UK

മനുഷ്യനിൽ ദൈവത്തെ തേടാനുള്ള ആഹ്വാനമാണ് ക്രിസ്മസ്.. കാലിതൊഴുത്തോളം താണിറങ്ങുന്ന കരുണ്ണ്യത്തിന്റെ പേരാണ് ദൈവം.. ക്രിസ്മസ് മനുഷ്യജീവിതത്തിന്റെ ഏതൊരാവസ്ഥയിലും ദൈവം കൂടെയുണ്ട് എന്ന പ്രത്യാശ നൽകുന്നു.. ദൈവകാരുണ്യത്തിന് ഹൃദയം തുറക്കുന്നവർക്കുള്ളതാണ് സമാധാനം എന്നതാണ് ക്രിസ്മസിന്റെ സന്ദേശം… മഞ്ഞ് പെയ്യുന്ന രാവ്, മാനത്ത് തിങ്ങി നിൽക്കുന്ന നക്ഷത്രങ്ങൾ, ഉണ്ണിയേശുവിന്റെ വരവിന് സ്വാഗതമരുളുന്ന മഞ്ഞ്  പെയ്യുന്ന പുലരികൾ… സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഓർമ്മകൾ ഉണർത്തുന്ന ക്രിസ്മസ്… സ്‌നേഹം മണ്ണില്‍ മനുഷ്യനായ് പിറന്നതിന്റെ ഓര്‍മ്മക്കായ്….നാടെങ്ങും ആഘോഷതിരികള്‍ തെളിയുന്ന ഈ വേളയില്‍ മാലാഖമാരുടെ സംഗീതവും കണ്ണുചിമ്മുന്ന താരകങ്ങളും മണ്ണിലും വിണ്ണിലും നിറയുന്ന ആഘോഷ വേളകൾ…

ക്രിസ്മസിന്റെ സംഗീതമെന്നാല്‍ കരോള്‍ ഗാനങ്ങളാണ്. പതിമൂന്നാം നൂറ്റാണ്ടു മുതല്‍ കരോള്‍ ഗാനങ്ങള്‍ പിറവിയെടുത്തു എന്നാണ് പറയുന്നത്. ആനന്ദംകൊണ്ട് നൃത്തം ചെയ്യുക എന്നര്‍ത്ഥം വരുന്ന carole എന്ന ഫ്രഞ്ച് വാക്കില്‍ നിന്നുമാണ് കരോള്‍ എന്ന വാക്കിന്റെ ഉത്ഭവം. ആദ്യകാലത്തെ കരോള്‍ ഗാനങ്ങളില്‍ ഭൂരിഭാഗവും ലാറ്റിന്‍ ഭാഷയില്‍ ഉള്ളവയായിരുന്നു.  രാത്രി രാത്രി രജത രാത്രി, യഹൂദിയായിലെ, പുല്‍കുടിലില്‍ തുടങ്ങിയ കേരളത്തിലെയും പ്രവാസി മലയാളുകളുടെയും ക്രിസ്മസ് രാത്രികളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന സൂപ്പർ ഹിറ്റ് കരോൾ ഗാനങ്ങളിൽ പെടുന്നവയാണ്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിൽ ഇദംപ്രഥമമായി സംഘടിപ്പിച്ച കരോൾ ഗാനമത്സരം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രഥമ അധ്യക്ഷനായ ജോസഫ് സ്രാമ്പിക്കൽ പിതാവ് സന്നിഹിതനായിരുന്ന കരോൾ ഗാനമൽസരം എല്ലാം കൊണ്ടും അനുഗ്രഹീതമായിരുന്നു. മാസ്സ്  സെന്റററിലെ എല്ലാ യൂണിറ്റുകളും വലിയ തോതിലുള്ള പരിശീലനപരിപാടികൾ നടത്തി ഒരേ തരത്തിലുള്ള കോസ്ട്യുമുകൾ ഉൾപ്പെടെയുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിക്കി മൽസര വേദിയിൽ എത്തിയപ്പോൾ ജഡ്ജുമാർ പോലും ആർക്ക് കൊടുക്കും എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ ബുദ്ധിമുട്ടി എന്ന് അവർതന്നെ സാക്ഷ്യപ്പെടുത്തുകയുണ്ടായി ഫലപ്രഖ്യാപനത്തിൽ…

വളരെ വാശിയേറിയ മത്സരത്തിനൊടുവിൽ സെക്രട്ട് ഹാർട്ട് ട്രെന്റ് വെയിൽ യൂണിറ്റ് ഒന്നാം സമ്മാനം കരസ്ഥമാക്കിയപ്പോൾ ഹോളി ഫാമിലി യൂണിറ്റ് ഹാൻഫോർഡ്, സെന്റ് മാർട്ടിൻ യൂണിറ്റ് മൈൽ ഹൗസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും കരസ്ഥമാക്കി.

 

കോഓപ്പറേറ്റീവ് അക്കാദമിയിൽ മൂന്ന് മണിക്ക് ആരംഭിച്ച വിശുദ്ധ കുർബാനക്ക് ശേഷമായിരുന്നു കരോൾ മൽസരം നടത്തപ്പെട്ടത്. മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ്, മാസ്സ് സെന്ററിന്റെ ചുമതല വഹിക്കുന്ന ഫാദർ ജെയ്‌സൺ കരിപ്പായി, പിതാവിന്റെ സെക്രട്ടറി ഫാ: പതുവ പത്തിൽ, ഫാ: ജോർജ്,  ഫാ: വിൽഫ്രഡ് എന്നിവർ സന്നിഹിതരായിരുന്നു…

റെജി നന്തിക്കാട്ട്

യുക്മ സാംസ്‌കാരിക വിഭാഗം എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ ഡിസംബര്‍ ലക്കം പ്രസിദ്ധീകരിച്ചു. യുകെയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജ്വാല ഇ മാഗസിന് ലോകമെമ്പാടും നിരവധി വായനക്കാരുണ്ട്. പ്രമുഖ എഴുത്തുകാരുടെ കൃതികളോടൊപ്പം പുതിയ എഴുത്തുകാരുടെയും രചനകള്‍ ഓരോ ലക്കത്തെയും സമ്പന്നമാക്കുന്നു.

കഥകളും കവിതകളും വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും പുതുമയാര്‍ന്ന സ്ഥിരം പംക്തികളും ഉള്‍പ്പെടുന്ന ജ്വാല ക്രിസ്മസ് പതിപ്പ് വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

പി.ആര്‍.ഒ. യുക്മ 

തിരുപിറവിയുടെ ആഘോഷം പടിവാതിലില്‍ എത്തി നില്‍കുമ്പോള്‍, ഒട്ടു മിക്ക വീടുകളിലും നക്ഷത്രങ്ങളും അലങ്കാര ദീപങ്ങളും നിറഞ്ഞു കഴിഞ്ഞു. ദിവസങ്ങളായി കരോള്‍ സംഘങ്ങള്‍ വീടുകളിലെത്തി തുടങ്ങിയതോടെ കുഞ്ഞുങ്ങളുടെ മനസ്സില്‍ ആഹ്‌ളാദ പൂത്തിരി നിറഞ്ഞു കത്തുകയാണ്. അതിനിടയില്‍ എന്തെങ്കിലും തരത്തിലുള്ള ദുരന്തം നമ്മുടെ ഭവനങ്ങളില്‍ എത്തുകയാണെങ്കില്‍ എല്ലാ ആഘോഷങ്ങളും താറുമാറാവും. ദുരന്തം എന്ന വാക്ക് തന്നെ ഭീതിജനകമാണ്. അത് പ്രകൃതി ക്ഷോഭമായി വന്ന് നിസ്സഹായരായ ഒരു പറ്റം ആള്‍ക്കാരെ നിവര്‍ത്തികേടിന്റെ സ്ഥിതിയിലേക്ക് ആക്കുന്നതായാലോ?

നമ്മള്‍ ക്രിസ്തുമസ്സിന്റെയും പുതുവത്സരത്തിന്റെയും ആശംസാകാര്‍ഡുകളും സമ്മാനപ്പൊതികളും അയച്ച് ആഘോഷിക്കാന്‍ ഒരുങ്ങുമ്പോള്‍ നമ്മുടെ സഹജീവികള്‍ കേരളത്തില്‍ പൂന്തുറയിലും മറ്റ് കടപ്പുറങ്ങളിലും അന്തിയുറങ്ങാന്‍ ഇടമില്ലാതെ, നാളെ തീരത്തടിഞ്ഞേക്കാവുന്ന ജഡം നോക്കി കാവലിരിക്കുകയാണ്. നമ്മുടെ ആഘോഷങ്ങളില്‍ നിന്ന് ഒരു പങ്ക് ഇവര്‍ക്ക് നല്‍കി സാന്ത്വനത്തിന്റെ ഒരു ഇളം തെന്നല്‍ ആകാന്‍ നമുക്ക് കൂട്ടായി പരിശ്രമിച്ചാലോ? സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും ആശംസകളുടെയും അവസരമായ ക്രിസ്തുമസ് പുതുവത്സരാഘോഷ വേളയില്‍ കേരളത്തിന്റെ തീര ദേശങ്ങളിലെ പാവങ്ങളുടെ ജീവിതങ്ങളിലേക്ക് വീശിയടിച്ച ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തങ്ങളില്‍ നിന്ന് കര കയറാന്‍ യുക്മയോടൊപ്പം കൈ കോര്‍ക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

നവംബര്‍ അവസാനവും ഡിസംബര്‍ ആദ്യവുമായി ഘോര താണ്ഡവം നടത്തിയ ഓഖിയുടെ ഭീകരതയുടെ ആഴം ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. മുന്നൂറോളം പേരെ ഇനിയും കാണാനുണ്ട് എന്ന് പറയുമ്പോള്‍, സര്‍ക്കാര്‍ കണക്കില്‍ മരിച്ചവര്‍ 70 , തിരിച്ചറിയപ്പെടാത്തവര്‍ 24 , രക്ഷപെടുത്തപ്പെട്ടവര്‍ 2800 നു മുകളില്‍, മടങ്ങി യെത്താനുള്ളവര്‍ 105. വീട് തകര്‍ന്നവരും, വള്ളവും വലയും നഷ്ടപ്പെട്ട് ജീവിതമാര്‍ഗ്ഗം അടഞ്ഞവരും, ഉടുതുണിക്ക് മറുതുണി പോലുമില്ലാതെ എല്ലാം കടലെടുത്തവരും അനേകം. കടല്‍ ക്ഷോഭത്തിന്റെയും ചുഴലിക്കാറ്റിന്റെയും ഭീകരതയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ ഇപ്പോഴും കണക്കെടുപ്പ് നടക്കുന്നതേയുള്ളൂ.രക്ഷാപ്രവര്‍ത്തനത്തിനും, തിരച്ചിലിനുമായി പ്രതീക്ഷിക്കുന്നയത്ര ബോട്ടുകളോ സംവിധാനങ്ങളോ പോലും ഉപയോഗിക്കാന്‍ കഴിയുന്നില്ല.

ഇവിടെയാണ് ചിറമേല്‍ അച്ചന്റെ വാക്കുകള്‍ പ്രസക്തമാകുന്നത്. പണക്കാരുടെയോ അധികാരികളുടെയോ ഇടയില്‍ ഉണ്ടായ ദുരന്തമല്ല ഇത്. വെള്ളത്തിനു മേലെ ജീവിക്കുന്ന ഒരു പറ്റം പാവങ്ങളാണ് ദുരന്തബാധിതര്‍. അതുകൊണ്ട് അവരെ സഹായിക്കാന്‍ മനുഷ്യത്വം വറ്റാത്ത സര്‍വ്വ മനസ്സുകളും ഒന്നായി സഹകരിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ധനസഹായം നടന്നുകൊള്ളട്ടെ. നമ്മളാല്‍ കഴിയുന്നത് നമുക്ക് ചെയ്യാനായി ഒരുമിക്കാം.

യുക്മയുടെ നേതൃത്വത്തില്‍ ഓഖി ദുരന്തത്തില്‍ പെട്ട കഴിയുന്നത്ര കുടുംബങ്ങളെ ദത്തെടുത്ത് പരിപാലിക്കാന്‍ ആണ് ആഗ്രഹിക്കുന്നത്. അവര്‍ക്ക് 5 ലക്ഷം രൂപ ചിലവ് വരുന്ന വീട് വച്ച് കൊടുക്കാനും ആവശ്യമായ സഹായങ്ങള്‍ ചെയ്യാനുമാണ് യുക്മ ആഗ്രഹിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 5 കുടുംബങ്ങളെ ദത്തെടുത്ത് പരിപാലിക്കാന്‍ ആണ് യുക്മ ആഗ്രഹിക്കുന്നത്.

സര്‍വ്വവും നഷ്ടപ്പെട്ട കുടുംബങ്ങളിലെ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസത്തിനും മറ്റുമുള്ള മേല്‍നോട്ടം വഹിക്കുന്നതിനും സന്നദ്ധതയുള്ളവരുണ്ടെങ്കില്‍ മുന്നോട്ടു വരണം എന്നും യുക്മ അഭ്യര്‍ത്ഥിക്കുന്നു.
ഈ ക്രിസ്തുമസ് പുതുവത്സരാഘോഷ വേളയില്‍ യു കെ മലയാളികള്‍ ഏവരും കണ്ണീരില്‍ കഴിയുന്ന ഈ കുടുംബങ്ങള്‍ക്ക് തുണയാകുവാന്‍ മുന്നോട്ടു വരണം. നിങ്ങളുടെ ചെറിയ തുകകള്‍ സ്വരൂപിച്ച് ഒരു വലിയ ദൗത്യത്തിനായി വിനിയോഗിക്കാന്‍ സഹായിക്കണം. എല്ലാവര്‍ക്കും ക്രിസ്തുമസ് പുതുവത്സര മംഗളങ്ങള്‍ നേര്‍ന്നുകൊണ്ട് നമ്മുടെ സന്തോഷത്തില്‍ ഈ പാവങ്ങളെയും ഓര്‍ക്കണമേ എന്നും, യുക്മ ഓഖി ദുരന്ത സഹായ നിധിയില്‍ ഭാഗഭാക്കണമേ എന്നും അഭ്യര്‍ത്ഥിക്കുന്നു.

യുക്മയുടെ ഈ ഓഖി ദുരന്ത സഹായ നിധിയില്‍ പണം നിക്ഷേപിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ബാങ്ക് വിവരങ്ങളില്‍ പണം നിക്ഷേപിക്കുവുന്നതാണ്. കൂടാതെ പല അസോസിയേഷനുകളും ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ച് ഫണ്ട് കളക്ഷന്‍ നടത്തുന്നതിനുള്ള സന്നദ്ധത അറിയിച്ചിട്ടുള്ളതിനാല്‍ അപ്രകാരവും നിങ്ങളുടെ സഹായം എത്തിക്കുന്നതിന് അവസരം ഉണ്ട്. നമ്മുടെ സൗഭാഗ്യങ്ങളില്‍ നിന്ന് ഒരു പങ്ക് കൊടുത്ത് നമുക്ക് ക്രിസ്തുമസ് ആഘോഷിക്കാം, ഒരു നന്മ കൂടി ചെയ്ത് പുതുവര്‍ഷത്തെ വരവേല്‍ക്കാം.

UUKMA Chartiy Foundation
AC Number: 52178974
Sort Code : 403736

ഫാ. ബിജു കുന്നയ്ക്കാട്ട് പിആര്‍ഒ

നോര്‍ത്തലര്‍ട്ടണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ വിമെന്‍സ് ഫോറം പ്രസ്റ്റണ്‍ റീജിയണിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ രാത്രി ജാഗരണ പ്രാര്‍ത്ഥന (നൈറ്റ് വിജില്‍) നടത്തപ്പെടുന്നു. നോര്‍ത്തലര്‍ട്ടണ്‍ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ വച്ച് നടക്കുന്ന വി. കുര്‍ബാനയ്ക്കും മറ്റു തിരുക്കര്‍മ്മങ്ങള്‍ക്കും റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, റവ. ഫാ. സജി തോട്ടത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ജപമാല, പരി. കുര്‍ബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, കുമ്പസാരം തുടങ്ങിയ ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. പ്രസ്റ്റണ്‍ റീജിയണിലെ ഇരുപത്തിമൂന്ന് വി. കുര്‍ബാന സെന്ററുകളിലുമുള്ള എല്ലാ വനിതകളെയും ഈ ശുശ്രൂഷകളിലേയ്ക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റേ ജോളി മാത്യു, സെക്രട്ടറി സിനി നോസി എന്നിവര്‍ അറിയിച്ചു. പള്ളിയുടെ അഡ്രസ്: സേക്രട്ട് ഹാര്‍ട്ട് കാത്തലിക് ചര്‍ച്ച്
41, Thirsk Road (തര്‍സ്‌ക് റോഡ്)
നോര്‍ത്തലര്‍ട്ടണ്‍, DL 6 1 PJ

ഫാ.ഹാപ്പി ജേക്കബ്

മശിഹാ എന്ന കര്‍ത്താവ് ദാവീദിന്റെ പട്ടണത്തില്‍ ഇന്ന് നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു, നിങ്ങള്‍ക്കടയാളമോ ശീലകള്‍ ചുറ്റി പശുത്തൊട്ടിയില്‍ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും. വി. ലൂക്കോസ് 2:11

ദൈവപുത്രന്റെ ജനനം സമാഗതമായി. തിരുപ്പ്ിറവി പെരുന്നാള്‍ ആഘോഷിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. ഏവരുടേയും ഉള്ളില്‍ സന്തോഷത്തിന്റെ തിരിനാളം തെളിഞ്ഞു കത്തുന്നു. ഇരുപത്തിയഞ്ച് ദിവസത്തെ വ്രതനിഷ്ഠയില്‍ ആത്മീയ അനുഭവത്തിന്റെ സാക്ഷാത്കാരം.

ഇന്ന് നമ്മുടെ കാഴ്ചപ്പാടില്‍ സന്തോഷവും സമാധാനവുമാണല്ലോ ക്രിസ്തുമസിന്റെ കാതലായ സന്ദേശമായി കരുതുന്നത്. എന്നാല്‍ ഈ കാഴ്ചപ്പാടിന്റെ വിപരീത ദിശയിലും ക്രിസ്തുമസിന്റെ മഹത്വം നശിക്കുന്ന ദര്‍ശിക്കുന്ന അനുഭവങ്ങള്‍ നമുക്കു ചുറ്റും കാണാവുന്നതാണ്. യാദൃശ്ചികമായി സാഡ്‌നെസ്സും ക്രിസ്മസ് എന്ന് ഒരു ലഘുലേഖ കാണാനിടയായി. അതില്‍ നിന്നും കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഒരുപാട് കഥകള്‍, അല്ല ജീവിതാനുഭവങ്ങള്‍ തന്നെ വായിച്ചു ഈ ആഴ്ചയില്‍. അതിലേറെയും സ്‌നേഹബന്ധങ്ങളുടെ ഊഷ്മളതയും തീവ്രതയും നഷ്ടബോധങ്ങളുടെ നടുവിലും പ്രത്യാശ നല്‍കുന്ന അനുഭവങ്ങള്‍ ആയിരുന്നു. സന്തോഷിക്കാന്‍ വകയില്ലാതെ ജീവിക്കുന്ന അനേകായിരങ്ങളുടെ ഇടയില്‍ ക്രിസ്തുസ്‌നേഹത്തില്‍ ക്രിസ്തുമസ് ആചരിക്കുമ്പോഴാണ് ഈ ദിവസങ്ങള്‍ അര്‍ത്ഥപൂര്‍ണമാവുന്നത്. ക്രിസ്തുവിന്റെ ജനനവും ജീവിതവും ഇങ്ങനെയുള്ള പശ്ചാത്തലത്തിലും ആണ് എന്നുള്ളത് നാം വിസ്മരിക്കരുത്.

ലോക രക്ഷിതാവ്, മശിഹാ, ഇമ്മാനുവേല്‍, സമാധാനപ്രഭു, ദൈവ പുത്രന്‍ എന്ന് പറയുമ്പോഴും ജനിക്കുവാന്‍ ഇടം അന്വേഷിക്കുന്ന അനുഭവം. കഷ്ടതയുടെ പാരമ്യതയില്‍ തന്റെ പ്രസവത്തിനായി വാതിലുകള്‍ മുട്ടുന്ന ദൈവമാതാവ്. വരാവുന്ന പ്രതിസന്ധികളില്‍ പെടാതെ മാതാവിനേയും കുഞ്ഞിനേയും സംരക്ഷിക്കുന്ന വിശുദ്ധനായ ജോസഫ്. ഇതില്‍ എവിടെയാണ് നാം കാണുന്ന സന്തോഷവും സമാധാനവും. ഇതാണ് യാഥാര്‍ത്ഥ്യം എന്നറിഞ്ഞിട്ടും എന്തേ നമ്മുടെ ക്രിസ്തുമസ് ആഘോഷമായി മാറി. വര്‍ണപ്പൊലിമകളും ആഡംബരവും ധൂര്‍ത്തും എങ്ങനെ ക്രിസ്തുമസിന്റെ ഭാഗമായി.

അപ്പോള്‍ എവിടെയാണ് നമ്മുടെ ധാരണയ്ക്ക് തെറ്റുപറ്റിയത്. നൂറ്റാണ്ടുകളായി കാത്തിരുന്ന വിടുതല്‍ സാധ്യമായ ഈ ജ്ഞാന പെരുന്നാളില്‍ ഭൗതികത അല്ല ആത്മീയതയാണ് ജനന സന്ദേശമെന്ന് നാം മനസിലാക്കുക. വര്‍ണ കാഴ്ചകളല്ല പ്രത്യാശയുടെ പുഞ്ചിരിയാണ് ക്രിസ്തുമസിന്റെ അലങ്കാരം ആകേണ്ടത്.

ക്രിസ്തുമസില്‍ നമ്മുടെ സമ്പന്നതയില്‍ നിന്ന് ഒരു കഷണം കേക്ക്, ഒരു കാര്‍ഡിന് നാം ചിലവാക്കുന്ന തുക, ആഘോഷങ്ങളുടെ ചിലവില്‍ ഒരു ശതമാനം എങ്കിലും നാം യഥാര്‍ത്ഥ ക്രിസ്തുമസിന് വേണ്ടി മാറ്റിവച്ചേ മതിയാവൂ. ഒരു ആശ്വാസവാക്ക് കേള്‍ക്കുമ്പോള്‍ ക്ഷീണിതന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരി, ഒരു പട്ടിണിപ്പാവത്തിന്റെ തൃപ്തി അത്രത്തോളം സംതൃപ്തി തരില്ല ഒരു ആഘോഷവും. ‘നന്മ ചെയ്യുവാനും കൂട്ടായ്മ കാണിക്കുവാനും മറക്കരുത്. ഈ വക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നത്” എബ്രയാര്‍ 13: 16.

ആത്മാവില്‍ നിറഞ്ഞ് ദൈവാലയത്തില്‍ ക്രിസ്തു പ്രസംഗിക്കുന്നതും ഇത് തന്നെയാണ്. വി. ലൂക്കോസ് 4: 18, 19 ദരിദ്രരോട് സുവിശേഷം അറിയിക്കുക, സന്ധന്മാര്‍ക്ക് വിടുതല്‍ നല്‍കുക, കുരുടര്‍ക്ക് കാഴ്ച കൊടുക്കുക, പീഡിതരെ വിടുവിക്കുക ഇതാകട്ടെ ഈ ക്രിസ്തുമസില്‍ നമ്മുടെ ശ്രമം.

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം; ഭൂമിയില്‍ ദൈവ പ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം. ഏവര്‍ക്കും നന്മയുടേയും സ്നേഹത്തിന്റെയും ക്രിസ്തുമസ് ആശംസകള്‍.

സ്നേഹത്തോടെ
ഹാപ്പി ജേക്കബ് അച്ചന്‍

മാഞ്ചസ്റ്റര്‍: ഭരണഘടനയില്‍ മതേതരത്വം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് സ്‌കൂള്‍ ടാബ്ലോകളില്‍ മാത്രം ഒതുങ്ങുന്നതാണ് മതേതര റിപ്പബ്ലിക്കായ ഇന്ത്യയുടെ അനുഭവം. തങ്ങളുടെ ആരാധനാലയങ്ങള്‍ മറ്റു മതസ്ഥര്‍ക്കായി തുറന്നുകൊടുക്കാന്‍ മടി കാണിക്കുന്ന സമൂഹവും നമ്മുടേത് തന്നെ. അതേസമയം മറ്റ് മതത്തിലുള്ളവര്‍ക്കും അവരുടെ ആരാധനക്കായി സ്വന്തം പള്ളി തുറന്നു കൊടുക്കാന്‍ തയ്യാറെടുക്കുകയാണ് ഓള്‍ഡ്ഹാമിലെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പള്ളി. ഓള്‍ഡ്ഹാമിലെ സെന്റ് തോമസ് വേര്‍നെത്ത് പള്ളിയാണ് ഈ ഉദ്യമത്തിലൂടെ മാതൃകയാകുന്നത്.

ഇതിന്റെ ഭാഗമായി പള്ളിയില്‍ ആരാധനക്കെത്തുന്നവര്‍ക്കായുള്ള ഇരിപ്പിടങ്ങള്‍ നീക്കം ചെയ്യാനാണ് തീരുമാനമെന്ന് പള്ളി വികാരി നിക്ക് ആന്‍ഡ്രൂസ് പറഞ്ഞു. 40 പേര്‍ മാത്രമാണ് പള്ളിയിലെ ഇടവകാംഗങ്ങള്‍. അതുകൊണ്ട് തന്നെ പ്രൊട്ടക്ടട് വിഭാഗത്തിലുള്ള പള്ളി സ്ഥിതി ചെയ്യുന്നത് മുസ്ലീം ഭൂരിപക്ഷ പ്രദേശത്താണ്. ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ മാത്രമാണ് പള്ളിയില്‍ നടക്കുന്നത്. മറ്റ് സമുദായങ്ങളിലുള്ളവര്‍ക്ക് സൗകര്യമൊരുക്കാന്‍ കഴിയുമെന്ന വിശാല ചിന്തയിലാണ് ഈ ഉദ്യമം.

തന്റെ ഈ ആശയത്തിന് അംഗീകാരം നല്‍കണമെന്ന് മാഞ്ചസ്റ്റര്‍ ഡയോസീസ് ചാന്‍സലര്‍ ജെഫ്രി ടാറ്റര്‍ഷാലിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും വികാരി പറഞ്ഞു. എന്നാല്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള പള്ളിയുടെ സംരക്ഷണം നിര്‍വഹിക്കുന്ന വിക്ടോറിയന്‍ സൊസൈറ്റിക്ക് വ്യത്യസ്തമായ അഭിപ്രായമാണ് ഇക്കാര്യത്തിലുള്ളത്. ഇത്തരമൊരു ആശയം പള്ളിക്ക് ദോഷകരമാകുമെന്ന് സൊസൈറ്റി പറയുന്നു. പള്ളിക്കുള്ളിലെ ഇരിപ്പിടങ്ങള്‍ 1970കളില്‍ മാത്രമാണ് സ്ഥാപിച്ചതെന്നും അതിനാല്‍ അവ എടുത്തു മാറ്റുന്നതില്‍ പ്രശ്‌നമില്ലെന്നുമുള്ള എതിര്‍വാദവുമായി വികാരിയും രംഗത്തെത്തിയിട്ടുണ്ട്.

ജോബി ജോണ്‍

സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി ആറ് ശനിയാഴ്ച റെയിലി സോവൈന്‍ പാര്‍ക്ക് സ്കൂള്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നു. അന്നേ ദിവസം നാല് മണിക്ക് അസോസിയേഷനിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഈ വര്‍ഷത്തെ കലാ കായിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന ദാനവും ജനറല്‍ ബോഡി യോഗവും നടത്തുന്നതാണ്.

ആഘോഷ പരിപാടികള്‍ക്ക് കൊഴുപ്പേകാന്‍ ഗ്രേസ് മെലഡിയോസ് ഹാംഷയര്‍ ഒരുക്കുന്ന സംഗീത വിരുന്നും വര്‍ണ്ണം ലണ്ടന്‍ ഒരുക്കുന്ന സിനിമാറ്റിക് ഡാന്‍സുകളും ഉണ്ടായിരിക്കുന്നതാണ്. എല്ലാ സുഹൃത്തുക്കളെയും ഈ ആഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

വിനി കുന്നത്ത്: 07878173258
ജിസ് ജോസ്: 07576787988
ജോബി ജോണ്‍: 07737028198
സിജു നായര്‍: 07886609665
പ്രസാദ്‌ ആഞ്ഞിലിവേലില്‍: 07827060000

വേദിയുടെ വിലാസം:

Sweyne Park School,
Sir Walter Raleigh Drive,
Rayleigh, Essex.
SS6 9BZ

 

ക്രിസ്തുമസിനോടനുബന്ധിച്ച് ഒരുക്കിയ പുല്‍ക്കൂടില്‍ അതിശയങ്ങള്‍ വിരിയിക്കുകയാണ് ഹെറെഫോര്‍ഡ്, ബ്രോഡ് സ്ട്രീറ്റ് സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ചര്‍ച്ച്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി പള്ളിയില്‍ പുല്‍ക്കൂട് നിര്‍മിക്കുന്നുണ്ടെങ്കിലും ഈ വര്‍ഷം ഏറ്റനും വലിയ പുല്‍ക്കൂടാണ് നിര്‍മിച്ചിരിക്കുന്നത്. ഇത്തവണ പൂര്‍ണ്ണമായി കംപ്യൂട്ടറൈസ് ചെയ്ത പുല്‍ക്കൂടാണ് ആകര്‍ഷണം.

വെള്ളച്ചാട്ടവും മൃഗങ്ങളും രാത്രിയുടെ പശ്ചാത്തല ശബ്ദവും നദികളും മഞ്ഞുവീഴ്ചയും മൂടല്‍ മഞ്ഞും ജലധാരയും അടക്കമുള്ള സജ്ജീകരണങ്ങളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ഫൈബര്‍ ഒപ്റ്റിക്‌സ് ഉപയോഗിക്കുന്ന ഡിഎംഎക്‌സ് ലൈറ്റിംഗ് സിസ്റ്റവും എല്‍ഇഡി ആകാശവും ഒരുക്കിയിട്ടുണ്ട്.

അഞ്ച് ദിവസം കൊണ്ടാണ് പാരിഷിലെ യുവാക്കള്‍ ഇത് ഒരുക്കിയത്. മെയിന്റനന്‍സ് എന്‍ജിനീയറായ മെല്‍ബിന്‍ തോമസും എയറോനോട്ടിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ ലിയോനാര്‍ഡോ ബെന്റോയും ചേര്‍ന്നാണ് ഇത് ഡിസൈന്‍ ചെയ്തത്. ഇവര്‍ക്കൊപ്പം പാരിഷിലെ 14 യുവാക്കളും പുല്‍ക്കൂട് യാഥാര്‍ത്ഥ്യമാക്കാന്‍ ഒത്തു ചേര്‍ന്നു.

ശ്രീനാരായണ കുടുംബ യൂണിറ്റ് വൂസ്റ്ററിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 5 നു ഡ്രോയ്ട്വിച്ചില്‍ വച്ച് നടത്തുവാന്‍ കഴിഞ്ഞ പ്രാര്‍ഥന യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ 2018 പ്രാര്‍ഥന വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെയും തിരഞ്ഞെടുത്തു. റോബിന്‍ കരുണാകരന്‍ കണ്‍വീനറായും, ഷൈബി സുജിത് ജോയിന്റ് കണ്‍വീനറായും, ഷിബുസ് വിശ്വംഭരന്‍ ട്രെഷറര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു.

വൈകുന്നേരം 6 മുതല്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ യൂണിറ്റ് അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ക്കൊപ്പം ഗാനമേളയും നടത്തുവാന്‍ തീരുമാനിച്ചു

ജോണ്‍സണ്‍ ജോസഫ്

യുകെയിലെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ ക്രിസ്തുമസ് ശുശ്രൂഷകള്‍ ഡിസംബര്‍ 24ന് ക്രോയ്ഡന്‍, ബ്രിസ്റ്റോള്‍, ലിവര്‍പൂള്‍, ഈസ്റ്റ് ലണ്ടന്‍, മാഞ്ചസ്റ്റര്‍, നോട്ടിങ്ഹാം എന്നീ മിഷന്‍ സെന്ററുകളില്‍ കേന്ദീകരിച്ചു നടത്തപ്പെടും. ക്രോയ്ഡന്‍ സെന്റ് ജെത്രൂഡ് ദേവാലയത്തിലും, ബ്രിസ്റ്റോള്‍ സെന്റ് വിന്‍സെന്റ് ഡീപോള്‍ ദേവാലയത്തിലും ഉച്ചക്ക് രണ്ടിനാണ് ശുശ്രൂഷ. ലിവര്‍പൂള്‍ സെന്റ് ജോസഫ് കോണ്‍വെന്റില്‍ വൈകിട്ട് നാലരക്കും, നോട്ടിങ്ഹാം ഔവര്‍ ലേഡി ദേവാലയത്തില്‍ വൈകിട്ട് എട്ടു മണിക്കും, ഈസ്റ്റ് ലണ്ടന്‍ സെന്റ് അന്ന ദേവാലയത്തില്‍ വൈകിട്ട് എട്ടരക്കും, മാഞ്ചസ്റ്റര്‍ സെന്റ് ഹില്‍ഡാ ദേവാലയത്തില്‍ വൈകിട്ട് ഒമ്പതിനുമാണ് ശുശ്രൂഷകള്‍ ആരംഭിക്കുക. യുകെ സീറോ മലങ്കര സഭയുടെ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കമൂട്ടില്‍, വിവിധ രൂപതകളിലെ മലങ്കരസഭാ ചാപ്ലൈന്‍മാരായ ഫാ. രഞ്ജിത് മടത്തിറമ്പില്‍, ഫാ. ജോണ്‍ അലകസ് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

RECENT POSTS
Copyright © . All rights reserved