UK

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

നയപരമായ ഒരു തീരുമാനത്തിലൂടെ ഇനിമുതൽ സാധാരണ രോഗത്തിനായി മരുന്നുകൾ ലഭിക്കാൻ ജിപിയെ കാണേണ്ടതില്ല. ഇതിന്റെ ഭാഗമായി ആൻറിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള ചില സാധാരണ മരുന്നുകൾക്കായുള്ള പരിശോധനകൾക്കായി രോഗികൾക്ക് ഇനിമുതൽ ഹൈ സ്ട്രീറ്റ് ഫാർമസികളുടെ സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കും. ഇംഗ്ലണ്ടിലെ ഈ പുതിയ പദ്ധതി പ്രകാരം ജിപിയെ കാണാതെ തന്നെ ആളുകൾക്ക് കൂടുതൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാകും.


ഈ പുതിയ പദ്ധതി പ്രകാരം അടുത്ത രണ്ട് വർഷത്തിനുള്ളിൽ 15 മില്യൺ ജി പി അപ്പോയിന്മെന്റ് കുറയ്ക്കാൻ സാധിക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. എന്നാൽ ഫാർമസികൾ ഈ അധികമായി വരുന്ന സമ്മർദ്ദത്തെ എങ്ങനെ നേരിടും എന്ന കാര്യത്തിൽ ഈ മേഖലയിലുള്ളവർ കടുത്ത ആശങ്കയിലാണ്. സർക്കാർ സാമ്പത്തിക സഹായം , ജീവനക്കാരുടെ കുറവ്, പ്രവർത്തന ചിലവ് കൂടിയത് മുതലായവ ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 2015 – ന് അപേക്ഷിച്ച് ഈ മേഖലയിലുള്ള ഫാർമിസ്റ്റുകളുടെ എണ്ണം അപര്യാപ്തമാണെന്ന അഭിപ്രായവും ശക്തമാണ്. സർക്കാരിൻറെ ഭാഗത്തുനിന്നും മതിയായ സഹായമില്ലെങ്കിൽ കൂടുതൽ പ്രാദേശിക ഫാർമസികൾ അടച്ചുപൂട്ടലിന്റെ ഭീഷണിയിലാണെന്നാണ് ഈ രംഗത്തുള്ളവർ മുന്നറിയിപ്പ് നൽകുന്നത്.

അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്താനും ഫാർമസികൾക്ക് 645 മില്യൻ പൗണ്ട് ലഭ്യമാക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് അമാൻഡ പ്രിച്ചാർഡ് പറഞ്ഞു. അടുത്ത ഒരു വർഷത്തിനുള്ളിൽ 10 പേരിൽ 9 പേർക്കും അവരുടെ ജി പി യെ വിളിക്കേണ്ടതായി വരികയില്ല എന്നാണ് പുതിയ പദ്ധതിയെക്കുറിച്ചുള്ള എൻഎച്ച് എസിന്റെ വിശകലനം. ചെവിവേദന, തൊണ്ടവേദന , സൈനസൈറ്റിസ്, തൊലി പുറമേയുള്ള അണുബാധ (ഇംപെറ്റിഗോ), വൈറൽ ഫീവർ , ചെറു പ്രാണികളുടെ കടി കൊണ്ടുള്ള പ്രശ്നങ്ങൾ, യൂറിനറി ഇൻഫക്ഷൻ എന്നീ 7 രോഗങ്ങൾക്കാണ് മരുന്നുകൾ നിർദ്ദേശിക്കാൻ ഫാർമ ഫാർമസികൾക്ക് അനുവാദം കൊടുത്തിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിൽ ആദ്യമായി മൂന്ന് പേരുടെ ഡിഎൻഎ ഉപയോഗിച്ച് ഒരു കുഞ്ഞ് ജനിച്ചതായി സ്ഥിരീകരിച്ച് ഫെർട്ടിലിറ്റി റെഗുലേറ്റർ. കുട്ടിയുടെ ഡിഎൻഎയുടെ ഭൂരിഭാഗവും മാതാപിതാക്കളിൽ നിന്നും ഏകദേശം 0.1% ദാതാവായ സ്ത്രീയിൽ നിന്നും ആണ്. പുതിയ രീതി മൈറ്റോകോണ്ട്രിയൽ രോഗങ്ങളുമായി കുട്ടികൾ ജനിക്കുന്നത് തടയാനുള്ള ശ്രമമാണ്. ഈ രീതിയിൽ അഞ്ചു കുഞ്ഞുങ്ങൾ ജനിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ഒന്നുംതന്നെ പുറത്തുവിട്ടിട്ടില്ല.

മൈറ്റോകോണ്ട്രിയൽ രോഗങ്ങൾ ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്തതാണ്. ഈ രോഗങ്ങൾ ഉള്ള കുട്ടികൾ ജനിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മൈറ്റോകോണ്ട്രിയൽ രോഗങ്ങൾ മൂലം ചില കുടുംബങ്ങൾക്ക് ഒന്നിലധികം കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരക്കാരുടെ ആരോഗ്യമുള്ള കുട്ടി എന്ന ആഗ്രഹം സഫലമാകാനുള്ള വഴിയാണ് പുതിയതായി കണ്ടെത്തിയ രീതി.

ഭക്ഷണത്തെ ഉപയോഗയോഗ്യമായ ഊർജ്ജമാക്കി മാറ്റുന്ന ശരീരത്തിലെ മിക്കവാറും എല്ലാ കോശങ്ങളിലുമുള്ള ചെറിയ അറകളാണ് മൈറ്റോകോൺ‌ഡ്രിയ. വികലമായ മൈറ്റോകോണ്ട്രിയ ശരീരത്തിന് ഊർജ്ജം നൽകുന്നതിൽ പരാജയപ്പെടുകയും മസ്തിഷ്ക ക്ഷതം, പേശി ക്ഷയം, ഹൃദയസ്തംഭനം, അന്ധത എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. ഇവ അമ്മയിലൂടെ മാത്രമാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ IVF-ന്റെ പരിഷ്‌ക്കരിച്ച രൂപമാണ് മൈറ്റോകോൺ‌ഡ്രിയൽ ദാന ചികിത്സ. ദാതാവിന്റെ ഡിഎൻഎ ഫലപ്രദമായ മൈറ്റോകോൺ‌ഡ്രിയ നിർമ്മിക്കുന്നതിന് മാത്രമേ പ്രസക്തമാകൂ. കുട്ടിയുടെ രൂപം പോലുള്ള സ്വഭാവങ്ങളെ ഇത് സ്വാധീനിക്കില്ല. 2016ൽ യുഎസിൽ ചികിത്സയിലായിരുന്ന ജോർദാനിയൻ കുടുംബത്തിലാണ് ഈ രീതിയിലൂടെ ആദ്യമായി കുഞ്ഞ് ജനിച്ചത്.

സ്വന്തം ലേഖകൻ
കൊച്ചി : മെയ് ഏഴിന് താനൂരിൽ നടന്ന ബോട്ടപകടത്തിൽ ” മരണപ്പെട്ടവർക്ക് ” ആദരാഞ്ജലികൾ എന്ന് എഴുതുന്നത് ആ മനുഷ്യരോട് കാണിക്കുന്ന അവഹേളനം ആന്നെന്നും… അവരെ കൊന്നതാണെന്നും…. ഇതു ഇന്സ്ടിട്യൂഷണൽ മർഡറാണെന്നും.. മുഖം രക്ഷിക്കാൻ ബോട്ട് ഉടമയ്ക്കെതിരെ കേസെടുത്തതുകൊണ്ടായില്ല..
സമയാസമയങ്ങളിൽ കൃത്യമായ പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥരുടെ വീഴ്ചക്കും നടപടി വേണമെന്നും..  ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ സെക്ഷൻ 304 ൽ വരുന്ന മനപ്പൂർവമല്ലാത്ത നരഹത്യയാണിതെന്നും കേരള ആം ആദ്മി പാർട്ടി പ്രസിഡന്റ് അഡ്വ വിനോദ് മാത്യു വിൽസൻ മരണം നടന്ന അന്ന് തന്നെ അഭിപ്രായപ്പെട്ടിരുന്നു…
കേരള ആം ആദ്മി പാർട്ടി പ്രസിഡന്റ് അഡ്വ വിനോദ് മാത്യു വിൽസന്റെ അഭിപ്രായങ്ങൾ പൂർണ്ണമായി ശരിവയ്ക്കുന്ന നിലപാടാണ്‌ ഇന്ന് കേരള ഹൈക്കോടതിയും സ്വീകരിച്ചിരിക്കുന്നത് . ഞങ്ങളുടെ ഹൃദയത്തിൽ രക്തം പൊടിയുന്നുവെന്നും , സംഭവത്തിൽ മേയ് 12നകം വിശദമായ റിപ്പോർട്ട് നൽകണമെന്നും ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം ബോട്ടപകടത്തിൽ കേരള ഹൈക്കോടതി ഇന്ന് സ്വമേധയാ കേസെടുത്തിരിക്കുകയാണ് .
ഓരോ തവണയും നിരവധി ജീവനുകളാണ് പൊലിയുന്നെന്നും , നിരവധി കുട്ടികൾ മരിക്കുമ്പോൾ ഞങ്ങളുടെ ഹൃദയം വാർന്നൊഴുകുന്നുവെന്നും, പോലീസിനെപ്പോലും നിരീക്ഷിക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും, ഈ കൂട്ടമരണം ഞെട്ടിക്കുന്നതും വേട്ടയാടുന്നതുമാണെന്നും ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി . ഭാവിയിൽ ഇത് സംഭവിക്കില്ലെന്ന് ഉറപ്പാക്കുക.” എന്നതാണ് ഞങ്ങളുടെ കടമയെന്നും,  സംസ്ഥാനത്ത് സമാനമായ ബോട്ടപകടങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സർക്കാരാണ് ഇതിന് കാരണമെന്നും കോടതി വിമർശിച്ചു. എന്തുകൊണ്ടാണ് ഇവർക്കെതിരെ നടപടിയെടുക്കാത്തതെന്നും കോടതി ചോദിച്ചു.
“ഞങ്ങളുടെ ഹൃദയത്തിൽ രക്തം പൊടിയുന്നു……
ഇതു ഉദ്യോഗസ്ഥ മേലാളന്മാരുടെ കഴിവില്ലായ്‌മ ആണ്”
മലപ്പുറം ബോട്ട് അപകടത്തിൽ സ്വമേധയ കേസ് എടുത്തുകൊണ്ട് കേരള ഹൈക്കോടതി പറഞ്ഞ വാക്കുകൾ ആണിതെന്നും . “ഇത്ര സുരക്ഷതമല്ലാത്ത രീതിയിൽ ഈ ബോട്ട് സർവീസ് നടത്താൻ ആരാണ് അനുമതി കൊടുത്തതെന്നും ?? ,കോടതി ഉയർത്തിയ അതേ ചോദ്യമാണ് കേരളീയ സമൂഹം ചോദിക്കുന്നതെന്നും
കേവലം ഉടമയ്ക്കെതിരെ കേസ് എടുത്തു ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള അധികാര വർഗ്ഗത്തിന്റെ തട്ടിപ്പാണ് കോടതി ചോദ്യം ചെയ്യുന്നതെന്നും … അതാണ് ഇത് ഒരു  “ഇന്സ്ടിട്യൂഷണൽ മർഡർ” ആണന്ന്‌….! താൻ പറഞ്ഞതെന്നും, അതുകൊണ്ട് തന്നെയാണ് ജനം ആഗ്രഹിച്ചതുപോലെ കോടതി സ്വാമേധയ കേസ് എടുത്തതെന്നും  ആം ആദ്മി പാർട്ടി പ്രസിഡന്റ് അഡ്വ വിനോദ് മാത്യു വിൽസൻ പ്രതികരിച്ചു.

സിപിഐഎം യുകെ ഘടകമായ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC) സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ പാർട്ടി കേരള സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പങ്കെടുത്തു സംസാരിക്കും. ഈ മാസം 27നു ഉച്ചക്ക് 2 മണിയ്ക് ലണ്ടനിലെ സൗത്താളിലാണ് പൊതുസമ്മേളനം.

കലാസാംസ്കാരിക ബഹുജന സംഘടനകളായ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ, കൈരളി യു കെ , ക്രാന്തി അയർലൻഡ് ,എസ്എഫ്ഐ യുകെ , യുകെ യിലെ ഇടതുമുന്നണി ഘടകകക്ഷി സംഘടനകൾ എന്നിവയുടെ നേതാക്കളും പരിപാടിയിൽ പങ്കെടുത്തു സംസാരിക്കും.

പൊതുസമ്മേളനത്തിനു മുന്നോടിയായി പാർട്ടി അംഗങ്ങൾക്കും അനുഭാവികൾക്കും ഗോവിന്ദൻമാസ്റ്ററുമായി സംവദിക്കാനുള്ള അവസരവും ഉണ്ടാവും.

സമ്മേളന വേദി: Featherstone High School , Southall , West London . UB2 5HF

 

ലണ്ടൻ : പച്ചയായ മനുഷ്യന്റെ ജീവിത കഥ പറയുബോൾ, ഒരു വ്യക്തി മരിച്ചു കഴിഞ്ഞല്ല, ജീവിച്ചിരീക്കുബോഴാണ് അവന് താങ്ങും, തണലും ആയി ആരെങ്കിലും എത്തേണ്ടത് എന്ന വലിയ സന്ദേശം സമൂഹത്തിന് നൽകുവാൻ ഇതിലൂടെ കഴിഞ്ഞു.

ഷിജോ സെബാസ്റ്റ്യൻ ഡയറക്ഷൻ ചെയ്ത ഈ ഷോർട്ട് ഫിലിം, വീഡിയോയും, എഡിറ്റിംങ്ങും ചെയ്ത് മനോഹരമാക്കിയത് ജയിബിൻ തോളത്താണ്. എല്ലാ പിന്തുണയും നൽകിയ ബോസ്‌കോ ജോസഫിനും കുടുബത്തിനും പ്രത്യേകം നന്ദി പറയുന്നതോടൊപ്പം അഭിനയമികവുകൊണ്ട് മനോഹരമാക്കിയത് മന്നാ മറിയം ജിജി, ബിജി ബിജു, ഐവി എബ്രഹാം, ശില്പ തോമസ്, ജിയോ ജോസഫ്, ബിജു തോമസ്, ജോബി കുര്യക്കോസ്, ഷൈൻ മാത്യു എന്നിവരാണ്.

സമൂഹത്തിൽ എന്നും നല്ല മെസ്സേജ് നൽകാൻ ഉതകുന്ന ഇത്തരത്തിലുള്ള വിഷയങ്ങൾ അവതരിപ്പിക്കുവാൻ ഇവർക്കു ഇനിയും കഴിയട്ടെയെന്ന് ആശംസിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മെയ് 6-ാം തീയതി ശനിയാഴ്ച നടന്ന ചാൾസ് രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണത്തിന്റെ ഔദ്യോഗിക ഫോട്ടോകൾ പുറത്തുവന്നു. 2005 -ൽ ഇരുവരുടെയും വിവാഹ ഫോട്ടോകളുടെ ചിത്രങ്ങൾ എടുത്ത പ്രശസ്ത ഫോട്ടോഗ്രാഫർ ഹ്യുഗോ ബർണാഡ് തന്നെ ആണ് കിരീടധാരണത്തിന്റെയും ഔദ്യോഗിക ഫോട്ടോകൾ എടുത്തത് എന്ന പ്രത്യേകതയുമുണ്ട്. കിരീട ധാരണ ചടങ്ങിന് തൊട്ടു പിന്നാലെയാണ് രാജകീയ ദമ്പതികളെ അവരുടെ എല്ലാവിധ രാജകീയ വസ്ത്രങ്ങളോടും കിരീടത്തോടും കൂടി ഫ്രെയിമിൽ പകർത്തിയിരിക്കുന്നത്.

ഇതോടൊപ്പം രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ഗ്രൂപ്പ് ഫോട്ടോകളും എടുത്തിരുന്നു . ബക്കിംഗ്ഹാം കൊട്ടാരത്തിലെ ത്രോൺ റൂമിലും ഗ്രീൻ ഡ്രോയിങ് റൂമിലും വച്ചാണ് ചിത്രങ്ങൾ പകർത്തിയത്. രാജകീയ പരമാധികാരത്തിന്റെ ചിഹ്നമായ രാജകിരീടവും ചെങ്കോലും ധരിച്ചുള്ള ചാൾസ് രാജാവിൻറെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത് . 1902 -ലെ എഡ്വേർഡ് ഏഴാമൻ രാജാവിൻറെ കിരീടധാരണ വേളയിൽ ഉപയോഗിക്കാനായി പ്രത്യേകമായി നിർമ്മിച്ച സിംഹാസനത്തിൽ ചാൾസ് രാജാവ് ഇരിക്കുന്നതായാണ് ഫോട്ടോയിൽ ഉള്ളത്. കഴിഞ്ഞവർഷം പാർലമെൻറിലെ ഇരുസഭകളെയും അഭിസംബോധന ചെയ്ത ചടങ്ങിലും ഇതേ കസേരകൾ തന്നെയാണ് രാജാവും രാജ്ഞിയും ഉപയോഗിച്ചിരുന്നത്.

ക്യൂൻ മേരിയുടെ കിരീടത്തോടുകൂടിയാണ് രാജ്ഞിയെ ചിത്രീകരിച്ചിരിക്കുന്നത്. കിരീട ധാരണ ചടങ്ങുകൾ ഇത്രയും മനോഹരമാക്കിയതിന് ചാൾസ് രാജാവ് തന്റെയും രാജ്ഞിയുടെയും ഹൃദയംഗമമായ നന്ദി പ്രസ്താവനയിൽ അറിയിച്ചു. ബ്രിട്ടന്റെയും കോമൺവെൽത്ത് രാജ്യങ്ങളുടെയും ജനങ്ങളുടെ ഉന്നമനത്തിനായി താനും രാജ്ഞിയും തങ്ങളുടെ ജീവിതം ഉഴിഞ്ഞു വയ്ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൗഢഗംഭീരമായ കിരീട ധാരണ ചടങ്ങുകളിൽ പങ്കെടുക്കാൻ ലോകമെങ്ങും നിന്ന് രാജ്യ തലവന്മാർ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ എത്തിച്ചേർന്നിരുന്നു. കിരീടധാരണത്തിന്റെ തത്സമയ പ്രക്ഷേപണം ബ്രിട്ടനിൽ മാത്രം 20 ദശലക്ഷത്തിലധികം പേരാണ് ടിവിയിൽ കണ്ടത്.

തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്കും ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കും മിന്നും വിജയം. മിക്ക കൗണ്‍സിലുകളിലും കണ്‍സര്‍വേറ്റീവുകള്‍ ഏറെക്കുറെ തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണാനായത്. ഗ്രീന്‍ പാര്‍ട്ടി അപ്രതീക്ഷിതമായി പലയിടത്തും ജയിച്ചു കയറിയത് ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകതയായി. അതിനിടെ ഇത്തവണ ഏറ്റവും കൂടുതല്‍ മലയാളികള്‍ മത്സരിക്കാന്‍ കളത്തില്‍ ഇറങ്ങിയിട്ടും വിജയം ചൂണ്ടയിട്ട് പിടിച്ചത് രണ്ടു പ്രധാന സ്ഥാനാര്‍ത്ഥികളെ മാത്രമാണ്. ആഷ്ഫോര്‍ഡ് ബറോയില്‍ മത്സരിക്കാന്‍ ഇറങ്ങിയ സോജന്‍ ജോസഫും നീണ്ട കാലമായി ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന നോര്‍ഫോള്‍കിലെ ബിബിന്‍ ബേബിയുമാണ് ജയിച്ചു കയറിയത്. എന്നാല്‍ മലയാളികള്‍ക്കിടയില്‍ പൊടുന്നനെ സ്ഥാനാര്‍ഥി കുപ്പായം തയ്പ്പിച്ചു എത്തിയ പലര്‍ക്കും നല്ല പ്രകടനം പോലും കാഴ്ചവയ്ക്കാന്‍ ആയില്ലെന്നു പോളിംഗ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സോജനൊപ്പം മത്സര രംഗത്ത് അതേ വാര്‍ഡില്‍ ലേബര്‍ സ്ഥാനാര്‍ത്ഥി ആയി രംഗത്ത് വന്ന റീന മാത്യു വെറും പത്തു വോട്ടിനാണ് പരാജയപ്പെട്ടത്. ഒന്നാമനായി ജയിച്ചു കയറിയ സോജന്‍ 332 വോട്ട് കരസ്ഥമാക്കിയപ്പോള്‍ രണ്ടാമനായി ജയിച്ച ഗ്രീന്‍ പാര്‍ട്ടിയിലെ അര്‍ണോള്‍ഡിനു 297 വോട്ടും ലഭിച്ചു. എന്നാല്‍ 287 വോട്ടോടെ റീനക്ക് മൂന്നാം സ്ഥാനം പിടിക്കാനേ കഴിഞ്ഞുള്ളു. ആകെ എട്ടു സ്ഥാനാര്‍ത്ഥികളാണ് ഈ സീറ്റില്‍ മത്സരിക്കാന്‍ ഉണ്ടായിരുന്നത്. നാലാം സ്ഥാനത്തു ഗ്രീന്‍ പാര്‍ട്ടിയിലെ പിസി തോമസ് എത്തിയപ്പോള്‍ അഞ്ചും ആറും സ്ഥാനം പിടിച്ചത് ആഷ്ഫോര്‍ഡ് ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാണ്.

സോജന്‍ ജയിച്ചു കയറിയ സീറ്റ് കണ്‍സര്‍വേറ്റീവില്‍ നിന്നും പിടിച്ചെടുക്കുക ആയിരുന്നു. ഈ പ്രദേശത്തു ജയിച്ചു കയറിയ ബ്രിട്ടീഷ് വംശജന്‍ അല്ലാത്ത ഏക വ്യക്തിയാണ് സോജൻ. മുന്‍പും 2021ലെ തിരഞ്ഞെടുപ്പില്‍ സോജന്‍ മത്സരിച്ചിട്ടുണ്ടെങ്കിലും അന്ന് ഭാഗ്യം തുണയ്ക്കാഞ്ഞതിനു മറുപടിയായി ഇന്നലെ തിളക്കമാര്‍ന്ന വിജയം. ഈ വിജയത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ പടരുന്ന ടോറികളോടുള്ള എതിര്‍പ്പ് വ്യക്തമാണ്.
സോജന്‍ മത്സരിച്ച അയേഴ്സ്ഫോര്‍ഡ് ആന്‍ഡ് ഈസ്റ്റ് സ്റ്റെയര്‍ സീറ്റില്‍ വ്യക്തിപരമായ വോട്ടുകളാണ് കൂടുതലും വീണത്. ഇതോടെ സോജനൊപ്പം ഗ്രീന്‍ പാര്‍ട്ടിയിലെ അര്‍ണോള്‍ഡ് ആല്‍ബര്‍ട്ടാണ് വിജയിച്ചത്. ഇതോടെ പാനല്‍ വോട്ടുകളല്ല ഈ സീറ്റില്‍ വിജയികളെ നിര്‍ണയിച്ചത് എന്നാണ് വ്യക്തമാക്കുന്നത്. ഗുരുതരമായ രോഗത്തെ കീഴടക്കാന്‍ ആരോഗ്യം വീണ്ടെടുക്കാന്‍ ഓടിത്തുടങ്ങിയ സോജന്‍ ആ ഓട്ടം എത്തിച്ചത് നിരവധി ദേശീയ, അന്താരാഷ്ട്ര മാരത്തോണ്‍ വേദികളാണ്. ഇതോടെ പ്രദേശത്തെ മലയാളികളുടെ ഹീറോയുമാണ് സോജന്‍. കഴിഞ്ഞ പത്തു വര്‍ഷത്തിലേറെ ആയി നിരവധി വാര്‍ത്തകളിലൂടെ സോജന്‍ ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്ക് ചിരപരിചിതനുമാണ്.

കഴിഞ്ഞ തവണ 2021 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടത്തിയ മലയാളി സ്ഥാനാര്‍ഥി ആയിരുന്നു ഇപ്പോള്‍ നോര്‍ഫോക്കില്‍ ജില്ലാ സീറ്റില്‍ ജയിച്ചു കയറിയ ബിബിന്‍. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആയി നോര്‍ഫോള്‍കിലെ ബ്രോഡ്ലാന്‍ഡ് സീറ്റിലാണ് ബിബിന്‍ ജയിച്ചു കയറിയത്. ഇത്തവണ കൂടുതല്‍ ജയസാധ്യതയുള്ള സീറ്റ് ലഭിച്ചതോടെ പ്രചാരണ ഘട്ടത്തില്‍ തന്നെ ഏകദേശം വിജയം ഉറപ്പിച്ചാണ് ബിബിന്‍ മുന്നേറിയത്. ലേബര്‍ പാര്‍ട്ടിയുടെ പാനല്‍ വോട്ടുകളുടെ കരുത്തും ബിബിന് തുണയായതായി വിലയിരുത്തപ്പെടുകയാണ്. ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നതിനാല്‍ എതിരാളികളായ ടോറികളേക്കാള്‍ നൂറുകണക്കിന് വോട്ടില്‍ മുന്നേറാനും ഇവിടെ ലേബറിന് കഴിഞ്ഞു. ആദ്യ കാലങ്ങളില്‍ ഒഐസിസി യുകെയുടെ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതില്‍ മികവ് കാട്ടിയാണ് ബിബിന്‍ യുകെ മലയാളികള്‍ക്കിടയില്‍ അറിയപ്പെട്ടു തുടങ്ങിയത്. കോട്ടയം കടുത്തുരുത്തി സ്വദേശിയാണ് ബിബിന്‍.

എന്‍എച്ച്എസ് ജീവനക്കാരനായ നോര്‍വിച്ചിലെ ബിബിന്‍ കുഴിവേലി കോവിഡ് കാലത്തേ സര്‍ക്കാര്‍ പരാജയം എടുത്തുകാട്ടിയാണ് 2021ല്‍ മത്സരിക്കാന്‍ ഇറങ്ങിയത്. സ്വാഭാവികമായും മലയാളികളുടെ കൂടി പിന്തുണയോടെ വീട് കയറിയിറങ്ങി പ്രചാരണം നടത്താനും ബിബിനായി. കൗണ്ടി സീറ്റിനൊപ്പം പാരിഷ് കൗണ്‍സിലേക്കും ബിബിന്‍ മത്സരിച്ചിരുന്നു. ഇതിൽ പരാജയപ്പെട്ടെങ്കിലും അതില്‍ നിന്നും ഊര്‍ജം കണ്ടെത്തിയാണ് നോര്‍വിച്ചില്‍ മലയാളി സമൂഹത്തിനു ബിബിന്‍ അഭിമാനമായി മാറുന്നത്.

റ്റിജി തോമസ്

യുകെയിലുടനീളമുള്ള യാത്രയിൽ എന്നെ ഏറെ ആകർഷിച്ച ഒരു പ്രധാനപ്പെട്ട കാര്യം വീടുകളുടെ നിർമ്മാണ രീതിയായിരുന്നു, കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. പ്രധാനമായും ഊർജ്ജ കാര്യക്ഷമത അതായത് വീടിൻറെ ഉള്ളിൽ ചൂട് നിലനിർത്തുക എന്നതാണ് നിർമ്മാണത്തിലെ അടിസ്ഥാന തത്വം. യുകെയിൽ വർഷത്തിൽ ഭൂരിഭാഗം സമയവും തണുത്ത അന്തരീക്ഷമാണ്. സാധാരണയായി ഏറ്റവും ചൂട് കൂടിയ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പോലും ശരാശരി താപനില 20 °C വരെയാണ് . ഏറ്റവും തണുപ്പുള്ള ഡിസംബർ , ജനുവരി മാസങ്ങളിൽ ശരാശരി താപനില 5 °C വരെയാണ്. അതുകൊണ്ട് തന്നെ വീടുകളുടെ നിർമ്മാണത്തിൽ പൊതുവായ ചില മാനദണ്ഡങ്ങളും , സ്ട്രക്ചറും അവലംബിക്കുന്നതായി കാണാൻ സാധിക്കും.

കൗൺസിലുകളിൽ നിന്ന് അനുമതിയോടെയോ അതുമല്ലെങ്കിൽ അവരുടെ തന്നെ മേൽനോട്ടത്തിലോ ആണ് വീടുകളുടെ നിർമ്മാണം നടക്കുന്നതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്. അങ്ങനെ പണി തീർത്ത തങ്ങൾക്ക് അനുയോജ്യമായ വീടുകൾ മേടിക്കുകയാണ് ആവശ്യക്കാർ ചെയ്യുന്നത്. അതുകൊണ്ടാണ് കൃത്യമായ ഏകീകൃത രൂപ ഭംഗി വീടുകൾക്ക് കൈവരാൻ സാധിക്കുന്നത്. ചുരുക്കം പറഞ്ഞാൽ കേരളത്തിൽ നമ്മൾ പരിചയിച്ച രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് സാരം. കേരളത്തിൽ ആദ്യകാലങ്ങളിൽ ഓല മേഞ്ഞ മേൽക്കൂരയോടു കൂടിയ ഭവനങ്ങൾ ആണ് ഉണ്ടായിരുന്നത്. പിന്നീട് ഓലയുടെ സ്ഥാനം ഓട് ഏറ്റെടുത്തു. ഉഷ്ണകാലാവസ്ഥയുള്ള കേരളത്തിൽ ആ ഭൂപ്രകൃതിക്ക് അനുയോജ്യമായ വീടുകളായിരുന്നു അവയെല്ലാം . എന്നാൽ പിന്നീട് വന്ന കോൺക്രീറ്റ് ഭവനങ്ങൾ നമ്മുടെ കാലാവസ്ഥയ്ക്ക് നേർ വിപരീത ഫലം തരുന്നവയായി . കാലാവസ്ഥാനുസൃതമായ വീടുകളുടെ നിർമിതി നമ്മുടെ നാടിൻറെ ആവശ്യകതയാണെന്ന ഓർമ്മപ്പെടുത്തലാണ് യുകെയിൽ സന്ദർശിച്ച ഭവനങ്ങൾ എനിക്ക് സമ്മാനിച്ചത്.

മറ്റൊരു പ്രധാന വ്യത്യാസം എനിക്ക് ദർശിക്കാനായത് വീടുകളുടെ ചുറ്റു മതിലുകളുടെ കാര്യത്തിലായിരുന്നു. ഭൂരിഭാഗം വീടുകൾക്കും   മുൻവശത്ത് മതിലുകൾ ഇല്ലായിരുന്നു. എല്ലാ വീടുകൾക്കും തന്നെ പുറകു വശത്ത് മനോഹരമായ ഒരു പൂന്തോട്ടം , കോർട്ടി യാർഡ് ഉണ്ടാകും. ഒട്ടുമിക്ക വീടുകളുടെയും കോർട്ടിയാർഡിൽ മനോഹരമായ പൂന്തോട്ടവും ഉണ്ടായിരിക്കും. മിക്ക സ്ഥലങ്ങളിലും ഞാൻ കണ്ട പൊതുവായ ഫലവൃക്ഷം ആപ്പിൾ ആയിരുന്നു . പ്രായഭേദമന്യേ എല്ലാവർക്കും ഒരുമിച്ചിരിക്കാനും ചെറുപാർട്ടികൾ നടത്താനും ഈ സ്ഥലം ഏറ്റവും അനുയോജ്യമാണ്. ഓരോ വീടിന്റെയും കോർട്ടിയാർഡിന്റെ അതിർ മതിലുകൾ തടി കൊണ്ട് ഉള്ളതോ , ചിലയിടങ്ങളിൽ മതിലുപോലെ ചെടി വളർത്തി വെട്ടി നിർത്തിയതോ ആവാം, ഒരിടത്തും തന്നെ കോൺക്രീറ്റ് മതിലുകൾ ഞാൻ കണ്ടില്ല. ഞാൻ രണ്ടാഴ്ചക്കാലം താമസിച്ച സഹോദരൻ ജോജിയുടെ  വീട്ടിലും മനോഹരമായ ഒരു കോർട്ടിയാർഡ് ഉണ്ട് .

വീടുകളുടെ ഉള്ളിലും ഒട്ടേറെ പ്രത്യേകതകൾ ഉണ്ട് . പ്രഥമ പരിഗണന ഉള്ളിലെ ചൂട് നിലനിർത്തുന്നതിനു തന്നെയാണ്. ഗോവണികളിലൂടെ പടി കയറുമ്പോഴും വീടിനുള്ളിലൂടെ നടക്കുമ്പോഴും വീടിൻറെ നിർമ്മാണത്തിന്റെ പ്രത്യേകതകൾ കൊണ്ട് കാലടി ശബ്ദം മുഴങ്ങി കേൾക്കും . ശ്രദ്ധിച്ചില്ലെങ്കിൽ തീർച്ചയായും ശബ്ദമലിനീകരണവും മറ്റുള്ളവരുടെ ഉറക്കത്തെ ശല്യം ചെയ്യലും ആയിരിക്കും സംഭവിക്കുന്നത്.

ബാത്റൂമുകൾക്കും ഉണ്ട് പ്രത്യേകതകൾ . കുളിക്കുന്നതിനായി പ്രത്യേകം  ബാത്ത് ടബ്ബുംഷവർ ക്യുബിക്കളും   ഉള്ളതുകൊണ്ട് വെള്ളം ബാത്റൂമിന്റെ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനാവും . ബാത്ത് ടബ്ബിൽ അല്ലാതെ വെള്ളം വീണാൽ പ്രത്യേകിച്ച് മുകളിലെ നിലയിൽ തറയിലേയ്ക്ക് ഇറങ്ങി പ്രശ്നം സൃഷ്ടിക്കും എന്ന സ്ഥിതിയും ഉണ്ട്.

കേരളത്തിലെ രണ്ട് നില വീടുകളിൽ ഭൂരിപക്ഷത്തിന്റെയും മുകൾ നിലകൾ പലപ്പോഴും ആരും ഉപയോഗിക്കുന്നുണ്ടാവില്ല. വീടുകളിൽ പ്രായമുള്ളവരാണ് ഉള്ളതെങ്കിൽ പറയുകയും വേണ്ട. പല വീടുകളുടെയും മുകൾ നിലകൾ കടുത്ത ചൂടുകൊണ്ട് വേനൽക്കാലത്ത് ഉപയോഗ യോഗ്യമല്ലാത്തതും ഇതിനൊരു കാരണമാണ്.

പക്ഷേ യുകെയിൽ ഞാൻ സന്ദർശിച്ച വീടുകളിൽ ഒന്നിൽ പോലും ആരും ഉപയോഗിക്കാത്ത മുറികൾ ഇല്ലായിരുന്നു. ജോജിയുടെ വീടിൻറെ മുകൾ നിലയിലാണ് എല്ലാവരും താമസിക്കുന്ന മുറികൾ . അതിലൊന്നിലാണ്  ഞാൻ താമസിച്ചത്.  താഴെ കിച്ചനും, ഡൈനിങ് ഹാളും സന്ദർശകരെ സ്വീകരിക്കാനുള്ള മുറികളും ക്രമീകരിച്ചിരിക്കുന്നു.

സുരക്ഷാ പ്രശ്നങ്ങൾ കുറവായതുകൊണ്ട് നാട്ടിലെ പോലെ ഉള്ള ഗ്രില്ലുകൾ ഇല്ലാതെ ഗ്ലാസുകൾ കൊണ്ടുള്ള ജനാലകളാണ് വീടുകൾക്ക് ഉള്ളത്.  ഭംഗിയോടൊപ്പം ചൂട് നിലനിർത്തുന്നതിനും ഇത് സഹായിക്കും. കൂടാതെ ആവശ്യത്തിന് വെളിച്ചവും പ്രദാനം ചെയ്യും.   നമ്മൾക്ക് ഇവിടെ അങ്ങനെയുള്ള ജനലുകൾ ഉണ്ടെങ്കിൽ കള്ളനെ പേടിച്ച് തുറക്കാൻ പറ്റില്ല. അത്രതന്നെ.

ഇനി കഴിഞ്ഞ അധ്യായത്തിൽ പറഞ്ഞ സസ്പെൻസ് പൊളിക്കാം. മാങ്ങ അച്ചാറും ചമ്മന്തിയും എന്നു പറഞ്ഞ് എനിക്ക് തന്നത് പച്ച ആപ്പിൾ കൊണ്ട് ഉണ്ടാക്കിയതായിരുന്നു. അതിൻറെ റെസിപ്പിയും   ജോജിയുടെ  ഭാര്യ മിനി പറഞ്ഞുതന്നു.

ചമ്മന്തി ഉണ്ടാക്കാൻ ഇഞ്ചി, മുളക്, തേങ്ങ, ഉള്ളി എന്നിവയുടെ കൂടെ പച്ച ആപ്പിൾ മാങ്ങയ്ക്ക് പകരമായി ഉപയോഗിക്കുക. അച്ചാറിലും മാങ്ങയ്ക്ക് പകരം ആപ്പിൾ ഉപയോഗിക്കുക .
വെരി സിമ്പിൾ

മിനി തന്റെ പാചക പരീക്ഷണങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ യൂട്യൂബ് ചാനൽ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. എല്ലാവിധ ആശംസകളും .

യുകെ സ്‌മൃതികളുടെ മുൻപുള്ള അധ്യായങ്ങൾ വായിക്കാം ….

ഞാൻ എയർപോർട്ടിന്റെ വെളിയിലേക്ക് നടന്നു. അതോടെ ഫോണിൽ എയർപോർട്ടിലെ ഇൻറർനെറ്റ് ലഭ്യമല്ലാതായി… ഒരു ശൂന്യതയിൽ … തമോഗർത്തത്തിൽ എത്തിപ്പെട്ട അവസ്ഥ ….യുകെ സ്‌മൃതികൾ : അധ്യായം 3

ദുബായിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയിൽ 7 മണിക്കൂറോളം എൻറെ തൊട്ടടുത്ത സീറ്റിലായിരുന്നു എലിസബത്ത് . എലിസബത്ത് ഒറ്റയ്ക്കായിരുന്നില്ല. കൂടെ സമപ്രായക്കാരായ നാല് കൂട്ടുകാരും ഒപ്പം ഉണ്ടായിരുന്നു…. യുകെ സ്‌മൃതികൾ : അദ്ധ്യായം 2 : എലിസബത്തിൻെറ യാത്രകൾ

എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടൻ നൽകിയ ആറുമാസത്തെ വിസയ്ക്ക് ശേഷം റിട്ടേൺ ടിക്കറ്റ് എടുത്ത എന്നെ കൊച്ചിയിലെ മലയാളിയായ ഇമിഗ്രേഷൻ ഓഫീസർ ഇത്രമാത്രം ചോദ്യങ്ങൾ ചോദിച്ച് തൃശങ്കുവിൽ നിർത്തിയതിന്റെ സാംഗത്യം എനിക്ക് മനസ്സിലായില്ല…അദ്ധ്യായം ഒന്ന് : യുകെ സ്‌മൃതികൾ … മലയാളം യുകെയിൽ പുതിയ പംക്തി ആരംഭിക്കുന്നു

റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി

 

സ്വന്തം ലേഖകൻ 

ബാൻബറി : ജീവിത പ്രാരാബ്‌ധങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ 2020 ൽ യുകെയിലെത്തിയ ബാൻബറിക്കാരിയായ മലയാളിയായ നേഴ്‌സിന് തന്റെ നേഴ്‌സിങ്ഹോം മാനേജരായ ഇംഗ്ളീഷുകാരിയിൽ നിന്ന് നേരിട്ടത് സമാനതകളില്ലാത്ത വംശീയ അധിക്ഷേപങ്ങളും , പീഡനങ്ങളും . തന്റെ ജോലി നഷ്‌ടപ്പെടാതിരിക്കാൻ എല്ലാവരെയും പോലെ സഹിച്ചും പൊറുത്തും മുന്നോട്ട് പോയ ഈ ബാൻബറിക്കാരിയായ മലയാളി നേഴ്‌സിന്  ഇതേ മാനേജർ കാരണം അവസാനം സ്വന്തം ജോലിയും പോയി , തന്റെ പിൻ നമ്പർ നഷ്‌ടപ്പെടുന്ന സാഹചര്യവും ഉണ്ടായി , അതോടൊപ്പം മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യാൻ പറ്റാത്ത ഗതികേടിലുമായി . ജീവിതം വഴി മുട്ടി നിന്ന സാഹചര്യത്തിൽ സധൈര്യം നിയമ പോരാട്ടത്തിലേയ്ക്ക് നീങ്ങിയ ഈ മലയാളി നേഴ്‌സിന് താങ്ങായത് യുകെയിലെ പ്രമുഖ വക്കീലായ അഡ്വ ബൈജു തിട്ടാലയാണ്.

 

ഏഷ്യൻ വംശജരുടെ നിറത്തോട് തോന്നിയ വെറുപ്പായിരുന്നു തുടക്കമെങ്കിൽ തുടർന്ന് എല്ലാ ജോലി കാര്യങ്ങളിലും കുറ്റം കണ്ടെത്തുന്ന രീതിയിലേയ്ക്ക് സാഹചര്യങ്ങളെ കൊണ്ടെത്തിക്കുകയായിരുന്നു ഈ ഇംഗ്ളീഷുകാരിയായ മാനേജർ. തനിക്ക് ട്രെയിനിംഗ് നൽകണം എന്ന് പലതവണ ആവശ്യപ്പെട്ട ഈ നേഴ്സിനോട് ഞങ്ങൾ പറയുന്നതുപോലെ ജോലി ചെയ്തില്ലെങ്കിൽ നിന്റെ വർക് പെർമിറ്റ് റദ്ദാക്കി നാട്ടിലേയ്ക്ക് കയറ്റി വിടുമെന്ന് പലതവണ ഈ മാനേജർ ഭീക്ഷിണിപ്പെടുത്തിയിരുന്നു. ശരിയായ ട്രെയിനിംഗ്‌ പോലും നൽകാതെ കടുത്ത പിരിമുറക്കത്തിൽ ജോലി ചെയ്ത മലയാളി നേഴ്സിന് ജോലി സമയത്ത് സംഭവിച്ച ചെറിയ പിഴവിനെ പർവ്വതീകരിച്ച് എൻ എം സിക്ക് റിപ്പോർട്ട് ചെയ്ത മാനേജർ ഈ മലയാളി നേഴ്‌സിനെ ജോലിയിൽ നിന്ന് പിരിച്ച് വിടുകയും ചെയ്തു. ഈ കാര്യങ്ങൾ എല്ലാം തുറന്ന് പറഞ്ഞുകൊണ്ട് പുതിയ സ്ഥലത്ത് ജോലിക്ക് ശ്രമിച്ച ഈ നേഴ്‌സിനെ ജോലിക്ക് എടുക്കരുതെന്നും , ഞങ്ങൾ പിരിച്ച് വിട്ടതാണെന്നും അറിയിച്ച് പുതിയ ഹോമിൽ ജോലി ലഭിക്കാതിരിക്കാനുള്ള ഹീന ശ്രമവും ഈ ഇംഗ്ളീഷുകാരി നടത്തി.

 

തനിക്ക് ഈ രാജ്യത്ത് നില നിൽക്കുവാനുള്ള എല്ലാ വഴികളും അടഞ്ഞ ഈ നേഴ്സ് അവസാനം യുകെയിലെ പ്രമുഖ ക്രിമിനൽ വക്കീലായ അഡ്വ ബൈജു തിട്ടാലയെ സമീപിക്കുകയായിരുന്നു. എന്നാൽ താൻ ക്രിമിനൽ കേസ്സുകൾ മാത്രമേ പരിഗണിക്കുകയുളളൂ എന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ട് തുടക്കത്തിൽ അഡ്വ ബൈജു തിട്ടാല ഈ കേസ്സ് എടുക്കാൻ തയ്യാറായില്ല . പക്ഷേ തനിക്ക് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കിയതിനുശേഷം  തീരുമാനമെടുത്തുകൊള്ളൂ എന്ന് ആവശ്യപ്പെട്ട മലയാളി നേഴ്സിന്റെ ദയനീയ സാഹചര്യം തിരിച്ചറിഞ്ഞ അഡ്വ ബൈജു തിട്ടാല ഈ നേഴ്‌സിനായി എൻ എം സിയിൽ ഹാജരാകുകയായിരുന്നു . എൻ എം സിയുടെ ഏഴ് ദിവസം നീണ്ടു നടന്ന വിചാരണ വേളയിൽ തെളിവെടുപ്പിനായി ഹാജരാകാൻ വിസമ്മതിച്ച ഇംഗ്ളീഷുകാരി മാനേജരെ ഹൈകോർട്ട് സമൻസിന്റെ സഹായത്തോടയാണ് അഡ്വ ബൈജു തിട്ടാല എൻ എം സിയിൽ എത്തിച്ചത്.

 

തുടർന്ന് എൻ എം സിയുമായി നടത്തിയ ഏഴ് ദിവസത്തെ വാദത്തിനൊടുവിൽ നിരപരാധിയെന്ന് കണ്ടെത്തിയ മലയാളി നേഴ്‌സിനെ കുറ്റവിമുക്തയാക്കുകയും , ഈ നേഴ്‌സിനെതിരെ പരാതി നൽകിയ ഇംഗ്ളീഷുകാരി മനേജർക്കെതിരെ എൻ എം സി നിയമ നടപടി ആരംഭിക്കുകയും ചെയ്തു . തന്റെ ജോലിസ്ഥലത്ത് വംശീയ വെറി കാട്ടി എന്ന കുറ്റത്തിൽ ശിക്ഷിക്കപ്പെട്ട ഇംഗ്ളീഷുകാരി മാനേജർക്ക് അവരുടെ ജോലിയും പോയി , അവസാനം മലയാളി നേഴ്‌സിനെ കുടുക്കാൻ പോയ അവർ പ്രതിയായ അവസ്ഥയിലുമാണ് ഇപ്പോൾ.

 

ഇംഗ്ളീഷുകാരി മാനേജർക്കെതിരെ എൻ എം സി സ്വമേധയാൽ എടുത്ത കേസിൽ ഈ മലയാളി നേഴ്സ് സാക്ഷിയായതിനാലും , ഒരുപക്ഷേ ഹൈക്കോടതി ഇടപെടാൻ സാധ്യത ഉള്ളതിനാലും അവർ ആവശ്യപ്പെട്ടതുകൊണ്ടാണ് ഞങ്ങൾ ഈ മലയാളി നേഴ്‌സിന്റെ പേര് വിവരങ്ങൾ നിങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താത്തത് .

ഇപ്പോൾ ഈ നേഴ്സ് സീനിയർ നേഴ്സായി ജോലി ചെയ്യുന്ന ബാൻബറിയിലെ ഗ്ലിബ് ഫീൽഡ് നേഴ്‌സിംഗ് ഹോമിന്റെ മാനേജരായ നിഷാ ഷാജി എന്ന മലയാളി മാനേജർ നൽകിയ പിന്തുണ ഈ കേസിന്റെ വിജയത്തിൽ വളരെയധികം നിർണ്ണായകമായി. ഈ കേസ്സിന്റെ വിജയം യുകെയിൽ മാനേജർമാരായി ജോലി ചെയ്യുന്ന ഓരോ മലയാളി മാനേജർമാർക്കും ഒരു പാഠവും , അതോടൊപ്പം മറ്റ് മലയാളി നേഴ്‌സുമാർക്ക് പ്രചോദനവുമാകട്ടെ..

ഈ വാർത്തയുമായി ബന്ധപ്പെട്ട് മലയാളംയുകെ ന്യൂസിന് ലഭിച്ചിരിക്കുന്ന തെളിവുകൾ ഹൈക്കോടതിയിൽ ഇപ്പോൾ  നിലവിലുള്ള കേസ്സിന്റെ പുരോഗതിക്ക് അനുസരിച്ച് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം കരസ്ഥമാക്കി മലയാളി പെൺകുട്ടി. മലയാളിയായ മുൻ മേയർ ടോം ആദിത്യയുടെ മകൾ അലീനയാണ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത്. കൺസർവേറ്റീവുകൾ തകർന്നടിഞ്ഞ തിരഞ്ഞെടുപ്പിൽ അലീനയുടെ വിജയം ശ്രദ്ധേയമാണ്. 18 വയസ്സ് പൂർത്തിയായ അലീന, ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. ബ്രിസ്റ്റോൾ ബ്രാഡ്ലി വാർഡിലാണ് അലീനയുടെ ജയം. ഇതോടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലർ എന്ന പദവി ഇനി അലീനയ്ക്ക് സ്വന്തം. മുതിർന്ന മുൻ മേയർമാരായ രണ്ട് പേരുമായിട്ടാണ് അലീന മത്സരിച്ചത്. എന്നാൽ ജനങ്ങൾ തിരഞ്ഞെടുത്തതും വിധിയെഴുതിയതും അലീനയ്ക്ക് അനുകൂലമായാണ്. അലീനയുടെ സ്ഥാനാർഥിത്വം ചില ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണെന്നും, കൺസർവേറ്റീവുകൾ കനത്ത തിരിച്ചടി നേരിട്ട തിരഞ്ഞെടുപ്പിൽ ഈ വിജയത്തിന് മധുരം ഏറെയാണെന്നും അലീനയുടെ പിതാവ് ടോം ആദിത്യ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. പഠനം പൂർത്തിയാക്കി യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിനൊരുങ്ങുന്ന മകളെ ഒരു കൗൺസിലിൻെറ പ്രതിനിധിയായി തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റാന്നി സ്വദേശിയാണ് അലീനയുടെ പിതാവ് ടോം ആദിത്യ . ഭരണരംഗത്ത് പലവിധ പദവികൾ വഹിച്ച അദ്ദേഹം, നിരവധി ചുമതലകൾ ഇതിനോടകം തന്നെ വഹിച്ചിട്ടുണ്ട്. മുമ്പ് മേയർ, ഡെപ്യൂട്ടി മേയർ, പ്ലാനിംഗ് ആൻഡ് എൻവയോൺമെന്റ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം സൗത്ത് ഗ്ലൗസെസ്റ്റർഷെയർ കൗൺസിലിന്റെ കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് ഫോറത്തിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 2002-ൽ ബ്രിസ്റ്റോളിലെ ബ്രാഡ്‌ലി സ്റ്റോക്കിൽ സ്ഥിരതാമസമാക്കിയ ടോം സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തി കൂടിയാണ്. ഭാര്യ ലിനി. അഭിഷേക്, ആൽബർട്ട്, അഡോണ, അൽഫോൺസ് എന്നിവരാണ് മറ്റ് മക്കൾ.

തഴക്കവും പഴക്കവും വന്ന പല മുതിർന്ന രാഷ്ട്രീയക്കാരുമായിട്ടാണ് അലീന ഏറ്റുമുട്ടിയത്. ലേബര്‍ പാര്‍ട്ടിക്കും ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കും മൊത്തത്തിൽ വൻ വിജയം ലഭിച്ചെങ്കിലും തിരഞ്ഞെടുപ്പിൽ ശ്രദ്ധ ആകർഷിച്ചത് അലീനയുടെ സ്ഥാനാർഥിത്വം ആയിരുന്നു. പലരും തോറ്റുപോകുമെന്ന് പറഞ്ഞു വിധിയെഴുതി തള്ളിയ വാർഡാണ് അലീനയെ വിജയത്തിലേക്ക് എത്തിച്ചത്. കൺസർവേറ്റീവ് ക്യാമ്പുകൾക്ക് കടുത്ത നിരാശ സമ്മാനിച്ച തിരഞ്ഞെടുപ്പിൽ അലീനയുടെ വിജയം പ്രതീക്ഷയുടെ പുലരിയാണ് സമ്മാനിക്കുന്നതെന്നാണ് പാർട്ടി പ്രതിനിധികൾ പറയുന്നത്. പതിനെട്ടു വയസുള്ള അലീന നിലവിൽ, പ്ലസ് ടു പഠനം പൂർത്തികരിച്ച് കാർഡിഫ് യൂണിവേഴ്സിറ്റിയിൽ ആർക്കിടെക്ച്ചർ പഠനത്തിനായി പോകുവാൻ ഒരുങ്ങുകയാണ്.

RECENT POSTS
Copyright © . All rights reserved