ലണ്ടൻ/ സസ്സെക്സ് : വളരെയേറെ പ്രതീക്ഷകളോടെ ഒരു നഴ്‌സായി യുകെയിൽ എത്തിയ നിമ്യ മാത്യു.  എത്തിയിട്ട് ഒരു വർഷം പോലും തികഞ്ഞിട്ടില്ല. കുഴഞ്ഞു വീണ് അതീവ ഗുരുതരാവസ്ഥയിൽ ബ്രൈറ്റണിലെ എൻഎച്ച്എസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നിമ്യ മാത്യൂസ് (34) മരണമടഞ്ഞു എന്ന ദുഃഖകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇക്കഴിഞ്ഞ ജനുവരി അവസാനത്തോടെ ഈസ്റ്റ് സസ്സെക്‌സിലെ എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്‌സായി എത്തിയ മലയാളി യുവതിയാണ് പരേതയായ നിമ്യ മാത്യൂസ്.

ബെക്സ്ഹിൽ എൻഎച്ച്എസ് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായ നിമ്യയെ ഇക്കഴിഞ്ഞ ഞായറാഴ്ച്ച ജോലിക്കിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെ അടിയന്തിര വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും വിദഗ്ധ പരിശോധനകളെത്തുടർന്ന് തലയിൽ ട്യൂമർ കണ്ടെത്തുകയായിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം തിങ്കളാഴ്ച്ച രാത്രിയോടെ ബ്രൈറ്റണിലെ എൻഎച്ച്എസ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന നിമ്യ ഇന്ന് ഉച്ചയോടെ  മരണമടയുകയായിരുന്നു.

മുവാറ്റുപുഴ വാഴക്കുളം സ്വദേശിയായ ഭർത്താവ് ലിജോ ജോർജ്ജും മൂന്നര വയസ്സുകാരനായ ഏക മകനും  അടങ്ങുന്നതാണ്യു കുടുംബം. ഇവർ യുകെയിൽ എത്തിയിട്ട് അധികം ആയില്ല എന്നാണ് പുറത്തുവരുന്ന വിവരം.  ഏതാനും സുഹൃത്തുക്കൾ മാത്രമാണ് ലിജോയ്ക്കും മകനും ആശ്വാസമായി അടുത്തുള്ളത്.

സംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് മാത്രമേ അറിയുകയുള്ളൂ. നിമ്യ മാത്യൂസിന്റെ  അകാല വേർപാടിൽ ദുഃഖിതരായിരിക്കുന്ന ബന്ധുമിത്രാതികളെ മലയാളം യുകെ യുടെ അനുശോചനം അറിയിക്കുകയും പരേതയായ നിമ്യ മാത്യൂസിന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.