ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻ എച്ച് എസിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനുള്ള വിപുലമായ പദ്ധതികളാണ് ഇന്നലെ പ്രധാനമന്ത്രി റിഷി സുനക് പ്രഖ്യാപിച്ചത്. അതിൽ പ്രധാനപ്പെട്ടത് തദ്ദേശീയരായ കൂടുതൽ ഡോക്ടർമാരെയും നേഴ്സുമാരെയും അപ്രന്റീസ്ഷിപ്പിലൂടെ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതികളാണ്. 2031 ആകുമ്പോൾ മെഡിക്കൽ പരിശീലന കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്നാണ് പ്രധാനമന്ത്രി റിഷി സുനക് പറഞ്ഞത്.


സർക്കാർ പ്രഖ്യാപിച്ച രീതിയിൽ പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദേശ നേഴ്സുമാർക്കും ഡോക്ടർമാർക്കും എൻഎച്ച്എസിൽ അവസരങ്ങൾ കുറയും. എൻഎച്ച്സിലെ ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ് കാര്യത്തിൽ സ്വയം പര്യാപ്തതയാണ് പ്രധാനമന്ത്രി ലക്ഷ്യം വയ്ക്കുന്നത്. യുകെയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന സ്കിൽഡ് വർക്കർമാരിൽ ഭൂരിഭാഗവും വിദേശ രാജ്യത്ത് നിന്നുള്ളവരാണെന്നതും അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഇന്ത്യക്കാരാണെന്നും ഓക്സ്ഫോർഡ് സർവകലാശാലയിൽ നടത്തിയ പഠന റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.


എൻഎച്ച്എസിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുമായി മൂന്ന് ലക്ഷം ജീവനക്കാരെ കൂടി ഉടനെ റിക്രൂട്ട് ചെയ്യുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് മലയാളി നേഴ്സുമാർക്ക് യുകെയിൽ അവസരങ്ങളുടെ പെരുമഴ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതൊഴിച്ചാൽ എൻഎച്ച്എസ്സിന്റെ പുനർജീവനത്തിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച മറ്റു പദ്ധതികൾ ദീർഘകാലടിസ്ഥാനത്തിൽ ഫലം ചെയ്യുന്നവയാണ്. 5 വർഷത്തെ മെഡിക്കൽ ബിരുദങ്ങൾ ഒരു വർഷം കുറച്ച് നാലുവർഷം ആക്കും എന്നു തുടങ്ങിയ പല പദ്ധതികളും ദീർഘകാലാടിസ്ഥാനത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് എൻ എച്ച്സിലെ ജോലി സാധ്യത കുറയ്ക്കും.