മാഞ്ചസ്റ്റര്‍: സിറ്റി സെന്ററില്‍ ഡബിള്‍ ഡെക്കര്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പതിനാല് പേര്‍ക്ക് പരിക്ക്. രാവിലെ 7.30നാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട രണ്ട് ബസുകളുടെയും ഡോറുകള്‍ ജാമായതിനെത്തുടര്‍ന്ന് ചില യാത്രക്കാര്‍ കുറച്ചു നേരത്തേക്ക് ബസുകള്‍ക്കുള്ളില്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. അയ്ടൗണ്‍ സ്ട്രീറ്റിനും മിന്‍സ്ഹള്‍ സ്ട്രീറ്റിനുമിടയിലുള്ള ജംഗ്ഷനില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്‍വശത്തായാണ് അപകടം നടന്നത്. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സ്‌റ്റേജ്‌കോച്ചിന്റെ രണ്ട് ബസുകളാണ് അപകടത്തില്‍പ്പെട്ടത്. ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തുമെന്നും സ്റ്റേജ്‌കോച്ച് അറിയിച്ചു. യാത്രക്കാര്‍ക്ക് നിസാര പരിക്കുകള്‍ മാത്രമാണ് ഏറ്റതെന്നും സംഭവസ്ഥലത്തു വെച്ചുതന്നെ അവര്‍ക്ക് ആവശ്യമായ പ്രഥമശുശ്രൂഷകള്‍ നല്‍കിയെന്നും ഫയര്‍ സര്‍വീസ് വ്യക്തമാക്കിയെന്ന് മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പരിക്കേറ്റ രണ്ടു പേരെ മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫേമറിയില്‍ പ്രവേശിപ്പിച്ചതായി ആംബുലന്‍സ് സര്‍വീസ് വ്യക്തമാക്കി. അപകടത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ തിരക്കേറിയ സമയത്തുണ്ടായ അപകടം ഗതാഗതക്കുരുക്കിനും കാരണമായി. പിന്നീട് റിക്കവറി ട്രക്കുകള്‍ എത്തിച്ചാണ് ബസുകള്‍ അവിടെ നിന്ന് മാറ്റിയത്.