യുകെയിലെ ഫാമുകളില്‍ നിന്ന് വന്‍തോതില്‍ പഴങ്ങളും പച്ചക്കറികളും പാഴാക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. പതിനായിരക്കണക്കിന് ടണ്ണോളം പഴങ്ങളും പച്ചക്കറികളും പാഴാക്കപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍തോതില്‍ ഉത്പാദന നിരക്ക് വര്‍ദ്ധിപ്പിച്ചതാണ് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പാഴായിപ്പോകാന്‍ കാരണം. ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചതില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ സ്വാധീനമുണ്ടെന്ന് ഫുഡ് ആന്റ് എന്വിയോണ്മെന്റ് ചാരിറ്റി ഫീഡ്ബാക്ക് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിപണിയിലെ ഏതാണ്ട് 85 ശതമാനത്തോളം വ്യാപാരത്തെ നിയന്ത്രിക്കുന്നത് സൂപ്പര്‍ മാര്‍ക്കറ്റുകളാണ്. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പാഴായി പോകുന്നതിലൂടെ നഷ്ടം സഹിക്കേണ്ടി വരുന്നത് കര്‍ഷകര്‍ക്കായിരിക്കുമെന്ന് പഠനം മുന്നറിയിപ്പ് നല്കുന്നു. ഉല്‍പ്പന്നങ്ങള്‍ പാഴായി പോകുന്നത് മൂലവും അനുബന്ധ ചെലവ് മൂലവും ഉണ്ടാകുന്ന നഷ്ടം കര്‍ഷകര്‍ക്കായിരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 37,000 ടണ്‍ പഴങ്ങളും പച്ചക്കറികളുമാണ് ഒരു വര്‍ഷത്തില്‍ പാഴായി പോകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം ഉല്പാദനത്തിന്റെ ഏതാണ്ട് 16 ശതമാനത്തോളമാണ് പാഴാവുന്നത്.
സാധാരണഗതിയില്‍ ഒരാള്‍ ഉപയോഗിക്കുന്ന പഴം, പച്ചക്കറി എന്നിവയുടെ അളവെടുത്താല്‍ പാഴായിപ്പോകുന്ന ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഏതാണ്ട് 2,50,000 പേര്‍ക്ക് ഒരു വര്‍ഷം ഉപയോഗിക്കാന്‍ കഴിയുമെന്ന് പഠനം പറയുന്നു. ഏകദേശ കണക്കെടുത്താല്‍ ബര്‍മിങ്ഹാം അല്ലെങ്കില്‍ മാഞ്ചസ്റ്റര്‍ സിറ്റികളിലെ മൊത്തം ആവശ്യകതയുടെ അത്രയും പഴങ്ങളും പച്ചക്കറികളും പാഴായി പോകുന്നതായി ഫീഡ്ബാക്ക് നടത്തിയ പഠനത്തില്‍ പറയുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വെച്ച് പാഴായിപ്പോകുന്ന പഴം, പച്ചക്കറികള്‍ എന്നിവയുടെ അളവ് കുറയ്ക്കുന്നതില്‍ ഗൗരവപൂര്‍വമായി ഇടപെടലുകള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് പഠനം പറയുന്നു. ഫാമുകള്‍ തങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലും ഉത്പന്നങ്ങള്‍ പാഴായി പോകുന്നുണ്ടോയെന്ന് ശ്രദ്ധിക്കണമെന്നും പഠനം പറയുന്നു.
സര്‍വ്വേയില്‍ പങ്കെടുക്കുന്ന കര്‍ഷകരില്‍ പകുതി പേരും ഉദ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ടാകുന്നതായി പറയുന്നു. ഇവ സമയത്ത് മാര്‍ക്കറ്റുകളിലെത്തിച്ചില്ലെങ്കില്‍ വിപണി നഷ്ടമാകുമോയെന്ന ഭയം മൂലം ഉദ്പാദനം വര്‍ദ്ധിപ്പിക്കുകയാണ് പതിവെന്ന് കര്‍ഷകര്‍ പറയുന്നു. സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ഉദ്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളുമൊക്കെ നിറത്തിന്റെയും ആകൃതിയുടെയുമൊക്കെ പേരില്‍ വിപണിയില്‍ നിന്ന് ഒഴിവാക്കപ്പെടാറുണ്ട്. അത്തരത്തില്‍ ഒഴിവാക്കപ്പെടുന്നവ പിന്നീട് പാഴായി പോകുകയാണ് പതിവെന്നും കര്‍ഷകര്‍ പറയുന്നു. കുറഞ്ഞ വിലയില്‍ മറ്റിടങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്ന സമയത്ത് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കുന്നത് മൊത്തക്കച്ചവടക്കാര്‍ നിര്‍ത്താറുണ്ടെന്ന് പഠനം നടത്തിയ പകുതിയിലേറെ കര്‍ഷകരും പ്രതികരിച്ചു.
ലണ്ടന്‍: എന്‍എച്ച്എസ് നേരിടുന്നത് അതി രൂക്ഷമായ ജീവനക്കാരുടെ ക്ഷാമമെന്ന് വെളിപ്പെടുത്തല്‍. പതിനൊന്നില്‍ ഒന്ന് വീതം ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുകയാണെന്ന് എന്‍എച്ച്എസ് ഇംപ്രൂവ്മെന്റിന്റെ ക്വാര്‍ട്ടേര്‍ലി പ്രവര്‍ത്തന റിപ്പോര്‍ട്ട് പറയുന്നു. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ എന്നീ മാസങ്ങളിലെ റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. ഒരു ലക്ഷത്തിലേറെ വേക്കന്‍സികള്‍ രാജ്യത്തൊട്ടാകെയുണ്ടെന്നാണ് വ്യക്തമാക്കപ്പെടുന്നത്. ഈ മൂന്ന് മാസക്കാലയളവില്‍ ആശുപത്രികളില്‍ എത്തിയ 5.6 ദശലക്ഷത്തോളം രോഗികളെ കൈകാര്യം ചെയ്യുന്നതിലുണ്ടായ പരാജയത്തിന് കാരണവും ജീവനക്കാരുടെ രൂക്ഷമായ ക്ഷാമമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടര ലക്ഷത്തോളം അധികം രോഗികള്‍ ആശുപത്രികളില്‍ എത്തിയെന്നാണ് കണക്ക്. ഡിസംബറില്‍ മാത്രം നാല് ലക്ഷത്തോളം പേര് അഡ്മിറ്റ് ചെയ്യപ്പെട്ടു. ഈ വിന്ററില്‍ എന്‍എച്ച്എസിനു വേണ്ടി ഏറ്റവും മികച്ച തയ്യാറെടുപ്പുകളാണ് നടത്തിയതെന്ന പ്രധാനമന്ത്രിയുടെയും എന്‍എച്ച്എസ് നേതൃത്വത്തിന്റെയും അവകാശവാദങ്ങളെ പൊളിച്ചുകൊണ്ടായിരുന്നു വിന്റര്‍ ക്രൈസിസ് അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ വിശ്വരൂപം കാണിച്ചത്. എക്കാലത്തെയും മികച്ച സംവിധാനങ്ങളായിരുന്നു ഒരുക്കിയതെന്ന് എന്‍എച്ച്എസ് ഇംപ്രൂവ്മെന്റും സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ കെയറിലേക്ക് മാറ്റേണ്ട രോഗികളെ ആശുപത്രി ബെഡുകളില്‍ നിന്ന് മാറ്റുന്നതില്‍ ട്രസ്റ്റുകള്‍ പരാജയപ്പെട്ടു.
രോഗികളുടെ തിരക്ക് വര്‍ദ്ധിക്കുകയും എ ആന്‍ഡ് ഇ, ഇലക്ടീവ് സര്‍ജറി ദേശീയ ടാര്‍ജറ്റുകള്‍ താഴേക്കാകുകയും ചെയ്തു. ട്രസ്റ്റുകളുടെ സാമ്പത്തിക നിലയില്‍ ഇടിവുണ്ടാകുകയും ചെയ്തു. ഈ സാമ്പത്തികവര്‍ഷത്തിന്റെ അന്ത്യത്തോടെ 931 മില്യന്‍ പൗണ്ടിന്റെ കമ്മി ട്രസ്റ്റുകള്‍ക്ക് ഉണ്ടാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. പ്രവചിക്കപ്പെട്ടതിനേക്കാള്‍ 435 മില്യന്‍ പൗണ്ട് കൂടുതലാണ് ഇത്. ഓട്ടം ബജറ്റില്‍ 337 മില്യന്‍ പൗണ്ട് നല്‍കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനമെന്നിരിക്കെ ട്രസ്റ്റുകള്‍ കടക്കെണിയിലേക്ക് നീങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്.
പ്ലാസ്റ്റിക്ക് കഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് യുകെയില്‍ വിറ്റഴിക്കപ്പെട്ട ഹാപ്പി ഷോപ്പര്‍ ടൊമാറ്റോ കെച്ചപ്പ് പായ്ക്കറ്റുകള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചു. ബുക്കര്‍ മൊത്തവ്യാപര ശ്യഖലയാണ് പ്ലാസ്റ്റിക്ക് കഷ്ണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന സംശയത്തിന്റെ പേരില്‍ ഹാപ്പി ഷോപ്പര്‍ ടൊമാറ്റോ കെച്ചപ്പുകള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചത്. ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് ഇവ പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്ക് കഷണങ്ങള്‍ അടങ്ങിയ ബോട്ടിലുകളുടെ ബാച്ച് നമ്പര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ ഉപയോഗിക്കരുതെന്നും അടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നല്കിയാല് ഉല്‍പ്പന്നത്തിന്റെ പണം തിരികെ നല്‍കുമെന്നും ഉപഭോക്താക്കള്‍ക്ക് കമ്പനി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഉല്പന്നം വിറ്റഴിക്കപ്പെട്ട ലോന്‍ഡിസ് ബഡ്ജെന്‍സ് സ്റ്റോറുകളിലും പിന്‍വലിക്കല്‍ സംബന്ധിച്ച് മുന്നറിയിപ്പു നല്കുന്ന നോട്ടീസുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ടൊമാറ്റോ കെച്ചപ്പുകളില്‍ കണ്ടെത്തിയിട്ടുള്ള പ്ലാസ്റ്റിക്ക് കഷണങ്ങള്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി മുന്നറിയിപ്പ് നല്കി. നിലവില്‍ കെച്ചപ്പ് പായ്ക്കറ്റുകള്‍ വാങ്ങിയിട്ടുള്ളവര്‍ അത് ഉപയോഗിക്കരുതെന്നും അടുത്തുള്ള സ്റ്റോറുകളില്‍ ഇവ തിരികെ നല്കി പണം തിരികെ കൈപ്പറ്റണമെന്നും ഏജന്‍സി അറിയിച്ചു.
ഹാപ്പിഷോപ്പറിന്റെ ബാച്ച് നമ്പര്‍ 7269ലുള്ള ടൊമാറ്റോ കെച്ചപ്പുകളില്‍ പ്ലാസ്റ്റിക്ക് കഷണങ്ങള്‍ അടങ്ങിയിട്ടുണ്ട് മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്ക് വിപണിയില്‍ നിന്നും അവ പിന്‍വലിക്കുകയാണ്. മറ്റു ബാച്ച് നമ്പറുകളിലെ ഉത്പ്പന്നങ്ങളില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും ബുക്കര്‍ തങ്ങളുടെ പ്രോഡക്ട് റികോള്‍ നോട്ടീസില്‍ അറിയിച്ചു. മാര്‍ച്ച് അവസാനം വരെ കാലാവധിയുള്ള ബാച്ച് നമ്പര്‍ 7269ന്റെ 440ഗ്രാമിന്റെ പായ്ക്കറ്റിലാണ് പ്ലാസ്റ്റിക്ക് കഷ്ണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
ശരീരത്തിൽ ധരിച്ചാൽ പ്രമേഹം അടക്കമുള്ള രോഗങ്ങളെക്കുറിച്ചു മുന്നറിയിപ്പു നല്കുന്ന പുതിയ സെൻസർ ഇന്ത്യൻ വംശജനായ ഗവേഷകന്റെ നേതൃത്വത്തിൽ കണ്ടുപിടിച്ചു. വലിച്ചുനീട്ടാനും വളയ്ക്കാനും കഴിയുമെന്നതാണ് ഈ സെൻസറിന് മുൻഗാമികളെ അപേക്ഷിച്ചുള്ള മേന്മ. സ്മാർട്ട്ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്ലിക്കേഷനിലേക്കാണ് വിവരങ്ങൾ കൈമാറുന്നത്.
ബ്രിട്ടനിലെ ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് എൻജിനിയറിംഗ് വിഭാഗത്തിൽ ഗവേഷകനായ പ്രഫ. രവീന്ദർ ദാഹിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ സെൻസർ കണ്ടുപിടിച്ചത്. വിയർപ്പിലെ പിഎച്ച് ലെവൽ അടക്കം പരിശോധിച്ചാണ് രോഗനിർണയം നടത്തുന്നത്.
ഇത്തരം സെൻസറുകൾ ധരിച്ചാൽ പതിവ് രക്തപരിശോധന വേണ്ടിവരില്ല. ശരീരം ഉത്പാദിപ്പിക്കുന്ന ഗ്ലൂക്കോസ്, യൂറിയ തുടങ്ങിയ പദാർഥങ്ങൾ വിയർപ്പിലും ഉണ്ട്. ഇവ പരിശോധിച്ച് പ്രമേഹം, വൃക്കരോഗങ്ങൾ, ചിലതരം കാൻസറുകൾ എന്നിവയുടെ സാന്നിധ്യം നിർണയിക്കാനാകും. ഇപ്പോൾ കണ്ടുപിടിച്ച സെൻസറിന്റെ ശേഷി വർധിപ്പിക്കാനുള്ള ഗവേഷണം ആരംഭിച്ചിട്ടുണ്ട്.
കേരള കള്‍ച്ചറല്‍ അസോസിയേഷന് റെഡ്ഡിച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ജസ്റ്റിന് ജോസഫിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തിലാണ് 2018-19 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് – അഭിലാഷ് സേവ്യര്‍, വൈസ് പ്രസിഡന്റ് – ലെയ്സണ്‍ ജെയ്സണ്‍, സെക്രട്ടറി – ബെന്നി വര്‍ഗ്ഗീസ്, ജോയിന്റ് സെക്രട്ടറി- സാബു ഫിലിപ്പ്, ട്രഷറര്‍ – ജസ്റ്റിന് ജോസഫ് എന്നിവരെ ഐകകണ്ഠമായി തെരഞ്ഞെടുത്തു.
എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പേഴ്സ് – രഞ്ജി വര്‍ഗ്ഗീസ്, ബിജിമോന്‍ മാത്യൂ, ജിബു ജേക്കബ്, ഷാജി തോമസ്, റെജി ജോര്‍ജ് ക്ഷ പ്രവീണ്‍ തോമസ്. ആര്‍ട്ട് സെക്രട്ടറിമാര്‍ – ജോര്‍ജ് ദേവസി, ഡെയ്സി അഭിലാഷ്. കൗണ്‍സില്‍ നോമിനി – ജിജോ പോള്‍ ആന്റ് പോള്‍ ജോസഫ്. സ്പോര്‍ട്സ് കോ – ഓര്‍ഡിനേറ്റേഴ്സ് – ടോമി അഗസ്റ്റിന്, ജസ്റ്റിന് മാത്യൂ. നഴ്സസ് ഫോറം – ഷൈബി ബിജിമോന്‍, മഞ്ജു വിക്ടര്‍. ഇന്റേണല്‍ ഓഡിറ്റര്‍ – ബിജു എബ്രഹാം എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
2012 ജനുവരി മാസത്തില്‍ തുടക്കം കുറിച്ച കെ സി എ റെഡ്ഡിച്ച് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൂടെ യുകെയിലെ മുഖ്യ ധാര അസോസിയേഷനുകളില്‍ ഒന്നായി മാറിയിരിക്കുന്നു. കേരളത്തില്‍ നിന്നും കുടിയേറിയ നാനാ ജാതി മതസ്ഥരായ റെഡ്ഡിച്ച് മലയാളികള്‍ അവരുടെ സ്വപ്ന സാക്ഷാത്കാരത്തിനായി രൂപം കൊടുത്ത കെസിഎ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി നിലകൊണ്ട് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ സാംസ്കാരിക ഉന്നതിക്കായും ആവശ്യങ്ങളില്‍ കൈത്താങ്ങായും നിലകൊണ്ട് വരുന്നു.
ഒട്ടേറെ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് താന്‍ വിരമിക്കുന്നതെന്ന് പ്രസിഡന്റ് ജസ്റ്റിന് ജോസഫ് പറഞ്ഞു. പ്രവാസി മലയാളികളുടെ പുതിയ തലമുറയെ മലയാള ഭാഷയും സാഹിത്യവും സംസ്കാരവും പഠിപ്പിക്കുകയും പരിചയപ്പെടുത്തുകയുമാണ് മലയാളം മിഷന് ചെയ്തു പോരുന്നത്. ”എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം” എന്നതാണ് മലയാളം മിഷന്റെ മുദ്രാവാക്യം.
കഴിഞ്ഞ ഒരു വര്‍ഷക്കാലം അസോസിയേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സഹകരിക്കുകയും സംഘടനയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത അംഗങ്ങള്‍ക്ക് പ്രസിഡന്റ് ജസ്റ്റിന് ജോസഫ് നന്ദി അറിയിച്ചു. തുടര്‍ന്ന് അടുത്ത ഒരു വര്‍ഷക്കാലം അസോസിയേഷന് പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വാധികം ഭംഗിയോടെ മുന്പോട്ട് കൊണ്ട് പോകാന്‍ അംഗങ്ങള്‍ ഐകകണ്ഠ്യേന തീരുമാനിച്ചു.
ഇന്ത്യ-ക്യാനഡ ബന്ധത്തിനിടയില്‍ ഖാലിസ്ഥാന്‍ വാദം വീണ്ടും പ്രതിസന്ധിയുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. 1980 മുതലുള്ള കാലഘട്ടത്തിലാണ് ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയില്‍ ഖാലിസ്ഥാന്‍ ഒരു പ്രശ്നമായി മാറുന്നത്. അടുത്തിടെ പ്രശ്നം വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ജസ്റ്റിന് ട്രൂഡോയുടെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ശോഭ കെടുത്തിയതും ഖാലിസ്ഥാന്‍ പ്രശ്നമാണെന്ന വാദം ഉയര്‍ന്നിട്ടുണ്ട്. 2015 ജസ്റ്റിന് ട്രൂഡോ അധികാരത്തിലെത്തുന്നത് തീവ്ര ഖാലിസ്ഥാനി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണയോടു കൂടിയാണ്. കാനഡയില്‍ നിന്ന് സിഖ് തീവ്രവാദ സംഘടനകള്‍ക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന സഹായങ്ങള്‍ ഇല്ലാതാക്കുന്നതില്‍ ജസ്റ്റിന് ട്രൂഡോ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിച്ചേര്‍ന്നതെന്ന് ഒരു മുന്‍ നയതന്ത്രജ്ഞന് അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ ഏപ്രിലില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ഖല്‍സ ദിനത്തില്‍ സിഖ് തീവ്ര സംഘടനകള്‍ സംഘടിപ്പിച്ച പരേഡില്‍ പങ്കെടുത്തതോടെയാണ് ഖാലിസ്ഥാന്‍ പ്രശ്നം വീണ്ടും രൂക്ഷമാകുന്നത്. സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തങ്ങളുടെ പ്രതിഷേധം കാനഡ സര്‍ക്കാരിനെ അറിയിച്ചിരുന്നു. 1984ല്‍ നടന്ന സിഖ് വിരുദ്ധ കലാപത്തെ തുടര്‍ന്നുണ്ടായി കൂട്ടക്കൊലയില്‍ ഇന്ത്യയെ പഴിച്ച് കനേഡിയന്‍ അസംബ്ലി രംഗത്ത് വന്നിരുന്നു. 1984 ജൂണില്‍ നടന്ന ഓപ്പറേഷന് ബ്ലൂസ്റ്റാറില്‍ സുവര്‍ണ്ണ ക്ഷേത്രത്തില്‍ നടന്ന ഓപറേഷനിലും കൊല്ലപ്പെട്ട തീവ്ര സിഖ് കലാപകാരികളായ ജെര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാല, അമ്രീഖ് സിംഗ് എന്നിവരെ നായകന്മാരായി ഉയര്‍ത്തിക്കാണിച്ചായിരുന്നു ഖല്‍സ പരേഡ് നടന്നത്. മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ ഖല്‍സ ദിനത്തില്‍ നടന്ന പരേടുകളില്‍ പങ്കെടുത്തിരുന്നില്ല. ഇക്കാരണം കൊണ്ടു തന്നെ 2012ലെ മന്മോഹന് സിംഗിന്റെയും 2015ല്‍ പ്രധാനമന്ത്രി മോഡിയുടേയും കാനഡ സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധം വളരാന്‍ സഹായിച്ചിരുന്നു.
കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോയെ സംബന്ധിച്ച് പരേഡില്‍ പങ്കെടുത്തത് യാതൊരു പ്രശ്നവും ഉണ്ടാക്കുന്ന കാര്യമല്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യടെ ആശങ്കയെ അദ്ദേഹം കണക്കിലെടുത്തില്ലെന്ന് കാനഡിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ വിഷ്ണു പ്രകാശ് ദി ഹിന്ദുവിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. കഴിഞ്ഞ മാസം തീവ്ര സിഖ് സംഘടനകള്‍ ഇന്ത്യയിലെ തെരെഞ്ഞടുക്കപ്പെട്ട ജനപ്രതിനിധികള്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍എസ്എസ്) പ്രവര്‍ത്തകര്‍, ശിവസേന അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് കാനഡയില്‍ പ്രവേശനമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് എതിരായി കനേഡിയന്‍ സര്‍ക്കാര്‍ യാതൊരു വിധ നടപടിയും സ്വീകരിച്ചില്ലെന്ന വാദവും ശക്തമാണ്.
ബ്രിട്ടനിലെ ഉപേക്ഷിക്കപ്പെട്ട ഖനിയില്‍ കണ്ടെത്താനിരിക്കുന്നത് 5 ടണ്ണിലേറെ വരുന്ന സ്വര്‍ണ്ണ ശേഖരം. സ്കോട്ലന്റിലെ ടിന്‍ഡ്രം മലനിരകളില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഖനിയില്‍ വന്‍തോതില്‍ വെള്ളിയും കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എ82 പാതയില്‍ നിന്ന് ഏതാണ്ട് 20 മിനിറ്റോളം യാത്രചെയ്താല്‍ എത്തുന്ന ദൂരത്താണ് ഖനി സ്ഥിതി ചെയ്യുന്നത്. ഖനിയുടെ കവാടത്തില്‍ അന്യര്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഖനിക്കുള്ളില്‍ തിളങ്ങുന്ന കല്ലുകളുണ്ടെന്നും അവ വേര്‍തിരിച്ചെടുക്കേണ്ടതായിട്ടുണ്ടെന്ന് സ്കോട്ടിഷ് മൈനിംഗ് കമ്പനിയായ സ്കോട്ട്ഗോള്‍ഡ് റിസോഴ്സസിന്റെ ജിയോളജിസ്റ്റ് പറയുന്നു. സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അതിന്റെ വക്കോളം തങ്ങള്‍ എത്തിക്കഴിഞ്ഞുവെന്നും സ്കോട്ടിഷ് കമ്പനി അധികൃതര്‍ പറയുന്നു. പരിശുദ്ധമായ സ്കോട്ടിഷ് സ്വര്‍ണം എത്രയും പെട്ടന്ന് പ്രദേശിക വിപണിയിലെത്തുമെന്നും കമ്പനി വ്യക്തമാക്കുന്നു.
സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള അനുവാദം സര്‍ക്കാര്‍ തലത്തില്‍ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ആരംഭിച്ചാല്‍ ഏതാണ്ട് 63 ഓളം തൊഴിലവസരങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്. പ്രദേശികമായിട്ടാണ് ഇതിനാവശ്യമായ ഉപകരണങ്ങള്‍ തങ്ങള്‍ കണ്ടെത്താന്‍ പോകുന്നത്. അതുകൊണ്ട് പ്രദേശിക സമ്പദ്ഘടനയ്ക്കും മെച്ചങ്ങളുണ്ടാകുമെന്ന് സ്കോട്ട്ഗോള്‍ഡ് റിസോഴ്സസ് മാനേജിംഗ് ഡയറക്ടര്‍ റിച്ചാര്‍ഡ് ഗ്രേ ഒബാന് ടൈംസിനോട് പറഞ്ഞു. ലോച്ച് ലോമോണ്ടും ട്രോസാക്സ് നാഷണല്‍ പാര്‍ക്ക് അതോറിറ്റിയുടെ പ്ലാനിംഗ് കമ്മറ്റിയും അടുത്ത ആഴ്ച ഖനി സന്ദര്‍ശിക്കാനിരിക്കുകയാണ്. പ്ലാനിംഗ് കമ്മറ്റി സ്കോട്ട്ഗോള്‍ഡ് റിസോഴ്സസ് കമ്പനിക്ക് ഖനിയിലെ സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള അനുവാദം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ 18 മാസങ്ങളായി ഖനിയുടെ പുറത്ത് നിന്ന് ലോഹങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന ജോലികള്‍ സ്കോട്ഗോള്‍ഡ് റിസോഴ്സസ് ചെയ്തു വരികയാണ്. ഏതാണ്ട് 24000 ടണ്‍ ലോഹം ഖനിയുടെ പുറത്ത് നിന്ന് കമ്പനി കുഴിച്ചെടുത്തിട്ടുണ്ട്. സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന പദ്ധതികളിലേക്കായി കമ്പനി ഏതാണ്ട് 3 മില്ല്യണ്‍ പൗണ്ട് ഓഹരികള്‍ സമാഹരിച്ചു കഴിഞ്ഞിട്ടുണ്ട്. പക്ഷേ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഏകദേശം 7 മില്ല്യണ്‍ പൗണ്ടോളം ആവശ്യമുണ്ട്. പ്രകൃതിക്ക് അനുയോജ്യമായ വിധത്തിലാണ് കമ്പനി ഖനനം നടത്താനുള്ള ശ്രമം നടത്തുന്നത്. ഇതിന്റെ ഭാഗമായി 10 വര്‍ഷം നീണ്ടു നില്ക്കുന്ന പദ്ധതിയുടെ കാലാവധി 17 വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്.
അമിതവേഗതയില്‍ പാഞ്ഞ ഫെരാരി കാര്‍ വൂഡന്‍ പോസ്റ്റിലിടിച്ച് 13കാരന് കൊല്ലപ്പെട്ടു. അപകടത്തില്‍ 1.2 മില്ല്യണ്‍ പൗണ്ട് വിലയുള്ള സൂപ്പര്‍ കാര്‍ തകര്‍ന്നു. മാത്യൂ കോബ്ഡെന്‍ എന്ന 39 കാരനാണ് അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത്. കാറിലുണ്ടായിരുന്ന അലക്സാണ്ടര്‍ വര്‍ത്ത് എന്ന 13കാരന് സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. വിന്‍ചെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയ അപകടത്തിന്റെ ദൃശ്യത്തില്‍ റോഡരികലുള്ള വുഡന്‍ പോസ്റ്റില്‍ ഇടിച്ച കാറിന്റെ ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നത് കാണാമായിരുന്നു. നാല് സെക്കന്‍ഡില്‍ 60 മൈല്‍ സ്പീസ് കൈവരിക്കാനാകുന്ന എഫ് 50 മോഡല്‍ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ അന്തരീക്ഷത്തില്‍ പറന്നുയര്‍ന്നതായും കോടതിയില്‍ വ്യക്തമാക്കപ്പെട്ടു.
കാര്‍ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ പരാജയപ്പെട്ട കോബ്ഡന്‍ കുട്ടിയുടെ മരണത്തിന് കാരണക്കാരനായെന്നും വാദമുയര്‍ന്നു. കാറിനൊപ്പം നിന്ന് ഒരു ചിത്രമെടുക്കണമെന്ന ആഗ്രഹം അവനൊപ്പമുണ്ടായിരുന്ന അവന്റെ അമ്മയുടെ പാര്‍ട്നര്‍ കോബ്ഡനെ അറിയിച്ചു. കോബ്ഡന്റെ ഫാമില്‍ ഒരു ബാറ്ററി നല്കാന് എത്തിയതായിരുന്നു ഇവര്‍. അലക്സാന്‍ഡറിനൊപ്പം ഒരു റൈഡാണ് കോബ്ഡന്‍ വാഗ്ദാനം നല്‍കിയത്. 10 കിലോമീറ്റര്‍ വേഗതാ നിയന്ത്രണമുള്ള റോഡില്‍ ഇയാള്‍ അമിതവേഗതയില്‍ കാറോടിക്കുകയായിരുന്നെന്ന് പ്രോസിക്യൂട്ടര്‍ തോമസ് വില്‍ക്കിന്‍സ് കോടതിയെ അറിയിച്ചു. ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് വാഹനം മോശം റോഡില്‍ ശ്രദ്ധിക്കാതെ കൈകാര്യം ചെയ്തതാണ് അപകടത്തിന് കാരണമായതെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.
സീറ്റ് ബെല്‍റ്റ് ഇടുന്നതില്‍ പോലും ഇയാള്‍ ശ്രദ്ധ ചെലുത്തിയിരുന്നില്ലെന്ന പ്രോസിക്യൂട്ടര്‍ പറഞ്ഞു. കാറിന്റെ പവര്‍ മനസ്സിലാക്കാതെ ആക്സിലറേറ്ററില്‍ കാലമര്‍ത്തുകയും നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലുണ്ടായിരുന്ന വുഡന്‍ പോസ്റ്റില്‍ കാറിടിക്കുകയുമായിരുന്നു. അലക്സ് സംഭവം സ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. എന്നാല്‍ അപകടമുണ്ടായത് വാഹനത്തിന്റെ തകരാറ് മൂലമായിരുന്നില്ലെന്നും വില്‍കിന്‍സ് പറഞ്ഞു. എന്നാല്‍ കുട്ടിയുടെ മരണത്തിന് താന്‍ കാരണമായെന്ന ആരോപണം കോബ്ഡന്‍ നിഷേധിച്ചു. കേസില്‍ വിചാരണ തുടരുകയാണ്.
പ്രധാനമന്ത്രിയുടെ യൂണിവേഴ്സിറ്റി ഫണ്ടിംഗ് റിവ്യ പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റി ട്യൂഷന് ഫീസ് നിരക്ക് കുറയ്ക്കില്ലെന്ന് ഫണ്ടിംഗ് റിവ്യൂവില്‍ പറയുന്നു. യൂണിവേഴ്സിറ്റി ട്യൂഷന് ഫീസ് നിരക്ക് കുറയ്ക്കുന്നത് നികുതി വര്‍ദ്ധനവിന് കാരണമാകുമെന്നും ഇത് യൂണിവേഴ്സിറ്റി സീറ്റുകളെ പരിമിതപ്പെടുത്തുമെന്നും തേരേസ മേയ് പറയുന്നു. യൂണിവേഴ്സിറ്റികളില്‍ നിന്ന് വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ കൈപ്പറ്റുന്ന വിദ്യാര്‍ത്ഥികള്‍ അതിന്റെ വില നേരിട്ട് നല്കേണ്ടതായിട്ടുണ്ടെന്ന് തെരേസ മേയ് പറയുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സ്റ്റുഡന്റ് ഫിനാന്‍സിംഗ് ആന്റ് യൂണിവേഴസിറ്റി ഫണ്ടിംഗ് റിവ്യൂവാണ് തേരേസ മേയ് അവതരിപ്പിച്ചത്. അതേസമയം ട്യൂഷന് ഫീസുകള്‍ നിര്‍ത്തലാക്കുമെന്നും മെയിന്റനനസ് ഗ്രാന്റുകള്‍ തിരിച്ചുകൊണ്ടു വരുമെന്നിമാണ് ലേബര്‍ പാര്‍ട്ടി നയം.
ഏതാണ്ട് എല്ലാ കോഴ്സുകളിലും വര്‍ഷത്തില്‍ ഈടാക്കുന്ന ഫീസ് 9,250 പൗണ്ടാണ്. 6.1 ശതമാനമാണ് ഇതിന്റെ പലിശ നിരക്ക്. ലോകത്തിലെ ഏറ്റവും ചെലവേറിയ യൂണിവേഴ്സിറ്റി ട്യൂഷന് സിസ്റ്റങ്ങളില്‍ ഒന്നാണ് ഇഗ്ലണ്ടിലെ യൂണിവേഴ്സിറ്റികള്‍ പിന്തുടരുന്നത്. വിദ്യഭ്യാസത്തിന്റെ മൂല്യവും ഗുണങ്ങളും ഫീസും തമ്മില്‍ താരതമ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും തേരെസ മേയ് പറഞ്ഞു. ഫീസിനത്തിലെ വര്‍ദ്ധനവ് വിദ്യാര്‍ത്ഥികളിലും മാതാപിതാക്കളിലും ഉത്കണ്ഠയുണ്ടാക്കുന്നുണ്ട്. 9250 പൗണ്ട് ഫീസില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന താല്‍ക്കാലിക മരവിപ്പിക്കല്‍ ചുരുങ്ങിയത് അടുത്ത വര്‍ഷം വരെയെങ്കിലും നിലനില്ക്കും. പക്ഷേ ഫീസ് കുറയ്ക്കുന്നതു സംബന്ധിച്ച നടപടികളൊന്നും മന്ത്രിമാരുടെ ഭാഗത്ത് പ്രതീക്ഷിക്കേണ്ടതില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രതീക്ഷിച്ചിരുന്ന ഫീസ് വെട്ടിക്കുറയ്ക്കല്‍ നടപ്പാക്കില്ലെന്ന് വ്യക്തമായതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. യൂണിവേഴ്സിറ്റി് ഫണ്ടിംഗ് റിവ്യൂ അനാവശ്യമായ സമയം നഷ്ടപ്പെടുത്താലായിരുന്നുവെന്ന് ലേബര്‍ പാര്‍ട്ടിയുടെ ഷാഡോ എജ്യുക്കേഷന്‍ സെക്രട്ടറി ആഞ്ചല റൈനര്‍ പറഞ്ഞു. സര്‍ക്കാരിന് തെറ്റുപറ്റിയതായി പ്രധാനമന്ത്രിക്ക് സമ്മതിക്കേണ്ടി വന്നുവെന്നും റൈനര്‍ പറഞ്ഞു. ട്യൂഷന് ഫീസുകള്‍ എടുത്തു കളയുകയും മെയിന്റനനസ് ഗ്രാന്റുകള്‍ തിരിച്ചകെ കൊണ്ടുവരികയും സൗജന്യ വിദ്യഭ്യാസം നല്‍കുകയും ചെയ്യുമെന്നാണ് ലേബര്‍ നയമെന്ന് അവര്‍ വ്യക്തമാക്കി. അടുത്ത കാലത്തായി വിദ്യാഭ്യാസ മേഖലയില്‍ നടപ്പില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ വിദ്യാര്‍ത്ഥികളെ കടക്കെണിയില്‍ പെടുത്തുന്നവയായിരുന്നുവെന്ന് അക്കാഡമിക് ജീവനക്കാരുടെ സംഘടനയായ യൂണിവേഴ്സിറ്റി ആന്‍ഡ് കോളേജ് യൂണിയന് ജനറല്‍ സെക്രട്ടറി സാലി ഹണ്ട് പറഞ്ഞു.
പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃഖലകളായ ആസ്ഡയും മോറിസണ്‍സും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാനൊരുങ്ങുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കുമെന്ന സൂചനയേത്തുടര്‍ന്നാണ് ചില ഉല്‍പ്പന്നങ്ങള്‍ ഇവര്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങുന്നത്. ചില ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന അസംസ്കൃത വസ്തുക്കള്‍ അലര്‍ജിയുണ്ടാക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫുഡ് സ്റ്റാന്‍ഡേഡ്സ് ഏജന്‍സിയാണ് വിപണിയില്‍ നിന്ന് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പിന്‍വലിക്കുന്ന കാര്യം അറിയിച്ചിരിക്കുന്നത്.
മുട്ടയടങ്ങിയ ലൈല മിന്റ് സോസ് ആണ് ആസ്ഡ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ ഒന്ന്. ഇതില്‍ മുട്ട ഉപയോഗിച്ചിരിക്കുന്നതായി ലേബലില്‍ സൂചിപ്പിച്ചിട്ടില്ല. മുട്ടയോട് അലര്‍ജിയുള്ള ഉപഭോക്താക്കളുടെ ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. മുട്ട ഉപയോഗിച്ചിരിക്കുന്നത് മനസ്സിലാക്കാതെ സോസ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. പിആര്‍210617സി2 (PR210617C2) ബാച്ച് നമ്പറുള്ള ഒരു ലിറ്ററിന്റെ പായ്ക്കറ്റിന്റെ ലേബലിലാണ് അസംസ്കൃത വസ്തുക്കളേക്കുറിച്ച് രേഖപ്പെടുത്താതെ വിപണിയെലെത്തിയിരിക്കുന്നത്. 2018 ജൂണ്‍ 21 വരെ കാലാവധിയുള്ള ഉല്‍പ്പന്നം മുട്ടയോട് അലര്‍ജിയുള്ള ഉപഭോക്താക്കള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവ നേരത്തെ വാങ്ങിച്ചവര്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തിരിച്ചേല്പ്പിച്ചാല് മുഴുവന്‍ തുകയും തിരികെ ലഭിക്കുന്നതാണ്.
അലര്‍ജി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ മോറിസണ്‍സും വിപണിയില്‍ നിന്ന് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. സ്വന്തം ഉല്‍പ്പന്നമായ പെന്‍ ബോളോണീസ് ബെയ്ക്കാണ് മോറിസണ്‍സ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പെന്‍ ബോളോണീസ് ബെയിക്കില്‍ സെലറി അസംസ്കൃത വസ്തുവായി ഉപയോഗിച്ചിരിക്കുന്ന വിവരം ലേബലില്‍ സൂചിപ്പിച്ചിട്ടില്ലെന്നതാണ് കാരണം. സെലറിയോട് അലര്‍ജിയുണ്ടാകാന്‍ സാധ്യതയുള്ള ഉപഭോക്താക്കളുടെ ആരോഗ്യത്തെ കണക്കിലെടുത്താണ് കമ്പനിയുടെ പുതിയ നീക്കം. ഫെബ്രുവരി 18 മുതല്‍ 23 വരെ വിറ്റഴിച്ചിട്ടുള്ള 400 ഗ്രാം പെന്‍ ബോളോണീസ് ബെയ്ക്കിന്റെ പായ്ക്കറ്റാണ് പിന്‍വലിക്കുന്നത്. സെലറിയോട് അലര്‍ജിക്കായ ആളുകള്‍ ഈ പ്രോഡക്ട് ഉപയോഗിക്കരുതെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.