മെയ് 28നു ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ച പ്രതിഭാ കേശവന് യുകെയിലെ പ്രിയപ്പെട്ട സുഹൃത്തുക്കളും സഖാക്കളും കണ്ണീരോടെ യാത്രാമൊഴിയേകി. കേംബ്രിഡ്‌ജ്‌ ക്യൂയ് വില്ലേജ് ഹാളില്‍ പൊതുദർശനത്തിലും തുടർന്ന് നടന്ന അനുസ്മരണ യോഗത്തിലും പ്രതിഭയുടെ സഹോദരിയുൾപ്പെടെ അടുത്ത ബന്ധുക്കളും സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട സുഹൃത്തുക്കളും ആദരാഞ്ജലികൾ അർപ്പിച്ചു.

ശ്രീ നാരായണ ധർമ്മ സംഘം . സ്വാസ്റ്റൻ മലയാളി കമ്മ്യൂണിറ്റി, കേംബ്രിഡ്‌ജ്‌ മലയാളി അസ്സോസിയേഷൻ , കേംബ്രിഡ്‌ജ്‌ കേരള കൾച്ചറൽ അസോസിയേഷൻ ,കുമരകം കൂട്ടായ്മ തുടങ്ങിയ സംഘടനകളുടെയും പ്രതിഭയുടെ സഹപ്രവർത്തകരുടെയും സഹകരണത്തോടെയാണ് കൈരളി യുകെ ചടങ്ങു സംഘടിപ്പിച്ചത്. ഒരു ഭിന്നതകൾക്കും ഇടം കൊടുക്കാതെ ഒത്തൊരുമയോടെ ഈ സംഘടനകൾ പ്രതിഭയുടെ മരണാനന്തരം ഉള്ള രേഖകൾ ശരിയാക്കുവാനും ഭൗതിക ശരീരം നാട്ടിലെത്തിക്കുവാനും ഉള്ള പ്രവർത്തനങ്ങൾ മാതൃകാപരമായി ഏറ്റെടുത്തു നടത്തി.

കേംബ്രിഡ്‌ജ്‌ ആഡൻബ്രൂക്ക്സ് ആശുപത്രിയിൽ നഴ്‌സായിരുന്ന പ്രതിഭ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ കൈരളി യുകെയുടെ ദേശീയ കമ്മറ്റി അംഗവും കേംബ്രിഡ്‌ജ്‌ യൂണിറ്റ് പ്രസിഡന്റുമായിരുന്നു .
പ്രതിഭയുടെ സഹപ്രവർത്തകരും വിവിധ സംഘടനാപ്രതിനിധികളും പ്രതിഭയെ ചടങ്ങിൽ അനുസ്മരിച്ചു സംസാരിച്ചു . പ്രതിഭയുടെ സാമൂഹ്യപ്രതിബദ്ധയും സഹജീവികളോടുള്ള കരുണയും സേവനതല്പരതയും ശ്ലാഘനീയമാണെന്നു അനുസ്മരണ യോഗത്തിൽ എല്ലാവരും എടുത്തുപറഞ്ഞു.

ജൂൺ 10 ശനിയാഴ്ച രാവിലെ 9 മണി മുതൽ 11 മണിവരെയാണ് പ്രതിഭയുടെ അന്തിമ ദർശനത്തിനും ആദരാഞ്ജലികൾ അർപ്പിക്കുവാനുമായി അവസരം ഒരുക്കിയിരുന്നത്. കൈരളി യുകെ നാഷണൽ കമ്മിറ്റി അംഗം ജെറി വല്യറ ചടങ്ങുകൾ നിയന്ത്രിച്ചു.

ശ്രീനാരായണ ധർമ്മ സംഘം ചടങ്ങിൽ യുകെ പ്രാർത്ഥനാ ഗീതങ്ങൾ ആലപിച്ചു. പ്രതിഭയെ അനുസ്മരിച്ചുകൊണ്ട് കുടുംബത്തിനുവേണ്ടി കൈരളി യുകെ പ്രസിഡന്റ് പ്രിയരാജൻ സംസാരിച്ചു. പ്രതിഭയുടെ ജീവിതവും സാമൂഹ്യപ്രവർത്തനങ്ങളും അനുസ്മരിച്ച പ്രിയ അകാലത്തിലുള്ള ഈ വേർപാട് പ്രതിഭയുടെ കുടുംബത്തെപ്പോലെ കൈരളിയ്ക്കും നികത്താനാവാത്ത നഷ്ടം ആണെന്ന് പറഞ്ഞു.

അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് (AIC) നു വേണ്ടി രാജേഷ് ചെറിയാൻ പ്രിയ സഖാവിനു അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.

റെവ. ഫാദർ John Mihn പ്രാർത്ഥനകൾക്കും അന്ത്യോപചാര പ്രാർത്ഥനകൾ ചൊല്ലി. തുടർന്ന് ശ്രീ നാരായണ ധർമ്മ സംഘം പ്രവർത്തകർ പ്രതിഭയ്ക്ക് യാത്രാമൊഴിയേകി. പ്രതിഭയ്ക്ക് പ്രിയപ്പെട്ട ലാൽസലാം വിളിച്ചാണ് പ്രിയ സഖാക്കൾ അന്തിമ വിട നൽകിയത്.

തുടർന്ന് നടന്ന അനുസ്മരണയോഗത്തിൽ കൈരളിയുടെ കേംബ്രിഡ്‌ജ്‌ യുണിറ്റ് അംഗവും പ്രതിഭയുടെ പ്രിയ സുഹൃത്തുമായിരുന്ന രഞ്ജിനി ചെല്ലപ്പൻ സ്വാഗതം ആശംസിച്ചു. ആഡൻബ്രൂക്ക്സ് ഹോസ്പിറ്റലിലെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും വേണ്ടി സംസാരിച്ച ലിസ ഡൺലപ് , ദീപ ചെറിയാൻ എന്നിവർ പ്രതിഭയുടെ ജോലിയിലെ ആത്മാർത്ഥതയും സ്നേഹത്തോടെയുള്ള പെരുമാറ്റവും അനുസ്മരിച്ചു.

തുടർന്ന് സ്വാസ്റ്റൻ മലയാളി കമ്മ്യൂണിറ്റിക്കു വേണ്ടി ജോജോ ജോസഫ് , കേംബ്രിഡ്‌ജ്‌ മലയാളി അസ്സോസിയേഷനുവേണ്ടി മഞ്ജു ടോം , കൈരളി യുകെ നാഷണൽ കമ്മിറ്റിയിൽ പ്രതിഭയോടൊപ്പം പ്രവർത്തിച്ച എൽദോ പോൾ , ലിനു വർഗ്ഗീസ് , ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) ജ. സെക്രട്ടറി ലിയോസ് പോൾ , കേംബ്രിഡ്‌ജ്‌ കേരള കൾച്ചറൽ അസോസിയേഷൻ പ്രതിനിധി റോബിൻ കുര്യാക്കോസ് , കുമരകം കൂട്ടായ്മ പ്രതിനിധി ജോമോൻ കുമരകം , പ്രതിഭ പ്രസിഡന്റ് ആയ കൈരളി യുകെ കേംബ്രിഡ്‌ജ്‌ ബ്രാഞ്ച് സെക്രട്ടറി വിജേഷ് കൃഷ്ണൻകുട്ടി എന്നിവർ പ്രതിഭയെ അനുസ്മരിച്ചു സംസാരിച്ചു. യുകെ യിൽ പുതിയതായി എത്തിയ സമയത്തു ഒരു അത്യാവശ്യ ഘട്ടത്തിൽ തനിക്കു താങ്ങായിനിന്നു സഹായിച്ച പ്രതിഭയുടെ കരുണയും സഹായിക്കാനുള്ള മനസ്സും സ്വന്തം അനുഭവത്തിലൂടെ ഷഹാന വിവരിച്ചു.

പ്രതിഭയുടെ ബന്ധുവും നാട്ടുകാരനുമായ പ്രമോദ് കുമരകം പ്രതിഭയുമായുള്ള പരിചയവും , ബാല്യകാലവും പ്രതിഭയുടെ എളിമയെയും അവർ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളെയും കുറിച്ച് വിശദമായി സംസാരിച്ചു.

പ്രതിഭ ഏറ്റെടുക്കുകയും തുടങ്ങിവെയ്ക്കുകയും ചെയ്ത സൽപ്രവർത്തികൾ കൂടുതൽ ഭംഗിയായി മുന്നോട്ട് കൊണ്ടുപോവും എന്ന് പ്രതിഭയോടൊപ്പം പ്രവർത്തിച്ചവർ ഉറപ്പുനല്കി.

പ്രതിഭയുടെ ഭൗതികശരീരം ശനിയാഴ്ച രാത്രിയിലെ എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേയ്ക്ക് കൊണ്ടുപോയി. കുമരകത്തുള്ള സ്വവസതിയിൽ ഞായറാഴ്ച പ്രതിഭയുടെ അന്തിമ കർമ്മങ്ങൾ നടന്നു