ലണ്ടന്‍: ഓസീ ഫ്‌ളൂ എന്ന് അറിയപ്പെടുന്ന എച്ച്3എന്‍2 പനി ബാധ മൂലം അയര്‍ലന്‍ഡില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം യുകെയില്‍ എത്തിയെന്നും ഇതിന്റെ ശക്തി വര്‍ദ്ധിച്ചു വരികയാണെന്നുമാണ് വിശദീകരിക്കപ്പെടുന്നത്. കൃത്യമായ മരണസംഖ്യ പുറത്തു വിട്ടിട്ടില്ലെങ്കിലും പത്തില്‍ താഴെ ആളുകള്‍ ഈ രോഗബാധ മൂലം മരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുട്ടികളെയാണ് ഈ പകര്‍ച്ചവ്യാധി എളുപ്പത്തില്‍ ബാധിക്കുന്നതെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
5 വയസിനും 14 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് രോഗം ബാധിക്കാന്‍ ഏറ്റവും സാധ്യതയുള്ളവര്‍. കഴിഞ്ഞ വര്‍ഷം തുടക്കത്തിലാണ് ഈ രോഗം അയര്‍ലന്‍ഡില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അതിനു ശേഷം ഈ വിന്റര്‍ വരെ 73 പേരെ രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച മാത്രം 19 പേര്‍ ആശുപത്രികളില്‍ എത്തിയതായാണ് കണക്ക്. മരണങ്ങള്‍ പത്തില്‍ താഴെ മാത്രമായതിനാലാണ് കൃത്യമായ കണക്കുകള്‍ നല്‍കാനാകാത്തതെന്ന് അയര്‍ലന്‍ഡിലെ ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവ് ആയ കെവിന്‍ കെല്ലെഹര്‍ പറഞ്ഞു.
ഫ്‌ളൂ ബാധിച്ച് എല്ലാ വര്‍ഷവും ആളുകള്‍ മരിക്കാറുണ്ടെന്നും 18 മുതല്‍ 20 പേര്‍ വരെയാണ് ശരാശരി മരണ സംഖ്യയെന്നും അദ്ദേഹം പറഞ്ഞു. ഓസീ ഫ്‌ളൂ ബാധിച്ച് ശരാശരി 400 മുതല്‍ 600 മരണങ്ങള്‍ വരെയാണ് ലോകമൊട്ടാകെ ഓരോ വര്‍ഷവും ഉണ്ടാകുന്നത്. പനിയോട് അനുബന്ധിച്ചുണ്ടാകുന്ന ഹൃദയരോഗങ്ങള്‍ മൂലമാണ് മരണങ്ങളുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഫ്‌ളുവന്‍സ-എയുടെ മറ്റൊരു വകഭേദമായ ഈ രോഗം ഓസ്‌ട്രേലിയയില്‍ 1,70,000 ആളുകള്‍ക്ക് ബാധിക്കുകയും 300ലേറെപ്പേര്‍ മരിക്കുകയും ചെയ്തതോടൊണ് ഓസീ ഫ്‌ളൂ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.
ലണ്ടന്‍: ബ്രിട്ടനില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ പഴക്കം ചെന്നവയെന്ന് വെളിപ്പെടുത്തല്‍. 1990കളില്‍ നിര്‍മിച്ച കാര്യേജുകളിലാണ് ബ്രിട്ടനിലെ ട്രെയിന്‍ യാത്രക്കാര്‍ സഞ്ചരിക്കുന്നതെന്ന് ഓഫീസ് ഓഫ് റെയില്‍ ആന്‍ഡ് റോഡ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവയ്ക്ക് ശരാശരി 21.1 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പ്രസ് അസോസിയേഷന്‍ വിശകലനം വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ പഴക്കമുള്ള ട്രെയിനുകള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സമ്മാനിക്കുന്നതിനൊപ്പം മൊത്തം പ്രവര്‍ത്തനത്തെയും ബാധിക്കുന്നതായാണ് വെളിപ്പെടുത്തല്‍.
ലണ്ടനും സ്‌കോട്ട്‌ലന്‍ഡിനുമിടയില്‍ സര്‍വീസ് നടത്തുന്ന കാലിഡോണിയന്‍ സ്ലീപ്പര്‍ സര്‍വീസില്‍ 42 വര്‍ഷം പഴക്കമുള്ള ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. അതിനു പിന്നില്‍ രണ്ടാം സ്ഥാനത്തായി മെഴ്‌സിസൈഡില്‍ സര്‍വീസ് നടത്തുന്ന മെഴ്‌സിറെയില്‍ ഉണ്ട്. 38 വര്‍ഷം പഴക്കമുള്ള ട്രെയിനുകളാണ് ഇവര്‍ക്ക് സ്വന്തമായുള്ളത്. ഈ രണ്ട് ഓപ്പറേറ്റര്‍മാരും വരുന്ന വര്‍ഷങ്ങളില്‍ പുതിയ ട്രെയിനുകള്‍ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നോര്‍ത്ത് ഇംഗ്ലണ്ടിലെ പേസേഴ്‌സ് പോലെയുള്ള സര്‍വീസുകളില്‍ 1980കളില്‍ നിര്‍മിച്ച കാര്യേജുകളാണ് ഉപയോഗിക്കുന്നത്. ബസുകളുടെ ഭാഗങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച ഇവ എത്രയും പെട്ടെന്ന് സ്‌ക്രാപ്പ് ചെയ്യണമെന്നാണ് നിര്‍ദേശിക്കപ്പെടുന്നത്. മറ്റ് സര്‍വീസുകളിലെ ട്രെയിനുകള്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് പരിഷ്‌കരണങ്ങള്‍ നടത്തി ഉപയോഗിക്കാമെന്നും വിദഗ്ദ്ധര്‍ പറയുന്നു.
രാജ്യത്തെ റെയില്‍ ഗതാഗത മേഖല ഒട്ടേറെ പുരോഗമിക്കേണ്ടതുണ്ടെന്നതാണ് ഈ കണക്കുകള്‍ കാണിക്കുന്നതെന്ന് ക്യാംപെയിന്‍ ഫോര്‍ ബെറ്റര്‍ ട്രാന്‍സ്‌പോര്‍ട്ട് തലവന്‍ സ്റ്റീഫന്‍ ജോസഫ് പറഞ്ഞു. പുതിയ ട്രെയിനുകള്‍ അവതരിപ്പിക്കുമെന്നാണ് മിക്ക ഓപ്പറേറ്റര്‍മാരും പറയുന്നത്. ചിലര്‍ ട്രെയിനുകള്‍ നിര്‍മാണ ഘട്ടത്തിലാണെന്നും പറയുന്നു. എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ എന്നതാണ് നാം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലിവര്‍പൂള്‍: 1600 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള കാര്‍പാര്‍ക്കിലെ വാഹനങ്ങളെല്ലാം തീപ്പിടിത്തത്തില്‍ കത്തിനശിച്ചു. ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവമുണ്ടായത്. കാര്‍ പാര്‍ക്കിന് സമീപത്തുള്ള അറീനയില്‍ ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്ന ഹോഴ്‌സ് ഷോ ഇതേത്തുടര്‍ന്ന് മാറ്റിവെച്ചു. കിംഗ്‌സ് ഡോക്കിലാണ് തീപ്പിടിത്തമുണ്ടായതെന്ന് മെഴ്‌സിസൈഡ് പോലീസ് അറിയിച്ചു. ബഹുനില കാര്‍ പാര്‍ക്കിലുണ്ടായിരുന്ന എല്ലാ വാഹനങ്ങളും അഗ്നിക്കിരയായെന്ന് പോലീസ് വ്യക്തമാക്കി.
12 ഫയര്‍ എന്‍ജിനുകളും ശ്വസന ഉപകരണങ്ങള്‍ ധരിച്ച അഗ്നിശമന സേനാംഗങ്ങളുമാണ് തീ നിയന്ത്രണവിധേയമാക്കാന്‍ എത്തിയത്. തീപ്പിടിത്തത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഹോഴ്‌സ് ഷോയ്ക്കായി എക്കോ അറീനയില്‍ എത്തിയവര്‍ പുകയില്‍ കുടുങ്ങി. സംഭവത്തില്‍ ആര്‍ക്കും അപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് ലിവര്‍പൂള്‍ മേയര്‍ ജോ ആന്‍ഡേഴ്‌സണ്‍ അറിയിച്ചു. ഷോയ്ക്കായി എത്തിച്ച കുതിരകള്‍ക്കും അപകടമൊന്നും സംഭവിച്ചില്ല.
മൂന്നാം നിലയിലുണ്ടായിരുന്ന ലാന്‍ഡ് റോവറിനാണ് ആദ്യം തീപിടിച്ചത്. കുതിരകളെ ഒന്നാം ലെവലിലായിരുന്നു നിര്‍ത്തിയിരുന്നത്. തീപ്പിടിത്തമുണ്ടായതോടെ ഇവയെ അറീനയിലേക്ക് മാറ്റുകയായിയരുന്നു. വാഹനങ്ങളുടെ ഇന്ധന ടാങ്കുകളും ടയറുകളും പൊട്ടിത്തെറിക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ലിവര്‍പൂള്‍ ഇന്റര്‍നാഷണല്‍ ഹോഴ്‌സ് ഷോയ്ക്കായി അറീനയില്‍ 4000 പേര്‍ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
വിയന്ന: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ യൂറോപ്പ് റീജണല്‍ കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുത്തു. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കിയാണ് യൂറോപ്പ് റീജണല്‍ കൗണ്‍സിലര്‍മാരെ തിരഞ്ഞെടുത്തത്.
ഡോണി ജോര്‍ജ് (പ്രസിഡന്റ്, ജര്‍മനി), മാത്യൂസ് ചെരിയന്‍കാലയില്‍ (സെക്രട്ടറി, ഓസ്ട്രിയ), ഡോ. ഷൈജുമോന്‍ ഇബ്രാഹിംകുട്ടി (ട്രെഷറര്‍, ജര്‍മനി), സാബു ചക്കാലയ്ക്കല്‍ (കോഓര്‍ഡിനേറ്റര്‍, ഓസ്ട്രിയ), വൈസ് പ്രെസിഡന്റുമാരായി ടെറി തോമസ് (ഫിന്‍ലന്‍ഡ്), തോമസ് ഇളങ്കാവില്‍ (സ്‌കോട് ലന്‍ഡ്), ജോയിന്റ് സെക്രട്ടറിമാരായി ഡോ. ബേസില്‍ ഉതുപ്പ് (ഡെന്‍മാര്‍ക്), ആഷ മാത്യു (യു.കെ) എന്നിവരെയും ഓസ്ട്രിയയില്‍ നിന്നുള്ള നൈസി കണ്ണമ്പാടം വിമന്‍സ് ഫോറം കോര്‍ഡിനേറ്ററും, ഇറ്റലിയില്‍ നിന്നുള്ള ജെജി മാത്യു മീഡിയ ഫോറം കോര്‍ഡിനേറ്ററായും, ഫ്രാന്‍സില്‍ നിന്നുള്ള കീര്‍ത്തി നായര്‍ ഇവന്റ് ഫോറം കോര്‍ഡിനേറ്ററായും യൂറോപ്പ് റീജണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു.

സിറോഷ് ജോര്‍ജ് (പി.ആര്‍.ഓ, ഓസ്ട്രിയ), ചന്ദു നല്ലൂര്‍ (യൂത്ത് ഫോറം, പോളണ്ട്), ബോബി അഗസ്റ്റിന്‍ (ഐ.ടി ഫോറം, യു.കെ), പ്രദീപ് നായര്‍ (ബിസിനസ് ഫോറം, പോളണ്ട്), അബ്ദുല്‍ അസീസ് (ചാരിറ്റി ഫോറം, ഓസ്ട്രിയ), മാത്യു പഴൂര്‍ (കള്‍ച്ചറല്‍ ഫോറം, സ്വിറ്റ്സര്‍ലന്‍ഡ്), എന്നിവരും നിയമിതരായി. അതേസമയം യൂറോപ്പിലെ വിവിധ ഡബ്ല്യൂ.എം.എഫ് പ്രൊവിന്‍സുകളുടെ പ്രസിഡന്റുമാരും സ്വയമേവ (ipso facto) യൂറോപ്പ് റീജണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങളാണ്. പുതിയ കമ്മിറ്റി 2018 ജനുവരി 1 മുതല്‍ നിലവില്‍ വരും.
പ്രവാസി മലയാളി സമൂഹത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനും, വര്‍ണ, വര്‍ഗ്ഗ, ഭാഷ, വിശ്വാസ മതില്‍കെട്ടുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടാതെ ലോക സമൂഹത്തിനു മൊത്തം ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഒരു മാതൃക സംഘടന സാന്നിദ്ധ്യമായി ഡബ്‌ള്യു.എം.എഫ് നിലകൊള്ളുമെന്നും സ്ഥാനമേറ്റ പുതിയ പ്രസിഡന്റ് ഡോണി ജോര്‍ജ് പറഞ്ഞു.
സംഘടനയുടെ യൂറോപ്പ് സമ്മേളനം 2018 വേനല്‍ അവധികാലത്ത് പാരിസിലോ, ഹെല്‍സിങ്കിയിലോ നടത്താന്‍ പുതിയ കമ്മിറ്റി തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. തിരഞ്ഞെടുത്ത യൂറോപ്പ് കമ്മിറ്റിയ്ക്ക് ഡബ്ല്യൂ എം എഫ് ഗ്ലോബല്‍ ക്യാബിനറ്റ് ആശംസകള്‍ നേര്‍ന്നു.
ജെഗി ജോസഫ്
ആ പവിത്രമായ നിമിഷത്തിനായുള്ള അരങ്ങൊരുങ്ങി. ഇനി സംഗീതത്തിന്റെ ഈണങ്ങളില്‍ കോര്‍ത്ത ദൈവസ്നേഹത്തിന്റെ സവിശേഷമായ ഗീതങ്ങള്‍ സദസ്യരുടെ ഹൃദയങ്ങളിലേക്ക് ഒഴുകിച്ചേരാനുള്ള സമയമാണ്. മുന്നൊരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സെഹിയോന്‍ യുകെ എഴുതിച്ചേര്‍ക്കുന്നത് പുതിയൊരു ചരിത്രമാണ്. സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ ആദ്യത്തെ ഇംഗ്ലീഷിലുള്ള മ്യൂസിക് കണ്‍സേര്‍ട്ട് എന്ന സവിശേഷമായ പദവി നേടിക്കൊണ്ട് എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് ജനുവരി 6ന് വെസ്റ്റ് ബ്രോംവിച്ചില്‍ അരങ്ങേറും.
യുകെയില്‍ സുവിശേഷവത്കരണ പാതയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന സെഹിയോന്‍ യുകെയുടെ പുതിയ ദൗത്യമാണ് പുതുവര്‍ഷപ്പുലരിയില്‍ സാക്ഷാത്കരിക്കപ്പെടുന്നത്. ദൈവ സന്നിധിയിലേക്ക് പുതുതലമുറയ്ക്ക് സംഗീതവിരുന്നിലൂടെ യാത്ര ചെയ്യാന്‍ അവസരം നല്‍കി സെഹിയോന്‍ യുകെ യൂത്ത്സ് & ടീന്‍സിന്റെ നേതൃത്വത്തില്‍ ആദ്യത്തെ ഇംഗ്ലീഷ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ടാണ് ജനുവരി 6ന് അരങ്ങേറുന്നത്. വെസ്റ്റ് ബ്രോംവിച്ചിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉച്ചയ്ക്ക് 12 മുതല്‍ 5 വരെയാണ് ‘എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്’ സംഘടിപ്പിക്കുന്നത്. ആത്മീയശുദ്ധി വരുത്താന്‍ ആഗ്രഹിക്കുന്ന പുതുതലമുറയ്ക്ക് കിട്ടിയ അനുഗ്രഹമാണ് ഈ ഇംഗ്ലീഷ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്.
സംഗീതത്തോടൊപ്പം ഡ്രാമയും, സ്‌കെച്ചിംഗും ഉള്‍പ്പെടെയുള്ള പരിപാടികളും നടക്കും. പുതിയ തലമുറയില്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറയ്ക്കാനും ഇനിയുള്ള ഇവാഞ്ചലൈസേഷനുകള്‍ മുന്നോട്ട് നയിക്കാനും അത്യന്താപേക്ഷിതമാണ് ഇവന്റ്. അതുകൊണ്ട് തന്നെ എല്ലാ മാതാപിതാക്കളും കുട്ടികളെ ഇതില്‍ പങ്കെടുപ്പിക്കേണ്ടത് പരമപ്രധാനമാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍ ദൈവീകതയുടെ സ്പര്‍ശം ഏറ്റുവാങ്ങാനും സ്വജീവിതത്തില്‍ പകര്‍ത്താനും വഴിയൊരുക്കുന്നതാണ് എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്.

ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സുസജ്ജമായ തയ്യാറെടുപ്പുകളാണ് മ്യൂസിക്കല്‍ ഇവന്റിനായി നടത്തിയിരിക്കുന്നത്. മികവേറിയ സീറ്റും, സ്റ്റേജും മറ്റ് അനുബന്ധസൗകര്യങ്ങളുമാണ് സെഹിയോന്‍ യുകെ ഒരുക്കുന്നത്. അഞ്ച് പൗണ്ടാണ് ടിക്കറ്റ് ചാര്‍ജ്ജ്. നോണ്‍പ്രോഫിറ്റബിള്‍ ഇവന്റായതിനാല്‍ പരിപാടിയുടെ വിജയത്തിനും നടത്തിപ്പിനുമായി മാത്രമാണ് ഈ തുക വിനിയോഗിക്കുക. സ്നാക്ക് പാര്‍ലറുകളും സെന്ററില്‍ തയ്യാറായിരിക്കും. ചടങ്ങിലേക്ക് എത്തിച്ചേരുന്നതിന് ആവശ്യമായ യാത്രാസൗകര്യങ്ങളും ഒരുക്കും.
യുകെയിലെ ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെ എല്ലാ ബിഷപ്പുമാരേയും, വൈദികരേയും ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. മലയാളികളില്‍ നിന്ന് മാത്രമല്ല ഫിലിപ്പീന്‍സ്, ഇംഗ്ലീഷ് സമൂഹത്തിലെ കുട്ടികളെ ഉള്‍പ്പെടുത്തി ഇവാഞ്ചലൈസേഷന്റെ നേതൃത്വം യുവജനങ്ങളിലേക്ക് കൈമാറുന്ന പുത്തന്‍ രീതിയുമാണ് സെഹിയോന്‍ യുകെ എത്തുന്നത്. കൂടുതല്‍ പേരെ ക്ഷണിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. ഓരോ സ്ഥലത്തും സുസജ്ജമായ ടീം ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. ടിക്കറ്റ് വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായും, നേരിട്ടും വാങ്ങാന്‍ അവസരമുണ്ട്. കൂടാതെ ദൈവീകമായ ഒരു ചടങ്ങായതിനാല്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കാന്‍ സന്നദ്ധരായ സുമനസ്സുകളുടെയും സഹകരണം പ്രതീക്ഷിക്കുന്നു. പുതുതലമുറയുടെ ദൈവീകശ്രോതസ്സായി മാറാന്‍, അതിനുള്ള ഊര്‍ജ്ജം പകരാന്‍ സാധിക്കുന്ന ചടങ്ങാക്കി എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ടിനെ മാറ്റിയെടുക്കാന്‍ എല്ലാവരുടെയും സഹായസഹകരണങ്ങള്‍ സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.
യുകെയിലേയും, അമേരിക്കയിലേയും മാധ്യമങ്ങള്‍ പ്രൗഢഗംഭീരമായ ഈ ചടങ്ങ് പകര്‍ത്താന്‍ രംഗത്തുണ്ടാകും. ചരിത്രത്തിലേക്ക് ചുവടുവെയ്ക്കുന്ന എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് ദൈവീകതയെ മനസ്സുകളിലേക്ക് കൂടുതല്‍ അടുപ്പിക്കുമെന്ന കാര്യത്തില്‍ അഭിമാനിക്കാം.
Date: 06 ജനുവരി 2018. Time: 12 pm 5 pm . Venue: ബെതേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, വെസ്റ്റ് ബ്രോംവിച്ച്, ബര്‍മ്മിങ്ഹാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക .
ക്ലെമെന്‍സ് നീലങ്കാവില്‍ :07949499454
ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളില്‍ സ്‌പെഷ്യലിസ്റ്റ് സര്‍ജന്‍മാര്‍ കുറയുന്നത് രോഗികളുടെ സുരക്ഷക്ക് ഭീഷണിയാകുന്നുവെന്ന് വെളിപ്പെടുത്തല്‍. പ്രസവത്തോട് അനുബന്ധിച്ച് ചില സ്ത്രീകളുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമാകുന്ന അടിയന്തര ശസ്ത്രക്രിയകളും അപകടങ്ങളില്‍പ്പെട്ട് എത്തുന്നവര്‍ക്ക് നല്‍കേണ്ട അടിയന്തര ശസ്ത്രക്രിയകളും മറ്റും സ്‌പെഷ്യലിസ്റ്റുകളുടെ കുറവു മൂലം അപകടകരമായ സാഹചര്യങ്ങളിലാണ് നടക്കുന്നതെന്നാണ് വ്യക്തമാക്കപ്പെടുന്നത്. റേഡിയോളജിസ്റ്റുകളുടെ കുറവ് മൂലം പല മേജര്‍ ശസ്ത്രക്രിയകള്‍ക്കും വിധേയരാകുന്നവര്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാകുകയോ മറ്റ് അപകടകരമായ അവസ്ഥകളിലേക്ക് എത്തുകയോ ചെയ്യുന്നതായി മുതിര്‍ന്ന ഡോക്ടര്‍മാര്‍ ആശങ്കപ്പെടുന്നു.
സ്‌പെഷ്യലിസ്റ്റ് റേഡിയോളജിസ്റ്റുകളുടെ എണ്ണം എന്‍എച്ച്എസ് ആശുപത്രികളില്‍ വളരെ കുറവാണ്. നാലിലൊന്ന് ആശുപത്രികളിലെ രോഗികള്‍ക്ക് ഇവരുടെ സേവനം വേണ്ട വിധത്തില്‍ ലഭ്യമാകുന്നില്ല. ഈ സ്‌പെഷ്യലിസ്റ്റ് കേഡറിലുള്ള ഡോക്ടര്‍മാരെ നിയമിക്കാന്‍ സാധിക്കുന്നില്ല എന്നാണ് എന്‍എച്ച്എസ് നേതൃത്വം സമ്മതിക്കുന്നത്. ഇമേജ് ഗൈഡഡ് സര്‍ജന്‍മാര്‍ എന്നറിയപ്പെടുന്ന ഇവര്‍ ശരീരത്തിലെ രോഗമുള്ള ഭാഗങ്ങള്‍ ഇമേജിംഗ് ഉപകരണങ്ങളിലൂടെ കണ്ടെത്തുന്നവരാണ്.
വലിയ തോതിലുള്ള ആന്തരിക രക്തസ്രാവവും രക്തം കട്ടപിടിക്കുന്നതിലൂടെയുണ്ടാകുന്ന തടസങ്ങളും മറ്റും കണ്ടെത്താനും ആവശ്യമായ ശസ്ത്രക്രിയകളും ചികിത്സകളും നല്‍കാനും ഇവരുടെ സേവനം അത്യാവശ്യമാണെന്നിരിക്കെയാണ് എന്‍എച്ച്എസില്‍ ഈ സ്‌പെഷ്യലിസ്റ്റുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നത്. ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നവര്‍ക്ക് ആശങ്കയുണ്ടാക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ലണ്ടന്‍: എന്‍എച്ച്എസ് വിന്റര്‍ പ്രതിസന്ധി രൂക്ഷമായതോടെ 999 കോളുകള്‍ സ്വീകരിക്കാന്‍ നഴ്‌സുമാരെയും ജിപിമാരെയും നിയോഗിക്കുന്നു. നോര്‍ത്ത് ഈസ്റ്റിലെ എന്‍എച്ച്എസ് നേതൃത്വമാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വീടുകളിലും മറ്റുമുള്ള രോഗികളുടെ കോളുകള്‍ ഇവര്‍ സ്വീകരിക്കാനാണ് നിര്‍ദേശം. ആംബുലന്‍സുകള്‍ എത്താന്‍ വൈകുകയാണെങ്കില്‍ മോര്‍ഫീന്‍ ഉള്‍പ്പെടെയുള്ള പെയിന്‍ കില്ലറുകള്‍ നിര്‍ദേശിക്കാന്‍ കഴിയുമെന്നതിനാലാണ് ഈ പദ്ധതിക്ക് എന്‍എച്ച്എസ് നേതൃത്വം അംഗീകാരം നല്‍കിയിരിക്കുന്നത്.
പ്രായമുള്ളവരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വിന്ററായതോടെ ഒട്ടേറെ കോളുകളാണ് 999ലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അവക്കിടയില്‍ അസ്ഥികള്‍ക്ക് പൊട്ടല്‍ സംഭവിച്ചതുള്‍പ്പെടെയുള്ള പരിക്കുകളുമായി വിളിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പരമാവധി ശ്രദ്ധ കൊടുക്കുന്നതിനായാണ് നഴ്‌സുമാര്‍ക്കും ജിപിമാര്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ഈ പദ്ധതി രോഗികള്‍ക്ക് ദോഷകരമാകുമെന്നാണ് മുതിര്‍ന്ന ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
പാരാമെഡിക്കുകള്‍ ചെയ്യുന്നത് പോലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ നഴ്‌സുമാര്‍ക്കും കഴിഞ്ഞെന്ന് വരില്ലെന്നാണ് ഒരു വിമര്‍ശനം. മോര്‍ഫീന്‍ പോലെയുള്ള വേദനാ സംഹാരികള്‍ ഫോണിലൂടെ നിര്‍ദേശിക്കാന്‍ കഴിയില്ല. തുടര്‍ച്ചയായുള്ള നിരീക്ഷണവും ഓക്‌സിജന്‍ നല്‍കാനുള്ള സൗകര്യവും ഉണ്ടെങ്കില്‍ മാത്രമേ മോര്‍ഫീന്‍ നല്‍കാവൂ എന്നാണ് ചട്ടം. വീടുകളില്‍ ഈ സൗകര്യങ്ങള്‍ ഉണ്ടാവില്ല എന്നതിനാല്‍ത്തന്നെ ഫോണിലൂടെ മോര്‍ഫീന്‍ പോലെയുള്ള മരുന്നുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുന്നത് സുരക്ഷിതമായിരിക്കില്ല എന്നാണ് വിശദീകരിക്കപ്പെടുന്നത്.
ലണ്ടന്‍: കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിനായി ഇന്റര്‍നെറ്റില്‍ വലയൊരുക്കി കാത്തിരിക്കുന്ന പതിനായിരക്കണക്കിനാളുകളെ തിരിച്ചറിഞ്ഞതായി പോലീസ്. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന 4000 പേര്‍ മാത്രമുള്ള ഒരു ചാറ്റ്‌റൂം കണ്ടെത്തിയതായി നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സിലിലെ സൈമണ്‍ ബെയ്‌ലി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷമാണ് ഈ ചാറ്റ്‌റൂമിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതും അന്വേഷണം നടത്തിയതും. കുട്ടികളെ കെണിയില്‍പ്പെടുത്തുക എന്ന ലക്ഷ്യവുമായി പതിനായിരക്കണക്കിന് ആളുകളാണ് ചാറ്റ്‌റൂമുകളിലും ഫോറങ്ങളിലും എത്തുന്നതെന്ന് നോര്‍ഫോക്ക് കോണ്‍സ്റ്റാബുലറി ചീഫ് കോണ്‍സ്റ്റബിളും സൂചിപ്പിച്ചു.
കുട്ടികളോട് ലൈംഗികത തോന്നുന്ന പീഡോഫൈലുകള്‍ക്ക് നേരത്തേയില്ലാത്ത വിധം കുട്ടികളെ സ്വാധീനിക്കാന്‍ പുതിയ സാങ്കേതിക വിദ്യകള്‍ സഹായിക്കുന്നുണ്ട്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ കുട്ടികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന, തിരിച്ചറിഞ്ഞവരുടെ എണ്ണം 20,000നു മേല്‍ വരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇത്തരക്കാരെ തിരിച്ചറിയാനും പിടികൂടാനും പലപ്പോഴും സാധിക്കാറില്ലെന്നും പോലീസ് സമ്മതിക്കുന്നു.
എന്നാല്‍ ഇത്തരക്കാരെ തിരിച്ചറിയാന്‍ ആയിരക്കണക്കിന് പോലീസുകാരുടെ പരിശ്രമം ആവശ്യമാണെന്ന വസ്തുതയും പോലീസ് അറിയിക്കുന്നുണ്ട്. പെരിസ്‌കോപ്പ്, ഫേസ്ബുക്ക് ലൈവ് പോലെയുള്ള ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെ അപകടങ്ങളേക്കുറിച്ചുള്ള ക്യാംപെയിനിംഗിലാണ് പോലീസ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. എന്‍പിസിസിയും നാഷണല്‍ ക്രൈ ഏജന്‍സിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ഫാ.ബിജു കുന്നയ്ക്കാട്ട്
നോട്ടിംഗ്ഹാം: കഴിഞ്ഞു പോകുന്ന വര്‍ഷത്തിലെ എല്ലാ നന്മകള്‍ക്കും നന്ദി പറയാനും പുതിയ വര്‍ഷത്തെ പ്രാര്‍ത്ഥനാപൂര്‍വ്വം വരവേല്‍ക്കാനും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ഇന്ന് വൈകിട്ട് നോട്ടിംഗ്ഹാമിലും ഡെര്‍ബിയിലും നടക്കും. നോട്ടിംഗ്ഹാം സെന്റ് പോള്‍സ് കാത്തലിക് ചര്‍ച്ചില്‍ വച്ച് നടക്കുന്ന സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ വൈകിട്ട് കൃത്യം 8 മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ ആരംഭിക്കും. തുടര്‍ന്നു വര്‍ഷാവസാന പ്രാര്‍ത്ഥനകള്‍, വി. കുര്‍ബാന, വര്‍ഷാരംഭ പ്രാര്‍ത്ഥനകള്‍ എന്നിവ ഉണ്ടായിരിക്കും. ( പള്ളിയുടെ അഡ്രസ്സ്, NG7 2 BY, Lenton, Boulevard, St. Paul’s Church).
ഡെര്‍ബി സെന്റ് തോമസ് കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ വൈകിട്ട് 10.30ന് ദിവ്യകാരുണ്യ ആരാധനയോടെ ആരംഭിക്കും. തുടര്‍ന്ന് വര്‍ഷാവസാന പ്രാര്‍ത്ഥന, വി. കുര്‍ബാന, വര്‍ഷാരംഭ പ്രാര്‍ത്ഥന തുടങ്ങിയവയും നടക്കും. (പള്ളിയുടെ അഡ്രസ്സ് : DE1 1TQ, Burton Road, St. Joseph’s Catholic Church).
തിരുക്കര്‍മ്മങ്ങള്‍ക്കും മറ്റു ശുശ്രൂഷകള്‍ക്കും വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, കമ്മിറ്റിയംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കഴിഞ്ഞ വര്‍ഷങ്ങളിലെ ദൈവാനുഗ്രഹങ്ങള്‍ക്കു നന്ദി പറയാനും പുതുവര്‍ഷത്തെ പ്രാര്‍ത്ഥനയോടെ വരവേല്‍ക്കുവാനും ഏവരെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ‘അഭിഷേകാഗ്‌നി’ രണ്ടാം ബൈബിള്‍ കണ്‍വെന്‍ഷന്‍ രൂപതയുടെ എട്ട് റീജിയണുകളിലായി 2018 ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 4 വരെ തീയതികളില്‍ നടക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രക്ഷാധികാരിയും വികാരി ജനറാള്‍ റവ. ഡോ. മാത്യൂ ചൂരപ്പൊയ്കയില്‍ ജനറല്‍ കോ – ഓര്‍ഡിനേറ്ററും രൂപതാ ന്യൂ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കല്‍ ജനറല്‍ കണ്‍വീനറുമായുള്ള ഏകദിന ധ്യാന ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കുന്നത് സുപ്രസിദ്ധ വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസിന്റെ ഡയറക്ടറുമായ റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായിലാണ്.
ഒക്ടോബര്‍ 20ന് കവന്‍ട്രിയിലും 21ന് സ്‌കോട്ലന്റിലും 24ന് പ്രസ്റ്റണി ലും 26ന് കേംബ്രിഡ്ജിലും 27ന് സൗത്താംപ്ടണിലും 28ന് ബ്രിസ്റ്റോള്‍ – കാര്‍ഡിഫിലും നവംബര്‍ 3ന് മാഞ്ചസ്റ്ററിലും 4ന് ലണ്ടനിലും കണ്‍വെന്‍ഷനുകള്‍ നടക്കും. എല്ലാ ദിവസങ്ങളിലും രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയായിരിക്കും ശുശ്രൂഷകള്‍. റീജിയണല്‍ ഡയറക്ടര്‍മാരായ റവ. ഫാ. ജയ്സണ്‍ കരിപ്പായി, റവ. ഫാ. ജോസഫ് വെമ്പാടുംന്തറ വിസി, റവ. ഫാ. മാത്യൂ ചൂരപ്പൊയ്കയില്‍, റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍, റവ. ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍, റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്റ്റി, റവ. ഫാ, സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. ഫാ. ജോസ് അന്ത്യാംകുളം എംസിബിഎസ് തുടങ്ങിയവര്‍ വിവിധ റീജിയണുകളില ശുശ്രൂഷകള്‍ക്കു നേതൃത്വം വഹിക്കും.

ശുശ്രൂഷകളുടെ വിജയത്തിന് ദൈവാനുഗ്രഹ സമൃദ്ധിക്കായി പ്രാര്‍ത്ഥിക്കുന്നതിനായി ഒക്ടോബര്‍ 19-ാം തീയതി വൈകിട്ട് 6 മുതല്‍ രാത്രി 12 വരെ ജാഗരണ പ്രാര്‍ത്ഥനയും ദിവ്യകാരുണ്യ ആരാധനയും പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍, പ്രസ്റ്റണില്‍ ക്രമീകരിച്ചിട്ടുണ്ട്. വിശ്വാസികളെല്ലാവരും ധ്യാനത്തില്‍ പങ്കുചേരണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.