ലണ്ടന്‍: കടുത്ത വയറുവേദനയുമായി ചികിത്സ തേടിയ സ്ത്രീയുടെ വയറ്റില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് ടൊമാറ്റോ കെച്ചപ്പ് പാക്കറ്റ്. ആറ് വര്‍ഷമായി വയറുവേദനയ്ക്ക് ചികിത്സ തേടിയിരുന്ന ഇവര്‍ ക്രോണ്‍സ് രോഗത്തിന്റെ ലക്ഷണങ്ങളായിരുന്നു കാണിച്ചിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചികിത്സ ഫലിക്കാതായപ്പോള്‍ അവസാന മാര്‍ഗമെന്ന നിലയില്‍ ശസ്ത്രക്രിയ നടത്തിയപ്പോളാണ് യഥാര്‍ത്ഥ വില്ലന്‍ പുറത്തു വന്നത്. ചെറുകുടലില്‍ തറച്ചിരുന്ന പ്ലാസ്റ്റിക് പാക്കറ്റ് ആയിരുന്നു വയറുവേദനക്ക് കാരണമായത്.

കടുത്ത വയറുവേദനയും വയറ് വീര്‍ത്തു വരുന്നതുമായിരുന്നു രോഗിയുടെ അസ്വസ്ഥതകള്‍. ഇതേത്തുടര്‍ന്നാണ് താക്കോല്‍ ദ്വാര ശസ്ത്രക്രിയക്ക് ഡോക്ടര്‍മാര്‍ തയ്യാറായത്. ഇതിലൂടെ പുറത്തെടുത്തതാകട്ടെ ഹെയിന്‍സ് ബ്രാന്‍ഡ് ടൊമാറ്റോ കെച്ചപ്പിന്റെ സാഷെ പാക്കിന്റെ രണ്ട് കഷണങ്ങള്‍. ഇവ നീക്കം ചെയ്തതോടെ ഇവരുടെ അസ്വസ്ഥതകള്‍ വളരെ വേഗം തന്നെ മാറിയെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

എന്നാല്‍ ഹെയിന്‍സ് കെച്ചപ്പ് ഭക്ഷണത്തിനൊപ്പം കഴിച്ചത് എപ്പോളാണെന്ന് ഇവര്‍ക്ക് ഓര്‍മ്മയില്ല. പ്ലാസ്റ്റിക് വസ്തു വയറിനുള്ളില്‍ കുടുങ്ങുകയും അതു മൂലം ക്രോണ്‍സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യുന്ന സംഭവം ആദ്യമായാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.