ജോണ്‍സണ്‍ മാത്യൂസ്
ഡഗന്‍ഹാം: ഇസ്രായേലിന്‍ നാഥനായി, വാഴുമേക ദൈവം എന്ന പ്രശസ്തമായ ക്രിസ്ത്യന്‍ ഗാനത്തിന്റെ ശില്‍പിയും രണ്ടായിരത്തോളം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് ഈണമിട്ട പ്രശസ്ത സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനല്ലൂരും, ചിന്ന ചിന്ന ആസൈ എന്ന എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ഗാനം ആലപിച്ച തെക്കേ ഇന്ത്യയുടെ സ്വന്തം വാനമ്പാടി മിന്‍മിനിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ”സ്‌നേഹ സങ്കീര്‍ത്തനം’ എന്ന ഗാനസന്ധ്യ ഡിസംബര്‍ 26-ാം തീയതി വൈകുന്നേരം 6 മണിക്ക് ലണ്ടനിലെ ഡഗന്‍ഹാമിലുള്ള ഫാന്‍ഷേവ് കമ്മ്യൂണിറ്റി ഹാളില്‍ അരങ്ങേറുന്നു. ഈ സന്ധ്യയില്‍ ഇവരോടൊപ്പം ക്രിസ്തീയ ആത്മീയ സംഗീത ലോകത്തേക്ക് തനതായ ശൈലിയുമായി കടന്നുവന്ന കെ ജെ നിക്‌സന്‍, ഈശോയിക്ക് വേണ്ടി പാടി തിളങ്ങി വളര്‍ന്നു വരുന്ന കൊച്ചു ഗായികയായ നൈഡന്‍ പീറ്റര്‍, സുനില്‍ കൈതാരം, ബൈജു കൈതാരം തുടങ്ങിയവരും പങ്കെടുക്കുന്നതായിരിക്കും.
ഡിസംബര്‍ ഒന്നാം തീയതി മുതല്‍ ടിക്കറ്റ് വില്‍പന ആരംഭിക്കുകയും മുന്‍കൂട്ടി ടിക്കറ്റുകള്‍ വാങ്ങി സീറ്റുകള്‍ ഉറപ്പുവരുത്തുവാനും സ്വാഗത കമ്മറ്റി ഭാരവാഹികളും, പ്രോഗ്രാം കമ്മറ്റിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. കമ്മ്യൂണിറ്റി ഹാളിനോട് ചേര്‍ന്ന് വിപുലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ഹാളിനുള്ളില്‍ മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണവും ലഭിക്കുന്നതാണ്.
ലണ്ടന്‍ ഉള്‍പ്പെടെ യുകെയുടെ വിവിധ സ്ഥലങ്ങളിലായി 5 ഷോകള്‍ അരങ്ങേറുന്നതാണ്. പുതുമയാര്‍ന്ന ഈ സംഗീത നിശ ലണ്ടനില്‍ സംഘടിപ്പിക്കുന്നത് പ്രകാശ് ഉമ്മനും, സോണി വര്‍ഗീസും ചേര്‍ന്നാണ്.
സംഗീതത്തിന്റെ സര്‍ഗ്ഗാത്മകത പ്രാര്‍ത്ഥനയില്‍ ലയിക്കുന്ന സ്വര്‍ഗ്ഗീയ നിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ എല്ലാ കലാസ്‌നേഹികളെയും സ്‌നേഹ സങ്കീര്‍ത്തനത്തിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
പ്രകാശ് ഉമ്മന്‍ – 07786282497
സോണി വര്‍ഗീസ് – 07886973751
റോയി – 07480495628
വേദിയുടെ അഡ്രസ്സ്
Fanshave Community Centre
73, Bermead Road
Dagenham
London
RM 9 5 AR
ട്യൂബ് സ്‌റ്റേഷന്‍
Dagenham Heathway (District Line)
ലണ്ടന്‍: ലോക്കല്‍ ബസുകള്‍ക്ക് പകരം ഊബര്‍ ടാക്‌സി ശൈലിയിലുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ക്രിസ് ഗെയ്‌ലിംഗ്. ബസുകള്‍ക്ക് പകരം ഓണ്‍ ഡിമാന്‍ഡ് സര്‍വീസ് നടത്തുന്ന സംവിധാനങ്ങളാണ് വേണ്ടതെന്ന് ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ ചെയര്‍മാന്‍ ലോര്‍ഡ് പീറ്റര്‍, ട്രാന്‍സ്‌പോര്‍ട്ട് ബോര്‍ഡ് അധ്യക്ഷന്‍ മാര്‍ട്ടിന്‍ ടെറ്റ് എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് ഗെയ്‌ലിംഗ് പറഞ്ഞത്. ഊബര്‍ ശൈലിയിലുള്ള ഒരു ആപ്പ് ഉപയോഗിക്കാനായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി നല്‍കിയ നിര്‍ദേശമെന്ന് യോഗത്തിന്റെ മിനുറ്റ്‌സ് വ്യക്തമാക്കുന്നു.
ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ബസുകള്‍ക്കുള്ള ഫണ്ടിംഗ് 2010 മുതല്‍ 33 ശതമാനം കുറച്ചിരുന്നു. നിരക്കുകള്‍ വര്‍ദ്ധിക്കുകയും യാത്രക്കാരുടെ എണ്ണം വലിയ തോതില്‍ കുറയുകയും ചെയ്തു. ഈ ഫണ്ടിംഗ് പ്രശ്‌നം പരിഹരിക്കുന്നതിനായാണ് ഗെയ്‌ലിംഗ് ആ മാര്‍ഗം നിര്‍ദേശിച്ചത്. എന്നാല്‍ ലേബറും ക്യാംപെയിനര്‍മാരും ട്രേഡ് യൂണിയനുകളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. നിങ്ങള്‍ ബസ് ഉപേക്ഷിച്ച് ടാക്‌സികളില്‍ യാത്ര ചെയ്യൂ എന്ന് പറയുന്നതിന് തുല്യമാണ് ഈ നിര്‍ദേശമെന്നാണ് ലേബര്‍ പ്രതികരിച്ചത്. ബസുകളുടെ ഫണ്ടിംഗ് വെട്ടിക്കുറച്ച ശേഷം ഈ നിര്‍ദേശം നല്‍കുന്നത് ശരിയായ രീതിയല്ലെന്നും ലേബര്‍ കുറ്റപ്പെടുത്തി.
ചെറുപ്പക്കാര്‍ക്കും പ്രായമുള്ളവര്‍ക്കും അതുപോലെ ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും കാറുകള്‍ സ്വന്തമായില്ലാത്തവര്‍ക്കും ഇത്തരം ബസുകളാണ് ആശ്രയമെന്ന് ഷാഡോ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ആന്‍ഡി മക്‌ഡൊണാള്‍ഡ് പറഞ്ഞു. ബസുകള്‍ നേരിടുന്ന പ്രതിസന്ധികളേക്കുറിച്ച് സംസാരിക്കുന്നതിന് പകരം ജനങ്ങള്‍ ടാക്‌സികളില്‍ സഞ്ചരിക്കാനാണ് ഗെയ്‌ലിംഗ് നിര്‍ദേശിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോക്കല്‍ ബസുകള്‍ക്ക് പകരം ഊബര്‍ വരണമെന്ന് ഗെയ്‌ലിംഗിനല്ലാതെ ആര്‍ക്കും താല്‍പര്യമില്ലെന്നും ആന്‍ഡി മക്‌ഡൊണാള്‍ഡ് പറഞ്ഞു.
ലണ്ടന്‍: ക്രിസ്മസിന് തൊട്ടു മുമ്പത്തെ വെള്ളിയാഴ്ചയായ 22ന് കടുത്ത ഗതാഗത കുരുക്കുകള്‍ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഫ്രാന്റിക് ഫ്രൈഡേയെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന അവസ്ഥയായിരിക്കും ഈ ദിവസമെന്നാണ് മുന്നറിയിപ്പ്. ക്രിസ്മസിനോടനുബന്ധിച്ച് നിരവധി പേര്‍ യാത്രകള്‍ നടത്തുന്നതും വീക്കെന്‍ഡും ഒക്കെച്ചേര്‍ന്ന് വെള്ളിയാഴ്ച റോഡുകളില്‍ വാഹനങ്ങള്‍ പെരുകും. ഇത് ഗതാഗതക്കുരുക്കിന് കാരണമായേക്കാമെന്ന് ആര്‍എസി മുന്നറിയിപ്പ് നല്‍കുന്നു. വൈകിട്ട് 4 മണി മുതല്‍ 8 മണി വരെ ഏറ്റവും രൂക്ഷമായ തിരക്കിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ കഴിവതും യാത്രകള്‍ കുറയ്ക്കണമെന്നാണ് ആര്‍എസി നിര്‍ദേശിക്കുന്നത്.
ക്രിസ്മസ് തലേന്ന് 1.9 മില്യന്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണ കണക്കാക്കുന്നത്. എന്നാല്‍ 22-ാം തിയതി വെള്ളിയാഴ്ച അതിലും കൂടുതല്‍ തിരക്കിന് സാധ്യതയുണ്ടത്രേ. 1.25 മില്യന്‍ യാത്രകള്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കാനായി ആളുകള്‍ നടത്തുമ്പോള്‍ അവര്‍ക്കിടയിലൂടെ ജോലി കഴിഞ്ഞ് തിരികെ പോകുന്നവരും ഷോപ്പിംഗിനും മറ്റുമായി ഇറങ്ങുന്നവരും എത്തുമ്പോള്‍ റോഡുകള്‍ തിങ്ങി നിറയും. 17-ാം തിയതിക്കും 24നുമിടയില്‍ 11.5 മില്യന്‍ ഉല്ലാസ യാത്രകള്‍ നടക്കുമെന്നാണ് പ്രവചനം. ക്രിസ്മസിനും ന്യൂഇയറിനുമിടയില്‍ ഇത് 17.5 മില്യന്‍ ആയി ഉയരും.
ഇത്രയും കാറുകള്‍ റോഡില്‍ എത്തുന്നത് വലിയ പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുകയെന്ന് ആര്‍എസി ട്രാഫിക് വക്താവ് റോബ് ഡെന്നീസ് പറഞ്ഞു. ഈ വര്‍ഷത്തെ ഫ്രാന്റിക് ഫ്രൈഡേ 22നാണ് പ്രതീക്ഷിക്കുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്ക് പദ്ധതിയിടുന്നവര്‍ ഈ ദിവസം ഉപേക്ഷിക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധന വില ഉയര്‍ന്നത് ഈ വിന്ററിലെ യാത്രകള്‍ ചെലവേറിയതാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശരാശരി 3 പൗണ്ട് കൂടുതലാണ് ഓരോ യാത്രകള്‍ക്കും ചെലവാകുന്നത്.
മലയാളം യുകെ ന്യൂസ് ടീം
ഓവര്‍സീസ് റിക്രൂട്ട്‌മെന്റ് നടത്തുന്ന എന്‍ എച്ച് എസ് ലിസ്റ്റില്‍ ഉള്ള ഏജന്‍സികള്‍ കോഡ് ഓഫ് പ്രാക്ടീസ് കര്‍ശനമായി പാലിച്ചിരിക്കണമെന്ന് എന്‍എച്ച്എസ് വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് ടീം കര്‍ശന നിര്‍ദ്ദേശം നല്കി. ഇന്ത്യയില്‍ നിന്നും 5500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ഒരു ഏജന്‍സിയ്ക്കും അനുമതി നല്കിയതായി അറിവില്ലെന്ന് എന്‍എച്ച്എസ് വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് ടീം അറിയിച്ചു. ഏജന്‍സികള്‍ കോഡ് ഓഫ് പ്രാക്ടീസ് കര്‍ശനമായി പാലിക്കേണ്ടതാണ്. തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങള്‍ക്ക് എതിരെ പരാതി നല്കാന്‍ എന്‍എച്ച്എസ് നെ സമീപിക്കാന്‍ വര്‍ക്ക് ഫോഴ്‌സ് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. കോഡ് ഓഫ് പ്രാക്ടീസ് എല്ലാ റിക്രൂട്ട്‌മെന്റ് ഏജന്‍സികളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ എന്‍എച്ച്എസ് വര്‍ക്ക് ഫോഴ്‌സ് ടീം പ്രതിജ്ഞ ബദ്ധമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വോസ്റ്റെക് എന്ന നഴ്സിംഗ് ഏജന്‍സി ഇത്തരത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന പരസ്യവുമായി മലയാളി നഴ്സുമാരെ വഞ്ചിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ട മലയാളം യുകെ ന്യൂസ് ടീം എന്‍എച്ച്എസ് അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.
‘ഓവര്‍സീസ് സ്റ്റാഫിനെ റിക്രൂട്ട് ചെയ്യാന്‍ ഏതെങ്കിലും ഗവണ്‍മെന്റുകള്‍ തമ്മില്‍ ധാരണ ഉള്ളതായോ ഏതെങ്കിലും ഏജന്‍സിക്ക് അതിന് കോണ്‍ട്രാക്റ്റ് നല്കിയിട്ടുള്ളതായോ അറിവില്ല. വ്യക്തിഗത എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്ക് സ്റ്റാഫിനെ നല്കാന്‍ മാത്രമേ നിലവിലുള്ള നിയമപ്രകാരം റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് സാധിക്കുകയുള്ളൂ. എന്‍എച്ച്എസില്‍ സ്റ്റാഫിനെ നല്കാന്‍ അധികാരപ്പെടുത്തിയിരിക്കുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആശങ്കയുള്ളവര്‍ എന്‍എച്ച്എസ് ഫ്രെയിം വര്‍ക്ക് പ്രൊവൈഡര്‍ ആയ എന്‍എച്ച്എസ് കൊളാബൊറേറ്റീവ് പ്രൊക്യൂര്‍മെന്റ് പാര്‍ട്ണര്‍ഷിപ്പുമായി ബന്ധപ്പെടേണ്ടതാണ്’ എന്‍എച്ച്എസ് വര്‍ക്ക് ഫോഴ്‌സ് സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ബെത്ത് മേസണ്‍ പറഞ്ഞു.
യുകെയില്‍ തൊഴില്‍ സാദ്ധ്യത അന്വേഷിക്കുന്ന നഴ്സുമാരെ തെറ്റിദ്ധരിപ്പിക്കുന്ന നിരവധി കാര്യങ്ങള്‍ വോസ്റ്റെക് ഏജന്‍സിയുടെ പരസ്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് മലയാളം യുകെ ഇക്കാര്യത്തില്‍ വ്യക്തതയ്ക്ക് വേണ്ടി എന്‍എച്ച്എസിനെ സമീപിച്ചത്.. ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് യുകെയില്‍ ജോലിയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ IELTS വേണ്ട OET മതി എന്ന വ്യാപകമായ തെറ്റിദ്ധാരണാജനകമായ പ്രചാരണവും ഇവര്‍ കേരളത്തില്‍ നടത്തുന്നു എന്നതിന്റെ വെളിച്ചത്തില്‍ വര്‍ക്ക് ഫോഴ്‌സ് ടീമിന്റെ വെളിപ്പെടുത്തല്‍ അതീവ പ്രാധാന്യം അര്‍ഹിക്കുന്നു. ഐഇ എല്‍ടിഎസ് ഇല്ലാതെ ഒരാള്‍ക്ക് പോലും കേരളത്തില്‍ നിന്ന് യുകെയില്‍ നഴ്സ് ആയി ജോലി ചെയ്യാന്‍ സാധിക്കില്ല എന്നതാണ് വസ്തുത എന്നിരിക്കെ മലയാളി നഴ്സുമാരുടെ കൈയില്‍ നിന്നും പണം തട്ടിയെടുക്കുക എന്നത് മാത്രമാണ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ വോസ്റ്റെക് പോലുള്ള ഏജന്‍സികള്‍ ശ്രമിക്കുന്നത് എന്ന് വ്യക്തം.
NHS കൊളാബൊറേറ്റീവ് പ്രൊക്യൂര്‍മെന്റ് പാര്‍ട്ണര്‍ഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ Ipp.nhs.uk എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. സൈറ്റിലെ കോണ്ടാക്ട് സെക്ഷനില്‍ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഇമെയിലിലൂടെ ബന്ധപ്പെട്ട് നിജസ്ഥിതി ബോധ്യപ്പെടാവുന്നതാണ്. NHS London Procurement Partnership, 200 Great Dover tSreet, London, SE1 4YB എന്ന ഓഫീസ് അഡ്രസില്‍ പോസ്റ്റല്‍ ആയും ആശയ വിനിമയം നടത്താം. ലണ്ടന്‍ ഓഫീസിന്റെ ഫോണ്‍ നമ്പര്‍ 0207188 6680 ആണ്.
വിദേശ രാജ്യങ്ങളില്‍ നിന്ന് 5500 നഴ്‌സുമാരെ എന്‍ എച്ച് എസ് കൊണ്ടുവരുന്നത് റിക്രൂട്ട്‌മെന്റ് ഡ്രൈവിന്റെ ഭാഗമായല്ല എന്ന് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ നിന്നും ഫിലിപ്പൈന്‍സില്‍ നിന്നുമായി നഴ്‌സുമാരെ എത്തിക്കാനാണ് എന്‍എച്ച്എസ് പദ്ധതിയിടുന്നത്. വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്ന നഴ്‌സുമാരുടെ സ്‌കില്‍ ഡെവലപ്‌മെന്റിന് ഉതകുന്നതും അതോടൊപ്പം എന്‍എച്ച്എസിനും പ്രയോജനം ചെയ്യുന്ന ഗ്ലോബല്‍ ലേണേഴ്‌സ് പ്രോഗ്രാം ആണ് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് പ്രഫസര്‍ ഇയന്‍ കമിംഗ് ആണ് ഇക്കാര്യം ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് കോമണ്‍സില്‍ വെളിപ്പെടുത്തിയത്.
ഇന്ത്യയില്‍ നിന്ന് ഉള്ള നഴ്‌സുമാരെ യുകെയില്‍ എത്തിച്ച് ഗ്ലോബല്‍ ലേണേഴ്‌സ് പ്രോഗ്രാമിന്റെ പൈലറ്റ് സ്‌കീം നടപ്പിലാക്കി തുടങ്ങിയതായി പ്രഫസര്‍ കമിംഗ് പറഞ്ഞിരുന്നു. ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടും അപ്പോളോ മെഡിസ്‌കില്‍സ് ഇന്‍ഡ്യയുമാണ് ഇതിലെ പങ്കാളികള്‍. ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടും ഇന്ത്യയിലെ അപ്പോളോ ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകളുമായി ഇതിനുള്ള മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ് ഒപ്പു വച്ചിട്ടുണ്ട്. എന്‍ എം സി നിഷ്‌കര്‍ഷിച്ചിട്ടുള്ള ഇംഗ്ലീഷ് പരിജ്ഞാനവും വിദ്യാഭ്യാസ യോഗ്യതയും ഉളളവര്‍ക്ക് മാത്രമേ ഇതു പ്രകാരം യുകെയില്‍ പ്ലേസ്‌മെന്റ് ലഭിക്കുകയുള്ളൂ. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 500 നഴ്‌സുമാരാണ് എത്തിച്ചേരുന്നത്. യുകെയിലെ നഴ്‌സിംഗ് സ്റ്റാഫ് ഷോര്‍ട്ടേജിനെ കുറിച്ച് എം.പിമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടിയില്‍ ഇപ്പോള്‍ നടപ്പാക്കുന്നത് നഴ്‌സസ് റിക്രൂട്ട്‌മെന്റ് അല്ല എന്ന് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് അസന്നിഗ്ദമായി വ്യക്തമാക്കിയിരുന്നു.
ഇതൊരു റിക്രൂട്ട്‌മെന്റ് പ്രോഗ്രാം അല്ല. നഴ്‌സുമാര്‍ ഇവിടെ വന്ന് പഠിച്ച് ഇന്ത്യയിലേക്ക് തന്നെ മടങ്ങും. അവര്‍ ഇവിടെ സേവനം ചെയ്യുമ്പോള്‍ എന്‍എച്ച്എസിന് അതിന്റെ പ്രയോജനം ലഭിക്കും. കൂടുതല്‍ അനുഭവസമ്പത്തുള്ള സ്‌കില്‍ഡ് നഴ്‌സ് ആയി അവര്‍ മടങ്ങും. യുകെയിലെയും ഇന്ത്യയിലെയും ആരോഗ്യ രംഗത്ത് കെയര്‍ ക്വാളിറ്റി കൂട്ടുന്നതിന് ഇതു സഹായകമാകും. ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് പറഞ്ഞു.
യുകെയിലുള്ള നഴ്‌സിംഗ് ഗ്രാജ് വേറ്റുകള്‍ പ്രഫഷന്‍ ഉപേക്ഷിക്കുന്നതു മൂലവും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നഴ്‌സുമാരുടെ വരവ് കുറഞ്ഞതു കാരണവും സ്റ്റാഫ് ഷോര്‍ട്ടേജ് കാരണം എന്‍ എച്ച് എസ് വന്‍ പ്രതിസന്ധി നേരിടുകയാണ്. തത്ക്കാലിക പരിഹാരമെന്ന നിലയിലാണ് ഓവര്‍സീസ് നഴ്‌സുമാരെ തത്കാലികാടിസ്ഥാനത്തില്‍ കൊണ്ടു വരാന്‍ ശ്രമം നടക്കുന്നത്.
ലണ്ടന്‍: എന്‍ എച്ച് എസില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാര്‍ക്ക് ശന്പളത്തില്‍ നിന്ന് നല്ലൊരു ശതമാനം പാര്‍ക്കിങ് ഫീസായി നല്‍കേണ്ടി വരുന്നുവെന്ന് പരാതി. എന്‍ എച്ച് എസിന്റെ കീഴിലുള്ള 247 ആശുപത്രികളിലാണ് ജോലി ചെയ്യാനെത്തുന്ന ജീവനക്കാരില്‍ നിന്ന് പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത്. പാര്‍ക്കിംഗ് ഫീസുകളെക്കുറിച്ച് ആരാഞ്ഞു ജി എം ബി യൂണിയന്‍ ട്രസ്റ്റുകള്‍ക്ക് അയച്ച കത്തിന് മറുപടി നല്ലിയത് 131 ട്രസ്റ്റുകള്‍ മാത്രം. അതില്‍ തന്നെ 92 ട്രസ്റ്റുകള്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നുവെന്നാണ് അറിയിച്ചിട്ടുള്ളത്.
യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ബ്രിസ്റ്റലാണ് ഇതില്‍ മുന്‍പില്‍. ഏകദേശം £1300 ആണ് ഇവര്‍ ഒരു വര്‍ഷത്തേക്ക് നേഴ്‌സില്‍ നിന്ന് പാര്‍ക്കിംഗ് ഇനത്തില്‍ ഈടാക്കുന്നത്. ബര്‍മിംഗ്ഹാമും ലെസ്റ്ററും തൊട്ടു പിന്നില്‍ തന്നെയുണ്ട്. മുന്‍ ടോറി മിനിസ്റ്റര്‍ റോബര്‍ട്ട് ഹല്‍ഫോണ്‍ പാര്‍ക്കിംഗ് ഫീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പാര്‍ക്കിംഗ് ഫീസില്‍ വര്‍ദ്ധനവ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ശമ്പളത്തില്‍ കാര്യമായ യാതൊരു വര്‍ദ്ധനയും കുറെ കാലങ്ങളായി നഴ്സുമാരുടെ കാര്യത്തില്‍ ഉണ്ടാകാത്തപ്പോഴും പാര്‍ക്കിംഗ് ഫീസ് ഈടാക്കാനും വര്‍ദ്ധിപ്പിക്കാനും എന്‍എച്ച്എസുകള്‍ യാതൊരു മടിയും കാണിക്കുന്നില്ല. മില്യന്‍ കണക്കിന് പൗണ്ട് ആണ് ഓരോ വര്‍ഷവും പാര്‍ക്കിംഗ് ഫീ ഇനത്തില്‍ വിവിധ ട്രസ്റ്റുകള്‍ നേടുന്നത്.
പാര്‍ക്കിംഗ് ചാര്‍ജ്ജിന്റെ പേരില്‍ നഴ്സുമാരെ പിഴിയുന്നത് പോലെ തന്നെയാണ് രോഗികളെയും സന്ദര്‍ശകരെയും പിഴിയുന്നതും. മണിക്കൂറിന് നാല് പൗണ്ട് വരെയാണ് പല ഹോസ്പിറ്റലുകളും സന്ദര്‍ശകരില്‍ നിന്നും ഈടാക്കുന്നത്.
ടോം ജോസ് തടിയംപാട്
എന്റെ പിതാവ് എന്നെ മോട്ടോര്‍ സൈക്കിളില്‍ കയറ്റി കൊണ്ടുനടന്നത് ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ എല്ലാം ഷെയര്‍ ചെയ്തിരുന്നത് ഡാഡിനോടായിരുന്നു. ഇപ്പോള്‍ എന്റെ ഡാഡ് സന്തോഷവനായിരിക്കും. അദ്ദേഹം അദ്ദേഹത്തിന്റെ പിതാവിനോടും സഹോദരന്‍മാരോടുമൊപ്പം സ്വര്‍ഗത്തില്‍ എത്തികഴിഞ്ഞു. എങ്കിലും ഞങ്ങള്‍ക്ക് ഇതു താങ്ങാന്‍ കഴിയുന്നില്ല. ഞാനും ഒരിക്കല്‍ എന്റെ പിതാവിന്റെ അടുത്തെത്തി അദ്ദേഹത്തെ കാണും. അന്തരിച്ച ബെന്നി മാത്യുവിന്റെ മകള്‍ സ്റ്റെഫിനി ഇങ്ങനെ പറഞ്ഞു വിതുമ്പിയപ്പോള്‍ ആ വേദന കണ്ടുനിന്നവരിലെക്കും പടര്‍ന്നു.
ഇന്നലെ രാവിലെ 9.45ന് ബെന്നിയുടെ മൃതദേഹം വഹിച്ചുകൊണ്ട് ഫ്യൂണറല്‍ ഡയറക്റ്ററിന്റെ വാഹനം സ്റ്റോക്ക്ടന്‍ സെന്റ് ബീഡ് കാത്തലിക് പള്ളിയില്‍ എത്തിയപ്പോള്‍ തന്നെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളെക്കൊണ്ട് പള്ളിയും പരിസരവും നിറഞ്ഞു കവിഞ്ഞിരുന്നു. 10 മണിക്കു തന്നെ ബിഷപ്പ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ അന്ത്യശുശ്രുഷാ കര്‍മ്മങ്ങള്‍ ആരംഭിച്ചു. 7 വൈദികര്‍ സഹകാര്‍മ്മികന്‍മാരായി പങ്കെടുത്തു. വളരെ അടുക്കും ചിട്ടയോടും കൂടി 15 മിനിട്ട് നടത്തിയ പ്രസംഗത്തില്‍ ബിഷപ്പ് സ്രാമ്പിക്കല്‍ മരണം എന്നത് ജനനമാണ്, എന്റെ ഈ ശരീരമാണ് എനിക്ക് പിതാവിനോട് കൂടിച്ചേരാന്‍ തടസമായി നില്‍ക്കുന്നത് എന്ന പൗലോസ് ശ്ലീഹയുടെ വാക്കുകള്‍ ഓര്‍മിപ്പിച്ചുകൊണ്ട് ബെന്നി സഭക്കും സമൂഹത്തിനും പ്രിയപ്പെട്ടവനായിരുന്നു എന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ബെന്നി യൂക്കരിസ്റ്റിക് മിനിസ്റ്റര്‍ ആയിരുന്ന സെന്റ് ബീഡ് പള്ളിയില്‍ വച്ച് തന്നെ അന്ത്യാഞ്ജലി ഒരുക്കണമെന്ന ആഗ്രഹം അദ്ദേഹം കുടുംബാംഗങ്ങളുമായി പങ്കുവച്ചിരുന്നു. ബെന്നി ഭക്തിയോടെ സഭാശുശ്രൂഷകളില്‍ സജീവമായി പങ്കെടുത്തിരുന്ന അതേ പള്ളിയില്‍ തന്നെ അദേഹത്തിന്റെ അന്തൃകര്‍മ്മങ്ങളും നടന്നു.
മിഡില്‍സ്ബറോ ക്‌നാനായ യൂണിറ്റ് പ്രസിഡണ്ട്, സെന്റ് മേരീസ് സ്‌കൂള്‍ ഗവര്‍ണ്ണര്‍ എന്നീ നിലകളിലും ബെന്നി പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിടുത്തെ മലയാളി സമൂഹത്തിനു മുഴുവന്‍ വലിയ നഷ്ടമാണ് ബെന്നിയുടെ മരണത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് അനുശോചന പ്രസംഗം നടത്തിയ എല്ലാവരും ഓര്‍മിപ്പിച്ചു.
യുണയിറ്റഡ് കിങ്ങ്ഡം കത്തോലിക് ക്നാനായ അസോസിയേഷന്‍ (UKKCA). മിഡില്‍സ് ബറോ മലയാളി അസോസിയേഷന്‍. മിഡില്‍സ് ബറോ സീറോ മലബാര്‍ സഭ യൂണിറ്റ് മിഡില്‍സ് ബറോ ക്‌നാനായ യാക്കോബായ യൂണിറ്റ്, മിഡില്‍സ് ബറോ ക്‌നാനായ യൂണിറ്റ്, എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ബെന്നി മാത്യുവിന്റെ സഹോദരങ്ങള്‍ അമേരിക്ക,സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രേലിയ, ഇന്ത്യ, എന്നിവിടങ്ങളില്‍നിന്നും എത്തിച്ചേര്‍ന്നിരുന്നു. വലിയ ഒരു ഇംഗ്ലീഷ് സമൂഹവും സന്നിഹിതരായിരുന്നു. ബെന്നി തൊടുപുഴ മാറിക ഇടവക കുറ്റിക്കാട്ട് കുടുംബാംഗമാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി രോഗബാധിതനായി കഴിയുകയായിരുന്നു. ഡിസംബര്‍ രണ്ടിനാണ് അദ്ദേഹം മരണത്തിനു കിഴടങ്ങിയത്. ഭാര്യ സാലി ബെന്നി, കുട്ടികള്‍ സ്റ്റെഫിനി, ബോണി..
പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം ഡര്‍ഹാം റോഡ് സെമിത്തേരിയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. സെമിത്തേരിയിലെ ചടങ്ങുകള്‍ക്ക് ഫാദര്‍ സജി മലയില്‍ പുത്തന്‍പുരയില്‍ കാര്‍മികത്വം വഹിച്ചു. പിന്നിട് സെന്റ് ബീഡ് കാത്തലിക് പള്ളിയില്‍ ബെന്നിക്ക് വേണ്ടി മന്ത്രായും നടന്നു.
ചടങ്ങുകള്‍ വളരെ മനോഹരമായി സംഘടിപ്പിച്ച മിഡില്‍സ്ബറോ മലയാളി സമൂഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. വാഹനങ്ങള്‍ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്യാന്‍ പോലീസ്, കൗണ്‍സില്‍ എന്നിവടങ്ങളില്‍ നിന്നും അനുവാദം വാങ്ങിയിരുന്നവെന്ന് സംഘടാകരില്‍ ഒരാളായ റെജിഷ് ജോര്‍ജ് പറഞ്ഞു. ചടങ്ങുകള്‍ക്ക് ബെന്നിയുടെ മകന്‍ ബോണി ബെന്നി നന്ദി അറിയിച്ചു. പുഷ്പങ്ങള്‍ മൃതദേഹദേഹത്തില്‍ അര്‍പ്പിക്കുനതിനു പകരം Macmillan and stoke Association UK charitty ഫണ്ടിനുവേണ്ടി സംഭാവന സ്വീകരിക്കുകയാണ് ചെയ്തത്.
പി ആര്‍ ഓ, മലയാളം മിഷന്‍ യു കെ
കവന്‍ട്രി: മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ദേശീയ നിര്‍വ്വാഹക സമിതിയുടെ പ്രഥമയോഗം കവന്‍ട്രിയില്‍ ചേര്‍ന്നു. ദേശീയ കോര്‍ഡിനേറ്റര്‍ മുരളി വെട്ടത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മലയാള ഭാഷാ പ്രവര്‍ത്തനം, യു.കെയിലെ എല്ലാ പ്രദേശങ്ങളിലേയ്ക്കും വ്യാപിക്കുന്നതിനായി വിപുലമായ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കി.യുകെയിലെ ഏറ്റവും വലിയ സപ്ളിമെന്ററി വിദ്യാഭ്യാസ ശൃംഖല ആകുക എന്നതാണ് മലയാളം മിഷന്‍ യുകെ ലക്ഷ്യം വെയ്ക്കുന്നത്.’എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന ആപ്തവാക്യം യാഥാര്‍ഥ്യമാക്കുന്നതിനു വേണ്ടി കേരള സര്‍ക്കാര്‍ ഏല്‍പിച്ചിരിക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്ന മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയപഥത്തില്‍ എത്തിക്കാന്‍ യുകെയിലെ എല്ലാ വിഭാഗം മലയാളികളുടെയും സംഘടനകളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണം എന്ന് മുരളി വെട്ടത്ത് അഭ്യര്‍ത്ഥിച്ചു.
മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലവത്താക്കുവാന്‍ നാല് മേഖലകളും, വിവിധങ്ങളായ സബ് കമ്മിറ്റികളെയും അതിന്റെ ചുമതലക്കാരെയും യോഗം ചുമതലപ്പെടുത്തി.
മേഖലകള്‍
സൗത്ത് ഈസ്റ്റ് & സൗത്ത് വെസ്റ്റ് (കെന്റ്, ലണ്ടന്‍ ഹീത്രു തുടങ്ങിയ പ്രദേശങ്ങള്‍)- കോര്‍ഡിനേറ്റേഴ്‌സ് :മുരളി വെട്ടത്ത്, ബേസില്‍ ജോണ്‍, സി.എ. ജോസഫ്, ഇന്ദുലാല്‍, ശ്രീജിത്ത് ശ്രീധരന്‍, സുജു ജോസഫ്
മിഡ്‌ലാന്‍ഡ്‌സ് – കോര്‍ഡിനേറ്റേഴ്‌സ് : എബ്രഹാം കുര്യന്‍, സ്വപ്ന പ്രവീണ്‍
നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, നോര്‍ത്ത് ഈസ്റ്റ് & സ്‌കോട്ലാന്‍ഡ് -:ജയപ്രകാശ്
നോര്‍ത്ത് വെസ്റ്റ് & വെയില്‍സ് – : ജാനേഷ് നായര്‍
സബ് കമ്മിറ്റികള്‍
മലയാളം മിഷന്‍ കലാ-സാഹിത്യ സമിതി-മുരളി വെട്ടത്ത്, ജാനേഷ്, സി.എ.ജോസഫ്, സുജു ജോസഫ്, ബേസില്‍ ജോണ്‍, ജയപ്രകാശ്
ലെയ്സണ്‍ കമ്മറ്റി -മുരളി വെട്ടത്ത് & സ്വപ്നാ പ്രവീണ്‍
സ്റ്റാര്‍ട്ട് അപ്പ് ഹെല്‍പ് കമ്മിറ്റി – ഏബ്രഹാം കുര്യന്‍, സി.എ.ജോസഫ്, ബേസില്‍ ജോണ്‍, ശ്രീജിത്ത് ശ്രീധരന്‍, ഇന്ദുലാല്‍, ജാനേഷ്
മലയാളം മിഷന്‍ സര്‍ക്കാര്‍ ഏകോപനം – ജയപ്രകാശ്, ജാനേഷ്, ഇന്ദുലാല്‍
പബ്ലിക് റിലേഷന്‍സ് (പി ആര്‍ ഓ) – സി.എ.ജോസഫ്, സുജു ജോസഫ്, ജയപ്രകാശ്
മലയാളം മിഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ഡയറക്ടര്‍ സുജാ സൂസന്റെ നേതൃത്വത്തില്‍ യുകെ സന്ദര്‍ശിക്കുന്ന സാംസ്‌കാരിക നായകന്‍മാരെ പങ്കെടുപ്പിച്ചു കൊണ്ട് എല്ലാ മേഖലകളിലും സാഹിത്യ സമ്മേളനം സംഘടിപ്പിക്കാനുള്ള ചുമതല ജാനേഷ് നായരെ യോഗം ചുമതലപ്പെടുത്തി. മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയുന്നതിനും വിവിധ മേഖലകളില്‍ സ്‌കൂളുകള്‍ ആരംഭിക്കുന്നതിന് മേഖലാ കോര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടുന്നതിനും [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.
പതിനായിരക്കണക്കിന് തദ്ദേശീയര്‍ അണിനിരക്കുന്ന മാഞ്ചസ്റ്റര്‍ പരേഡിന് കേരളത്തിന്റെ സാംസ്‌കാരിക, തനതുപാരമ്പര്യ കലാസൃഷ്ടികള്‍ അവതരിപ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലിന്റെയും ഒപ്പം കേരള ടൂറിസം വകുപ്പിന്റെയും അംഗീകാരവും പ്രശസ്തിയും പിടിച്ച് പറ്റിയ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് മറ്റൊരു തിലകക്കുറിയായി കേരള ഗവണ്‍മെന്റ് പുതിയ വീഡിയോ പുറത്തിറക്കി.
കേരള ടൂറിസം വകുപ്പാണ് വീഡിയോ പുറത്തിറക്കിയത്. മറ്റ് അസോസിയേഷനുകളില്‍ നിന്ന് വിഭിന്നമായി സ്വന്തം നാടിന്റെ സംസ്‌കാരവും തനിമയും പോറ്റ് നാട്ടില്‍ അവതരിപ്പിച്ച് കേരളത്തെക്കുറിച്ച് പുതിയ തലമുറയും ഒപ്പം തദ്ദേശീയര്‍ക്കും അറിവ് കൊടുക്കുക എന്നതാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എം എം എ നടത്തുന്ന ഈ പരിപാടികള്‍.
പരേഡിനോട് അനുബന്ധിച്ച് മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ 3 സ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്തും നേടിയത് എംഎംഎയുടെ മാര്‍ച്ചില്‍ നിന്നുള്ള ദൃശ്യ ചിത്രങ്ങള്‍ക്ക് ആയിരുന്നു.
വീഡിയോ കടപ്പാട്: സോബി
ലണ്ടന്‍: ലഹരിപാനീയങ്ങളില്‍ വിസ്‌കിക്കും വോഡ്കക്കും യുകെയില്‍ ഒരു എതിരാളി. ജിന്‍ ആണത്രേ ജനങ്ങള്‍ക്ക് ഇപ്പോള്‍ ഏറ്റവും പ്രിയം. കഴിഞ്ഞ വര്‍ഷം 47 ദശലക്ഷം കുപ്പി ജിന്‍ ആണ് ബ്രിട്ടനിലെ ജനങ്ങള്‍ കുടിച്ചു തീര്‍ത്തത്. 2015നെ അപേക്ഷിച്ച് 70 ലക്ഷം കുപ്പികള്‍ അധികമാണ് ഇത്. 29 ശതമാനം ഉപയോക്താക്കളും തങ്ങളുടെ ഫേവറിറ്റ് ഡ്രിങ്ക് ആണെന്ന് വിധിയെഴുതിയതോടെ മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക് ഒരു വര്‍ഷത്തിനുള്ളിലാണ് ജിന്‍ കുതിച്ചെത്തിയത്. വിസ്‌കിക്ക് 25 ശതമാനവും വോഡ്കയ്ക്ക് 23 ശതമാനവും പിന്തുണ മാത്രമാണ് ലഭിച്ചത്.
വൈന്‍ ആന്‍ഡ് സ്പിരിറ്റ് ട്രേഡ് അസോസിയേഷനാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്. പബ്ബുകളില്‍ 8.8 മില്യന്‍ കുപ്പി ജിന്‍ ആണ് വിറ്റഴിഞ്ഞത്. ബാറുകളിലും റെസ്റ്റോറന്റുകളിലും 729 മില്യന്‍ പൗണ്ടിന്റെ കച്ചവടം ഈ കാലയളവില്‍ നടന്നു. ഷോപ്പുകളിലൂടെയും സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയും 38.7 ദശലക്ഷം കുപ്പി ജിന്‍ വിറ്റഴിഞ്ഞിട്ടുണ്ട്. സെപ്റ്റംബര്‍ വരെയുള്ള 12 മാസത്തെ കാലയളവില്‍ കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയുമുള്ള ജിന്‍ വില്‍പനയില്‍ 26 ശതമാനം വര്‍ദ്ധനയുണ്ടായി. ഇതിന്റെ മൂല്യം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 34 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ബീഫ്, സോഫ്റ്റ് ഡ്രിങ്ക് കയറ്റുമതിയെ പിന്നിലാക്കിക്കൊണ്ട് ജിന്‍ കയറ്റുമതി കുതിക്കുകയാണെന്ന് എച്ച്എംആര്‍സിയുടെ കണക്കുകളും സൂചിപ്പിക്കുന്നു. നിലവില്‍ നൂറിലേറെ ബ്രാന്‍ഡുകളാണ് യുകെയില്‍ ലഭ്യമായിട്ടുള്ളത്. ബ്രിട്ടീഷ് ജനത ഇവ മാറി മാറി പരീക്ഷിക്കുകയാണെന്ന് വൈന്‍ ആന്‍ സ്പിരിറ്റ് അസോസിയേഷന്‍ വ്യ്ക്തമാക്കുന്നു. ബ്രിട്ടനിലെ മദ്യവ്യവസായത്തിന്റെ ആകെ മൂല്യം സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 1.2 ബില്യന്‍ പൗണ്ടിന്റേതായി മാറിയിട്ടുണ്ട്. 2011ല്‍ 630 മില്യന്‍ മാത്രമായിരുന്നു ഇത്.
ടോമി ജോര്‍ജ്
സ്വാന്‍സീ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവല്‌സര ആഘോഷങ്ങള്‍ ഈ വരുന്ന 30 /12/17 നു Ytsradgynlais മൈനെര്‍സ് വെല്‍ഫേര്‍ ഹാളില്‍ വച്ചു നടത്തപ്പെടുന്നു. അന്നേ ദിവസം വൈകിട്ട് 5 മണിക് സ്വാന്‍സി മലയാളി അസോസിയേഷനിലെ കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും, അതിനെ തുടര്‍ന്നു പതിനാലില്‍പരം കലാകാരന്‍മാരെ അണിനിരത്തി U K യിലെ മികച്ച ലൈവ് ഓര്‍ക്കസ്ട്രയായ ലെസ്റ്റര്‍ ലൈവ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ് .
അസോസിയേഷന്റെ എല്ലാ സൂഹൃത്തുക്കളെയും ഈ ആഘോഷരാവിലേക്ക് സാദരം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു
Venu&address
Miners welfare hall
Brecon road
Ytsradgynlais
Swansea SA9 1JJ
കൂടുതല്‍ വിവരങ്ങള്‍ക്ക്
പ്രസിഡന്റ് ബിജൂ മാത്യു (07979543581),
സെക്രട്ടറി ലിസ്സി റെജി (07490491071) ,
ട്രഷറര്‍ ജേക്കബ് ജോണ്‍ (07723089302),
വൈസ് പ്രസിഡന്റ് ജിജി ജോര്‍ജ് (07737794847),
ജോയിന്റ് സെക്രെട്ടറി ജിനോ ഫിലിപ്പ് (07868587850).