UK

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ഭൂപ്രദേശങ്ങള്‍ ലേസര്‍ മാപ്പിംഗ നടത്താന്‍ പദ്ധതി. പ്രളയങ്ങള്‍ തിരിച്ചറിയാനും പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സഹായത്തിനും നിയമവിരുദ്ധമായ മാലിന്യ നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനും മറ്റുമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് എന്‍വയണ്‍മെന്റ് ഏജന്‍സി അറിയിച്ചു. 1,30,000 ചതുരശ്ര കിലോമീറ്റര്‍ വരുന്ന പ്രദേശം 3ഡി ഇമേജിംഗ് നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. നദികളും കൃഷിസ്ഥലങ്ങളും നാഷണല്‍ പാര്‍ക്കുകളും ഉള്‍പ്പെടെ എല്ലാ പ്രദേശവും മാപ്പ് ചെയ്യും.

ലേസര്‍ സ്‌കാനറുകള്‍ ഘടിപ്പിച്ച വിമാനങ്ങളായിരിക്കും ഇതിനായി ഉപയോഗിക്കുക. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് പ്രളയ സാധ്യതയുള്ള പ്രദേശങ്ങള്‍ മനസിലാക്കാനും അതിനെ പ്രതിരോധിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കാനും ഉപയോഗിക്കും. ഈ വിവരങ്ങള്‍ വ്യവസായങ്ങള്‍ക്കും പുരാവസ്തു ഗവേഷകര്‍ക്കും നഗരാസൂത്രകര്‍ക്കും മറ്റും സൗജന്യമായി ലഭ്യമാക്കുകയും ചെയ്യും. രാജ്യത്തിന്റെ 75 ശതമാനത്തോളം ഇപ്പോള്‍ത്തന്നെ മാപ്പ് ചെയ്തുകഴിഞ്ഞു.

ഇനി ഉയര്‍ന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ചില ഭാഗങ്ങളാണ് ബാക്കിയുള്ളത്. വിന്ററിനു ശേഷം ഇത് പുനരാരംഭിക്കും. മുമ്പ് ശേഖരിച്ച വിവരങ്ങളേക്കാള്‍ വിശദാംശങ്ങളടങ്ങിയ മാപ്പുകളായിരിക്കും ഇതില്‍ നിന്ന് ലഭിക്കുക. ഒരു മീറ്റര്‍ റെസൊല്യൂഷനില്‍ ഏറ്റവും ആധുനികമായ ലേസര്‍ സാങ്കേതികത ഉപയോഗിച്ച് രാജ്യമൊട്ടാകെ മാപ്പ് ചെയ്യപ്പെടുമ്പോള്‍ വ്യക്തമായ ചിത്രങ്ങളാണ് ലഭിക്കുക. ലിഡാര്‍- ലൈറ്റ് ഡിറ്റക്ഷന്‍ ആന്‍ഡ് റേഞ്ചിംഗ്- എന്ന സംവിധാനമാണ് മാപ്പിംഗിന് ഉപയോഗിക്കുന്നത്.

ലണ്ടന്‍: ഐറിഷ് പാസ്‌പോര്‍ട്ട് സ്വന്തമാക്കിയ ബ്രിട്ടീഷ് പൗരന്‍മാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ്. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യാത്രകള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാകുമെന്നതിനാലാണ് ഐറിഷ് പാസ്‌പോര്‍ട്ടുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചത്. ഈ വര്‍ഷം പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ചവരില്‍ 20 ശതമാനത്തോളം പേര്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഗ്രേറ്റ് ബ്രിട്ടനിലുമുള്ള ഐറിഷ് പൗരന്‍മാരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം അനുവദിച്ച ഐറിഷ് പാസ്‌പോര്‍ട്ടുകളില്‍ അഞ്ചിലൊന്ന് വീതം യുകെയിലുള്ളവര്‍ക്കായിരുന്നു.

ബ്രെക്‌സിറ്റിനോട് അനുബന്ധിച്ചാണ് ഈ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ഡബ്ലിനിലെ ഫോറിന്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കനുസരിച്ച് 7,79,000 പാസ്‌പോര്‍ട്ടുകള്‍ 2017ല്‍ അനുവദിച്ചിട്ടുണ്ട്. ഇത് റെക്കോര്‍ഡാണ്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ 81,752 ഐറിഷ് പൗരന്‍മാര്‍ ബര്‍ഗന്‍ഡി നിറത്തിലുള്ള ഐറിഷ് പാസ്‌പോര്‍ട്ട് കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇതിലുണ്ടായത്. ബ്രിട്ടനില്‍ 28 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തിലുണ്ടായത്. 81,287 പേര്‍ പാസ്‌പോര്‍ട്ടുകള്‍ക്കായി അപേക്ഷിച്ചു.

ആകെ 7,85,026 അപേക്ഷകളാണ് ലഭിച്ചത്. ഇവയില്‍ നിന്ന് 7,79,184 അപേക്ഷകളില്‍ പാസ്‌പോര്‍ട്ടുകള്‍ അനുവദിച്ചു. ഒരു വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കപ്പെടുന്ന ആദ്യ സംഭവമാണ് ഇതെന്ന് ഐറിഷ് വിദേശകാര്യമന്ത്രി സൈമണ്‍ കോവേനി പറഞ്ഞു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ പിറന്നവര്‍ക്ക് ഐറിഷ് പാസ്‌പോര്‍ട്ടിന് അര്‍ഹതയുണ്ട്. അതുപോലെതന്നെ ഐറിഷ് മാതാപിതാക്കള്‍ക്ക് ജനിച്ച ബ്രിട്ടീഷ് പൗരന്മാര്‍ക്കും ഐറിഷ് പൈതൃകമുള്ളവര്‍ക്കും ഐറിഷ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം.

ലണ്ടന്‍: റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ ഉടമസ്ഥതയിലുള്ള വിര്‍ജിന്‍ ഹെല്‍ത്ത്‌കെയര്‍ എന്‍എച്ച്എസ് കരാറുകളിലൂടെ കരസ്ഥമാക്കിയത് ഒരു ബില്യന്‍ പൗണ്ട്! 2016-17 വര്‍ഷത്തെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. സ്വകാര്യ കമ്പനികളുടെ എന്‍എച്ച്എസ് പങ്കാളിത്തം കുറയ്ക്കുമെന്ന സര്‍ക്കാര്‍ വാദ്ഗാനം നിലനില്‍ക്കുമ്പോളും ഹെല്‍ത്ത് സര്‍വീസില്‍ 3.1 ബില്യന്‍ പൗണ്ടിന്റെ സ്വകാര്യ നിക്ഷേപം കഴിഞ്ഞ വര്‍ഷം നടപ്പില്‍ വരുത്തുകയും ചെയ്തു. 386 ക്ലിനിക്കല്‍ കോണ്‍ട്രാക്റ്റുകളില്‍ 267 എണ്ണവും സ്വകാര്യ കമ്പനികള്‍ക്കാണ് ലഭിച്ചത്. 2016-17 കാലത്ത് ക്ഷണിച്ച ടെന്‍ഡറുകളുടെ 70 ശതമാനം വരും ഇത്.

ഉയര്‍ന്ന മൂല്യമുള്ള ഏഴ് കോണ്‍ട്രാക്ടുകള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. 2.43 ബില്യ മൂല്യമുള്ളതാണ് ഈ കരാറുകള്‍. ഏറെ ലാഭകരമായ 20 ടെന്‍ഡറുകളില്‍ 13 എണ്ണവും സ്വകാര്യ കമ്പനികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഹെല്‍ത്ത് സെക്രട്ടറി നല്‍കിയ വാഗ്ദാനങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ കരാറുകളിലൂടെ ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം സ്വകാര്യ കമ്പനികള്‍ക്ക് 2.45 ബില്യന്‍ പൗണ്ടിന്റെ കരാറുകളാണ് ലഭിച്ചതെങ്കില്‍ ഈ വര്‍ഷം അത് 3.1 ബില്യന്‍ പൗണ്ടിന്റേതായി ഉയര്‍ന്നിട്ടുണ്ട്.

അതായത് ലാഭം മാത്രം ലക്ഷ്യം വെക്കുന്ന കമ്പനികള്‍ ഹെല്‍ത്ത് കെയര്‍ മേഖലയിലേക്ക് കൂടുതലായി കടന്നു വരുന്നു. ഹെല്‍ത്ത് സര്‍വീസിന്റെ സ്വാകാര്യവല്‍ക്കരണത്തിന് വേഗത കൂടുന്നു എന്നാണ് ഇതില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നതെന്ന് എന്‍എച്ച്എസ് സ്വകാര്യവത്കരണത്തെ നിരീക്ഷിക്കുന്ന എന്‍എച്ച്എസ് സപ്പോര്‍ട്ട് ഫെഡറേഷന്റെ ഡയറക്ടര്‍ പോള്‍ ഇവാന്‍സ് പറയുന്നു. വിര്‍ജിന് ഇപ്പോള്‍ നാനൂറിലേറെ എന്‍എച്ച്എസ് കരാറുകള്‍ നിലവിലുണ്ടെന്നാണ് കണക്ക്.

ബിന്‍സു ജോണ്‍

ലെസ്റ്ററിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഇടയന് ഇന്ന് പൗരോഹിത്യ വഴിയില്‍ മുപ്പത് സംവത്സരങ്ങളുടെ നിറവ്. 1987 ഡിസംബര്‍ 29ന് പുതുപ്പാടിയിലെ സെന്റ്‌ ജോര്‍ജ്ജ് പള്ളിയില്‍ വച്ച് മാര്‍. സെബാസ്റ്റ്യന്‍ മങ്കുഴിക്കരി പിതാവില്‍ നിന്നായിരുന്നു ജോര്‍ജ്ജ് അച്ചന്‍ പൗരോഹിത്യ ദൗത്യം ഏറ്റെടുത്തത്. പിന്നിട്ട മുപ്പത് വര്‍ഷങ്ങളില്‍ സീറോ മലബാര്‍ സഭയ്ക്കും വിശ്വാസി സമൂഹത്തിനും വേണ്ടി ഒട്ടനവധി നല്ല കാര്യങ്ങള്‍ ചെയ്ത് തീര്‍ത്ത ചാരിതാര്‍ത്ഥ്യവുമായി ജോര്‍ജ്ജ് അച്ചന്‍ ഇന്ന് യുകെയിലെ സീറോമലബാര്‍ സഭയ്ക്ക് മുതല്‍ക്കൂട്ടായി പ്രവര്‍ത്തിക്കുകയാണ്.

പൗരോഹിത്യ വ്രതം സ്വീകരിച്ച് കുളത്തുവയല്‍ ഇടവകയില്‍ അസിസ്റ്റന്റ്റ് വികാരിയായി തുടങ്ങിയ ഫാ. ജോര്‍ജ്ജ് തോമസ്‌ തുടര്‍ന്ന് താമരശ്ശേരി രൂപതയിലെ വിവിധ ചുമതലകള്‍ ഏറ്റെടുത്ത് നിര്‍വഹിച്ചിട്ടുണ്ട്. താമരശ്ശേരി രൂപതയുടെ കാറ്റക്കിസം ഡയറക്ടര്‍, മിഷന്‍ ലീഗ് ഡയറക്ടര്‍ മുതലായ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച് ജോര്‍ജ്ജ് അച്ചന്‍ നടത്തിയിട്ടുള്ള സേവനങ്ങള്‍ പ്രശംസനീയമാണ്.

ഫിലോസഫി, തിയോളജി വിഷയങ്ങളില്‍ ബിരുദവും സോഷ്യോളജി, ഇംഗ്ലീഷ് സാഹിത്യം എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദവും ബിഎഡും കരസ്ഥമാക്കിയിട്ടുള്ള ഫാ. ജോര്‍ജ്ജ് തോമസ്‌ 2005 മുതല്‍ താമരശ്ശേരി രൂപതയുടെ കീഴിലുള്ള അല്‍ഫോന്‍സ ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ പ്രിന്‍സിപ്പല്‍ ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു. 2015ല്‍ സിബിസിഐയുടെ ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ലെസ്റ്റര്‍ സീറോ മലബാര്‍ സമൂഹം പ്രതിസന്ധി നേരിട്ടപ്പോള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്‍റെ പ്രത്യേക താത്പര്യ പ്രകാരമാണ് ജോര്‍ജ്ജച്ചന്‍ യുകെയിലെത്തുന്നത്. സ്നേഹപൂര്‍വ്വമായ സമീപനത്തിലൂടെ വിനയം മുഖമുദ്രയാക്കി ലെസ്റ്റര്‍ സീറോ മലബാര്‍ സമൂഹത്തെ വിശ്വാസ വഴിയില്‍ നയിക്കുന്ന അച്ചന്‍ എല്ലാം ഇഷ്ട മദ്ധ്യസ്ഥയായ വി. അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹമായിട്ടാണ് കാണുന്നത്.

ബഹുമാനപ്പെട്ട ജോര്‍ജ്ജച്ചന് മലയാളം യുകെ ന്യൂസ് ടീമിന്‍റെ ആശംസകള്‍

ബിന്‍സു ജോണ്‍

ആഗോള മലയാളികള്‍ക്ക് പുത്തന്‍ ആവേശമായി വളര്‍ന്ന് വരുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍റെ യുകെ ചാപ്റ്ററിന് തുടക്കമായി. ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമയുടെയും സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും  ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്‌ഷ്യം മുന്‍നിര്‍ത്തി കേവലം ഒരു വര്‍ഷം മുന്‍പ് രൂപം കൊള്ളുകയും ചുരുങ്ങിയ കാലം കൊണ്ട് എഴുപതിലധികം രാജ്യങ്ങളില്‍ പ്രൊവിന്‍സുകളും ചാപ്റ്ററുകളും രൂപീകരിക്കുകയും ചെയ്ത സംഘടനയാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍. 2016 ഒക്ടോബര്‍ 29ന് ആണ് വേള്‍ഡ് മലയാളി ഫെഡറേഷന് ഔദ്യോഗികമായി തുടക്കം കുറിച്ചത്.

 ഇന്ത്യന്‍ കിഡ്നി ഫെഡറേഷന്‍ ചെയര്‍മാന്‍ റവ. ഫാ. ഡേവിസ് ചിറമേല്‍, പൊതു പ്രവര്‍ത്തകനായ സയ്യദ് മുനവറലി തങ്ങള്‍, മുന്‍ അംബാസിഡറും എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ ടി.പി. ശ്രീനിവാസന്‍, മുന്‍ എംപിയും മാതൃഭൂമി ചീഫ് എഡിറ്ററുമായ എം.പി. വീരേന്ദ്രകുമാര്‍, പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ്, മുന്‍ മന്ത്രിയായ എന്‍.കെ പ്രേമചന്ദ്രന്‍ തുടങ്ങിയവരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് മുന്നോട്ട് പോകുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍ രൂപീകൃതമായ നാള്‍ മുതല്‍ ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് അഭിമാനിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ ആണ് കാഴ്ച വയ്ക്കുന്നത്.

ഇന്നലെ വൈകുന്നേരം ഏഴു മണിക്ക് ഹാര്‍ലോയിലെ ഔര്‍ ലേഡി ഓഫ് ഫാത്തിമ ചര്‍ച്ച് ഹാളില്‍ വച്ചായിരുന്നു ഡബ്ല്യുഎംഎഫ് യുകെ ചാപ്റ്ററിന്റെ ആദ്യ യോഗം ചേര്‍ന്നത്. ഡബ്ല്യുഎംഎഫ്  ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേലിന്റെ അദ്ധ്യക്ഷതയില്‍ ആയിരുന്നു യുകെയിലെ ആദ്യ യോഗം നടന്നത്. യുകെ ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ ബിജു മാത്യു യോഗത്തില്‍ സ്വാഗതം ആശംസിച്ചു. ആശ മാത്യു നന്ദിയും അറിയിച്ചു.

ഡബ്ല്യുഎംഎഫ് കഴിഞ്ഞ ഒരു വര്‍ഷക്കാലം കൊണ്ട് ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ യോഗത്തില്‍ വിശദീകരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മുന്‍‌തൂക്കം നല്‍കിക്കൊണ്ട്, കഴിഞ്ഞ ചെറിയ കാലയളവില്‍ സംഘടന ചെയ്ത കാര്യങ്ങളും ആഗോളതലത്തില്‍ സംഘടനയുടെ ചട്ടക്കൂടും വളര്‍ച്ചയും വിശദീകരിച്ച പ്രിന്‍സ് ഡബ്ല്യുഎംഎഫ് നിലവിലുള്ള ഒരു മലയാളി സംഘടനയുടെയും ബദലോ എതിരാളിയോ അല്ലെന്നും എടുത്തു പറഞ്ഞു. വേറിട്ട ലക്ഷ്യങ്ങളും പുരോഗമനാത്മക നീക്കങ്ങളുമായി ലോക മലയാളികളെ ഒന്നിപ്പിച്ച് കൊണ്ട് മുന്നോട്ട് പോവുക എന്നതാണ് ഡബ്ല്യുഎംഎഫ് ഉദ്ദേശിക്കുന്നതെന്നും ഇതിനായി മറ്റു സംഘടനകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് സ്വീകരിക്കുക എന്നും അദ്ദേഹം തന്‍റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

ഒരു അനൌപചാരിക യോഗമായിരുന്നു ഇന്നലെ നടത്താന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും യോഗത്തില്‍ പങ്കെടുത്തവരുടെ ഏകകണ്ഠമായ അഭിപ്രായം മാനിച്ച് ഒരു അഡ്ഹോക്ക് കമ്മറ്റിയെ തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജനുവരി മാസത്തില്‍ വിളിച്ച് ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്ന വിപുലമായ മീറ്റിംഗില്‍ വച്ച് തെരഞ്ഞെടുക്കപ്പെടുന്ന പുതിയ നേതൃത്വം നിലവില്‍ വരുന്നത് വരെ മാത്രമായിരിക്കും ഇപ്പോള്‍ തെരഞ്ഞെടുത്ത അഡ്ഹോക്ക് കമ്മിറ്റിയുടെ ചുമതല.

യുകെ കോര്‍ഡിനേറ്റര്‍ ബിജു മാത്യുവിനെ കൂടാതെ ആശ മാത്യു, സുഗതന്‍ തെക്കെപ്പുര, ബിന്‍സു ജോണ്‍, സണ്ണിമോന്‍ മത്തായി, തോമസ്‌ ജോണ്‍, സുജു ഡാനിയേല്‍, ജോസ് തോമസ്‌, ജോജി ചക്കാലയ്ക്കല്‍, ജോമോന്‍ കുന്നേല്‍, ഷാന്റിമോള്‍ ജോര്‍ജ്ജ് എന്നിവരെയാണ് അഡ്ഹോക്ക് കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. യുകെ മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായ ടി. ഹരിദാസ് (ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍), എസ്. ശ്രീകുമാര്‍ (ആനന്ദ് ടിവി മാനേജിംഗ് ഡയറക്ടര്‍), ഫിലിപ്പ് എബ്രഹാം (ലൌട്ടന്‍ മേയര്‍) എന്നിവരെ സംഘടനയുടെ രക്ഷാധികാരികളായും തെരഞ്ഞെടുത്തിട്ടുണ്ട്.

യുകെയിലെ എല്ലാ മലയാളികള്‍ക്കും മത, ജാതി, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസമില്ലാതെ അസോസിയേഷന്‍, ക്ലബ് എന്നീ പരിഗണനകള്‍ക്കതീതമായി അംഗത്വം എടുക്കാവുന്ന രീതിയിലാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുന്നതായിരിക്കും എന്ന് യുകെ കോര്‍ഡിനേറ്റര്‍ ബിജു മാത്യു അറിയിച്ചു.

(ചിത്രങ്ങള്‍ : അനൂപ്‌ രവി, ക്ളാസ്സി ക്ലിക്ക്സ്)                                                                        9

ലണ്ടന്‍: ഡിസെബിലിറ്റി ബെനഫിറ്റുകള്‍ വാങ്ങുന്നവര്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത് വര്‍ദ്ധിച്ചതായി വെളിപ്പെടുത്തല്‍. 2008ല്‍ അവതരിപ്പിച്ച ഫിറ്റ് ടു വര്‍ക്ക് അസസ്‌മെന്റ് സമ്പ്രദായമാണ് ഇത്തരക്കാരുടെ ആത്മഹത്യാ പ്രവണത വര്‍ദ്ധിപ്പിച്ചതെന്നാണ് വിശദമാക്കപ്പെടുന്നത്. 2007ലും 2014ലും നടത്തിയ സര്‍വേകളുടെ എന്‍എച്ച്എസ് രേഖകളാണ് ഈ ഞെട്ടിക്കുന്ന വിവരം നല്‍കുന്നത്. വര്‍ക്ക് ഡിസെബിലിറ്റി ബെനഫിറ്റുകള്‍ നിഷേധിക്കപ്പെട്ടവരില്‍ പകുതിയോളം പേരും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്ന് സര്‍വേകളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

വിവാദമായ വര്‍ക്ക് കേപ്പബിലിറ്റി അസസ്‌മെന്റ് ആരംഭിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് 2007ല്‍ നടത്തിയ സര്‍വേയില്‍ ബെനഫിറ്റുകള്‍ വാങ്ങുന്നവരില്‍ 21 ശതമാനം പേര്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏഴ് വര്‍ഷത്തിനുള്ളില്‍ ഇതിന്റെ നിരക്ക് ഇരട്ടിയിലേറെയായിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇന്‍കപ്പാസിറ്റി ബെനഫിറ്റുകള്‍ക്ക് പകരം എംപ്ലോയ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് അലവന്‍സ് ആവിഷ്‌കരിച്ചത് ലേബര്‍ സര്‍ക്കാരാണ്. അതിന്റെ ഭാഗമായാണ് ഈ വിലയിരുത്തല്‍ സമ്പ്രദായം നിലവില്‍ വന്നത്.

ഈ പദ്ധതി സമൂഹത്തില്‍ സഹായമാവശ്യമായ വലിയൊരു വിഭാഗത്തെ അവഗണിക്കുന്നതായി പരാതികള്‍ ഉയരുകയും വിവാദമാകുകയും ചെയ്തിരുന്നു. ഈ പദ്ധതി ഭിന്നശേഷിയും വൈകല്യങ്ങളുമുള്ളവരില്‍ സൃഷ്ടിക്കുന്ന ആഘാതം വലുതാണെന്നാണ് വ്യക്തമാകുന്നത്. ഏതൊരു രാജ്യത്തെ അപേക്ഷിച്ച് നോക്കിയാലും ഇത്രയും വലിയ നിരക്കില്‍ ആത്മഹത്യാ പ്രവണത കാണിക്കുന്നത് അപൂര്‍വമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലണ്ടന്‍: ആഘോഷ വേളകളില്‍ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളിലേക്ക് മദ്യപാനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസുഖങ്ങളുമായെത്തുന്നവരുടെ തിരക്ക് കുറയ്ക്കാനുള്ള സംവിധാനം എന്‍എച്ച്എസ് ഏര്‍പ്പെടുത്തിയേക്കും. ന്യൂകാസില്‍, ബ്രിസ്റ്റോള്‍, കാര്‍ഡിഫ് എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ആല്‍ക്കഹോള്‍ ഇന്‍ടോക്‌സിക്കേഷന്‍ മാനേജ്‌മെന്റ് സര്‍വീസ് (എയിംസ്) മാതൃക പഠിക്കാനും അവ എന്‍എച്ച്എസില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാനുമുള്ള പദ്ധതി എന്‍എച്ച്എസ് തയ്യാറാക്കി. ആഘോഷവേളകളില്‍ ആംബുലന്‍സുകള്‍ അമിതമായി മദ്യപിച്ച് വീഴുന്നവരെ ആശുപത്രികളിലാക്കാന്‍ ഉപയോഗിക്കപ്പെടുന്ന പ്രവണതക്കെതിരെ എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി സൈമണ്‍ സ്റ്റീവന്‍സ് രംഗത്തെത്തി.

ജനങ്ങള്‍ എത്രമാത്രം സ്വാര്‍ത്ഥരാണെന്ന് തെളിയിക്കുന്നതാണ് ഉത്തരവാദിത്തമില്ലാത്ത വിധത്തിലുള്ള മദ്യപാനമെന്ന് അദ്ദേഹം പറഞ്ഞു. ആക്‌സിഡന്റ് എമര്‍ജന്‍സി യൂണിറ്റുകളില്‍ എത്തിക്കപ്പെടുന്ന 15 ശതമാനം കേസുകളും അമിതമായി മദ്യപിച്ച് അബോധാവസ്ഥയിലാകുന്നവരുടേതാണ്. എന്‍എച്ച്എസിനെ നാഷണല്‍ ഹാങ്ങ്ഓവര്‍ സര്‍വീസ് ആയാണ് മിക്കയാളുകളും കാണുന്നതെന്നും സ്റ്റീവന്‍സ് കുറ്റപ്പെടുത്തി. എന്നാല്‍ മദ്യപിച്ച് ആശുപത്രികളില്‍ എത്തിക്കപ്പെടുന്നവരില്‍ മിക്കവര്‍ക്കും മറ്റു വിധത്തിലുള്ള പരിക്കുകളും കാണാറുണ്ടെന്നതിനാല്‍ പുതിയ നയം പ്രഖ്യാപിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തലുകള്‍ നടത്തിയതിനു ശേഷമായിരിക്കണമെന്ന് ആശുപത്രി പ്രതിനിധികളും ആവശ്യപ്പെടുന്നുണ്ട്.

ഡ്രങ്ക് ടാങ്കുകള്‍ എന്ന പേരിലാണ് മദ്യപര്‍ക്കായി എന്‍എച്ച്എസ് അവതരിപ്പിക്കാനിരിക്കുന്ന പദ്ധതി അറിയപ്പെടുന്നത്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളോടനുബന്ധിച്ചോ സിറ്റി സെന്ററുകളിലോ ആയിരിക്കും ഇവ സ്ഥാപിക്കുക. പാരാമെഡിക്കുകളോ നഴ്‌സുമാരോ ആയിരിക്കും ഇവയില്‍ ഉണ്ടാകുക. ഇവിടെ പ്രവേശിപ്പിക്കപ്പെടുന്നവരെ പരിശോധിച്ച് കൂടുതല്‍ ചികിത്സ ആവശ്യമുണ്ടോ എന്ന കാര്യം ഇവര്‍ തീരുമാനിക്കും. പോലീസ് സാന്നിധ്യവും ഇത്തരം സെന്ററുകളില്‍ ഉണ്ടാകും. ഈ കേന്ദ്രങ്ങളില്‍ നിന്ന് പുറത്തു പോകണമെങ്കില്‍ 400 പൗണ്ട് ഫീസ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം പോലീസ് നല്‍കിയിട്ടുണ്ട്.

ലണ്ടന്‍: യാത്രക്കാര്‍ക്കു മേല്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന ലൈംഗികാതിക്രമങ്ങളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ ഇവയില്‍ 20 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 2016 ഏപ്രിലിനും 2017 മാര്‍ച്ചിനും ഇടയില്‍ ഇംഗ്‌ളണ്ടിലും വെയില്‍സിലുമായി 337 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2014-15 വര്‍ഷത്തില്‍ ഇത് 282 എണ്ണം മാത്രമായിരുന്നു. 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കു നേരെയുണ്ടായ അതിക്രമങ്ങളും ഇവയിലുണ്ട്. 23 പോലീസ് സേനകളില്‍ നിന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങളാണ് ഇത് വ്യക്തമാക്കുന്നത്.

നിയമവിരുദ്ധമായി സര്‍വീസ് നടത്തുന്ന മിനി ക്യാബുകള്‍, ഊബര്‍ കാറുകള്‍, ബ്ലാക്ക് ക്യാബുകള്‍ എന്നിവയിലെല്ലാം അതിക്രമങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മിക്ക പോലീസ് ഫോഴ്‌സുകളും ഇവ ഏതൊക്കെയെന്ന് വിശദീകരിച്ചിട്ടില്ല. ഊബറിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ടാക്‌സി ഡ്രൈവര്‍മാര്‍ ഉള്‍പ്പെട്ട ലൈംഗികാതിക്രമക്കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചത്. ഡ്രൈവര്‍മാര്‍ നടത്തിയ ലൈംഗികാതിക്രമങ്ങളേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ പരാജയപ്പെട്ടു എന്നതാണ് പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നതിന് ഒരു കാരണമാണ് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ ചൂണ്ടിക്കാണിക്കുന്നത്.

ഊബര്‍ ഡ്രൈവര്‍മാര്‍ ഉള്‍പ്പെട്ട 32 ആരോപണങ്ങള്‍ 2016ല്‍ മാത്രം ഉണ്ടായിട്ടുണ്ടെന്നാണ് മാധ്യമ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. വിലക്കിനെതിരെ ഊബര്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഇത്തരം ലൈംഗികാതിക്രമ സംഭവങ്ങള്‍ പെരുകുന്നത് മറ്റൊരു രീതിയില്‍ ആശ്വാസകരമാണെന്ന് ക്യാംപെയിന്‍ ഗ്രൂപ്പുകള്‍ പറയുന്നുണ്ട്. അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകള്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകുന്നു എന്നതിന്റെ സൂചനയാണ് ഇതെന്നാണ് വിശദീകരിക്കപ്പെടുന്നത്. അതേസമയം ഡ്രൈവര്‍മാരെ നിയമിക്കുമ്പോള്‍ ശരിയായ വിധത്തില്‍ പരിശോധനകള്‍ നടത്താത്തതാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമെന്നും നിരീക്ഷിക്കപ്പെടുന്നു.

യേശു ക്രിസ്തുവിന്റെ ജന്മദിനമാണ് ലോകമെങ്ങും ക്രിസ്മസായി ആഘോഷിക്കുന്നത്. ക്രിസ്തുവിന്റെ കുര്‍ബാന എന്ന അര്‍ഥം വരുന്ന ‘ക്രിസ്റ്റസ് മാസെ’ എന്നീ രണ്ട് പദങ്ങളില്‍നിന്നാണ് ക്രിസ്മസ് എന്ന വാക്ക് ഉണ്ടായത്. ക്രിസ്മസ് നല്‍കുന്നത് സമാധാനത്തിന്റെയും പ്രത്യാശയുടേയും സന്ദേശമാണ്.  ക്രിസ്തുവിന്റെ ആഗമനം ദൈവം പിതാവാണെന്ന് പഠിപ്പിക്കാനാണ്.  ക്രിസ്മസ് ആഘോഷം അര്‍ത്ഥപൂര്‍ണമാകുന്നത് സ്‌നേഹം കൈമാറുമ്പോഴാണ്. ക്രിസ്തുവിന്റെ ജീവിതത്തില്‍ ബത്‌ലഹേം മുതല്‍ കാല്‍വരി വരെ എത്തിനില്‍ക്കുന്ന സന്ദേശമാണിത്. തീവ്രവാദങ്ങള്‍ എപ്പോഴും ക്രിസ്മസ് സന്ദേശത്തിന് വിപരീതമാണ്. കാരണം, ഭിന്നിച്ച് നിന്നവരെ പരസ്പരം യോജിപ്പിക്കുകയാണ് ക്രിസ്തുവിന്റെ ആഗമനത്തിന്റെ ലക്ഷ്യം. ദൈവവും മനുഷ്യനും തമ്മിലുള്ള ഭിന്നതയാണ് ക്രിസ്തുവിന്റെ ആഗമനത്തിന് കാരണമാക്കിയത്.   ക്രിസ്തുവിന്റെ ആഗമനം പാപത്തെ പരാജയപ്പെടുത്തി മനുഷ്യന് ഒരു പുതിയ ജീവന്‍ നല്‍കുക എന്നതിനായിരുന്നു.

ക്രിസ്മസ് നാളുകളില്‍ പുല്‍ക്കൂടൊരുക്കുക, നക്ഷത്രവിളക്ക് തൂക്കുക, സമ്മാനങ്ങള്‍ കൈമാറുക, കരോള്‍ നടത്തുക തുടങ്ങിയ വ്യത്യസ്തങ്ങളായ ആഘോഷ രീതികളാണുള്ളത്. ക്രിസ്മസിന്റെ ആചാരാനുഷ്ഠാനങ്ങളും ആഘോഷരീതികളും ദേശങ്ങള്‍ക്കും കാലഘട്ടങ്ങള്‍ക്കും അനുസരിച്ച് വ്യത്യസ്തമാണ്. പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പ്രവാസ ജീവിതത്തിൽ ജോലിതേടി  പല രാജ്യങ്ങളിൽ കൂടി കടന്നുപോയ കാലഘട്ടങ്ങൾ… പള്ളിയുമായി മാത്രം ആഘോഷങ്ങൾ പങ്കുവെച്ച ചെറുപ്പകാലം… അവസാനം യുകെയിൽ എത്തിയപ്പോൾ ക്രിസ്മസ് ആഘോഷത്തിന്റെ മറ്റൊരു മുഖം ദർശിച്ച മലയാളി.. സായിപ്പിന്റെ നാട്ടിലെ ജീവിതത്തിൽ നിന്നും പലതും മലയാളികൾ ഏറ്റെടുക്കാൻ തുടങ്ങിയപ്പോൾ യുകെ മലയാളികളുടെ ജീവിത ശൈലിയും ആഘോഷപരിപാടികളും മാറി എന്നത് ഒരു നേർക്കാഴ്ച മാത്രം…ആസോസിയേഷനുകളെ സംബന്ധിച്ചു ആഘോഷങ്ങൾ അവരുടെ ഒത്തുചേരലിന്റെ വിളംബരമാണ്… കുട്ടികളെ നാളെകൾക്കായി വാർത്തെടുക്കുന്ന കലാക്ഷേത്രങ്ങൾ ആണ്… ദൈവം നല്‍കിയ കഴിവുകളെ സ്വന്തം പ്രയത്‌നംകൊണ്ടു വികസിപ്പിച്ചെടുക്കുന്നവരാണു പ്രതിഭകൾ.. അവർക്കായി വേദിയൊരുക്കുന്നവരുടെ കൂട്ടായ്മയാണ് അസോസിയേഷനുകൾ… അത്തരത്തിൽ ഈ വർഷവും എസ് എം എ എന്ന സ്റ്റാഫ്‌ഫോർഡ്ഷയർ മലയാളി അസോസിയേഷൻ വളരെ വ്യത്യസ്തത പുലർത്തുന്ന പരിപാടികളുമായി ഈ വരുന്ന ശനിയാഴ്ച്ച ബ്രാഡ്‌വെൽ കമ്മ്യൂണിറ്റി സെന്ററിൽ ഒത്തുകൂടുന്നു… ദൃശ്യ വിരുന്നൊരുക്കുന്നതിൽ എല്ലാവേരയും പിന്നിൽ ആക്കുന്ന എസ് എം എ ഒരുക്കുന്നത് യുകെയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലും പ്രശസ്‌തിയിലും ഉള്ള ‘ദേശി നാച്ചു’കാരുടെ, ഇംഗ്ലീഷ് പെൺകൊടികൾ തുറന്നുവിടുന്ന ബോളിവുഡ് ഹങ്കാമയുമായാണ്.. വേദികളെ ഇളക്കിമറിക്കാൻ കഴിവുള്ള ഇവർ.. തീ പന്തങ്ങൾ കൊണ്ട് അമ്മാനമാടുന്ന നൃത്തകാഴ്ചകൾ…   സ്റ്റോക്ക് മലയാളികൾ ഇന്നുവരെ കാണാത്ത കാണാപ്പുറങ്ങളിലേക്ക്… നേതൃത്വം കൊടുക്കുന്നത് എസ് എം എ എന്ന യുകെയിലെ പെരുടുത്ത അസോസിയേഷൻ.. കലയിലും കായികത്തിലും വിജയതീരമണയുന്നതിൽ പിശുക്ക് കാണിക്കാത്ത യുകെയിലെ അസോസിയേഷൻ..

ആഘോഷപരിപാടികൾക്ക് എരുവ് പകരാൻ അത്യുഗ്രൻ ക്രിസ്മസ് കരോൾ ഗാനങ്ങളുമായി പ്രെസ്റ്റൺ ടീം കൂടി ഇറങ്ങുമ്പോൾ എസ് എം എ യുടെ ക്രിസ്മസ് പുതുവത്സരപരിപാടികൾ ആഘോഷങ്ങളുടെ പെരുമഴയായി മാറുമെന്ന കാര്യത്തിൽ തർക്കമില്ല…. കൂടാതെ മിടുക്കരായ, യുക്മ കലാമേള വേദികളെ വിസ്മയിപ്പിച്ച എസ് എം എ യുടെ കുരുന്നുകൾ ഒരുക്കുന്ന സിനിമാറ്റിക് ഡാൻസ്, മനോഹരമായ പാട്ടുകൾ എന്ന് തുടങ്ങി ഒരുപിടി പരിപാടികൾ ആണ് വേദിയിൽ എത്തുന്നത്… ഈ അസുലഭ ആഘോഷനിമിഷങ്ങൾ കണ്ടു ആസ്വദിക്കാൻ സ്റ്റോക്ക് ഓൺ ട്രെന്റിലെ പ്രബുദ്ധരായ എല്ലാ മലയാളി കുടുംബങ്ങളെയും ബ്രാഡ്‌വെൽ കമ്മ്യൂണിറ്റി സെന്ററിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി എസ് എം എ യുടെ സാരഥികളായ പ്രസിഡന്റ് വിനു ഹോർമിസ്, സെക്രട്ടറി ജോബി ജോസ്, ട്രെഷറർ വിൻസെന്റ് കുര്യാക്കോസ് എന്നിവർ അറിയിച്ചു.

എക്കാലവും നല്ല ഭക്ഷണം നൽകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന അസോസിയേഷൻ ഇപ്രാവശ്യവും പതിവുതെറ്റിക്കാതെ അസോസിയേഷൻ മെംബേർസ് ചേർന്ന്‌ ഉണ്ടാക്കുന്ന ഫുഡ് ആണ് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

സ്വന്തം ലേഖകന്‍ 

തന്‍റെ ഷോപ്പിലേക്ക് തോക്ക് ചൂണ്ടി കവര്‍ച്ച ചെയ്യാന്‍ എത്തിയ അക്രമിയെ ധീരമായി നേരിട്ട് കീഴടക്കിയ കുടുംബ നാഥന്‍ യുകെ മലയാളികളുടെ ഹീറോ ആയി മാറി. ഏതൊരു ധൈര്യശാലിയും പതറി പോകുന്ന നിമിഷമായിട്ടും തികഞ്ഞ മനക്കരുത്തോടെ അക്രമിയെ നേരിട്ടാണ് ലെസ്റ്ററില്‍ താമസിക്കുന്ന സിബു കുരുവിള എന്ന തൊടുപുഴക്കാരന്‍ ധീരനായകന്‍ ആയി മാറിയത്. ലെസ്റ്റര്‍ എവിംഗ്ടണില്‍ സ്വന്തമായി പ്രീമിയര്‍ ഓഫ് ലൈസന്‍സ് ഷോപ്പ് നടത്തുകയാണ് സിബു. തൊടുപുഴ കുടയത്തൂര്‍ വേരുങ്കല്‍ കുടുംബാംഗമായ സിബു ഏറെ കാലമായി ലെസ്റ്ററില്‍ താമസിക്കുകയാണ്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ആയിരുന്നു സംഭവം നടന്നത്. ക്രിസ്തുമസ് രാത്രി ആയതിനാല്‍ വീടിന് സമീപത്തുള്ള ഹോളി ക്രോസ്സ് പള്ളിയില്‍ പോയി നേറ്റിവിറ്റിയോട് കൂടിയ കുര്‍ബാനയില്‍ ഒക്കെ പങ്കെടുത്ത് വീട്ടിലേക്ക് തിരികെ പോകാന്‍ ഒരുങ്ങിയ സിബുവിന്‍റെ മനസ്സില്‍ കടയില്‍ കൂടി പോയിട്ട് പോകണം എന്ന തോന്നല്‍ ഉണ്ടാവുകയായിരുന്നു. ഭാര്യ ദീപ ഡ്യൂട്ടിയില്‍ ആയിരുന്നതിനാല്‍ ഒന്‍പതും ആറും വയസ്സുള്ള രണ്ട് കുട്ടികളും സിബുവിന്‍റെ കൂടെ ഉണ്ടായിരുന്നു. എങ്കിലും രാത്രി കട അടയ്ക്കാന്‍ കടയില്‍ ജോലി ചെയ്യുന്ന നജീബ് നസീര്‍ എന്നയുവാവ് മാത്രമേ ഉള്ളല്ലോ എന്നോര്‍ത്താണ് സിബു കുട്ടികളുമൊത്ത് കടയിലെത്തിയത്. കട അടയ്ക്കാന്‍ സഹായിക്കുകയും ഒപ്പം നജീബിന് വീട്ടിലേക്ക് ഒരു ലിഫ്റ്റ്‌ നല്‍കുകയും ചെയ്യാം എന്ന ചിന്തയിലായിരുന്നു സിബു കടയിലെത്തിയത്.

ഷോപ്പ് അടയ്ക്കുന്നതിന് മുന്നോടിയായി പത്രങ്ങളും മാഗസിനും ഒക്കെ തരംതിരിക്കുകയായിരുന്നു സിബു. അപ്പോഴാണ്‌ ക്യാഷ് കൗണ്ടറിന് സമീപത്ത് നിന്നും ഉച്ചത്തില്‍ ഉള്ള ആക്രോശം സിബു കേള്‍ക്കുന്നത്. നോക്കിയപ്പോള്‍  ആജാനുബാഹുവായ ഒരു മുഖം മൂടിധാരി ക്യാഷ് കൗണ്ടറില്‍ നില്‍ക്കുന്ന നസീറിനു നേരെ തോക്ക് ചൂണ്ടി അലറുന്നു. നസീറിന്‍റെ നേരെ തോക്ക് ചൂണ്ടിയ അക്രമിയുടെ ആവശ്യം പണമായിരുന്നു. ‘ഗിവ് മി മണി, എന്ന് ഉച്ചത്തില്‍ ആക്രോശിച്ച് കൊണ്ട് നിന്ന അക്രമിയോട് താനാണ് ഷോപ്പുടമ എന്നും പണം താന്‍ നല്‍കാം സ്റ്റാഫിനെ ഉപദ്രവിക്കരുത് എന്നും സിബു പറഞ്ഞു. ഒപ്പം കുട്ടികളോട് ഓടി ഓഫീസ് റൂമില്‍ കയറി കതകടയ്ക്കാനും ആവശ്യപ്പെട്ടു.

കുട്ടികള്‍ സുരക്ഷിതരായി ഓഫീസ് റൂമില്‍ എത്തിയെന്ന് കണ്ട സിബു പണം എടുത്ത് കൊടുക്കാനെന്ന വ്യാജേന കൗണ്ടറിന് സമീപത്തേക്ക് എത്തുകയും പണം നല്‍കുന്നതിനിടയില്‍ കിട്ടിയ അവസരം മുതലാക്കി അക്രമിയെ കീഴടക്കുകയുമായിരുന്നു. കരാട്ടെ ബ്ലാക്ക് ബെല്‍റ്റ്‌ ധാരിയായ സിബുവിന് ആദ്യ ശ്രമത്തില്‍ തന്നെ അക്രമിയുടെ കയ്യിലെ തോക്ക് കയ്യടക്കാനായത് തുണയായി. തുടര്‍ന്ന് നജീബിന്‍റെ കൂടി സഹായത്തോടെ സിബു അക്രമിയെ കീഴടക്കുകയായിരുന്നു. അഞ്ച് മിനിട്ടിലധികം നീണ്ടു നിന്ന മല്‍പ്പിടുത്തത്തിനൊടുവില്‍ ആണ് അക്രമിയെ കീഴ്പ്പെടുത്തി തറയില്‍ കിടത്താന്‍ സിബുവിന് കഴിഞ്ഞത്.

അക്രമി തന്‍റെ കൈപ്പിടിയില്‍ ഒതുങ്ങി എന്ന് കണ്ടതിന് ശേഷമാണു സിബു ഫോണ്‍ വിളിച്ച് പോലീസിനെ വരുത്തുന്നതും പോലീസ് എത്തി അക്രമിയെ കസ്റ്റഡിയില്‍ എടുക്കുന്നതും. സിബു അക്രമിയുമായി നടത്തുന്ന മല്‍പ്പിടുത്തം മുഴുവന്‍ ഓഫീസ് റൂമിലെ സിസി ടിവി ക്യാമറയില്‍ കൂടി ലൈവ് ആയി കണ്ടു കൊണ്ടിരുന്ന കുട്ടികള്‍ ഭയചകിതരായിരുന്നിട്ടു കൂടി പോലീസിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും മൊബൈലിനു റേഞ്ച് ഇല്ലാതിരുന്നത് കൊണ്ട് നടന്നിരുന്നില്ല.

കൌണ്ടറില്‍ നിന്നും ക്യാഷ് എടുത്ത് കൊടുക്കാന്‍ ഒരുങ്ങുന്ന സമയത്ത് അക്രമി കൂടുതല്‍ ആക്രമണോത്സുകനായി തന്റെ സമീപത്തേക്ക് എത്തിയതാണ് തനിക്ക് സഹായകമായത് എന്ന് സിബു പറഞ്ഞു. കൂടുതല്‍ പണം ആവശ്യപ്പെട്ട അക്രമി സിബുവിനു നേരെ തോക്ക് ചൂണ്ടി സിബുവിനെ തള്ളുകയും കൂടുതല്‍ അടുത്തേക്ക് വരികയുമായിരുന്നു. സെന്‍സായ് രാജാ തോമസ്‌ നടത്തുന്ന സൈബു കാന്‍ കരാട്ടെ ഡോജോയില്‍ പതിവായി പ്രാക്ടീസ് ചെയ്യുന്ന സിബു തനിക്ക് കിട്ടിയ ആദ്യ അവസരം തന്നെ മുതലാക്കി തോക്കില്‍ പിടുത്തമിട്ടതാണ് അക്രമിയെ കീഴടക്കാന്‍ സഹായകമായത്.

ഞൊടിയിട കൊണ്ട് അക്രമിയില്‍ നിന്നും തോക്ക് പിടിച്ച് വാങ്ങിയ സിബു അത് ദൂരേക്ക് വലിച്ചെറിയുകയും വെറും കയ്യോടെ അക്രമിയെ നേരിടുകയുമായിരുന്നു. ഈ സമയത്താണ് തന്‍റെ കരാട്ടെ പരിശീലനം സിബുവിന് തുണയായത്. യുകെയില്‍ വന്നതിനു ശേഷം ഒരു വ്യായാമം എന്ന രീതിയില്‍ കരാട്ടെ പരിശീലനം ആരംഭിച്ച സിബു പിന്നീട് അത് സീരിയസ് ആയി എടുത്ത് പരിശീലനം തുടരുകയും ബ്ലാക്ക് ബെല്‍റ്റ്‌ കരസ്ഥമാക്കുകയുമായിരുന്നു. കടയില്‍ നിന്നേറെ അകലെ അല്ലാതെ സ്വന്തം കരാട്ടെ ക്ലാസ്സും സിബു നടത്തുന്നുണ്ട്.

അക്രമിയുമായി നടന്ന മല്‍പ്പിടുത്തത്തില്‍ സിബുവിനും സഹായിക്കും നിസ്സാര പരിക്കുകള്‍ പറ്റിയിട്ടുണ്ട്. ഈ സംഭവം നടക്കുമ്പോള്‍ കടയില്‍ നാലോളം കസ്റ്റമേഴ്സ് ഉണ്ടായിരുന്നുവെങ്കിലും ഒരാള്‍ പോലും സഹായിക്കാന്‍ തയ്യാറായില്ല എന്നത് തന്നെ അതിശയിപ്പിച്ചു എന്ന് സിബു പറഞ്ഞു. ശാരീരിക വേദന ഉണ്ടെങ്കില്‍ കൂടി പിറ്റേ ദിവസവും പതിവ് പോലെ കട തുറന്ന് സിബു തന്റെ മനക്കരുത്തും പ്രകടമാക്കി.

രണ്ടു വര്‍ഷം മുന്‍പ് കട തുടങ്ങിയ സിബുവിന് ഇത് പോലൊരു അവസരം നേരിടേണ്ടി വരുന്നത് ആദ്യമാണെന്ന് പറഞ്ഞു. സ്വയ രക്ഷയ്ക്ക് ആവശ്യമായ ആയോധന മുറ എങ്കിലും എല്ലാവരും പരിശീലിച്ചിരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത് എന്നും സിബു ഓര്‍മ്മപ്പെടുത്തി. യുകെയുടെ തെരുവുകളിലും ഷോപ്പുകളിലും ഒക്കെ അക്രമം പെരുകി വരുമ്പോള്‍ കുട്ടികളെയും മറ്റും കരാട്ടെ പോലുള്ള സ്വയ രക്ഷാ മാര്‍ഗ്ഗങ്ങള്‍ പരിശീലിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

RECENT POSTS
Copyright © . All rights reserved