UK

ആസ്മ രോഗം മൂലം ശ്വാസ തടസ്സം നേരിട്ട അഞ്ച് വയസ്സുകാരിക്ക് അടിയന്തിരമായി ചികിത്സ നല്‍കുന്നതിന് 999 കോളുകള്‍ കൈകാര്യം ചെയ്യുന്നവര്‍ മുന്‍ഗണന നല്‍കിയില്ല. ആംബുലന്‍സ് ലഭിക്കാതെ വന്നതോടെ ജിപി നേരിട്ട് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആസ്ത്മ മൂലം കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഡോക്ടര്‍ തന്നെ 999 വിളിച്ച് ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ ജീവന് ഭീഷണിയില്ലെന്നും കുട്ടിയെ ആംബര്‍ കോഡില്‍ പെടുത്താമെന്നും കോളുകള്‍ കൈകാര്യം ചെയ്യുന്നവര്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഏതാണ്ട് മൂന്നു മണിക്കൂറോളം ആംബുലന്‍സിനായി കാത്തിരുന്ന ശേഷം ജിപി നേരിട്ട് കുട്ടിയെ നോര്‍ത്ത് വെയില്‍സിലെ ഗ്ലാന്‍ ക്ലിവൈഡ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശ്വാസം നിലച്ചതോ അല്ലെങ്കില്‍ ബോധരഹിതരായവരെയോ ആണ് എമര്‍ജന്‍സി കേസുകളായി പരിഗണിക്കുന്നതെന്ന് 999 കോള്‍ കൈകാര്യം ചെയ്തയാള്‍ ജിപിയോട് പറഞ്ഞിരുന്നു. വെല്‍ഷ് ആംബുലന്‍സ് സര്‍വീസ് ആണ് ഈ വീഴ്ച വരുത്തിയത്. ഒരു ഡോക്ടര്‍ വിളിച്ചതും കുട്ടിയുടെ പ്രായവും എമര്‍ജന്‍സി സര്‍വീസ് കണക്കിലെടുത്തില്ലെന്നതാണ് വിചിത്രം.

ഡോക്ടര്‍ പിന്നീട് ഫേസ്ബുക്കില്‍ ഇതേക്കുറിച്ച് പ്രതികരിച്ചെങ്കിലും അല്‍പ സമയത്തിനു ശേഷം പോസ്റ്റ് നീക്കം ചെയ്തു. മാധ്യമങ്ങളുടെ ചോദ്യത്തിനു വനിതാ ജിപി മറുപടി നല്‍കിയില്ല. കുട്ടി നേരിട്ട ദുരനുഭവത്തില്‍ ഖേദമുണ്ടെന്നും വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും വെല്‍ഷ് ആബുലന്‍സ് സര്‍വീസ് വക്താവ് പറഞ്ഞു. ഇത് അതീവ ഗൗരവമായി കാണേണ്ട വിഷയമാണെന്നും ഡോക്ടര്‍ നേരിട്ട് സഹായം അഭ്യര്‍ഥിക്കുമ്പോള്‍ രോഗിയായി കുട്ടി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടേണ്ടതാണെന്നും വെല്‍ഷ് അസംബ്ലി മെമ്പര്‍ ഡാരന്‍ മില്ലര്‍ അഭിപ്രായപ്പെട്ടു. അടിയന്തിര സാഹചര്യത്തില്‍ കൃത്യമായി ഇടപ്പെട്ട ജിപിയുടെ സമര്‍പ്പണ ബോധവും പ്രതിജ്ഞാബദ്ധതയും കുട്ടിയുടെ ജീവന്‍ രക്ഷിച്ചുവെന്നും മില്ലര്‍ തന്റെ പ്രസ്താനയില്‍ കൂട്ടിച്ചേര്‍ത്തു.


ജനുവരി 26ന് വൈകീട്ട് 3.30ന് ആബുലന്‍സിന് വേണ്ടി അഭ്യര്‍ഥിച്ചിരുന്നെങ്കിലും 7 മണിയായിട്ടും സഹായം ലഭ്യമായില്ല. ഈ സമയത്ത് അവിടെ ലഭ്യമായിരുന്ന ഓക്‌സിജന്‍ തീര്‍ന്നുകൊണ്ടിരിക്കുകയായിരുന്നെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ജിപി പറഞ്ഞിരുന്നു. റെഡ് പ്രയോറിറ്റി അടിയന്തിര ആബുലന്‍സ് സേവനം ലഭിക്കാതിരുന്നത് കുട്ടിക്ക് ശ്വാസം നിലക്കാഞ്ഞത് കൊണ്ടാണ്. ഇത്തരമൊരു സാഹചര്യം തന്റെ 25 വര്‍ഷത്തെ മെഡിക്കല്‍ കരിയറില്‍ ആദ്യമാണെന്ന് കുട്ടിയെ ആശുപത്രിയെത്തിച്ച ഡോക്ടര്‍ പറയുന്നു.

ലണ്ടന്‍: ശമ്പളത്തില്‍ അസമത്വം കാണിച്ച ടെസ്‌കോ തങ്ങളുടെ വനിതാ ജീവനക്കാര്‍ക്ക് 4 ബില്ല്യണ്‍ പൗണ്ട് നഷ്ടപരിഹാരം നല്‍കേണ്ടി വരും. വെയര്‍ഹൗസ് ജീവനക്കാരേക്കാള്‍ കുറഞ്ഞ ശമ്പളം ലഭിക്കുന്ന സ്റ്റോര്‍ ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് നടപടി. സ്റ്റോര്‍ ജീവനക്കാര്‍ക്ക് വെയര്‍ഹൗസ് ജീവനക്കാരേക്കാള്‍ 5000 പൗണ്ട് കുറവാണ് പ്രതിവര്‍ഷം ലഭിക്കുന്നത്. നൂറോളം ജീവനക്കാര്‍ക്കു വേണ്ടി ലെയ് ഡേ എന്ന നിയമ സ്ഥാപനം നല്‍കിയിരിക്കുന്ന പരാതിയില്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഏതാണ്ട് രണ്ട് ലക്ഷത്തോളം പേരുണ്ടെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. വനിതാ ജീവനക്കാരാണ് ഇവര്‍ ഭൂരിപക്ഷവും.

ടെസ്‌കോ വെയര്‍ഹൗസ് ജീവനക്കാര്‍ക്ക് മണിക്കൂറിന് 8.50 പൗണ്ട് മുതല്‍ 11 പൗണ്ട് വരെയാണ് ശമ്പളം. എന്നാല്‍ സ്റ്റോര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നത് മണിക്കൂറില്‍ 8 പൗണ്ട് മാത്രമാണ്. ബ്രിട്ടനിലെ തന്നെ വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ശൃഖലയായ ടെസ്‌കോ കഴിഞ്ഞ ആറ് വര്‍ഷത്തെ ശമ്പള കുടിശ്ശികയായി 20,000 പൗണ്ട് വീതം ഓരോ ജീവനക്കാരിക്കും നല്‍കേണ്ടി വരുമെന്നാണ് വിവരം. ആസ്ഡ, സെയിന്‍സ്ബറി സൂപ്പര്‍ മാര്‍ക്കെറ്റുകള്‍ക്കെതിരെയും സമാന നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഏതാണ്ട് 20,000ത്തോളം ജീവനക്കാര്‍ ആസ്ഡയില്‍ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ആസ്ഡയിലെ വെയര്‍ ഹൗസ് ജീവനക്കാരുടെയും ഷോപ്പ് വര്‍ക്കേഴ്‌സിന്റെയും ശമ്പളത്തില്‍ അസമത്വം നിലനില്‍ക്കുന്നുണ്ട്. സെയിന്‍സ്ബറി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഏതാണ്ട് 1,000 ത്തോളം ജീവനക്കാര്‍ സമാന സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു.

ലണ്ടന്‍: രാജ്യത്തിന്റെ സമ്പദ്ഘടന നിലവിലെ സ്ഥിതിയില്‍ തുടരുകയാണെങ്കില്‍ പലിശ നിരക്കില്‍ വര്‍ദ്ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സൂചന നല്‍കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ബാങ്ക് പോളിസി മേക്കേഴ്‌സിന്റെ അവസാന യോഗത്തില്‍ 0.5 ശതമാനം പലിശ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ഐകകണ്‌ഠ്യേന തീരുമാനിച്ചിരുന്നു. നവംബറില്‍ നടന്ന സാമ്പത്തിക റിവ്യൂ അനുസരിച്ച് പലിശ വര്‍ദ്ധനവ് നേരത്തെ വരുത്തേണ്ടതായിരുന്നുവെന്ന് പോളിസി മേക്കേഴ് വിലിയിരുത്തി. നിരക്ക് വര്‍ദ്ധന മെയ് മാസത്തില്‍ നിലവില്‍ വരുമെന്നാണ് സാമ്പത്തിക വിദ്ഗദര്‍ കണക്കാക്കുന്നത്.

പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് കുടുംബ ബജറ്റുകളെയു സമ്പദ്ഘടനയെയും ബാധിക്കാന്‍ സാധ്യതയുണ്ട്. യുകെയിലെ 8.1 ദശലക്ഷത്തോളം ആളുകള്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തിട്ടുള്ളവരാണ്. ഇവയില്‍ പകുതിയോളം സ്റ്റാന്‍ഡാര്‍ഡ് നിരക്കിലുള്ളവും പകുതി വേരിയബിള്‍ നിരക്കിലുള്ളവയുമാണ്. ബാങ്ക് ഓഫ് ഇഗ്ലണ്ട് പുനര്‍ നിര്‍ണ്ണയിക്കുന്ന പലിശ നിരക്ക് ഇത്തരം വായ്പകളുടെ പലിശ നിരക്കിലും വര്‍ദ്ധനവുണ്ടാക്കും. പത്ത് വര്‍ഷത്തിനിടെ ആദ്യമായി നവംബറിലാണ് വായ്പ നിരക്കില്‍ ബാങ്ക് വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. 0.25 നിന്ന് 0.5 ശതമാനമായിരുന്നു അന്ന് വര്‍ദ്ധിപ്പിച്ചത്.

0.25 ശതമാനത്തില്‍ നിന്നും മൂന്ന് വര്‍ഷത്തിനിടയില്‍ രണ്ട് തവണകൂടി വര്‍ദ്ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിക്കുന്ന വര്‍ദ്ധനവ് പ്രതീക്ഷിച്ചതിലും നേരെത്തെയാണ്. കഴിഞ്ഞ 7 വര്‍ഷത്തിനിടയ്ക്ക് ലോക സാമ്പത്തിക രംഗം വലിയ വളര്‍ച്ചയുടെ പാതയിലാണെന്നും അതിന്റെ ഗുണഫലങ്ങള്‍ യുകെക്ക് ലഭിക്കുന്നുണ്ടെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരീക്ഷിച്ചു. വേതന വര്‍ദ്ധനവ് യുകെയുടെ സാമ്പത്തിക രംഗത്തിന് കൂടുതല്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

പ്രസാദ്‌ ഒഴാക്കല്‍

പൂള്‍ മലയാളികളുടെ സൗഹൃദ കൂട്ടായ്മ യായ ഫ്രണ്ട്‌സ് ഓഫ് പൂള്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അതിമനോഹരമായി ആഘോഷിച്ചു. 28-01-2017 ശനിയാഴ്ച വൈകുന്നേരം ആണ് ഫ്രണ്ട്‌സ് ഓഫ് പൂളിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസും ന്യൂ ഇയറും ആഘോഷിച്ചത്. സൗഹൃദത്തിന് എന്നും ഒന്നാം സ്ഥാനം നല്‍കുന്ന ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് സന്തോഷത്തിന്റെ ഇരട്ടി മധുരം നുണയാനുളള അവസരം കൂടിയായി ഈ ആഘോഷദിനം മാറിയത് എല്ലാവരിലും ഉത്സാഹ മുണര്‍ത്തുകയുംചെയ്തു. ഫ്രണ്ട്‌സ് ഓഫ് പൂളിന്റെ അവിഭാജ്യ ഘടകവും ഏവര്‍ക്കും ഒരു പോലെ പ്രിയങ്കരനുമായ പോളിമാഞ്ഞൂരാന്റെ അന്‍പതാം പിറന്നാള്‍ദിനം ആഘോഷിക്കാന്‍ കൂടി ഈ വേദിയില്‍ സാധിച്ചു എന്നതാണ് എല്ലാവരെയും ഏറെ സന്തോഷിപ്പിച്ചത്.

ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ ആയിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആഘോഷത്തിന് എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ക്ലബ് ഭാരവാഹി ജിജോ പൊന്നാട്ട് സ്വാഗതം ആശംസിച്ചു . നോബിള്‍ തെക്കെമുറി ക്രിസ്തുമസ് ന്യൂ ഇയര്‍ സന്ദേശം നല്‍കി ആശംസകള്‍ അറിയിച്ചു. ഫ്രണ്ട്‌സ് ഓഫ് പൂളിന്റെ അംഗവും യുകെയിലെ പ്രശസ്ത ലൈവ് ഓര്‍ക്കസ്ട്ര  ടീമായ ഗ്രേസ് മെലഡിയോസിലെ പ്രധാന ഗായകനുമായ നോബിള്‍ മാത്യുവിന്റ നേതൃത്വത്തില്‍ നടന്ന ലൈവ് ഗാനമേളയായിരുന്നു ആഘോഷരാവിലെ പ്രധാന ആകര്‍ഷണം. ഗാനമേളയെക്കാപ്പം തന്നെ ഫ്രണ്ട്‌സ് ഓഫ് പൂള്‍ അംഗങ്ങള്‍ തന്നെ അവതരിപ്പിച്ചു വിവിധ കലാ പരിപാടികള്‍ ആഘോഷത്തിന് മാറ്റ് കൂട്ടി.

ജിബു കൂര്‍പ്പള്ളി, റെജി കുഞ്ഞാപ്പി, മാര്‍ട്ടിന്‍ കുര്യന്‍, ടോം ജോസഫ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു ആഘോഷ പരിപാടികള്‍ അരങ്ങേറിയത്. ഒരു കുടുംബ കൂട്ടായ്മ പോലെ മനോഹരമായി പുതുവത്സരത്തെ വരവേറ്റ ആനന്ദത്തില്‍ ആയിരുന്നു പരിപാടിയില്‍ പങ്കെടുത്ത എല്ലാവരും. കലാപരിപാടികള്‍ക്കും ഗാനമേളയ്ക്കും ശേഷം വിഭവ സമൃദ്ധമായ ക്രിസ്തുമസ് – ന്യൂ ഇയര്‍ ഡിന്നറും കഴിച്ചാണ് എല്ലാവരും പിരിഞ്ഞത്.

 

ഡ്രൈവിംഗ് ലൈസന്‍സിനായുള്ള തിയറി പരീക്ഷയില്‍ ബ്ലൂടുത്ത് ഡിവൈസ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ തുര്‍ക്കി സ്വദേശി പിടിയില്‍. കബാബ് ഷെഫ് ആയ ഇസാ യാസ്ഗിയാണ് ഡ്രൈവര്‍ ആന്റ് വെഹിക്കിള്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് ഏജന്‍സിയുടെ പിടിയിലായത്. 1,000 പൗണ്ട് പ്രതിഫലം വാങ്ങി തുര്‍ക്കി സ്വദേശികളാണ് തട്ടിപ്പ് നടത്താന്‍ സഹായിച്ചതെന്ന് യാസ്ഗിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. സ്റ്റാഫോഡ്ഷയര്‍, കോബ്രിഡ്ജില്‍ താമസിച്ചു വരുന്ന യാസ്ഗിക്കെതിരെ രണ്ട് കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. യാസ്ഗി ഡ്രൈവിംഗ് ലൈസന്‍സിനായുള്ള തിയറി പരീക്ഷയില്‍ ബ്ലൂടുത്ത് ഡിവൈസ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് 12 മാസത്തെ സാമൂഹിക സേവനവും 180 മണിക്കൂര്‍ ശമ്പളമില്ലാത്ത ജോലിയും ശിക്ഷയായി ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ 185 പൗണ്ട് കോടതി ചെലവും 85 പൗണ്ട് വിക്റ്റിം സര്‍ച്ചാര്‍ജും അടക്കണം.

വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് പലര്‍ക്കും ട്രാഫിക്ക് നിയമങ്ങള്‍ അറിയില്ലെന്നത് അതീവ ഗൗരവമായി കാണേണ്ട കാര്യമാണെന്ന് കേസ് പരിഗണിച്ച ബെഞ്ച് ചെയര്‍മാന്‍ ക്രിസ്റ്റഫര്‍ ഡാല്‍ട്ടണ്‍ പറഞ്ഞു. നോര്‍ത്ത് സ്റ്റാഫോഡ്‌ഷെയറിലെ ജസ്റ്റിസ് സെന്ററില്‍ നടന്ന വിചാരണയില്‍ യാസ്ഗി കെന്റിലെ ചാത്താമില്‍ നടന്ന ടെസ്റ്റിലും സ്റ്റാഫ്‌സിലെ ഹാന്‍ലിയിലും നടന്ന ടെസ്റ്റിലും തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ആദ്യത്തെ തവണ യാസ്ഗി ടെസ്റ്റിനായി നല്‍കിയ ഹെഡ് ഫോണിനുള്ളില്‍ വെച്ച് ബ്ലൂടൂത്ത് ഡിവൈസ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നതായി പ്രോസിക്യൂട്ടര്‍ മോയിറ ബെല്‍ മജിസ്‌ട്രേറ്റിനെ അറിയിച്ചു. ഒരു മാസത്തിനു ശേഷമാണ് രണ്ടാമത്തെ തട്ടിപ്പ് യാസ്ഗി നടത്തിയത്.

ഏതെങ്കിലും തരത്തിലുള്ള മൊബൈല്‍ ഉപകരണങ്ങള്‍ കൈവശമുണ്ടോ എന്ന് പരിശോധകര്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു യാസ്ഗി മറുപടി നല്‍കിയത്. എന്നാല്‍ സംശയം തോന്നിയ സ്റ്റാഫ് ഇയാളെ നിരീക്ഷിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ വെയിസ്റ്റ് ബാന്‍ഡില്‍ നിന്ന് എന്തോ ഉപകരണം ഹെഡ്‌ഫോണില്‍ വെക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സ്റ്റാഫ് അംഗം പരിശോധിച്ചപ്പോള്‍ അത് ബ്ലൂടുത്ത് ഡിവൈസാണെന്ന് മനസ്സിലാകുകയായിരുന്നു. തുര്‍ക്കി കുടിയേറ്റക്കാരാണ് പരീക്ഷ വിജയിക്കാന്‍ ഇങ്ങനെയൊരു എളുപ്പമാര്‍ഗമുണ്ടെന്ന് പറഞ്ഞുതന്നതെന്ന് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറിയാലും ബ്രിട്ടനെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ കരുക്കള്‍ നീക്കി ബ്രസല്‍സ്. 2019 മാര്‍ച്ച് വരെ നീളുന്ന രണ്ട് വര്‍ഷത്തെ പിന്‍മാറ്റ കാലയളവില്‍ ധാരണകള്‍ തെറ്റിച്ചാല്‍ ബ്രിട്ടനു മേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനാണ് യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം ഉദ്ദേശിക്കുന്നത്. അന്തിമ ധാരണയിലെത്തുന്നത് വരെ ഏതെങ്കിലും പിഴവുകള്‍ സംഭവിച്ചാല്‍ ബ്രിട്ടനെ പ്രതിക്കൂട്ടിലാക്കാനുള്ള വ്യവസ്ഥകള്‍ ധാരണകളില്‍ ബ്രസല്‍സ് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചോര്‍ന്ന് കിട്ടിയ രേഖകള്‍ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ ബ്രിട്ടന്‍ യൂണിയന്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് യൂറോപ്യന്‍ കോടതിയില്‍ പരാതികളുമായെത്തുമോ എന്ന ഭയമാണ് ഇതില്‍ നിഴലിക്കുന്നത്.

ഇപ്രകാരം സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകളാണ് ബ്രസല്‍സ് സ്വീകരിച്ചിരിക്കുന്നത്. സിംഗിള്‍ മാര്‍ക്കറ്റിലേക്കുള്ള പ്രവേശനം നിഷേധിക്കുക, സമ്പദ് വ്യവസ്ഥയുടെ സുപ്രധാന മേഖലകളില്‍ സ്വാധീനം തടയുക, യൂറോപ്യന്‍ കോടതിയിലെ ജഡ്ജുമാരുടെ തീരുമാനങ്ങള്‍ ചോദ്യം ചെയ്യാനുള്ള അവകാശം നിഷേധിക്കുക, ബ്രിട്ടീഷ് എയര്‍ലൈനുകളുടെ വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇറങ്ങാനുള്ള അനുമതി നിഷേധിക്കുക തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്. ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനും രാജ്യാന്തര വാണിജ്യ ബന്ധങ്ങള്‍ക്കും ഈ ഉപരോധങ്ങള്‍ പ്രതിസന്ധിയുണ്ടാക്കും.

സാഹചര്യങ്ങള്‍ എന്തായാലും നമ്മുടെ നിലപാടുകള്‍ ശക്തമായി അവതരിപ്പിക്കുമെന്നാണ് കോമണ്‍സിലെ ചോദ്യോത്തര വേളയില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയത്. നമുക്ക് ചേരുന്ന ധാരണയിലേ അവസാനമായി ഒപ്പുവെക്കുകയുള്ളു. അതിനു മുമ്പായി എല്ലാ വിധത്തിലുള്ള അഭിപ്രായങ്ങളും കേള്‍ക്കുമെന്നും അവര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ ഉന്നയിക്കുന്ന ഇത്തരം ബാലിശമായ ഭീഷണികള്‍ അവരുടെ ഭീതിയാണ് കാണിക്കുന്നതെന്ന് കടുത്ത ബ്രെക്‌സിറ്റ് വാദിയായ ബെര്‍ണാര്‍ഡ് ജെന്‍കിന്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ എത്രമാത്രം പരാജമാണെന്ന് നാം അവരെ കാട്ടിക്കൊടുക്കാന്‍ പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ കമ്പ്യൂട്ടറിനെ സുരക്ഷിതമായി സൂക്ഷിക്കാന്‍ നിങ്ങള്‍ ആന്റി വൈറസുകള്‍ ഉപയോഗിക്കാറില്ലേ? സുരക്ഷിതമായ ഓണ്‍ലൈന്‍ ഉപയോഗത്തിന് അവ നിങ്ങളെ സഹായിക്കാറുമുണ്ട്. എന്നാല്‍ രാജ്യത്തിന്റെ മുഴുവന്‍ ഇന്റര്‍നെറ്റ് സംവിധാനവും തകരാറിലാക്കാന്‍ കഴിഞ്ഞാലോ! ബ്രിട്ടന്റെ ഇന്റര്‍നെറ്റ് സംവിധാനങ്ങളെ മുഴുവന്‍ നിയന്ത്രിക്കുന്ന സമുദ്രാന്തര ഇന്റര്‍നെറ്റ് കേബിളുകളെ ലക്ഷ്യം വെച്ച് റഷ്യ കരുനീക്കങ്ങള്‍ നടത്തുന്നതായി സൂചന. ഇത്തരം ആക്രമണങ്ങളെ നിയന്ത്രിക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന നാവിക സേനയ്ക്ക് പ്രാപ്തിയുണ്ടോയെന്ന കാര്യവും സംശയമാണ്. ബ്രിട്ടന്റെ മുഴുവന്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങളെയും തകരാറിലാക്കാന്‍ ഒരു സ്‌കൂബ സ്യൂട്ടും പ്ലയറുമുണ്ടെങ്കില്‍ സാധിക്കും എന്നതാണ് വാസ്തവം. ഫേസ്ബുക്ക് സന്ദേശങ്ങളുടെ കൈമാറ്റവും വീഡിയോ ഷെയറിംഗുകളും ബാങ്ക് അക്കൗണ്ട് ഇടപാടുകളും ഉള്‍പ്പെടെ രാജ്യത്തിന്റെ 97 ശതമാനത്തോളം വരുന്ന ഇന്റര്‍നെറ്റ് പ്രവര്‍ത്തനങ്ങളും സാധ്യമാക്കുന്നത് ഇത്തരം സമുദ്രാന്തര കേബിളുകളാണ്.

അമേരിക്ക, ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലൂടെയൊക്കെ കണക്ട് ചെയ്യപ്പെട്ടിരിക്കുന്ന ഇത്തരം സമുദ്രാന്തര കേബിളുകളാണ് ബ്രിട്ടനെ പുറത്തുള്ള ഇന്റര്‍നെറ്റ് ലോകവുമായി കണക്ട് ചെയ്യിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരം കേബിളുകളുടെ സുരക്ഷ അതീവ പ്രധാന്യത്തോടെ കാണേണ്ടവയാണ്. എന്നാല്‍ സമീപകാലത്തെ റിപ്പോര്‍ട്ടുകള്‍ ബ്രിട്ടന്റെ ഇന്റര്‍നെറ്റ് കേബിളുകള്‍ സുരക്ഷിതമായ രീതിയില്‍ അല്ല നിലനിര്‍ത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നു. കേബിളുകള്‍ സുരക്ഷിതമല്ലെന്ന് റഷ്യയ്ക്കും അറിവുള്ളവയാണ്. സമുദ്രാന്തര കേബിളുകള്‍ക്കും മുന്‍പും ഇത്തരത്തില്‍ റഷ്യന്‍ ഭീഷണികള്‍ ഉയര്‍ന്നിട്ടുണ്ട്. അറ്റലാന്റിക്ക് സമുദ്ര പരിധിയില്‍ വെച്ച് കേബിളുകള്‍ക്കടുത്ത് റഷ്യ നടത്തിയ നീക്കത്തെക്കുറിച്ച് യുഎസ് സേന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം ഓപ്പറേഷനുകള്‍ സമീപകാലത്ത് വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

2013ല്‍ യൂറോപ്പിനെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന ഇന്റര്‍നെറ്റ് കേബിളുകള്‍ വിച്ഛേദിക്കാന്‍ ശ്രമിച്ച സ്‌കൂബാ ഡൈവേഴ്‌സിനെ ഈജിപ്ത് നാവികസേന അറസ്റ്റ് ചെയ്തിരുന്നു. ഒരു വര്‍ഷത്തിനു ശേഷം ക്രിമിയയെ അക്രമിച്ച സമയത്ത് റഷ്യ ആദ്യം ചെയ്തത് മറ്റു രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന കേബിളുകള്‍ വിച്ഛേദിക്കുകയായിരുന്നു. സ്രാവുകള്‍ കേബിളുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തരം ആക്രമണങ്ങളേക്കാള്‍ അപകട സാധ്യതയാണ് തീവ്രവാദികള്‍ സൃഷ്ടിക്കുന്നത്. കേബിളുകള്‍ സ്റ്റീല്‍ ആവരണങ്ങളാല്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആക്രമണങ്ങളെ ചെറുക്കാന്‍ മാത്രം അതു മതിയാകില്ലെന്നാണ് വിലയിരുത്തല്‍.

മലയാളി അനസ്തറ്റിസ്റ്റ് യുകെയില്‍ ആത്മഹത്യ ചെയ്തു. രണ്ടാം വിവാഹ മോചനത്തെത്തുടര്‍ന്നുണ്ടായ നിരാശയിലാണ് 41 കാരനായ ജോര്‍ജ്ജ് ഈപ്പന്‍ ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. ഇദ്ദേഹം ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയില്‍ നിന്നും മോഷ്ടിച്ച മരുന്നുകളുടെ മിശ്രിതം കുത്തിവെച്ചാണ് ഈപ്പന്‍ ആത്മഹത്യ ചെയ്തത്. ഭാര്യയില്‍ നിന്ന് വിവാഹമോചനത്തിനായുള്ള ഡോക്യുമെന്റുകള്‍ ലഭിച്ചതിനു ശേഷം പീക്ക് ഡിസ്ട്രിക്ടിലെ പ്രാന്ത പ്രദേശത്ത് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

മലയാളിയായ ജോര്‍ജ് ഈപ്പന്‍ ജിപിയായ ആമി എന്ന സ്ത്രീയെ വിവാഹം ചെയ്തിട്ട് ഏതാണ്ട് മൂന്നു വര്‍ഷത്തോളമായി. കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇരുവരും നിരവധി കൗണ്‍സിലിംഗ് സെഷനുകളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഒക്‌ടോബറിലാണ് വിവാഹ മോചനം സംബന്ധിച്ച് നടപടികള്‍ ആരംഭിച്ചത്. മരിക്കുന്നതിന് മുന്‍പ് ഇയാള്‍ സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചിരുന്നു. സുഹൃത്തുക്കളാണ് ഇക്കാര്യം പൊലീസില്‍ അറിയിച്ചത്. സുഹൃത്തുക്കള്‍ നടത്തിയ തിരിച്ചലില്‍ ജോര്‍ജ്ജ് ഈപ്പനെ ജീവനോടെ കണ്ടെത്തിയെങ്കിലും ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു.

ചെന്നൈയില്‍ നിന്നും മെഡിക്കല്‍ ഡിഗ്രി സ്വന്തമാക്കിയ ഈപ്പന്‍ മുംബൈയില്‍ ജോലി ചെയ്തു വരുന്നതിനിടെ 2001 ലാണ് ഇഗ്ലണ്ടിലേക്ക് ചേക്കേറിയത്. ഇഗ്ലണ്ടിലെ ഗ്ലാസ്‌ഗോയില്‍ ട്രെയിനി അനസ്തറ്റിസ്റ്റായി ജോലി ആരംഭിച്ച ഈപ്പന്‍ 2004ല്‍ ഷെഫീല്‍ഡിലേക്ക് താമസം മാറി. ആറു വര്‍ഷത്തിനിടെ 80,000 പൗണ്ട് ഒരു വര്‍ഷം പ്രതിഫലം വാങ്ങുന്ന ന്യൂറോഅനസ്തറ്റിസ്റ്റായി അദ്ദേഹം പ്രമോട്ട് ചെയ്യപ്പെട്ടു. ഇക്കാലയളവില്‍ ഷെഫില്‍ഡിലെ ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലാണ് ഇദ്ദേഹം ജോലി ചെയ്തു വന്നിരുന്നത്.

യുണിവേഴ്‌സിറ്റി പ്രൊഫസര്‍ കൂടിയായ ഈപ്പന്റെ ആദ്യ വിവാഹജീവിതം ഒരു വര്‍ഷം മാത്രമെ നീണ്ടു നിന്നിരുന്നുള്ളു. ആദ്യ വിവാഹം മോചനം ഈപ്പനെ മാനസിക പിരിമുറുക്കത്തിലാക്കിയിരുന്നു. 2012 ലാണ് ഈപ്പന്‍ ആമി എന്ന യുവതിയുമായി പ്രണയത്തിലാകുന്നത്, രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം.

പി.ആര്‍.ഒ. യുക്മ 

യുക്മ നാഷണൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും, ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി അർദ്ധ കാലാവധിയിലെ ജനറൽ ബോഡി യോഗം 2018 ഫെബ്രുവരി 24 ന് വാൽസാളിലെ റോയൽ ഹോട്ടലിൽ വച്ച് ചേരുന്നതാണ്. അംഗ അസോസിയേഷനുകളിൽ നിന്ന് യുക്മ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവർക്ക് ജനറൽ ബോഡി യോഗത്തിൽ വോട്ട് ചെയ്യാനുള്ള അവകാശത്തോടെ പങ്കെടുക്കാം. അസോസിയേഷൻ ഭാരവാഹികളെയും യുക്മയുടെ അഭ്യുദയകാംക്ഷികളെയും ജനറൽ ബോഡി യോഗത്തിൽ സംബന്ധിക്കുന്നതിനും അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുവാനും സ്വാഗതം ചെയ്യുന്നു.

യുക്മ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ, സെക്രട്ടറി റോജിമോൻ വറുഗീസ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് വായിക്കുന്നതും, ട്രഷറർ അലക്സ് വർഗീസ് വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കുന്നതുമാണ്. യുക്മ നാഷണൽ കമ്മിറ്റി വിഭാവനം ചെയ്തു നടപ്പിലാക്കിയ വിവിധ പദ്ധതികളുടെയും പരിപാടികളുടെയും ചുമതല ഉണ്ടായിരുന്നവക്ക് പോയ വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കുന്നതിനും, വരും വർഷത്തെ പരിപാടികൾ എപ്രകാരം വിഭാവനം ചെയ്തിരിക്കുന്നു എന്ന് വിശദീകരിക്കുന്നതിനും അവസരമുണ്ടായിരിക്കും.

ഓരോ റീജിയന്റെയും പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുന്നതിന് റീജിയണൽ പ്രസിഡന്റ് (അല്ലെങ്കിൽ സെക്രട്ടറി) എന്നിവർക്കും അവസരം നൽകുന്നതാണ്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ യുക്മയെ വളർത്തുന്നതിനോടൊപ്പം, യു കെ മലയാളികൾക്കും മറ്റുള്ളവർക്കും പരമാവധി പ്രയോജനം ലഭിക്കത്തക്കവണ്ണം യുക്മയുടെ പ്രവർത്തനമേഖല വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പ്രാവശ്യത്തെ ജെനറൽ ബോഡി സംവിധാനം ചെയ്തിരിക്കുന്നത്. തുടർന്ന് ചോദ്യോത്തര വേളയും ആവശ്യമായ കാര്യങ്ങളിലുള്ള ചർച്ചകളും ഉണ്ടായിരിക്കും.

യുക്മ ജനറൽ ബോഡിയിൽ ചർച്ചക്കെടുക്കേണ്ട പ്രധാന കാര്യങ്ങൾ ഉണ്ട് എങ്കിൽ യുക്മ നാഷണൽ ജനറൽ സെക്രട്ടറി റോജിമോനെ ഫെബ്രുവരി 17 ന് മുമ്പായി [email protected] എന്ന ഇമെയിൽ അഡ്രസ്സിൽ അറിയിക്കേണ്ടതാണ്.

രാവിലെ കൃത്യം 10 മണിക്ക് യുക്മ ദേശീയ നിർവാഹക സമിതി യോഗം നടക്കുന്നതും തുടർന്ന് യുക്മ നാഷണൽ ജനറൽ ബോഡി ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്നതാണ്. 2 മണിക്ക് ഉച്ചഭക്ഷണത്തിനു പിരിയുന്ന യോഗം 2 .45 വീണ്ടും ചേരുന്നതും, 6 മണിയോടെ അവസാനിപ്പിക്കുന്നതിനുമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. എല്ലാ യുക്മ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്ത് നമ്മുടെ കൂട്ടായ്മയെ ഉന്നതിയുടെ പുതിയ മേഖലകളിലേക്ക് എത്തിക്കുവാൻ നിസ്വാർത്ഥമായി സഹകരിക്കണമെന്ന് യുക്മ നാഷണൽ കമ്മിറ്റി അഭ്യർത്ഥിക്കുന്നു

യോഗം നടക്കുന്ന വേദിയുടെ വിലാസം
The Royal Hotel Walsall,
Ablewell Street, WS1 2EL.

മലയാളം യുകെ ന്യൂസ് സ്പെഷ്യല്‍

വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് അല്‍പം അതിഭാവുകത്വത്തോടെയാണെങ്കിലും പലരും പറയുന്നത് നാളെകളില്‍ ബ്രിട്ടീഷുകാരും അമേരിക്കക്കാരും ഇന്ത്യന്‍ കമ്പനികളില്‍ ജോലി ലഭിച്ച് ഇന്ത്യന്‍ വിസക്കായി കാത്തിരിക്കുന്ന ഒരു കാലം വരുമെന്നാണ്. പ്രവചനം യാഥാര്‍ത്ഥ്യമാക്കി ഒരു ലണ്ടന്‍ മലയാളി ഇംഗ്ലണ്ടിലെ തന്റെ മികച്ച ജോലി ഉപേക്ഷിച്ച് കേരളത്തിലെ കൊല്ലത്ത് ജോലിക്ക് പോകാന്‍ തയ്യാറായിരിക്കുകയാണ്. ബിബിസിയുടെ ‘മാസ്റ്റര്‍ ഷെഫ്’ പാചക പരിപാടിയിലൂടെ പ്രശസ്തനായ ലണ്ടന്‍ മലയാളി സുരേഷ് പിള്ളയാണ്. ലണ്ടനിലെ തന്റെ ജോലി ഉപേക്ഷിച്ച് പ്രശസ്ത വ്യവസായി രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള കൊല്ലം രാവിസിലെ എക്സിക്യൂട്ടീവ് ഷെഫായി ജോലിക്ക് ചേര്‍ന്നത്. കൊല്ലം സ്വദേശിയായ സുരേഷിനിത് ജന്മനാട്ടിലേക്കുളള മടങ്ങിപ്പോക്കാണ്.

യുകെയിലും യൂറോപ്പിലും ധാരാളം പ്രേക്ഷകരുള്ള ലോക പ്രശസ്ത പാചക മത്സരത്തില്‍ മത്സരിച്ച ഏക മലയാളിയാണ് സുരേഷ് പിള്ള. ആയിരക്കണക്കിന് മത്സരാര്‍ത്ഥികളില്‍ നിന്നാണ് ബിബിസിയുടെ പരിപാടിക്ക് സുരേഷിന് അവസരം ലഭിച്ചത്. പുളിയിട്ട് തേങ്ങാപ്പാല്‍ ചേര്‍ത്ത മീന്‍കറിയാണ് സുരേഷ് കേരളത്തിന്റെ തനതു വിഭവമായി ബിബിസിയുടെ പാചക പരിപാടിയില്‍ അവതരിപ്പിച്ചത്. സൗത്ത് ഇന്ത്യന്‍ ഭക്ഷണത്തിലും കേരളാ പാരമ്പര്യത്തിലും അഭിമാനിക്കുന്ന സുരേഷിന് ബിബിസി പരിപാടിയില്‍ മീന്‍ കറിയുണ്ടാക്കാന്‍ പ്രചോദനമായത് തന്റെ അമ്മയാണ്.

കഴിഞ്ഞ 13 വര്‍ഷമായി ലണ്ടനില്‍ താമസിക്കുന്ന സുരേഷ് പിള്ളയുടെ കൈപുണ്യം അറിഞ്ഞവരാണ് റോജര്‍ ഫെഡറര്‍, കുമാര്‍ സംഗക്കാര തുടങ്ങിയ പ്രശസ്തര്‍. എന്തായാലും ഇനിയും സുരേഷിന്റെ വിഭവങ്ങളുടെ രുചിയറിയുന്നതിനുള്ള ഭാഗ്യം കൊല്ലം രാവിസിലെ അതിഥികള്‍ക്കാണ്.

Copyright © . All rights reserved