ലണ്ടന്‍: ബ്രിട്ടീഷ് കുട്ടികളും കൗമാരക്കാരും ആധുനിക അടിമത്തത്തിന് ഇരകളാക്കപ്പെടുന്നുവെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം 5145 ഇരകളെ കണ്ടെത്തിയെന്നാണ് നാഷണല്‍ ക്രൈം ഏജന്‍സി അറിയിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 35 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തിലുണ്ടായത്. ഈ സംഖ്യ ഇനിയും ഉയരുമെന്ന് എന്‍സിഎ ആശങ്കപ്പെടുന്നു. ബ്രിട്ടീഷ് പൗരന്‍മാരാണ് ഇരകളില്‍ ഏറ്റവും കൂടുതലുള്ളത്. 819 പേരെയാണ് കണ്ടെത്തിയിട്ടുള്ളതെന്ന് കണക്കുകള്‍ പറയുന്നു. 2016 ഇത് 316 പേര്‍ മാത്രമായിരുന്നു. ഇരട്ടിയിലേറെ വര്‍ദ്ധന ഇക്കാര്യത്തിലുണ്ടായിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. അല്‍ബേനിയന്‍, വിയറ്റ്‌നാമീസ് വംശജരാണ് തൊട്ടു പിന്നിലുള്ളത്.

ക്രിമിനല്‍ സംഘങ്ങള്‍ കൗമാരക്കാരെ ചൂഷണം ചെയ്യുന്നതായുള്ള പോലീസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് എന്‍സിഎ ഇത്തരമൊരു ആശങ്ക അറിയിക്കുന്നത്. കൗണ്ടി ലൈന്‍സ് എന്നറിയപ്പെടുന്ന സംഘങ്ങള്‍ കുട്ടികളെ മയക്കുമരുന്ന് കടത്തിനായോ ലൈംഗിക ചൂഷണത്തിനോ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. നഗരങ്ങളില്‍ നിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് മയക്കുമരുന്ന് കടത്താന്‍ കൗമാരക്കാരെയും ദുര്‍ബലരായവരെയുമാണ് ക്രിമിനല്‍ സംഘങ്ങള്‍ ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. തൊഴില്‍ ചൂഷണമാണ് അടിമത്തില്‍ ഏറ്റവും കൂടുതല്‍ എടുത്തു കാണിക്കപ്പെടുന്ന വിഭാഗം. 2352 കേസുകള്‍ ഈയിനത്തിലുണ്ട്. മൊത്തം കേസുകളുടെ പകുതിയോളം വരും ഇവയെന്നാണ് കരുതുന്നത്.

1744 ലൈംഗിക ചൂഷണക്കേസുകളും വീടുകളില്‍ അടിമജോലി ചെയ്യിച്ചതുമായി ബന്ധപ്പെട്ട് 488 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 4714 കേസുകള്‍ ഇംഗ്ലണ്ടിലെ പോലീസ് സേനകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്‌കോട്ട്‌ലന്‍ഡില്‍ നിന്ന് 207 കേസുകളും വെയില്‍സില്‍ നിന്ന് 193 കേസുകളും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നിന്ന് 31 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മൊത്തം റിപ്പോര്‍ട്ടുകളില്‍ 1595 എണ്ണം വിദേശങ്ങളില്‍ വെച്ച് നടന്ന ചൂഷണങ്ങളേക്കുറിച്ചായിരുന്നു. സംശയിക്കപ്പെടാന്‍ സാധ്യയത കുറവാണെന്നതും പിടിക്കപ്പെട്ടാല്‍ കുറഞ്ഞ ശിക്ഷ മാത്രമേ ലഭിക്കൂ എന്നതുമാണ് 18 വയസില്‍ താഴെ പ്രായമുള്ളവരെ മയക്കുമരുന്ന് കടത്ത് പോലെയുള്ള കാര്യങ്ങള്‍ക്ക് നിയോഗിക്കാന്‍ മാഫിയ സംഘങ്ങള്‍ ശ്രമിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.