UK

ലണ്ടന്‍: മദ്യലഹരിയില്‍ വിമാനം പറത്താനെത്തിയ പൈലറ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. മൗറീഷ്യസിലേക്ക് പുറപ്പെടാന്‍ തയ്യാറായ ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ നിന്നാണ് ഫസ്റ്റ് ഓഫീസറായ 49കാരനെ പോലീസ് നീക്കം ചെയ്തത്. മറ്റൊരു പൈലറ്റ് എത്തുന്നത് വരെ വിമാനത്തിന്റെ യാത്ര വൈകുകയും ചെയ്തു. അനുവദനീയമായതിലും ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ ലെവലുമായി വിമാനം പറത്താന്‍ ശ്രമിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവം ഗൗരവമായാണ് കാണുന്നതെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് അറിയിച്ചു. ഗാറ്റ്വിക്കിലെ സൗത്ത് ടെര്‍മിനലില്‍ നിന്ന് പുറപ്പെടാന്‍ തയ്യാറായ ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ബോയിംഗ് 777 വിമാനത്തിനുള്ളിലായിരുന്നു സംഭവം.

മുന്നൂറോളം യാത്രക്കാരും ജീവനക്കാരും വിമാനത്തിനുള്ളിലുണ്ടായിരുന്നു. യാത്രക്കൊരുങ്ങിയ വിമാനത്തിലേക്ക് ആംഡ് പോലീസ് കടന്നു വന്നത് യാത്രക്കാരെ ഭീതിയിലാക്കി. എന്നാല്‍ കോക്പിറ്റിലേക്ക് പോയ പോലീസ് പൈലറ്റുമാരില്‍ ഒരാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത് അതിശയത്തോടെയാണ് യാത്രക്കാര്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിലെത്തിയ പൈലറ്റിന് മദ്യത്തിന്റെ രൂക്ഷ ഗന്ധമുണ്ടായിരു. സഹപ്രവര്‍ത്തകരില്‍ ആരോ 999ല്‍ വിളിച്ച് ഇക്കാര്യം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയുമായിരുന്നു. മൂന്ന് പൈലറ്റുമാരില്‍ ഒരാളെയാണ് പോലീസ് വിമാനത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത് നീക്കിയത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.20നായിരുന്നു വിമാനം പുറപ്പെടാനിരുന്നത്. 8.25ന് തങ്ങള്‍ക്ക് വിവരം ലഭിച്ചെന്നും ഉടന്‍ തന്നെ പോലീസ് വിമാനത്തിലെത്തി പൈലറ്റിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് പകരം പൈലറ്റിനെ കണ്ടെത്തി 10.56നാണ് വിമാനം പുറപ്പെട്ടത്.

കിംഗ്‌സ്റ്റണ്‍: ജമൈക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതുടര്‍ന്ന് വിനോദ സഞ്ചാരികളായ ബ്രിട്ടിഷ് പൗരന്‍മാര്‍ താമസ സ്ഥലത്തു നിന്ന് മാറരുതെന്ന് നിര്‍ദേശം. സെന്റ് ജെയിംസ് പാരിഷിലാണ് തുടര്‍ച്ചയായ വെടിവെപ്പുകളും അക്രമ സംഭവങ്ങളുമുണ്ടായതിനെത്തുടര്‍ന്ന് സെക്യൂരിറ്റി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വര്‍ഷത്തില്‍ ഏതാണ്ട് 2,00,000 ബ്രിട്ടീഷ് വിനോദ സഞ്ചാരികള്‍ ജമൈക്കയിലെത്തുന്നുണ്ടെന്നാണ് കണക്ക്.

രാത്രി കാലങ്ങളിലെ യാത്രയ്ക്കും പ്രത്യേക കരുതല്‍ വേണമെന്നും നിയന്ത്രണം നിലനില്‍ക്കുന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഫോറിന്‍ ഓഫീസ് വ്ക്താവ് അറിയിച്ചു. വിനോദ സഞ്ചാരികള്‍ റിസോര്‍ട്ടുകളില്‍ത്തന്നെ തുടരണമെന്നും വക്താവ് ആവശ്യപ്പെട്ടു. സെന്റ് ജെയിംസ് മേഖലയിലെ ആളുകളുടെ സുരക്ഷ പുന:സ്ഥാപിക്കുന്നതിനാണ് അടിയന്താരവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് വ്യാഴാഴ്ച ജമൈക്കന്‍ പ്രധാനമന്ത്രി ആന്‍ഡ്രു ഹോള്‍നെസ്സ് അറിയിച്ചിരുന്നു.

ലോട്ടറി തട്ടിപ്പ്, ആയുധക്കടത്ത്, കൊലപാതങ്ങള്‍ തുടങ്ങിയവയ്ക്ക് നേതൃത്വം നല്‍കുന്നവരെയാണ് പൊലീസ് തിരയുന്നതെന്നും ജനങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ജമൈക്കന്‍ പ്രതിരോധ വകുപ്പ് തലവന്‍ മേജര്‍ ജനറല്‍ റോക്കി മീഡ് പറഞ്ഞു. മാഫിയ സംഘങ്ങള്‍ ഉള്‍പ്പെടുന്ന അക്രമസംഭവങ്ങളുടെ പരമ്പരയാണ് പ്രദേശത്ത് അരങ്ങേറുന്നതെന്ന് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ സൈമണ്‍ കാള്‍ഡര്‍ സാക്ഷ്യപ്പെടുത്തുന്നു. ആഴ്ച്ചയില്‍ 5 കൊലപാതകങ്ങളെങ്കിലും പ്രദേശത്ത് നടക്കുന്നതായും ഈ വര്‍ഷം ആരംഭത്തോടെ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമായെന്നും റേഡിയോ 5 ലൈവില്‍ സൈമണ്‍സ് പറഞ്ഞു.

335 കൊലപാതകങ്ങളാണ് സെന്റ് ജെയിംസ് പാരിഷ് മേഖലയില്‍ 2017ല്‍ ഉണ്ടായിട്ടുള്ളതെന്ന് ജമൈക്കന്‍ പത്രമായ ഗ്ലീനര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം രാജ്യത്താകമാനം കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇത് 23 ആയിരുന്നെന്നും ഗ്ലീനര്‍ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. അതേസമയം ജമൈക്കയിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ യു.കെ. ഫോറിന്‍ ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും കാള്‍ഡര്‍ പറഞ്ഞു.

ലണ്ടന്‍: യുകെയില്‍ കനത്ത മഞ്ഞു വീഴ്ച്ച തുടരുന്നു. മഞ്ഞു വീഴ്ച്ച കാരണം റോഡുകള്‍ മൂടപ്പെട്ടിരിക്കുകയാണ്. 12 ഇഞ്ച് വരെ മഞ്ഞു വീഴ്ച്ചക്കും കനത്ത ശീതക്കാറ്റിനും സാധ്യതയുണ്ടാന്നണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ അവസ്ഥ ഞായറാഴ്ച്ച വരെ തുടര്‍ന്നേക്കും. റോഡില്‍ നിന്ന് വാഹനങ്ങള്‍ തെന്നിമാറി അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. ശക്തമായ മഞ്ഞു വീഴ്ച്ച ജനുവരി 21 വരെ തുടരുമെന്നും മെറ്റ് ഓഫീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ പവര്‍കട്ടിനും ഗ്രാമീണ മേഖലകളില്‍ പൂര്‍ണ്ണമായി വൈദ്യുതി മുടങ്ങാനും സാധ്യതയുണ്ട്. സ്‌കോട്ട്‌ലന്റിലെ ചില പ്രദേശങ്ങളിലെ റോഡുകളിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. ഇഗ്ലണ്ടിന്റെ വടക്കന്‍ മേഖലകളില്‍ മഞ്ഞ് വീഴ്ച്ചക്ക് നേരിയ കുറവുണ്ടെങ്കിലും തെക്ക് പടിഞ്ഞാറ് പ്രദേശങ്ങളില്‍ കാറ്റും കനത്ത മഞ്ഞുവീഴ്ച്ചയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ രാത്രികാലങ്ങളില്‍ നേരത്തെ വീടുകളിലേക്ക് എത്തിച്ചേരണമെന്ന് സ്‌കോട്ട്‌ലന്റ് പൊലീസ് നിര്‍ദ്ദേശം നല്‍കി. സ്‌കോട്ട്‌ലന്റ് തെക്കന്‍ മേഖലയിലൂടെ വൈകീട്ട് 3 മുതല്‍ രാത്രി 10 വരെ റോഡുമാര്‍ഗ്ഗം നടത്തുന്ന യാത്രകള്‍ ഒഴിവാക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്റര്‍ ഹംസ യൂസഫ് അറിയിച്ചു.

പൂളില്‍ താമസിക്കുന്ന ചകിരിയില്‍ ഷാജി ജോസഫിന്‍റെ ഭാര്യ ജോളി ഷാജിയുടെ മാതാവ് നാട്ടില്‍ നിര്യാതയായി. താമരക്കാട് ഇടവക തോലംപ്ലാക്കില്‍ ഏലി കുര്യാക്കോസ് ആണ് മരണമടഞ്ഞത്. 85 വയസ്സ് ആയിരുന്നു. ഇന്ന് ഇന്ത്യന്‍ സമയം ആറു മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. തോലംപ്ലാക്കില്‍ കുര്യാക്കോസ് ആണ് ഭര്‍ത്താവ്.

യുകെയില്‍ താമസിക്കുന്ന ജോളി ഉള്‍പ്പെടെ ആറ് മക്കളാണ്. എല്‍സി, ജോസ്,ലിസി,ലില്ലി,ടോം, ജോളി എന്നിവരാണ്‌ മക്കള്‍. സംസ്കാരം പിന്നീട് താമരക്കാട് പള്ളിയില്‍.

യുകെയിലുള്ള ഇടുക്കി ജില്ലാക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന്റെ ഏഴാമത് കൂട്ടായ്മ ഏപ്രില്‍ 21ന് ബര്‍മിംഹ്ഹാമില്‍ വെച്ച് നടത്തപ്പെടുന്നു. ഈ ഒരു ദിനം എത്രയും ഭംഗിയായും, മനോഹരമായും അസ്വാദ്യകരമാക്കാന്‍ എല്ലാ ഇടുക്കിക്കാരും നമ്മുടെ ഈ കൂട്ടായ്മയിലെയ്ക്ക് കടന്നു വരണമെന്ന് ഇടുക്കി ജില്ലാ സംഗമം കമ്മറ്റി ഓര്‍മ്മിപ്പിക്കുന്നു. യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ ഈ സ്‌നേഹ കുട്ടായ്മ യുകെയിലും, ഇടുക്കി ജില്ലയിലുമായി കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ കൊണ്ട് നിരവധി കുടുംബങ്ങളെയും, വ്യക്തികളെയും, സ്ഥാപനങ്ങളെയും സഹായിക്കാന്‍ സാധിച്ചത് യുകെയിലുള്ള ഒരോ ഇടുക്കിക്കാര്‍ക്കും അഭിമാനിക്കാനുള്ളതാണ്. അതോടൊപ്പം ഇടുക്കി ജില്ലാ സംഗമം സ്‌പോര്‍ട്‌സ് രംഗത്തും കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്നു.

ഏപ്രില്‍ മാസം 21ന് വ്യത്യസ്ഥമായ കലാപരിപാടികളാലും, പങ്കെടുക്കുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ ന്യുതനവും, പുതുമയുമാര്‍ന്ന രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തി വരുന്നു. യുകെയില്‍ ഉളള എല്ലാ ഇടുക്കിക്കാരും ഇത് ഒരു അറിയിപ്പായി കണ്ട് ഈ സംഗമത്തില്‍ പങ്ക് ചേരുവാന്‍ ഇടുക്കി ജില്ലാ സംഗമം ഹാര്‍ദ്ദവമായി നിങ്ങളെ ക്ഷണിക്കുന്നൂ.

വേദിയുടെ അഡ്രസ്,

community centre –
Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM
WV14 9BW.

ഒരാഴ്ചയ്ക്കുള്ളില്‍ 23,500 വ്യൂസും 1300ല്‍ കൂടുതല്‍ ലൈക്കും നേടിയ ഈ മിനിസിനിമ യൂട്യൂബിലെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ (CET) വിദ്യാര്‍ത്ഥികള്‍ അഭിനയിച്ച ‘The Golden Walk Way” സംവിധാനം ചെയ്തിരിക്കുന്നത് പ്രസ്തുത കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന ശ്രീ. നവനീത് നാനിയാണ്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം ആസ്വാദകര്‍ക്കിടയില്‍ ആവേശം ഉളവാക്കുന്നു. ഇതിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്ന ശ്രീ. സുരേഷ് പിള്ള യുകെ മലയാളി ഡോക്ടറാണ്.

സിഇറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കോളേജിനു മുന്നില്‍ നിര്‍മ്മിച്ച് നല്‍കിയ പടവുകളാണ് ‘The Golden Walk Way”. ഒരു വിദ്യാര്‍ത്ഥിയുടെ തിരിച്ചറിവുകളുടെ കയറ്റിറക്കമാണ് ഈ മിനി സിനിമയ്ക്ക് ആ യഥാര്‍ത്ഥ പേരിടാനുള്ള പ്രചോദനം. ഈ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും അതേ പടവുകളിലാണ്.

സിഇറ്റിയിലെ വിദ്യാര്‍ത്ഥികളുടെ വളരെ പ്രശസ്തമായ ഡാന്‍സ് ഗ്രൂപ്പായ WTF ന്റെ ഉത്ഭവ കഥയാണ് ‘The Golden Walk Way”യില്‍ പ്രതിപാദിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ഗ്രൂപ്പ് ഇന്നും ജൂനിയേഴ്സ് ഏറ്റെടുത്ത് മുമ്പോട്ടു കൊണ്ടുപോകുന്നു.

ഡാന്‍സ് പാഷനായി കൊണ്ടുനടക്കുന്ന ചില എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ഒരു ഡാന്‍സ് ഗ്രൂപ്പിന്റെ ഓഡിഷനുവേണ്ടി സീനിയേഴ്സിനെ സമീപിക്കുന്നു. എന്നാല്‍ സീനിയേഴ്സ് അവരെ മനഃപൂര്‍വ്വം ഒഴിവാക്കുന്നു. സങ്കടകരമായ അവസ്ഥയില്‍ കാണുന്ന അവരെ പ്രസ്തുത കോളേജിലെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഒരു പുതിയ ഡാന്‍സ് ഗ്രൂപ്പ് തുടങ്ങുവാന്‍ പ്രേരിപ്പിക്കുന്നു. ക്ലാസ് റൂമിലെ ഒരു മേശയില്‍ ആരോ എഴുതിയ WTF എന്ന ചുരുക്കപ്പേരില്‍ നിന്നും പ്രചോദനം നേടിയ അവര്‍ ആ ഗ്രൂപ്പിന് Watch The Freask എന്ന പേരിടുന്നു. അവരുടെ ആവേശഭരിതമായ WTF ഗ്രൂപ്പ് ഒരു വലിയ വിജയമായിത്തീരുന്നു. പിന്നീട് സിനിമിയില്‍ കാണിക്കുന്നത് സിഇറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒരു ഡാന്‍സ് ഗ്രൂപ്പ് തുടങ്ങുവാന്‍ ശ്രമിക്കുന്നതും അതിന് അവര്‍ WTF (Win The Faith) എന്ന് പേരിടുന്നതും ചില നിസാര സൗന്ദര്യപ്പിണക്കങ്ങള്‍ കാരണം അവര്‍ക്ക് ആ സംരംഭം പൂര്‍ത്തീകരിക്കുവാന്‍ കഴിയാതെ പോകുന്നതും അവര്‍ക്കുവേണ്ടി ചെയ്തുവെച്ച വസ്ത്രങ്ങള്‍ പുതിയ ഗ്രൂപ്പിന് സമാനിച്ചിട്ട് അവര്‍ മടങ്ങുന്നതുമാണ് ഈ മിനി സിനിമയുടെ കഥ.

‘The Golden Walk Way” യുടെ പ്രത്യേകത ഇതില്‍ അഭിനയിച്ചിരിക്കുന്നത് ശരിക്കും WTF ന്റെ ഡാന്‍സേഴ്സ് തന്നെയാണ്. ഇതില്‍ കാണിച്ചിരിക്കുന്ന എല്ലാ സ്റ്റണ്ട്‌സും ആധുനിക സാങ്കേതിക വിദ്യയുടെയും സഹായമില്ലാതെ ചെയ്തിരിക്കുന്നതാണ് മറ്റൊരു പ്രത്യേകത.

സിഇറ്റി കോളേജിന്റെയും കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിന്റെയും ദൃശ്യചാരുത വെറൈറ്റി ആയിട്ടുള്ള ഷോട്ട്സിലൂടെയും പുതുമയാര്‍ന്ന ആംഗിള്‍സിലൂടെയും ക്യാമറ കണ്ണാല്‍ ഒപ്പിയെടുത്തിരിക്കുന്നത് ശ്രീ. സംഗീത് ശിവനാണ്. ആ ദൃശ്യങ്ങള്‍ക്ക് മനോഹാരിതയും പുതുമയാര്‍ന്ന ഒരു ഫീലും കൊടുത്തത് ശ്രീ. പ്രയാഗ് ആര്‍എസിന്റെ എഡിറ്റിംഗും കളറിംഗും (DI) ആണ്. ഈ ഒരു ദൃശ്യാനുഭവത്തെ വേറൊരു തലത്തിലേയ്ക്ക് ഉയര്‍ത്തിയത് Kabali Fever Song Fame ശ്രീ. ജി പി രാകേഷിന്റെ പുതുമയാര്‍ന്നതും ത്രസിപ്പിക്കുന്നതുമായ സംഗീതമാണ്. സീനുകള്‍ക്ക് കൂടുതല്‍ ഡെഫനിഷനും റിയലിസവും കൊടുത്തത് FXR ന്റെ സൗണ്ട് ഡിസൈനാണ്.

മികവുറ്റ തിരക്കഥയും സംവിധാനവും പുതുമയാര്‍ന്ന ക്യാമറയും വേറിട്ട എഡിറ്റിംഗും കളറിംഗും (DI) ത്രസിപ്പിക്കുന്ന സംഗീതം കൊണ്ടും ഈ സിനിമ കൊമേഴ്സ്യല്‍ സിനിമയെ വെല്ലുന്ന രീതിയില്‍ കൊണ്ടെത്തിച്ചു.

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം ഭൂമിയില്‍ സന്മനസ്സുള്ള മനുഷ്യര്‍ക്ക് സമാധാനം. മനുഷ്യ മനസുകളില്‍ സ്‌നേഹത്തിന്റെ സുഗന്ധം പകരാന്‍ ഡെര്‍ബി മലയാളികള്‍ ഒത്തുചേരുന്നു. ഈ മാസം 20-ാം തിയതി ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് പാകിസ്താനി കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടത്തപ്പെടുന്ന ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

അതി മനോഹരമായ കലാപരിപാടികളും ആശിട്ട, ജോസഫ്, സിനി. ജിജൊല്‍ നയിക്കുന്ന ഗാനമേളയും സിനിമാറ്റിക് ഡാന്‍സുകളും കരോള്‍ ഗാനങ്ങളും നേറ്റിവിറ്റി ഷോയും ഗിഫ്റ്റ് എക്‌സ്‌ചേഞ്ച് പരിപാടിയും സ്റ്റാന്‍സ് ക്ലിക്കന്റെ ഫോട്ടോ ആന്‍ഡ് വിഡിയോയും ജോയിച്ചേട്ടന്റെ ഡെക്കറേഷനും നാവില്‍ രുചിയൂറും ഉച്ചഭക്ഷണവും അങ്ങനെ നീളുന്നു.

ഡെര്‍ബിയിലെയും സമീപ പ്രദേശങ്ങളിലെയുമുള്ള മലയാളികളെയും കുടുംബങ്ങളെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു. ഇതൊരു ക്ഷണമായി കരുതി വന്ന് സന്തോഷത്തോടെ സഹകരിക്കണമെന്ന് മാനേജിങ് കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു.

Program Conveners: Sebin Jacob, Laiji Shaju, Liji Tijo, .

Hall & Stage Conveners: Abhilash Chacko, Moncy George, Thomas Sebastian, James Abraham.

Food Stall Conveners: Jidol Jacob, Shibu Mathew, Alwin, Alan & Mathew.

For any information, please contact:

Wilson Benny: 07882211489, Jineesh Thomas: 07828808097.

[ot-video][/ot-video]

 

ലോകത്തിലാദ്യമായി ഏകാന്തതയ്ക്ക് വകുപ്പ് മന്ത്രിയെ നിയമിച്ച് ബ്രിട്ടന്‍. ട്രെയ്സി കൗച്ചി ബ്രിട്ടന്റെ പ്രഥമ ഏകാന്തതാ വകുപ്പ് മന്ത്രിയായി ചുമതലയേറ്റിരിക്കുന്നത്. നിലവിലെ കായിക വകുപ്പ് മന്ത്രികൂടിയാണ് ട്രെയിസി കൗച്ച്. ശാരീരിക ബുദ്ധിമുട്ടുകളാലും വാര്‍ദ്ധക്യ സഹജമായി അസുഖങ്ങളാലും ഒറ്റപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കലാകും പുതിയ വകുപ്പിന്റെ പ്രധാന ചുമതല.

ഏകാന്തത അനുഭവിക്കുന്നവര്‍ക്ക് താങ്ങായി തെരേസ മേയ് ഗവണ്‍മെന്റിന്റെ പുതിയ നീക്കം ലോകശ്രദ്ധയാകര്‍ശിച്ചിരിക്കുകയാണ്. ട്രെയിസി കൗച്ചിന്റെ നേതൃത്വത്തിലുള്ള വകുപ്പിന്റെ പ്രവര്‍ത്തനം ലോകം ഉറ്റുനോക്കുമെന്ന് തീര്‍ച്ച. ബ്രിട്ടനില്‍ മാത്രം ഒറ്റക്ക് താമസിക്കുന്ന 90 ലക്ഷം പേരുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. കടുത്ത ഏകാന്തതയില്‍ കഴിയുന്ന ഇവര്‍ ഉറ്റവരുമായോ സുഹൃത്തുക്കളുമായോ സംസാരിച്ചിട്ട് വര്‍ഷങ്ങളായിയെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു.

ഇത്തരക്കാരുടെ ജീവിതം സന്തോഷപൂര്‍ണ്ണമാക്കുകയാവും പുതിയ വകുപ്പിന്റെ ലക്ഷ്യം. ബ്രിട്ടനില്‍ ഏകാന്തതയും ഒറ്റപ്പെടലും മൂലം ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുകയാണ്. ചികിത്സ തേടി വരുന്നവരില്‍ അഞ്ചുപേര്‍ വരെ ഇത്തരത്തില്‍ ഏകാന്തത കാരണം രോഗികളായവരാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. വലതുപക്ഷ തീവ്രവാദികള്‍ കൊലപ്പെടുത്തിയ ജോ കോക്‌സിന്റെ നേതൃത്തിലായിരുന്ന കമ്മീഷനാണ് ആദ്യമായി ഏകാന്തതയനുഭവിക്കുന്നവരുടെ പ്രശ്‌ന പരിഹാരത്തിനായി പ്രത്വേക വകുപ്പ് നിര്‍ദേശിക്കപ്പെട്ടത്. ഇതിനെ പിന്‍പറ്റിയാണ് ഇപ്പോള്‍ പുതിയ വകുപ്പ് നിലവില്‍ വന്നിരിക്കുന്നത്.

യുകെയിലെ പ്രമുഖ മലയാളി സാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ ഈ വര്‍ഷത്തെ കലാവിരുന്നിന് യോര്‍ക്ക്ഷയറിലെ പോണ്ടിഫ്രാക്ടില്‍ അരങ്ങൊരുങ്ങുന്നു. പ്രമുഖ മലയാള സിനിമാ സംവിധായകനായ ശ്രീ. ഷാജി എന്‍. കരുണ്‍ ആണ് മുഖ്യാതിഥി. ഓട്ടന്‍തുള്ളല്‍ കലാകാരനായ ശ്രീ. കലാമണ്ഡലം ഗീതാനന്ദന്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കുന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശ്രുതിയുടെ അംഗങ്ങളും സുഹൃത്തുക്കളും അവതരിപ്പിക്കുന്ന നൃത്തം, നാടകം, സംഗീതമേള എന്നിവയ്ക്ക് പുറമേ വിശിഷ്ട അതിഥികളുമായി മുഖാമുഖം പരിപാടിയും ഉണ്ടായിരിക്കുന്നതാണ്

പ്രശസ്ത കവി ശ്രീ. ഒ.എന്‍.വി. കുറുപ്പിന്റെ അനുഗ്രഹാശിസ്സുകളോടെ രൂപംകൊണ്ട ശ്രുതിയുടെ പതിനാലാമത് വാര്‍ഷിക ദിനാഘോഷമാണ് ഏപ്രില്‍ 7 ശനിയാഴ്ച്ച പോണ്ടിഫ്രാക്ടിലെ കാള്‍ട്ടണ്‍ കമ്മ്യൂണിറ്റി ഹൈസ്‌കൂളില്‍വച്ച് നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും:Anil Thomas (07511902433 – Public Relations) C. Unnikrishnan (07733105454 — Secretary).

email: [email protected],

മാഞ്ചസ്റ്റര്‍: ബ്രിട്ടനില്‍ മീസില്‍സ് പടരുന്നു. പ്രധാന നഗരങ്ങളായ വെസ്റ്റ് യോര്‍ക്ക്ഷയര്‍, ചെഷയര്‍ ആന്റ് ലിവര്‍പൂള്‍, വെസ്റ്റ് മിഡ്ലാന്‍ഡ്സ്, സറേ, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ നിന്നാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പകര്‍ച്ചവ്യാധി മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കാന്‍ സാധ്യത കുറവാണെങ്കിലും സമീപ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. മീസില്‍സ് ബാധയാണെന്ന് സംശയം തോന്നിയാല്‍ ജി.പിമാരെ കാണുകയോ എന്‍.എച്ച്.എസ് 111ല്‍ വിളിക്കുകയോ ചെയ്യണമെന്നും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ ശ്രദ്ധിക്കണമെന്നുമാണ് നിര്‍ദേശം.

ജനുവരി 9വരെ വെസ്റ്റ് യോര്‍ക്ക്‌ഷെയറില്‍ 34ഉം ചെഷയര്‍ ആന്റ് ലിവര്‍പൂളില്‍ 29ഉം വെസ്റ്റ് മിഡ്ലാന്‍ഡില്‍ 32ഉം സറെയില്‍ 20ഉം ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ 7ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാക്സിനേഷന്‍ എടുക്കാത്തവര്‍ മീസില്‍സ് പടര്‍ന്നു പിടിച്ചിരിക്കുന്ന രാജ്യങ്ങളായ റുമേനിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് അപകട സാധ്യതയുണ്ടാക്കുമെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് അറിയിച്ചു. രണ്ട് ഡോസ് വാക്‌സിനുകള്‍ നിങ്ങള്‍ എടുത്തിട്ടില്ലെങ്കില്‍ ജിപിമാരെ സമീപിക്കാനും നിര്‍ദേശമുണ്ട്. വാക്‌സിന്‍ എടുക്കാത്തവരിലും മുമ്പ് ഈ രോഗം ബാധിക്കാത്തവരിലും മീസില്‍സ് വരാനുള്ള സാധ്യത ഏറെയാണ്. കുട്ടികള്‍ക്ക് ഇത് അപകടകരമായേക്കാം. ഏഴ് മുതല്‍ 10 ദിവസം വരെ രോഗം നീണ്ടുനിന്നേക്കാം.

കുട്ടികള്‍ക്ക് നല്‍കുന്ന രണ്ട് ഡോസ് എംഎംആര്‍ വാക്‌സിനുകള്‍ എടുക്കാത്തവര്‍ എത്രയും പെട്ടന്ന് വാക്‌സിനുകളെടുത്ത് കുട്ടികളെ രോഗത്തില്‍ നിന്ന് സംരക്ഷിക്കണമെന്ന് ഇമ്യുണൈസേഷന്‍ മേധാവി ഡോ. മേരി റാംസേ അറിയിച്ചു. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ജി.പിയുമായി ബന്ധപ്പെടണമെന്നും റാംസേ കൂട്ടിച്ചേര്‍ത്തു.

സാധാരണ പനിയുടെ ലക്ഷണങ്ങളായ മൂക്കടപ്പ്, തുമ്മല്‍, കണ്ണുകള്‍ നിറയുക തുടങ്ങിയ ലക്ഷണങ്ങളുമായാണ് രോഗം പ്രത്യക്ഷപ്പെടുന്നത്. കണ്‍പോളകളിലെ വീക്കം, കണ്ണുകള്‍ ചുവന്ന് തുടുക്കുകയും പ്രകാശത്തിലേക്ക് നോക്കുന്നത് ബുദ്ധിമുട്ടാകുകയും ചെയ്യുക, 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്ന പനി, വായില്‍ വെള്ളയും ചാര നിറത്തിലുമുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുക, ശരീര വേദന, ചുമ, ഭക്ഷണത്തോട് വിരക്തി, ശരീരത്തില്‍ ചുവന്ന പാടുകള്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാവരിലും എല്ലാ ലക്ഷണങ്ങളും കാണണമെന്നില്ല. ലക്ഷണങ്ങള്‍ കണ്ടാല്‍ ജിപിമാരുടെ സഹായം തേടണമെന്നാണ് നിര്‍ദേശം.

Copyright © . All rights reserved