UK

ടോം ജോസ് തടിയംപാട്

യു കെ മലയാളികൾ എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു നിങ്ങൾ സമ്മാനമായി തന്ന പണം ഞാൻ വീട്ടിൽ സൂക്ഷിക്കും ,എനിക്ക് പണം ആവശ്യമില്ല ആവശ്യത്തിൽ കൂടുതൽ പണം ബാങ്കിലുണ്ട് , പെൻഷനുണ്ട് കൂടാതെ പുസ്തകത്തിന്റെ ലോയൽറ്റിയും കിട്ടുന്നുണ്ട്. നിങ്ങളുടെ എന്നോടുള്ള സ്നേഹവും കരുതലും കണ്ടു ഞാൻ സന്തോഷവാനായി. നിങ്ങൾ തന്ന രാജ്ഞിയുടെ ഫോട്ടോയുള്ള നോട്ടുകൾ ഞാൻ സൂക്ഷിച്ചു വയ്ക്കും പോയ വഴിയിൽ ബഹറിൻ എയർപോർട്ടിൽ വച്ച് കണ്ടുമുട്ടിയ മലയാളികൾ പറഞ്ഞു സാർ യു കെയിൽ നിന്നാണ് വരുന്നതെന്നു ഞങ്ങൾക്കറിയാം അവിടെനിന്നുള്ള വാർത്തകൾ കണ്ടിരുന്നു എന്ന് പറഞ്ഞു. ചുറ്റും നിന്നു കുശലന്വേഷണവും നടത്തി ഫോട്ടോകളും എടുത്തു. എന്നോട് ആളുകൾക്ക് ഇത്രയും സ്നേഹം ഉണ്ടെന്നു ഞാൻ അറിഞ്ഞിരുന്നില്ല . നാട്ടിലെത്തിയ ജോസഫ് സാർ പറഞ്ഞ വാക്കുകളാണിത് .

പ്രൊഫസർ ടി ജെ ജോസഫ് സാറിന്റെ യു കെ സന്ദർശനം പൂർത്തീകരിച്ചു നാട്ടിൽ എത്തിച്ചേർന്നെങ്കിലും ആളുകളുടെ അഭിന്ദന പ്രവാഹം നിലക്കുന്നില്ല .ജോസഫ് സാറിനെ യു കെ യിലേക്ക് ക്ഷണിച്ചതിനും നേരിൽ കാണാൻ അവസരം ഒരുക്കിയതിലും സന്തോഷം പങ്കുവയ്ക്കാനാണ് പലരും വിളിക്കുന്നത്. എന്നാൽ ജോലി കാരണം കാണാൻ കഴിയാത്തവരും പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തവരും അദ്ദേഹത്തെ കാണാൻ കഴിയാത്തതിൽ ദുഃഖം പങ്കുവക്കുന്നുമുണ്ട് .

ജോസഫ് സാറുമായി എനിക്ക് കുറച്ചു വർഷങ്ങളായി ബന്ധമുണ്ട്. അദ്ദേഹത്തിന്റെ അറ്റുപോകാത്ത ഓർമ്മകൾ എന്ന പുസ്തകം വായിച്ച ശേഷം അദ്ദേഹത്തെ യു കെ യിൽ കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു . രണ്ടുവർഷംമുമ്പ് അദ്ദേഹം മകളെ കാണാൻ ഐർലണ്ടിൽ വരുമ്പോൾ ലിവർപൂളിൽ വരാമെന്നു സമ്മതിച്ചിരുന്നു. എന്നാൽ പിന്നീട് കൊറോണ പൊട്ടിപുറപ്പെട്ടപ്പോൾ പരിപാടികൾ എല്ലാം തകിടം മറിഞ്ഞു .കഴിഞ്ഞ രണ്ടുമാസങ്ങൾക്കു മുൻപാണ് സാറിന് ഐർലണ്ടിൽ എത്താൻ കഴിഞ്ഞത് .നാട്ടിൽ നിന്നും പുറപ്പെടുന്നതിനു മുൻപ് തന്നെ ഞാൻ ലിവർപ്പൂളിലേക്കും ഡോക്ടർ ജോഷി ജോസ് ലണ്ടനിലും എത്തണമെന്ന് സാറിനോട് അഭ്യർത്ഥിച്ചിരുന്നു. ഞങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് അദ്ദേഹം പത്തുദിവത്തെ സന്ദർശനത്തിനായി കഴിഞ്ഞമാസം യു കെ യിൽ എത്തിയത് .ജോസഫ് സാർ യു കെ യിൽ വരുന്നു എന്ന് ഞാൻ ഫേസ് ബുക്ക് പോസ്റ്റ് നടത്തിയപ്പോൾ തന്നെ ഷെഫീൽഡിലുള്ള അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ വർഗീസ് ഡാനിയൽ എന്നെ വിളിച്ചു ഷെഫീൽഡിൽ അദ്ദേഹത്തിന്റെ ഒരു പ്രോഗ്രാം സംഘടിപ്പിക്കാൻ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചിരുന്നു. അങ്ങനെ ലണ്ടൻ ,ലിവർപൂൾ ഷെഫീൽഡ് എന്നി മൂന്നുപരിപാടികളിലാണ് ജോസഫ് സാർ പങ്കെടുത്തത്. ഷെഫീൽഡിൽ അവിടുത്തെ മലയാളി അസ്സോസിയേഷൻന്റെ ഓണാഘോഷത്തിലും വർഗീസ് ഡാനിയൽ വിളിച്ചു ചേർത്ത സൗഹൃദ കൂട്ടായ്മായിലും അദ്ദേഹം പങ്കെടുത്തു . ലിവർപൂളിലും ലണ്ടനിലും ഷെഫീൽഡിലും വലിയ സ്വീകരണമാണ് അദ്ദേഹത്തിന് നൽകിയത്.

യു കെ മലയാളികൾ വലിയ സ്നേഹവും പരിഗണനയുമാണ് അദ്ദേഹത്തിന് നൽകിയതെന്നു അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തി .ഒട്ടേറെ മലയാളി അസ്സോസിയേഷനുകൾ ഓണ പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹത്തെ ക്ഷണിച്ചെങ്കിലും സമയക്കുറവുമൂലം പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പങ്കെടുത്ത സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തിന്റെ തീവ്രവാദികൾ മുറിച്ചെറിഞ്ഞ കൈകളിൽ തൊടാനും അദ്ദേഹം പുസ്തകങ്ങളിൽ എഴുതി ഒപ്പിടുന്നത് കാണാനും ആളുകൾ ചുറ്റും കൂടി നിന്നു. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങൾ അദ്ദേഹം ക്‌ളാസിൽ പറഞ്ഞ തമാശകൾ ഓർത്തു പറഞ്ഞു സാറിനെ പഴയകാലത്തേക്കു കൊണ്ടുപോയി, പങ്കെടുത്ത സ്ഥലങ്ങളിൽ സാറിനോടൊപ്പം എല്ലാവരും ഫോട്ടോയും എടുത്താണ് പിരിഞ്ഞുപോയത്. പരിപാടികളിലെല്ലാം ആളുകൾ നല്ല കുറിക്കുകൊള്ളുന്ന ചോദ്യങ്ങൾ കൊണ്ട് സാറിനെ ഊർജസ്വലനാക്കിമാറ്റി. ഞാൻ ഒരിക്കലും പരാജിതനല്ല പോരാളിയാണ്. എനിക്കു വേണ്ടത് കാരുണ്യമല്ല എന്റെ അതിജീവനത്തിന്റെ വിജയഗാഥയാണ് നിങ്ങൾ പറയേണ്ടത് അത് വേദന അനുഭവിക്കുന്നവർക്ക് പ്രചോദനമാകും .

ഞാൻ ഒരു യോദ്ധാവാണ്. ലോകത്തിന്റെ നന്മക്കുവേണ്ടി യുദ്ധം നയിക്കുന്ന സമയത്തു എന്റെ സൈഡിൽ നിന്നു യുദ്ധം ചെയ്ത ഭാര്യ വീണുപോയി. അങ്ങനെയാണ് ഞാൻ ഭാര്യയുടെ മരണത്തെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു . മതം ഇല്ലാത്ത എല്ലാവരും ലോക പൗരന്മാരായി മാറുന്ന ഒരു ലോകമാണ് എന്റെ സ്വപ്നം എന്നദ്ദേഹം കൂട്ടിച്ചേർത്തു .ഇസ്രേയേലിലെ ജൂത തീവ്രവാദികളെ പേടിച്ചു കുറ്റം ചെയ്യാത്ത ക്രിസ്തുവിനെ പീഡിപ്പിച്ചു കുരിശിലേറ്റാൻ വിട്ടുകൊടുത്ത പീലാത്തോസിനെ പോലെ ഇസ്ലാമിക തീവ്രവാദികളെ പേടിച്ചു കുറ്റം ചെയ്യാത്ത ജോസഫ് സാറിനെ കൈയും കാലും വെട്ടാൻ വിട്ടുകൊടുത്ത കത്തോലിക്കാ സഭയും ജോസഫ് സാറിനെ ആക്രമിക്കും എന്നറിഞ്ഞിട്ടും സംരക്ഷണം കൊടുക്കാത്ത സർക്കാരും അദ്ദേഹത്തോട് ക്ഷമ പറഞ്ഞേ മതിയാകൂ . അല്ലെങ്കിൽ കാലം നിങ്ങളെക്കൊണ്ടതു പറയിപ്പിക്കും. അതിന്റെ തെളിവാണ് കാസയുടെ നേതാവ് കെവിൻ പീറ്റർ ഒരു ക്ലബ് ഹൗസ് ചർച്ചയിൽ പറഞ്ഞത് കേരത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രം അറിയപ്പെടുന്നത് ജോസഫ് സാറിനു കൈവെട്ടിനു മുൻപും പിൻപും എന്നായിരിക്കും എന്ന് പറയേണ്ടിവന്നുതും .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഒക്ടോബർ 8-ാം തീയതി യോർക്ക്ഷെയറിലെ കീത്തിലിയിൽ വച്ച് നടത്തപ്പെടുന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ പുതുസംരഭകത്വത്തിനുള്ള അവാർഡ് എലിസബത്ത് ഇന്റർനാഷണൽ യു കെ യ്ക്ക് സമ്മാനിക്കും. യുകെയിൽ ഒരു നേഴ്സിംഗ് ജോലി ആഗ്രഹിക്കുന്ന ഒട്ടേറെ പേർക്കാണ് എലിസബത്ത് ഇൻറർനാഷണലിലൂടെ അത് നേടിയെടുക്കാനായത്. 2001 – ൽ കോട്ടയം പാലായിൽ പ്രവർത്തനമാരംഭിച്ച എലിസബത്ത് ഇൻറർനാഷണൽ 2020 ഡിസംബർ മുതൽ യുകെയിലും സ്വന്തമായ ഓഫീസ് ആരംഭിച്ചത് യുകെയിൽ ഒരു ജോലി സ്വപ്നം കാണുന്ന ഉദ്യോഗാർത്ഥിക്ക് വളരെ അനുഗ്രഹപ്രദമായിരുന്നു. യുകെയിൽ ഒട്ടേറെ ആളുകളെ ജോലിയിൽ സ്ഥിരപ്പെടുത്തിയത് കൂടാതെ ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും ജോലി ലഭിക്കാൻ ഉദ്യോഗാർത്ഥികളെ സഹായിക്കുന്നുമുണ്ട്.

വിദേശ റിക്രൂട്ട്മെന്റിലും പരിശീലനത്തിലും18 വർഷത്തെ പ്രവർത്തന പരിചയമുള്ള സിനീഷ് മാത്യുവും ഡോക്ടർ സീനിയ മാത്യുവുമാണ് ഡയറക്ടേഴ്സ് . 17 വർഷമായി യുകെയിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന മനു മാത്യുവാണ് എലിസബത്ത് ഇൻറർനാഷണലിന്റെ സെക്രട്ടറി . ഇവരുടെ നേതൃത്വപാടവും ഏകോപനവുമാണ് എലിസബത്ത് ഇന്റർനാഷണലിനെ മലയാളം യുകെ ന്യൂസിന്റെ പുതുസംരഭകത്വത്തിനുള്ള അവാർഡിന് അർഹമാക്കിയത്.

ഒക്ടോബര്‍ എട്ടാം തീയതി യോര്‍ക്ഷയറിലെ കീത്തിലിയില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റിന് വളരെ വിപുലമായ ഒരുക്കങ്ങളാണ് മലയാളം യുകെ ന്യൂസ് ഒരുക്കിയിരിക്കുന്നത്.  ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് ആരംഭിക്കുന്ന ബോളിവുഡ് ഡാൻസ് മത്സരങ്ങളും മലയാളം യുകെ അവാർഡ് നൈറ്റും വൈകുന്നേരം 9 മണിയോടെ അവസാനിക്കും. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ അവാര്‍ഡ് നൈറ്റില്‍ വിസ്മയങ്ങള്‍ വിരിയിക്കാനുള്ള ഒരുക്കത്തിലാണ്. അവാര്‍ഡ് നൈറ്റ് മനോഹരമാക്കാനായിട്ട് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മികച്ച സൗകര്യങ്ങളാണ് പ്രേക്ഷകര്‍ക്കായി കാത്തിരിക്കുന്നത്.

താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ഒക്ടോബർ എട്ടിന് രണ്ട് മണി മുതൽ പരിപാടിയുടെ തത്സമയ സംപ്രേഷണം ലഭ്യമാണ്.

നാടൻ പന്തുകളിയും,വടംവലിയും,കിലുക്കി കുത്തും,പകിട പകിട പന്ത്രണ്ട് എന്ന് ശബ്ദ മുഖരിതമാകുന്ന വേദിയാകാൻ ഒരുങ്ങി പീക്ക് ഡിസ്ട്രിക് ഈ വെള്ളിയാഴ്ച (07.10.2022) 4pm മുതൽ ഞായറാഴ്ച(09.10.2022)2Pm വരെയാണ് പുതുപ്പള്ളി മണ്ഡല സംഗമം നടത്തപ്പെടുന്നതാണ്. മറ്റുവർഷങ്ങളിൽ നിന്നും വിഭിന്നമായി മൂന്നു ദിവസത്തെ സംഗമമാണ് അരങ്ങേറുന്നത്. കോട്ടയം ജില്ലയിലെ വൻകരകളിലെ പുതുപ്പള്ളി, വാകത്താനം, മണർകാട്, കങ്ങഴ, മീനടം, പാമ്പാടി, തിരുവഞ്ചൂർ, പനച്ചിക്കാട്, കുറിച്ചി, അകലക്കുന്നം ഉൾപ്പെടുന്ന സ്ഥലത്തുനിന്നും യുകെ യിലേക്ക് കുടിയേറിയ മലയാളികൾ ഒത്തുകൂടുമ്പോൾ സഹപാഠികളും നാട്ടുകാരും വീട്ടുകാരുമായി ഒരു വർഷത്തെ പല കഥകളും വിശേഷങ്ങളുമായി നാടിന്റെ ഗന്ദവും, രുചിയും എല്ലാം ഒത്തുചേർന്നു വരുമ്പോൾ സംഗമങ്ങളുടെ ചക്രവർത്തി എന്ന പേരാണ് പുതുപ്പള്ളി സംഗമത്തിന് ഏറ്റവൂം യോജിച്ചത്.

യുകെയിലെ നാനാദിക്കുകളിൽ നിന്നും വണ്ടിയോടിച്ചും ട്രെയിനിലും എത്തുന്ന ഏവരേയും എല്ലാ തയ്യാറെടുപ്പുകളും പുർത്തിയായതായി പ്രസിഡന്റ് രാജു എബ്രഹാം സെക്രട്ടറി എബി ടോം എന്നിവർ അറിയിച്ചു. വെള്ളിയാഴ്ച 4pm മുതൽ ഗാനഭൂഷണം ബിജു തമ്പിയുടെ ഗാനമേളയോട് യവനിക ഉയരും യുകെയിലെ ഹാസൃസമ്രാട്ട് റോണി പുതുപ്പള്ളിയുടെ ഹാസൃ പരിപാടികൾ ഏവർക്കും സന്തോഷവും പൊട്ടിചിരികളും സമ്മാനിക്കും. ഏകദ്ദേശം 60 കുടുബങ്ങൾ രജിട്രഷൻ ചെയ്തു കഴിഞ്ഞു. രൂചിയുടെ പരൃായവും,നാടൻ വിഭവങ്ങളുടെ അഭിഷിക്തനുമായ ജോൺസാറിന്റെ യുകെയിൽ ഉടനീളം പെരും പെരുമയും ആർജിച്ച “അച്ചായൻസ് കിച്ചൺ” ആണ് ഭക്ഷണം ക്രമികരിച്ചിരിക്കുന്നത്. പുതുപ്പള്ളി പള്ളി, മണർകാട് പള്ളി, പനച്ചിക്കാട് സരസ്വതി ക്ഷേത്രം എന്നിവ മത നിരപേക്ഷതയുടെ പ്രതൃക്ഷ ഉദാഹരണങ്ങളായി ലോകചരിത്രത്തിൽത്തന്നെ സ്ഥാനം നേടിയിട്ടുണ്ട്. കുടുതൽ വിവരങ്ങൾക്ക് രാജു എബ്രഹാം 07939849485 എബി ടോം 07983522364. വിലാസം White Hall North Buxton Sk17 6SX

ടോം ജോസ് തടിയംപാട്

ചരിത്ര പ്രധാനമായ ലിവർപൂളിലെ ആംഗ്ളിക്കൻ കത്തീഡ്രലിനോട് ചേർന്നുള്ള സെന്റ് ജെയിംസ് സെമിത്തേരിയിൽ ഉയർന്നുനിൽക്കുന്ന ഒരു സ്മാരകമുണ്ട് അത് ലിവർപൂൾ എം പി ആയിരുന്ന വില്ല്യം ഹുക്കിംഗ്‌സണിന്റേതാണ് അദ്ദേഹത്തിന്റെ കാലു മുറിഞ്ഞാണ് മരിച്ചത് ആ മരണം ലോകചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട് .

1829 ഒക്ടോബര്‍ ആറിന്‌ ലിവർപൂളിനടുത്തു റെയിൻ ഹിൽ എന്ന സ്ഥലത്തു ലിവർപൂൾ മാഞ്ചെസ്റ്റെർ റെയിൽവേ കമ്പനി ഒരു മത്സരം സംഘടിപ്പിച്ചു വിജയിക്കുന്നവർക്ക് 500 പൗണ്ടാണ് സമ്മാനം .അവരുടെ ആവശ്യം ഒന്നേമുക്കാല്‍ മൈല്‍ ദൈര്‍ഘ്യമുള്ള ട്രാക്കിലൂടെ എഞ്ചിന്റെ മൂന്നിരട്ടി ഭാരവും വഹിച്ചു കൊണ്ട്‌ മിനിമം. പത്തു മൈല്‍ സ്‌പീഡില്‍ 40 പ്രാവശ്യം നിര്‍ത്താതെ ഓടുന്ന ഒരു ട്രെയിൻ കണ്ടുപിടിക്കണം എന്നതായിരുന്നു.

പരീക്ഷണത്തിൽ ജോര്‍ജ്ജ്‌ സ്റ്റീഫന്‍സണ്‍ കണ്ടുപിടിച്ച റോക്കറ്റ് എന്ന ട്രെയിൻ മാത്രമാണ് വിജയിച്ചത് മറ്റു മത്സരിച്ച നാലും പരാജയപ്പെട്ടു അങ്ങനെ ജോര്‍ജ്ജ്‌ സ്റ്റീഫന്‍സണ്‍ ലോക റെയില്‍വേയുടെ പിതാവെന്നറിയപ്പെട്ടു. എന്നാൽ ദൗര്‍ഭാഗ്യമെന്നു പറയട്ടെ, അന്നുതന്നെ ലോകത്തിലെ ആദ്യത്തെ റെയിൽവേ അപകടവും മരണവും നടന്നു, മുന്‍ മന്ത്രിയും ലിവര്‍പ്പൂള്‍ എം.പി.യുമായിരുന്ന വില്ല്യം ഹുക്കിംഗ്‌സൻ ആയിരുന്നു ആ ഹതഭാഗ്യന്‍. പ്രധാന മന്ത്രി ഡ്യൂക്‌ ഓഫ്‌ വെല്ലിംഗ്‌ണിനു ഹസ്തദാനം ചെയ്യാൻ റെയിൽവേ മുറിച്ചു കടക്കുമ്പോൾ റോക്കറ്റ് എന്ന ട്രെയിൻ നിയന്ത്രണം വിട്ടുവന്നു ഹുക്കിംഗ്‌സണിനെ ഇടിച്ചു വിഴിച്ചു കാലിലൂടെ കയറി ഇറങ്ങി പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹുക്കിംഗ്‌സണിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല അങ്ങനെ ലോക ചരിത്രത്തിലെ ആദ്യ റെയിൽവേ അപകടവും മരണവും ഹുക്കിംഗ്‌സണിന്റെതായി മാറി.

ലിവർപൂൾ സെന്റ് ജെയിംസ് സെമിത്തേരിയിൽ ഏറ്റവും ഉയർന്നുനിൽക്കുന്ന സ്മാരകമാണ് വില്ല്യം ഹുക്കിംഗ്‌സണിനു വേണ്ടി നിർമ്മിച്ചിട്ടുള്ളത് ഈ സ്മാരകത്തിന് മുൻപിൽ നിൽക്കുന്നത് മത ശാസന അനുസരിച്ചു ഇസ്ലാമിക തീവ്രവാദികൾ കാലും കൈയും മുറിച്ചു കൊല്ലാൻ ശ്രമിച്ചു ചരിത്രമായി മാറിയ പ്രൊഫസർ ടി ജെ ജോസഫ് എന്ന പോരാളിയാണ്. ഞാൻ പരാജിതനല്ല പോരാളിയാണ് ആണ് എന്ന് ലിവർപൂളിൽ നൽകിയ സ്വികരണത്തിനു മറുപടി പറഞ്ഞ ജോസഫ് സാർ മുറിഞ്ഞ കാലുമായിഹുക്കിംഗ്‌സണിന്റെ സ്മാരകത്തിനു മുൻപിൽ നിൽക്കുമ്പോൾ നൽകുന്ന സന്ദേശം അതിജീവനത്തിന്റെതാണ് തോൽവിയുടേതല്ല ..

ബിബിൻ അബ്രഹാം 

ഇംഗ്ലണ്ടിന്റെ ഉദ്യാനമായ കെന്റിലെ ടൺബ്രിഡ്ജ് വെൽസിലെ “സഹൃദയ ദി വെസ്റ്റ്‌ കെന്റ് കേരളൈറ്റ്സ്” ഒക്ടോബർ ഒന്നാം തീയതി ചരിത്രം സൃഷ്ടിക്കുകയായിരുന്നു. തലേ രാത്രി വരെ കോരിച്ചൊരിയുകയായിരുന്ന മഴ പോലും സഹൃദയയുടെ സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടിയെന്നോണം സൂര്യനെ ഉജ്വലമായി പ്രശോഭിപ്പിച്ചുകൊണ്ട് പൊൻകതിരുകൾ വീശി ബിവൽ വാട്ടർ തടാകത്തെ തങ്കശോഭയിൽ വിരാജിപ്പിച്ചു.

അതെ, മഴ മേഘങ്ങൾ മാറി നിന്നു, സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിൽ സൂര്യൻ ജ്വലിച്ചു നിന്നപ്പോൾ കെന്റിലെ ബിവൽ വാട്ടർ അക്ഷരാർഥത്തിൽ ജനസമുദ്രമായി മാറുകയായിരുന്നു. ആർത്തിരമ്പിയ ആയിരത്തോളം കാണികൾക്കു മുന്നിൽ യു. ക്കെയിൽ ജലരാജാക്കന്മാർ ഏറ്റുമുട്ടിയപ്പോൾ തിങ്ങി നിറഞ്ഞ വള്ളംകളി പ്രേമികൾക്ക് നയന മനോഹരമായ ആവേശ കാഴച്ചയാണ് സഹൃദയ കെന്റ് ജലോത്സവം നൽകിയത്

യു. കെ മലയാളികളുടെ ചരിത്രത്തിൽ ആദ്യമായി കേവലം 160 അംഗങ്ങൾ മാത്രമുള്ള ഒരു മലയാളി അസോസിയേഷൻ -സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ് -ഒരു അഖില യു.കെ വള്ളം കളി മത്സരം അതിവിപുലമായി നടത്തി ചരിത്രത്തിൽ ഇടം നേടിയിരിക്കുന്നു. ഏകദ്ദേശം 25000 പൗണ്ട് ചിലവായ ഒരു ബിഗ് ബഡ്ജറ്റ് ജലോത്സവം തികഞ്ഞ അച്ചടക്കത്തോടെയും
അസൂത്രണത്തോടെയും, മാത്യകപരമായും ആണ് അരങ്ങേറിയത്. മത്സര ഇടവേളകളിൽ നൃത്ത നൃത്യങ്ങള്‍, സംഗീതം, തുടങ്ങിയ കലാപരിപാടികൾ കൊണ്ടു സമ്പന്നമായിരുന്ന ഇവന്റിൽ ഒഴുകി എത്തിയ എല്ലാ വള്ളം കളി പ്രേമികൾക്കും കുടുബസമേതം ഒരു ദിനം ചിലവഴിക്കാൻ വേണ്ട എല്ലാ ചേരുവുകളും ഉണ്ടായിരുന്നു.

കെന്റിലെ ബിവൽ വാട്ടറിൽ യു.കെ യിലെ എല്ലാ പ്രമുഖ ജലരാജാക്കന്മാരും പങ്കെടുത്ത ആവേശ പോരാട്ടത്തിൽ ശ്രീ. തോമസ് കുട്ടി ഫ്രാൻസിസ് ക്യാപ്റ്റനായ ലിവർപൂൾ ജവഹർ ബോട്ട് ക്ലബ് സഹൃദയയുടെ പ്രഥമ വള്ളംകളി ട്രോഫിയിൽ മുത്തമിട്ടു. കലാശ പോരാട്ടത്തിൽ ആർത്തിരമ്പിയ ആയിരത്തോളം വരുന്ന കാണികൾക്കു ആവേശം വാരിവിതറിക്കൊണ്ടു, ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിൽ ശ്രീ. ബാബു കളപുരയ്ക്കൽ ക്യാപ്റ്റനായ സെവൻ സ്റ്റാർസ് കവൻട്രി ബോട്ട് ക്ലബ് രണ്ടാം സ്ഥാനം നേടിയപ്പോൾ, ശ്രീ. മോനിച്ചൻ ക്യാപ്റ്റനായ ഫ്രണ്ട്സ് ബോട്ട് ക്ലബ് ബോൾട്ടൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

യു.കെയിലെ എല്ലാ പ്രമുഖ ടീമുകളും പങ്കെടുത്ത കെന്റ് ജലോത്സവത്തിൽ പതിനഞ്ചു ടീമുകൾ ആണ് പരസ്പരം മൂന്നു ഹീറ്റ്‌സുകളിലായി ഏറ്റുമുട്ടിയത്. വനിതകൾക്കായി നടന്ന പ്രദർശന മത്സരത്തിൽ സഹൃദയയുടെ ടീം റെഡും, യെല്ലോയും ഉജ്വല പോരാട്ടം ആണ് കാഴ്ച്ച വെച്ചത്.

വൈകുന്നേരം ആറു മണിയോടു കൂടി നടന്ന സമാപന യോഗത്തിലും സമ്മാനദാന ചടങ്ങിലും ബ്രാഡ്ലി സ്റ്റോക്ക് കൗൺസിലർ ശ്രീ. ടോം ആദിത്വ, ക്രോയിഡോൺ കൗൺസിൽ കൗൺസിലർ ശ്രീ. നിഖിൽ ഷെറീൻ തമ്പി, പ്രമുഖ മനുഷ്യാ അവകാശ പ്രവർത്തകൻ ശ്രീ ജോൺ സാമുവൽ അടൂർ എന്നിവർ പങ്കെടുത്തു.

കെന്റ് ജലോത്സവത്തിന്റെ ചെയർമാൻ ശ്രീ അജിത്ത് വെൺമണി, ജനറൽ കൺവീനിയർ ശ്രീ ബിബിൻ എബ്രഹാം, കോർഡിനേറ്റർ മാരായ ശ്രീ ജോഷി സിറിയക്ക്, ശ്രീ.വിജു വറുഗീസ്, ശ്രീ മനോജ് കോത്തൂർ, ശ്രീമതി. ലിജി സേവ്യർ, ശ്രീ. ബ്ലസ്സൻ സാബു, തുടങ്ങിയവർ നേതൃത്വം കൊടുത്ത അതിവിപുലമായ ജലോത്സവ കമ്മിറ്റി നടത്തിയ അക്ഷീണ പ്രയത്നത്തിന്റെ ഫലമായാണ് കെന്റ് ജലോത്സവം ഒരു വൻ വിജയമാക്കി മാറ്റുവാൻ ടീം സഹൃദയയ്ക്കു സാധ്യമായത്.

ഏകദേശം ആയിരത്തോളം പേർ എത്തി ചേർന്ന ജലോത്സവത്തിൽ പ്രധാന സ്പോൺസര്‍ ലോ & ലോയേഴ്സ് സോളിസിറ്റർ, അലൈഡ് മോർഡ്ഗേജ് & ഇൻഷുറൻസ്, പ്രൈം കെയർ തുടങ്ങിയവരായിരുന്നു. സഹൃദയയുടെ പ്രഥമ ജല പോരാട്ടത്തിൽ വിജയിച്ച ലിവർപൂളിന്റെ ചെമ്പട പടകൂറ്റൻ ട്രോഫിയും 1101 പൌണ്ട് ക്യാഷ് അവാർഡും സ്വർണ്ണ മെഡലുകളും കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ കവൻട്രി സെവൻ സ്റ്റാർസിന് 601 പൗണ്ട് ക്യാഷ് അവാർഡും ട്രോഫിയും മെഡലുകളും, മൂന്നാം സ്ഥാനം നേടിയ ഫ്രണ്ട്സ് ബോട്ട് ക്ലബിന് 351 പൗണ്ട് ക്യാഷ് അവാർഡും ട്രോഫിയും മെഡലുകളും ലഭിച്ചു.

വാശിയേറിയ പോരാട്ടത്തിൽ മാർട്ടിൻ ക്യാപ്റ്റനായ ലണ്ടൻ ചുണ്ടൻ നാലാം സ്ഥാനത്ത് എത്തിയപ്പോൾ, ശ്രീ മാത്യു പുളിങ്കുന്ന് ചാക്കോ നയിച്ച സാൽഫോർഡ് ബോട്ട് ക്ലബ് അഞ്ചാമതായും, എഡ്വിൻ ക്യാപ്റ്റനായിരുന്ന ഈസ്റ്റ് ബോൺ ചുണ്ടൻ ആറാം സ്ഥാനവും കരസ്ഥമാക്കി.

കെന്റ് ജലോത്സവത്തിന്റ തിളക്കമാർന്ന വിജയത്തോടെ സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ് എന്ന മലയാളി അസോസിയേഷന്റെ ചരിത്രത്തിൽ ഒരു പൊൻ തൂവൽ കൂടി ചേർത്തു വെച്ചിരിക്കുകയാണ്. കെന്റ് ജലോത്സവം ഒരു വിജയമാക്കി മാറ്റുവാൻ സഹായിച്ച എല്ലാ ജലോത്സവ പ്രേമികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ ജലോത്സവ കമ്മിറ്റി ചെയർമാൻ ശ്രീ അജിത്ത് വെൺമണി നന്ദി രേഖപ്പെടുത്തി.

ജയൻ എടപ്പാൾ

യുകെയിലെ പ്രവാസി മലയാളി സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒക്ടോബർ 9തിലെ ലോക കേരളസഭ യു.കെ_യൂറോപ്പ് മേഖലാസമ്മേളനത്തിനും അതിനോടനുബന്ധിച്ചു നടക്കുന്ന പ്രവാസി പൊതുസമ്മേളനത്തിനുമുള്ള ഒരുക്കങ്ങൾ ലണ്ടനിൽ അവസാനഘട്ടത്തിലേക്ക്.

രാവിലെ ഒൻപതു മണിക്ക് ആരംഭിക്കുന്ന ലോക കേരളസഭ യുകെ – യൂറോപ്പ് മേഖലാ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. യുകെയിലെ വിവിധ തൊഴിൽ മേഖലകളിൽ നിന്ന് ക്ഷണിക്കപ്പെട്ട നൂറിലധികം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. പ്രവാസികൾ നേരിടുന്ന പ്രയാസങ്ങളും അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങളും യോഗത്തിൽ ചർച്ചചെയ്യപ്പെടും.

കാലത്തിനനുസരിച്ചു കേരളത്തെ ആധുനികവത്കരിക്കുവാനും വികസിപ്പിച്ചും പുരോഗതിയിലേക്കു നയിക്കുവാനും വൈഞ്ജാനിക സമൂഹം കെട്ടിപ്പടുക്കുവാനും പ്രവാസികൾക്കു എന്തൊക്കെ സംഭാവനകൾ ചെയ്യാനാവും എന്നതിൽ പ്രതിനിധികൾ ക്രിയാത്മകമായ നിർദ്ദേശങ്ങൾ മുന്നോട്ടുവെയ്ക്കും .

കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയെക്കൂടാതെ ബഹു. വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി രാജീവ്, ബഹു. പൊതു വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി, നോർക്ക റസിഡൻസ് വൈസ് ചെയർമാൻ ശ്രീ പി ശ്രീരാമകൃഷ്ണൻ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ സുമൻ ബില്ല ഐഎഎസ് , നോർക്ക സി ഇ ഒ ശ്രീ ഹരികൃഷ്ണൻ നമ്പൂതിരി, മറ്റ് നോർക്ക പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സമ്മേളനത്തിൽ ചർച്ചകളിൽ പങ്കെടുക്കും.

പ്രതിനിധിസമ്മേളനത്തിനു ശേഷം വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പ്രവാസി പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പ്രവാസികളെ അഭിസംബോധന ചെയ്യും.

ജാതിമത രാഷ്ട്രീയഭേദ ചിന്തകൾ മാറ്റിവെച്ചു മുഖ്യമന്ത്രിയെയും മറ്റുമന്ത്രിമാരെയും സ്വീകരിക്കുവാൻ പ്രവാസികൾ ഒരുങ്ങിക്കഴിഞ്ഞു. വിപുലമായ സംഘാടകസമിതിയാണ് പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ചിട്ടുള്ളത്. ചീഫ് കോർഡിനേറ്റർ എസ് ശ്രീകുമാർ, ജോയിന്റ് കോർഡിനേറ്റർ സി എ ജോസഫ്, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ ബിജു പെരിങ്ങത്തറ, പി.ആർ.ഒ. ജയൻ എടപ്പാൾ എന്നിവരുടെയും വിവിധ സബ്കമ്മിറ്റി കൺവീനർമാരായ കുര്യൻ ജേക്കബ്, ദിനേശ് വെള്ളാപ്പള്ളി, സഫീർ എൻ കെ, കെ കെ മോഹൻദാസ്, ശ്രീജിത്ത് ശ്രീധരൻ, എസ് ജയപ്രകാശ് എന്നിവരുടെയും ലോകകേരള സഭയെ പ്രതിനിധീകരിച്ചു ആഷിക് മുഹമ്മദ്‌ നാസർ, അഡ്വക്കേറ്റ് ദിലീപ്കുമാർ, ലജീവ് കെ, നിധിൻ ചന്ദ്, ഷാഫി റഹ്മാൻ, സുനിൽ മലയിൽ എന്നിവരുടെയും നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികൾ ക്രിയാത്മകമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

പൊതുസമ്മേളന വേദി : Tudor Park, Feltham, London. TW13 7EF.

പൊതുസമ്മേളനത്തിനു മിഴിവേകി “കേളീരവം” എന്ന പേരിൽ കലാസാംസ്കാരികപരിപാടികൾ അരങ്ങേറും. ഒട്ടേറെ കലാപ്രതിഭകൾ അണിനിരക്കുന്ന കേരളീയ സാംസ്കാരിക പൈതൃകം അതിമനോഹരമായി അരങ്ങിൽ എത്തിക്കുന്ന പരിപാടിയാണ് “കേളീരവം”.

പ്രതിനിധി സമ്മേളനത്തിനും പൊതു സമ്മേളനത്തിനും എത്തുന്നവർക്ക്‌ സൗജന്യ കാർപാർക്കിങ് സൗകര്യം പൊതുസമ്മേളന വേദിക്കു സമീപം ഒരുക്കിയിട്ടുണ്ട് എന്ന് സംഘാടക സമിതി അറിയിച്ചു (Tudor Park, Feltham, London. TW13 7EF).

സമ്മേളനപരിപാടികൾ ഒരു ചരിത്രസംഭവമാക്കുവാൻ എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് സംഘാടകസമിതി അഭ്യർത്ഥിച്ചു.

തോമസ് പുത്തിരി

ഇംഗ്ലീഷ് എന്ന പരീക്ഷയിൽ കുടുങ്ങി നഴ്സിംഗ് ജോലി ചെയ്യാൻ കഴിയാതെ ബ്രിട്ടനിൽ ദുരിതം അനുഭവിക്കുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് വാതില്‍ തുറന്ന് ബ്രിട്ടന്‍. ബ്രിട്ടനിലുള്ള മലയാളി നേഴ്സ്മാര്‍ക്ക്  ഇംഗ്ലീഷ് ടെസ്റ്റ്‌ പാസാകാതെ തന്നെ അടുത്ത ജനുവരി മുതല്‍  നേഴ്സ് ആയി റെജിസ്റ്റര്‍  ചെയ്യാന്‍ അവസരം.

യു കെ യിലെ  നഴ്സിംഗ് ആന്‍ഡ്‌ മിഡ് വൈഫറി കൗണ്‍സില്‍ (NMC)  സെപ്റ്റംബര്‍ 28 നു ചേര്‍ന്ന യോഗത്തിലാണ്  അടിസ്ഥാനപരായ ഈ നയംമാറ്റ തീരുമാനം എടുത്തത്. ഇതിലൂടെ ഇന്ത്യയിലും   (മറ്റു വിദേശ രാജ്യങ്ങളിലും) നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി ബ്രിട്ടനില്‍ വന്നിട്ടും  നഴ്സിംഗ്   റെജിസ്ട്രേഷന്‍ ചെയ്യാന്‍ കഴിയാതെ   കെയറര്‍ ആയി ജോലി ചെയ്യുന്ന ആയിരക്കണക്കിന് നഴ്സിംഗ്  പ്രഫഷനലുകള്‍ക്ക് നേഴ്സ് ആയി ജോലി ചെയ്യാനുള്ള അവസരമായി.

ഇതുവരെ ഉള്ള നിയമപ്രകാരം   അന്താരാഷ്ട്ര  നിലവാരമുള്ള  ഇംഗ്ലീഷ് ടെസ്റ്റുകള്‍ പാസായാല്‍ മാത്രമേ ബ്രിട്ടനില്‍ നഴ്സിംഗ്  റെജിസ്ട്രേഷന്‍ നടത്താന്‍ കഴിയുമായിരുന്നുള്ളൂ.  ഉന്നത നിലവാരത്തിലുള്ള ഇത്തരം ഇംഗ്ലീഷ് ടെസ്റ്റുകള്‍ പാസാകാന്‍ കഴിയാത്തത് കൊണ്ട് മാത്രം ആയിരക്കണക്കിന് മലയാളികളടക്കമുള്ള  വിദേശ നേഴ്സ്മാര്‍ ബ്രിട്ടനില്‍ വന്നു  നഴ്സിംഗ് കെയറര്‍ ആയി ജോലി ചെയ്തുവരുന്നുണ്ട്.

നഴ്സിംഗ് പഠനം ഇംഗ്ലീഷിലാണ് എന്നും, കൂടാതെ  തങ്ങള്‍ ഇപ്പോള്‍ ജോലി  ചെയ്യുന്ന ബ്രിട്ടനിലെ  സ്ഥാപനത്തില്‍ നിന്നും നഴ്സിംഗ് പ്രഫഷന്   ആവശ്യമായ ഇംഗ്ലീഷ് പ്രാവീണ്യം ഉണ്ട് എന്നുള്ള സര്‍ട്ടിഫിക്കറ്റും, അതോടൊപ്പം ബ്രിട്ടനിലെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും കൂടിയായാല്‍ ഇംഗ്ലീഷ് ടെസ്റ്റ്‌ പാസാകാതെ തന്നെ നേഴ്സ് ആയി  റെജിസ്ട്രേഷന്‍ ചെയ്യാം എന്നാണ് NMC പുതുതായി കൊണ്ടുവന്ന തീരുമാനം.

ഈ തീരുമാനത്തിലൂടെ   ബ്രിട്ടനില്‍ ജോലി ചെയ്യുന്ന വിദേശ  നേഴ്സ്മാര്‍ക്ക്   ഇംഗ്ലീഷ് ടെസ്റ്റ്‌ പാസാകാതെ തന്നെ നഴ്സിംഗ്  റെജിസ്ട്രേഷന്‍ നടത്താന്‍  കഴിയും. അടുത്ത വര്‍ഷം  ജനുവരി മുതല്‍ പുതിയ തീരുമാനം നടപ്പില്‍ വരും.  കേരളത്തില്‍ നിന്ന് മാത്രം   ഏകദേശം 25000 ല്‍ അധികം നേഴ്സ് മാര്‍   കെയറര്‍  ആയി ബ്രിട്ടനില്‍  ചെയ്തുവരുന്നുണ്ട് എന്നാണു ഔദ്യോദികമല്ലാത്ത ഏകദേശ കണക്ക് .  അവര്‍ക്കെല്ലാം   തങ്ങള്‍ പഠിച്ച മഹത്തായ നഴ്സിംഗ് സേവനം  ചെയ്യാനുള്ള  അവസരം അടുത്ത ജനുവരി   മുതല്‍ ഉണ്ടാകും.

നഴ്സിംഗ് രംഗത്തു വിദേശ  നേഴ്സ്മാര്‍  നേരിടുന്ന വിവേചനത്തിനു പരിഹാരം കാണണമെന്നു ആവശ്യപ്പെട്ടു വര്‍ഷങ്ങളായി നിരവധി ക്യാമ്പയിനുകള്‍ ബ്രിട്ടനിലെ മലയാളി സമൂഹം നടത്തിവരുന്നുണ്ട്. ബ്രിട്ടനിലെ എം പി മാരുടെയും മുനിസിപല്‍   കൗണ്‍സിലുകളുടെയും ട്രേഡ് യൂണിയനുകളുടെയും  സഹകരണത്തോടെ നിരവധി വര്‍ഷങ്ങളായി   നടത്തിവന്ന   ക്യാമ്പയിന്റെ ഫലമായാണ് ഇത്തരത്തിലുള്ള ഒരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്.

2015 ല്‍ മലയാളി പ്രതിനിധികള്‍ ബ്രിട്ടീഷ്   പാര്‍ലമെന്റ്  ലോബി ഹാളില്‍  50 ഓളം എം പി മാരെ നേരില്‍ കണ്ടു വിഷയം അവതരിപ്പിച്ചു.  സൌതാല്‍ എം പി വിരേന്ദ്ര ശര്മയോടൊപ്പം ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയുടെ    ഔദ്യോഗിക  വസതിയില്‍ ചെന്ന് നിവേദനം സമര്‍പ്പിച്ചു.  ഇതേ ആവശ്യം ഉന്നയിച്ചു കൗണ്‍സിലര്‍ ബൈജു തിട്ടാല 2019 മെയ്‌ മാസത്തില്‍    അവതരിപ്പിച്ച  പ്രമേയം കേംബ്രിഡ്ജ് സിറ്റി  കൗണ്‍സില്‍   ഏകകണ്‌ഠമായി  പാസ്സാക്കി. തുടര്‍ന്ന് 30 ജനുവരി 2020 ല്‍  കേംബ്രിഡ്ജ് സിറ്റി കൌണ്‍സില്‍ ലീഡര്‍ ല്യൂവിസ്   ഹെര്‍ബെര്‍ട്ട് ന്റെ നേതൃത്വത്തില്‍  മലയാളി പ്രതിനിധികള്‍ NMC ചീഫ് എക്സക്യൂട്ടീവ് ആണ്ട്രിയ സട്ക്ക്ളിഫ്,  ഡയറക്ടര്‍ ഓഫ്  റെജിസ്ട്രേഷന്‍ എമ ബ്രോഡ്ബെന്റ്  എന്നിവരെ കണ്ടു  വിദേശ നേഴ്സ് മാര്‍ നേരിടുന്ന പ്രശനങ്ങളെ  കുറിച്ചുള്ള  വിശദമായ  സര്‍വ്വേ പഠനം സമര്‍പ്പിച്ചു.

വിദേശ   നേഴ്സ്മാരുടെ ആവശ്യം പരിഗണിച്ചു നടത്തിയ കണ്‍സല്‍ട്ടെഷ നില്‍ NMC ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും,   34000 പേര്‍ ഇതുമായി ബന്ധപ്പെട്ട  അഭിപ്രായന്വേഷണത്തോട് സഹകരിക്കുകയും ചെയ്തുവെന്ന് NMC ചീഫ് ഡയറക്ടര്‍ ഓഫ് സ്ട്രാറ്റജി ആന്‍ഡ്‌ ഇന്‍സൈറ്റ് പറഞ്ഞു.

മലയാളം യുകെ അവാർഡ് നൈറ്റിൽ ലിറ്റിൽ സ്റ്റാർ ഓഫ് ദ ഇയർ അവാർഡ് കൃപ തങ്കച്ചന് സമ്മാനിക്കപ്പെടും. ഒക്ടോബർ 8-ാം തീയതി യോർക്ക്ഷെയറിലെ കീത്തിലിയിൽ ആണ് അവാർഡ് നൈറ്റ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. പ്രെസ്റ്റൺ സെൻറ് ഗ്രിഗറി കാത്തലിക് പ്രൈമറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കൃപാ തങ്കച്ചന്റെ പ്രായത്തെ മറികടക്കുന്ന പല സാമൂഹിക ഇടപെടലുകളും ബ്രിട്ടണിലെ മലയാളികളുടെ ഇടയിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

സ്കൂൾ പരിസരത്തെ തെരുവുകളിൽ മാലിന്യം നിർമ്മാജനം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കൗൺസിലിലേക്ക് കത്തയച്ച കാര്യം സാധിച്ചതും, പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് അന്തരിച്ച എലിസബത്ത് രാജ്ഞിയ്ക്ക് കത്തയച്ചതുമെല്ലാം ഇതിൽ ഉൾപ്പെടും. കൃപയുടെ കത്തുകളിലെ വരികളിലെ ആത്മാർത്ഥതയും, ശക്തിയും രാജ്ഞിയെ സന്തോഷിപ്പിച്ചത് മറുപടി കത്തിൽ പ്രതിഫലിച്ചിരുന്നു. റഷ്യ ഉക്രൈൻ യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ കൃപ റഷ്യൻ പ്രസിഡൻറ് പുടിന് എഴുതിയ കത്ത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

തൊടുപുഴ ചീനിക്കുഴി സ്വദേശിയായ തങ്കച്ചൻ എബ്രഹാം ലിസമ്മ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് കൃപ. മൂത്ത മകൻ നവീൻ, മറൈൻ എഞ്ചിനീയറിംഗ്, ക്രിസ്റ്റീൻ തങ്കച്ചൻ എ ലെവൽ വിദ്യാർത്ഥിനിയും ആണ്. ലിസമ്മ പ്രെസ്റ്റൺ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്യുന്നു. 2004 ലിൽ പ്രെസ്റ്റണിൽ എത്തിയ ആദ്യകാല മലയാളികളിൽ തങ്കച്ചനും കുടുംബവും ഉൾപ്പെടുന്നു. മുൻ കേരള പൊലീസ് ഉദ്യോഗസ്ഥനാണ് തങ്കച്ചൻ എബ്രഹാം.

ഒക്ടോബര്‍ എട്ടാം തീയതി യോര്‍ക്ഷയറിലെ കീത്തിലിയില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റിന് വളരെ വിപുലമായ ഒരുക്കങ്ങളാണ് മലയാളം യുകെ ന്യൂസ് ഒരുക്കിയിരിക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ അവാര്‍ഡ് നൈറ്റില്‍ വിസ്മയങ്ങള്‍ വിരിയിക്കാനുള്ള ഒരുക്കത്തിലാണ്. അവാര്‍ഡ് നൈറ്റ് മനോഹരമാക്കാനായിട്ട് ആധുനിക സാങ്കേതിക വിദ്യയോടെ സഹായത്തോടെയുള്ള മികച്ച സൗകര്യങ്ങളാണ് പ്രേക്ഷകര്‍ക്കായി കാത്തിരിക്കുന്നത്.

യുകെയിലെ നഴ്സിംഗ് മേഖലയിലെ ഇംഗ്ളീഷ് ഭാഷാ ആവശ്യകതകളിലെ മാറ്റങ്ങള്‍ എന്‍എംസി അംഗീകരിച്ചു. നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (NMC) അതിന്റെ ഇംഗ്ളീഷ് ഭാഷാ ആവശ്യകതകളില്‍ രണ്ട് പ്രധാന മാറ്റങ്ങളാണ് അംഗീകരിച്ചത്.

ബുധനാഴ്ച നടന്ന പുതിയ കൗണ്‍സില്‍ യോഗത്തില്‍, റെഗുലേറ്ററിന് അതിന്റെ ഇംഗ്ളീഷ് ഭാഷാ ആവശ്യകതകളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള പച്ചക്കൊടി ലഭിച്ചു, 2023~ല്‍ നടപ്പിലാക്കാനാണ് പദ്ധതി. ഇത് വളരെ വ്യക്തമായും വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത മലയാളികള്‍ ഉള്‍പ്പെടുന്നവരുടെ വാദം അംഗീകരിക്കുകയായിരുന്നു.

എന്‍എംസിയുടെ ഇംഗ്ളീഷ് ഭാഷാ ആവശ്യകതകളില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെടുന്നവര്‍ കൗണ്‍സിലിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു, യുകെയില്‍ നഴ്സുമാരായി ജോലി ചെയ്യാനുള്ള അവരുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍  അന്താരാഷ്ട്ര വിദ്യാഭ്യാസമുള്ള നഴ്സുമാരെ ഇത് പ്രാപ്തരാക്കുമെന്ന് അന്ന വാക്കര്‍ പ്രസ്താവിച്ചു.

ആദ്യ മാറ്റം എന്‍എംസിയുടെ ഇംഗ്ളീഷ് ഭാഷാ പരീക്ഷകളുമായി ബന്ധപ്പെട്ടതാണ്. വ്യക്തികള്‍ക്ക് രണ്ട് ഇംഗ്ളീഷ് ഭാഷാ ടെസ്ററ് സ്കോറുകള്‍ സംയോജിപ്പിക്കേണ്ടിവരുമ്പോള്‍ അത് സ്വീകരിക്കുന്ന ഏറ്റവും കുറഞ്ഞ സ്കോറുകള്‍ സ്ററാന്‍ഡേര്‍ഡ് ചെയ്യാന്‍ സമ്മതിച്ചു.

കൂടാതെ, അപേക്ഷകര്‍ക്ക് അവരുടെ ടെസ്ററ് സ്കോറുകള്‍ ആറ് മുതല്‍ 12 മാസം വരെ സംയോജിപ്പിക്കാന്‍ കഴിയുന്ന കാലയളവ് നീട്ടാന്‍ നിര്‍ദ്ദേശിച്ചു.ഭൂരിപക്ഷമല്ലാത്ത ഇംഗ്ളീഷ് സംസാരിക്കുന്ന രാജ്യത്ത്  ഇംഗ്ളീഷില്‍ പരിശീലനം നേടിയ അല്ലെങ്കില്‍ അവരുടെ ഇംഗ്ളീഷില്‍ ആവശ്യമായ സ്കോര്‍ നഷ്ടപ്പെട്ട അപേക്ഷകര്‍ക്ക് ഇംഗ്ളീഷ് ഭാഷാ പ്രാവീണ്യത്തിന്റെ പിന്തുണാ തെളിവായി ബോഡി തൊഴിലുടമകളില്‍ നിന്ന്  അനുബന്ധ വിവരങ്ങള്‍ സ്വീകരിക്കാം എന്നത് രണ്ടാമത്തെ മാറ്റമായി അംഗീകരിച്ചു.

നിര്‍ദ്ദേശങ്ങള്‍  സുരക്ഷിതവും ഫലപ്രദവും ദയയുള്ളതുമായ പരിശീലനത്തിന് ആവശ്യമായ ഇംഗ്ളീഷിന്റെ ഉയര്‍ന്ന നിലവാരം നിലനിര്‍ത്തുന്നത് തമ്മിലുള്ള ശരിയായ സന്തുലിതാവസ്ഥ കൈവരിക്കുമെന്ന്  എക്സിക്യൂട്ടീവ് ബോര്‍ഡ് കണക്കാക്കി, ഇതിനകം സംഭാവന ചെയ്യുന്നവര്‍ക്ക്  അധിക വഴക്കം  നല്‍കുകയും യുകെയിലെ ആരോഗ്യ സാമൂഹിക പരിചരണം പുഷ്ടിപ്പെടുകയും ചെയ്യും.

കൂടിയാലോചനയില്‍ നിന്ന് ഉരുത്തിരിഞ്ഞ പ്രവര്‍ത്തന മേഖലകളില്‍ കൂടുതല്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനും മുന്നോട്ട് കൊണ്ടുപോകാനും അവര്‍ പിന്തുണ നല്‍കി.കൗണ്‍സിലില്‍ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ച എന്‍എംസിയിലെ സ്ട്രാറ്റജി ആന്‍ഡ് ഇന്‍സൈറ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മാത്യു മക്ളെലാന്‍ഡ് പറഞ്ഞു, അന്താരാഷ്ട്ര തലത്തില്‍ വിദ്യാഭ്യാസം നേടിയവരും അപേക്ഷകള്‍ രജിസ്ററര്‍ ചെയ്യുന്നവരും തൊഴിലുടമകളും മാറ്റങ്ങളെ പിന്തുണക്കുന്നവരാണെന്നും യുകെയില്‍ നിന്നും വിവിധ പ്രേക്ഷകരില്‍ നിന്നും കണ്‍സള്‍ട്ടേഷന്ശ രിക്കും നല്ല ഇടപെടലുകള്‍  ലഭിക്കുകയും ചെയ്തു.

കിംഗ്സ് കോളേജ് ഹോസ്പിറ്റലിലെ ലിവര്‍ ട്രാന്‍സ്പ്ളാന്‍റ് കോര്‍ഡിനേറ്റര്‍ ഡോ അജിമോള്‍ പ്രദീപ്, സാല്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ നഴ്സിങ് ലക്ചറര്‍ ഡോ ഡില്ലാ ഡേവിസ് എന്നിവര്‍ എന്‍എംസിയുടെ ഇംഗ്ളീഷ് ഭാഷാ ആവശ്യകതകളില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടവരില്‍ ചിലരാണ്.

യുകെയില്‍ ഹെല്‍ത്ത് കെയര്‍ അസിസ്ററന്റുമാരായി ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്തിട്ടും ഭാഷാ പരീക്ഷ പാസാകാനും രജിസ്ട്രേഷന്‍ നേടാനും കഴിയാത്ത ആയിരക്കണക്കിന് ഇന്ത്യയില്‍ പരിശീലനം ലഭിച്ച നഴ്സുമാര്‍ക്ക് വേണ്ടി അവര്‍ രണ്ട് വര്‍ഷത്തിലേറെയായി പ്രചാരണം നടത്തുന്നു.നഴ്സിംഗ് കൗണ്‍സില്‍ ശുപാര്‍ശകള്‍ അംഗീകരിച്ചതില്‍ ഇരുവരും സന്തോഷിച്ചു.

 

ജോസ്‌ന സാബു സെബാസ്റ്റ്യൻ

തെറി ഒരു ഇന്ററസ്റ്റിംഗ് ടോപ്പിക്ക് തന്നെയാണ് . പാലാ കാഞ്ഞിരപ്പള്ളിക്കാർക്ക് വല്യ തരക്കേടില്ലാതെ തെറിപറയാൻ അറിയാവുന്നവരുമാണ്. അതിന് തെളിവെന്നോണം മീഡിയാകളിൽ തെറിപറഞ്ഞു വീമ്പു കാണിച്ച പല അച്ചായന്മാരെയും നമുക്ക് പലർക്കും നേരിട്ട് അറിയാവുന്നതുമാണ് .

ശ്രീനാഥ് ഭാസിയുടെ ഈ കാര്യം കേട്ടപ്പോ മുതൽ പുള്ളിയുടെ തെറിയൊന്നു കേൾക്കാൻവേണ്ടി ഇന്റർവ്യൂ വീഡിയോ പലവട്ടി തിരിച്ചും മറിച്ചും ഇട്ടു നോക്കി . പക്ഷെ ഈ പറയണ ഒരു തെറിയൊന്നും ഞാൻ കേട്ടില്ല ….

അല്ലേലും ആ പുള്ളി പറഞ്ഞതൊക്കെ ഒരു തെറിയാണോ . നല്ല പുതുമയുള്ള തെറി കേൾക്കണേൽ, ആണ് പെൺ വ്യത്യാസമില്ലാതെ തെറിവിളിക്കുന്നൊരു വിദഗ്ദൻ കാഞ്ഞിരപ്പള്ളിയിലുണ്ട്‌. പക്ഷെ എന്തു കൊണ്ടോ പുള്ളിയുടെ തെറിവിളിയെല്ലാം പലരും ഒരു ചിരിയിലാണ് സംഗ്രഹിക്കാറ് .

ഈയിടെ ട്രെയിനിൽ യാത്രചെയ്തപ്പോൾ തൊട്ടിപ്പറത്തിരുന്ന രണ്ടു വെളുമ്പർ നല്ല കലശലായി ഉറക്കെ സംസാരിക്കുന്നു . അതിലൊരാൾ പുള്ളി പറയുന്ന ഓരോ വാക്കിന് ശേഷവും ഏതോ ഒരു F കൂട്ടി വളരെ പരിചയമുള്ളൊരു തെറി ആഡ് ചെയ്യുന്നുണ്ടായിരുന്നു . ഇവിടത് ഒട്ടുമിക്ക ആൾക്കാരും ഉപയോഗിക്കുന്നതിനാൽ ആദ്യം വല്യ കുഴപ്പമൊന്നും തോന്നിയില്ല . പക്ഷെ പിന്നെ പിന്നെ ഓരോ വാക്കിന് ശേഷവും ഈ ആലങ്കാരിക വാക്ക് ചേർത്തുകൊണ്ടേയിരുന്നതിനാൽ , എന്തുകൊണ്ടോ അവിടെ നിന്നും മാറി വേറൊരു സീറ്റിൽ പോയി ഇരിക്കാൻ നോക്കിയപ്പോൾ ഇരിക്കാൻ ഒരൊറ്റ സീറ്റില്ല . ലണ്ടൻ വരെയെത്താൻ രണ്ടുമണിക്കൂർ നിന്നാലും വേണ്ടില്ല എന്നോർത്ത്‌ വേറെ കമ്പാർട്ട്മെന്റിൽ പോയിരുന്നു . അല്ലേലും ഒരേ വാക്ക് കേട്ടോണ്ടിരുന്നാൽ ആരാണ് മടുക്കാത്തത് .

അപ്പോൾ തെറി വിളി ഒരു നല്ലശീലമാണെന്നാണോ പറഞ്ഞു വരുന്നത് . അല്ല ഒരിക്കലുമല്ല . പക്ഷെ ഇംഗ്ലീഷ് പറയുന്നവൻ /അറിയുന്നവൻ പുലിയാണെന്ന് പറയുന്ന നാട്ടിൽ, സിനിമയിൽ തെറിവിളിയിലൂടെ സീനിനുഗും കൂട്ടുന്ന നാട്ടിൽ , ആളെക്കൂട്ടാൻ കാശുകിട്ടാൻ ചുരുളി എറിയുന്ന നാട്ടിൽ, സിനിമയ്ക്ക് പേരുതന്നെ തെറി എന്ന് പേരിടുന്ന നാട്ടിൽ, പലരാൽ അറിയപ്പെടുന്ന ഒരു പെൺകുട്ടിയോട് തെറി പറഞ്ഞു എന്നതിനാൽ ഒരു ശ്രീനാഥ് ഭാസിമാത്രം ശിക്ഷിക്കപ്പെടാതെ ഇരിക്കട്ടെ…

ഇവിടെ ഞങ്ങളുടെ വീടിനടുത്തൊരു മക്‌ഡൊണാൾസ് ഉണ്ട് . ശരീരത്തിനിത്രയും ഹാനികരമായ ഒന്ന് വേറേയില്ലന്ന് പലരും പറയുമെങ്കിലും എന്ന് നോക്കിയാലും അവിടെയൊരു പള്ളിപെരുന്നാളിനുള്ള ആളുണ്ട് . പക്ഷെ എനിക്കാണേൽ ഈ സാധനം കാണുന്നത് പോലുമിഷ്ടമല്ല. എനിക്ക് ഇഷ്ടമല്ല എന്നും പറഞ്ഞു, എനിക്കവരോട് അവരുടെ ബിസിനസ് നിർത്താൻ പറയാൻ എനിക്കാകുമോ ?.ഇല്ല , ഇവിടെ എനിക്കാകെ ചെയ്യാൻ പറ്റുന്നത് എനിക്കിഷ്ടമല്ലാത്തത് മേടിക്കാതെ ഇരിക്കുക എന്നത് മാത്രമാണ് .

അതേപോലെ തെറി ഒരു നെഗറ്റിവ് വാക്കണോ എന്ന് ചോദിച്ചാൽ അതെ . പക്ഷെ അത് പറയുന്നവന്റെ മാത്രം ഉത്പന്നമാണ് . അത് ഒരാൾ മേടിക്കുമ്പോൾ മാത്രമേ അവന്റെ ഉൽപ്പന്നത്തിന് വിലയുണ്ടാകുന്നുള്ളു ….

കാരണം “we are packed in the planet closer than ever before..we are in numbers closer than ever before “.

ദിനംപ്രതി നമ്മുടെ ജനസാന്ദ്രത കൂടിവരുകയാണ് . നമ്മൾ പണ്ടത്തേക്കാളും കൂടുതൽ getting closer. അതുകൊണ്ടു ഏതൊരു നിയമസംവിധാനങ്ങളെക്കാൾ നമ്മുടെ തന്നെ ഉത്തരവാദിത്തമാണ് പരസ്പരം ചീഞ്ഞുനാറി മറ്റുള്ളവരിലേക്ക് ദുർഗന്ധം വമിപ്പിക്കാതിരിക്കുക എന്നത്.

 

RECENT POSTS
Copyright © . All rights reserved