ജെഗി ജോസഫ്
പല സ്വപ്നങ്ങളും അവശേഷിപ്പിച്ചാകും പലപ്പോഴും ഒരു ജീവന്‍ നഷ്ടമാകുന്നത്. ചില ആഗ്രഹങ്ങള്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കും. ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സീറോമലബാര്‍ കാതലിക്ക് ചര്‍ച്ചിലെ വുമൺസ് ഫോറത്തിന്റെ നേതൃത്വത്തില്‍ വോക്ക് വിത്ത് ബിന്ദു എന്ന ചാരിറ്റി പ്രോഗ്രാം ഇത്തരത്തിലൊരു ആഗ്രഹ പൂര്‍ത്തീകരണമാണ്. അറുപതോളം പേര്‍ നാലു മൈല്‍ ദൂരം ഒരേ മനസോടെ നടന്നു, ബിന്ദുവിനെ അനുസ്മരിച്ചുകൊണ്ട്. കഴിഞ്ഞ വർഷം ഒപ്പമുണ്ടായിരുന്ന ഒരാള്‍… എല്ലാത്തിലും നേതൃ നിരയിലുണ്ടായ വ്യക്തി പെട്ടെന്നൊരു ദിവസം ക്യാന്‍സര്‍ തിരിച്ചറിയുകയും ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കുകയും ചെയ്താല്‍ ആ വേര്‍പാട് താങ്ങാവുന്നതിലും അപ്പുറമാണ്. അത്തരമൊരു വേര്‍പാടായിരുന്നു വുമണ്‍സ് ഫോറത്തിനെ സംബന്ധിച്ച് ബിന്ദുവിനെ നഷ്ടമായപ്പോഴുണ്ടായത്.
ഈ വര്‍ഷം ഫെബ്രുവരി 28നാണ് വുമണ്‍സ് ഫോറത്തിന്റെ കോര്‍ഡിനേറ്റർമാരില്‍ ഒരാളായിരുന്ന ബിന്ദു ലിജോ ക്യാന്‍സര്‍ ബാധിച്ചു മരിച്ചത്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സാമൂഹിക ആത്മീയ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു ബിന്ദു. ചാരിറ്റിക്ക് വേണ്ടി വുമണ്‍സ് ഫോറത്തിന് ബിന്ദു പറഞ്ഞു നല്‍കിയ ഒരു പ്ലാന്‍ ആയിരുന്നു ഈ ‘ നടത്തം’ . ഞായറാഴ്ച രാവിലെ കുര്‍ബാന കഴിഞ്ഞ് ഒരു വാക്ക് . കുറച്ച് വനിതാ അംഗങ്ങള്‍ പങ്കെടുത്ത് അന്ന് ആ പരിപാടി വിജയകരമായി പൂര്‍ത്തിയാക്കി. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി അധികം വൈകാതെ ബിന്ദുവിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചു, ചികിത്സയിലിരിക്കേ മരണവും സംഭവിച്ചു. ബിന്ദു എല്ലാവരേയും ഒരുമിപ്പിച്ച വ്യക്തിയായിരുന്നു. ജീവിതത്തിൻറെ അവസാന നിമിഷത്തില്‍ പോലും നൂറുകണക്കിന് ജപമാലയും വലിയ പ്രാര്‍ത്ഥനയായിരുന്നു ബിന്ദുവിനായി വനിതാ അംഗങ്ങള്‍ നടത്തിയത്. അത്ര പ്രിയപ്പെട്ട വ്യക്തിയായിരുന്നു ഏവര്‍ക്കും ബിന്ദു.
ഇപ്പോഴിതാ വുമണ്‍സ് ഫോറം ബിന്ദുവിന്റെ ഓര്‍മ്മയിലൂടെ ആ നടത്തം ഒരിക്കല്‍ കൂടി പൂര്‍ത്തിയാക്കി.
മാറ്റ്സൺ സെൻറ് അഗസ്‌റ്റിൻ ദേവാലയത്തിൽ നിന്ന് കോണിഹിൽ സെമിത്തേരിയിലെ ബിന്ദുവിന്റെ കുഴിമാടത്തിലേക്ക് വുമണ്‍സ് ഫോറം അംഗങ്ങളും ബിന്ദുവിനെ സ്‌നേഹിക്കുന്നവരും നടന്നു. സംഘം ബിന്ദുവിന്റെ കുഴിമാടത്തിലെത്തി പ്രാര്‍ത്ഥിച്ചു. വികാരി ഫാ ജിബിന്‍ വാമറ്റത്തിലിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ വലിയൊരു പങ്കാളിത്തവും ശ്രദ്ധേയമായി. ബില്‍ജി ലോറന്‍സ് പല്ലിശ്ശേരി, അല്‍ഫോണ്‍സ് ആന്റണി, ഷൈനി ജെഗി , എൽസ റോയ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അറുപതോളം പേര്‍ വോക്ക് വിത്ത് ബിന്ദുവില്‍ പങ്കെടുത്തു. ചാരിറ്റിക്ക് വേണ്ടി മുന്നൂറോളം പൗണ്ട് സമാഹരിക്കുകയും ചെയ്തു.
എല്ലാവര്‍ഷവും ബിന്ദുവിന്റെ ഓര്‍മ്മയ്ക്കായി ഒരു ചാരിറ്റിവാക്ക് നടത്താനും സംഘം തീരുമാനിച്ചു. എപ്പോഴെങ്കിലുമൊക്കെ ജീവിതത്തില്‍ കളം ഒഴിയേണ്ടവരാണ് നമ്മള്‍. ആ കളം ഒഴിയുമ്പോള്‍ ചില നന്മകള്‍ മറ്റുപലരിലേക്കും പകര്‍ന്നു നല്‍കും. അത്തരത്തില്‍ ബിന്ദു തന്റെ പ്രിയപ്പെട്ടവരിലേക്ക് കൈമാറിയതാണ് ഈ ചാരിറ്റി വാക്ക്. ഇനിയും ഇതു തുടരും. സമൂഹ നന്മയ്ക്കായി മറ്റുപലരും ഇത് ഏറ്റെടുക്കുമ്പോള്‍ സ്വര്‍ഗത്തിലിരുന്ന് ബിന്ദുവിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും.
വുമണ്‍സ് ഫോറത്തിന് തങ്ങളുടെ പ്രിയ സുഹൃത്തിന് മനസു കൊണ്ട് നല്‍കാനുള്ള വാക്കും ഇതാണ്… ഈ നടത്തം തുടരും ,വരും വര്‍ഷങ്ങളിലും… നീ നല്‍കിയ നന്മ അണയാതെ സൂക്ഷിക്കാന്‍ എന്നും ശ്രമിക്കും. …
19 -മത് ടീമുകളുമായി യുകെയിലെ ഏറ്റവും വലിയ വടംവലി മത്സരം ഇടുക്കി ജില്ലാ സംഗമത്തിൻ്റെയും, പിനാക്കിൾ ഫിനാൻഷ്യൽ സൊല്യൂഷൻസ് ലിമിറ്റഡിൻ്റെയും നേത്യത്തിൽ ഓഗസ്റ്റ് 20 ന് ഞായാഴ്ച നോർത്താബറ്റണിൽ. വടം വലി പ്രേമികൾക്ക് ഈ ഞായറാഴ്ച നോർത്താബറ്റണിലേക്ക് സ്വാഗതം.
യു കെയിലെ ഏറ്റവും വലിയ സ്വദേശീയ കൂട്ടായമയും, ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻ നിരയിൽ നില്ക്കുന്ന ഇടുക്കി ജില്ലാ സംഗമം യുകെയുടെ നേത്യത്തിൽ പിനാക്കിൾ ഫിനാൻഷ്യൽ സൊല്യൂഷൻസ് ലിമിറ്റഡ് നടത്തുന്ന ഓൾ യുകെ വടം വലി മത്സരത്തിന്റെ എല്ലാ വിധ ഒരുക്കങ്ങളും പൂർത്തിയായി. ഓഗസ്റ്റ് 20ന് നോർത്താബറ്റണിൻ്റെ മണ്ണിൽ നടത്തപ്പെടുന്ന ഈ വടംവലി മൽസരത്തിൽ. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കരുത്തിന്റെയും, ഒരുമയുടെയും 19 ത് ടീമുകൾ ഏറ്റ് മുട്ടുന്നൂ, യുകെയിൽ ആദ്യമായിട്ടാണ് 19 ടീമുകൾ ഒരു വടം വലി മൽത്സരത്തിൽ പങ്ക് എടുക്കുന്നത് എന്ന പ്രതേകതയും ഈ ടൂർണമെൻ്റിന് ഉണ്ട്. രജിഷ്ട്രേഷൻ രാവിലെ 8 മണിക്ക് ആരംഭിക്കുന്നതാണ്.
വാശിയും വീര്യവും നിറഞ്ഞ ഈ മത്സരത്തിൽ ഒന്നാം സമ്മാന തുകയായി ലഭിക്കുന്നത് £1101 ആണ്. രണ്ടാമത് എത്തുന്നവർക്ക് 601 പൗണ്ടും മൂന്നാം സ്ഥാനക്കാർക്ക് 451 പൗണ്ടും തുടർന്ന് എട്ടാം സ്ഥാനക്കാർക്കു വരെ വ്യത്യസ്തമായ ക്യാഷ് അവാർഡും ഒമ്പതും പത്തും സ്ഥാനത്തെത്തുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്കുന്നതാണ്.
ഈ മൽസരങ്ങൾ യൂട്യൂബ് ലൈവായി പ്രക്ഷേപണം നടത്തുന്നതും, നാടൻ രുചി കൂട്ടുമായി കേരള ഫുഡും ചിൽഡ്രൻസ് ഫൺ ഫെയർ, ബെല്ലി ഡാൻസ്, ഡിജെ കോബ്ര തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്.
എല്ലാ മലയാളികളുടെയും സ്വകാര്യ അഹങ്കാരവും, ആവേശവുമായ ഈ കരുത്തിന്റെ പോരാട്ടത്തില്‍ പങ്കാളിയാകുവാനും, കണ്ട് ആസ്വദിക്കുവാനും ഏവരെയും സ്‌നേഹത്തിന്റെയും, ഐക്യത്തിന്റെയും ഭാഷയില്‍ നോർത്താബറ്റൺ മോൾട്ടൺ കോളേജ് സ്റ്റേഡിയത്തിലേക്ക് ഇടുക്കി ജില്ലാ സംഗമം സ്വാഗതം ചെയ്യുന്നു.
Tug of War:
20 August, Sunday
Venue: Moulton College
Northampton
NN3 7RR
Contacts:
Shajan: 07445207099
Jaison : 07725352955
Babu. : 07730883823
Santo. : 07896 301430
കൈരളിയുടെ നേതൃത്വത്തിൽ അടുത്തകാലത്ത് യു.കെ യിലെ കെയർ മേഖലയിൽ വർദ്ധിച്ചു വരുന്ന പ്രശ്നങ്ങൾ ഉൾപ്പെടുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നു. ആഗസ്ത് 19 ശനിയാഴ്ച യുകെ സമയം വൈകുന്നേരം 5 മണിക്ക് ഓൺലൈൻ വഴിയാണ് ചർച്ച.
നാട്ടിൽ വളരെ അധികം ബോധവത്കരണം ആവശ്യമുള്ള ഒരു വിഷയം ആയതുകൊണ്ട് നിങ്ങളുടെ മാധ്യമ സ്ഥാപനത്തിൽ നിന്നും ഇവിടുത്തെ പ്രശ്നങ്ങൾ കേൾക്കുവാനും ജനങ്ങളിലേക്ക് എത്തിക്കുവാനും പങ്കെടുക്കുമല്ലോ
Time: Saturday, Aug 19, 2023 – 05:00 PM (UK), 09:00 PM (India)
Join Zoom Meeting: https://us02web.zoom.us/j/86056333845…
Meeting ID: 860 5633 3845
Passcode: Kairali
More details here: https://fb.me/e/2OZbLQJod
സ്വന്തം ലേഖകൻ
നോർത്താംപ്ടൺ : സമീക്ഷ യുകെയും ഗ്ലോബൽ പ്രീമിയർ ലീഗും ചേർന്നൊരുക്കുന്ന ക്രിക്കറ്റ് മാമാങ്കം ആഗസ്ത് 20ന് നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ്ബിൽ . നോർത്താംപ്ടണിലെ പ്രമുഖ മലയാളി റെസ്റ്റോറന്റായ കേരള ഹട്ട് ഒരുക്കുന്ന സ്വാദിഷ്‌ഠമായ ഫ്രീ ഫുഡ് ഫെസ്റ്റിവൽ ആസ്വദിക്കുവാനും , വാശിയേറിയ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെന്റിൽ പങ്കെടുക്കുവാനായി യുകെ മലയാളികൾ ഒരുങ്ങി കഴിഞ്ഞു . വേറിട്ട ആശയങ്ങൾ നടപ്പിലാക്കി പരിചയ സമ്പന്നരായ നോർത്താംപ്ടണിലെ മലയാളികൾ ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗ് എന്ന പുതിയ ആശയം നടപ്പിലാക്കുന്നു. യുകെയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള എട്ടോളം പ്രമുഖ ക്രിക്കറ്റ് ടീമുകൾ ജി പി ഐൽ ക്രിക്കറ്റ് മാമാങ്കത്തിനായി രെജിസ്റ്റർ ചെയ്തു കഴിഞ്ഞു.
യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഗ്ലോബൽ വേദികളിൽ ക്രിക്കറ്റ് കളിക്കുവാനുള്ള പുതിയൊരു അവസരമായി ഈ ക്രിക്കറ്റ് മാമാങ്കം മാറുകയാണ്. വരും വർഷങ്ങളിൽ 10 രാജ്യങ്ങളിൽ GPL എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതിന്റെ തുടക്കമാണ് ഓഗസ്റ്റ് 20 ന് യുകെയിൽ ആരംഭിക്കുന്നത്. ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത് എം ഐസ് ധോണിയും , സഞ്ജു സാംസണും , ബേസിൽ തമ്പിയും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും ,ടെക് ബാങ്കുമാണ്.
യുകെ മലയാളികൾക്കിടയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെയുമായി ചേർന്നാണ് ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചിരിക്കുന്നത്. നോർത്താംപ്ടണിൽ നടക്കുന്ന ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിലേയ്ക്ക് എല്ലാ ക്രിക്കറ്റ് പ്രേമികളെയും , സുഹൃത്തുക്കളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സമീക്ഷ യുകെയുടെ പ്രതിനിധികൾ അറിയിച്ചു.
നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ്ബിലാണ് ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് വേദി ഒരുക്കിയിരിക്കുന്നത്. വിജയികളായ നാല് ടീമുകൾക്ക് സമ്മാനങ്ങൾ നൽകുന്നുണ്ട് . ഒന്നാം സമ്മാനമായി 1500 പൗണ്ടും , രണ്ടാം സമ്മാനമായി 750 പൗണ്ടും , മൂന്നാം സമ്മാനമായി 250 പൗണ്ടും , നാലാം സമ്മാനമായി 250 പൗണ്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മലയാളികളുടെ ഇഷ്‌ട ക്രിക്കറ്റ് താരങ്ങളായ ബേസിൽ തമ്പിയും , വിഷ്ണു വിനോദും , സച്ചിൻ ബേബിയും ഇതിനോടകം ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് ആശംസകളുമായി എത്തി കഴിഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഡബ്‌ളിന്‍ : അക്കൗണ്ടുകളിൽ പണം ഇല്ലെങ്കിലും പണം ലഭിക്കും! ഇത് മുതലാക്കാൻ ആയിരങ്ങൾ എടിഎമ്മുകളിന്റെ മുന്നിൽ തടിച്ചുകൂടി. ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഐ ടി സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് ഈ സംഭവം അരങ്ങേറിയത്. ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് ഓഫ് അയര്‍ലന്‍ഡ് അക്കൗണ്ടുകളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പണം മറ്റ് എക്സ്റ്റേണല്‍ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ് ഫര്‍ ചെയ്യാനും പിന്നീട് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനും കഴിഞ്ഞതായി ബാങ്കും സ്ഥിരീകരിച്ചു.സീറോ ബാലന്‍സ് ഉണ്ടായിരുന്നവര്‍ക്കും പണം ട്രാന്‍സ് ഫര്‍ ചെയ്യാനായി. ഇതോടെ ബാങ്കിന്റെ പ്രവർത്തനങ്ങൾ ഉൾപ്പെടെ ഭാഗികമായി തടസപ്പെട്ടു. എന്നാൽ പ്രശ്നം പരിഹരിച്ചതായി അധികൃതർ വ്യക്തമാക്കി.
ഇന്നലെ വൈകിട്ട് മുതല്‍ നടത്തിയ മിക്ക ഇടപാടുകളും ബാങ്കിന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ല. ഇടപാടുകാര്‍ അവരുടെ അക്കൗണ്ടില്‍ ഉള്ളതിനേക്കാള്‍ പണം പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ അത് തിരികെ നല്‍കേണ്ടിവരുമെന്ന് ബാങ്ക് ഉപഭോക്താക്കളെ ഓര്‍മ്മിപ്പിച്ചു. ഓണ്‍ലൈന്‍ ബാങ്കിംഗ് പോര്‍ട്ടലായ 365 ഓണ്‍ലൈനിലെയും മൊബൈല്‍ ബാങ്കിംഗ് ആപ്പിലെയും സേവനങ്ങൾ തടസ്സപ്പെട്ടു.
അക്കൗണ്ടിൽ പണമില്ലെങ്കിലും , അഞ്ഞൂറ് യൂറോ വരെ പിന്‍വലിക്കാനായുള്ള സൗകര്യം ഉണ്ടെന്ന വാര്‍ത്ത ഇന്നലെ വൈകുന്നേരത്തോടെയാണ് പുറത്തുവന്നത്. ഇതോടെ എ ടി എമ്മുകള്‍ക്ക് മുമ്പില്‍ നീണ്ട ക്യൂ രൂപപ്പെട്ടു. ഇതോടൊപ്പം അക്കൗണ്ടിൽ പണമില്ലെങ്കിലും റവലൂട്ട് അക്കൗണ്ടിലേയ്ക്ക് പണം ട്രാന്‍സ് ഫര്‍ ചെയ്യാനാവുമെന്ന വാര്‍ത്തയും വ്യാപകമായി പ്രചരിച്ചു. ഇപ്രകാരം ട്രാന്‍സ് ഫര്‍ ചെയ്യുന്ന പണം രാജ്യത്തെ ഏത് എ ടി എമ്മുകളില്‍ നിന്നും പിന്‍വലിക്കാമെന്ന സ്ഥിതിയായതോടെ ഡബ്ലിന്‍, ലിമെറിക്ക്, ഡന്‍ഡല്‍ക്ക് അടക്കം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ എടിഎമ്മുകളില്‍ വലിയ ക്യൂ പ്രത്യക്ഷപ്പെടുകയായിരുന്നു. പലയിടത്തും ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാൻ ഗാർഡിനെ നിയോഗിക്കേണ്ടി വന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : റഷ്യൻ ചാരന്മാരെന്ന് സംശയിക്കുന്ന മൂന്ന് പേരെ യുകെയിൽ അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തിയതായി റിപ്പോർട്ട്. നോർഫോക്ക് ഗ്രേറ്റ് യാർമൗത്തിലെ ഓർലിൻ റൂസെവ് (45), ഹാരോയിൽ നിന്നുള്ള ബിസർ ധംബസോവ് (41), കാട്രിൻ ഇവാനോവ (31) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരിയിൽ കസ്റ്റഡിയിലെടുത്ത മൂവരും ഇപ്പോഴും അവിടെ തുടരുകയാണ്. കൈവശമുള്ള തിരിച്ചറിയൽ രേഖകൾ വ്യാജമാണ്. ഇവർ റഷ്യൻ സെക്യൂരിറ്റി സർവീസിന് വേണ്ടിയാണ് ജോലി ചെയ്തിരുന്നത്. യുകെ, ബൾഗേറിയ, ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ, ക്രൊയേഷ്യ, സ്ലോവേനിയ, ഗ്രീസ്, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ, തിരിച്ചറിയൽ രേഖകൾ തുടങ്ങിയവ ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു. ഒഫീഷ്യൽ സീക്രട്ട് ആക്ട് പ്രകാരം ഫെബ്രുവരിയിൽ അറസ്റ്റിലായ അഞ്ചു പേരിൽ ഈ മൂന്ന് പേർക്കെതിരെ ഫെബ്രുവരിയിൽ ഐഡന്റിറ്റി ഡോക്യുമെന്റ് ആക്ട് പ്രകാരം കുറ്റം ചുമത്തി.
മെട്രോപൊളിറ്റൻ പോലീസിൽ നിന്നുള്ള തീവ്രവാദ വിരുദ്ധ ഡിറ്റക്ടീവുകളാണ് ഇവരെ പിടികൂടിയത്. വൈകാതെ തന്നെ മൂവരെയും ഓൾഡ് ബെയ്‌ലി കോടതിയിൽ ഹാജരാക്കും. മൂവരും വർഷങ്ങളായി യുകെയിൽ താമസിച്ച് വിവിധ ജോലികൾ ചെയ്യുന്നു. റൂസെവിന് റഷ്യയിലെ ബിസിനസ്സ് ഇടപാടുകളുടെ ചരിത്രമുണ്ട്. ബൾഗേറിയൻ ഊർജ മന്ത്രാലയത്തിന്റെ ഉപദേശകനായി പ്രവർത്തിച്ചിരുന്നതായും പറയുന്നു.
ധംബസോവും ഇവാനോവയും ദമ്പതികളാണെന്ന് പറയപ്പെടുന്നു. മൂന്ന് പ്രതികളുടെയും വിചാരണ ജനുവരിയിൽ ലണ്ടനിലെ ഓൾഡ് ബെയ്‌ലി കോടതിയിൽ നടക്കും. പൊലീസ് ഇതുവരെയും കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
ലണ്ടൻ : ഏറ്റവും ആവേശം നിറയ്ക്കുന്ന ഒഐസിസി യുകെയുടെ സ്വതന്ത്ര ദിനാഘോഷം വിവിധ നേതാക്കന്മാരുടെ സനിധ്യത്തിൽ ആഹോഷ പൂർവ്വം കൊണ്ടാടി , ഇന്ത്യയിൽ നിന്നെത്തിയ മുൻ മന്ത്രിമാരും , യുകെയിലെ വിവിധ മേഖലയിൽ നിന്നെത്തിയ ഒഐസിസി നേതാക്കന്മാരും , ഒഐസിസി പ്രവർത്തകരും ഒരേ സ്വരത്തിൽ ഭാരത് മാതാവിന് ജയ് വിളിച്ചപ്പോൾ കണ്ടു നിന്നവർക്ക് പോലും ആവേശം അടക്കാനായില്ല , ഒഐസിസി യുകെ , നാഷണൽ പ്രസിഡന്റ് ശ്രീ കെ കെ മോഹൻ ദാസിന്റെ നേതൃത്വത്തിൽ ലണ്ടൻ പാർലമെന്റ് സ്ക്യയറിൽ നടന്ന സ്വാതന്ത്ര ദിനാ ആഘോഷം ആൾ ബലം കൊണ്ടും നേതൃത്വ പാടവം കൊണ്ടും ശ്രദ്ദേയമായി , ഇത്രയും ആളുകൾ പങ്കെടുക്കുമെന്ന് ഒരിക്കലും കരുതിയല്ലന്ന് പരിപാടിയുടെ കോഡിനേറ്റർ കൂടിയായ ഒഐസി സെകട്ടറി ശ്രീ അപ്പാ ഗഫുർ പറഞ്ഞു .
രാവിലെ 11 മണിയോടുകൂടി ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഒഐസിസി നേതാക്കൻമാരും അണികളും പുഷ്പാർച്ചന നടത്തിയാണ് സ്വതന്ത്ര ദിന ആഘോഷങ്ങൾക്ക് തുടക്കമിട്ടത്, ശ്രീ, സുരേഷ് കുമാറിൻ്റെ നേതൃത്വത്തിൽ ആലപിച്ച വന്ദേമാതര ഗാനം എത്തിച്ചേർന്നവരിൽ ദേശിയ ആവേശം ഉണർത്തുന്നതായിരുന്നു നൂറുകണക്കിന് പ്രവർത്തകരും നാട്ടിൽ നിന്നും എത്തിയ നേതാക്കളും പങ്കെടുത്ത സ്വാതന്ത്യദിനാഘോഷ പരിപാടി ലണ്ടനിൽ ഉള്ള ഇന്ത്യക്കാരുടെ ദേശ സ്നേഹം വിളിച്ചോതുന്നതായിരുന്നു.
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പിടിയില്‍ നിന്ന് കരകയറാന്‍ നമ്മുടെ പൂര്‍വ്വികര്‍ നേരിട്ട ത്യാഗങ്ങളുടെയും പ്രതിബന്ധങ്ങളുടെയും ഓര്‍മ്മപ്പെടുത്തലാണ് ഈ ദിനമെന്നും , എന്നാൽ കേന്ദ്ര സർക്കാർ ഇപ്പോഴും മതത്തിന്റെ പേരിലും , ഭക്ഷണത്തിന്റെ പേരിലും ഇന്ത്യൻ ജനങ്ങളെ അടിമകളാക്കനാണ് ശ്രമിക്കുന്നതെന്ന് , ഒഐസിസി യുകെ , നാഷണൽ ജനറൽ സെക്കട്ടറി ശ്രീ ബേബികുട്ടി ജോർജ് തന്റെ സ്വഗത പ്രസംഗത്തിൽ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യ 2023 ഓഗസ്റ്റ് 15ന് 77 -ാം സ്വാതന്ത്ര ദിനം ആഘോഷിക്കുമ്പോൾ മണിപ്പുരിലും , ഹരിയാനയിലും ഉള്ള ജങ്ങൾക്ക് എന്ത് സ്വാതന്ത്രമാണ് ഉള്ളതെന്ന് ഇന്ത്യ ഭരിക്കുന്ന സർക്കാർ പറയണമെന്ന് ഒഐസിസി യുകെ നാഷണൽ പ്രസിഡന്റ് ശ്രീ കെ കെ മോഹൻദാസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ ചോദിച്ചു .
സ്വാതന്ത്ര്യം കിട്ടിയ സ്വാതന്ത്യമല്ലാത്ത മണിപ്പൂർ കത്തുന്നതിലൂടെ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയേപ്പറ്റിയും മോദി സർക്കാരിൻ്റെ ഭീകര വാഴച്ചയേപ്പിറ്റിയും ശ്രീ കെ കെ മോഹൻദാസ് അപലപിച്ചു, തുടർന്ന് മുൻ നേപ്പാൾ മന്ത്രി ഹരിപ്രസാദ് പാണ്ടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളും മുൻ സദക്ക് മേയറും കൗൺസിലറുമായ സുനിൽ ചോപ്രയും , മുൻ ലവ്ടോൺ മേയർ ശ്രീ ഫിലിപ്പ് ഏബ്രഹാമും ആശംസ പ്രസംഗം നടത്തി.
സ്വാതന്ത്ര ദിന ആഘോഷങ്ങൾക്ക് വിശിഷ്ട അഥിതികളായി എത്തിയത് മുൻ മന്ത്രി , ഹരിപ്രസാദ് പാണ്ഡേ , പശുമതി ഭണ്ഡാരി എന്നിവരും ആശംസ പ്രസംഗങ്ങൾ നടത്തി , മുൻ മന്ത്രി ,ഹരി പ്രസാദ് പാണ്ഡേ ദേശിയ പതാക നാഷണൽ പ്രസിഡന്റ് ശ്രീ കെ കെ മോഹൻ ദാസിന് കൈമാറി , ഗാന്ധി പ്രതിമക്ക് മുന്നിൽ ഒഐസിസി യുകെ നാഷണൽ വൈസ് പ്രസിഡന്റ് ഡോക്ടർ ജോഷി ജോസ് സ്വാതന്ത്ര ദിനത്തിന്റെ പ്രത്യേക പ്രതിജ്ഞ വാജകം അണികൾക്ക് ചൊല്ലിക്കൊടുത്തു , തുടന്ന് ഒഐസിസി നാഷണൽ കമ്മറ്റി അംഗം സണ്ണി ലൂക്കോസ് മണിപ്പൂരിൽ നടക്കുന്ന നരഹത്യക്കും അനാശാസപ്രവർത്തനങ്ങൾക്കും ദേവാലയങ്ങൾക്കെതിരെ നടക്കുന്ന ഭീകര പ്രവർത്തനങ്ങൾക്കും എതിരെ ഒഐസിസി യുകെ എടുത്ത നിലപാടുകൾ ഉൾപ്പെടുന്നതും മണിപ്പുർ ജനങ്ങൾക്ക് നീതി ലഭിക്കണം എന്ന് ആവശ്യപെടുന്നതുമായ പ്രമേയം അവതരിപ്പിച്ചു .
പിന്നീട് ഒഐസിസി യുകെയുടെ മുതിർന്ന നേതാക്കന്മാരായ ശ്രീ സുനിൽ ചോപ്ര , ഒഐസിസി യുകെ സെക്കട്ടറി ശ്രീ അപ്പാ ഗഫുർ , ശ്രീ, റോണി ജേക്കബ്ബ്, സാജു മണക്കുഴി, ജയൻ റാൻ, സുരേഷ് കുമാർ , ശ്രീ മണികണ്ഠൻ ,ഒഐസിസി സർറേ റീജൻ എക്സികുട്ടിവ് ശ്രീ അഷറഫ് അബ്‌ദുല്ല , സർറേ റീജൻ മീഡിയ കോഡിനേറ്റർ ശ്രീ തോമസ് ഫിലിപ്പ്, സെക്രട്ടറി, സാബു ജോർജ്ജ് , ഷാംജിത്ത് എന്നിവർ സ്വാതന്ത്ര ദിന ആശംസകൾ നേർന്നു കൊണ്ട് പ്രസംഗിച്ചു ,തുടർന്ന് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്കെത്തിയവർക്ക് എലിഫെന്റ്റ് ആൻഡ് കസിൽ റീജൻ പ്രസിടന്റ്റ് ശ്രീ രാജൻ പടിയിൽ നന്ദി പറഞ്ഞു.തുടർന്ന് ദേശീയ ഗാനാ ആലാപനത്തോടെ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികൾ സമാപിച്ചു.
റോമി കുര്യാക്കോസ്
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നാളെ ലണ്ടനിൽ വെച്ച് സംഘടിപ്പിക്കുന്ന ‘ഓ സി ഒരോർമ്മ’ അനുസ്മരണ യോഗത്തിലും,’സമകാലീന ഭാരതം’ സെമിനാറിലും ചീഫ് ജസ്റ്റിസ് (Retd ) ജേക്കബ് ബെഞ്ചമിൻ കോശി മുഖ്യാതിഥിയായി പങ്കുചേരും. ഭാരതത്തിന്റെ സമകാലിക വിഷയങ്ങളെ ആസ്പദമാക്കി തൻറെ പഠനത്തിലും, പ്രവർത്തന പരിചയത്തിലും, അനുഭവങ്ങളിലും കണ്ടും തൊട്ടുമറിഞ്ഞ അറിവുകളും അഭിപ്രായങ്ങളും ജസ്റ്റിസ് ജെ ബി കോശി പങ്കുവെക്കും. കേരളം കണ്ട എക്കാലത്തെയും ജനപ്രിയനായകനായ അന്തരിച്ച ഉമ്മൻ ചാണ്ടിയുമായുള്ള തന്റെ ഔദ്യോഗികവും വ്യക്തിപരവുമായ ഓർമ്മകൾ ‘ഓ സി ഒരോർമ്മ’ യിൽ പങ്കിടുന്നതുമാണ്.
ജസ്റ്റിസ് ജെ.ബി.കോശി ഇന്ത്യൻ ഡയസ്‌പോറയുമായുള്ള സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തും. വിവിധ സാമൂഹ്യ സാംസ്കാരിക സാമുദായിക പ്രതിനിധികൾ പങ്കെടുത്തു സംസാരിക്കും.
ഐഒസി നാഷണൽ പ്രസിഡണ്ട് കമൽ ദലിവാൽ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കും. യോഗത്തിൽ മുഖ്യാതിഥിയായി എത്തിച്ചേരുന്ന ജസ്റ്റിസ് ജെ ബി കോശിയെ ഐഒസി ദേശീയ വൈസ് പ്രസിഡണ്ട് ഗുർമിന്ദർ രന്തവാ സദസ്സിനു പരിചയപ്പെടുത്തുകയും ആദരിക്കുകയും ചെയ്യും.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മീഡിയ സെൽ ചെയറും, പ്രഭാഷകനുമായ ഫാ. ടോമി എടാട്ട്, സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി വികാരി ഫാ.നിതിൻ പ്രസാദ് കോശി, മുൻ മേയർ, കൗൺസിലർ ഫിലിപ്പ് എബ്രഹാം, ഗമ്പാ വേണുഗോപാൽ, സുധാകർ ഗൗഡ്, എൻ വി എൽദോ( YMCA ), വിദ്യാർത്ഥി പ്രതിനിധി എഫ്രേം സാം, ഇമാം ഹഖ്, സ്റ്റീഫൻ റോയ്, ജോസ് ചക്കാലക്കൽ (WELKOM ), അൽക്ക ആർ തമ്പി തുടങ്ങിയവർ സംസാരിക്കും.
ജസ്റ്റിസ് ജെ ബി കോശി, കേരള മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാൻ തുടങ്ങി വിവിധ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.
ഉമ്മൻ ചാണ്ടി അനുസ്മരണത്തിലും, ജസ്റ്റിസ് ജെ ബി കോശിയുമായുള്ള സംവാദത്തിലും പങ്കു ചേരുവാൻ ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നതായി ഐഒസി ക്കുവേണ്ടി പ്രോഗ്രാം കോർഡിനേറ്റർ അജിത് മുതയിൽ അറിയിച്ചു.
ആഗസ്റ്റ് 16 ബുധനാഴ്ച,നാളെ വൈകുന്നേരം 5:00 മണിക്കു ആരംഭിക്കുന്ന യോഗനടപടികൾ ഏഴരയോടെ സമാപിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ടിക്ടോക്ക് വഴി ലണ്ടനിൽ കലാപാഹ്വാനം നടത്തുകയും ഓക്സ്ഫോർഡ് സ്ട്രീറ്റിൽ യുവാക്കൾ അക്രമാസക്തരാവുകയും ചെയ്ത സംഭവത്തിൽ ശക്തമായ മുന്നറിയിപ്പുമായി പൊലീസ്. അപകടകരമായ സോഷ്യൽ മീഡിയ ട്രെൻഡുകളിൽ കുട്ടികൾ വീഴുന്നത് തടയാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അസോസിയേഷൻ ഓഫ് പൊലീസ് ആൻഡ് ക്രൈം കമ്മീഷനേഴ്സിന്റെ പുതിയ അധ്യക്ഷ ഡോണ ജോൺസ് മുന്നറിയിപ്പ് നൽകി. ക്രിമിനൽ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുന്ന സോഷ്യൽ മീഡിയ ട്രെൻഡുകളിൽ കുട്ടികൾ ഉൾപ്പെടുന്നത് തടയാൻ മാതാപിതാക്കൾ അവരോട് സംസാരിക്കണമെന്ന് ഡോണ കൂട്ടിച്ചേർത്തു. യുവാക്കൾ കുറ്റവാളികൾക്കൊപ്പം ചേർന്നാൽ മജിസ്ട്രേറ്റ് കോടതികൾ പിഴ ഈടാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റിലെ മൈക്രോസോഫ്റ്റ് സ്റ്റോറിനു മുന്‍പില്‍ വടികളുമായി എത്തിയ യുവാക്കളെ പോലീസ് തല്ലി ഓടിക്കുന്ന ദൃശ്യം കഴിഞ്ഞാഴ്ച പുറത്തുവന്നിരുന്നു. ജെ ഡി സ്‌പോര്‍ട്ട്‌സും മറ്റ് ചില സ്റ്റോറുകളും കൊള്ളയടിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഒരു പോസ്റ്റ് വിവിധ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ പല കടകളും താത്ക്കാലികമായി അടച്ചിടേണ്ടി വന്നു. സമൂഹ മാധ്യമങ്ങള്‍ തീര്‍ക്കുന്ന തലവേദന എന്ന് ഈ സംഭവത്തെ വിശേഷിപ്പിച്ച ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
സാമൂഹ്യ വിരുദ്ധ പ്രവൃത്തികള്‍ ശക്തമായി നേരിടുമെന്നും അത്തരത്തിൽ ഉള്ളവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും പൊലീസ് പറഞ്ഞു. പോലീസുകാരെ ആക്രമിച്ചു, കൊള്ളയടിക്കാനും മോഷണത്തിനും ശ്രമിച്ചു എന്നതുള്‍പ്പടെ കുറ്റങ്ങള്‍ ചുമത്തി ഒന്‍പത് പേരെ മെട്രോപോളിറ്റന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. “ഇത്തരത്തിൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കുട്ടികൾ അറസ്റ്റിൽ ആയാൽ അതവരുടെ ഭാവിയെ ബാധിക്കും. അതിനാൽ കുട്ടികൾ എന്താണ് ചെയ്യുന്നതെന്ന് മാതാപിതാക്കൾ മനസിലാക്കണം. അവരോട് സംസാരിക്കണം.” ഡോണ ജോൺസ് വ്യക്തമാക്കി.