UK

വെസ്റ്റ് സസ്സെക്സ്/ ചിചെസ്റ്റർ  : ചിചെസ്റ്ററിൽ മലയാളി നഴ്സിന്റെ മരണം. ചിചെസ്റ്ററിലേ ആദ്യകാല മലയാളികളിൽ ഒരാളായ ജോണിയുടെ ഭാര്യയും ചിചെസ്റ്റർ NHS ആശുപത്രിയിലെ ബാൻഡ് ഏഴ് നഴ്‌സാണ് ജോലി ചെയ്തിരുന്ന റെജി ജോണിയാണ്  (49) അല്പം മുൻപ് മരണമടഞ്ഞിരിക്കുന്നത്. യുകെയിൽ എത്തുന്നതിന് മുൻപ് എറണാകുളം മെഡിക്കൽ ട്രസ്റ് ആശുപത്രിലെ നഴ്‌സായിരുന്നു പരേതയായ രജി ജോണി. ക്യാൻസർ ആണ് മരണകാരണം. ഭർത്താവ് ജോണി. ഒരു പെൺകുട്ടി (അമ്മു ജോണി ) മാത്രമാണ് ഈ ദമ്പതികൾക്കുള്ളത്.

കഴിഞ്ഞ വർഷം 2022 മെയ് മാസത്തിലാണ് സാധാരണപോലെ ആശുപത്രിയിൽ   ജോലി ചെയ്യവേ റെജിക്ക്‌ ഒരു ചെസ്റ് വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ വൈദ്യസഹായം ലഭിക്കുകയും ചെയ്‌തിരുന്നു. കോവിഡിന് ശേഷം ഉണ്ടായ ഈ വേദന കോവിഡിന്റെ പരിണിതഫലമാണ് എന്നാണ് തുടക്കത്തിൽ കരുതിയത്. എന്നാൽ തുടന്ന് നടന്ന പരിശോധനകളിൽ ക്യാൻസർ ആണ് എന്നുള്ള വസ്തുത മനസ്സിലാക്കുന്നത്.

പിന്നീട് തുടർ ചികിത്സകൾ നടത്തിവരവേ രോഗം തിരിച്ചറിഞ്ഞു ഒരു വർഷം പോലും പൂർത്തിയാകുന്നതിനു മുൻപേ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. രോഗ വിവരം തന്നെ സഹപ്രവർത്തകരെ ഞെട്ടിച്ചപ്പോൾ ചിചെസ്റ്ററിലെ മലയാളികളെ ഒന്നടങ്കം വേദനയിൽ ആഴ്ത്തിയാണ് ഇപ്പോൾ റെജിയുടെ നിത്യതയിലേക്കുള്ള യാത്ര.

റെജിയുടെ ശവസംസ്‌കാര ചടങ്ങുകൾ തൊടുപുഴക്കടുത്തു മാറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ വച്ച് നടത്തപ്പെടും.  യുകെയിലെ നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതിനുസരിച് നാട്ടിലെ തിയതി പിന്നീട് അറിയിക്കുന്നതാണ്. മരണത്തിന് മുൻപേ റെജിയുടെ തീരുമാനമാണ് സ്വന്തം മാതാപിതാക്കളെ അടക്കിയിരിക്കുന്ന സ്ഥലത്തുതന്നെ തന്നെയും സംസ്ക്കരിക്കണമെന്നുള്ളത്. പരേതയായ റെജിയുടെ മൂത്ത സഹോദരനാണ് ഈ വിവരം മലയാളം യുകെയുമായി വേദനയോടെ പങ്കുവെച്ചത്.

മറിക പാറത്തട്ടേൽ കുടുംബാംഗമാണ് പരേത. സഹോദരങ്ങൾ. പി ജെ ജോസ്, സണ്ണി ജോൺ, ജാൻസി ജോൺ,  ജിജി ജോൺ. ഏറ്റവും ഇളയവളായ ജിജി ജോണിയും പരേതയായ റെജിയും ഇരട്ടകുട്ടികളാണ്.

റെജിയുടെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെ അറിയിക്കുന്നതിനൊപ്പം പരേതക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

റെജിയുടെ സഹപാഠിയുടെ ഹൃദയസ്പർശിയായ കുറിപ്പുകൂടി വായിക്കാം..

റെജീ ,നീയും കാണാമറയത്ത് പോയി മറഞ്ഞല്ലോ ? നമ്മൾ 50 പേരിൽ ഓരോരുത്തരായി യാത്ര ആവുകയാണ് എത്ര ശ്രമിച്ചിട്ടും ഒന്നും മറക്കാൻ കഴിയുന്നില്ലെടാ .2022 June 24 ന് രണ്ടാഴ്ചത്തേക്ക് നാട്ടിൽ വരുമ്പോൾ എല്ലാവരെയും കാണണം എന്ന് പറഞ്ഞ് May 10th ന് ticket എടുത്തപ്പോൾ തന്നെ എൻ്റെ Leave ok ആക്കണമെന്ന് വിളിച്ച് പറഞ്ഞ നീ ,പിന്നീടുള്ള സംസാരങ്ങൾ എല്ലാം നമ്മളുടെ കണ്ടുമുട്ടലുകളെ കുറിച്ചായിരുന്നു ,പക്ഷേ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നീ നടത്തിയ പരിശോധനയിൽ May 26 ന് ആണ് CA Liver Secondary ആണെന്ന സത്യാവസ്ഥ മനസ്സിലായത് ,ആദ്യത്തെ കുറെ ദിവസം മനസ്സ് വേദനിച്ചെങ്കിലും നീ അതിൽ നിന്നെല്ലാം കരകയറി ,വീണ്ടും നമ്മുടെ സംസാരങ്ങൾ പഴയത് പോലെ ആയി ,നാട്ടിൽ വരണം എല്ലാവരെയും കണ്ട് പോരണം എന്ന് February വരെ നീ ആഗ്രഹിച്ചിരുന്നു ,പക്ഷേ March ആയപ്പോഴേക്കും നിൻ്റെ ആരോഗ്യനില മോശമായി തുടങ്ങി ,എന്നിരുന്നാലും നിന്നെ സ്നേഹിക്കുന്ന ഞങ്ങൾ എല്ലാവരും നിനക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്നു ,ദൈവം നല്ല മനുഷ്യരെ അധികകാലം ഭൂമിയിൽ നിർത്തില്ല ,അവരെ നേരത്തേ ദൈവസന്നിധിയിലേക്ക് വിളിക്കും ആകൂട്ടത്തിൽ നിന്നെയും വിളിച്ചു. മിനിമം ഒന്നര മണിക്കൂർ ആയിരുന്നു നമ്മുടെ ഫോൺ സംഭാഷണം ,എടീ എന്നാട്ടടീ വിശേഷം എന്ന നിൻ്റെ ചോദ്യം ഇനി എങ്ങനെ ഞാൻ കേൾക്കും .വീണ്ടും കണ്ട് മുട്ടും വരെ പ്രിയകൂട്ടുകാരി നിനക്കും വിട 🙏🙏😪😪 അമ്മുവിനും ജോണിക്കും സങ്കടകരമായ ഈ അവസ്ഥ തരണം ചെയ്യാൻ ജഗദീശരൻ ശക്തി നല്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു

ലണ്ടനില്‍ കൊല്ലപ്പെട്ട യുകെ മലയാളി ജെറാള്‍ഡ് നെറ്റോയുടെ സംസ്‌കാരം ഏപ്രിൽ 19 നു നടക്കും. സൗത്തുൾ ഹോര്‍ടസ് സെമിട്രിയില്‍ ഉച്ചയ്ക്ക് ഒരുമണിക്കാണു സംസ്‌കാരം. രാവിലെ 8.30 മുതല്‍ 10.30 വരെ സൗത്തുൾ ബീച്ച്‌ക്രോഫ്റ്റ് ഏവിലുള്ള വീട്ടില്‍ ശുശ്രൂഷകൾ നടക്കും. 11 മണിക്കു സെന്റ് ആൻസൽംസ് ചര്‍ച്ചിൽ പൊതുദർശനത്തിനും ശുശ്രൂഷകൾക്കുമായി മൃതദേഹം എത്തിക്കും. ഒരുമണിക്ക് സംസ്കാരം. രണ്ടുമണി മുതല്‍ ചര്‍ച്ച് ഹാളില്‍ റീഫ്രഷ്‌മെന്റും ഒരുക്കിയിട്ടുണ്ട്.

മാർച്ച് 18 നു സൗത്താളിന് സമീപം ഹാന്‍വെല്ലിൽ ഉക്‌സ്ബ്രിഡ്ജ് റോഡില്‍ വെച്ചാണു ജെറാള്‍ഡ് നെറ്റോ ആക്രമിക്കപ്പെട്ടത്. തദ്ദേശീയരായ യുവാക്കളായിരുന്നു ആക്രമണത്തിനു പിന്നിൽ. റോഡരികില്‍ മര്‍ദനമേറ്റ നിലയിലാണു ജെറാള്‍ഡിനെ കണ്ടെത്തിയത്. പൊലീസ് പട്രോള്‍ സംഘമാണ് ആശുപത്രിയില്‍ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ എത്തിയ ജെറാള്‍ഡിനെ ഉടന്‍ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെഞ്ചിൽ ആഴത്തില്‍ മുറിവേറ്റിരുന്നു.

സംഭവത്തിൽ പതിനാറു വയസ്സുള്ള രണ്ടുപേരെയും ഒരു ഇരുപതുകാരനെയും മെട്രോപൊളിറ്റന്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ ഒരു പതിനാറുകാരൻ ഇപ്പോഴും റിമാൻഡിലാണ്. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരുന്നതായി മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയാണ് ജെറാൾഡ്. ജെറാള്‍ഡിന്റെ മാതാപിതാക്കൾ ഉൾപ്പടെയുള്ള കുടുംബം വർഷങ്ങളായി ലണ്ടനിലാണ്. ഭാര്യ: ലിജിൻ ജെറാൾഡ് നെറ്റോ(ലത). മക്കൾ: ജെനിഫർ ജെറാൾഡ് നെറ്റോ, സ്റ്റെഫാൻ ജെറാൾഡ് നെറ്റോ. മാതാവ് മേരി നെറ്റോ

സംസ്കാര ക്രമീകരണങ്ങൾ നടക്കുന്ന സ്ഥലങ്ങളുടെ വിലാസം:

• Home Service: 10 Beachcroft Ave, Southall UB1 1LE, UK

• Church Service: St Anselms Church The Green, Southall UB2 4BE, UK

• Burial Service: Hortus Cemetery Merrick Road Southall UB2 4RP, UK

• Refreshments: St Anselms Church The Green, Southall UB2 4BE, UK

ക്രോയിഡോൺ :. ഏപ്രിൽ 15 ന് സെന്റ് ജൂഡ്സ് ചർച്ച്‌ ഓഡിറ്റോറിയത്തിൽ ഒഐസിസി യുകെ , സറേയുടെ നേതൃത്വത്തിൽ നടന്ന , ഇഫ്താർ സംഗമത്തിൽ , നോമ്പ് വിശ്വാസിയും ദൈവവും തമ്മിലുള്ള നേരിട്ടുള്ള ഇടപാടാണെന്നും ‘ഭക്ഷണം ഉണ്ടായിട്ടും അത് ഉപേക്ഷിക്കുന്ന മനുഷ്യന്‍ വിശപ്പിന്റെ ഉള്‍വിളി ദൈവത്തിനായി സമര്‍പ്പിക്കുന്നുമെന്നും, റംസാന്‍ മാസത്തില്‍ വിശപ്പിന്റെ രുചി അറിയുന്ന വിശ്വാസി സമൂഹത്തില്‍ ദാരിദ്ര്യം കൊണ്ട് പട്ടിണി കിടക്കുന്നവരെയും അല്‍പ ഭക്ഷണം കഴിക്കുന്നവരെയും ഓര്‍ക്കണം എന്ന വലിയ സന്ദേശം നൽകിയ പ്രൗഡഗംഭീരമായ, ഹൃദയത്തിൽ നിന്നുയർന്ന സ്നേഹ വിരുന്നായിരുന്നു .

സംഘാടകർ പ്രതീക്ഷിച്ചതുപോലെ ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ ജനങ്ങൾക്ക് , സമുന്നതരായ വിവിധ മത നേതാക്കന്മാരുടെ സൗഹാർദ്ദ സന്ദേശങ്ങൾ , സ്നേഹത്തിന്റെയും , സഹകരണത്തിന്റെയും പുതിയ മാർഗ്ഗ രേഖ നൽകുന്ന ഒന്നായിമാറി .. മത , സാമൂഹിക , സാംസ്‌കാരിക നേതാക്കന്മാർ പങ്കെടുത്ത ഇഫ്താർ സംഗമത്തിൽ സമൂഹത്തിന് മാതൃകയാവുന്ന തലത്തിൽ സ്നേഹ സമ്പുഷ്ടമായിരുന്നു , സംഗമത്തിന്റെ മുഖ്യ പ്രഭാഷകന്മാരാഎത്തിയ ജനാബ് മുഹമ്മദ് മുനീബ് നൂറാനിയും , ഫാ. ടോമി അടാറ്റും , ശ്രീ വി മംഗളനും , ഇത്രയധികം ജനപങ്കാളിത്തമുള്ള പരുപാടി സംഘടിപ്പിച്ചതിൽ ,സംഘാടകരെ മുക്തകണ്ഠം പ്രശംസിച്ചു !!, പ്രസ്തുത സമ്മേളനത്തിൽ ഒഐസിസി യുകെ , സറേ പ്രസിഡന്റ് ശ്രീ വിൽസൺ ജോർജ് തന്റെ അധ്യക്ഷ്യ പ്രസംഗത്തിൽ വ്രതമനുഷ്ഠിക്കുകയെന്നാല്‍ ആത്മാര്‍ഥതയോടെ നമ്മുടെ പോരായ്മകളും പരാജയങ്ങളും വൈരുധ്യങ്ങളും നിരീക്ഷിക്കുക എന്നാണര്‍ഥം മെന്നും ഒളിച്ചുവയ്ക്കാനോ നുണപറയാനോ ഉള്ള ശ്രമമല്ലന്നും ഓർമ്മിപ്പിച്ചു , തുടന്ന് ഒഐസിസി യുകെ , സറേ എക്സിക്യൂട്ടീവ് അംഗവും , 2023 ഇഫ്താർ സംഗമത്തിന്റെ ഇൻചാർജ്മായ ശ്രീ അഷ്‌റഫ് അബ്‌ദുല്ല എത്തിച്ചേർന്ന വിശിഷ്ട അഥിതികൾക്കും ഒത്തുകൂടിയ ജനങ്ങൾക്കും സ്വാഗതമരുളി , വിശ്വാസത്തിന്റെയും ആത്മീയതയുടെയും അവബോധത്തിന്റെയും ദാനത്തിന്റെയും ഐക്യത്തിന്റെയും നീതിയുടെയും മാന്യതയുടെയും ഏകത്വത്തിന്റെയും പാഠശാലയാണ് വ്രതാനുഷ്ഠാനമാസമെന്ന് ജനാബ് മുഹമ്മദ് മുനീബ് നൂറാനി തന്റെ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു .

ഓരോ മനുഷ്യനും ദൈവികത വ്രതത്തിലൂടെ തേടുകയാണെന്നും . നമുക്കപ്പുറത്തേക്ക് നോക്കാന്‍ ഓരോരുത്തരോടും, അതാവശ്യപ്പെടുന്നു എന്നും ബൈബിളിലെ നല്ല അയൽക്കാരന്റെ ഉപമ അവതരിപ്പിച്ചു ഫാ . ടോമി അടാട്ട് പ്രസ്ഥാപിച്ചു , തുടന്ന് മുഖ്യ പ്രഭാഷകനായെത്തിയ ശ്രീ വി മംഗളൻ , നമ്മൾക്ക് ധ്യാനിക്കാനും ചിന്തിക്കാനും സ്‌നേഹത്തോടെ ആരോടും ഇടപെടാനും നമുക്ക് സമയമുണ്ടാവണമെന്ന് ഉദ്ബോധിപ്പിച്ചു.

സമ്മേളനത്തിൽ ആശംസകൾ അറിയിച്ച ഒഐസിസി യുകെ, നാഷണൽ പ്രസിഡന്റ് ശ്രീ കെ കെ മോഹൻദാസ് , ഒട്ടനവധി ജനസമ്പർക്ക പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്ന ഒ.ഐ.സി.സിക്ക് മത സൗഹാർദത്തിനായി ഒരുപാട് കാര്യങ്ങൾ മുന്നിൽ നിന്ന് ചെയ്യുവാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് സമ്മേളത്തിൽ ഒത്തുകൂടിയ ഇത്രയും ആളുകൾ എന്ന് ചൂണ്ടിക്കാട്ടി ,നമ്മൾ വിദേശ മലയാളികൾ , കരുതലിന്റെയും , സ്നേഹത്തിന്റെയും മാതൃകയാകേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു , തുടർന്ന് ഒഐസിസി യുകെ, സറേ റീജൺ വൈസ് പ്രസിഡന്റും ,ഒഐസിസി, സറേ ഇഫ്താർ സംഗമം 2023 ന്റെ കൺവീനറും ആയ ശ്രീ അനൂപ് ശശി നമ്മുടെ ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും ശ്രദ്ധയില്ലായ്മയെയും ജീവിതത്തെത്തന്നെയും വിമര്‍ശനാത്മകമായി വിലയിരുത്താനുള്ള മാസമാണിതെന്നും ധ്യാനിക്കാനും ചിന്തിക്കാനും സ്‌നേഹത്തോടെ ആരോടും ഇടപെടാനും നമുക്ക് സമയമുണ്ടാവണമെന്നും അതിനായി നാം ഓരോരുത്തരും മുന്നിട്ടിറങ്ങണം എന്നും ഇത്രയും ഭംഗിയായി ഇഫ്താർ സംഗമം നടത്താൻ സഹായിച്ച ഓരോ നല്ല മനസുകൾക്കും ഹൃദയത്തിന്റ ഭാഷയിൽ നന്ദിയർപ്പിച്ചു , തുടന്ന് നടന്ന തുടന്ന് നോമ്പ് മുറിക്കലും പ്രൗഡ ഗംഭീരമായ ഇഫ്‌താർ വിരുന്നും കരുതലും സ്നേഹവും , സഹവർത്തിത്വവും വിളിച്ചോതുന്നതായിരുന്നു .. ഇത്രയും ഗംഭീരമായ ഇഫ്താർ പാർട്ടിക്ക് നേതൃത്വം വഹിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് ഒഐസിസി യു.കെ. സറേ ജനറൽ സെക്കട്ടറി ശ്രീ സാബു ജോർജ്ജ് അറിയിച്ചു .

ഒഐസിസി നാഷണൽ കമ്മറ്റി വൈസ് പ്രസിഡണ്ടുമാരായ ശ്രീ സുജു ഡാനിയേൽ , ശ്രീ അൽസാർ അലി ,നഷനൽ കമ്മറ്റി ജനറൽ സെകട്ടറിമാരായ ശ്രീ അപ്പാ ഗഫുർ , ഷാജി ആനന്ദൻ , ഒഐസിസി നാഷണൽ കമ്മറ്റി ട്രഷറർ ശ്രീ ജവഹർ ലാൽ , നാഷണൽ കമ്മറ്റി അംഗമായ ശ്രീ സാജു മണകുഴി ,ഒഐസിസി എലിഫൻറ് ആൻഡ് കാസിൽ കമ്മിറ്റി പ്രസിഡന്റ്ശ്രീ യഹിയ അന്നശേരി , ഒഐസിസി യുകെ, സറേ എക്സിക്യൂട്ടീവ് അംഗമായ ശ്രീ ജോർജ് ജോസഫ്‌ , എന്നിവരും ഇഫ്താർ സംഗമത്തിന് നേതൃത്വം വഹിച്ചു, ഇഫ്താർ സംഗമത്തിൽ തിങ്ങിക്കൂടിയ ജങ്ങൾക്ക് , നല്ല സന്ദേശങ്ങളുടെയും , ഭക്തി സാന്ദ്രമായ , രുചിയോടുള്ള നോമ്പ് തുറക്കലും ഒത്തുചേർന്ന .. ഒരിക്കലും മറക്കാനാവാത്ത അനുഭവമായി മാറി.

വെസ്റ്റ് ലണ്ടൻ സൗത്ത്ഹാൾ ചർച്ച് ഓഫ് ഗോഡ് സഭാഗം ബ്രദർ ജെയിംസ് എബ്രഹാം (ജോസ് ആലുമ്മൂട്ടിൽ, 56 വയസ്സ്) ഏപ്രിൽ 16 ഞാറാഴ്ച്ച ലണ്ടനിൽ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.പതിനഞ്ചു വർഷം മുൻപാണ് യുകെയിൽ എത്തിയത്.

ഭാര്യ : സിസ്റ്റർ അജി ജെയിംസ്. മകൾ : ഐയ്റിൻ ജെയിംസ്.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും, മലയാളം യുകെ ന്യൂസിന്റ് അനുശോചനം അറിയിക്കുന്നു.

എബ്രഹാം കുര്യൻ

ലണ്ടൻ: മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന മലയാള ഭാഷാപഠന ക്ലാസ്സിന്റെ ഔപചാരികമായ ഉദ്ഘാടനവും സാംസ്കാരിക സംവാദവും നാളെ (16/4/23) ഞായർ ലണ്ടനിലെ ഈസ്റ്റ്ഹാമിലുള്ള കേരള ഹൗസിൽ നടത്തപ്പെടുന്നു. പ്രശസ്ത നോവലിസ്റ്റും വിവർത്തകനുമായ ടി ഡി രാമകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും. “ടെക്നോളജിയുടെ കാലത്തെ മലയാള ഭാഷ-സാധ്യതകളും, വെല്ലുവിളികളും” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ചകളും സാംസ്കാരിക സംവാദവും നടത്തുന്നതാണ്. ലണ്ടനിലെ കലാസാംസ്കാരിക രംഗത്തെ ശ്രദ്ധേയരായവരും പങ്കെടുക്കും.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ലണ്ടനിലെ മലയാളി അസോസിയേഷൻ ഓഫ് യുകെയുടെ ( MAUK) സഹകരണത്തോടെയാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. എല്ലാ ഭാഷാ സ്നേഹികളെയും മലയാളം മിഷൻ യു കെ ചാപ്റ്റർ ആരംഭിക്കുന്ന ഓൺലൈൻ ഭാഷാ പഠന ക്ലാസിന്റെ ഔപചാരികമായ ഉദ്ഘാടന ചടങ്ങുകളിലേക്കും സാംസ്കാരിക സംവാദത്തിലേക്കും സ്നേഹാദരവോടെ ക്ഷണിക്കുന്നു.

യുകെയുമായി ബന്ധമുള്ള തമിഴ് മനുഷ്യാവകാശ പ്രവർത്തക രജിനി തിരണഗാമയുടെ ജീവിതത്തെ ആസ്പദമാക്കി പ്രശസ്ത സാഹിത്യകാരനും വിവർത്തകനുമായ ടി ഡി രാമകൃഷ്ണൻ രചിച്ച ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, മലയാറ്റൂർ അവാർഡ്, അബുദാബി ശക്തി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. യുകെയിൽ വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിനായി എത്തി ശാസ്ത്ര പ്രബന്ധങ്ങൾ രചിക്കുന്നതിനോടൊപ്പം സ്ത്രീ ശാക്തീകരണത്തിനും ബ്രിട്ടനിലെ കറുത്ത വർഗ്ഗക്കാരുടെ അവകാശങ്ങൾക്കും വേണ്ടി ശ്രീമതി രജിനി നടത്തിയ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ സ്മരണാർഹമാണ്. അവരുടെ ജീവിതം തന്റെ നോവലിലൂടെ വരച്ചുകാട്ടിയതിലൂടെ ടി ഡി രാമകൃഷ്ണന് യുകെയുമായുള്ള ബന്ധവും എടുത്തു പറയേണ്ടതാണ്. ഫ്രാൻസിസ് ഇട്ടിക്കോര, മാമ ആഫ്രിക്ക, അന്ധർ ബധിരർ മൂകർ, പച്ച മഞ്ഞ ചുവപ്പ് തുടങ്ങിയ ശ്രദ്ധേയമായ നോവലുകളും കൂടാതെ ചില തമിഴ് നോവലുകളുടെ വിവർത്തനങ്ങളും ശ്രീ രാമകൃഷ്ണൻ നടത്തിയിട്ടുണ്ട്.

മലയാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ മലയാളം മിഷൻ യുകെ ചാപ്റ്ററിന് പഠനകേന്ദ്രങ്ങൾ ഉള്ളത്. ഈ പരിമിതിയെ മറികടക്കുന്നതിനും കൂടുതൽ മലയാളി കുടുംബങ്ങളുടെ അഭാവം മൂലം മലയാളം ക്ലാസുകൾ സംഘടിപ്പിക്കുവാൻ സാധിക്കാത്ത സ്ഥലങ്ങളിലുമുള്ള കുട്ടികളെയും വീട്ടിലിരുന്ന് മലയാളം പഠിപ്പിക്കുന്നതിനു വേണ്ടിയാണ് ഓൺലൈൻ മലയാളം ക്ലാസുകൾ ആരംഭിക്കുന്നതിന് മലയാളം മിഷൻ യുകെ ചാപ്റ്റർ തീരുമാനം എടുത്തിട്ടുള്ളത്.

യുകെയിലെ എല്ലാ പ്രദേശങ്ങളിലുമുള്ള ഭാഷാസ്നേഹികളായ മലയാളികളുടെ കുട്ടികൾക്ക് ഭാഷാ പഠനം സാധ്യമാക്കുന്നതിനുള്ള ഓൺലൈൻ ക്ലാസിന്റെ ഉദ്ഘാടനം നാളെ ശ്രീ ടി ഡി രാമകൃഷ്ണൻ നടത്തുന്ന ചടങ്ങിലും അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ “ടെക്നോളജിയുടെ കാലത്തെ മലയാളഭാഷ-സാധ്യതകളും, വെല്ലുവിളികളും” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ചർച്ചകളിലും സാംസ്കാരിക സംവാദത്തിലും എല്ലാ ഭാഷാ സ്നേഹികളും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി എബ്രഹാം കുര്യൻ എന്നിവർ അഭ്യർത്ഥിച്ചു.

Address: Kerala House, 671 Romford Road, Manor Park, London, E12 5AD

Date and time: 16th April 2023, 5PM.

ബാബു മങ്കുഴിയിൽ

കടുവ എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ “ആവോ ദാമാരോ” എന്ന പാട്ടിലൂടെ മലയാളികളുടെ മനം കവർന്ന അതുൽ നറുകരയ്ക്കൊപ്പം പ്രശസ്ത സിനിമ ടെലിവിഷൻ താരങ്ങളായ പ്രശാന്ത് കാഞ്ഞിരമറ്റം ,ദിലീപ് കലാഭവൻ ,മ്യൂസിക് റിയാലിറ്റി ഷോ താരവും പ്ലേബാക്ക് സിങ്ങറും ആയ ആര്യ കൃഷ്ണൻ ,ഗിറ്റാർ ,കീബോർഡ് പെർഫോമൻസും പാട്ടുകളും ആയി ഷിനോ പോളും യുകെയിൽ അങ്ങോളമിങ്ങോളം ഏപ്രിൽ 14 മുതൽ ഷോകൾ അവതരിപ്പിക്കും .

ഐക്യം കൊണ്ടും,അംഗബലം കൊണ്ടും അതിലേറെ സാമൂഹ്യ പ്രതിബദ്ധത കൊണ്ടും കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെ ഇപ്സ്വിച് മലയാളികളുടെ മനസുകളിൽചിര പ്രതിഷ്ഠ നേടിയ ഇപ്സ്വിച് മലയാളി അസോസിയേഷന്റെ ഇക്കൊല്ലത്തെ ഈസ്റ്റർ ,ഈദ് ,വിഷു ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകാൻ ഈ കലാകാരൻമാർ ഏപ്രിൽ 16 ന് ഇപ്സ്വിച്ചിലെ സെന്റ്‌ ആൽബൻസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഐ എം എ യുടെ കലാകാരന്മാരോടൊപ്പം അണിനിരക്കുന്നു .

അതുൽ നറുകര : കലാഭവൻ മണിയെന്ന അതുല്യ കലാകാരന് ശേഷം നാടൻ പാട്ടുകൾക്ക് പുതിയമാനങ്ങൾ നൽകി തന്റേതായ സ്വതസിദ്ധമായ ആലാപന ശൈലിയിൽ മലയാളികൾക്ക് സുപരിചിതനാണ് അതുൽ നറുകര

കടുവ എന്ന സിനിമയിലെ “പാലാ പ്പള്ളി” എന്ന ഗാനത്തിലൂടെ മലയാള സിനിമ പിന്നണിഗാന രംഗത്ത് അരങ്ങേറ്റം കുറിച്ച ഇദ്ദേഹം സ്വദേശത്തും വിദേശത്തും നിരവധി സ്‌റ്റേജുകൾ കയ്യടക്കുകയാണ് .


പ്രശാന്ത് കാഞ്ഞിരമറ്റം : 25 വർഷത്തെ കലാജീവിതത്തിലൂടെ സിനിമാനടൻ,മിമിക്രി ആർടിസ്റ്റ് , ടി വി പ്രെസെന്റർ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച കലാകാരനാണ് .

എം.എസ് പ്രദീപ് കുമാർ സംവിധാനം ചെയ്ത റിഥം എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി, ആട് ഒരു ഭീകരജീവിയാണ്, അലമാര, പഞ്ചവർണ്ണതത്ത, മാർഗംകളി, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങി പതിനാറോളം ചിത്രങ്ങളിൽ പ്രശാന്ത് അഭിനയിച്ചിട്ടുണ്ട് .മികച്ച കലാകാരനെന്ന ഖ്യാതി നേടിയ പ്രശാന്തിന്‌ ഇപ്സ്വിച്ചിലേക്കു വീണ്ടും സ്വാഗതം .

ഷിനോ പോൾ: സംഗീത ലോകത്ത്‌ വർഷങ്ങളായി തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച അതുല്യപ്രതിഭയാണ് ഷിനോപോൾ .സംഗീതം ഒരു ഉപാസനയായി കൊണ്ടുനടക്കുന്ന,വേറിട്ടശബ്ദത്തിനുടമയായ ഷിനോ നല്ലൊരു ഗിറ്റാർ ,കീബോർഡ് പ്ലെയർ കൂടിയാണ് . 2016ൽ കോമഡി ഫിയസ്റ്റാ എന്ന പ്രോഗ്രാമിലൂടെ ഇപ്സ്വിച് മലയാളികൾക്ക് സുപരിചിതനായ ഇദ്ദേഹം വീണ്ടും ഇപ്സ്വിച്ചിലെത്തിച്ചേരുന്നു.

ദിലീപ് കലാഭവൻ : അനേകം കലാകാരന്മാരെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത മിമിക്രിയുടെ ഈറ്റില്ലമായ കൊച്ചിൻ കലാഭവനിലൂടെ കലാജീവിതത്തിനു തുടക്കം കുറിച്ച് അനവധി ടിവി ചാനലുകളിലൂടെയും വിദേശ ഷോകളിലൂടെയും ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ കലാകാരനാണ് ദിലീപ് കലാഭവൻ. ലോക മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച ഫ്‌ളവേഴ്‌സ് കോമഡി ഒരുക്കിയ കോമഡി ഉത്സവം എന്ന പ്രോഗ്രാമിലൂടെയും 360ഓളം കലാകാരന്മാർ മാറ്റുരച്ച മഴവിൽ മനോരമ ഒരുക്കിയ മിമിക്രി മഹാമേള എന്ന പ്രോഗ്രാമിലൂടെയും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു ദിലീപ് കലാഭവൻ .

അമർ അക്ബർ അന്തോണി,കട്ടപ്പനയിലെ ഋതിക് റോഷൻ തുടങ്ങി 14 ഓളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് ഈ അതുല്യകലാകാരൻ .

ആര്യ കൃഷ്ണൻ : ഫ്‌ളവേഴ്‌സ് ടി വി ,കൈരളി ,വി ചാനൽ,തുടങ്ങി നിരവധി ചാനലുകളിലൂടെ മലയാളികളുടെ മനം കവർന്ന ആര്യ കൃഷ്ണൻ നിരവധി വിദേശ സ്‌റ്റേജ്ഷോകളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് .

ഈസ്റ്റർ ,ഈദ്,വിഷു ആഘോഷങ്ങൾക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി അസോസിയേഷൻ പ്രസിഡന്റ് ബാബു മത്തായിയും,സെക്രട്ടറി ജിനീഷ് ലൂക്കയും അടങ്ങുന്ന കമ്മിറ്റി അറിയിച്ചു .

നല്ലൊരു സായാഹ്നം സകുടുംബം സുഹൃത്തുക്കളോടൊരുമിച്ചു ആഘോഷിക്കുവാൻ ഇപ്സ്വിച് മലയാളി അസോസിയേഷൻ ഏവരെയും സെന്റ്‌ ആൽബൻസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്ത് കൊള്ളുന്നു .

Date :16/04/2023

Time :5 PM

Address : St Albans high school

Digby road

Ipswich

IP4 3NJ.

രണ്ടാഴ്ച മുമ്പ് ലണ്ടനിൽ നിന്നെത്തിയ യുവതി വീടിനുള്ളിൽ ജീവനൊടുക്കിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം കുടമാളൂർ സ്വദേശിനി മഹിമ മോഹൻ (25) ലണ്ടനിൽ നടന്ന തട്ടിപ്പിനെ,തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് ഇപ്പോൾ സംശയം. കുടമാളൂർ സ്വദേശിയായ അനന്തു ശങ്കറും മഹിമ മോഹനും ഒരു വർഷം മുൻപാണ് വിവാഹിതരായത്.

വിവാഹശേഷം ലണ്ടനിലേക്ക് പോയ ഇരുവരും സണ്ടർലാൻഡിലെ ഒരു മലയാളി കെയർ ഏജൻസിയിൽ താൽക്കാലികമായി ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ കെയർ ഏജൻസി നടത്തിപ്പുകാർ ജോലി,

നൽകിയതിന് പണം നൽകിയില്ലെന്നും ആക്ഷേപമുണ്ട്. അനന്തു ശങ്കറും മഹിമ മോഹനും യുകെയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.

വിഷു ആഘോഷിക്കാനെന്ന പേരിലാണ് നാട്ടിലെത്തിയതെന്നും എന്നാൽ സാമ്പത്തിക പ്രതിസന്ധിയും ചെയ്ത ജോലിക്ക് ശമ്പളം മുടങ്ങിയതും കാരണം യുകെ വിട്ടതായി ചില സുഹൃത്തുക്കൾ പറയുന്നു.

അവധിക്ക് നാട്ടിലെത്തിയപ്പോൾ അച്ഛനും അമ്മയ്ക്കും ആവശ്യമായ സാധനങ്ങൾ വാങ്ങണമെന്ന് മഹിമ മോഹൻ ആഗ്രഹിച്ചിരുന്നുവെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഒന്നും വാങ്ങാൻ കഴിഞ്ഞില്ല.

ഇതെല്ലാം മഹിമയെ മാനസികമായി തളർത്തി. കഴിഞ്ഞ ദിവസമാണ് മഹിമയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബി.ബി.സി സംപ്രേഷണം ചെയ്യുന്ന ബ്രിട്ടീഷ് കബഡി ലീഗിൽ ചരിത്രത്തിൽ ആദ്യമായി മലയാളികളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടു നോട്ടിങ്ങാം റോയൽസ് എന്ന ടീം മത്സരിക്കുന്ന വിവരം സന്തോഷപൂർവം അറിയിച്ചുകൊള്ളട്ടെ. നോട്ടിങ്ങാം റോയൽസിന്റെ ചെയർമാൻ നിധിൻ സ്കറിയ, ആലപ്പുഴ സ്വദേശിയും മുൻ ഇംഗ്ലണ്ട് കബഡി ടീമംഗവും ഇപ്പോൾ നോട്ടിങ്ങാം റോയൽസിന്റെ ക്യാപ്റ്റനുമായ സജു മാത്യു, വൈസ് ക്യാപ്റ്റൻ ഹരി, മുൻ ബ്രിട്ടീഷ് കബഡി ലീഗ് ചാമ്പ്യനും ഇപ്പോൾ നോട്ടിങ്ങാം റോയൽസിന്റെ കോച്ചുമായ രാജു ജോർജ് എന്നിവരാണ് ടീമിലെ പ്രധാന അംഗങ്ങൾ.

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ തൊടുപുഴ സ്വാദേശി കമല ശ്രീധരന്റെ ചികിത്സയ്ക്ക് വേണ്ടി നടത്തിയ ഈസ്റ്റർ ചാരിറ്റിയുടെ ലഭിച്ച 1895 പൗണ്ട് ( 192079 രൂപ ) കമല ശ്രീധരന്റെ വീട്ടിൽ എത്തി പ്രൊഫസർ ടി ജെ ജോസഫ് സാർ കൈമാറി .കമലയുടെയും കുടുംബത്തിന്റെയും വേദന ഞങ്ങളെ അറിയിച്ച യു കെ യിലെ ചെംസ്ഫോർഡ്, എസെക്സിൽ താമസിക്കുന്ന തൊടുപുഴ മുതലക്കുടം സ്വദേശി ടോമി സെബാസ്റ്റ്യൻ, പഞ്ചായത്തു മെമ്പർ സിജിൽ ജോ ,എന്നിവർ സന്നിഹിതരായിരുന്നു .ഇത്തരം ഒരു നന്മ പ്രവർത്തി ചെയ്ത ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെയും യു കെ മലയാളികളെയും അഭിനധിക്കുന്നുവെന്നു ചെക്ക് കൈമാറികൊണ്ട് നടത്തിയ പ്രസംഗത്തിൽ ജോസഫ് സാർ പറഞ്ഞു

ഈസ്റ്റർ ചാരിറ്റിക്ക് ഞങ്ങൾക്ക് ലഭിച്ച 1895 പൗണ്ട് ( 192079 രൂപ ) കൂടാതെ 45000 രൂപ നേരിട്ടും കമലയുടെ അക്കൗണ്ടിൽ ലഭിച്ചിരുന്നു അങ്ങനെ ആകെ ലഭിച്ചത് 237079 രൂപ. ഈ എളിയ പ്രവർത്തനത്തിൽ ഞങ്ങളോട് സഹകരിച്ച എല്ലാവർക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

ഞങ്ങളുടെ ഈ എളിയപ്രവർത്തനങ്ങൾക്ക് സൗജന്യമായി നിയമസഹായം നൽകിയ ഡൊമിനിക് & കോ സോളിസിറ്റേഴ്സ് ലിമിറ്റഡ് ഉടമ, അഡ്വക്കേറ്റ് ഡൊമിനിക് കാർത്തികപിള്ളിൽ ആന്റണിയോടും ആദരണീയനായ തമ്പി ജോസിനോടും ഞങ്ങൾക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെയിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 1,16 ,00000 (ഒരുകോടി പതിനാറു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് ..
ഇടുക്കി ചാരിറ്റിഗ്രൂപ്പ് യു കെ യ്ക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: കേരളത്തിൽ നിന്നും യുകെയിലെത്തിയ വിദ്യാർത്ഥികൾക്കായി ലണ്ടനിൽ ‘നെറ്റ്‌വർക്കിംഗ് ഇവന്റ്’ സംഘടിപ്പിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ പ്രവർത്തകർ. ഐഒസി കേരള ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് ലണ്ടനിലെ സ്ട്രാറ്റ് ഫോർഡിൽ ‘നെറ്റ്‌വർക്കിംഗ് ഇവന്റ്’ സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾക്ക് സാധ്യമാകുന്ന എല്ലാ സഹായങ്ങളും പിന്തുണയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ സംഘടിപ്പിക്കപ്പെട്ടത്.

ലൗട്ടൺ കൗൺസിൽ മുൻ മേയർ ഫിലിപ്പ് എബ്രഹാം നെറ്റ്‌വർക്കിംഗ് ഇവന്റ് ഉദ്ഘാടനം ചെയ്തു. ഐഒസി യുകെ കേരള ചാപ്റ്റർ യൂത്ത് വിംഗ് ലീഡർ നിധീഷ് കടയങ്ങൻ അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റ് ഹാം കൗൺസിലർ ഇമാം ഹഖ്, ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയേൽ, യൂത്ത് വിങ്‌ പ്രതിനിധികളായ എഫ്രേം സാം, അളക ആർ തമ്പി, അസ്‌ലം എം സാലി, ബിബിൻ ബോബച്ചൻ, ജോൺ പീറ്റർ എന്നിവർ പ്രസംഗിച്ചു. ഐഒസി വക്താവ് അജിത് മുതയിൽ സ്വാഗതവും യൂത്ത് വിങ് ലീഡർ വിഷ്ണുദാസ് കൃതജ്ഞതയും പറഞ്ഞു.

യുകെയിലെത്തി തന്റെ ജീവിതം കെട്ടിപ്പടുക്കുന്നതിൽ എടുത്ത 50 വർഷത്തെ അധ്വാനവും ജീവിതാനുഭവങ്ങളും ഉദ്ഘാടകനായ ഫിലിപ്പ് എബ്രഹാം പങ്കുവെച്ചത് വിദ്യാർത്ഥികൾക്ക് ഒരു പുത്തൻ അനുഭവമായി. വിദ്യാർത്ഥികൾ സമൂഹത്തിൽ ഇടപെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച കൗൺസിലർ ഇമാം ഹഖ് യുകെയിൽ എത്തുന്ന വിദ്യാർത്ഥികൾക്കുള്ള എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്തു.

യുകെയിൽ വിദ്യാർത്ഥികളായി എത്തിയവർ വിദ്യാഭ്യാസം പൂർത്തിയാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമായി കാണാനാണമെന്നും പൊതു ജനങ്ങൾക്കിടയിൽ സാമൂഹ്യ പ്രതിബദ്ധരായിരിക്കണമെന്നും ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയേൽ പറഞ്ഞു. അതിനായി ഐഒസി യുകെയുടെ പരിപൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു.

നെറ്റ്‌വർക്കിംഗ് ഇവന്റിൽ പങ്കെടുത്ത വിദ്യാർത്ഥികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. ശക്തമായ പിന്തുണ വാദ്ഗാനം ചെയ്തു കൂടെചേർത്തു നിറുത്തുന്ന ഐഒസിയെ ഏറെ സ്നേഹത്തോടും ആദരവോടും കാണുന്നുവെന്നും അറിയിച്ചു. യുകെയിലെ വിവിധ പ്രദേശങ്ങളിലുള്ള യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ പ്രതിനിധീകരിച്ചുകൊണ്ട് അമ്പതോളം പേർ പങ്കെടുത്തു.

RECENT POSTS
Copyright © . All rights reserved