UK

അഞ്ജലി ലിൻ്റോ

യുകെയിൽ പ്രസിദ്ധമായ യോർക്ഷയറിലെ കീത്തിലിയിൽ 2022 ൽ രൂപീകൃതമായ പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷനെ ജിൻ്റോ സേവ്യർ നയിക്കും. യുറോപ്പിലേയ്ക്കുള്ള മലയാളികളുടെ രണ്ടാം വരവോടെ നിരവധി മലയാളി അസ്സോസിയേഷനുകളാണ് രാജ്യത്തിൻ്റെ നാനാഭാഗങ്ങളിൽ ജന്മമെടുത്തത്. പുതുതലമുറയുടെ പരിവേഷത്തോടെ രൂപപ്പെട്ട അസ്സോസിയേഷനുകളെല്ലാം ഊർജ്ജസ്വലതയോടെ യുകെയിൽ പ്രവർത്തിക്കുന്നു എന്നത് എടുത്ത് പറയേണ്ടതുണ്ട്.

2020 മുതൽ കീത്തിലിയിൽ എത്തിച്ചേർന്ന മലയാളി സമൂഹത്തിൻ്റെ കൂട്ടായ പ്രവർത്തനത്തിൽ രൂപീകൃതമായ അസ്സോസിയേഷനാണ് പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷൻ . പ്രവർത്തന ശൈലിയിൽ ചുരുങ്ങിയ കാലം കൊണ്ട് യുകെയിൽ ജനശ്രദ്ധ നേടി എന്ന് എടുത്തു പറയേണ്ടതുണ്ട്. പ്രതീക്ഷ രൂപീകൃതമായതിനു ശേഷമുള്ള ആദ്യ വർഷത്തെ പ്രവർത്തനങ്ങൾ അതിനുദാഹരണമാണ്. ഒരു പ്രവാസി മലയാളി അസ്സോസിയേഷൻ എന്ന സംഘടനകൊണ്ട് എന്തെല്ലാം ഉദ്ദേശിക്കുന്നുവോ അതെല്ലാം നിറവേറ്റിക്കൊണ്ടാണ് പ്രതീക്ഷ മലയാളി അസ്സോസിയേഷൻ്റെ മുന്നേറ്റം. കായിക കലാ രംഗത്തെ പ്രവർത്തനങ്ങൾ, ഡാൻസ് ക്ലാസുകൾ, കാറ്ററിംഗ് മേഘലകൾ, ഫോട്ടോഗ്രാഫി, റീൽ നിർമ്മാണം, ഗാനരചനയും സംഗീത സംവിധാനവും കൂടാതെ പാശ്ചാത്യ സമൂഹത്തോട് ചേർന്ന് നിന്നുള്ള പ്രവർത്തനങ്ങളുമെല്ലാം പ്രതീക്ഷയെ മുന്നോട്ട് നയിക്കുന്നു.

നിയുക്ത പ്രസിഡൻ്റ് ജിൻ്റോ സേവ്യറിൻ്റെ നേതൃത്വത്തിൽ സ്ത്രീകൾക്ക് മുൻതൂക്കം കൊടുത്തു കൊണ്ടുള്ള ഒരു വലിയ ടീമാണ് 2024 ൽ പ്രതീക്ഷയെ നയിക്കുക. പ്രതീക്ഷയുടെ കഴിഞ്ഞ കാല സാരഥികളുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു. അവരിൽ നിന്നും ഉൾക്കൊണ്ട പ്രചോദനത്താൽ വരും വർഷം കൂടുതൽ കാര്യങ്ങൾ പ്രാദേശീക സമൂഹത്തോടൊപ്പം ചേർന്ന് ചെയ്യാനാണ് ആഗ്രഹമെന്ന് പ്രതീക്ഷയുടെ പ്രസിഡൻ്റ് ജിൻ്റോ സേവ്യർ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷനെ നയിക്കുന്നവർ:-
പ്രസിഡൻ്റ് – ജിൻ്റോ സേവ്യർ
സെക്രട്ടറി – ചിന്ദു പ്രതാപൻ
വൈസ് പ്രസിഡൻ്റ് – ലിസ സെലിൻ
ജോയിൻ്റ് സെക്രട്ടറി – ബിനീഷ് ജോൺ
ട്രഷറർ – ജീവൻ സണ്ണി

കമ്മറ്റിയംഗങ്ങൾ :-
ദൃശ്യാ, ലിബിൻ, നീതു, അജീഷ്, ജോമിഷ്, സരിത, നീരജ, എഡ് വിൻ, റിച്ചി, നിമ്മി

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്‌കോട്ട്‌ലന്‍ഡിലെ ഫാള്‍കിര്‍ക് മലയാളികളുടെ കൂട്ടായ്മയായ എഫ്. എം.കെ രൂപംകൊണ്ടിട്ടു ആറ് വര്‍ഷം തികയുന്ന ഈ വേളയില്‍ 2024-2025 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റോബിൻ തോമസ് (പ്രസിഡന്റ്),മെൽവിൻ ആന്റണി (സെക്രട്ടറി), ജെറി ജോസ് (ട്രഷറര്‍), ലിൻസി അജി (വൈസ് പ്രസിഡന്റ്), ജീമോൾ സിജു (ജോയിന്റ് സെക്രട്ടറി,ജോർജ് വര്ഗീസ് (ജോയിന്‍ ട്രഷറര്‍) എന്നിവരാണ് പുതിയ സാരഥികള്‍. ആക്ടിവിറ്റി കോഡിനേറ്റര്‍മാരായി ജിജോ ജോസ് ,സതീഷ് സഹദേവൻ, സിമി ഹഡ്സൺ, മാരിസ് ഷൈൻ എന്നിവരെ തിരഞ്ഞെടുത്തു.

2023മുതല്‍ 2024വരെ കമ്മിറ്റിയെ ആത്മാര്‍ത്ഥമായി നയിച്ച ഫ്രാൻസിസ് മാത്യു , ബിജു ചെറിയാൻ , സണ്ണി സെബാസ്റ്റ്യൻ എന്നിവരെയും മീന സാബു ,ജെയ്‌സി ജോസഫ് ,സജി ജോർജ് ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍മാരായ ടിസ്സൻ തോമസ് ,ലിസി ജിജോ ,ജെസ്സി റോജൻ ,ബിന്ദു സജി എന്നിവരെയും യോഗം പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

2024 -2025വര്‍ഷത്തിലേക്കുള്ള വിവിധ കര്‍മ പരിപാടികള്‍ക്ക് രൂപം കൊടുത്തുകൊണ്ട് കലാകായിക സാംസ്‌കാരിക സാമൂഹിക രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കും എന്നും സംഘടനയെ സ്‌കോട്ട്ലന്‍ഡ് മലയാളികളുടെ അഭിമാനമായി ഉയര്‍ത്തുവാന്‍ എല്ലാവിധ പ്രവര്‍ത്തനങ്ങളും നടത്തുമെന്നും അതിനായി എല്ലാ അംഗങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും പ്രസിഡന്റ് റോബിൻ തോമസ് അഭ്യര്‍ത്ഥിച്ചു.

കേരള സാംസ്കാരിക വകുപ്പിനുകീഴിലുള്ള മലയാളം മിഷന്റെ പ്രഥമ പ്രവാസി സാഹിത്യ പുരസ്ക്കാരത്തിന് യുകെ പ്രവാസി ശ്രീകാന്ത് താമരശ്ശേരിയുടെ ഡിസി ബുക്സ് പുറത്തിറക്കിയ ‘കടൽ കടന്ന കറിവേപ്പുകൾ’ എന്ന കവിതാ സമാഹാരം തെരഞ്ഞെടുക്കപ്പെട്ടു.

ലോകമാതൃഭാഷാ ദിനമായ ഫെബ്രുവരി21 ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനിൽ ബഹു കേരള മുഖ്യമന്ത്രി ഉദ്ഘാടനകർമ്മം നിർവ്വഹിക്കുന്ന ‘മലയാണ്മ’ യിൽ 25000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങിയ പുരസ്ക്കാരം കൈമാറുമെന്ന് സാംസ്ക്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ നിയമസഭാ മീഡിയാ റൂമിൽ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു.ചടങ്ങിൽ വിവിധ രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കൾ പങ്കെടുക്കും. പ്രശസ്‌ത കവിയും ഐ എം ജി ഡയറക്‌ടറുമായ കെ ജയകുമാർ ഐ എ സ് , പ്രശസ്‌ത സാഹിത്യ നിരൂപകനും മാധ്യമ പ്രവർത്തകനുമായ ഡോ പി കെ രാജശേഖരൻ, മലയാളം മിഷൻ ഡയറക്‌ടർ മുരുകൻ കാട്ടാക്കട എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര നിർണയം നടത്തിയത്. കേരള നിയമസഭ മീഡിയ റൂമിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

ടീനേജ് ജീവിതത്തിൽ നിന്നുപോയ കവിതയെഴുത്ത് കോവിഡ്കാലത്താണ് ശ്രീകാന്ത് പുനരാരംഭിച്ചത്.കൈരളി ടിവിയുടെ കവിതാ റിയാലിറ്റി ഷോ ആയ മാമ്പഴം സീസൺ 2 വിലെ ഒന്നാം സ്ഥാനക്കാരനാണ് ജാഗ്വാർ ലാൻഡ് റോവർ യുകെ യിൽ എൻജിനീയറായ ശ്രീകാന്ത് താമരശ്ശേരി.

ബർമിംഗ്ഹാമിലെ ബി സി എം സി യിൽ അംഗമായ ശ്രീകാന്ത് താമരശ്ശേരി മുൻ യുക്മ കലാപ്രതിഭകൂടിയാണ് . എൻജിനീയറായ ഗായത്രിയാണ് ഭാര്യ .രണ്ടുകുട്ടികൾ ആദിത്യ & ആനന്ദ.

പുരസ്ക്കാരത്തിനർഹമായ ‘കടൽകടന്ന കറിവേപ്പുകൾ’ എന്ന പുസ്തകം ഗ്രന്ഥകാരന്റെ കയ്യൊപ്പോടുകൂടി ആവശ്യമുള്ളവർ 07721008774 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്

മുംബൈ : 2023ലെ ഐപിഎല്ലിനിടെ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവസ്‌കറിന്റെ ഷര്‍ട്ടില്‍ ഒപ്പുവച്ചതിന് സമാനമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ മറ്റൊരു ഓട്ടോഗ്രാഫ് കൂടി ചര്‍ച്ചയാകുന്നു. ഇത്തവണ ഒരു ക്രിക്കറ്റ് ആരാധകന് നല്‍കിയ ഒപ്പിന്റെ വീഡിയോയാണ് വൈറലാകുന്നത്. മലയാളിയും രാജ്യത്തെ പ്രമുഖ ക്രോസ് റിവാര്‍ഡ് പ്രോഗ്രാം ഐഡന്റിഫയര്‍ ആയ സിംഗിള്‍ ഐഡിയുടെ ഡയറക്ടറുമായ സുഭാഷ് മാനുവലിനാണ് ധോണിയുടെ എക്‌സ്‌ക്ലൂസീവ് ഓട്ടോഗ്രാഫ് ലഭിച്ചിരിക്കുന്നത്.

എനിഗ്മാറ്റിക് സ്‌മൈല്‍ പ്രമോട്ട് ചെയ്യുന്ന സിംഗിള്‍ ഐഡി വികസിപ്പിച്ചെടുത്ത ഒരു ആപ്പ് ധോണി അവതരിപ്പിച്ചു. ഈ ആപ്പിലൂടെ ചെറുകിട കച്ചവടക്കാര്‍ക്ക് പേയ്‌മെന്റ് ലിങ്ക്ഡ് റിവാര്‍ഡ് സ്‌പേസുകളില്‍ റിവാര്‍ഡുകള്‍ നഷ്ടമാകുന്നതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. ആപ്പ് അവതരണത്തിന് ശേഷം ധോണി ഒരു ചോദ്യോത്തര വേളയില്‍ പങ്കെടുക്കുകയും അതിനിടയില്‍ സുഭാഷ് തന്റെ ആവശ്യം ധൈര്യപൂര്‍വ്വം ഉന്നയിക്കുകയുമായിരുന്നു. ഇതിന്റെ ഇൻസ്റ്റഗ്രാം വീഡിയോയാണ് വൈറലായത്.

സ്റ്റീവനേജ്: യു കെ യിലെ മലയാളി കലാഹൃദയങ്ങളിൽ ചിരപ്രതിഷ്‌ഠ നേടുകയും, സംഗീതാസ്വാദകർ ആവേശപൂർവ്വം കാത്തിരിക്കുകയും ചെയ്യുന്ന സെവൻ ബീറ്റ്‌സ് – സർഗ്ഗം സ്റ്റീവനേജ് സംഗീതോത്സവത്തിനു ഇനി പത്തുനാൾ. ‘ടീം ലണ്ടന്റെ’ ബാനറിൽ സജി ചാക്കോയുടെ നേതൃത്വത്തിൽ 14 അംഗങ്ങൾ ചേർന്നൊരുക്കുന്ന ഓഎൻവി മെഡ്ലി, സ്റ്റീവനേജ് ‘സർഗ്ഗ താളം’ ട്രൂപ്പ് അവതരിപ്പിക്കുന്ന 21 അംഗ ശിങ്കാരി മേളം, യു കെ യിലെ പ്രഗത്ഭരായ 20 ൽ പരം യുവ ഗായകർ ആലപിക്കുന്ന ഓ എൻ വി ഗാനാമൃതം ഒപ്പം അതി സമ്പന്നമായ നൃത്ത-സംഗീത-ദൃശ്യ വിരുന്നും ചേരുമ്പോൾ 7 ബീറ്റ്സ് സംഗീതോത്സവം സ്റ്റീവനേജിൽ നവചരിത്രം കുറിക്കും.

സെവൻ ബീറ്റ്സിന്റെ ഏഴാമത് വാർഷീക സംഗീത-നൃത്തോത്സവ വേദിയായ വെൽവിൻ സിവിക്ക് സെന്ററിൽ ഫെബ്രുവരി 24 ന് ശനിയാഴ്ച കലാമാമാങ്കത്തിൽ ഓ എൻ വി ക്കു യു കെ കണ്ട ഏറ്റവും വലിയ പാവന സ്മരണയും, സംഗീതാദദരവുമാവും മഹാകവിയുടെ ആരാധകവൃന്ദത്തോടൊപ്പം വെൽവിനിൽ സമർപ്പിക്കുക.

തികച്ചും സൗജന്യമായി പ്രവേശനം അനുവദിക്കുന്ന സെവൻ ബീറ്റ്സ് സംഗീതോത്സവത്തിന്റെ ഒരുക്കങ്ങൾ സ്റ്റീവനേജിൽ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

യു കെ യിലേ നിരവധി സ്റ്റേജ് പ്രോഗ്രാമുകളിൽ മാസ്റ്റർ ഓഫ് സെറിമണിയായി തിലകം ചാർത്തിയിട്ടുള്ള പ്രശസ്ത കലാകാരായ സാലിസ്ബറിയിൽ നിന്നുള്ള പപ്പൻ, ലൂട്ടനിൽ നിന്നുള്ള വിന്യാ രാജ്, വെയിൽസിൽ നിന്നുള്ള അരുൺ കോശി, ലണ്ടനിൽ നിന്നുള്ള ജിഷ്മാ മെറി എന്നിവർ ഒന്നിച്ചു അണിനിരക്കുന്നുവെന്ന പ്രത്യേകതയും ‘സെവൻ ബീറ്റ്‌സ്-സർഗ്ഗം സ്റ്റീവനേജ്’ സംഗീത സദസ്സിനു സ്വന്തം.

സദസ്സിന് മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും, നൃത്ത-നൃത്ത്യങ്ങളുടെ വശ്യസുന്ദരവും, ചടുലവുമായ മാസ്മരികത വിരിയിക്കുന്ന അരങ്ങിൽ, സദസ്സിനെ അത്ഭുതസ്തബ്ധരാക്കുന്ന വ്യത്യസ്ത കലാപ്രകടനങ്ങളും ആസ്വദിക്കുവാനുള്ള സുവർണ്ണാവസരമാവും വേദി സമ്മാനിക്കുക.

ചാരിറ്റി പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ സെവൻ ബീറ്റ്‌സ്, ജീവ കാരുണ്യ പ്രവർത്തനത്തിനായാണ് സംഗീതോത്സവ വരുമാനം വിനിയോഗിക്കുക.

സെവൻ ബീറ്റ്‌സ്-സർഗ്ഗം സ്റ്റീവനേജ് സംയുക്ത കലാനിശ അതിസമ്പന്നമായ ദൃശ്യ-ശ്രവണ കലാവിരുന്നാവും ആസ്വാദകർക്കായി ഒരുക്കുക. യു കെ യിലുള്ള ഏറ്റവും പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സർഗ്ഗാൽ‍മക പ്രതിഭയുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ വേദിയിൽ പുറത്തെടുക്കുമ്പോൾ ഉള്ളു നിറയെ ആനന്ദിക്കുവാനും, ആസ്വദിക്കുവാനുമുള്ള ഒരു മെഗാ കലാ വസന്തമാവും സ്റ്റീവനേജ് വെൽവിനിൽ വിരിയുക.

സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ സെവൻ ബീറ്റ്‌സ് സംഗീതോത്സവം അതിന്റെ സീസൺ 7 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Sunnymon Mathai:07727993229
Cllr Dr Sivakumar:0747426997
Jomon Mammoottil:07930431445
Manoj Thomas:07846475589
Appachan Kannanchira: 07737 956977

വേദിയുടെ വിലാസം:
CIVIC CENTRE ,WELWYN , STEVENAGE, AL6 9ER

സ്റ്റോക്ക് ഓൺ ട്രെന്റ്:  സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന സിറിൽ മാഞ്ഞൂരാന്റെ പിതാവായ തോമസ് സി മാഞ്ഞൂരാൻ (73) നിര്യാതനായി. കഴിഞ്ഞ ദിവസം ഉണ്ടായ ഹൃദയതംഭനത്തെത്തുടർന്ന് ചികിത്സയിലായിരുന്നു തോമസ്. എന്നാൽ വെന്റിലേറ്ററിൽ ആയിരിക്കെ പെട്ടെന്ന് ആരോഗ്യസ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു.

കോൺഗ്രസിന്റെ നേതാവായ ഇദ്ദേഹം ദീർഘകാലം കടത്തുരുത്തി പഞ്ചായത്ത് മെമ്പർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, വിവിധ സാംസ്കാരിക, സന്നദ്ധ സംഘടനകളുടെ രക്ഷാധികാരി എന്നിങ്ങനെ  നിരവധി മേഖലകളിൽ  സജീവസാന്നിധ്യമായിരുന്നു.

സംസ്‌കാര കർമ്മങ്ങൾ ശനിയാഴ്ച മുട്ടുചിറ ഫൊറോനാ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. സമയ സംബന്ധമായ കാര്യത്തിൽ തീരുമാനം ആയിട്ടില്ല.

സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി അസ്സോസിയേഷൻ SMA യുടെ എക്സിക്യൂട്ടീവ് മെമ്പറുമായ സിറിൽ മാഞ്ഞൂരാന്റെ പിതാവിന്റെ ആകസ്മിക നിര്യാണത്തിൽ അസ്സോസിയേഷൻ ഭാരവാഹികൾ അനുശോചനം അറിയിച്ചിതിനൊപ്പം  മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ ബന്ധുമിത്രാതികളെ അറിയിക്കുന്നതിനൊപ്പം പരേതന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

ഭാര്യ

മേരിക്കുട്ടി

മക്കൾ

1. സിറിൽ മാഞ്ഞൂരാൻ

2. ഡോ: മരിൻസ് മാഞ്ഞൂരാൻ

3. ഡോ: ക്ലാരിൻസ് മാഞ്ഞൂരാൻ

4. ട്രെസ്സി മാഞ്ഞൂരാൻ

5. ആലീസ് മാഞ്ഞൂരാൻ  (ഖത്തർ)

6. ഡോ: സേവ്യർ മാഞ്ഞൂരാൻ

ഉണ്ണികൃഷ്ണൻ ബാലൻ

യുകെയിലെ കലാ-സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്‍റ് പുരോഗമിക്കുന്നു. എക്സല്‍ ലേഷർ സെന്‍ററില്‍ നടന്ന കോവെൻട്രി റീജിയണല്‍ മത്സരങ്ങളുടെ ഉദ്ഘാടനം സമീക്ഷ മുൻ നാഷണല്‍ പ്രസിഡന്‍റ് സ്വപ്ന പ്രവീൺ നിർവഹിച്ചു. കോവെൻട്രി യൂണിറ്റ് പ്രസിഡന്‍റ് ജുബിൻ അയ്യാരില്‍ അധ്യക്ഷത വഹിച്ചു. 24 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഉമാദേവി കിഴക്കേമന, അരുൺ ജേക്കബ്, വിഘ്‌നേഷ് കുമാർ, വിനു പാതായിക്കര എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. അമ്പയർമാരിലെ സ്ത്രീ സാന്നിധ്യം വേറിട്ട കാഴ്ചയായി.

ധനുഷ് വിനോദ് -ബേസിൽ നവാസ് സഖ്യം മത്സരത്തില്‍ വിജയികളായി. ആഷ്‌ലിൻ അഗസ്റ്റിൻ -ജർമി കുര്യൻ സഖ്യം രണ്ടാം സ്ഥാനവും സാക്ഷം ശർമ്മ – ബെൻസൺ ബെന്നി സഖ്യം മൂന്നാം സ്ഥാനവും നേടി. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് പുറമെ നാലാം സ്ഥാനം കരസ്ഥമാക്കിയ അതീത് ഗുരുങ് – സുപർണ്ണ സഖ്യം കൂടി ഗ്രാന്‍റ് ഫിനാലേയിലേക്ക് യോഗ്യത നേടി. ഒന്നാം സ്ഥാനം നേടിയ ടീമിന് 201 പൗണ്ടും ട്രോഫികളും സമ്മാനിച്ചു. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 101 പൗണ്ടും ട്രോഫികളും, 51 പൗണ്ടും ട്രോഫികളും നല്‍കി. ദി ടിഫിൻ ബോക്സ്‌ കോവെൻട്രി, ലെജൻഡ് സോളിസിറ്റേഴ്‌സ്, ആദിസ് എച്ച് ആർ ആൻഡ് അക്കൗണ്ടൻസി സൊല്യൂഷൻസ്, റോയൽ ഫുട് വെയർ അങ്കമാലി, മാർസോമിലൺ എന്നിവരാണ് സമ്മാനങ്ങള്‍ സ്പോൺസർ ചെയ്തത്. നാഷണൽ ബാഡ്മിന്റൺ കോർഡിനേറ്റർ ജിജു ഫിലിപ്പ് സൈമൺ, ടിഫിൻ ബോക്സ്‌ കോവന്റി മാനേജർ മൊഹമ്മദ്‌ റമീസ്, റോയൽ ഫുട് വെയർ അങ്കമാലി ഉടമ ലൂയിസ് മേനാച്ചേരി, ജുബിൻ അയ്യാരിൽ, യൂണിറ്റ് അംഗങ്ങളായ ദർശന അരുൺ, അബിൻ രാമദാസ്, അഭിഷേക് വിജയനന്ദൻ എന്നിവർ വിജയികള്‍ക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ബെർമിങ്ഹാം ഏരിയ സെക്രട്ടറിയും കോവെൻട്രി റീജിയണൽ ബാഡ്മിന്റൺ ടൂർണമെന്റ് കോർഡിനേറ്ററുമായ പ്രവീൺ രാമചന്ദ്രൻ സ്പോൻസർമാർക്കും അമ്പയർമാർക്കുമുള്ള മോമെന്‍റോകളും മെഡലുകളും സമ്മാനിച്ചു. റീജിയണൽ കോർഡിനേറ്റർ ആയ ഹരികൃഷ്ണൻ വളണ്ടിയർമാരെ മെഡലുകള്‍ അണിയിച്ച് ആദരിച്ചു. അടുത്ത മാസം 24ന് കോവൻട്രിയിലാണ് ഗ്രാൻഡ് ഫിനാലെ. അടുത്ത ശനിയാഴ്ച ചെംസ്ഫോഡ് റീജിയണല്‍ മത്സരവും ഞായറാഴ്ച ഗ്ലോസ്റ്റർഷെയർ റീജിയണല്‍ മത്സരവും നടക്കും.

റോമി കുര്യാക്കോസ്

ലണ്ടൻ: ഐഒസി (യു കെ) – കേരള ചാപ്റ്റർ യു കെയിലെ പ്രമുഖ നിയമവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ‘നിയമസദസ്സ്’ ഫെബ്രുവരി 25 ഞായറാഴ്ച 01.30 ന് നടത്തപ്പെടും. യു കെയിൽ പ്രാബല്യത്തിൽ വന്ന പുതിയ കുടിയേറ്റ നിയമങ്ങൾ വിശദീകരിച്ചുകൊണ്ടും, പഠനം, തൊഴിൽ സംബന്ധമായി അടുത്തിടെ യു കെയിൽ വന്ന നിയമ മാറ്റങ്ങളിലെ സംശയങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടിയും ഈ മേഖലയിലെ നിയമ വിദഗ്ധർ ‘നിയമസദസ്സി’ലൂടെ നൽകും.

കാലിക പ്രസക്തവും പ്രാധാന്യമേറിയതുമായ വിഷയത്തിന്റെ ഗൗരവം എല്ലാവരിലേക്കും എത്തുന്നതിനും ജോലി, പഠനം മറ്റ് ആവശ്യങ്ങക്കിടയിലും സമയം ക്രമീകരിച്ചു പങ്കെടുക്കുന്നതിനുമായി ഓൺലൈൻ പ്ലാറ്റഫോം ആയ സൂം (ZOOM) മുഖേനയാണ് പരിപാടി ആസൂത്രണം ചെയ്‌തിരിക്കുന്നത്.

യു കെയിലെ കുടിയേറ്റ നിയമങ്ങളും അനുബന്ധ വിഷയങ്ങളും വിശദമാക്കിക്കൊണ്ട് നിയമ വിദഗ്ധയും പ്രവാസി ലീഗൽ സെൽ – യു കെ ചാപ്റ്റർ പ്രസിഡന്റുമായ ശ്രീമതി. സോണിയ സണ്ണി ‘നിയമസദസ്സി’ൽ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയിൽ സംബന്ധിക്കുന്നവർക്ക് പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ പാനലുമായി സംവേദിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. വിഷയവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടിയും പരിപാടിയിലൂടെ ലീഗൽ സെൽ നൽകുന്നതാണ്.

വിദ്യാർഥികളുൾപ്പടെ യു കെയിൽ പുതുതായി എത്തിയ ആളുകൾക്ക് വിശദാoശങ്ങൾ വളരെ എളുപ്പത്തിൽ ഗ്രഹിക്കാൻ ഉതകുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന സെമിനാർ, വേണ്ടവിധം പ്രയോജനപെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.

ഐഒസി (യു കെ) – കേരള ചാപ്റ്റർ നേതൃത്വം നൽകികൊണ്ട് ഫെബ്രുവരി 25, 1.30 – ന് സൂം (ZOOM) മുഖേന ഒരുക്കുന്ന ‘നിയമസദസ്സ്’ സെമിനാറിലേക്ക് ഏവരെയും ഹാർദ്ധമായി സ്വാഗതം ചെയ്യുന്നു.

Topic: Niyamasadass

Date: 25 February 2024 (Sunday)

Time : 01.30 PM

Zoom Link:

https://us05web.zoom.us/j/81891852730?pwd=D4sphnt0hLzaYUxZ2mmOFJCevjblxj.1

കൂടുതൽ വിവരങ്ങൾക്ക്:

അപ്പച്ചൻ കണ്ണഞ്ചിറ: +44 7737 956977

റോമി കുര്യാക്കോസ്: +44 7776646163

ജെന്നിഫർ ജോയ്: +44 7791 354511

അജി ജോർജ്: +44 7587 833790

അഡ്വ. ബിബിൻ ബോബച്ചൻ: +44 7442 547939

തണുപ്പ് കാല അരക്ഷിതകളുടെ ബാക്കിപത്രമായ വൈറസ് രോഗങ്ങൾ യുകെയിൽ പടർന്നു പിടിക്കുന്നു. യുകെ ആകമാനം മുൾമുനയിൽ നിർത്തിക്കൊണ്ട് അഞ്ചാംപനി വ്യാപകമായി പടരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഒരു ദശകത്തിനിടെ കാണാത്ത തോതിലേക്ക് യുകെയില്‍ അഞ്ചാംപനി കേസുകള്‍ കുതിച്ചുയര്‍ന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ആഴ്ച മാത്രം ഇംഗ്ലണ്ടില 118 പേര്‍ക്ക് വൈറസ് പിടിപെട്ടതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഡാറ്റ സാക്ഷ്യപ്പെടുത്തുന്നു. ജനുവരിയിൽ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 465 – ൽ എത്തിയതുമായി തട്ടിച്ചു നോക്കുമ്പോൾ പകുതി കേസുകളും ഇംഗ്ളണ്ടിൽ ആണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്.

വെസ്റ്റ് മിഡ്ലാന്‍ഡ്സാണ് രോഗത്തിന്റെ പ്രധാന ഉത്ഭവകേന്ദ്രമെങ്കിലും, ബര്‍മിംഗ്ഹാം മേഖല കേന്ദ്രീകരിച്ചാണ് അധികം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗവ്യാപനം ചെറുക്കാനുള്ള പ്രവര്‍ത്തനം വിജയകരമാകുന്നില്ലെന്നാണ് ഇതിൽ നിന്നും വ്യാക്തമാകുന്നത്.

2013 – ല്‍ പൊട്ടിപ്പുറപ്പെട്ട പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള ഉയര്‍ന്ന കേസുകളാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ലണ്ടനിലും കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതും ആശങ്കകൾ വർധിപ്പിക്കുന്നു.

“വൈറസ് ആശങ്കപ്പെടുത്തുന്ന നിലയില്‍ തുടരുകയാണ്. കുട്ടികള്‍ പൂര്‍ണ്ണമായി സുരക്ഷിതരാണെന്ന് ഉറപ്പാക്കണം” യുകെഎച്ച്എസ്എയിലെ കണ്‍സള്‍ട്ടന്റ് എപ്പിഡെമോളജിസ്റ്റ് ഡോ. വനേസാ സാലിബാ പറഞ്ഞു.

വ്യാപന ശേഷി വളരെ കൂടുതലായി ഉള്ള അഞ്ചാം പണി വൈറസുകൾ, ഇടങ്ങളിൽ നിന്നും ഇടങ്ങളിലേക്ക് എളുപ്പത്തിൽ പടരാനുള്ള സാധ്യത ഏറെയാണ്. കുട്ടികളെയാണ് രോഗം പ്രധാനമായി ബാധിക്കുന്നതെന്ന് രക്ഷിതാക്കളും അറിഞ്ഞിരിക്കണം. ചിലരില്‍ ഇത് വളരെ ഗുരുതരവും, ജീവിതം മാറ്റിമറിക്കുന്നതുമായി മാറും.

പ്രഹരശേഷി കൂടുതലെങ്കിലും, കൃത്യമായ വാക്സിനേഷനിലൂടെ തടയാന്‍ കഴിയുന്ന രോഗമാണ് അഞ്ചാം പനി. എത്രയും പെട്ടെന്ന് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി സുരക്ഷ ഒരുക്കണമെന്നും ഡോ. സാലിബാ കൂട്ടിച്ചേർത്തു.

യുകെയിലെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മയായ ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ വാർത്തകൾ കൃത്യമായി മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു വരുന്നതിനു ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഞങ്ങളുടെ പുതിയ ഷോർട്ട് ഫിലിമിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും യുകെ ടെൽഫോഡിൽ വെച്ച് നടന്നു, വിശദവിവരങ്ങൾ താഴെ കൊടുക്കുന്നു.

യുകെയിലെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മയാണ് ഡെസ്പരാഡോസ് ഫിലിം കമ്പനി. യുട്യൂബിൽ വൻവിജയമായി മാറിയ ‘ദി നൈറ്റ്’ ന് ശേഷം ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ രഞ്ജിത്ത് വിജയരാഘവൻ നിർമ്മിച്ച് പ്രശാന്ത് നായർ പാട്ടത്തിൽ സംവിധാനം ചെയ്യുന്ന പുതിയ കോമഡി ഷോർട്ട് ഫിലിം ‘യുകെ മല്ലു ഫ്രസ്ട്രേറ്റഡ്’ ന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും യുകെയിലെ ടെൽഫോഡിൽ വെച്ച് നടന്നു.

ജിഷ്ണു വെട്ടിയാർ കഥയും തിരക്കഥയും തയ്യാറാക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് കിഷോർ ശങ്കർ.
എഡിറ്റിങ് ശ്യാം കൈപ്പിള്ളി, സംഗീതം ഋതു രാജ്, വസ്ത്രാലങ്കാരം ചിപ്പി മോഹൻ, ആർട്ട് മാത്തുക്കുട്ടി ജോൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് , ഷൈൻ അഗസ്റ്റിൻ, അനുരാജ് പെരുമ്പിള്ളി.

സഹനിർമ്മാതാവ് രമ്യ രഞ്ജിത്ത് ആദ്യ ഷോട്ടിന് ക്ലാപ്പ് നൽകി. ക്യാമറ സ്വിച്ച് ഓൺ നിർവഹിച്ചത് ശ്രീജ കണ്ണൻ.

ഹാസ്യത്തിന് പ്രാധാന്യം നൽകി പൂർണ്ണമായും യുകെയിൽ ചിത്രീകരിക്കുന്ന ചിത്രത്തിൽ ടോം ജോസഫ്, ജിഷ്ണു വെട്ടിയാർ, ഡിസ്‌ന പോൾ, ശിൽപ ജിഷ്ണു, ജോർജ് ജോസഫ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. വരുന്ന വിഷുവിന് ചിത്രം യുട്യൂബിൽ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved