UK

മഞ്ഞു കൂനയില്‍ കുടുങ്ങി മരണാസന്നനായ യുവാവിനെ ഡ്രോണ്‍ ക്യാമറകളുടെ സഹായത്തോടെ രക്ഷപ്പെടുത്തി. അതിശൈത്യം തുടരുന്ന യുകെയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നതിനിടെയാണ് സംഭവം. രക്ഷപ്പെടുത്താന്‍ കഴിഞ്ഞിരുന്നല്ലെങ്കില്‍ യുകെയില്‍ പ്രതികൂല കാലവസ്ഥ മൂലം മരണപ്പെടുന്ന ആദ്യത്തെ വ്യക്തിയാകുമായിരുന്നു ഇയാള്‍. ലുഡ്‌ബോറോയ്ക്കടുത്ത് മഞ്ഞ് കൂനയിലിടിച്ച കാറില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ ഇയാള്‍ പോലീസിനെ വിവരമറിയിച്ചിരുന്നു. എ16 പാതയ്ക്കടുത്ത് റോഡില്‍ നിന്നും തെന്നിമാറിയ ഇയാളുടെ വാഹനം മഞ്ഞ് കൂനയില്‍ ഇടിക്കുകയായിരുന്നു.അപകട വിവരം അറിഞ്ഞ് ശനിയാഴ്ച്ച രാവിലെ പോലീസ് സംഭവ സ്ഥലത്ത് എത്തിച്ചേരുന്ന സമയത്ത് താപനില വളരെ കുറഞ്ഞ നിലയിലായിരുന്നു. അപകട സ്ഥലത്തെത്തിയ പോലീസുകാര്‍ ഡ്രോണ്‍ ഉപയോഗിച്ച് ഇയാള്‍ക്കായുള്ള തെരെച്ചില്‍ നടത്തി.

അപകടം നടന്ന സ്ഥലത്ത് നിന്ന് ഏതാണ്ട് 160 മീറ്ററോളം മാറി അബോധാവസ്ഥയില്‍ യുവാവിനെ ഡ്രോണ്‍ കണ്ടെത്തുകയായിരുന്നു. ഡ്രോണിന്റെ തെര്‍മല്‍ ഇമാജിനിങ് ടെക്‌നോളജിയാണ് തെരച്ചില്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാഹായകമായത്. മഞ്ഞ് മൂടി കിടന്നിരുന്ന ഏതാണ്ട് 6 അടിയോളം വലിപ്പമുള്ള കുഴിയില്‍ നിന്നാണ് യുവാവിനെ കണ്ടെത്തുന്നത്. അതീവ തണുപ്പുള്ള കാലവസ്ഥയായതിനാല്‍ ഇയാളുടെ ശരീര താപനില ഗണ്യമായി കുറഞ്ഞിരുന്നു. മഞ്ഞ് മൂടിയ കുഴിയുടെ അരികിലേക്ക് ഒരു പോലീസ് ഓഫീസര്‍ നടന്നടുക്കുന്നതിനിടെയാണ് ഡ്രോണ്‍ ഇയാളെ കണ്ടെത്തുന്നത്. തുടര്‍ന്ന് ഡ്രോണ്‍ പൈലറ്റ് മറ്റു പോലീസുകാര്‍ക്കും വഴികാട്ടുകയായിരുന്നു. നിമിഷ നേരം കൊണ്ടു തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസുകാര്‍ തയ്യാറായി. ഏതാണ്ട് പുലര്‍ച്ചെ 2 മണിയോടെ ആംബലന്‍സ് സ്ഥലത്തെത്തുകയും ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ലിങ്കണ്‍ഷെയര്‍ പോലീസിലെ ടെമ്പോ എന്നറിയപ്പെടുന്ന പോലീസ് ഓഫീസര്‍ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ട്വിറ്ററില്‍ പങ്കുവെച്ചു. ലിങ്കണ്‍ഷെയര്‍ പോലീസ് ഓഫീസര്‍ മാരും ഡ്രോണ്‍ ടീമും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഒരാളെ രക്ഷപ്പെടുത്താനായതെന്ന് ടെമ്പോ ട്വിറ്ററില്‍ കുറിച്ചു. രക്ഷപ്പെടുത്തുന്ന സമയത്ത് യുവാവിന്റെ ശരീരം പ്രതികരിക്കുന്നുണ്ടായിരുന്നില്ലെന്നും ശരീര താലനില വളരെ താഴെയായിരുന്നെന്നും ടെമ്പോ ട്വീറ്റ് ചെയ്തു. യുവാവ് ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ്.

ന്യൂസ് ഡെസ്ക്

ബ്രിട്ടൺ തണുത്തുറയുന്നു. ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് യുകെയിലെമ്പാടും ആഞ്ഞടിക്കാൻ തുടങ്ങി. അതിശക്തമായ ശീതക്കാറ്റ് റഷ്യയിൽ നിന്നാണ് യുകെയിൽ ശൈത്യം വിതയ്ക്കുന്നത്. പവർകട്ട്, മൊബൈൽ ഫോൺ ഔട്ടേജ്, ട്രെയിൻ ക്യാൻസലേഷൻ എന്നിവയും അതിശൈത്യം മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടു. ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കിക്കൊണ്ട് സ്റ്റോം എമ്മ വ്യാഴവും വെള്ളിയും വീശിയടിക്കും. താപനില മൈനസ് 15 വരെ താഴും. ആർട്ടിക് റീജിയന്റെ സമാനമായ തണുപ്പാണ് മെറ്റ് ഓഫീസ് പ്രവചിച്ചിരിക്കുന്നത്. യുകെയിലെമ്പാടും തിങ്കളാഴ്ചയോടെ മഞ്ഞുവീഴ്ച തുടങ്ങി. മെറ്റ് ഓഫീസ് ആംബർ വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയോടെ കനത്ത മഞ്ഞുവീഴ്ചയുണ്ടായി താപനില താഴുന്നതോടെ ഇംഗ്ലണ്ട്, സ്കോട്ട്ലാൻഡ്, വെയിൽസടക്കം  യുകെ മുഴുവനായും അതിശൈത്യത്തിന്റെ പിടിയിലമരും. കടുത്ത ശൈത്യത്തെ നേരിടാൻ യുകെ തയ്യാറെടുക്കുകയാണ്.

ബുധനാഴ്ച രാത്രിയോടെ എട്ടിഞ്ചുവരെ മഞ്ഞ് ഈസ്റ്റേൺ ഇംഗ്ലണ്ട്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ വീഴും. ഗതാഗത സ്തംഭനവും വൈദ്യുതി തടസങ്ങളും മഞ്ഞുവീഴ്ച മൂലമുണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പു നല്കി. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ വിവിധ എമർജൻസി സർവീസുകൾ തയ്യാറെടുപ്പുകൾ തുടങ്ങി. മോട്ടോർവേകളിലും മറ്റു റോഡുകളിലും നീണ്ട ക്യൂവും യാത്രാ തടസവും നേരിടും. ദീർഘദൂര യാത്രകൾ കഴിയുന്നത്ര ഒഴിവാക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും മെറ്റ് ഓഫീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

അത്യാവശ്യമല്ലെങ്കിൽ യാത്രകൾ ഒഴിവാക്കണമെന്ന് മെറ്റ് ഓഫീസും ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. യാത്ര ചെയ്യുന്നവർ ഭക്ഷണസാധനങ്ങൾ, വെള്ളം, ബ്ലാങ്കറ്റ്, ടോർച്ച്, ഫസ്റ്റ് എയിഡ് കിറ്റ്‌, പൂർണമായി ചാർജ് ചെയ്ത ഫോൺ, മഞ്ഞ് കോരാനുള്ള ഉപകരണങ്ങൾ, കാർ സ്റ്റാർട്ട് ചെയ്യാനായി ജംപർ ലീഡുകൾ, ഡീ ഐസിംഗ് ഫ്ളൂയിഡ് എന്നിവ കൂടെ കരുതണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കഴിയുന്നതും പ്രധാന റോഡുകളിലൂടെ മാത്രം യാത്ര ചെയ്യണം. ഈ റോഡുകൾ ഹൈവേ ഏജൻസി ഗ്രിറ്റ് ചെയ്യുന്നതിനാൽ മറ്റു റോഡുകളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതമായിരിക്കും. വാഹനങ്ങളിൽ ആവശ്യത്തിന് ഇന്ധനമുണ്ടെന്ന് ഉറപ്പു വരുത്തണം. ഓയിൽ, എഞ്ചിൻ  ഫ്ളൂയിഡ് ലെവലുകളും ടയർ പ്രഷറും യാത്രയ്ക്ക് മുൻപ് പരിശോധിക്കണമെന്നും അധികൃതർ നിർദ്ദേശം നല്കി.

നോർവേയ്ക്കും ഐസ് ലാൻഡിനും സമാനമായ താപനിലയിലേക്ക് യുകെ വരുമെന്ന് വിദഗ്ദർ പറയുന്നു. വീടുകളിൽ കുറഞ്ഞത് 18 ഡിഗ്രി ചൂടു കിട്ടുന്ന രീതിയിൽ ഹീറ്റിംഗ് സെറ്റ് ചെയ്യണമെന്ന് പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട് നിർദ്ദേശിച്ചിട്ടുണ്ട്. റോഡുകളിൽ വിതറുന്നതിനായി 1.5 മില്യൺ ടൺ സോൾട്ട് ഗ്രിറ്റ് കൗൺസിലുകൾ ശേഖരിച്ചിട്ടുണ്ട്.   നിരവധി ട്രെയിനുകൾ ഇന്ന് റദ്ദാക്കിയിട്ടുണ്ട്. ഫ്ളൈറ്റ് സർവീസുകളെയു അതിശൈത്യം ബാധിച്ചു. യൂറോപ്പിൽ നിരവധി ഫ്ളൈറ്റുകൾ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ലണ്ടൻ ഹീത്രൂ എയർപോർട്ടിൽ നിന്നുള്ള അറുപതോളം സർവീസുകൾ ബ്രിട്ടീഷ് എയർവെയ്സ് റദ്ദാക്കിയിട്ടുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള കസ്റ്റംസ് യൂണിയനാണ് ഇപ്പോള്‍ എങ്ങും ചര്‍ച്ചാ വിഷയം. ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടണ്‍ കസ്റ്റംസ് യൂണിയനുമായി ബന്ധപ്പെട്ട് എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കസ്റ്റംസ് യൂണിയന്‍ എന്ന കരാര്‍ എന്താണെന്നും അതില്‍ തുടരാന്‍ ബ്രിട്ടണ്‍ തീരുമാനിച്ചാല്‍ എന്തെല്ലാം കാര്യങ്ങളെയാണ് സ്വാധീനിക്കുക എന്നും പരിശോധിക്കുകയാണിവിടെ. കസ്റ്റംസ് യൂണിയനില്‍ നിന്നും പിന്‍മാറാനാണ് ബ്രിട്ടന്റെ തീരുമാനമെങ്കില്‍ മേഖലയിലെ രാഷ്ട്രീയ സാമ്പത്തിക വിഷയങ്ങളില്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക എന്ന് വിദഗ്ദ്ധര്‍ പറയുന്നു.

അമ്പത് വര്‍ഷത്തെ പഴക്കമുള്ള ഒരു കരാറാണ് കസ്റ്റംസ് യൂണിയന്‍. യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഈ കരാര്‍ അംഗരാജ്യങ്ങള്‍ക്ക് മേഖലയില്‍ സ്വതന്ത്ര വ്യാപാരത്തിന് അനുമതി നല്‍കുന്നു. കരാറില്‍ പങ്കാളികളല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഒരേ നിരക്കിലുള്ള കസ്റ്റംസ് ഡ്യൂട്ടി ഏര്‍പ്പെടുത്തണം എന്ന വ്യവസ്ഥയാണ് ഇതിന്റെ പ്രധാന സവിശേഷത. യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തിന് നികുതി ഏര്‍പ്പെടുത്തുന്നതിനേയും ഭരണപരവും സാമ്പത്തികവുമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനേയും കസ്റ്റംസ് യൂണിയന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഇതൊക്കെയാണെങ്കിലും ഇതിനെ സ്വതന്ത്ര വ്യാപാരക്കരാറായി കാണാനാകില്ല. ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തുന്നില്ലെങ്കിലും ആഭ്യന്തര വ്യാപാര സംവിധാനങ്ങള്‍ക്ക് അനുകൂലമായ നിയന്ത്രണങ്ങള്‍ സാധിക്കും എന്നര്‍ത്ഥം.

ബ്രിട്ടണ്‍ കസ്റ്റംസ് യൂണിയനില്‍ നിന്ന് പിന്‍മാറിയാല്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ചെലവേറും. മറ്റുരാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് എമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും കഴിയും. യൂറോപ്യന്‍ യൂണിയനുമായി പുതിയൊരു വ്യാപാരക്കരാര്‍ കൊണ്ടുവരാനും ബ്രിട്ടണ് സാധിക്കും. പക്ഷേ, ഇതിന് വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കും. നിലവില്‍ ബ്രിട്ടണില്‍ നിന്നുള്ള കയറ്റുമതിയുടെ 43 ശതമാനവും ഇതര യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ്. ഇതിന് നികുതി അടക്കേണ്ടി വരിക എന്നാല്‍ വലിയ സാമ്പത്തിക ബാധ്യത തന്നെയാകും. പുതിയൊരു കരാര്‍ നിലവില്‍ വരുന്നത് വരെ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ കരാര്‍ നിബന്ധനകള്‍ പ്രകാരമുളള നികുതിയാണ് നല്‍കേണ്ടി വരിക.

ബ്രിട്ടണ് ഒരു സ്വതന്ത്ര വിപണിയായി നിന്ന് യൂറോപ്പിന് വെളിയിലുള്ള രാജ്യങ്ങളുമായി കരാറുകള്‍ ഉണ്ടാക്കാന്‍ കഴിയും എന്നതാണ് കസ്റ്റംസ് യൂണിയനില്‍ നിന്ന് പിന്‍മാറിയാലുള്ള പ്രധാന ഗുണമായി അതിന്റെ വക്താക്കള്‍ പറയുന്നത്. മികച്ച പര്‍ച്ചേസിംഗ് കഴിവുള്ള 500 മില്ല്യണ്‍ പൗരന്‍മാരെ കാണിച്ച് രാജ്യത്തിന് അനുകൂലമായ കരാറുകള്‍ ഉണ്ടാക്കിയെടുക്കാം എന്നും ഇവര്‍ പറയുന്നു. ഇതിന് വര്‍ഷങ്ങള്‍ വേണ്ടിവരും എന്നതാണ് പ്രധാന പ്രശ്‌നം. യുറോപ്യന്‍ യൂണിയന് നല്‍കിവരുന്ന ബജറ്റ് തുക നല്‍കേണ്ടി വരില്ല എന്നതാണ് മറ്റൊരു പ്രധാന ഗുണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ന്യൂസ്‌ ഡസ്ക് 

കീത്തിലി. യോര്‍ക്ഷയറിലെ മലയാളി അസ്സോസിയേഷനുകളില്‍ പ്രമുഖമായ കീത്തിലി മലയാളി അസ്സോസിയേഷന്റെ
2018ലെ നേതൃത്വം നിലവില്‍ വന്നു. കഴിഞ്ഞ ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍ നടന്ന ഓണ്‍ലൈന്‍ ബാലറ്റിലൂടെയായിരുന്നു പ്രതിനിധികളെ തിരഞ്ഞെടുത്തത്. അമ്പതോളം കുടുംബങ്ങള്‍ അടങ്ങുന്ന അസ്സോസിയേഷന്‍ രൂപീകൃതമായിട്ട് പന്ത്രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. കലയും സാഹിത്യവും സംസ്‌ക്കാരവും യുവതലമുറയില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അസ്സോസിയേഷന്‍ ഇതിനോടകം യുക്മ കലാമേളയടക്കം നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടി.

കീത്തിലി മലയാളി അസ്സോസിയേഷന്റെ 2018ലെ നേതൃത്വം ചുവടെ ചേര്‍ക്കുന്നു.
രഞ്ജു തോമസ് (പ്രസിഡന്റ്)
ഡോ: അഞ്ചു വര്‍ഗ്ഗീസ് (വൈസ് പ്രസിഡന്റ്)
ജയരാജ് നമ്പ്യാര്‍ (സെക്രട്ടറി)
ആന്റോ പത്രോസ് (ജോയിന്റ് സെക്രട്ടറി)
ജോജി കുമ്പളന്താനം (ട്രഷറര്‍)

2018 ലെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ക്കായി ഒരുങ്ങുകയാണ് കീത്തിലി മലയാളി അസ്സോസിയേഷന്‍.

അഞ്ചു വര്‍ഗ്ഗീസ്

ജോജി കുമ്പളന്താനം

ആന്റോ പത്രോസ്

യുകെയില്‍ ഏറ്റവുമധികം മലയാളി കുടുംബങ്ങള്‍ അധിവസിക്കുന്ന സ്ഥലങ്ങളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന ലെസ്റ്ററില്‍ എല്ലാ മലയാളികളെയും ഒന്നിപ്പിച്ച് മുന്നോട്ട് പോകുന്ന ഏക സംഘടനയായ ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റിയുടെ 2018 – 2019 വര്‍ഷത്തെ ഭരണ സമിതിയെ തെരഞ്ഞെടുത്തു. ഫെബ്രുവരി പതിനേഴിന് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്. വനിതകള്‍ക്കും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും ഒപ്പം പരിചയ സമ്പന്നതക്കും മുഗണന നല്‍കിയാണ് ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റിയുടെ പതിമൂന്നാം വര്‍ഷത്തെ ഇരുപത് അംഗ പ്രവര്‍ത്തകസമിതി നിലവില്‍ വന്നിരിക്കുന്നത്.

പുതിയ ഭാരവാഹികള്‍ :

പ്രസിഡന്റ്: ബിന്‍സി ജെയിംസ്, സെക്രട്ടറി: ടെല്‍സ്‌മോന്‍ തോമസ്, ട്രഷറാര്‍: ബിനു ശ്രീധരന്‍, വൈസ് പ്രസിഡന്റ്മാര്‍: അനീഷ് ജോണ്‍, അശോക് കൃഷ്ണന്‍, ജോയിന്റ് സെക്രട്ടറിമാര്‍: എബി പള്ളിക്കര, റോസ്‌മേരി സഞ്ജു, ആര്‍ട്ട്‌സ് കോഡിനേറ്റേഴ്‌സ്: ദിലീപ് ചാക്കോ, ബാലു പിള്ള, സ്‌പോര്‍ട്‌സ് കോഡിനേറ്റേഴ്‌സ്: കിരണ്‍ നായര്‍, ജ്യോതിസ് ഷെറിന്‍, ചാരിറ്റി: ബെന്നി പോള്‍, മായ ഉണ്ണി, ഇന്‍വെന്റ്ററി ടീം: ബിനു ശ്രീധരന്‍, ലൂയിസ് കെന്നഡി, വര്‍ഗീസ് വര്‍ക്കി. ഇവരെ കൂടാതെ അജയ് പെരുമ്പലത്ത്, ധനിക് പ്രകാശ്, ജോസ് തോമസ്, ജോര്‍ജ് എടത്വ തുടങ്ങിയവര്‍ എക്‌സിക്യുട്ടിവ് കമ്മറ്റിയില്‍ അംഗങ്ങള്‍ ആയിരിക്കും.

ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ്- ന്യൂയര്‍ കുടുംബ സംഗമം ശിശിരോത്സവം എന്ന പേരില്‍ ബ്രോണ്‍സ്റ്റന്‍ വെസ്റ്റ് സോഷ്യല്‍ സെന്ററില്‍ വച്ച് നടന്നു. ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് കരോളില്‍ സമാഹരിച്ച തുക കോട്ടയം മെഡിക്കല്‍ കോളജില്‍ അന്നദാനം നടത്തുന്ന നവജീവന്‍ ട്രസ്റ്റിനു കൈമാറി. ലെസ്റ്ററിലെ സ്വന്തം കലാകാരന്മാരുടെ ഓര്‍ക്കസ്ട്രയായ ലെസ്റ്റര്‍ ലൈവ് കലാസമിതിയുടെ ലൈവ് ഗാനമേളയും ലെസ്റ്ററിലെ മലയാളി വീട്ടമ്മമാരുടെ ചാരിറ്റി സംഘടനയായ ഏഞ്ചല്‍ ചാരിറ്റിയുടെ വൈവിധ്യമാര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ നിറഞ്ഞ ഫുഡ് കൗണ്ടറുകളും ശിശിരോത്സവം – 2018നെ വേറിട്ടതാക്കി.

ന്യൂസ് ഡെസ്ക്

ലെസ്റ്ററിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ നാലു പേർ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. നിരവധി പേരെ പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഞായറാഴ്ച വൈകുന്നേരം 7.19നാണ് ലെസ്റ്ററിനെ വിറപ്പിച്ച സ്ഫോടനം നടന്നത്. ഹിക്ക് ലി  റോഡിലുള്ള സിറ്റി സെന്ററിൽനിന്നും ഒരു മൈൽ മാത്രം അകലത്തിൽ സ്ഥിതിചെയ്യുന്ന ‘ലോണ്ടിസ്’ സൂപ്പർ മാർക്ക് ഇരിക്കുന്ന കെട്ടിടത്തിലാണ് രാത്രി  സ്ഫോടനം നടന്നത്. താഴത്തെ നിലയിൽ ഷോപ്പുകളും മുകളിലെ രണ്ടു നിലകളിൽ ഫ്ളാറ്റുകളുമാണ് ഈ ബിൽഡിംഗിൽ ഉണ്ടായിരുന്നത്. സ്ഫോടനത്തിൽ ബിൽഡിംഗ് പൂർണമായും തകർന്നു. അഗ്നിനാളങ്ങൾ ഇരുപതിലേറെ മീറ്റർ ഉയരത്തിൽ കത്തി. കനത്ത പുകയും പൊടിപടലവും പരിസരത്ത് നിറഞ്ഞു. സ്ഫോടനത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെ അറുപതോളം വീടുകൾ പോലീസ് ഒഴിപ്പിച്ചിരുന്നു.

സംഭവത്തെ തുടർന്ന് ആറു ഫയർ യൂണിറ്റുകളും പോലീസ്, ആംബുലൻസ് സർവീസുകളും സ്ഥലത്ത് കുതിച്ചെത്തി. ഹിക്ക് ലി റോഡും കാർസിൽ റോഡും പോലീസ് സീൽ ചെയ്തിരിക്കുകയാണ്. ഈ ഏരിയയിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കിയിരുന്നു. പോലീസിലെ വിവിധ വിഭാഗങ്ങളും ഡോഗ് സേർച്ച് ടീമും ഫയർഫോഴ്സും സംയുക്തമായി തിരച്ചിൽ തുടരുകയാണ്. കൂടുതൽ പേർ ബിൽഡിംഗിൽ ഉണ്ടായിരുന്നോ എന്ന് അറിവില്ല. സ്ഫോടന കാരണം ഇത് വരെയും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ശക്തമായ സ്ഫോടനത്തില്‍ സമീപത്തുള്ള വീടുകള്‍ വരെ കുലുങ്ങിയതായി പ്രദേശവാസികള്‍ പറഞ്ഞു. ഭീകരാക്രമണവുമായി ബന്ധമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കത്തിയെരിയുന്ന വസ്തുക്കളില്‍ നിന്നുള്ള പുക ശ്വസിച്ചാണ് ഓരോ ഫയര്‍മാനും തീ കെടുത്തല്‍ പോലുള്ള ജോലികളില്‍ ഏര്‍പ്പെടുന്നത്. ക്യാന്‍സറിന് കാരണമാകുന്ന വാതകങ്ങള്‍ ഈ പുകയില്‍ നിറയെയുണ്ടാകാം. ഇവ ശ്വസിക്കുന്നതാണ് ഫയര്‍മാന്‍മാരിലെ ഉയര്‍ന്ന തോതിലുള്ള ക്യാന്‍സറിന് കാരണമെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ അവരുടെ യൂണിഫോമാണ് പ്രധാന വില്ലനെന്ന് യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ലങ്കാഷെയറിന്റെ പുതിയ പഠനം വ്യക്തമാക്കുന്നു. ഫയര്‍മാന്‍മാര്‍ ക്യാന്‍സറിന് കാരണമാകുന്ന വാതകങ്ങള്‍ ശ്വസിക്കുന്നതിലും കൂടുതല്‍ ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടുന്നുണ്ടെന്നാണ് ഈ പഠനം പറയുന്നത്. ഫയര്‍ ഫൈറ്റര്‍മാരുടെ പ്രത്യേക യൂണിഫോമില്‍ മാരകമായ കെമിക്കലുകള്‍ പലപ്പോഴും പുരളാന്‍ ഇടയുണ്ട്. ഇത് കരുതലോടെ നീക്കം ചെയ്യപ്പെടാതെ ദീര്‍ഘനാള്‍ യൂണിഫോമില്‍ പറ്റിയിരിക്കുകയും ശരീരം അല്‍പ്പാല്‍പ്പമായി ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഇതുവഴി ക്യാന്‍സര്‍ രോഗ സാധ്യത കൂടുന്നതായും സയന്റിഫിക് റിപ്പോര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ബ്രിട്ടീഷ് ഫയര്‍മാന്‍മാരില്‍ 75 വയസ് കഴിഞ്ഞവരില്‍ ക്യാന്‍സറിന്റെ തോത് ഉയര്‍ന്ന നിലയിലാണ്. ഇതേത്തുടര്‍ന്നാണ് ഇതിന്റെ കാരണമന്വേഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. സാധാരണക്കാരേക്കാള്‍ മൂന്നിരട്ടിയാണ് ഫയര്‍മാന്‍മാരിലെ ക്യാന്‍സര്‍ രോഗികളെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. യൂണിഫോം വഴി കെമിക്കലുകള്‍ ശരീരത്തില്‍ വന്‍ തോതില്‍ കയറുന്നു എന്ന പഠന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്ന് ഫയര്‍ ബ്രിഗേഡ്‌സ് യൂണിയന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കരുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അമേരിക്കയിലെ ഫയര്‍മാന്‍മാരേക്കാള്‍ 350 ഇരട്ടി ക്യാന്‍സര്‍ രോഗ സാധ്യതയുള്ള സാഹചര്യങ്ങളിലാണ് യു.കെയിലെ ഫയര്‍മാന്‍മാര്‍ ജോലി ചെയ്യുന്നതെന്ന് പഠനം പറയുന്നു. അപകടകരമായ രീതിയില്‍ മലിനമായ ഉപകരണങ്ങളും യൂണിഫോമുമാണ് ഫയര്‍മാന്‍മാരിലെ ഉയര്‍ന്ന തോതിലുള്ള ക്യാന്‍സറിന് പ്രധാന കാരണമെന്ന് റിസര്‍ച്ചിന് നേതൃത്വം കൊടുത്ത പ്രൊഫസര്‍ അന്ന സ്റ്റെക് പറഞ്ഞു. അമേരിക്കയിലോ കാനഡയിലോ ആണ് ഇത്തരം ഒരു കണ്ടെത്തല്‍ നടക്കുന്നതെങ്കില്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ ഇടപെടുന്ന സാഹചര്യമുണ്ടായേനെ. ഈ വിഷയത്തില്‍ യു.കെ അടിയന്തിരമായി കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജീവനക്കാരെ സ്ഥാപനങ്ങളില്‍ നിന്നും പുറത്താക്കരുതെന്ന നിയമത്തില്‍ യൂറോപ്പ്യന്‍ ടോപ് കോടതി ഇളവ് അനുവദിച്ചു. ആവശ്യമെങ്കില്‍ ഗര്‍ഭിണികളേയും ജോലിയില്‍ നിന്ന് പുറത്താക്കാന്‍ തൊഴിലുടമക്ക് അവകാശമുണ്ടെന്നാണ് കോടതിയുടെ ഉത്തരവ്. സ്പാനിഷ് ധനകാര്യ സ്ഥാപനമായ ബാങ്കിയക്കെതിരെ ജീവനക്കാരിയായ ജസീക്ക പൊറാസ് നല്‍കിയ ഹര്‍ജിയിലാണ് നിര്‍ണായക വിധി.

ചെലവ് ചുരുക്കലിന്റെ പേരില്‍ ബാങ്കിയ പുറത്താക്കിയ ജീവനക്കാരുടെ കൂട്ടത്തില്‍ ജസീക്കയും ഉണ്ടായിരുന്നു. താന്‍ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ഇത്തരം നടപടിക്ക് വിധേയയാതെന്നും യൂറോപ്യന്‍ യൂണിയന്‍ നിയമമനുസരിച്ച് തന്നെ പുറത്താക്കാന്‍ ബാങ്കിയക്ക് അവകാശമില്ലെന്നും ജസീക്ക ഹര്‍ജിയില്‍ വാദിച്ചു. ഗര്‍ഭകാലത്തിന്റെ തുടക്കം മുതല്‍ മെറ്റേണിറ്റി ലീവ് കഴിയും വരെ ജീവനക്കാരെ പുറത്താക്കുന്നതില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍ നിയമം സ്ഥാപനങ്ങളെ വിലക്കുന്നുണ്ട്. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട കാരണത്താല്‍ പുറത്താക്കരുതെന്നാണ് ഈ നിയമം അനുശാസിക്കുന്നത്.

ജസീക്കയുടെ വിഷയം ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്ഥാപനങ്ങളില്‍ നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ച് വിടുന്ന സാഹചര്യങ്ങളില്‍ ഗര്‍ഭിണികളും ഉള്‍പ്പെട്ടേക്കാം. എന്നാല്‍ പിരിച്ചുവിടുന്നതിന്റെ കാരണം ജീവനക്കാരെ രേഖാമൂലം അറിയക്കണമെന്ന് ഉത്തരവില്‍ പറയുന്നു. അധിക ജീവനക്കാരെ പുറത്താക്കുന്ന പട്ടിക തയ്യാറാക്കുന്നതിന് സ്ഥാപനം സ്വീകരിച്ച മാനദണ്ഡങ്ങളും അവരെ അറിയിക്കണം.

ഗര്‍ഭകാലത്തും കുട്ടികള്‍ ഉണ്ടായ ശേഷവും സ്ത്രീകളെ ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തുന്നത് മൂലം ബ്രിട്ടീഷ് ബിസിനസ് സ്ഥാപനങ്ങള്‍ ഓരോവര്‍ഷവും വലിയ തുക നഷ്ടം വരുത്തുന്നുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. 280 മില്ല്യണ്‍ പൗണ്ടാണ് ഇത്തരത്തില്‍ നഷ്ടം വരുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. പിരിച്ച് വിടുമ്പോള്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുക, പുതിയ ജീവനക്കാര്‍ക്കുള്ള പരിശീലനം എന്നിവയും പരിചയമുള്ള ജീവനക്കാര്‍ പോകുന്നത് മൂലമുള്ള ഉത്പാദന നഷ്ടവുമെല്ലാം കണക്കാക്കിയാണ് ഈ തുക നിശ്ചയിക്കുന്നത്. സ്ത്രീ ജീവനക്കാരില്‍ പത്തില്‍ ഒരാള്‍ കുട്ടികള്‍ ഉണ്ടായ ശേഷം ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ പറയുന്നു. ഓരോ വര്‍ഷവും 54000 സ്ത്രീകള്‍ക്കാണ് ഇങ്ങനെ തൊഴില്‍ നഷ്ടമാകുന്നത്.

40 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ നാഷണല്‍ ഇന്‍ഷുറന്‍സില്‍ കൂടുതല്‍ പണം അടക്കേണ്ടി വരും. 40 വയസ്സിന് മുകളില്‍ പ്രായമുള്ള മില്ല്യണ്‍ കണക്കിന് ജോലിയെടുക്കുന്നവര്‍ പുതിയ പദ്ധതിയായ ഡിമന്‍ഷ്യ ടാക്‌സ് അടക്കേണ്ടി വരും. കഴിഞ്ഞ വര്‍ഷം നടന്ന തെരെഞ്ഞെടുപ്പില്‍ ഡിമന്‍ഷ്യ ടാക്‌സ് പദ്ധതി കൊണ്ടുവരുമെന്ന് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയ ടോറികള്‍ക്ക് ജനങ്ങളില്‍ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. ഇക്കാരണം കൊണ്ടുതന്നെ തേരെസ മേയ് ജന പിന്തുണ കുറഞ്ഞതായി നിരീക്ഷകര്‍ പറയുന്നു. പദ്ധതി പ്രഖ്യാപനത്തിന് ശേഷം വന്ന എതിര്‍പ്പുകള്‍ പ്രധാനമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. തങ്ങളുടെ തന്നെ സോഷ്യല്‍ കെയറിനായി പരാമവധി പണമടക്കാന്‍ ശ്രമിക്കണമെന്ന് നിര്‍ദേശിക്കുകയാണ് പുതിയ പദ്ധതിയെന്നും മുന്‍കാലങ്ങളെ അപേക്ഷിച്ച് യാതൊരുവിധ മാറ്റങ്ങളും സംഭവിച്ചിട്ടില്ലെന്നും തെരെസ മേയ് പറഞ്ഞു. പുതിയ ഡിമന്‍ഷ്യ ടാകസ് ഡാമിയന്‍ ഗ്രീന്‍ ആവശ്കരിച്ച് പദ്ധതിയുടെ ഭാഗമായിട്ടാണ്.

കാബിനറ്റ് തീരുമാനത്തിന് മുന്‍പ് തന്നെ കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ ഡാമിയന്‍ ഗ്രീന്‍ കഴിഞ്ഞിരുന്നു. ആ സമയത്ത് നടന്ന സോഷ്യല്‍ കെയര്‍ റിവ്യൂയില്‍ 40 വയസ്സിന് മുകളിലുള്ളവരുടെ ദേശീയ ഇന്‍ഷൂറന്‍സ് വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹം നിര്‍ദേശം വെച്ചിരുന്നു. സര്‍ക്കാരിലേക്ക് അടക്കപ്പെടുന്ന തുക വര്‍ഷം 20 ബില്ല്യണ്‍ പൗണ്ട് വരെ ഉയര്‍ത്താന്‍ കഴിയുമെന്നും സമാന ലെവി സമ്പ്രദായം ജര്‍മ്മനി, ജപ്പാന്‍ പോലുള്ള രാജ്യങ്ങള്‍ നേരത്തെ തന്നെ നിലവിലുണ്ടെന്നും മുന്‍ ഫസ്റ്റ് സെക്രട്ടറി അവകാശപ്പെട്ടു. പദ്ധതിയുടെ ആദ്യഘട്ടങ്ങളില്‍ പ്ലാന്‍ അനുസരിച്ച് 27,600 പൗണ്ട് ശരാശരി ശമ്പളം കൈപ്പറ്റുന്ന തൊഴിലാളി വര്‍ഷം 364 പൗണ്ട് ലെവി കൂടുതലായി നല്‍കേണ്ടി വരും. 52,000 പൗണ്ട് ശരാശരി ശമ്പളം കൈപ്പറ്റുന്ന തൊഴിലാളി വര്‍ഷം 884 പൗണ്ട് ലെവി കൂടുതലായി നല്‍കേണ്ടി വരുമെന്നും ഡാമിയന്‍ ഗ്രീന്‍ പറയുന്നു. മിസ്റ്റര്‍ ഗ്രീന്‍ ഫസ്റ്റ് സെക്രട്ടറി സ്ഥാനം രാജിവെക്കുന്നത് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ്.

ജെറമി ഹണ്ട് സോഷ്യല്‍ കെയര്‍ റിവ്യൂ സ്ഥാനം ഏറ്റെടുത്തിട്ടുണ്ട്. ഹെല്‍ത്ത് സെക്രട്ടറി തന്റെതായി പുതിയ പരിഷ്‌കരണങ്ങളും മാറ്റങ്ങളും ഈ വര്‍ഷം വകുപ്പില്‍ കൊണ്ടുവരുമെന്നാണ് കരുതുന്നത്. ഡിമന്‍ഷ്യ ടാക്‌സ് സര്‍ക്കാര്‍ ജനങ്ങളിലേക്ക് തിരികെ നല്‍കുന്ന പണമാണെന്നും പദ്ധതി ചുരുങ്ങിയ സമയത്തേക്ക് ജനങ്ങളുടെ പണം സൂക്ഷിക്കുകയാണ് ചെയ്യുന്നതെന്നും മിസ്റ്റര്‍ ഗ്രീന്‍ പറയുന്നു. സമൂഹത്തില്‍ കൂടുതല്‍ ആളുകള്‍ 100 വയസ്സുവരെ ജീവിക്കാന്‍ പോകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത് അതിനായുള്ള കരുതല്‍ ആവശ്യമാണെന്നും ടോറി എംപി ആഷ്‌ഫോര്‍ഡ് സണ്‍ഡേയോട് പറഞ്ഞു. അടുത്ത തലമുറ നിശ്ചിത തുകയുടെ നിക്ഷേപങ്ങള്‍ നടത്തുന്നവരാണ്. അതിനോടപ്പം രണ്ട് ശതമാനം കൂടുതല്‍ നിര്‍ബന്ധിത നാഷണല്‍ ഇന്‍ഷുറന്‍സ് ലെവിയിലേക്ക് നല്‍കാന്‍ 40 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കഴിയേണ്ടതുണ്ട്. സമാന രീതി ജപ്പാനില്‍ നിലനില്‍ക്കുന്നുണ്ട്. ലെവി അടക്കുന്നതിനോടപ്പം വരും വര്‍ഷങ്ങളിലുള്ള നിങ്ങളുടെ സാമൂഹിക പരിപാലനമാണ് സ്വയം ഉറപ്പു വരുത്തുന്നതെന്നും എംപി പറഞ്ഞു.

നാടുകടത്തല്‍ ഭയം മൂലം രോഗികളായ കുടിയേറ്റക്കാര്‍ എന്‍എച്ച്എസ് ഡോക്ടര്‍മാരുടെ സേവനം തേടാന്‍ മടിക്കുന്നു. ചികിത്സ തേടിയോ അല്ലാതെയോ എന്‍എച്ച്എസുകളിലെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ വിവരങ്ങള്‍ ഡോക്ടര്‍മാര്‍ ഹോം ഓഫീസിന് കൈമാറണമെന്ന നിയമം നിലനില്‍ക്കുന്നുണ്ട്. നാടുകടത്തല്‍ ഭയം മൂലം രോഗികളായ കുടിയേറ്റക്കാര്‍ എന്‍എച്ച്എസ് ഡോക്ടര്‍മാരുടെ സേവനം തേടാതിരിക്കുന്നുവെന്നതിനുള്ള തെളിവുകളുണ്ടെന്ന് ഹെല്‍ത്ത് ബോസുമാര്‍ ആരോപിക്കുന്നു. ഈ നടപടി പൊതുജനാരോഗ്യ രംഗത്തെ ഗൗരവകരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി ആരോഗ്യ രംഗത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നു. മെഡിക്കല്‍ രംഗത്തെ വിശ്വാസ്യതയ്ക്ക് കളങ്കം വരുത്തുന്നതാണ് പുതിയ പ്രശ്‌നങ്ങളെന്നും ഇത് രോഗിയുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നതായും ഡോക്ടര്‍മാരുടെയും രോഗികുടെയും കൂട്ടായ്മകള്‍ പറയുന്നു.

നാടുകടത്തല്‍ ഭീഷണി നിലനില്‍ക്കുന്നത് കാരണം പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീ ജിപിയെ സന്ദര്‍ശിക്കുന്നത് മാസങ്ങള്‍ വൈകിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഹെല്‍ത്ത് കമ്മറ്റി പറയുന്നു. അപകടങ്ങളെ തുടര്‍ന്നോ അല്ലാതെയോ ഉള്ള അടിയന്തര സാഹചര്യങ്ങളില്‍ ഇത്തരം ആളുകള്‍ ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റിന്റെ സേവനം ലഭ്യമാക്കുന്നുണ്ട്. ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റില്‍ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്ന കാരണംകൊണ്ടാണ് കുടിയേറ്റക്കാരായ ആളുകള്‍ ചികിത്സ തേടിയെത്തുന്നതെന്നും കമ്മറ്റി പറയുന്നു. തെരെസ മേയ് ഹോം സെക്രട്ടറിയായിരുന്ന സമയത്താണ് എന്‍എച്ച്എസും ചികിത്സക്കെത്തുന്ന സമയത്ത് വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെടുന്നതു സംബന്ധിച്ച പോളിസിക്ക് രൂപം നല്‍കിയത്. ഈ പോളിസി അനധികൃത കുടിയേറ്റക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.

ഹോം ഓഫീസും എന്‍എച്ച്എസ് ഡിജിറ്റലുമായി തമ്മില്‍ കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ച ധാരണാപത്രം (മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ്) പ്രകാരം ഡോക്ടര്‍മാര്‍ക്ക് രോഗികളുടെ ആരോഗ്യത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് പുറമെയുള്ള വ്യക്തിവിവരങ്ങള്‍ കൂടി അറിഞ്ഞിരിക്കണം. പരിശോധനയ്ക്ക് എത്തുന്ന രോഗികളുടെ അവസാനം താമസിച്ച സ്ഥലത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍, ജന്‍മദിനം തുടങ്ങിയവ നല്‍കണം. എന്‍എച്ച്എസ് രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് പരിശോധിക്കാന്‍ കഴിയുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഏതാണ്ട് 8,000 ത്തോളം രോഗികളുടെ വിവരങ്ങള്‍ ഇത്തരത്തില്‍ ഇമിഗ്രേഷന്‍ അധികൃതരുടെ കൈവശമുണ്ട്. ഈ വിവരങ്ങള്‍ ചെറിയ വ്യക്തിവിവരങ്ങള്‍ മാത്രമാണെന്നും രോഗങ്ങളെക്കുറിച്ചുള്ളവയോ രഹസ്യ സ്വഭാവമുള്ളവയോ അല്ലെന്നാണ് സര്‍ക്കാരിന്റെ വാദം.

RECENT POSTS
Copyright © . All rights reserved