ലണ്ടന്‍: കഴിഞ്ഞ 10 വര്‍ഷത്തോളമായി യുകെയില്‍ ഒഴിഞ്ഞു കിടക്കുന്നത് 11,000 ലേറെ വീടുകള്‍ എന്ന് കണക്കുകള്‍. കടുത്ത പാര്‍പ്പിട പ്രതിസന്ധി നിലനില്‍ക്കെയാണ് ഈ വിരോധാഭാസമെന്ന് കണക്കുകള്‍ പുറത്തു വിട്ടുകൊണ്ട് ലിബറല്‍ ഡെമോക്രാറ്റുകള്‍ വ്യക്തമാക്കുന്നു. 275 കൗണ്‍സിലുകളില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് പത്ത് വര്‍ഷത്തോളമായി അടഞ്ഞു കിടക്കുന്ന വീടുകള്‍ മാത്രം 11,000 എണ്ണത്തിലേറെ വരും.

രണ്ട് വര്‍ഷത്തിലേറെയായി പൂട്ടിക്കിടക്കുന്ന വീടുകള്‍ 60,000 എണ്ണവും അഞ്ച് വര്‍ഷമായി പൂട്ടിക്കിടക്കുന്നവ 23,000 എണ്ണവും വരുമെന്നാണ് വ്യക്തമാക്കപ്പെടുന്നത്. പാര്‍പ്പിട പ്രതിസന്ധി രൂക്ഷമായി നില്‍ക്കുകയും ഒട്ടേറെപ്പേര്‍ കടുത്ത ശൈത്യത്തിലും തെരവുകളില്‍ ഉറങ്ങുകയും ചെയ്യുമ്പോള്‍ ഇപ്രകാരം വീടുകള്‍ ഉപയോഗിക്കാതെ കിടക്കുന്നത് രാജ്യത്തിന് അപകീര്‍ത്തിയുണ്ടാക്കുന്നതാണെന്ന് ലിബറല്‍ ഡെമോക്രാറ്റ് നേതാവ് വിന്‍സ് കേബിള്‍ പറഞ്ഞു.

സര്‍ക്കാര്‍ രേഖകള്‍ അനുസരിച്ച് ആറു മാസമായി ഒഴിഞ്ഞു കിടക്കുന്നത് 2,00,000 വീടുകളാണ്. എന്നാല്‍ ഒഴിവു വരുന്ന പ്രോപ്പര്‍ട്ടികളേക്കുറിച്ച് ശരിയായ റിപ്പോര്‍ട്ടുകള്‍ നല്‍കപ്പെടുന്നില്ല. വെറും 13ല്‍ ഒന്ന് കൗണ്‍സിലുകള്‍ മാത്രമേ ഇത്തരത്തില്‍ ഒഴിവു വരുന്നവയുടെ ശരിയായ വിനിയോഗം നടത്തുന്നുള്ളുവെന്നും പാര്‍ട്ടി ആരോപിക്കുന്നു. ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ പിടിച്ചെടുക്കാന്‍ കൗണ്‍സിലുകള്‍ക്ക് അധികാരമുണ്ടെന്നിരിക്കെയാണ് ഇത്.