UK

ഗാംബിയയില്‍ നിന്ന് ബ്രിട്ടനിലേക്ക് വന്ന വിമാനത്തിന്റെ വീല്‍ ബേയില്‍ മൃതദേഹം കണ്ടെത്തി. വിമാനത്തിന്റെ വീല്‍ബേയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ അഞ്ചാം തീയതി ഗാംബിയയുടെ തലസ്ഥാനമായ ബാംജുലില്‍നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട ടി.യു.ഐ. എയര്‍വേയ്സിന്റെ വിമാനത്തിലാണ് സംഭവം.

മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ലെന്നും യു.കെയിലെ സസെക്സ് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചതായി ഗാംബിയന്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. രേഖകളില്ലാത്തതിനാല്‍ മരിച്ചയാളുടെ പേര്, പൗരത്വം, യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയും അജ്ഞാതമാണെന്നും സര്‍ക്കാര്‍.

മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഡി.എന്‍.എ. പരിശോധനയ്ക്കുള്ള നടപടികള്‍ ബ്രിട്ടീഷ് പോലീസും ഗാംബിയന്‍ അധികൃതരും സംയുക്തമായി പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.

ക്രിസ്മസ് ആഘോഷങ്ങളും യാത്രകളും ദുരിതമാക്കി യുകെയില്‍ ഉടനീളം മഴ. രാജ്യത്തെ റോഡുകളില്‍ യാത്രക്കിറങ്ങുമ്പോൾ സൂക്ഷിക്കണമെന്നു ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഘോഷ സീസണില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ റോഡില്‍ യാത്ര ചെയ്യുന്ന ഘട്ടത്തിലാണ് ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

അതിശക്തമായ മഴ മൂലം രാജ്യത്തെ റോഡുകളില്‍ വന്‍ ഗതാഗത കുരുക്കാണ് രൂപപ്പെട്ടത്. കനത്ത മഴയില്‍ നിരവധി അപകടങ്ങള്‍ യുകെയുടെ വിവിധ ഭാഗങ്ങളിലെ റോഡുകളിൽ ഉണ്ടായി. മോട്ടർവേ 65 റോഡിൽ ഇരുവശത്തേക്കുമുള്ള യാത്രകള്‍ ഏതാനും സമയം നിര്‍ത്തി വെയ്‌ക്കേണ്ടതായും വന്നു. മോട്ടർവേ 25 റോഡ് ഉൾപ്പടെ യുകെയിലെ മിക്ക മോട്ടർവേ റോഡുകളിലും കനത്ത ഗതാഗത കുരുക്ക് ഉണ്ടായി.

യുകെയിൽ ഉടനീളം റെയിൽവേ ഉൾപ്പെടെ വിവിധ വിഭാഗം ജീവനക്കാർ പണിമുടക്ക് നടത്തുന്നതിനാൽ ജനങ്ങള്‍ സ്വന്തം കാറുകളില്‍ യാത്ര നടത്തുന്നതിനാലാണ് ഇത്രയേറെ ഗതാഗത കുരുക്ക് ഉണ്ടായത്. അതിനിടെ ഈ ക്രിസ്മസിന് ഒരു ദശലക്ഷത്തിലേറെ ജനങ്ങള്‍ക്ക് കോവിഡ് പിടിപെടുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 9 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ആഘോഷകാലത്ത് പനിയോ കോവിഡോ ബാധിച്ചതായി സംശയിക്കുന്നവര്‍ പ്രിയപ്പെട്ടവരില്‍ നിന്നും അകലം പാലിക്കണമെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മേധാവികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് പോസിറ്റീവ് ആയതോടെ നിരവധി പേര്‍ക്കാണ് ആഘോഷങ്ങള്‍ റദ്ദാക്കേണ്ട അവസ്ഥ വന്നിരിക്കുന്നത്. അതേസമയം, ഭൂരിപക്ഷം പേരും ആഘോഷത്തില്‍ പങ്കെടുക്കും. ഇത് അപകടകരമാവും.

ഇംഗ്ലണ്ടില്‍ ഡിസംബര്‍ 9 വരെയുള്ള ആഴ്ചയിലെ ഓരോ ദിവസവും 1.2 ദശലക്ഷം ആളുകൾക്കു വീതം കോവിഡ് പിടിപെട്ടതായാണ് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കുന്നത്. നാലു ദിവസം മുന്‍പ് 1.1 ദശലക്ഷത്തിൽ നിന്നാണ് ഈ വളര്‍ച്ച. തണുപ്പേറിയ കാലാവസ്ഥയില്‍ ആളുകള്‍ ഇന്‍ഡോറില്‍ അധികമായി ആഘോഷങ്ങളില്‍ ഒത്തുചേര്‍ന്നതാണ് പ്രശ്നമായി കരുതുന്നത്.

ഡിസംബര്‍ 9 വരെയുള്ള കണക്ക് മാത്രമാണ് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നും ലഭ്യമായിട്ടുള്ളതെന്ന് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റി പബ്ലിക് ഹെല്‍ത്ത് വിദഗ്ധന്‍ പ്രഫ പോള്‍ ഹണ്ടര്‍ പറഞ്ഞു. കോവിഡ് ഉയരുന്നുണ്ടെങ്കിലും മുന്‍പത്തെ പോലെ കുതിപ്പില്ല. ക്രിസ്മസിലേക്കുള്ള ദിനങ്ങളില്‍ വൈറസ് പടരുമെങ്കിലും ഇതിന് ശേഷം ഇടവേള വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ട്, സ്‌കോട്ട്ലൻഡ്, വെയില്‍സ് എന്നിവിടങ്ങളിലെ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം ഉയരുന്നതായാണ് ഏറ്റവും പുതിയ കണക്ക് വ്യക്തമാക്കുന്നത്. വീണ്ടും മാസ്കും സാനിറ്റൈസറും ജീവിതത്തിന്റെ ഭാഗമാകുന്ന അവസ്ഥ ഉണ്ടായേക്കും.

ജോസ്ന സാബു സെബാസ്റ്റ്യൻ

ഒരു ലോഡ് ശത്രുക്കളെ പ്രതീക്ഷിച്ചുകൊണ്ട് എഴുതുന്നത്

ഞാൻ ഈ പറയുന്നത് പൊളിറ്റിക്‌പരമായോ വാശിപരമായോ ഒക്കെ എടുത്താൽ എനിക്ക് ജയിക്കാൻ കഴിയില്ല .
അതിനാൽ തികച്ചും മാനുഷിക പരിഗണന മാത്രം ചിന്തിച്ചുകൊണ്ട് ചില കാര്യങ്ങൾ കുറിക്കട്ടെ ..

പണവും പ്രശസ്തിയും അതിഷ്ടമല്ലാത്തവർ ആരുണ്ട് ?
പക്ഷേ ഇവ രണ്ടും മാത്രമല്ല ജീവിതം എന്ന് മനസിലാക്കുന്നിടത്ത് നമ്മൾ ജീവിച്ചു തുടങ്ങും . കാരണം
വെറും പതിനായിരം രൂപ ശമ്പളവും, ബാക്കി കാർന്നോർമാരുണ്ടാക്കിയതിന്റെ അംശത്തിൽ നിന്നും കടം പറ്റി ജീവിച്ചോണ്ടിരുന്ന നമ്മൾ കടൽതാണ്ടി ഇവിടെ വന്ന് ഇവിടുത്ത ഗവൺമെന്റിനെ തെറിവിളിക്കുമ്പോൾ അതിനുള്ള എന്ത് യോഗ്യതയാണ് നമുക്കുള്ളത് എന്നുകൂടെ ആലോചിക്കേണ്ടതുണ്ട് .

ജീവിത ചിലവുകൾ കൂടുമ്പോൾ അർഹിക്കുന്ന ശമ്പളം അത് ചോദിക്കുന്നതിൽ തെറ്റില്ല , ഇംഗ്ലീഷുകാർ അത് മാന്യമായി ചോദിക്കുകയും പിന്നീട് പതിവ് പോലെ തന്നെ അവരുടെ ജീവിതചര്യ തുടരുകയും ചെയ്യുമ്പോൾ മലയാളികളായിട്ടുള്ളവർ അതും നേഴ്‌സുമാർ പോലുമല്ലാത്തവർ ഇതിനെ പിടിച്ചു കത്തിച്ചു പുകച്ചു ആകെ മൊത്തം ആൾക്കാരെ ശ്വാസം മുട്ടിക്കുന്നു . അവർ ആ കത്തിച്ച പുകയിൽ പെട്ട്‌ സത്യമേത് മിഥ്യയേത് എന്നറിയാതെ നട്ടം തിരിയുന്ന പുതുതലമുറയിൽപ്പെട്ടവർ .

മാനുഷിക പരിഗണന കൂടുതലുള്ളൊരു നാടാണിത് . യുദ്ധങ്ങൾ നേരിൽ കണ്ടു അനുഭവിച്ചവരുടെ അവശേഷിപ്പുകളെ, ജീവിതത്തോട് സുല്ലുപറയാറായവരെ ഒക്കെ അവരുടെ നടേത് കളറേത് എന്ന് നോക്കി വേർതിരിക്കാതെ, അവരുടെ ആരോഗ്യ പാലനത്തിൻ മുൻതൂക്കം കൊടുക്കുന്നത് കൊണ്ടുമാത്രമാണ് നമ്മളിന്നീ തെറിപറയുന്ന സായിപ്പൻ ഗവൺമെന്റ് പല നാടുകളിൽ നിന്നും വിവിധ തരം ഹെൽത്ത് വർക്കർമാരെ കൊണ്ടുവന്നത് .

എങ്ങനെയെങ്കിലും ഇവിടെ വന്നൊരു മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് കൊതിച്ചിരുന്ന നമ്മൾ, അവർ തരാമെന്ന് പറഞ്ഞത് ഒരു മടിയും കൂടാതെ കൈനീട്ടി സ്വീകരിക്കുകയും, അതിൽ വളരുകയും ചെയ്തു . പക്ഷെ നാൾ രണ്ടു കഴിഞ്ഞപ്പോൾ അവരുടെ ഓഫർ നമുക്കിന്ന് പോരാതെയായി .

കോവിഡ് കാലത്ത്, ഗർഭാവസ്ഥകളിൽ , പ്രസവ ശേഷം , അതിനു ശേഷം കുഞ്ഞുങ്ങളുടെ പലതരം അരിഷ്ടതകളിൽ , കുടുംബപ്രശ്ന കാലങ്ങളിൽ , അനാരോഗ്യ കാലത്ത്, മാനസിക സംഘർഷ ഇടവേളകളിലൊക്കെ തന്നെ ശമ്പളമൊട്ടും തന്നെ കുറയാതെ നമ്മളെ ഇവർ പിടിച്ചെഴുന്നേല്പിക്കുന്നവരാണ് . അത് എൻഎച്ച്എസ്സിന്റെ മാത്രം ഒരു അനുകമ്പയല്ല , അതിൽ ഗവൺമെന്റിന്റെ കരുതലും സ്നേഹവും പ്രകടമായവ തന്നെയാണ് .

അതെ, ജീവിത ചിലവ് ഉയരുമ്പോൾ ശമ്പളം ഉയരേണ്ടതുണ്ട് , പക്ഷെ നേഴ്‌സുമാർ അല്ലാത്തവർ ഇതിനെതിരെ എന്തിനിത്ര ആഞ്ഞടിക്കുന്നുവെന്നറിയില്ല. കൗശലം കൂടുതലായതിനാൽ ഈയിടെ നടത്തിയ ഒരു അനോണിമസ് സർവ്വേയിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത് ഇവിടെ നേഴ്‌സുമാർക്ക് ശമ്പള വർദ്ധനവല്ല വേണ്ടത് മറിച്ചു സ്റ്റാഫ് ഷോർട്ടേജ് ഇല്ലാതാക്കി മെച്ചപ്പെട്ട വർക്കിങ് കണ്ടീഷൻ കൊടുക്കുക എന്നതാണ് അവർ ആഗ്രഹിക്കുന്നത് എന്നാണ് . അല്ലാതെ ശമ്പളവർദ്ധനവ് അവർ ചിന്തിക്കുന്നില്ല .

അതിനു പുറമെ എങ്ങനെയെങ്കിലും സ്റ്റാഫ് ഷോർട്ടേജ് പരിഹരിക്കാൻ ഫ്രീ ടിക്കറ്റും വിസയും മൂന്നു മാസ ജീവിത ചിലവും വാടകയുമെല്ലാം മുടക്കി നമ്മളെ ഇവിടെ കൊണ്ട് വന്ന് ഉടനെ തന്നെ ഒട്ടേറെ പേർ ഗർഭാവസ്ഥയിലേക്കും, പിന്നീട് അതിനോടനുബന്ധിച്ച അരിഷ്ടതകളിലേക്കും, ശേഷ കാല ശുശ്രൂഷയിലേക്കുമെല്ലാം മുഴുവൻ ശമ്പളവും കൈപ്പറ്റി തുടരെ തുടരെ കടന്ന് പോകുമ്പോൾ നമ്മളെ കൊണ്ടുവന്ന, അതിന് കൂട്ട് നിന്ന, എൻഎച്ച്എസ്സിന് ഗവൺമെന്റിന് നഷ്ടങ്ങളുടെ മേൽ നഷ്ടമല്ലാതെ എന്തുണ്ട് ബാക്കി ….

സ്റ്റാഫ് ഷോർട്ടേജ്‌ നികത്താൻ വന്ന നമ്മൾ തന്നെ പലവിധത്തിൽ സ്റ്റാഫ് ഷോർട്ടേജിന് പിന്നെയും ചാലുകൾ കീറി കൂടുതൽ വികൃതമാക്കി കൊടുക്കുന്നു . എന്നിട്ട് അവർക്കെതിരെ ആക്രോശിക്കുന്നു ….

ഒരുകാലത്തും പണത്തോടുള്ള ആർത്തിയും പ്രശസ്തിക്കുവേണ്ടിയുള്ള പിടിമുറുക്കങ്ങളും മലയാളി ഉള്ളത്ര നാൾ തുടർകഥ ആയികൊണ്ടേയിരിക്കും ……
അതിനാൽ ചിന്തിക്കുക നമുക്കീ പിടിവലി ആവശ്യമുള്ളതാണോ ?
പകരം നമുക്ക് നമ്മളുടെ പല കാര്യങ്ങളും ഇത്തിരി കൂടി റെസ്പോൺസിബിളായി ചിന്തിക്കാമെന്ന് തോന്നുന്നു ….

നോർത്ത് വെയിൽസ്‌: ക്രിസ്മസ് ദിനത്തിൽ യുകെ മലയാളികൾക്ക് വേദനയായി അങ്കമാലി കരയാമ്പറമ്പ് കാളാംപറമ്പിൽ ജീജോ ജോസിന്റെ (46) മരണം. ജീവിത പ്രതീക്ഷയോടും ജീവന്റെ നിലനിൽപ്പും പ്രതീക്ഷിച്ച് യു കെ യിൽ എത്തി നാല് മാസം തികയും മുമ്പ് ആണ് മരണത്തിന്റെ രംഗപ്രവേശം. മാഞ്ചസ്റ്ററിനടുത്തു ഡൻബിഗ് ഷെയർ, ബോഡാൽവിടാൻ കമ്മ്യുണിറ്റിയിൽ ഗ്ലാൻ ഗ്ലാഡ്‌ ഹോസ്പിറ്റലിൽ വെച്ചാണ് മരണം സംഭവിച്ചത്.

ജീജോ നാട്ടിൽ വെച്ച് തന്നെ ക്യാൻസർ രോഗത്തിൽ ചികിത്സയിലായിരുന്നെങ്കിലും രോഗം നിയന്ത്രണവിധേയം എന്ന് കരുതിയിരുന്നു. നോർത്ത് വെയിൽസിൽ സീനിയർ കെയർ ആയി കഴിഞ്ഞ വര്ഷം എത്തിയ തന്റെ ഭാര്യ നിഷയും  മൂന്നു മക്കളുമായി ജീവിതം പടുത്തുയർത്തുവാനായി നാല് മാസങ്ങൾക്ക് മുൻപ് യുകെയിൽ എത്തിച്ചേർന്നത്.

കാളാംപറമ്പിൽ വർക്കി ജോസ്, ജെസ്സി ജോസ് എന്നി ദമ്പതികളുടെ മകനാണ് പരേതനായ സിജോ ജോസ്. സുജ, റോബിൻ എന്നിവർ സഹോദരങ്ങളും. ഭാര്യ നിഷ ജീജോ. ജോഷ്വാ (13) ജൊഹാൻ (9)ജ്യുവൽ മറിയ (7) എന്നിവർ മക്കളാണ്.

മൃതദേഹം നാട്ടിൽ കൊണ്ടുപോയി അന്ത്യോപചാര ശുശ്രുഷകൾ നടത്തുവാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. പ്രാദേശിക മലയാളി അസോസിയേഷനും ബന്ധു മിത്രാദികളും കൂട്ടുകാരും  കുടുംബത്തിന് ആശ്വാസമായി ഒപ്പം ഉണ്ട്.

ജീജോ ജോസിന്റെ അകാല വേർപാടിൽ മലയാളം യുകെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം ദുഃഖിതരായ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

ബ്രിട്ടനില്‍ വീട്ടിനുള്ളില്‍ മരിച്ച മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. കൊല്ലം സ്വദേശിയായ വിജിന്‍ ആണ് ഡിസംബര്‍ 28 ന് ലിവര്‍പൂള്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പൊതുദര്‍ശനം നടത്തും.

കൊട്ടാരക്കര കിഴക്കേത്തെരുവ് ഇരുങ്ങൂര്‍ നീലാംവിളയില്‍ വി വി നിവാസില്‍ ഗീവര്‍ഗീസിന്റെയും ജെസിയുടെയും മകനാണ് വിജിന്‍. ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ എംഎസ്സി എന്‍ജിനിയറിങ്ങ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ്.

ബ്രിട്ടനിലെ ലിവര്‍പൂളിനടുത്ത് വിരാല്‍ ബെര്‍ക്കന്‍ഹെഡ് റോക്ക് ഫെറിയിലാണു വീടിനുള്ളില്‍ മരിച്ച നിലയില്‍ വിജിനെ കണ്ടെത്തിയത്. ഡിസംബര്‍ 2 ന് രാത്രി 10 മണിയോടെയാണ് മരണ വിവരം പുറത്തറിയുന്നത്. വിജിന്റെ വിയോഗം മലയാളികളായ സഹപാഠികള്‍ക്കും സുഹൃത്തുക്കള്‍ക്കും നൊമ്പരമായി.

വിജിന്റെ മരണശേഷമാണ് ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ വിജിന്റെ കോഴ്‌സിന്റെ പരീക്ഷാഫലം പുറത്തുവന്നത്. മികച്ച വിജയമായിരുന്നു വിജിന്‍ കൈവരിച്ചത്. തന്റെ പരീക്ഷാഫലം അറിയാനുള്ള വിധി പോലും വിജിന് ഉണ്ടായില്ല.

കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് യാത്രചെയ്ത വളര്‍ത്തുനായയെ വിമാനകമ്പനി അയച്ചത് സൗദിയിലേക്ക്. പൊന്നോമനയെ കിട്ടാതെ വിമാനത്താവളം വിട്ടുപോകില്ലെന്ന് ഉറച്ച കുടുംബത്തിന് സ്വന്തം നായയ്ക്കായി എയര്‍പോര്‍ട്ടില്‍ കാത്തിരിക്കേണ്ടി വന്നത് മൂന്നുദിവസം. സിനിമയെ പോലും വെല്ലുന്ന നാടകീയ രംഗങ്ങള്‍ അരങ്ങേറാന്‍ ഇടയായ സംഭവം ഇങ്ങനെ..

വളര്‍ത്തുനായയായ ബ്ലൂബെല്ലിനൊപ്പം ലണ്ടനിലേക്കുള്ള യാത്രയിലായിരുന്നു കുടുംബം. ബ്രിട്ടീഷ് എയര്‍വേസിലായിരുന്നു യാത്ര. യാത്രാവിമാനത്തില്‍ നായയെ ഒപ്പം കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ ഇതിനായുള്ള മറ്റൊരുവിമാനത്തിലായിരുന്നു ബ്ലൂബെല്ലിനെ കയറ്റിയിരുന്നത്. ലക്ഷ്യസ്ഥാനത്തെത്തിയ കുടുംബത്തിന് അല്പം കഴിഞ്ഞപ്പോള്‍ നായയെ ലഭിച്ചു.

പക്ഷേ കൂട് പരിശോധിച്ചപ്പോഴാണ് അത് ബ്ലൂബെല്‍ അല്ല എന്നറിയുന്നത്. ഇതോടെ ആകെ പ്രശ്‌നമായി. തങ്ങളുടെ എല്ലാമെല്ലാമായ ബ്ലൂബെല്ലിനെ കിട്ടാതെ വിമാനത്താവളം വിട്ടുപോകില്ലെന്ന് കുടുംബം ഉറപ്പിച്ചു പറഞ്ഞു. പരാതിപ്പെട്ടാല്‍ കാര്യങ്ങള്‍ പ്രശ്‌നമാകുമെന്ന് മനസിലാക്കിയ വിമാനക്കമ്പനി നായയെ അന്വേഷിച്ച് കണ്ടെത്തി.

ഒരുമണിക്കൂറിന് ശേഷം ബ്ലൂബെല്‍ സൗദി അറേബ്യയിലാണെന്ന് അറിഞ്ഞു. അവിടെ നിന്നുള്ള നായയുടെ ചിത്രം കുടുംബത്തെ കാണിച്ച് അത് ബ്ലൂബെല്‍ ആണെന്ന് ഉറപ്പിക്കുകയും ചെയ്തു. എങ്ങനെയോ അബദ്ധം പറ്റി മാറി അയച്ചതാണെന്നാണ് കമ്പനിക്കാര്‍ പറയുന്നത്.

നായയെ കിട്ടിയിട്ടേ വിമാനത്താവളം വിടൂ എന്ന് വാശിപിടിച്ച കുടുംബം മൂന്നുദിവസം നായയ്ക്കായി കാത്തിരുന്നു. ഒടുവില്‍ കിട്ടിയപ്പോഴോ ആകെ അവശയായ അവസ്ഥയിലും. ആഹാരവും വ്യായാമവും ഇല്ലാത്തതിനാലാണ് നായ ഇങ്ങനെയായതെന്നും എല്ലാത്തിനും കാരണം വിമാനകമ്പനിയാണെന്നുമാണ് കുടുംബം പറയുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ക്രിസ്തുമസിനെ വരവേൽക്കാൻ ലോകം ഒരുങ്ങിയിരിക്കുകയാണ്. സർവ്വമനുഷ്യരുടെയും രക്ഷയ്ക്ക് വേണ്ടിയുള്ള യേശുക്രിസ്തുവിന്റെ തിരുപ്പിറവിയെ വരവേൽക്കാൻ യുകെ മലയാളികൾക്കിടയിൽ നിന്ന് തന്നെ ക്രിസ്‌തുമസിന്റെ സന്ദേശവുമായി ഒരു മനോഹരഗാനം കൂടി പിറവിയെടുത്തിരിക്കുകയാണ്. വൻ ആസ്വാദക പ്രശംസയാണ് പ്രസ്തുത ആൽബത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആൽബത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് റോജൻ ടി ജോൺ ആണ്. പ്രശസ്ത സംഗീതജ്ഞൻ ബിജു കൊച്ചുതെള്ളിയിൽ ഈണമിട്ട വരികൾ ആലപിച്ചിരിക്കുന്നത് അഭിജിത് കൊല്ലം, മെലിൻ ലിവേറിയോ, റാണി, ഡിമ്പിൾ സാം, അന്ന ജിമ്മി മൂലംകുന്നം എന്നിവരാണ്.

പണ്ടുകാലത്തെ ക്രിസ്‌തുമസ് ഗാനങ്ങളോട് സമാനമായ അനുഭൂതി പകരുന്ന വരികളും സംഗീതവും ആലാപനവുമാണ് പാട്ടിനെ മികവുറ്റതാക്കുന്നത്. ജനമനസുകളിൽ ക്രിസ്തുമസിന്റെ ഓർമകൾ കൊണ്ടുവരുന്ന കുമാരി അന്ന ജിമ്മിയുടെ ആലാപനം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രശസ്ത സംഗീതജ്ഞൻ ഷാജി തുമ്പൈചിറ അച്ചൻെറ ആൽബത്തിലും പാടിയ ഗായിക കൂടിയാണ് അന്ന.

ആൽബം കാണുവാൻ;
https://youtu.be/lseG19dT9lo

ഇന്നലെ നടന്ന രണ്ടാം പാദ 12 മണിക്കൂർ നേഴ്സിംഗ്‌ സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ലണ്ടനിൽ നടന്ന മാർച്ചിൽ കൈരളി യുകെ പ്രതിനിധികളായി പ്രസിഡന്റ്‌ പ്രിയ രാജൻ, ദേശീയ കമ്മറ്റി അംഗം ബിജോയ്‌ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. ലേബർ പാർട്ടി നേതാവും എം.പിയുമായ ജോൺ മക്ഡൊണൽ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്ത ഐക്യദാർഢ്യ റാലിയിൽ മലയാളി നേഴ്സിംഗ് സമൂഹത്തെ പ്രതിനിധീകരിച്ച കൈരളിയുടെ സാന്നിദ്ധ്യം ശ്രദ്ദേയമായി.

കേംബ്രിഡ്ജ്‌, ബിർമ്മിങ്ഹാം എന്നിവിടങ്ങളിൽ കൈരളി പ്രവർത്തകർ പിക്കറ്റ്‌ പോയിന്റിൽ സമരത്തിൽ പങ്കാളികളായി. ദേശീയ കമ്മറ്റി അംഗങ്ങളായ പ്രതിഭാ കേശവൻ കേംബ്രിഡ്ജിലും, അഞ്ജന എലിസബത്ത്‌ ബിർമ്മിങ്ഹാമിലും പങ്കെടുത്തു.

നേഴ്സിംഗ്‌ സമൂഹത്തിന്റെ അവകാശ സമരത്തിൽ പങ്കാളികളായ കൈരളി പ്രവർത്തകർക്കും മറ്റ്‌ ബഹുജന ട്രേഡ്‌ യൂണിയൻ സംഘടനാ പ്രവർത്തകർക്കും സമരത്തിൽ പങ്കെടുത്ത്‌ ഐക്യദാർഢ്യം അറിയിച്ച പൊതുസമൂഹത്തിനും കൈരളി ദേശീയ കമ്മറ്റി നന്ദി അറിയിച്ചു.

അമിതമായ മദ്യലഹരിയിൽ യുവാവിന് നേരെ ആക്രമണം നടത്തിയ നാൽപതുകാരിയായ വീട്ടമ്മയ്‌ക്ക് ശിക്ഷ വിധിച്ച് കോടതി. ആറ് കുട്ടികളുടെ അമ്മയായ ജെമ്മ വൈറ്റ്‌സൈഡ് എന്ന യുവതിയാണ് ലൈംഗികാതിക്രമം നടത്തിയത്. ലിവ‌ർപൂളിലെ ഗൂഡീസൺ പാർക്കിൽ ഫെബ്രുവരി 26നായിരുന്നു സംഭവം.

മാഞ്ചസ്‌റ്റർ സിറ്റി ആരാധികയായ ജെമ്മ സംഭവദിവസം അമിതമായി മദ്യപിച്ചിരുന്നു. മത്സരം കാണാനെത്തിയ എവർടൺ ആരാധകനായ യുവാവിനെ പിന്നിൽ നിന്നെത്തിയ ജെമ്മ ദേഹത്ത് ഉരസുകയും യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടന്നുപിടിച്ച് ബലാൽസംഗ ഭീഷണി മുഴക്കുകയുമായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ യുവാവ് സ്‌തബ്ധനായിപ്പോയി. സംഭവത്തിൽ പുരുഷന്മാർക്ക് തുല്യമായ ശിക്ഷ നൽകണമെന്ന് ഇരയായ യുവാവ് വാദിച്ചെങ്കിലും ജെമ്മയ്‌ക്ക് കോടതി നല്ലനടപ്പ് ശിക്ഷയാണ് പ്രധാനമായും വിധിച്ചത്. മാത്രമല്ല495 യൂറോ പിഴശിക്ഷയും വിധിച്ചു.

ഇതിൽ 400 യൂറോയും ഇരയായ യുവാവിനാണ് നൽകേണ്ടത്.സംഭവസമയത്ത് ജെമ്മ അമിതമായി മദ്യപിച്ച നിലയിലായിരുന്നെന്ന് അതിക്രമത്തിനിരയായ യുവാവ് പറഞ്ഞു. ബ്രിട്ടണിൽ ഇരുപതിൽ ഒന്ന് പുരുഷന്മാ‌ർക്ക് നേരെ ലൈംഗികാതിക്രമ ശ്രമമുണ്ടാകുകയോ ആക്രമിക്കപ്പെടുകയോ ചെയ്യപ്പെടുന്നുണ്ടെന്നാണ് ലഭ്യമായ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനിടെയാണ് ഈ സംഭവം.

പുതുവർഷദിനത്തിൽ പ്രിയപെട്ടവരുമൊന്നിച്ചു ആടിയും പാടിയും ആഘോഷിക്കുവാൻ ലെസ്റ്റര്‍ മലയാളികള്‍ക്ക് അരങ്ങൊരുങ്ങുന്നു. ജനുവരി ഒന്നാം തീയതി വൈകുന്നേരം ലെസ്റ്റര്‍ മെഹർ സെന്ററിൽ ആണ് ‘ഹലോ 2023’ മെഗാ മ്യുസിക് ഡിജെ നൈറ്റ് അരങ്ങേറുന്നത്. ഇശൽ തേൻകണം ചൊരിയുന്ന ഗാനങ്ങളിലൂടെ മലയാളിയുടെ നെഞ്ചിൽ കൂട് കൂട്ടിയ കണ്ണൂർ ഷെരീഫും, ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർസിംഗറിൽ കൂടി മലയാളി കുടുംബങ്ങളുടെ ഓമനയായ മെറിൻ ഗ്രിഗറിയും, ദ്രുതതാള സംഗീതത്തിലൂടെ വേദികൾ കീഴടക്കുന്ന ഗായകൻ പ്രദീപ് ബാബുവും ചേര്‍ന്ന് നയിക്കുന്ന സംഗീതവിരുന്നാണ് ന്യൂഇയര്‍ ആഘോഷരാവിന് മാറ്റ് കൂട്ടാന്‍ അണിയറയില്‍ ഒരുങ്ങുന്നത്.

വാദ്യസംഗീതമായി ഹോർഷമിലെ വോക്‌സ് ആഞ്ചല ബാൻഡും , ന്യു ജനറേഷൻ സെൻസേഷനായ ഡിജെ കോബ്ര ദി ന്യുറോ ടോക്സിക്ന്റെ ഡിജെ ഫ്യുഷൻ മ്യൂസിക് പ്രകടനങ്ങളും, നൊസ്റ്റാൾജിയ ഉണർത്തുന്ന നാടൻ ഭക്ഷണശാലകളും കൂടിയാകുമ്പോൾ അത്യുഗ്രൻ പുതുവർഷ ആഘോഷമാണ് ലെസ്റ്റര്‍ മലയാളികളെ കാത്തിരിക്കുന്നത്.

കാവ്യാ സിൽക്ക്സ് ആൻഡ് സാരീസ് ബെൽഗ്രേവ് റോഡ് ലെസ്റ്ററും, ലൈഫ് ലൈൻ പ്രൊട്ടക്റ്റുമാണ് ഷോയുടെ മെയിൻ സ്പോൺസേർസ് . ബ്ളാക്ക് ബേർഡ് റോഡിനും അബേ പാർക്ക് റോഡിനും സമീപത്തതായി സ്ഥിതിചെയ്യുന്ന അതിവിശാലമായ പാര്‍ക്കിംഗ് സൗകര്യമുള്ള മെഹർ സെന്ററിലെ ‘ഹലോ 2023’ യുടെ ടിക്കറ്റുകൾക്ക് വമ്പിച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ടിക്കറ്റുകൾ ബുക്കിങ് അവസാനിപ്പിക്കുന്നതിന് മുൻപേ കരസ്ഥമാക്കുക.

ലെസ്റ്ററില്‍ നിന്നുള്ള കലാസ്നേഹികളായ സുഹൃത്ത് സംഘമാണ് സെവന്‍ സ്റ്റാര്‍സ് എന്റര്‍ടൈന്‍മെന്റ്സ് യുകെയുടെ ബാനറില്‍ ഹലോ 2023 എന്ന സംഗീതവിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിംഗിനും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക

[email protected]

⭐️ടെൽസ്മോൻ തോമസ് 07727 199884

⭐️അജയ് പെരുമ്പലത്ത് 07859 320023

⭐️ഫിലിപ്പ് കൊട്ടുപ്പള്ളിൽ 07723 365163

⭐️റോബിൻ ഇഫ്രേം 07944 689401

⭐️ബിനു ശ്രീധരൻ 07877 647436

⭐️ജോർജ്ജ് എടത്വ 07809 491206

⭐️ജോസ് തോമസ്‌ 07427632762

RECENT POSTS
Copyright © . All rights reserved