ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകം കീഴടക്കിയ മഹാമാരിയെ ചെറുത്തത് വാക്സിനുകൾ ഫലപ്രദമായി ജനങ്ങളിലേയ്ക്ക് എത്തിച്ചാണ്. ഇത്രയും പെട്ടെന്ന് വാക്സിനുകൾ വികസിപ്പിച്ചെടുത്തത് വൈദ്യശാസ്ത്രത്തിന്റെ നേട്ടമായാണ് അന്ന് ലോകമെങ്ങും കൊട്ടി ഘോഷിക്കപ്പെട്ടത്. എന്നാൽ വാക്സിനുകൾക്ക് പല പാർശ്വഫലങ്ങളും ഉണ്ടെന്ന വാർത്തകൾ കടുത്ത ഞെട്ടലാണ് ലോകമെങ്ങും സൃഷ്ടിച്ചിരിക്കുന്നത്.
പ്രശസ്ത ബിബിസി ജേർണലിസ്റ്റും റേഡിയോ ജോക്കിയുമായിരുന്ന ലിസാ ഷായുടെ മരണം 44 വയസ്സിലായിരുന്നു. ലിസ ഷായുടെ മരണത്തിന്റെ കാരണമായ ആരോഗ്യസ്ഥിതിയിലേക്ക് നയിച്ചത് കോവിഡ് വാക്സിൻ ആണെന്ന് നിർമ്മാണ കമ്പനിയായ ആസ്ട്രാസെനെക്ക സമ്മതിച്ചതാണ് ഇപ്പോൾ വൻ വാർത്തയായിരിക്കുന്നത്. കഴിഞ്ഞ കുറെ നാളായി ലിസാ ഷായുടെ മരണത്തെ തുടർന്ന് അവരുടെ ഭർത്താവും സമാനമായ ദുരന്തം നേരിടുന്നവരും ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രാസെനക്കയ്ക്കെതിരെ നിയമ യുദ്ധം നടത്തി വരുകയായിരുന്നു. വാക്സിൻ എടുത്തതിനുശേഷം തങ്ങളുടെ പ്രിയപ്പെട്ടവർ മരിക്കുകയോ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയോ ചെയ്തതിന്റെ പേരിൽ നിയമ യുദ്ധം നടത്തിയവർക്ക് അനുകൂലമായ വാർത്തകൾ ഈ ആഴ്ച ആദ്യമായാണ് പുറത്തുവന്നത്.
യുകെയിലും ഇന്ത്യയിലും ഉള്‍പ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് പ്രതിരോധത്തിന് വ്യാപകമായി ഉപയോഗിച്ച കോവിഷീല്‍ഡ് വാക്സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് സാധ്യത ഉണ്ടെന്ന് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനക്ക(AstraZeneca) തുറന്നു സമ്മതിക്കുകയായിരുന്നു . കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ബ്രിട്ടീഷ് മരുന്ന് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനക്ക ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് രക്തം കട്ടപിടിക്കാനും പ്ലേറ്റ് ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കമ്പനി യുകെയിലെ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ഇന്ത്യയില്‍ ഇത് വിതരണം ചെയ്തത് പൂനെവാല സെറം ഇന്‍സ്റ്റിറ്റ്യൂട്ടായിരുന്നു. കോവിഷീല്‍ഡ്, വാക്സ്സെവരിയ എന്നീ വാക്സിനുകളുടെ നിര്‍മ്മാതാക്കളാണ് ആസ്ട്രാസെനക്ക. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്നാണ് ആസ്ട്രാസെനക്ക ഈ വാക്സിനുകള്‍ വികസിപ്പിച്ചെടുത്തത്. ഇത് രണ്ടും ആഗോള തലത്തില്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.
നടൻ ജയറാമിന്റെയും നടി പാര്‍വതിയുടേയും മകൾ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയും യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ നവനീത് ഗിരീഷാണ് മാളവികയുടെ വരന്‍. ഗുരുവായൂർ അമ്പലത്തിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു വിവാഹം. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ് നവനീത്.
അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇന്ന് തൃശൂരിൽ നടക്കുന്ന വിവാഹ സൽക്കാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ചലച്ചിത്ര- കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. നടൻ കാളിദാസ് ജയറാമാണ് മാളവികയുടെ സഹോദരൻ. ഈ വർഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. കൂര്‍ഗിലെ മൊണ്‍ട്രോസ് റിസോര്‍ട്ടിലായിരുന്നു മാളവികയുടെ വിവാഹനിശ്ചയം.
രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റർ വൺഡേ ക്രിക്കറ്റ് ടൂർണ്ണമെൻറ് പ്രിസ്റ്റൺ സ്ട്രൈക്കെസ് ചാമ്പ്യൻമാരായി, പ്ലാറ്റ്ഫീൽഡ് ഇലവൺ രണ്ടാം സ്ഥാനവും നേടി. മിഡ് ലാൻഡ്സിലെ പതിനാല് ടീമുകൾ പങ്കെടുത്ത ടൂർണ്ണമെൻറ് എഡ്ക്സ് ദുബായ് ,കുട്ടനാട് ടേസ്റ്റ് ,ലൂലു മിനിമാർട്ട് മാഞ്ചസ്റ്റർ ,ഡോൺ ജോസഫ് ലൈഫ് ലൈൻ പ്രോട്ടക്റ്റ് ,മലബാർ സ്‌റ്റോർ സ്റ്റോക്പോർട്ട് എന്നിവരുടെ സഹകരണത്തോടെ മാഞ്ചസ്റ്റർ നൈറ്റ്സ് സംഘടിപ്പിച്ചത്. ആളുകളുടെ പങ്കാളിത്തം കൊണ്ടും സംഘടനാ മികവുകൊണ്ടും മികവാർന്ന ടൂർണ്ണമെൻറ് നടത്താൻ മാഞ്ചസ്റ്റർ നൈറ്റ്സിനായി.
ടൂർണമെന്റിലെ എല്ലാം കളികളും ലൈവ് ടെലിക്കാസ്റ്റ് നടത്തി പുതിയ ഒരു തുടക്കം കുറിച്ചു നൈറ്റ്സ് മഞ്ചേരിസ്റ്റർ ക്ലബ് . അത്യന്ത്യം വാശിയേറിയ ഫൈനലിൽ പതിനഞ്ച് റൺസിനാണ് പ്രിസ്റ്റൺ സ്ട്രൈക്കെസ് വിജയിച്ചത്. ഫൈനലിൽ പ്രിസ്റ്റൺ സ്ട്രൈക്കെസിലെ അനുപ് മാൻഓഫ് ദി മാച്ചും, ടൂർണ്ണമെൻറ്റിൽ നൈറ്റ്സിലെ അബിജിത്ത് ജയൻ മാൻഓഫ്‌ദി സിരീസും, പ്രിസ്റ്റൺ സ്ട്രൈക്കെസിലെ നരേദ്ര കുമാൻ ബെസ്റ്റ് ബാസ്റ്റ്മാനും, പ്ലാറ്റ്ഫീൽഡ് ഇലവനിലെ ഷാരോൺ ബെസ്റ്റ് ബൗളറും ആയി.
ലണ്ടൻ: ഗുരുവായൂരപ്പന്റെ പരമ ഭക്തനും ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ചെയർമാനുമായിരുന്ന തെക്കുമുറി ഹരിദാസ് എന്ന യുകെ മലയാളികളുടെ സ്വന്തം ഹരിയേട്ടൻ അന്തരിച്ചിട്ട് മാർച്ച് 24 ന് മൂന്ന് വർഷം തികഞ്ഞു. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ 29 വർഷങ്ങളായി മുടക്കമില്ലാതെ വിഷുദിനത്തിൽ പ്രത്യേക വിഷുവിളക്ക് നടത്താൻ അത്യപൂർവ്വ ഭാഗ്യം സിദ്ധിച്ച ആളായിരുന്നു ഹരിയേട്ടൻ. 32 വർഷങ്ങൾക്കു മുൻപ് എല്ലാ വർഷവും, ഉദാരമതികളായ ഭക്തജനങ്ങളിൽ നിന്നും സ്വരൂപിക്കുന്ന സംഭാവനകളിലൂടെയും ഗുരുവായൂരിലെ ചില വ്യക്തികളുടെ അശ്രാന്ത പരിശ്രമത്തിലൂടെയും ചെറിയ തോതിൽ നടത്തിവന്നിരുന്ന വിഷുവിളക്ക് പിന്നീട് ഭഗവാന്റെ നിയോഗം എന്നപോലെ ഹരിയേട്ടൻ മുൻകൈയെടുത്തു സ്ഥിരമായി സ്പോൺസർ ചെയ്തു വിപുലമായി നടത്തി വരികയായിരുന്നു. ലണ്ടനിലെ ഇന്ത്യൻ എംബസ്സിയിലെ ഔദ്യോഗികത്തിരക്കും, കുടുംബ-ബിസിനസ്സ് തിരക്കും, പൊതുകാര്യ സന്നദ്ധ പ്രവർത്തനങ്ങളുമെല്ലാം എത്രയേറെയുണ്ടെങ്കിലും, 29 വർഷവും മുടങ്ങാതെ വിഷുദിനത്തിൽ ഗുരുവായൂരപ്പനെ കാണുവാനും വിഷുവിളക്കു ഭംഗിയായി നടത്തുവാനും ഭഗവത് സന്നിധിയിൽ എത്തിയിരുന്നു ഹരിയേട്ടൻ. ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിക്കാറുള്ള പാവങ്ങൾക്കായുള്ള വിഷുസദ്യയും വർഷങ്ങളായി അമ്മയുടെ പേരിൽ മുടങ്ങാതെ സ്പോൺസർ ചെയ്ത് നടത്തിയിരുന്നതും ഹരിയേട്ടനായിരുന്നു.
ഹരിയേട്ടന്റെ ഓർമ്മക്കായി 2022 ഏപ്രിൽ മുതൽ ലണ്ടനിൽ എല്ലാ വർഷവും വിഷു വിളക്കും സൗജന്യ വിഷു സദ്യയും ഹരിയേട്ടന്റെ കുടുംബവും ലണ്ടൻ ഹിന്ദു ഐക്യവേദിയും ചേർന്ന് നടത്തിവരുന്നു. ഈ വർഷത്തെ ലണ്ടൻ വിഷു വിളക്ക് 2024 ഏപ്രിൽ 27 ന് വെസ്റ്റ് തൊൺടൻ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് പൂർവ്വാധികം ഭംഗിയായി നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് ലണ്ടൻ ഹിന്ദു ഐക്യവേദിയുടെയും മോഹൻജി ഫൗണ്ടേഷന്റെയും സന്നദ്ധസേവകർ. ഗുരുവായൂർ ദേവസ്വം കീഴേടം പുന്നത്തൂർ കോട്ട മേൽശാന്തി ശ്രീ വാസുദേവൻ നമ്പൂതിരി വിഷു പൂജയ്ക്ക് നേതൃത്വം നൽകും. ശ്രീ വാസുദേവൻ നമ്പൂതിരിയുടെ കയ്യിൽനിന്ന് ഭദ്രദീപം ഏറ്റുവാങ്ങി ഹരിയേട്ടൻറെ കുടുംബാങ്ങങ്ങളോടൊപ്പം വിശിഷ്ടാതിഥികളും വിഷുവിളക്ക് കൊളുത്തി കാര്യ പരിപാടികൾക്ക് തുടക്കം കുറിക്കും. ഹരിയേട്ടന്റെ ഓർമ്മക്കായ് തെളിയിക്കുന്ന വിഷു വിളക്ക്, LHA കുട്ടികളും മുതിർന്നവരും ചേർന്ന് സമർപ്പിക്കുന്ന വിഷു കാഴ്ച, പ്രശസ്ത നർത്തകരായ വാണി സുതൻ, വിനീത് വിജയകുമാർ പിള്ള, കോൾചെസ്റ്ററിൽ നിന്നുള്ള നൃത്യ ടീം മുതലായവർ അവതരിപ്പിക്കുന്ന നൃത്തശില്പം, യുകെയിലെ അനുഗ്രഹീത ഗായകരായ രാജേഷ് രാമൻ, ലക്ഷ്മി രാജേഷ്, ഗൗരി വരുൺ, വരുൺ രവീന്ദ്രൻ മുതലായവർ അണിയിച്ചൊരുക്കുന്ന സംഗീത വിരുന്ന് “മയിൽപീലി”, മുരളി അയ്യരുടെ നേതൃത്വത്തിൽ ദീപാരാധന, വിഭവ സമൃദ്ധമായ വിഷു സദ്യ (അന്നദാനം) എന്നിവയാണ് ലണ്ടൻ വിഷുവിളക്കിനോടനുബന്ധിച് ഏപ്രിൽ 27 ന് നടത്തുവാനുദ്ദേശിച്ചിരിക്കുന്ന കാര്യപരിപാടികൾ.
ഹരിയേട്ടനുമായുള്ള ഓർമ്മകൾ അദ്ദേഹത്തിന്റെ കുടുംബാങ്ങങ്ങളും സുഹൃത്തുക്കളും “ഓർമ്മകളിൽ ഹരിയേട്ടൻ” എന്ന പേരിൽ പങ്കുവെക്കുന്നതും വിഷു വിളക്കിന്റെ പ്രത്യേകതയാണ്. ഹരിയേട്ടനോട് അടുത്ത് നിൽക്കുന്നവരും യുകെയിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കുന്ന ലണ്ടൻ വിഷു വിളക്കിലേക്ക് എല്ലാ സഹൃദയരെയും ഭഗവത് നാമത്തിൽ സ്വാഗതം ചെയ്തുകൊള്ളുന്നതായി ഹരിയേട്ടന്റെ കുടുംബത്തോടൊപ്പം ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും അറിയിച്ചു.
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536.
Vishu Vilakku Venue: West Thornton Communtiy Cetnre, London Road, Thornton Heath, Croydon CR7 6AU
Date and Time: 27 April 2024
For further details please contact
Email: [email protected]
ഗ്ലാസ്‌ഗോ: ജപ്പാനിൽ വെച്ച് നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യു കെ ക്കു ചാമ്പ്യൻ പട്ടം. ഒന്നാം സ്ഥാനവും, സ്വർണമെഡലും, മെറിറ്റ് സർട്ടിഫിക്കറ്റും കരസ്ഥമാക്കികൊണ്ടാണ് യു കെ ക്കും, ഒപ്പം മലയാളികൾക്കും അഭിമാനം പകരുന്ന വിജയം ടോം ജേക്കബ് നേടിയെടുത്തത്. ജപ്പാനിൽ ചിബാ-കെനിലെ, മിനാമിബോസോ സിറ്റിയിൽ നടന്ന ഇൻ്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ, ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ കരാട്ടെ മത്സരാർത്ഥികൾക്കൊപ്പം രണ്ടു ദിവസം നീണ്ട പോരാട്ടത്തിൽ നിന്നാണ് ടോം ജേക്കബ് ചാമ്പ്യൻ പട്ടം ഉയർത്തിയത്.
ഇന്ത്യയിൽ നിന്നും ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ് സ്കോട്ലൻഡിലെ ഇൻവർക്ലൈഡിലേക്ക് എത്തിയ ടോം പഠനത്തോടൊപ്പം ആയോധന കലകളും ഒരുമിച്ചു തുടരുകയായിരുന്നു. അന്തരാഷ്ട്ര മത്സരത്തിൽ തന്റെ ഇഷ്‌ട ഇനമായ കരാട്ടെയിൽ വിജയക്കൊടി പാറിക്കുവാൻ കഴിഞ്ഞതിൽ അതീവ സന്തുഷ്ടനാണെന്നും, ലോകത്തിലെ തന്നെ ഏറ്റവും പ്രഗത്ഭരുമായി മത്സരിക്കുവാൻ സാധിച്ചത്, മികച്ച അനുഭവമായിരുന്നുവെന്നും ടോം പറഞ്ഞു. ജപ്പാൻ സന്ദർശനം ഏറെ ആസ്വദിച്ചുവെന്നും, ഏറെ മനോഹരവുമെന്നും, അവിടുത്തെ ജനത ഏറെ അച്ചടക്കവും, നിശ്ചയ ദാർഢ്യം ഉള്ളവരാണെന്നും ആണ് ചാമ്പ്യന്റെ അഭിപ്രായം.
ഗ്ലാസ്‌ഗോ, കിംഗ്സ്റ്റൺ ഡോക്കിൽ ഭാര്യ ജിഷ ഗ്രിഗറിക്കും, അവരുടെ 15 വയസ്സുള്ള മകൻ ലിയോണിനുമൊപ്പം കുടുംബ സമേതം താമസിക്കുന്ന ടോം തൻ്റെ വിജയത്തിനായി ശക്തമായ പിന്തുണയും, പ്രോത്സാഹനവുമായി ഇരുവരും സദാ കൂടെ ഉണ്ടെന്നും പറഞ്ഞു. അർപ്പണ മനോഭാവത്തോടെയുള്ള പരിശീലനം നടത്തി വരുന്ന ടോം, ഇനിയും ആഗോളതലത്തിൽ കരാട്ടെയിൽ അജയ്യനായി തുടരാനുള്ള കഠിനമായ പരിശീലനം തുടരുകയാണ്.
ജപ്പാനിലെ ഒകിനാവ കരാട്ടെ ഇൻ്റർനാഷണൽ സെമിനാറിൽ പങ്കെടുത്തതിന് ശേഷം 2019-ൽ ആയോധനകലയിൽ യുകെ യുടെ അംബാസഡറും, ഇൻ്റർനാഷണൽ ഷോറിൻ-റ്യൂ റൈഹോക്കൻ അസോസിയേഷൻ്റെ ചീഫ് ഇൻസ്ട്രക്ടറുമായി ലഭിച്ച താരത്തിളക്കമുള്ള പദവികളടക്കം നിരവധി അംഗീകാരങ്ങളിലൂടെയും പുരസ്‌കാരങ്ങളിലൂടെയും യു കെ യിൽ ഏറെ പ്രശസ്തനാണ് ടോം ജേക്കബ്.
ദക്ഷിണേന്ത്യയിൽ ജനിച്ച ടോം ജേക്കബ്, ഒമ്പതാം വയസ്സിൽ ആയോധനകല അഭ്യസിച്ചു തുടങ്ങിയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, കേരള സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയത്തിനു പിന്നാലെയാണ് യു കെയിലേക്ക് എത്തിയത്. യു കെ യിൽ നിന്നും മാർക്കറ്റിംഗിൽ എംബിഎ വിജയകരമായി പൂർത്തിയാക്കിയ ടോം, ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിട്ടു 17 വർഷം കഴിഞ്ഞിരിക്കുകയാണ്. 2018-ൽ തൻ്റെ അഞ്ചാമത്തെ ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയ ടോം കരാട്ടെയിൽ എക്സലന്റ് സർട്ടിഫിക്കറ്റുള്ള പരിശീലകനും കൂടിയാണ്. അതുപോലെ താന്നെ യു കെ യിലെ സർട്ടിഫൈഡ് ബോക്സിങ് കോച്ച് കൂടിയാണ് താരം.
ഇപ്പോൾ അച്ചടക്കം പഠിപ്പിക്കുകയും, മിക്സഡ് ആയോധന കലകൾ (എംഎംഎ), കിക്ക്ബോക്സിംഗ്, മുവായ് തായ്, യോഗ, ഇന്ത്യൻ ആയോധന കലയായ കളരിപ്പയറ്റ് എന്നിവയിൽ പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്. വിക്ടോറിയ ബോക്സിംഗ് ക്ലബ്ബിലെ യുവാക്കളെ ആയോധനകലകളിൽ സഹായിക്കുകയും, അതോടൊപ്പം തന്റെ കായിക ഇനത്തിൽ അന്തരാഷ്ട്ര തലത്തിൽ മത്സരിക്കുവാൻ തുടർ പദ്ധതിയിടുകയും ചെയ്യുന്ന ടോം, അടുത്ത വർഷം ജപ്പാനിൽ വെച്ച് നടത്തപ്പെടുന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ വീണ്ടും മാറ്റുരക്കുവാൻ ഉള്ള തായ്യാറെടുപ്പിലാണ്.
ലണ്ടൻ : ജൂലൈ മാസത്തോടെ ക്രിപ്റ്റോ കറൻസികൾക്കും, സ്റ്റേബിൾകോയിനുകൾക്കുമായി നിയമ നിർമ്മാണം നടപ്പിലാക്കികൊണ്ട് യുകെയിലെ ക്രിപ്‌റ്റോ മേഖലയെ നവീകരിക്കുമെന്ന് സാമ്പത്തിക സെക്രട്ടറി ബിം അഫോലാമിന്റെ വെളിപ്പെടുത്തൽ. ഡിജിറ്റൽ അസറ്റുകളിലും ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയിലുമുള്ള നവീകരണത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പേയ്‌മെൻ്റ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, ഡിജിറ്റൽ ആസ്തികൾക്കും, ബ്ലോക്ക്‌ചെയിനുകൾക്കും റെഗുലേറ്ററി വ്യക്തത നൽകുന്നതിനുമാണ് സർക്കാരിൻ്റെ മുൻഗണനയെന്ന് യുകെ ട്രഷറിയിലെ സാമ്പത്തിക സെക്രട്ടറി ബിം അഫോലാമി പറഞ്ഞു.
2024-ലെ ഇന്നൊവേറ്റിവ് ഫിനാൻസ് ഗ്ലോബൽ സമ്മിറ്റിൽ (IFGS) സംസാരിക്കവെ, രാജ്യത്തിൻ്റെ പേയ്‌മെൻ്റ് ലാൻഡ്‌സ്‌കേപ്പ് നവീകരിക്കുന്നതിന് അടിത്തറയിടണമെന്നും, ആഗോള തലത്തിൽ ക്രിപ്റ്റോ വ്യവസായത്തിൽ മത്സരാധിഷ്ഠിതമായി തുടരുന്നതിന് മറ്റ് രാജ്യങ്ങളെപ്പോലെ വേഗത്തിൽ ക്രിപ്‌റ്റോ കറൻസി നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യവും ബിം അഫോലാമി എടുത്തു പറഞ്ഞു.
ഈ മേഖലയിലെ മാറ്റത്തിനായി ഫിൻടെക്ക് ലോകത്തെ നേതാവെന്ന നിലയിൽ നമ്മൾ ക്രിപ്‌റ്റോ അസറ്റുകൾക്കും സ്റ്റേബിൾ കോയിനുകൾക്കുമായി ഒരു റെഗുലേറ്ററി ഭരണകൂടം തന്നെയാണ് അവതരിപ്പിക്കുന്നതെന്നും ഇതിലൂടെ ഉപഭോക്താക്കളെ സംരക്ഷിച്ചുകൊണ്ട് കമ്പനികളെ നവീകരിക്കുക എന്നതാണ് ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ വീക്ഷണമെന്നും അഫോലാമി വ്യക്തമാക്കി.
ഈ നിയമ നിർമ്മാണം നടപ്പിലായി കഴിഞ്ഞാൽ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളിൽ നടക്കുന്ന ട്രേഡിങ്ങ് , ക്രിപ്റ്റോ കസ്റ്റഡി സർവീസ്സസ് മുതലായ എല്ലാ പ്രവർത്തനങ്ങളെയും ക്രിപ്റ്റോ കറൻസി റെഗുലേറ്ററിന്റെ പരിധിയിൽ കൊണ്ടുവരുവാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പതിനാലു ഭാഗങ്ങളുള്ള ബി ജെ പി പ്രകടനപത്രികയിൽ എല്ലാ വീടുകളിലും
പാചകവാതകം പൈപ്പ് ലൈൻ വഴി നൽകും എന്ന വാഗ്ദാനവും…
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ബിജെപി പുറത്തിറക്കി. 14 ഭാഗങ്ങളുള്ള പ്രകടനപത്രികയിൽ റേഷൻ, വെള്ളം എന്നിവ അടുത്ത അഞ്ച് വർഷവും സൗജന്യമായി നൽകും, പുതിയ ബുള്ളറ്റ് ട്രെയിനുകളും വന്ദേഭാരത് ട്രെയിനുകളും കൊണ്ടുവരും, ഒരു രാജ്യം ഒരേസമയം തിരഞ്ഞെടുപ്പ് നടപ്പാക്കും, പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കും, എല്ലാ വീടുകളിലും പാചകവാതകം പൈപ്പ് ലൈൻ വഴി നൽകും, ലോകമാകെ രാജ്യാന്തര രാമായണ ഉത്സവം സംഘടിപ്പിക്കും, ദരിദ്ര വിഭാഗങ്ങൾക്ക് 3 കോടി വീടുകൾ കൂടി നിർമിച്ചുനൽകും. മുദ്ര ലോൺ തുക 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തും, 6ജി നടപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളും ബിജെപി മുന്നോട്ടുവയ്ക്കുന്നു. ബിജെപി ദേശീയ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനകാര്യ മന്ത്രി നിർമല സീതാരാമൻ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർ ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
കീത്തിലി. യോർക്ഷയറിലെ കീത്തിലിയിൽ മലയാളികളുടെ പ്രിയ ഭക്ഷണവുമായി ‘ക്യാരി ഫ്രഷ് ‘ സ്റ്റോർ പ്രവർത്തനമാരംഭിച്ചു. ശനിയാഴ്ച്ച രാവിലെ 10.30ന് കീത്തിലി സെൻ്റ് ആൻസ് ചർച്ച് ഇടവക വികാരി മോൺ. ഡേവിഡ് കാനൻ സ്മിത്ത് സ്‌റ്റോർ ആശീർവദിച്ചു. തുടർന്ന് NHS ൽ GPയും ഗായികയും ആങ്കറുമായ ഡോ. അഞ്ചു ഡാനിയേൽ നാട മുറിച്ച് സ്റ്റോർ ഉദ്ഘാടനം ചെയ്തു. മലയാളം യുകെ ന്യൂസ് ഡയറക്ടറും അസ്സോസിയേറ്റ് എഡിറ്ററുമായ ഷിബു മാത്യൂ, റോബിൻ റഫ്രിജനേഷൻ ഡയറക്ടർ റോബിൻ ജോൺ, യുക്മ യോക്ഷയർ ആൻ്റ് ഹംബർ മുൻ റീജണൽ കോർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ, പ്രതീക്ഷ മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് ജിൻ്റോ സേവ്യർ, സെക്രട്ടറി ചിന്തു പ്രതാപൻ, പ്രതീക്ഷയുടെ മുൻ സെക്രട്ടറി ശ്രീജേഷ് സലിം കുമാർ, കീത്തിലി മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് അലക്സ് എബ്രാഹം എന്നിവർക്കൊപ്പം കീത്തിലിയിലും പരിസരത്തു നിന്നുമായി നൂറ് കണക്കിന് മലയാളികളും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
പ്രധാനമായും കേരളത്തിൽ നിന്നുള്ള പഴവർഗ്ഗങ്ങൾ പച്ചക്കറികൾ മത്സ്യമാംസാധികൾ ബേക്കറി പലഹാരങ്ങൾ കറി പൗഡറുകൾ ഗരം മസാലകൾ സീസണുകളിലുള്ള ആഘോഷങ്ങൾക്കുതകുന്ന ഉല്പന്നങ്ങൾ തുടങ്ങി മലയാള സംസ്കാരവുമായി ബന്ധപ്പെട്ടു നില്ക്കുന്ന എല്ലാവിധ സാധനങ്ങും ഇവിടെ ലഭ്യമാണ്. കൂടാതെ ഹോം ഡെലിവറിയും മുൻകൂർ ഓർഡനുസരിച്ച് ലഭ്യതയുള്ള സാധനങ്ങൾ നാട്ടിൽ നിന്ന് നേരിട്ടെത്തിച്ചു കൊടുക്കുകയും ചെയ്യും. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് പ്രവർത്തന സമയം. സ്റ്റോറിനോട് ചേർന്നും പരിസരത്തുമായി ധാരാളം പാർക്കിംഗ് സൗകര്യവുമുണ്ട്.
കോൺഗ്രസ് അധികാരത്തിൽവന്നാൽ ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാക്കും:
രാഹുൽ ഗാന്ധി
ജയ്പുർ: കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്ര്യം നിർമാർജനം ചെയ്യുമെന്ന് രാഹുൽ ഗാന്ധി. ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബത്തിലെ സ്ത്രീക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വർഷം ഒരു ലക്ഷം രൂപ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ന്യായ് പത്’ എന്ന കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ മഹാലക്ഷ്മി സംരഭത്തെ സംബന്ധിച്ച് രാജസ്ഥാനിലെ റാലിയിൽ സംസാരിക്കു കയായിരുന്നു രാഹുൽ. നിങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെ ആണെങ്കിൽ വർഷം ഒരു ലക്ഷം രൂപ (മാസം 8500) നൽകി ഒറ്റയടിക്ക് ഇന്ത്യയിലെ ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് പ്രകടനപത്രികയിലും
ഇക്കാര്യം വ്യക്തമാക്കിയിരുന്നു.