ഞെട്ടിക്കുന്ന വാർത്തകളിലേക്കായിരുന്നു ഇംഗ്ലണ്ടിലെ നോട്ടിങാം പട്ടണം ഇന്നലെ ഉറക്കമുണർന്നത് . നഗരത്തിന്റെ മൂന്നു ഭാഗത്തായുണ്ടായ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു എന്നുള്ളതായിരുന്നു ആ വാർത്ത.

19 വയസുമാത്രം പ്രായമുള്ള രണ്ട് വിദ്യാർഥികളും മധ്യവയസ്കനായ ഒരാളുമാണ് കഠാരയാക്രമണത്തിൽ കൊല്ലപ്പെട്ടത്. വഴിയാത്രക്കാരായ മറ്റു മൂന്നുപേർക്കു നേരേ വാനിടിച്ചു കയറ്റിയായിരുന്നു അടുത്ത ആക്രമണം. ഒരാൾ തന്നെയാണ് മൂന്നു സംഭവങ്ങൾക്കു പിന്നിലും എന്ന നിഗമനത്തിലാണ് പോലീസ്.

ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെയാണ് നോട്ടിങാം സിറ്റി സെന്ററിലെ ഇൽകെസ്റ്റൺ റോഡിൽ 19 വയസ്സുള്ള രണ്ട് വിദ്യാർഥികൾ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. തുടർന്ന് ഒന്നര മണിക്കൂറിനു ശേഷം 5.30നാണ് അടുത്തസംഭവം ഉണ്ടായത്. സിറ്റി സെന്ററിലെ മിൽട്ടൺ സ്ട്രീറ്റിൽ മൂന്നുപേർക്കു നേരേ ഒരാൾ വാൻ ഇടിച്ചുകയറ്റി. മൂന്നുപേർക്കും ഗുരുതരമായി പരിക്കേറ്റു. വാനിനെ പിന്തുടർന്ന പോലീസ് മേപ്പിൾ സ്ട്രീറ്റിൽ വാൻ തടഞ്ഞ് ഡ്രൈവറായ യുവാവിനെ അറസ്റ്റുചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് 31 വയസ്സുള്ള യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഭീകരാക്രമണമാണോ എന്നതുൾപ്പെടെയുള്ള സ്ഥിരീകരണത്തിനു ശേഷമാകും ഔദ്യോഗിക വിശദീകരണം ഉണ്ടാവുക .

ഇതിനുശേഷമാണ് മഗ്ദല റോഡിൽ 50 വയസ് പ്രായമുള്ള ഒരാളെ കുത്തേറ്റ് മരിച്ചനിലയിൽ പോലീസ് കണ്ടെത്തിയത്. ബിസിനസുകാരനായ ഇയാളെ അപായപ്പെടുത്തിയശേഷം അപഹരിച്ച വാനാണ് യുവാവ് മിൽട്ടൺ സ്ട്രീറ്റിൽ ആളുകൾക്കിടയിലേക്ക് ഓടിച്ചു കയറ്റിയതെന്നാണ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. എന്നാൽ പോലീസ് ഇക്കാര്യങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നില്ല.

മൂന്നു സംഭവങ്ങളുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നു എന്നു മാത്രമാണ് പോലീസ് ഭാഷ്യം. നോട്ടിങാം യൂണിവേഴ്സിറ്റിയിലെ അണ്ടർ ഗ്രാജ്വേറ്റ് വിദ്യാർഥികളായ ബാൺബേ വെബ്ബർ (19) ഗ്രേയ്സ് കുമാർ (19) എന്നീ വിദ്യാർഥികളാണ് ആക്രമണത്തിൽ മരിച്ചവർ. യൂണിവേഴ്സിറ്റിയിലെ ക്രിക്കറ്റ് താരമാണ് ബാൺബേ വെബ്ബർ. മികച്ച ഹോക്കി താരമായ ഗ്രേയ്സ് കുമാർ ഇംഗ്ലണ്ടിന്റെ അണ്ടർ-16, അണ്ടർ-18 ഹോക്കി ടീമിലെ അംഗമായിരുന്നു.

ആയിരക്കണക്കിന് മലയാളികൾ താമസിക്കുന്ന പട്ടണമാണ് ബ്രിട്ടണിലെ നോട്ടിങാം. നോട്ടിംങ്ങാം യൂണിവേഴ്സിറ്റിയിലും മലയാളികളായ നൂറുകണക്കിന് വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഇവരെയെല്ലാം ആശങ്കയിലാഴ്ത്തുന്ന സംഭവമാണ് സിറ്റി സെന്ററിൽ നടന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത ആക്രമണ വാർത്തകളുടെ ഞെട്ടലിലാണ് നോട്ടിങാമിലെ മലയാളി സമൂഹം.