തിനു ശേഷമാണ് അത്യുജ്ജ്വല പ്രകടനത്തോടെ നൃത്ത രംഗത്തെ ജൈത്രയാത്ര തുടങ്ങിയിരിക്കുന്നത്. പ്രശസ്ത നര്‍ത്തകിയും ഗുരുവുമായ ഭാഗ്യലക്ഷ്മി ത്യാഗരാജന്റെ ശിക്ഷണത്തിലാണ് ശ്രുതി ശ്രീകുമാര്‍ പരിശീലനം നടത്തി വരുന്നത്.

ശ്രുതിയുടെ അരങ്ങേറ്റം ഗംഭീരമാക്കാന്‍ പിന്നണിയില്‍ ഉണ്ടായിരുന്നവര്‍ ഈ രംഗത്തെ ഏറ്റവും മികച്ചവര്‍ തന്നെയായിരുന്നു. ഇതിനായി കേരളത്തില്‍ നിന്ന് എത്തിയായിരുന്നു ഇവര്‍ പിന്തുണ നല്‍കിയത്.  വോക്കല്‍ – അപര്‍ണ ശര്‍മ്മ, മൃദംഗം ഭവാനി ശങ്കര്‍, വയലിന്‍ – ഡോക്ടര്‍ ജ്യോത്സന ശ്രീകാന്ത്, ഫ്‌ലൂട്ട് – മധുസൂദനന്‍, സ്‌പെഷ്യല്‍ പെര്‍ട്ട്ക്യൂഷന്‍ – കാണ്ഡ്യാ സീതാംബരനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ലൈവ് ഓര്‍ക്കസ്ട്രയുടെ സഹായത്താല്‍ ശ്രുതി നടത്തിയ മിന്നുന്ന പ്രകടനം കാണികളുടെ കയ്യടി നേടിയെടുക്കുന്നതായിരുന്നു.

ഗണേശ സ്തുതിയോടു കൂടി ആരംഭിച്ച ശ്രുതിയുടെ പ്രകടനം ശ്ലോകം, ആലാരിപ്പ് , ജതിസ്വരം, വര്‍ണം, ദേവി, ഭജന്‍, തില്ലാന എന്നീ ഭരതനാട്യത്തിന് വ്യത്യസ്തരൂപങ്ങളോടെയാണ് സമാപിച്ചത്. ഏതാണ്ട് രണ്ടര മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

നാലാം വയസില്‍ നൃത്ത പഠനം ആരംഭിച്ച ശ്രുതി അഞ്ചാം വയസിലാണ് ആദ്യമായി വേദിയില്‍ കയറിയത്. ഷിജു മേനോന്‍ എന്ന അധ്യാപകനായിരുന്നു ശ്രുതിയുടെ ആദ്യ ഗുരു. 2010 മുതലാണ് ഭാഗ്യലക്ഷ്മി ത്യാഗരാജനു കീഴില്‍ ശ്രുതി നൃത്ത പഠനം ആരംഭിക്കുന്നത്. ഐഎസ്ടിഡി പരീക്ഷ ഗ്രേഡ് സിക്‌സ് ഡിസ്റ്റിംഗ്ഷനോടെ ശ്രുതി പാസാകുകയും ചെയ്തിട്ടുണ്ട്.

നൃത്ത രംഗത്തേക്ക് തന്നെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് ശ്രുതിയുടെ തീരുമാനം. ആല്‍ച്ചേരി ഫെസ്റ്റിവല്‍, ആനന്ദ് ടിവി ഫിലിം അവാര്‍ഡ്‌സ്, ട്രിവാന്‍ഡ്രം മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ എന്നീ വേദികളിലും ശ്രുതി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. നൃത്തത്തിനൊപ്പം, ഒന്‍പതാം വയസു മുതല്‍ വെസ്റ്റേണ്‍ ക്ലാസിക്കല്‍ വയലിന്‍ പഠിക്കുന്ന ഈ കലാകാരി യുസിഎല്ലിലും സ്ട്രാറ്റ്‌ഫോര്‍ഡ്, ഈസ്റ്റ് ലണ്ടന്‍ മ്യൂസിക് ഫെസ്റ്റിവലിലും പങ്കെടുത്തിട്ടുണ്ട്.

നൃത്തരംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഭാഗ്യലക്ഷ്മി ത്യാഗരാജനു കീഴില്‍ നൃത്തം അഭ്യസിക്കാന്‍ അവസരം ലഭിച്ചത് തന്റെ ഭാഗ്യമായി കരുതുന്നുവെന്ന് ശ്രുതി പറയുന്നു. കലാക്ഷേത്രയില്‍ നിന്നും ഡിഗ്രി നേടിയ ഭാഗ്യലക്ഷ്മിയുടെ ആദ്യ ഗുരു പിതാവ് ആര്‍ വി ത്യാഗരാജന്‍ തന്നെയാണ്. തുടര്‍ന്ന് ഗുരു ബാലഗോപാലന്റെ കീഴില്‍ അഭിനയ പഠിച്ച ഭാഗ്യലക്ഷ്മി കര്‍ണാടിക് മ്യൂസികിലും പരിശീലനം നേടിയിട്ടുണ്ട്.

ഓള്‍ ഇന്ത്യാ ലെവലില്‍ ഭരതനാട്യം ഡിഗ്രിയില്‍ സെക്കന്റ് റാങ്ക് നേടിയ ഭാഗ്യലക്ഷ്മിക്ക് അലഹബാദ് പ്രയാഗ് സംഗീത് സമിതിയുടെ യുവ പ്രതിഭാ പുരസ്‌ക്കാരവും ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭരതനാട്യം സ്‌കോളര്‍ഷിപ്പ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഭാഗ്യലക്ഷ്മി2010ല്‍ യുകെയിലെത്തിയതോടെയാണ് ശ്രുതിക്ക് നൃത്തം അഭ്യസിക്കാന്‍ അവസരം ലഭിച്ചത്. ഭരതനാട്യം ചിട്ടയോടെയും കൃത്യമായ രീതിയിലും പഠിപ്പിക്കുന്ന ഭാഗ്യലക്ഷ്മിയുടെ സ്ഥാപനം വഴി നിരവധി കുട്ടികള്‍ക്കാണ് പരീക്ഷകള്‍ എഴുതി പാസാകുവാനും ഡിഗ്രികള്‍ എടുക്കുവാനും സാധിച്ചിട്ടുള്ളത. ബ്രിട്ടീഷ് രാജ്ഞി പങ്കെടുത്ത ബക്കിംഗ്ഹാം പാലസിലെ ചടങ്ങിലും ഭാഗ്യലക്ഷ്മി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ലിയു.എം.എഫ്) യു.കെ പ്രൊവിന്‍സിന്റെ ഔപചാരികമായ ഉദ്ഘാടനം മാര്‍ച്ച് 23ന് നടക്കും. ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മീഷനിലെ ഇന്ത്യ ഹൗസില്‍ വെള്ളിയാഴ്ച വൈകുന്നേരം 5 മണിയ്ക്ക് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും.

സമൂഹത്തിലെ നാനാതുറകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുമെന്ന് കരുതുന്ന സമ്മേളനത്തില്‍ യു.കെയിലെ ഇന്ത്യന്‍ സ്ഥാനപതിയും പങ്കെടുത്തേയ്ക്കും. കേരളത്തില്‍ നിന്നും അതിഥികള്‍ പങ്കെടുക്കും. ഡബ്ലിയു.എം.എഫ് യു.കെ നാഷണല്‍ കൗണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പും, എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നിയമനവും തദവസരത്തില്‍ തന്നെ നടക്കും. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടണമെന്ന് കോഓര്‍ഡിനേറ്റര്‍ ബിജു മാത്യു അറിയിച്ചു.

ഡബ്ലിയു.എം.എഫ് യു.കെയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഒരു അഡ്ഹോക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വന്നിരുന്നു. തുടര്‍ന്നാണ് സംഘടന ഔപചാരികമായി ഉത്ഘാടനം ചെയ്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൂടുതല്‍ മലയാളികളെ സംഘടനയുമായി ബന്ധിപ്പിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്.

യു.കെയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രൂപപ്പെടുത്തിയ അഡ്ഹോക്ക് കമ്മിറ്റിയിലേക്ക് ബിജു മാത്യു (കോഓര്‍ഡിനേറ്റര്‍), സുഗതന്‍ തെക്കേപുര (ഈസ്റ്റ് ഹാം), ബിന്‍സു ജോണ്‍ (ലെസ്റ്റര്‍) സുജു ഡാനിയേല്‍ (ല്യൂട്ടന്‍), തോമസ് ജോണ്‍ (ഓസ്‌ഫോര്‍ഡ്), സണ്ണിമോന്‍ മത്തായി (വാട്ട്ഫോര്‍ഡ്), ജോസ് തോമസ് (സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്), ജോജി ചക്കാലയ്ക്കല്‍ (ഓസ്‌ഫോര്‍ഡ്), ജോമോന്‍ കുന്നേല്‍ (സ്ലോ), ആശ മാത്യു (ലണ്ടന്‍), ഷാന്റിമോള്‍ ജോര്‍ജ് (വാട്ട്‌ഫോര്‍ഡ്) എന്നിവരെ ഹാര്‍ലോയില്‍ നടന്ന യോഗം ചുമതലപ്പെടുത്തിയിരുന്നു. കൗണ്‍സിലര്‍ ഫിലിപ്പ് എബ്രഹാം (സിറ്റി മേയര്‍, ലൗട്ടന്‍), ഹരിദാസ് തെക്കുംമുറി (ഇന്ത്യന്‍ എംബസി), ശ്രീകുമാര്‍ എസ്. (ആനന്ദ് ടി.വി) എന്നിവരാണ് ഡബ്ള്യു.എം.എഫ് യുകെയുടെ രക്ഷാധികാരികളായി പ്രവര്‍ത്തിക്കുന്നത്.

ലോക മലയാളികള്‍ക്കിടയില്‍ സുശക്തമായ നെറ്റ് വര്‍ക്കും, കൂട്ടായ്മയും, സഹാനുഭൂതിയും സംഘടനാ പ്രവര്‍ത്തനങ്ങളും ഏകോപിച്ച് തുടക്കംകുറിച്ച വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്‌ള്യു.എം.എഫ്) എന്ന ആഗോള സംഘടനയ്ക്ക് ഇതിനോടകം 80-ലധികം രാജ്യങ്ങളില്‍ യൂണിറ്റുകള്‍ നിലവിലുണ്ട്. ഓസ്ട്രിയയിലെ വിയന്ന കേന്ദ്രമാക്കി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംഘടനയുടെ ഗ്ലോബല്‍ രക്ഷാധികാരികള്‍ കിഡ്നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍, ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി ഇന്ത്യയുടെ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുന്‍ അംബാസിഡറും, ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ തലവനുമായ ടി.പി. ശ്രീനിവാസന്‍, പാര്‍ലമെന്റംഗംവും, മാതൃഭൂമി ഗ്രൂപ് എം.ഡിയുമായ എം.പി. വീരേന്ദ്രകുമാര്‍, പാര്‍ലമെന്റംഗം എന്‍.പി. പ്രേമചന്ദ്രന്‍, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരടങ്ങിയ ആറംഗ സമിതിയാണ്.

ബ്രിട്ടണില്‍ അതിശൈത്യം തുടരുമെന്ന് തന്നെയാണ് കാലാവസ്ഥ കേന്ദ്രങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. മഞ്ഞുവീഴ്ച്ചയും ഐസ് രൂപപ്പെടുമെന്നുമുള്ള മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നുണ്ട്. ഇന്നലെ രാത്രിയും പലയിടത്തും കനത്ത മഞ്ഞുവീഴ്ച്ചയായിരുന്നു. ഓക്‌സ്‌ഫോര്‍ഡ്‌ഷെയറിലെ ബെന്‍സണില്‍ മൈനസ് 10 ഡിഗ്രിയാണ് രേഖപ്പെടുത്തിയ താപനില. കനത്ത ഗതാഗത തടസ്സമാണ് ഏതാനും ദിവസങ്ങളായി ഉള്ളത്. ഇത് തുടരും. ഉടന്‍ തന്നെ താപനിലയില്‍ വലിയ മാറ്റം ഉണ്ടാവാന്‍ സാധ്യതയില്ല. ഇംഗ്ലണ്ടിന്റെ വടക്കന്‍ മേഖലകളിലും സ്‌ക്കോട്ട്‌ലന്റിലും ആമ്പര്‍ മുന്നിറിയിപ്പാണ് ഉള്ളത്. വൈകീട്ട് ആറുമണിവരെയാണ് ഇത്. എന്നാല്‍ ലണ്ടന്‍, കിഴക്കന്‍ മിഡ്‌സ് ലാന്റ് കിഴക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ഈ മുന്നറിയിപ്പ് രാത്രി പത്തുമണിവരെയുണ്ട്. ആഴ്ച്ചയുടെ മധ്യത്തില്‍ ചില പ്രദേശങ്ങളില്‍ താപനില മൈനസ് 15 വരെ താഴാന്‍ സാധ്യതയുള്ളതായും അറിയുന്നു. തണുപ്പിന് കടുപ്പം കൂട്ടാനായി എമ്മ എന്നു പേരുള്ള കാറ്റും വീശാന്‍ സാധ്യതയുണ്ട്. ബീസ്റ്റ് ഓഫ് ദ ഈസ്റ്റുമായി എമ്മ കൂടിച്ചേരുന്നതോടെ തണുപ്പിന് കാഠിന്യം കൂടും.

അതിശൈത്യം കാരണം പലയിടത്തും ഗതാഗതം താറുമാറായി കിടക്കുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നടന്ന അപകടങ്ങളില്‍ ഇന്നലെ നാല് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. റെയില്‍വേ വിമാന ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു. പല ട്രെയിനുകളും യാത്ര മാറ്റിവെച്ചതായി അറിയിച്ചു. ഹീത്രു വിമാന താവളത്തില്‍ പല സര്‍വീസുകളും മുടങ്ങി കിടക്കുകയാണ്. ഇന്നലെ നിരവധി ഐറിഷ് വിമാനങ്ങള്‍ യാത്ര റദ്ദാക്കിയിരുന്നു. 1350 മുതല്‍ ഏകദേശം 1850 വരെയുള്ള കാലഘട്ടത്തിലാണ് ബ്രിട്ടനില്‍ ഏറ്റവും വലിയ ശൈത്യം നിലനിന്നിരുന്നു. ‘ലിറ്റില്‍ ഐസ്-എയ്ജ്’ (little ice-age) എന്നറിയപ്പെട്ടിരുന്ന ഈ കാലഘട്ടത്തില്‍ ആര്‍ട്ടിക്കിലെ തണുപ്പിനും മഞ്ഞ് വീഴ്ച്ചയ്ക്കും സമാനമായ കാലസ്ഥയായിരുന്നു നിലനിന്നിരുന്നത്. തംമസ് നദിയെ മാസങ്ങളോളം തണുത്തറഞ്ഞ അവസ്ഥയിലാക്കിയ അതിശൈത്യമായിരുന്നു അത്.

1683-84 കാലഘട്ടത്തില്‍ അതിശൈത്യ കാലഘട്ടത്തെ അറിയപ്പെട്ടിരുന്നത് ഗ്രേറ്റ് ഫ്രോസ്റ്റ് എന്നാണ്. ഏതാണ്ട് 11 ഇഞ്ചോളം കനത്തില്‍ തമംസ് നദി മഞ്ഞുമൂടപ്പെട്ടു. നദി മഞ്ഞുമൂടപ്പെട്ടതോടെ അതിനു സമീപത്തായി ഫെ്സ്റ്റിവല്‍ നടത്തപ്പെട്ടിരുന്നു. ഐസ് സ്‌കേറ്റിംഗ്, ഗ്യാബിളിംഗ് ഉള്‍പ്പെടെയുള്ള വിനോദ പരിപാടികള്‍ അന്ന് സംഘടിപ്പിക്കപ്പെട്ടു. 1739-40 കാലഘട്ടത്തിലാണ് മറ്റൊരു അതിശൈത്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. താപനില മൈനസ് 9 കുറഞ്ഞ അവസ്ഥയായിരുന്നു അന്ന്. മോഡേണ്‍ കാലഘട്ടത്തില്‍ 1963ലാണ് അവസാനമായി തംമസ് നദി മഞ്ഞ് മൂടപ്പെട്ടത്. അന്നത്തെ കാലവസ്ഥ മാറ്റം ബിഗ് ഫ്രീസ് എന്നാണ് പിന്നീട് അറിയപ്പെട്ടത്. 1963 നു ശേഷം മറ്റൊരു അതി ശൈത്യകാലം ബ്രിട്ടനെ വലച്ചത് 1978-79 സമയത്താണ്. വലിയ കാലവസ്ഥ മാറ്റങ്ങളും അതിശൈത്യവും ചരിത്രത്തില്‍ ബ്രിട്ടന്‍ മറികടന്നിട്ടുണ്ട്.

ന്യൂസ് ഡെസ്ക്

ബ്രിട്ടൺ അതിശൈത്യത്തിന്റെ പിടിയിലമർന്നതോടെ നിരവധി വാഹന അപകടങ്ങളാണ് ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കാലാവസ്ഥ മോശമായതിനെ തുടർന്ന് സ്കോട്ട് ലാൻഡിലെ സെൻട്രൽ ബെൽറ്റ് ഏരിയയിൽ മെറ്റ് ഓഫീസ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അത്യാവശ്യമല്ലെങ്കിൽ യാത്രകൾ ഒഴിവാക്കണമെന്ന് മെറ്റ് ഓഫീസ് നിർദ്ദേശിച്ചിരുന്നു. ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ റെഡ് അലർട്ട് സമയങ്ങളിൽ ഡ്രൈവ് ചെയ്യുന്നവർക്ക് കാർ ഇൻഷുറൻസിന്റെ പരിരക്ഷ ലഭിക്കുകയില്ലെന്ന് എന്ന അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇക്കാര്യത്തിൽ AA യും മണി സൂപ്പർ മാർക്കറ്റും വിശദീകരണം നല്കി. കോംബ്രിഹെൻസീവ് ഇൻഷുറൻസ് ഉള്ളവർക്ക് റെഡ് അലർട്ട് സമയങ്ങളിൽ ഡ്രൈവ് ചെയ്യുമ്പോൾ പൂർണമായ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നാണ് AA യും മണി സൂപ്പർ മാർക്കറ്റും നല്കുന്ന വിശദീകരണം.

പരിരക്ഷ ലഭിക്കില്ല എന്ന രീതിയിൽ നടക്കുന്ന പ്രചാരണം തീർത്തും തെറ്റാണെന്ന് AA അറിയിച്ചു. റോഡ് അപകടകരമായ അവസ്ഥയിൽ ആയിരിക്കുമ്പോൾ കഴിയുന്നതും യാത്രകൾ ഒഴിവാക്കുന്നതാണ് അഭിലഷണീയം. എന്നാൽ അലക്ഷ്യമായി വാഹനമോടിച്ച് അപകടത്തിൽ പെട്ടാൽ അതിന്റെ ഗൗരവമനുസരിച്ച് ഇൻഷുറൻസ് കവറേജിൽ വ്യത്യാസം വരും. കോംബ്രിഹെൻസീവ് കവർ ഉള്ളവർക്ക് സ്വന്തം വാഹനത്തിനും അതിൽ യാത്ര ചെയ്യുന്നവർക്കും, നിങ്ങളുടെ വാഹനം മൂലം മറ്റുള്ളവർക്ക് ഉണ്ടാവുന്ന ബാധ്യതകൾക്കും   പരിരക്ഷ ലഭിക്കും.

തേർഡ് പാർട്ടി ഇൻഷുറൻസ് ഉള്ളവർക്ക് സ്വന്തം വാഹനത്തിന് പരിരക്ഷ ലഭിക്കില്ല. നിങ്ങളുടെ വാഹനം മൂലം മറ്റുള്ളവർക്ക് ഉണ്ടാവുന്ന നഷ്ടങ്ങൾക്കും ബാധ്യതകൾക്കും അവർക്ക് പ്രൊട്ടക്ഷൻ ലഭിക്കും. മറ്റു വാഹനങ്ങൾ മൂലം നിങ്ങളുടെ കാറിനോ വസ്തുവകകൾക്കോ നഷ്ടമുണ്ടാവുകയും ഉത്തരവാദിയായ ഡ്രൈവറെ കണ്ടെത്താൻ കഴിയാതെ വരികയും ചെയ്താൽ സ്വന്തം കോംബ്രിഹെൻസീവ് ഇൻഷുറൻസിൽ നിന്ന് ക്ലെയിം ചെയ്യാം. എന്നാൽ എക്സസ് തുക കൊടുക്കേണ്ടി വരും. ഗുരുതരമായ അപകടങ്ങളിൽ ഉത്തരവാദികളെ കണ്ടെത്താൻ കഴിയാത്ത കേസുകളിൽ മോട്ടോർ ഇൻഷുവേഴ്സ് ബ്യൂറോ ആണ് നഷ്ടപരിഹാരം നല്കുന്നത്.

പുത്തന്‍ തലമുറ ഹാഷ്ബാക്ക് കാറായ ഓറിസ ബ്രിട്ടണിലെ ടെര്‍ബിഷെയറിലെ ബണാസ്റ്റന്‍ പ്ലാന്റില്‍ തന്നെ നിര്‍മ്മിക്കുമെന്ന് ടൊയോട്ട അറിയിച്ചു. കാറുകളുടെ എഞ്ചിന്‍ നിര്‍മ്മാണവും ഇവിടെയായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ച ഇരുനൂറ്റി നാല്‍പ്പത് ദശലക്ഷം പൗണ്ടിന്റെ നിക്ഷേപത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇത്. ബ്രക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ ഓട്ടോമൊബൈല്‍ കമ്പനികള്‍ ബ്രിട്ടണ്‍ വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ജപ്പാനീസ് കമ്പനിയുടെ പ്രസ്താവന പുറത്തുവന്നത്.

മൂവായിരത്തോളം തൊഴിലവസരങ്ങളും ഇതിനോടനുബന്ധിച്ച് ഉണ്ടാകുമെന്ന് ടൊയോട്ട അറിയിച്ചിട്ടുണ്ട്. വിപണിയില്‍ വന്‍ നേട്ടം കൈവരിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്ന മോഡലാണ് ഓറിസ. ഈ മോഡലിന്റെ നിര്‍മ്മാണം ബ്രിട്ടനില്‍ നിന്ന് മാറ്റുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമം കുറിച്ചുകൊണ്ടാണ് കമ്പനിയുടെ പുതിയ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. നിസാന്‍ ആണ് ബ്രക്‌സിറ്റിന് ശേഷവും ബ്രിട്ടണില്‍ കാര്‍ നിര്‍മ്മിക്കുമെന്ന് അറിയച്ച മറ്റൊരു കമ്പനി. ക്വാഷ്‌കായി, എക്‌സ്‌ട്രെയില്‍ എന്നീ എസ്.യു.വികള്‍ സണ്ടര്‍ലാന്റിലുള്ള പ്ലാന്റില്‍ നിര്‍മ്മിക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്.

ബ്രിട്ടനില്‍ ഏതാണ്ട് 2.5 ബില്ല്യണ്‍ പൗണ്ടോളം നിക്ഷേപം നടത്തുന്ന കമ്പനികളില്‍ ഒന്നാണ് ടോയോട്ട. യൂറോപ്യന്‍ രാജ്യങ്ങളിലെ മറ്റേതു കമ്പനികളേക്കാളും ഉയര്‍ന്ന നിക്ഷേപ നിരക്കാണിത്. ഏകദേശം 2.5 മില്ല്യണ്‍ പൗണ്ട് മുതല്‍ മുടക്കിയാണ് പുതിയ ജനറേഷന്‍ കാറുകള്‍ നിര്‍മ്മിക്കാന്‍ ജപ്പാന്‍ കമ്പനി തയ്യാറെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഇതു സബന്ധിച്ച് പ്രഖ്യാപനം കമ്പനി നടത്തിയിരിക്കുന്നത്. ഇപ്പോള്‍ പുറത്തിറങ്ങാന്‍ പോകുന്ന മോഡലായിരിക്കും ഈയിനത്തിലെ ആദ്യത്തെ കാര്‍. ഭാവിയില്‍ കൂടുതല്‍ കാറുകള്‍ യുകെയില്‍ നിര്‍മ്മിക്കുമോയെന്ന് ചോദ്യത്തിന് ടോയോട്ട വക്താവ് മറുപടിയൊന്നും നല്‍കിയില്ല. ഭാവിയിലെ നിര്‍മ്മാണങ്ങള്‍ സംബന്ധിച്ച് ഇപ്പോള്‍ പ്രസ്താവന നടത്താന്‍ കഴിയില്ലെന്ന് കമ്പനി വക്താവ് അറിയിക്കുകയായിരുന്നു.

ബ്രക്‌സിറ്റിനു ശേഷമുള്ള പരിവര്‍ത്തന കാലഘട്ടത്തില്‍ യുകെയിലെത്തുന്ന യുറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ രാജ്യത്ത് എത്ര കാലം വേണമെങ്കിലും തുടരാമെന്ന് സര്‍ക്കാര്‍. പുതിയ അനുരഞ്ജന നടപടി യുറോപ്യന്‍ പൗരന്‍മാര്‍ക്ക് പരിവര്‍ത്തന കാലഘട്ടത്തില്‍ മുന്‍പ് അനുവദിച്ചിരുന്ന മുഴുവന്‍ അവകാശങ്ങളും തുടര്‍ന്ന് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൗരന്മാരുടെ സ്വതന്ത്രമായ രാജ്യത്ത് സഞ്ചരിക്കാനും താമസിക്കാനുമുള്ള അവകാശം വരുന്ന രണ്ട് വര്‍ഷങ്ങളില്‍ തുടരാന്‍ ഇത് അനുവദിക്കുന്നു. ഇത് പരിവര്‍ത്തന കാലഘട്ടത്തിലെ സമയമാണിത്. അതേസമയം രാജ്യത്ത് പുതിയതായി എത്തിച്ചേരുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അവകാശങ്ങള്‍ തന്നെ നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കരുതെന്ന് യുകെ വ്യക്തമാക്കി. യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബ്രക്‌സിറ്റിന് ശേഷമുള്ള ഭാവി ബന്ധം വളരെ സുതാര്യവും ശക്തവുമായി നിലനിര്‍ത്താനാണ് യൂറോപ്യന്‍ യൂണിയന്‍ ആഗ്രഹിക്കുന്നത്. നിലവില്‍ ഇത് 2020 ഡിസംബര്‍ 31 വരെ മുന്നോട്ടുകൊണ്ടുപോകാനാണ് യൂറോപ്യന്‍ യൂണിയന്‍ തീരുമാനം. എന്നാല്‍ ഈ ബന്ധം 2019ത മാര്‍ച്ച് മുതല്‍ രണ്ട് വര്‍ഷത്തേക്ക് നിലനിര്‍ത്തുമെന്നാണ് യുകെ അധികൃതര്‍ വ്യക്തമാക്കുന്നത്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന 2019 മാര്‍ച്ച് 29ന് ശേഷം യുകെയില്‍ എത്തിച്ചേരുന്ന ഇയു പൗരന്മാര്‍ 3 മാസത്തില്‍ കൂടുതല്‍ രാജ്യത്ത് താമസിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ നിയന്ത്രിയ അതോറിറ്റിയില്‍ ഇക്കാര്യം രജിസ്റ്റര്‍ ചെയ്യേണ്ടതായി വരും. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടു കഴിഞ്ഞാല്‍ ജോലി സംബന്ധമായോ, പഠന സംബന്ധമായോ, അല്ലെങ്കില്‍ മറ്റേത് കാരണത്താലോ യുകെയില്‍ താമസിക്കുന്ന ഇയു പൗരന്മാര്‍ക്ക് 5 വര്‍ഷം മാത്രമെ രാജ്യത്ത് തുടരാനാകു. പിന്നീട് രാജ്യത്ത് തുടരണമെങ്കില്‍ യുകെ പൗരത്വത്തിന് അപേക്ഷ നല്‍കേണ്ടി വരും. സാധരണ യുകെ പൗരത്വം നല്‍കുന്ന നടപടിക്രമങ്ങള്‍ യൂറോപ്യന്‍ പൗരന്‍മാരും പിന്തുടരേണ്ടി വരും. 2019 മാര്‍ച്ച് 29 നു മുന്‍പായി യുകെയിലെ ജീവിതം 5 വര്‍ഷം പൂര്‍ത്തിയാക്കുന്ന യൂറോപ്യന്‍ പൗരന്മാര്‍ക്ക് ബ്രിട്ടന്‍ പൗരത്വത്തിനായി അപേക്ഷിക്കാവുന്നതാണ്. ഇവരുടെ ‘സെറ്റില്‍ഡ് സ്റ്റാറ്റസ്’ ഉപയോഗിച്ച് പൗരത്വം നേടാന്‍ ഇവര്‍ അര്‍ഹരാണ്.

സ്ഥിര താമസക്കാര്‍ക്ക് ഭാര്യയേയും അല്ലെങ്കില്‍ ഭര്‍ത്താവിനെയും ബന്ധുക്കളെയും യുകെയില്‍ താമസിക്കുന്നതിനായി ക്ഷണിക്കാവുന്നതാണ്. ഇത് ഇയു ഫ്രീ മുവ്‌മെന്റ് നിയമത്തിന് കീഴില്‍ വരുന്ന നടപടിയാണ്. ബ്രക്‌സിറ്റ് ദിവസത്തിന് ശേഷം യുകെയിലെത്തുന്ന ആളുകള്‍ക്കും ബന്ധുക്കളെ രാജ്യത്ത് കൊണ്ടുവരാന്‍ ഇയു ഫ്രീ മുവ്‌മെന്റ് നിയമത്തിലൂടെ സാധിക്കും. പക്ഷേ ഈ നിയമം പരിവര്‍ത്തന കാലഘട്ടത്തില്‍ മാത്രമെ സാധ്യമാവുകയുള്ളു. പരിവര്‍ത്തന കാലഘട്ടം അവസാനിച്ചാല്‍ യൂറോപ്യന്‍ പൗരന്മാര്‍ക്ക് ബ്രിട്ടന്‍ കുടുംബത്തില്‍ അംഗമാകുന്നതിന് ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ആളുകള്‍ പിന്തുടരുന്ന പൗരത്വ നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ പിന്തുടരേണ്ടി വരും. അങ്ങനെയാകുമ്പോള്‍ യൂറോപ്യന്‍ പൗരന്മാര്‍ക്കും പുറത്തുള്ളവര്‍ക്കും ഒരുപോലെയുള്ള നിയമങ്ങളായിരുക്കും രാജ്യത്ത് നിലവില്‍ വരാന്‍ പോകുന്നത്.

RECENT POSTS
Copyright © . All rights reserved