ടോം ജോസ് തടിയംപാട്

ഇംഗ്ലണ്ടിലെ 17 വയസില്‍ താഴെയുള്ള കുട്ടികളുടെ വോളിബോള്‍ ദേശീയ ടിമില്‍ കളിക്കാന്‍ ഒരു മലയാളികുട്ടിക്ക് അവസരം കിട്ടിയെന്നുള്ളത് മലയാളികള്‍ക്ക് എല്ലാം തന്നെ അഭിമാനകരമാണ്. ബിനോയ് ജേക്കബ് മക്കോളില്‍, മിനി, ദമ്പതികളുടെ മകന്‍ നെവിന്‍ ബിനോയ്ക്കാണ് ഈ അസുലഭ നേട്ടം കൈവരിക്കാനായത്. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ഈ കുടുംബം താമസിക്കുന്നത് ലണ്ടനിലെ എഡ്‌മെന്റണിലാണ്. ബ്രിട്ടീഷ് വോളിബോള്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരവസരം ഒരു ഇന്ത്യന്‍ കുട്ടിക്ക് ലഭിക്കുന്നതെന്ന് നെവിന്‍ ബിനോയ്ക്ക് കോച്ചിംഗ് കൊടുക്കുന്ന കോച്ചുമാര്‍ പറഞ്ഞു.

പഠനത്തിലും ക്രിക്കറ്റ്, റഗ്ബി, അത്‌ലറ്റിക്‌സ്, മുതലായ എല്ലാ സ്‌പോര്‍ട്‌സിലും വളരെ മുന്‍പിലായ നെവിന്‍ QE Grammar School North Londonലെ GCSE വിദ്യാര്‍ഥി കൂടിയാണ്. സ്‌കൂളില്‍ അപ്രതീക്ഷിതമായി വോളിബോള്‍ കളിയില്‍ പങ്കെടുത്തപ്പോള്‍ കണ്ടുനിന്ന വോളിബോള്‍ കോച്ച് നെവിന്റെ കഴിവ് തിരിച്ചറിഞ്ഞ് വോളിബോള്‍ കോച്ചിംഗിനു കഴിഞ്ഞ വര്‍ഷം അയക്കുകയായിരുന്നു. പിന്നിട് കടുത്ത ട്രെയിനിങ്ങിനു ശേഷമാണ് സെലക്ഷന്‍ ലഭിച്ചത്.

നെവിന്‍ ബിനോയുടെ കുടുംബം തന്നെ സ്‌പോര്‍ട്‌സുമായി വളരെ ബന്ധപ്പെട്ടു നില്‍ക്കുന്നു. നെവിന്റെ പിതാവ് ബിനോയ് ജേക്കബ് കോടഞ്ചേരി, വേനപ്പര ഹോളി ഫാമിലി ഹൈസ്‌കൂളിലെ ഫിസിക്കല്‍ എജ്യക്കേഷന്‍ ആധ്യാപകനായിരുന്നു. മകന് ഇംഗ്ലണ്ട് ടീമിന്റെ യുണിഫോം കിട്ടിയപ്പോള്‍ വലിയ സന്തോഷമാണ് അനുഭവപ്പെട്ടത് എന്ന് അദ്ദേഹം പറഞ്ഞു.

ബിനോ ഇപ്പോള്‍ കെറ്ററിങ്ങിലെ National coaching camp ല്‍ England’s national coach Luis Bellന് കീഴില്‍ പരിശിലനത്തിലാണ്. ബിനോയുടെ അമ്മ ലണ്ടന്‍ റോയല്‍ ഫ്രീ ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്നു. പിതാവ് ബിനോയ് ജേക്കബ് മക്കോളില്‍ ഇതേ ഹോസ്പിറ്റലില്‍ തന്നെ ജോലി ചെയ്യുന്നു.