UK

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

മടമ്പം: മടമ്പം ലൂർദ് ഫൊറോനാപള്ളി ഇടവകാംഗമായ മുല്ലൂർ എം. പി. ജോയി (75) നിര്യാതനായി. സംസ്കാരം പിന്നീട് . ഭാര്യ: കൊട്ടൂർ വയൽ പൂവത്തുംമൂട്ടിൽ കുടുംബാംഗം ചിന്നമ്മ ജോയി, മക്കൾ : മനേഷ് ഫിലിപ്പ് (യുകെ), മിനി അഭിലാഷ് (യുകെ), സിമി റോബിൻ (ഓസ്ട്രേലിയ, നിമി ഷൈജു (യുകെ). മരുമക്കൾ : ബെറ്റി മനേഷ് (യുകെ), അഭിലാഷ് നന്ദിക്കാട് (യുകെ), റോബിൻ മാവേലി പുത്തൻപുരയിൽ (ഓസ്ട്രേലിയ), ഷൈജു ഓരത്ത് (യുകെ ) . സഹോദരങ്ങൾ: ചാണ്ടി, ഫാ. ജേക്കബ് മുല്ലൂർ, അബ്രഹാം, മേരി, ആനിയമ്മ (യുകെ), സാലി (തിരുവനന്തപുരം).

മിനി അഭിലാഷിന്റെ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ഭാര്യയെ വധിക്കാൻ ശ്രമിച്ച യുകെ മലയാളിക്ക് ഇരുപത് മാസം തടവ് വിധിച്ച് കോടതി. ഡോണി വര്‍ഗീസ് എന്ന 37കാരനാണ് ഭാര്യയെ രണ്ടു തവണ കൊല്ലാന്‍ ശ്രമം നടത്തിയത്. രണ്ട് പ്രാവശ്യമാണ് ഭാര്യക്ക് നേരെ ഡോണി വധശ്രമം നടത്തിയത്. ഡോണിയുമായുള്ള ദാമ്പത്യ പ്രശ്‌നങ്ങളും തര്‍ക്കങ്ങളും സഹിക്കാന്‍ കഴിയുന്നതിന് അപ്പുറമായപ്പോള്‍ സഹോദരനുമായി വിവാഹമോചനത്തെ കുറിച്ച് വീഡിയോ കോളില്‍ സംസാരിക്കവേയാണ് ആദ്യ ശ്രമം നടന്നത്. ഇതു കേട്ടു വന്ന ഡോണി ‘നീ കണ്ടോ നിന്റെ സഹോദരിയെ ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നത്’ എന്ന് അതേ വീഡിയോ കോളില്‍ സഹോദരനോട് പറഞ്ഞു കൊണ്ടായിരുന്നു കൊലപാതക ശ്രമം.

പത്തു വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ ഡോണിയ്ക്കും ഭാര്യയ്ക്കും രണ്ടു മക്കളും ഉണ്ട്. എന്നാല്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ മുറുകിയതോടെ രണ്ടു ദിവസങ്ങളിലായാണ് കൊലപാതക ശ്രമം നടത്തിയത്. മെയ് 14ന് നടന്ന ഒരു സംഭവത്തില്‍ ഡോണി ഒരു കുപ്പിയെടുത്ത് ഭാര്യയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. അന്ന് വീടിന്റെ പുറകു വശം വഴി ഓടി രക്ഷപ്പെടുകയും ഒളിച്ചു നിന്നുമാണ് ജീവന്‍ കാത്തത്. അതിനു തൊട്ടു തലേദിവസം മെയ് 13ന്, ഭാര്യയ്ക്ക് സുഹൃത്തുക്കള്‍ ഉള്ളത് ഇഷ്ടപ്പെടാത്തതിനെ ചൊല്ലി നടന്ന വാഗ്വാദത്തിനൊടുവില്‍ ഒരു കടയില്‍ വച്ചാണ് ഇയാള്‍ ഭാര്യയെ ആക്രമിച്ചത്.

തലേദിവസം ഫ്‌ളാറ്റിലുള്ളവരുമായി ഭാര്യ സംസാരിക്കുന്നത് കണ്ട ഡോണി ഇക്കാര്യം ചോദിക്കുകയും കടയിലേക്ക് പോകുവാന്‍ ഇറങ്ങിയപ്പോള്‍ മുതല്‍ തര്‍ക്കിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഷോപ്പില്‍ വച്ച് ആക്രമിക്കാന്‍ ശ്രമം നടത്തിയത്. തുടര്‍ന്ന് വീട്ടിലെത്തിയ ഭാര്യ തൊട്ടടുത്ത ദിവസം വിവാഹമോചനത്തെ കുറിച്ച് കുടുംബാംഗങ്ങളോട് സൂചിപ്പിക്കവേ വീണ്ടും കൊലപാതക ശ്രമം അരങ്ങേറുകയായിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ പ്രശ്‌നങ്ങളും ആക്രമണവും എല്ലാം ഏറെ ഭയത്തോടെ സഹോദരനോട് തുറന്നു പറയവേ അതു കേട്ടു മുറിയിലേക്ക് കടന്നു വരികയായിരുന്നു ഡോണി.

സൂം വീഡിയോ കോളില്‍ വീട്ടുകാര്‍ എല്ലാം കണ്ടു നില്‍ക്കവേയാണ് ഡോണി പിന്നില്‍ നിന്ന് വരികയും ഭാര്യയെ കൊല്ലാന്‍ ഒരുങ്ങുകയും ചെയ്തത്. തുടര്‍ന്ന് ‘നീ കണ്ടോ നിന്റെ സഹോദരിയെ ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നത്’ എന്ന് പറഞ്ഞു കൊണ്ട് ഭാര്യയുടെ അടിച്ചു വീഴ്ത്ത് ദേഹത്ത് കയറിയിരുന്ന് വീണ്ടും വീണ്ടും മുഖത്ത് അടിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ആയിരുന്നു. താന്‍ മരിക്കാന്‍ പോവുകയാണെന്നായിരുന്നു അപ്പോള്‍ ഡോണിയുടെ ഭാര്യ വിചാരിച്ചിരുന്നത്. അതേ സമയം ഇതെല്ലാം വീഡിയോ കോളില്‍ കണ്ട് ഒന്നും ചെയ്യാന്‍ കഴിയാതെ നിലവിളിക്കുകയായിരുന്നു സഹോദരന്‍.

അയാളില്‍ നിന്നും വീടിനു പുറത്തേക്ക് രക്ഷപ്പെട്ടോടിയ ഭാര്യ ഒളിച്ചു നില്‍ക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയും ആയിരുന്നു. തുടര്‍ന്ന് പൊലീസ് ഡോണിയെ അറസ്റ്റ് ചെയ്തു. എന്നാല്‍ പൊലീസ് ചോദ്യം ചെയ്യലില്‍ ഭാര്യയെ കുറ്റപ്പെടുത്തി സംസാരിച്ച ഡോണിയെ വീഡിയോ കോളിലെ ദൃശ്യങ്ങള്‍ തെളിവായി കാണിച്ചപ്പോള്‍ അയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാല്‍ കോടതിയില്‍ രണ്ടു മക്കളെ ഓര്‍ത്തും ഏതെങ്കിലും ഒരു നിമിഷം സംഭവിച്ച തെറ്റിദ്ധാരണ മൂലവും ഭര്‍ത്താവ് ചെയ്ത കുറ്റം ക്ഷമിക്കുവാന്‍ താന്‍ തയ്യാറാണെന്നു ഭാര്യ കോടതിയെ അറിയിക്കുകയും ചെയ്തു.

എങ്കിലും ഭാര്യയുടെ നിലപാട് കണക്കിലെടുക്കുമ്പോഴും അയാള്‍ ചെയ്ത കുറ്റങ്ങള്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്നാണ് കോടതി വ്യക്തമാക്കിയത്. ആദ്യം ഭാര്യയെ കുറ്റക്കാരിയാക്കാനായിരുന്നു ഡോണി നിലപാട് എടുത്തത്. അതുകൊണ്ടു തന്നെ ഇനിയും ഇയാള്‍ ഗാര്‍ഹിക പീഡനങ്ങളില്‍ ഏര്‍പ്പെടാനുള്ള ഉയര്‍ന്ന സാധ്യതയുണ്ടെന്ന് പ്രോബേഷന്‍ സര്‍വ്വീസ് കണ്ടെത്തി. ആ റിപ്പോര്‍ട്ട് വളരെയധികം ആശങ്കയുളവാക്കുന്നതാണെന്ന് കോടതി വിലയിരുത്തി.

താന്‍ ചെയ്ത കുറ്റത്തില്‍ പശ്ചാത്താപം ഉണ്ടെന്നും മതവിശ്വാസത്തിലൂടെ തനിക്ക് മാറ്റം വന്നുവെന്നും മാത്രമല്ല, ഭാര്യയെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് തനിക്ക് മനസിലായെന്നും ഡോണി കോടതിയെ അറിയിച്ചു. ടാക്‌സി ഡ്രൈവറാകും മുമ്പ് ഒരു ബിസിനസ് കോഴ്‌സ് പഠിച്ച ഡോണിയുടെ തൊഴില്‍ വൈദഗ്ധ്യവും കോടതി വിലയിരുത്തി. തുടര്‍ന്ന് 20 മാസത്തെ തടവാണ് ജഡ്ജി വിധിച്ചത്.

ലണ്ടൻ: യുകെ മലയാളികൾക്ക് അവിസ്മരണീയമായ സംഗീത വിരുന്ന് സമ്മാനിച്ച യൂറോപ്പിലെ തന്നെ ഏറ്റവും പ്രശസ്തമായ നൃത്ത സംഗീത പരിപാടികളിൽ ഒന്നായ മഴവിൽ സംഗീതത്തിന്റെ ദശ വാർഷികാഘോഷവും നൃത്ത സംഗീതരാവും ജൂൺ 10 ശനിയാഴ്ച 3 പി എം മുതൽ ബോൺമൗത്തിലെ ബാറിംഗ്‌ടൺ തീയേറ്ററിൽ അരങ്ങേറുന്നു. ഇക്കഴിഞ്ഞ 10 വർഷവും മികച്ച സംഗീത-നൃത്ത ഹാസ്യ കലാപരിപാടികളുടെ ആഘോഷരാവ് ഒരുക്കിയിട്ടുള്ള മഴവിൽ സംഗീത സായാഹ്നത്തിൽ ഇത്തവണ യുകെയിലെ ഏറ്റവും പ്രശസ്തരായ നിരവധി ഗായകരും വാദ്യ കലാകാരന്മാരും നർത്തകരും കലാപ്രതിഭകളുമെല്ലാം വേദിയിൽ എത്തുമ്പോൾ യുകെയിൽ ഇന്നുവരെ ദർശിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കലാവിരുന്നായി മാറ്റുവാനുള്ള തയ്യാറെടുപ്പുകൾ ആണ് അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നത് .

യുകെയിലെ നിരവധി അതുല്യരായ നൃത്ത സംഗീത പ്രതിഭകൾക്ക് വളരുവാനുള്ള അവസരം ഒരുക്കിയിട്ടുള്ള മഴവിൽ സംഗീതത്തിന് തുടക്കം കുറിച്ചത് 2012 ലാണ്. അനുഗ്രഹീത കലാപ്രതിഭകളും ഗായകരുമായ അനീഷ് ജോർജും പത്നി ടെസ്സ ജോർജുമാണ് മഴവിൽ സംഗീതത്തിന്റെ ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ പ്രവർത്തിച്ചു വരുന്നത്. ഇക്കഴിഞ്ഞ 10 വർഷങ്ങളിൽ നടത്തിയ മികവാർന്ന പരിപാടികൾ കൊണ്ട് മലയാളി സമൂഹത്തിന്റെ സംഗീത വഴികളിലെ ജീവതാളമായി മാറിയ മഴവിൽ സംഗീതത്തിന്റെ ദശ  വാർഷികാഘോഷത്തിന്റെ ഭാഗമായി മാറുവാൻ എത്തിയ നൂറിലധികം പ്രതിഭകളിൽ നിന്നും തെരഞ്ഞെടുത്ത 40ലധികം സംഗീത പ്രതിഭകളാണ് ഇത്തവണ നാദ വിസ്മയം തീർക്കുവാൻ എത്തുന്നത് .

യുകെയിലെ പ്രശസ്തമായ സന്തോഷ് നമ്പ്യാർ നയിക്കുന്ന വോക്സ് അഞ്ചേല മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടും എൽഇഡി സ്ക്രീനിന്റെ മികവിലുമാണ് അനുഗ്രഹീതരായ ഗായകർ ഗാനങ്ങൾ ആലപിക്കുന്നത്. അതോടൊപ്പം തന്നെ വൈവിധ്യമാർന്ന കലാപരിപാടികളും നയന മനോഹരങ്ങളായ നൃത്തരൂപങ്ങളും കലാപ്രകടനങ്ങളുമെല്ലാം ഒത്തുചേരുമ്പോൾ യുകെ മലയാളികളുടെ ഓർമ്മയിൽ എന്നും തങ്ങി നിൽക്കുന്ന കലാസായാഹ്നത്തിനാണ് മഴവിൽ സംഗീതത്തിന്റെ പത്താം വാർഷികാഘോഷം സാക്ഷ്യം വഹിക്കുവാൻ പോകുന്നത്.

ഇന്ത്യൻ ചലച്ചിത്ര മേഖലകളിലെ സംഗീത സാമ്രാട്ടുകളായ എസ് പി ബാലസുബ്രഹ്മണ്യം, ലതാമങ്കേഷ്കർ,ശ്രാവൻ റാത്തോട് -എന്നിവർക്ക് സംഗീതാർച്ചന അർപ്പിക്കുവാനും ആദരവ് നൽകുവാനുമായി അവരുടെ പ്രശസ്ത ഗാനങ്ങളും വേദിയിൽ ആലപിക്കും.

യുകെയിലെ കലാസാംസ്കാരിക സാമൂഹ്യ സംഘടന മേഖലകളിൽ പ്രവർത്തിക്കുന്ന അറിയപ്പെടുന്ന പ്രമുഖ വ്യക്തികളും മഴവിൽ സംഗീതത്തിന്റെ പത്താം വാർഷികാഘോഷത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കുവാനായി എത്തിച്ചേരുന്നുണ്ട്.

അനീഷ് ജോർജ്ജ്, ഡാന്റോ പോൾ, സുനിൽ രവീന്ദ്രൻ, ടെസ്സ ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കമ്മറ്റി എണ്ണയിട്ട യന്ത്രം പോലെയാണ് മഴവിൽ സംഗീതത്തിന്റെ പത്താം വാർഷികാഘോഷത്തിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചുവരുന്നത്.

ഏഴഴകിലുള്ള വർണ്ണക്കൂട്ടുകൾ ചാലിച്ച മഴവിൽ സംഗീത സായാഹ്നത്തിൽ പങ്കെടുത്ത് വിജയിപ്പിക്കുന്നതിനായി യുകെയിലെ എല്ലാ കലാസ്വാദകരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

വേദിയുടെ വിലാസം:
Barrington Theatre, Penny’s walk,
Ferndown, Bournmouth, BH22 9TH

കൂടുതൽ വിവരങ്ങൾക്ക്:
Aneesh George: 07915 061105
Danto Paul: 07551 192309
Sunil Raveendran:07427105530.

കുടിയേറ്റം എന്നും ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ഒരു കീറാമുട്ടിയാണ്. യുകെ രാഷ്ട്രീയത്തിൽ ഒരു പ്രധാന വിഷയമാണ്. ജയപരാജയങ്ങൾ തീരുമാനിക്കുന്നതിൽ ഒരു പ്രധാന പങ്ക് ഇതിനുണ്ടുതാനും. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തുവരുന്ന വരുന്ന വാർത്തകൾ അനുസരിച്ചു മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് അത്ര ആശാവഹമല്ല എന്ന് പറയാതെ വയ്യ.

പതിനായിരത്തിലേക്ക് കുടിയേറ്റം കുറയ്ക്കും എന്ന വാക്ക് പറഞ്ഞാണ് കഴിഞ്ഞ തവണ തീവ്ര വലതുപക്ഷക്കാർ വോട്ട് പിടിച്ചത്. എന്നാൽ കോവിഡ്  പോലുള്ള മഹാമാരിയിൽ പലതും മാറിമറിഞ്ഞു. യുകെ യൂറോപ്പ്യൻ യൂണിയൻ വിട്ടെങ്കിലും കുടിയേറ്റം ചരിത്രത്തിലെ ഏറ്റവും വലിയ സൂചിക കാണിച്ചപ്പോൾ അത് കുറക്കാൻ തന്നെ ഉള്ള നിയമ ഭേദഗതിക്കാണ് യുകെ ഇപ്പോൾ മുൻകൈ എടുക്കുന്നത് എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

കുടിയേറ്റ നിയമങ്ങളില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാനാണ് ഋഷി സുനക് സര്‍ക്കാര്‍ ആലോചിക്കുന്നത്.  ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതിനുള്ള ആദ്യ പടിയായ ഇന്‍ഡഫനിറ്റ് ലീവ് ടു റെമെയ്ന്‍ (ഐ എല്‍ ആര്‍) ലഭിക്കുന്നതിനുള്ള കാലാവധി നീട്ടുന്ന കാര്യമാണ് ഇപ്പോള്‍ ഹോം ഓഫീസ് അധികൃതരുടെ  പരിഗണനയിൽ ഉള്ളത്. മറ്റു രാജ്യങ്ങളുടെ ചുവട് പിടിച്ച്, ഐ എല്‍ ആര്‍ ലഭിക്കുന്നതിന് യു കെ യില്‍ തുടര്‍ച്ചയായി താമസിക്കേണ്ട സമയ കാലാവധി അഞ്ചു വര്‍ഷം എന്നതില്‍ നിന്നും എട്ടുവര്‍ഷമായി ഉയർത്തുക എന്ന കുറുക്കു വഴിയാണ് ഇപ്പോൾ നോക്കുന്നത്. അതുമാത്രമല്ല, ഐ എല്‍ ആര്‍ അല്ലെങ്കിൽ പി ആർ ലഭിക്കണമെങ്കില്‍ ഒരു വ്യക്തി ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും യു കെയില്‍ ജോലി ചെയ്തതായോ സ്‌കൂള്‍ പഠനം നടത്തിയതായും  തെളിയിക്കണം.

അതിനു പുറമെ അപേക്ഷിക്കുന്നതിന് മുന്‍പുള്ള പത്ത് വർഷത്തെ കാലയളവിൽ  ക്രിമിനല്‍ കുറ്റങ്ങള്‍ ഒന്നും തന്നെ ചെയ്തിട്ടില്ല എന്ന് തെളിയിക്കണം. നിലവില്‍ 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബ്രിട്ടീഷ് ജീവിതത്തെ കുറിച്ചുള്ള അറിവ് പരിശോധിക്കുന്നതിനുള്ള പരീക്ഷയില്‍ നിന്നുള്ള ഇളവും ഇല്ലാതെയാക്കും.

കുടിയേറ്റ നയങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുക എന്നത് തന്റെ പ്രഖ്യാപിത നയങ്ങളില്‍ പ്രഥമ പരിഗണന എന്ന്  പ്രധാന മന്ത്രി ഋഷി സുനക് പറഞ്ഞതിനു ചുവടുപിടിച്ചാണ് ഇപ്പോൾ വരുത്തുന്ന ഭേദഗതികൾ.  കുടിയേറ്റം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാഷ്ട്രത്തലവന്മാരുടെ ഒരു ചര്‍ച്ചയും ഋഷി സുനക് മുന്‍കൈ എടുത്ത് സംഘടിപ്പിച്ചിരുന്നു. മാത്രമല്ല, അടുത്ത തെരെഞ്ഞെടുപ്പിന്’ മുന്‍പായി നടത്തുമെന്ന് പ്രഖ്യാപിച്ച അഞ്ച് കാര്യങ്ങളില്‍ ഒന്നാണ് ചാനല്‍ വഴിയുള്ള അനധികൃത അഭയാര്‍ത്ഥി പ്രവാഹം തടയും എന്നത്. ഇതിനായി ഫ്രാൻസുമായി ഒരു കരാർ തന്നെ യുകെ ഇതിനകം ഉണ്ടാക്കിയിട്ടുണ്ട്. നല്ലൊരു തുകയും ഇതിനായി യുകെ സർക്കാർ ഫ്രാൻസിന് കൈമാറി കഴിഞ്ഞു.

ബ്രിട്ടീഷ് പൗരത്വം എന്നത് ഒരു അവകാശമല്ലെന്നും മറിച്ച് ഒരു വിശിഷ്ട പദവിയാണെന്നുമായിരുന്നു ഹോം ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വ്യക്തമാക്കിയത്‌. അത് ലഭിച്ചിട്ടുള്ളവർ രാജ്യത്തിനായി നിരവധി സംഭാവനകള്‍ നല്‍കിയവരാണെന്നും ഹോം ഓഫീസ് പറയുകയുണ്ടായി. യു കെയിലുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് യു കെ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കാന്‍ സര്‍ കീര്‍ സ്റ്റാര്‍മര്‍ ആലോചിക്കുന്നു വാർത്തക്കുള്ള മറുപടി എന്ന നിലക്കാണ് വ്ക്താവിന്റെ മറുപടി എന്നാണ് ഡെയിലി മെയിൽ ഉൾപ്പെടെയുള്ള ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

കുടിയേറ്റ നിയമങ്ങളിൽ മാറ്റം വന്നാൽ ഉണ്ടാകുന്ന നഷ്ട്ടം മലയാളികൾക്കാണ്. കാരണം നഴ്സുമാരായി യുകെയിൽ എത്തിയവർ കൂടുതൽ കാലം കാത്തിരിക്കേണ്ടിവരും എന്ന് സാരം. എന്നാൽ ഇത്രയയധികം നഴ്‌സ് ക്ഷാമം  അനുഭവിക്കുന്ന ആരോഗ്യ മേഖലയെ ഒഴിവാക്കുമോ എന്നുള്ള കാര്യം കാത്തിരുന്ന് കാണേണ്ടിവരും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: കോവിഡ് സമയത്ത് റദ്ദാക്കിയ വിമാനങ്ങൾ റീഫണ്ട് നൽകുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് ബ്രിട്ടീഷ് എയർവേയ്‌സിന് യുഎസ് സർക്കാർ 1.1 മില്യൺ ഡോളർ പിഴ ചുമത്തി. രാജ്യത്തേക്കും പുറത്തേക്കും അടിയന്തിരമായി സർവീസ് നിർത്തിയ വിമാനങ്ങളിലെ യാത്രക്കാർക്ക് സമയബന്ധിതമായി ടിക്കറ്റ് തുക റീഫണ്ട്‌ ചെയ്തില്ലെന്ന് ആരോപിച്ചാണ് നടപടി. എയർലൈനിനെക്കുറിച്ച് 1,200 ലധികം പരാതികൾ ലഭിച്ചെന്നും, പല ഘട്ടങ്ങളിലും യാത്രികരായ ആളുകളെ വലയ്ക്കുന്ന നടപടി ഉണ്ടായിട്ടുണ്ടെന്നും അധികൃതർ പറയുന്നു.

ഭാരിച്ച തുകയാണ് പലപ്പോഴും വിമാന കമ്പനികൾ ഈടാക്കുന്നത്. അതിനിടയിലാണ് ഇത്തരത്തിലെ നടപടികൾ. ഈ കാലയളവിൽ നിരവധി മാസങ്ങളോളം ഉപഭോക്താക്കൾക്ക് കസ്റ്റമർ കെയർ അധികൃതരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. ടിക്കറ്റ് റീഫണ്ടിനെ കുറിച്ച് സംസാരിക്കാൻ ശ്രമിക്കുമ്പോൾ മോശമായ സമീപനമാണ് ഇവരിൽ നിന്ന് ഉണ്ടാകുന്നത് എന്നും യാത്രികർ പറഞ്ഞു. ഔദ്യോഗിക വെബ്സൈറ്റ് മുഖേന റീഫണ്ട് അപേക്ഷ സമർപ്പിക്കാൻ മറ്റെല്ലാ ഇടങ്ങളിലും അവസരം ഉണ്ട്. എന്നാൽ ബ്രിട്ടീഷ് എയർവേസിൽ നിഷേധാത്മകമായ സമീപനം ആയിരുന്നു സ്വീകരിച്ചിരുന്നതെന്നും ആളുകൾ കുറ്റപ്പെടുത്തി.

1200 ലധികം പരാതികൾ നിലവിൽ ഇതിന്മേൽ വന്നിട്ടുണ്ട്. എന്നാൽ യാതൊരു വിധ അനുകൂല സമീപനവും അധികൃതരുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായിട്ടില്ല. യു എസ് ഗവണ്മെന്റ് പിഴ ചുമത്തിയത് വലിയൊരു കൂട്ടം യാത്രക്കാർക്ക് ഇപ്പോൾ പ്രതീക്ഷ നൽകിയിരിക്കുകയാണ്. അധികം വൈകാതെ തന്നെ റീഫണ്ട് നടക്കുമെന്നും, ടിക്കറ്റ് തുക നഷ്ടമാകില്ലെന്നും ഉള്ള പ്രതീക്ഷയാണ് യാത്രക്കാർ പങ്കുവയ്ക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യു കെ :- സ്തനാർബുദത്തിന് ശേഷമുള്ള തന്റെ ബ്രെസ്റ്റ് റീകൺസ്ട്രക്ഷൻ സർജറി ഈ വർഷം തന്നെ മൂന്ന് തവണ മാറ്റിവെക്കപ്പെട്ടുവെന്നും അതിനാൽ തന്നെ സമൂഹത്തിൽ നിന്നും ഒഴിവാക്കപ്പെട്ട തോന്നലാണ് തനിക്കുള്ളതെന്നും അമ്പത്തിയേഴുകാരിയായ കാരെൻ റോജർസ് വെളിപ്പെടുത്തിയിരിക്കുകയാണ്. മോൺമൗത്ത്‌ഷെയറിലെ മഗോറിൽ നിന്നുള്ള റോജേഴ്‌സിന് സ്തനാർബുദം മൂലം ആറ് വർഷം മുമ്പ് മാസ്റ്റെക്‌ടമി അഥവാ സ്തനങ്ങൾ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ അതിനു ശേഷം നടത്തുന്ന ബ്രെസ്റ്റ് റീകൺസ്ട്രക്ഷൻ സർജറിയാണ് ഇപ്പോൾ നിരവധി തവണയായി മാറ്റിവയ്ക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇതു മൂലം താൻ ധരിക്കുന്ന വസ്ത്രം മുതൽ ആളുകളെ ആലിംഗനം ചെയ്യുന്ന രീതി വരെ ബാധിക്കപ്പെടുന്നുണ്ടെന്ന് അവർ പറഞ്ഞു. ചില ക്യാൻസർ സേവനങ്ങൾ ആളുകൾക്ക് ലഭ്യമാകുവാൻ കൂടുതൽ സമയമെടുക്കുന്നതായി വെൽഷ് സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. സർജറിയിലൂടെ തനിക്ക് ലഭ്യമാകുന്നത് ഒരിക്കലും സ്വാഭാവികമായ സ്തനങ്ങളാവില്ലെന്ന് തനിക്ക് തന്നെ ബോധ്യമുണ്ടെങ്കിലും, സാധാരണ സ്ഥിതിയിലും രൂപത്തിലും തന്നെ കാണാൻ ആഗ്രഹമുള്ളതിനാലാണ് ഈയൊരു സർജറിക്ക് വേണ്ടി താൻ ആഗ്രഹിക്കുന്നതെന്നും കാരെൻ വ്യക്തമാക്കി.

2023 ൽ മൂന്നുതവണ മാറ്റിവയ്ക്കപ്പെടുന്നതിന് മുൻപായി തന്നെ റോജേഴ്സിന്റെ ശസ്ത്രക്രിയ പലതവണ വൈകിയിരിക്കുകയാണ്. 2016 ഡിസംബറിൽ റോജേഴ്സിന്‍റെ ഇടത് സ്തനത്തിലെ മാസ്റ്റെക്ടമിക്ക് ശേഷം, റീ കൺസ്ട്രക്ഷൻ സർജറി ക്യാൻസർ ചികിത്സ അവസാനിക്കുന്നത് വരെ മാറ്റിവയ്ക്കപ്പെട്ടു. അതിനുശേഷം റോജേഴ്സിന്‍റെ വയറ്റിൽ ഉണ്ടായ ഒരു വളർച്ച നീക്കുന്നതിനായി സർജറി ആവശ്യമായി വരികയും അതിൽ നിന്ന് സുഖപ്പെട്ടു വന്നപ്പോൾ തന്നെ കോവിഡ് കാലം ആരംഭിക്കുകയും ചെയ്തു. ഡീപ് ഇൻഫീരിയർ എപ്പിഗാസ്‌ട്രിക് പെർഫൊറേറ്റർ എന്നറിയപ്പെടുന്ന ഈ ശസ്ത്രക്രിയ വെൽഷ് ഹെൽത്ത് ബോർഡിൽ – സ്വാൻസീ ബേയിൽ മാത്രമാണ് നടത്തുന്നത്. പുതിയ സ്തനങ്ങൾ സൃഷ്ടിക്കാൻ വയറ്റിൽ നിന്ന് ചർമ്മം എടുത്താണ് ഈ ശസ്ത്രക്രിയ നടത്തപ്പെടുന്നത്. കോവിഡ് മൂലം മാറ്റിവയ്ക്കപ്പെട്ട ശസ്ത്രക്രിയകൾ കഴിഞ്ഞ വർഷമാണ് വീണ്ടും പുനരാരംഭിച്ചത്. എന്നാൽ നേഴ്‌സുമാരുടെ സമരം, റോജേഴ്‌സിന്റെ വെളുത്ത രക്താണുക്കളുടെ എണ്ണത്തെക്കുറിച്ചുള്ള ആശങ്കകൾ, മറ്റൊരു രോഗിക്ക് ഉടനടി ആവശ്യമായി വന്നത് എന്നിവയെല്ലാം തന്നെ കൂടുതൽ കാത്തിരിപ്പിന് കാരണമായി.

ചികിത്സയ്ക്കായുള്ള നീണ്ട കാത്തിരിപ്പുകൾ എത്രത്തോളം ബുദ്ധിമുട്ടാണെന്ന് തങ്ങൾ മനസ്സിലാക്കുന്നതായും പ്രത്യേകിച്ച് സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുവാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും വെൽഷ് ഗവൺമെന്റ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും കൂടുതൽ ഇടപെടലുകൾ ഉണ്ടാകുമെന്നാണ് രോഗികൾ പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യു കെ :- യുകെയിൽ സ്ഥിരതാമസം ആക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരു മലയാളിയുടെയും ആഗ്രഹമാണ് സ്വന്തമായി ഒരു ഭവനം വാങ്ങുകയെന്നത്. എന്നാൽ പലപ്പോഴും വർദ്ധിച്ച ചിലവുകൾ മൂലം തങ്ങളുടെ ശമ്പളം കൊണ്ട് മാത്രം ഇതിന് പലർക്കും സാധിക്കാതെ വരുന്നു. അതിനാൽ തന്നെ നാട്ടിലുള്ള തങ്ങളുടെ വസ്തുവകകളും, വീടും മറ്റും വിറ്റ പണം യുകെയിലേക്ക് ട്രാൻസ് ഫർ ചെയ്ത് ഡിപ്പോസിറ്റ് ചെയ്താണ് പലപ്പോഴും ഭൂരിഭാഗം മലയാളികളും തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നത്. എന്നാൽ ഇനി മുതൽ അത്തരം വഴികളും പ്രതിസന്ധിയിൽ ആകും എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഫെബ്രുവരി ഒന്നിന് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച ബഡ് ജറ്റിൽ ഇത്തരത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് അയക്കുന്ന പണത്തിനുള്ള നികുതി നിലവിലെ അഞ്ച് ശതമാനത്തിൽ നിന്നും 20% ആയി വർദ്ധിപ്പിക്കുവാനുള്ള തീരുമാനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യ ഗവൺമെന്റിന്റെ ഈ തീരുമാനം യുകെയിൽ ഒരു വീട് വാങ്ങാമെന്ന് സ്വപ് നം കണ്ടിരിക്കുന്ന മലയാളികളുടെ പ്രതീക്ഷകൾക്കുമേൽ ഒരു തിരിച്ചടിയാണ്. പാർലമെന്റിൽ ഈ ബഡ് ജറ്റ് പാസാക്കപ്പെടുമ്പോൾ ജൂലൈ ഒന്നു മുതൽ ഈ തീരുമാനം പൂർണ്ണമായും നടപ്പിലാക്കപ്പെടും. നിലവിലുള്ള നിയമപ്രകാരം ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുന്ന തുക 8500 ഡോളറിൽ കൂടുതൽ ആയാൽ മാത്രം അഞ്ച് ശതമാനം നികുതി ചുമത്താമെന്നതാണ്. എന്നാൽ പലപ്പോഴും ഭൂരിഭാഗം ബാങ്കുകളും ചെറിയ തുകകൾ ട്രാൻസ് ഫർ ചെയ്യുമ്പോൾ പോലും 5% നികുതി ഈടാക്കുന്നുണ്ട്. അതിനാൽ തന്നെ പുതിയ വർദ്ധനവ് ചെറിയ തുകകൾക്കും മേലും ഈടാക്കപ്പെടുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

വിദ്യാഭ്യാസത്തിനും മെഡിക്കൽ ചിലവുകൾക്കും മറ്റുമായി അയക്കപ്പെടുന്ന തുകകൾ മാത്രമാണ് ഇത്തരം നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടുന്നത്. നികുതി വെട്ടിപ്പ് നടത്തുന്നവരെ തടയിടുവാനാണ് ഇത്തരം ഒരു നീക്കം എങ്കിലും ഇത് സാധാരണക്കാരെ കൂടുതൽ ബാധിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ സാമ്പത്തിക നീക്കം മലയാളികളുടെ പ്രതീക്ഷകൾക്കു മേൽ തിരിച്ചടിയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ബോൾട്ടനിൽ താമസിക്കുന്ന ഡോ. വർഗീസ് ചിറയ്ക്കൽ (80) നിര്യാതനായി.

ഡോ. വർഗീസ് ചിറയ്ക്കലിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ലണ്ടൻ: മറുനാടൻ മലയാളിയുടെ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയെ കുറിച്ച് പലവിധ വാർത്തകളാണ് പുറത്ത് വരുന്നത്. ഓൺലൈൻ മാധ്യമ രംഗത്തെ മര്യാദയുടെ സീമകൾ എല്ലാം കടന്നുള്ള വാർത്താ ശൈലിയാണ് മറുനാടൻ മിക്കപ്പോഴും മുൻപോട്ട് വയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഈ കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് ഉള്ളിൽ തന്നെ നിരവധി കേസുകൾ മറുനാടൻ മലയാളിക്ക് എതിരെ ചുമത്തിയിരുന്നു. പ്രമുഖ വ്യവസായി എം എ യൂസഫലിയ്‌ക്കെതിരെ അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിച്ചതിനെതിരെ ലക്നൗ ഹൈക്കോടതി ഷാജനെതിരെ നിലപാട് എടുത്തിരുന്നു. കോടതി നിർദ്ദേശത്തെ തുടർന്ന് മറുനാടൻ നിരവധി വാർത്തകൾ നീക്കം ചെയ്തിരുന്നു .

ലണ്ടൻ ഗാറ്റ് വിക്ക് എയർപോർട്ടിൽ വെച്ച് ഷാജനെ  ഒരാൾ കയ്യേറ്റം ചെയ്തതായിട്ടുള്ള വാർത്ത സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരം നേടിയിരുന്നു. എന്നാൽ ഷാജൻ സ്‌കറിയ തന്റെ ഓൺലൈൻ പോർട്ടലിൽ കൂടി അവകാശപ്പെട്ടത് ഈ വിവാദത്തിൽ മറുഭാഗത്തുള്ള പ്രമുഖ യുകെ മലയാളിയും സിനിമാ നിർമ്മാതാവുമായ  രാജേഷ് കൃഷ്ണയെ ഷാജൻ കയ്യേറ്റം
ചെയ്‌തെന്നാണ് . ഇതിന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജേഷ് കൃഷ്ണ വിശദീകരണം നൽകിയിരിക്കുകയാണ് ഇപ്പോൾ.

എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത (more…)

സിപിഐഎം അന്താരാഷ്ട്ര ഘടകമായ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (എഐസി) , ലണ്ടനിലെ സൗത്താളിൽ പാർട്ടി കേരള സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ എംവി ഗോവിന്ദൻ മാസ്റ്റർക്ക് സ്വീകരണം നൽകി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്ത വൻ ജനാവലിയെ ഗോവിന്ദൻ മാസ്റ്റർ അഭിസംബോധന ചെയ്തു സംസാരിച്ചു.

എഐസിയും ബഹുജന കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (ഐ ഡബ്ല്യു എ) , കൈരളി യുകെ , പ്രോഗ്രസ്സിവ് റൈറ്റേഴ്‌സ് അസോസിയേഷൻ , എസ്.എഫ്.ഐ സംഘടനകൾ ചേർന്നാണ് കേരള വികസനവും പ്രവാസി സമൂഹവും എന്ന വിഷയത്തിൽ സെമിനാറും പൊതു സമ്മേളനവും സംഘടിപ്പിച്ചത്.

കേരളത്തിന്റെ വികസനത്തിന്റെ നാൾവഴികളെക്കുറിച്ചും ഇന്ത്യയിലെ പൊതുസംഭവവികാസങ്ങളും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വേറിട്ട് കേരളത്തിന്റെ മുന്നേറ്റവും ഗോവിന്ദൻമാസ്റ്റർ തന്റെ പ്രഭാഷണത്തിൽ വിശദീകരിച്ചു. കേരളവികസനത്തിൽ പ്രവാസിസമൂഹത്തിന്റെ പങ്കു വളരെ വലുതാണെന്നും കേരളത്തിന്റെ വികസനത്തിനും നവകേരളനിർമ്മിതിയ്ക്കും യുകെയിലെ പ്രവാസിസമൂഹം തുടർന്നും അണിചേരണമെന്നു അദ്ദേഹം അഭ്യർത്ഥിച്ചു.

എഐസി സെക്രട്ടറി ഹർസെവ് ബെയ്‌ൻസ്‌ , ബ്രിട്ടീഷ് എംപി യും ലേബർ പാർട്ടി നേതാവുമായ വിരേന്ദർ ശർമ്മ , ഐ ഡബ്ല്യു എ(ജിബി) സെക്രട്ടറി ലിയോസ് പോൾ , കൈരളി സെക്രട്ടറി കുര്യൻ ജേക്കബ് , മലയാളം മിഷൻനെ പ്രതിനിധീകരിച്ചു മുരളി വെട്ടത്ത് , എസ്എഫ്ഐ യുകെ പ്രസിഡന്റ് ശ്വേത , പ്രവാസി കേരളാ കോൺഗ്രസ്സ് നേതാവ് ജിജോ അരയത്ത് തുടങ്ങിയവർ സംസാരിച്ച ചടങ്ങിൽ കൈരളി പ്രസിഡന്റ് പ്രിയ രാജൻ സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ എഐസിയുടെ ഉപഹാരം പ്രീത്‌ ബെയിൻസ്‌ ഗോവിന്ദൻ മാസ്റ്റർക്ക്‌ കൈമാറി. എസ്എഫ്ഐ യുകെ എക്സിക്യൂട്ടീവ്‌ കമ്മറ്റി അംഗം രഞ്ജിത്ത്‌ രാജൻ കോംപയറിങ്ങും, എഐസി എക്സിക്യൂട്ടീവ്‌ കമ്മറ്റി അംഗം ആഷിക്ക്‌ മുഹമ്മദ്‌ നാസർ പ്രഭാഷണത്തിന്റെ സംഗ്രഹവും അവതരിപ്പിച്ചു.

വിവിധ വിഷയങ്ങൾ ആസ്പദമാക്കി പ്രവാസിസംഘടനകൾ നൽകിയ നിവേദനങ്ങൾ ഗോവിന്ദൻ മാസ്റ്റർ സ്വീകരിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്ക്‌ സുജ ജോസഫ് നന്ദി പ്രകാശിപ്പിച്ചു .

Copyright © . All rights reserved