UK

ന്യൂസ് ഡെസ്ക്

മേഗൻ മാർക്കലാണ് ബ്രിട്ടണിലെ ഇപ്പോഴത്തെ സൂപ്പർ താരം. റോയൽ വെഡിംഗ് വാർത്ത പുറത്തു വിട്ടതിൽ പിന്നെ സോഷ്യൽ മീഡിയയും പത്രങ്ങളും ക്യാമറക്കണ്ണുകളും മേഗനെ പിന്തുടരുകയാണ്. പ്രിൻസ് ഹാരിയുടെ പ്രതിശ്രുത വധുമായ മേഗൻ മാർക്കലിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ ആണ് നീക്കം ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ 1.9 മില്യണും ട്വിറ്ററിൽ 350,000 ഉം ഫോളോവേഴ്സ് മേഗന് ഉണ്ടായിരുന്നു. ഫേസ്ബുക്കിൽ 800,000 ലേറെ ലൈക്കുകൾ ആണ്  മേഗന്റെ പേജിന് ലഭിച്ചത്.

മെയ് 19നാണ് ഇരുവരും വിവാഹിതരാകുന്നത്. അന്നേ ദിവസം ബ്രിട്ടണിലെ പബുകളും ബാറുകളും രാത്രി വൈകിയും പ്രവർത്തിക്കാൻ അനുമതി നല്കിയിട്ടുണ്ട്. രാജകീയ വിവാഹം ബ്രിട്ടണിലെ ഒരു വലിയ ആഘോഷമായി മാറും. അന്നു തന്നെയാണ് എഫ്.എ കപ്പ് ഫൈനലും നടക്കുന്നത്. വിവാഹവും ഫുട്ബോളും ഒന്നിച്ച് വരുന്നതിനാൽ ബ്രിട്ടന്റെ സ്ട്രീറ്റുകൾ ആഘോഷത്തിമർപ്പിന്റെ ഒരു രാത്രി ബ്രിട്ടണിൽ സൃഷ്ടിക്കും.

പ്രിൻസ് ഹാരിയും മേഗനും തങ്ങളുടെ ആദ്യ പൊതുപരിപാടിയിൽ ഇന്നലെ ഒന്നിച്ച് പങ്കെടുത്തു. ബ്രിക് സ്റ്റണിലെ റേഡിയോ സ്റ്റേഷൻ സന്ദർശിക്കാനെത്തിയ ഹാരിയെയും മേഗനെയും കാണാൻ നൂറു കണക്കിന് ആളുകളാണ് തടിച്ചു കൂടിയത്. മാർക്ക് ആൻഡ് സ്പെൻസറിന്റെ സ്വെറ്റ് ഷർട്ടും ബർബറി ട്രൗസറും സ്മിത്ത് കോട്ടും ധരിച്ചാണ് മേഗൻ എത്തിയത്. ജനങ്ങളോട് സംസാരിക്കാനും ഹാൻഡ് ഷേക്ക് നല്കാനും പ്രിൻസ് ഹാരിയും മേഗനും സമയം കണ്ടെത്തി.

സജീഷ് ടോം

ഇഷ്ടഗാനങ്ങളുമായി മത്സരാർത്ഥികൾ എത്തുന്ന ഗർഷോം ടി വി- യുക്മ സ്റ്റാർ സിംഗർ 3 യുടെ ആദ്യ റൗണ്ട് മത്സരങ്ങൾ കൂടുതൽ ഗായക പ്രതിഭകളെ ശ്രോതാക്കളുടെ മുന്നിൽ അവതരിപ്പിക്കുകയാണ്. മൂന്നു ഗായകർ വീതം എത്തുന്ന അഞ്ച് എപ്പിസോഡുകളിലൂടെ പതിനഞ്ച് മത്സരാർഥികളാണ്‌ സ്റ്റാർസിംഗർ 3 യിൽ ഏറ്റുമുട്ടുന്നത്.

മത്സരത്തിന്റെ നാലാം എപ്പിസോഡ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകവഴി കൂടുതൽ സ്ഥിരം പ്രേക്ഷകരെ നേടിക്കൊണ്ട് ഗർഷോം ടി വി.യും പുത്തൻ നാഴികക്കല്ലുകൾതാണ്ടി മുന്നേറുകയാണ്. യുക്മ ദേശീയ കലാമേളകളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി സീനിയർ- ജൂനിയർ വിഭാഗങ്ങളിൽ സ്ഥിരം ജേതാക്കളായ ഹരികുമാർ വാസുദേവനും കൃപാ മരിയാ ജോർജും പാടുവാൻ എത്തുകയാണ് ഈ എപ്പിസോഡിൽ. അതുപോലെ തന്നെ, നോർത്ത് വെയ്ൽസിൽ നിന്നുള്ള ആദ്യമത്സരാർത്ഥിയായി ശോഭ ആൻ ജോർജ് കൂടി എത്തിയപ്പോൾ പ്രേക്ഷകർക്ക് ആകാംക്ഷയുടെ നിമിഷങ്ങൾ സമ്മാനിക്കുകയാണ് നാലാം എപ്പിസോഡ്.

ജാനകിയമ്മയുടെ ഗാനങ്ങളെ ഒരു പൂക്കാലമായി നെഞ്ചിലേറ്റുന്ന കൃപ ‘കൂടെവിടെ’ എന്ന സിനിമയിലെ “പൊന്നുരുകും പൂക്കാലം” എന്ന ഗാനമാണ് ആലപിക്കുന്നത്. ഒ എൻ വി കുറുപ്പിന്റെ രചനയിൽ മറ്റൊരു ജോൺസൺമാഷ് ഗാനവുമായെത്തുന്ന കൃപ, യുക്മ സ്റ്റാർസിംഗർ സീസൺ 2 ജേതാവ് അനു ചന്ദ്രയുടെ സ്വന്തം തട്ടകമായ സ്വിണ്ടനിൽനിന്നു തന്നെയാണെത്തിയിരിക്കുന്നത് എന്നത് തികച്ചും യാദൃശ്ചികം മാത്രമാണോ എന്നാണു പ്രേക്ഷകർ ഉറ്റുനോക്കുന്നത്. സ്റ്റാർ സിംഗർ 3 യിലെ ഏറ്റവും പ്രായം കുറഞ്ഞ മറ്റൊരു മത്സരാർത്ഥിയാണ് കൃപ.

രണ്ടാമത്തെ ഗാനവുമായെത്തുന്നത് ഷെഫീൽഡിൽ നിന്നുള്ള ഹരികുമാറാണ്. യുക്മ ദേശീയ കലാമേളകളിൽ സംഗീതവുമായി ബന്ധപ്പെട്ട എല്ലാ ഇനങ്ങളിലും സമ്മാനാർഹനാകുന്ന ഹരി, ഇക്കഴിഞ്ഞ ദേശീയ കലാമേളയിൽ സംയുക്ത കലാപ്രതിഭ കൂടിയായും തിളങ്ങിയിരുന്നു. ഹരിയോടൊപ്പം ദേശീയ കലാപ്രതിഭാ പട്ടം പങ്കുവച്ചത് സ്റ്റാർസിംഗർ 3യിലെ മറ്റൊരു മത്സരാർത്ഥിയായ സാൻ ജോർജ് തോമസ് ആയിരുന്നു എന്നത് മറ്റൊരു യാദൃശ്ചികത മാത്രം. കൈതപ്രം- ജോൺസൻ മാഷ്- യേശുദാസ് കൂട്ടുകെട്ടിൽ പിറന്ന “ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരക”വുമായാണ് ഹരി എത്തുന്നത്.

നോർത്ത് വെയിൽസിലെ പ്രസിദ്ധമായ സ്നോഡോണിയയിൽ നിന്നും എത്തുന്ന ശോഭ ആൻ ജോർജ് ആണ് ഈ എപ്പിസോഡിലെ അവസാന ഗായിക. യു എ ഇ യിൽ വിദ്യാഭ്യാസം പൂർത്തിയാക്കി യു.കെ.യിലെത്തിയ ശോഭ എൻ എച്ച എസ്സിൽ പ്രൊജക്റ്റ് ഓഫീസർ ആയി ജോലിചെയ്യുന്നതിനോടൊപ്പം തൻറെ സംഗീത സ്വപ്നങ്ങളെയും താലോലിക്കുന്നു. ജ്യോത്സന ആലപിച്ച “സുഖമാണീ നിലാവ്” എന്ന ഹൃദയഹാരിയായ ഗാനവുമായാണ് ശോഭ എത്തുന്നത്.

എല്ലാ വെള്ളിയാഴ്ചകളിലും ഗർഷോം ടി വി യിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർസിംഗർ 3 യുടെ ഓരോ പുതിയ എപ്പിസോഡുകളുമാണ് തുടർന്നുവരുന്ന ആഴ്ചകളിൽ യൂട്യൂബ് ലിങ്ക് സഹിതം വാർത്തയായി യു.കെ.യിലെ പ്രമുഖ ഓൺലൈൻ പത്രങ്ങളിൽ വരുന്നത്. യൂറോപ്പ് മലയാളി സമൂഹത്തിന്റെ സംഗീതയാത്രയായി മാറിക്കഴിഞ്ഞ യുക്മ സ്റ്റാർസിംഗർ 3 യുടെ ബ്രാൻഡ്‌ന്യൂ എപ്പിസോഡുകളുമായെത്തുന്ന വാർത്തകൾ പരമാവധി ഷെയർ ചെയ്തു കൂടുതൽ സംഗീത പ്രേമികളിൽ എത്തിക്കുവാൻ വിനയപൂർവം അഭ്യർത്ഥിക്കുന്നു.

ന്യൂഡല്‍ഹി: നാട്ടില്‍ മുതല്‍ മുടക്കാന്‍ ആഗ്രഹമുള്ള യുകെ മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത, ചില്ലറ വില്‍പ്പന രംഗത്ത് നൂറ് ശതമാനം മുതല്‍ മുടക്കാന്‍ വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ പുതിയ നയം പ്രഖ്യാപിച്ചതോടെ ആണ് ബ്രിട്ടീഷ് പാസ്പോര്‍ട്ട് ഉള്ള യുകെ മലയാളികള്‍ക്കും ഇനി ഇന്ത്യയില്‍ ചില്ലറ വില്‍പ്പന രംഗത്ത് നിക്ഷേപം നടത്താനുള്ള അവസരം കൈവന്നിരിക്കുന്നത്. ചില്ലറ വില്‍പ്പന മേഖലയിലും നിര്‍മാണ മേഖലയിലും നൂറുശതമാനം വിദേശ നിക്ഷേപത്തിനാണ് അനുമതി നല്‍കിയത്. ഇതിനു പുറമെ എയര്‍ ഇന്ത്യയില്‍ വിദേശ നിക്ഷേപം 49 ശതമാനം വരെയാക്കി. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് വിദേശ നിക്ഷേപത്തില്‍ കൂടുതല്‍ ഇളവനുവദിക്കാന്‍ തീരുമാനിച്ചത്.

ഇതോടെ ഒറ്റബ്രാന്‍ഡ് ചില്ലറ വില്‍പന മേഖലയില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഇടപെടാനുള്ള സാഹചര്യമൊരുങ്ങി. രാജ്യത്തെ ചെറുകിട വിപണിയെ ദൂരവ്യാപകമായി ബാധിക്കുന്ന തീരുമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി എടുത്തകളയാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. വിദേശ നിക്ഷേപം കൂടുതല്‍ എത്തുന്നത് ജിഡിപി വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഇളവനുവദിച്ചിരിക്കുന്നത്.

നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ വലിയ മാറ്റമാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് എയര്‍ ഇന്ത്യയിലെ വിദേശ നിക്ഷേപത്തിന്റെ പരിധി 49 ശതമാനമാക്കിയതാണ്. വിദേശ വിമാന കമ്പനികള്‍ക്ക് ഇനി 49 ശതമാനം വരെ എയര്‍ ഇന്ത്യയില്‍ സര്‍ക്കാര്‍ അനുമതിയോടെ നിക്ഷേപിക്കാന്‍ സാധിക്കും. നിക്ഷേപ പരിധി 49 ശതമാനമാക്കിയതുകൊണ്ട് ഉടമസ്ഥാവകാശം സര്‍ക്കാരിന്റെ കൈയില്‍ നിലനില്‍ക്കും എന്നതു മാത്രമാണ് ആശ്വാസം.

ചില്ലറ വില്‍പന മേഖലയില്‍ നുറു ശതമാനം വിദേശ നിക്ഷേപത്തിന് നിലവില്‍ അനുമതി ഉണ്ടായിരുന്നു. എന്നാല്‍ നിക്ഷേപം നടത്താന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമായിരുന്നു. ഈ നിബന്ധനയാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞിരിക്കുന്നത്. നേരത്തെ 49 മുതല്‍ 100 ശതമാനം വരെ വിദേശ നിക്ഷേപത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമായിരുന്നു. നിര്‍മാണ മേഖലയിലും സര്‍ക്കാര്‍ അനുമതി ആവശ്യമില്ലാതെ 100 ശതമാനം നിക്ഷേപം നടത്താം.

നോട്ട് അസാധുവാക്കല്‍, ജിഎസ്ടി എന്നിവ മൂലം സാമ്പത്തിക മേഖലയില്‍ ഉണ്ടായ മാന്ദ്യം മറികടക്കാനാണ് പുതിയ തീരുമാനമെന്നാണ് വിവരം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെത്തിയ വിദേശ നിക്ഷേപത്തിന്റെ അളവ് 6008 കോടി ഡോളറായിരുന്നു. പുതിയ ഇളവോടെ ഇത് 10000 കോടി ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് രംഗത്തെത്തി. ബിജെപി തിരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ചെന്ന് സംഘടന കുറ്റപ്പെടുത്തി.

 

‘വിജിയെ വിജയിപ്പിക്കു, വിജിയുടെ വിജയം യുകെകെസിഎ യുടെ വിജയം’ ലെസ്റ്ററിലെ ക്നാനായക്കാര്‍ ഈ തവണത്തെ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യമാണിത്. യുകെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ യുകെകെസിഎ അതിന്‍റെ അടുത്ത ടേമിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ഒരുങ്ങുമ്പോഴാണ് ഈ മുദ്രാവാക്യം മുഴക്കി ലെസ്റ്റര്‍ ക്നാനായ അസോസിയേഷന്‍ മറ്റ് സമുദായാംഗങ്ങളെ സമീപിക്കുന്നത്.

ഈ വരുന്ന യുകെകെസിഎ ഇലക്ഷനില്‍ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത് ലെസ്റ്ററിലെ വിജി ജോസഫ് ആണ്. പിന്നിട്ട രണ്ടു വര്‍ഷക്കാലം ലെസ്റ്ററിലെ ക്‌നാനായ അസോസിയേഷന്‍ സെക്രട്ടറി ആയി മികച്ച പ്രവര്‍ത്തനം പൂര്‍ത്തിയാക്കി നിലവില്‍ പ്രസിഡന്റ് ആയി സേവനം ചെയുന്ന വിജി മികച്ച സംഘടന പ്രവര്‍ത്തനത്തിലൂടെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയിട്ടുള്ള ആളാണ്‌. യുകെകെസിഎയുടെ കഴിഞ്ഞ എല്ലാപരിപാടികളിലും നേതൃത്വം  കൊടുത്ത വിജി യൂണിറ്റ് സമ്മാനങ്ങള്‍ കരസ്ഥമാക്കി ലെസ്റ്ററിനെ മികച്ച യൂണിറ്റായി മാറ്റുകയുണ്ടായി.

തന്റെ കഴിവുകളും നേതൃത്വ പാടവവും എല്ലാവരിലേക്കും എത്തിക്കുവാനും സുതാര്യവും കാലോചിതവുമായ പരിപാടികള്‍ നടപ്പിലാക്കി യുകെകെസിഎയെ യൂറോപ്പിലെ തന്നെ മികച്ച അസോസിയേഷന്‍ ആക്കുവാന്‍ വിജിയെ വിജയപ്പിക്കുവാനാണ് ലെസ്റ്റര്‍ ക്നാനായ അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. സൗമ്യനായ ഈ ചെറുപ്പക്കാരന്‍ നേതൃത്വത്തിലേക്ക് കടന്ന് വരുന്നത് വഴി സമുദായത്തിന് പുത്തന്‍ ഉണര്‍വ് കൈവരും എന്ന് വിശ്വസിക്കുന്ന ലെസ്റ്റര്‍ ക്നാനായ അസോസിയേഷന്‍ വിജിക്ക് എല്ലാ പിന്തുണയും നല്‍കി കൂടെയുണ്ട്.

 

ലണ്ടന്‍: ശ്വാസം നിലച്ച് ശരീരമാകെ നീലനിറം ബാധിച്ച പിഞ്ചുകുഞ്ഞിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചത് 999 കോള്‍. സാചാരി ലെഗ് എന്ന കുഞ്ഞിനാണ് അമ്മയുടെ മനസാന്നിധ്യത്തിലൂടെ ജീവന്‍ തിരികെക്കിട്ടിയത്. പരിഭ്രാന്തയായ അമ്മ ജാസ്മിന്‍ 999ല്‍ വിളിച്ച് സഹായമഭ്യര്‍ത്ഥിക്കുകയും ലൈനിലെത്തിയ ഡാരന്‍ ബ്രാഡ്‌ലി എന്ന പാരാമെഡിക്കിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് കുഞ്ഞിന് പ്രഥമശുശ്രൂഷകള്‍ നല്‍കുകയുമായിരുന്നു. കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച ഫോണ്‍ കോളിന്റെ ശബ്ദരേഖ പിന്നീട് ജാസ്മിന്‍ പുറത്തു വിടുകയും ചെയ്തു.

കഴിഞ്ഞ നവംബര്‍ 24നായിരുന്നും സംഭവമുണ്ടായത്. സഹോദരന്‍ ജോഷ്വയില്‍ നിന്നാണ് സാചാരിക്ക് പനിയും ചുമയും പകര്‍ന്നത്. നെഞ്ചില്‍ കഫം അടിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടെങ്കിലും അതി തനിയെ മാറിക്കൊള്ളുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. പിന്നീട് കുഞ്ഞിന്റെ ശരീരതാപം വല്ലാതെ കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ജാസ്മിന്‍ ജിപിയെ വിളിച്ചു. അടിയന്തരമായി ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റില്‍ എത്തിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ പെട്ടെന്ന് തന്നെ കുഞ്ഞിന്റെ ശ്വാസം നിലക്കുകയും ശരീരം നീല നിറമാകുകയും ചെയ്തു.

ജാസ്മിന്‍ അവസാന ശ്രമമെന്ന നിലക്കാണ് 999ല്‍ വിളിച്ചത്. കോള്‍ അറ്റന്‍ഡ് ചെയ്ത ഡാരന്‍ ജാസ്മിന് ചെയ്യേണ്ട കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. കുഞ്ഞിന്റെ മൂക്കും വായം ജാസ്മിന്റെ വായിലേക്ക് ചേര്‍ത്ത് വെച്ച് ശ്വാസം ഊതി നല്‍കാന്‍ ഡാരന്‍ പറഞ്ഞു. ഇതേവരെ സിപിആര്‍ ചെയ്തിട്ടില്ലാത്ത ജാസ്മിന്‍ ഡാരന്‍ പറഞ്ഞത് അതേപടി ചെയ്തു. എട്ട് മിനിറ്റിന് ശേഷം ആംബുലന്‍സ് എത്തുന്നത് വരെ കുഞ്ഞിന് ഈ വിധത്തില്‍ ശ്വാസോച്ഛാസം നല്‍കി. പിന്നീട് വെക്‌സ്ഹാം ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ സൗത്താംപ്റ്റണ്‍ ഹോസ്പിറ്റലിലെ ഐസിയുവിലേക്ക് മാറ്റി.

ഗുരുതരമായ ബ്രോങ്കോളൈറ്റിസ് ആയിരുന്നു കുഞ്ഞിന് ബാധിച്ചിരുന്നതെന്നാണ് കണ്ടെത്തിയത്. ശ്വാസനാളത്തിന് അണുബാധയുണ്ടാകുന്ന ഈ അവസ്ഥയില്‍ നിന്ന് മുക്തനായ കുഞ്ഞിനെ പിന്നീട് ഓക്‌സ്‌ഫോര്‍ഡിലെ ജോണ്‍ റാഡ്ക്ലിഫ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് തിരികെ വീട്ടിലെത്തിയതിനു ശേഷം രക്ഷകനായ ഡാരനുമായി ഒരു കൂടിക്കാഴ്ചയ്ക്ക് ജാസ്മിന്റെ ഭര്‍ത്താവ് ഡേവിഡ് അവസരമൊരുക്കി. ശ്വാസനാളത്തിന് തടസമായിരുന്ന കഫം സിപിആര്‍ നല്‍കിയപ്പോള്‍ തെറിച്ചു പോയതായിരിക്കാം കുഞ്ഞിന്റെ ജീവന് രക്ഷയായതെന്ന് ഡാരന്‍ പറഞ്ഞു.

യുകെയില്‍ ഭീകരാക്രമണം സംഘടിപ്പിക്കുന്നതിനായി ബോംബ്‌ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കെ പോലീസ് പിടിയിലായ ദമ്പതികള്‍ കുറ്റക്കാരെന്നു കണ്ടെത്തി. നോര്‍ത്ത് വെസ്റ്റ്‌ ലണ്ടനില്‍ താമസിച്ചിരുന്ന മുനീര്‍ മുഹമ്മദ്‌, ഭാര്യ രുവൈദ അല്‍ ഹസന്‍ എന്നിവരെയാണ് കോടതി കുറ്റവാളികളായി കണ്ടെത്തിയത്. ഫുഡ്‌ വര്‍ക്കറായ മുഹമ്മദും ഫാര്‍മസിസ്റ്റ് ആയ രുവൈദയും ഐഎസുമായി ചേര്‍ന്നാണ് യുകെയില്‍ ഭീകരാക്രമണ പദ്ധതി തയ്യാറാക്കിയത്. 2016 ഡിസംബറില്‍ ആയിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്.

ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായ ഇരുവരും ചേര്‍ന്ന് യുകെയില്‍ നിരപരാധികളായ ആളുകളെ കൊന്നൊടുക്കാന്‍ ആയിരുന്നു ഇരുവരുടെയും പദ്ധതി എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഒരു ഡേറ്റിംഗ് വെബ്സൈറ്റ് വഴി രുവൈദയെ കുരുക്കിയ ഐഎസ് ഇവര്‍ക്ക് കെമിക്കല്‍ രംഗത്തുള്ള അറിവ് ചൂഷണം ചെയ്ത് നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഐഎസ് പ്രചരിപ്പിക്കുന്ന ക്രിമിനല്‍ ഐഡിയോളജിയില്‍ തത്പരരായ ഇരുവരും അതനുസരിച്ച് ബോംബ്‌ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടാനുള്ള കരാര്‍ ഏറ്റെടുക്കുകയും ചെയ്തു.

ഇവരുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ബോംബ്‌ നിര്‍മ്മാണത്തിനുള്ള സാമഗ്രികളും ഇതിനുള്ള രൂപ രേഖയും കണ്ടെടുത്തിരുന്നു. പ്രെഷര്‍ കുക്കര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ശക്തിയേറിയ ബോംബ്‌ നിര്‍മ്മിക്കാനായിരുന്നു ഇവരുടെ പദ്ധതി. കുറ്റം തെളിഞ്ഞ സ്ഥിതിക്ക് ഇവരെ കാത്തിരിക്കുന്നത് നീണ്ട കാലത്തെ ജയില്‍ ശിക്ഷയാണ്. ഇവര്‍ക്കുള്ള വിധി അടുത്ത മാസം 22നു പ്രഖ്യാപിക്കും.

ലണ്ടന്‍: ഓസീ ഫ്‌ളൂ ബ്രിട്ടനില്‍ പടരുന്നതിനിടെ അപകടകാരിയായ ഫ്രഞ്ച് ഫ്‌ളൂ ബാധ യുകെയിലുണ്ടാകാമെന്ന് മുന്നറിയിപ്പ്. 30 ഓളം പേരുടെ മരണത്തിന് കാരണമായ ഫ്രഞ്ച് ഫ്‌ളൂ ബാധക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാന്‍ എന്‍എച്ച്എസ് നേതൃത്വം ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. മൂന്നിലൊന്ന് ജീവനക്കാരും ഈ വാക്‌സിന്‍ എടുത്തു കഴിഞ്ഞതായാണ് വിവരം.

ഡിസംബര്‍ അവസാന ആഴ്ചയില്‍ ഫ്രഞ്ച് ഫ്‌ളൂ ലക്ഷണങ്ങളുമായി ഏഴ് ലക്ഷത്തിലേറെപ്പേര്‍ ഫ്രാന്‍സില്‍ ഡോക്ടര്‍മാരെ കണ്ടുവെന്ന് അവിടെനിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരു ലക്ഷം പേരില്‍ 527 പേര്‍ക്കെങ്കിലും ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മൂന്ന് മാസം മുതല്‍ 93 വയസ് വരെ പ്രായമുള്ളവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയില്‍ 46 ശതമാനം പേര്‍ പുരുഷന്‍മാരാണ്. ക്രിസ്തുമസ്-ന്യൂഇയര്‍ കാലയളവിലാണ് ഇത്രയും രോഗികള്‍ ആശുപത്രികളില്‍ എത്തിയത്.

ബ്രിട്ടനില്‍ ഫ്രഞ്ച് ഫ്‌ളൂ ബാധയ്ക്ക് സാധ്യതയുണ്ടെന്ന ആശങ്കകള്‍ക്കിടയിലും ആരോഗ്യ ജീവനക്കാര്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ഉത്സാഹം കാട്ടുന്നില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിന്റര്‍ ക്രൈസിസില്‍ രോഗികള്‍ നിറഞ്ഞു കവിഞ്ഞ ആശുപത്രി പരിസരങ്ങള്‍ ഈ രോഗം അതിവേഗത്തില്‍ പടരാന്‍ കാരണമാകുമെന്ന ആശങ്കയും നിലവിലുണ്ട്.

ലണ്ടന്‍: പതിനഞ്ചുകാരനായ ആണ്‍കുട്ടിയെ ആത്മീയ പീഡനത്തിന് വിധേയനാക്കിയ വികാരി കുറ്റക്കാരനാണെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. ബൈബിള്‍ പഠനത്തിന് പ്രാര്‍ത്ഥനകള്‍ക്കും കുട്ടിയെ നിരന്തരമായി പ്രേരിപ്പിക്കുകയും കിടപ്പുമുറിയില്‍ പോലും അവയ്ക്ക് ഇളവ് നല്‍കാതിരിക്കുകയും ചെയ്തതായി സഭ കണ്ടെത്തി. ഓക്‌സ്‌ഫോര്‍ഡ്ഷയറിലെ അബിംഗ്ടണ്‍ ക്രൈസ്റ്റ് ചര്‍ച്ച് വികാരിയായ റവ.തിമോത്തി ഡേവിസ് ആണ് കുറ്റക്കാരനാണെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ട്രൈബ്യൂണല്‍ കണ്ടെത്തിയത്. പുരോഹിതരുടെ അച്ചടക്ക മാനദണ്ഡങ്ങള്‍ ഇയാള്‍ ലംഘിച്ചുവെന്നാണ് വ്യാഖ്യാനം.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അഡൈ്വസറി സര്‍വീസിനു വേണ്ടി ബോണ്‍മൗത്ത് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു സര്‍വേയുടെ ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് വികാരിക്കെതിരായ നടപടിയുടെ വിവരം പുറത്തു വിട്ടത്. സര്‍വേയില്‍ പങ്കെടുത്ത 1591 പേരില്‍ മൂന്നില്‍ രണ്ട് പേരും ആത്മീയ പീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കിയിരുന്നു. വ്യക്തികളെ നിയന്ത്രിക്കാനായി മതപരമായ കാര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് നിരീക്ഷിക്കാനുള്ള സംവിധാനമാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അഡൈ്വസറി സര്‍വീസ്.

2011ലാണ് റവ.ഡേവിസ് 15കാരനെ ആത്മീയമായി പീഡിപ്പിച്ചത്. കുട്ടിയുടെ മാര്‍ഗ്ഗദര്‍ശിയായി മാറിയ ഇയാള്‍ 18 മാസങ്ങളോളം കുട്ടിയെ പ്രാര്‍ത്ഥനകള്‍ക്കും ആത്മീയ പഠനത്തിനു നിര്‍ബന്ധിച്ചു. പ്രായമോ പക്വതയോ കണക്കിലെടുക്കാതെ കുട്ടിയുടെ സ്വാതന്ത്ര്യം പോലും നിഷേധിച്ചുകൊണ്ടായിരുന്നു പീഡനമെന്നും സമിതി കണ്ടെത്തിയിരുന്നു. ശിഷ്യന്റെ പെണ്‍സുഹൃത്തുമായുള്ള ബന്ധത്തെപ്പോലും വികാരി നിയന്ത്രിക്കാന്‍ തുടങ്ങി. കുട്ടിയുടെ കിടപ്പുമുറിയില്‍ രണ്ട് മണിക്കൂറോളം നീളുന്ന ആത്മീയ പഠന ക്ലാസുകള്‍ ഇയാള്‍ നടത്തിയിരുന്നുവെന്നും കണ്ടെത്തി.

ലൈംഗികതയുടെ അസാധാരണ അനുഭവം കണ്ടെത്താന്‍ ബാല്‍ക്കെണിയിലെ ഇടം ഉപയോഗിക്കുന്നതിനിടയില്‍ ലൈംഗികത്തൊഴിലാളി വീണുമരിച്ച സംഭവത്തില്‍ ബ്രിട്ടീഷ് യുവാവ് തായ്‌ലന്റില്‍ ബലാത്സംഗക്കുറ്റത്തിന് അറസ്റ്റില്‍. മുന്‍ ബ്രിട്ടീഷ് സൈനികന്‍ റീസ് വെല്ലയാണ് അറസ്റ്റിലായത്.

തായ്‌ലന്റില്‍ ലൈംഗികത്തൊഴിലാളി വാന്നിപ്പാ യാന്‍ഹുവാത്തോണ്‍ എന്ന 26 കാരിയുടെ മരണവുമായി ബന്ധപ്പെട്ടാണ് യുവാവ് ഞായറാഴ്ച ഉച്ചയോടെ അറസ്റ്റിലായത്. അസാധാരണ അനുഭവത്തിനായി ബാല്‍ക്കെണിയില്‍ രാത്രി ചെലവഴിക്കുമ്പോള്‍ യാന്‍ഹുവാത്തോണ്‍ ആകസ്മികമായി താഴെ വീണെന്നാണ് റീസ് പോലീസിനോട് പറഞ്ഞത്.

ക്രിമിനലുകളുടെ കേന്ദ്രമായ റിസോര്‍ട്ടിലെ തറയില്‍ പൂര്‍ണ്ണ നഗ്നയായി കിടക്കുന്ന നിലയിലാണ് യാന്‍ഹുവാത്തോണിന്റെ മൃതദേഹം കണ്ടെത്തിയത്. വീഴ്ചയില്‍ അവരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ശരീരത്തിന്റെ പലഭാഗത്തും ഒടിവുകള്‍ ഉണ്ടാകുകയും ചെയ്തു.

മുറിയില്‍ നടത്തിയ തെരച്ചിലില്‍ ഗര്‍ഭനിരോധന ഉറകളും പകുതി ഒഴിഞ്ഞ നിലയിലുള്ള ലൈംഗീകോത്തേജക മരുന്നുകളും കണ്ടെത്തി. യുവാവിനെ അവിടെ കാണാനുമില്ലായിരുന്നു. കൃത്യം നടത്തിയ ശേഷം ഇയാള്‍ മുങ്ങിയതാകാമെന്നാണ് പോലീസ് കരുതുന്നത്. റീസിനെ പിന്നീട് മറ്റൊരു ബാറില്‍ നിന്നും കണ്ടെത്തി. ഈ സമയം ഇയാളുടെ പക്കല്‍ രണ്ടു മൊബൈല്‍ ഉണ്ടായിരുന്നു. ഒരെണ്ണം വാന്നിപ്പായുടേതാണെന്നാണ് പോലീസ് പറയുന്നത്.

2012 ല്‍ ഒരു കൗമാരക്കാരിയെ ബലാത്സംഗം ചെയ്തതിന് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അഞ്ചു വര്‍ഷം തടവിന് ശിക്ഷിക്കപ്പെടുകയൂം ചെയ്തിട്ടുള്ളയാളാണ് റീസ്. ഇയാളെ യുകെ പോലീസ് തെരഞ്ഞുകൊണ്ടും ഇരിക്കുന്നു. മാനസീക രോഗത്തെ തുടര്‍ന്ന് സൈന്യത്തില്‍ നിന്നും താല്‍ക്കാലികമായി വിട്ട് നില്‍ക്കുന്നയാളാണ് ഈ മുന്‍ സൈനികന്‍.

മൂത്ത സഹോദരന്മാരെ പിന്തുടര്‍ന്നായിരുന്നു ഇയാള്‍ സൈന്യത്തില്‍ എത്തിയത്. മൂന്ന് നാലു മാസം മുമ്പാണ് റീസ് തായ്‌ലന്റില്‍ എത്തിയത്. ലൈംഗികത്തൊഴിലാളിയെ വാടകയ്ക്ക് എടുത്ത് ഉപയോഗിച്ചതായി ഇയാള്‍ പിന്നീട് പോലീസിനോട് സമ്മതിക്കുകയും ചെയ്തു.

 

ലണ്ടന്‍: മൈക്രോബീഡുകള്‍ അടങ്ങിയ കോസ്‌മെറ്റിക് ഉല്‍പന്നങ്ങളുടെ നിര്‍മാണം യുകെ നിരോധിച്ചു. പ്ലാസ്റ്റിക് നിയന്ത്രണത്തിന്റെ ഭാഗമായാണ് നിരോധനം. ലോകരാഷ്ട്രങ്ങള്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ വരുത്തിയ നിയന്ത്രണങ്ങളില്‍ ഏറ്റവും ശക്തമായതെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഫേസ് സ്‌ക്രബുകള്‍, ഷവര്‍ ജെല്ലുകള്‍, ചില ടൂത്ത്‌പേസ്റ്റുകള്‍ എന്നിവയില്‍ ചേര്‍ക്കുന്ന വളരെ ചെറിയ പ്ലാസ്റ്റിക് തരികളാണ് മൈക്രോബീഡ്‌സ്. ശരീരത്തിന് പുറത്ത് ഉപയോഗിക്കുന്ന കോസ്‌മെറ്റിക് ഉല്‍പന്നങ്ങളില്‍ ഉപയോഗിക്കുന്നതിനാല്‍ മലിന ജലത്തില്‍ ഏറ്റവും വേഗത്തില്‍ എത്തുന്ന പ്ലാസ്റ്റിക് അവശിഷ്ടമാണ് ഇത്.

സമുദ്രജലത്തില്‍ വളരെ പെട്ടെന്ന് എത്തിച്ചേരുന്ന ഈ മൈക്രോബീഡുകള്‍ കടലിന്റെ ആവാസ വ്യവസ്ഥയെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്നു. ഇത്തരത്തിലുള്ള കോടിക്കണക്കിന് പ്ലാസ്റ്റക് തരികള്‍ കടലില്‍ ഓരോ വര്‍ഷവും എത്തിച്ചേരുന്നത് നിയന്ത്രിക്കാന്‍ പുതിയ നിരോധനത്തിന് സാധിക്കുമെന്നാണ് കരുതുന്നത്. ഡിസ്‌പോസിബിള്‍ കോഫി കപ്പുകള്‍ക്ക് ലെവി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് പിന്നാലെയാണ് പ്ലാസ്റ്റിക് നിരോധനത്തില്‍ വിപ്ലവാത്മകമായ തീരുമാനം എന്ന് വിശേഷിപ്പിക്കാവുന്ന മൈക്രോബീഡുകളുടെ നിരോധനം നടപ്പിലാകുന്നത്.

ഓരോ വര്‍ഷവും ബ്രിട്ടീഷുകാര്‍ എറിഞ്ഞു കളയുന്നത് 2.5 ബില്യന്‍ ഡിസ്‌പോസിബിള്‍ കപ്പുകളാണെന്നാണ് കോമണ്‍സ് കമ്മിറ്റി വിലയിരുത്തുന്നത്. ഇതേത്തുടര്‍ന്നാണ് കപ്പുകള്‍ക്ക് 25 പെന്‍സ് നികുതി ഏര്‍പ്പെടുത്താന്‍ സമിതി നിര്‍ദേശിച്ചത്. മറ്റു വിധത്തിലുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് മേലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍വയണ്‍മെന്റ് മിനിസ്റ്റര്‍ തെരേസ കോഫി പറഞ്ഞു.

RECENT POSTS
Copyright © . All rights reserved