ഇറ്റലിയുടെ തീരത്ത് കൊടുംകാറ്റിൽ പെട്ട് ആഡംബര കപ്പൽ മുങ്ങിയ സംഭവത്തിൽ ആറ് വിനോദസഞ്ചാരികളെ കാണാതായ വാർത്ത ഇന്നലെ പുറത്തുവന്നിരുന്നു. പ്രമുഖ ബ്രിട്ടീഷ് ഐ ടി വ്യവസായിയും 18 വയസ്സുകാരി മകളും ഇതിൽ ഉൾപ്പെടുന്ന വാർത്താ വ്യവസായ ലോകത്ത് കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. മൈക്കിന്റെ ഭാര്യയെയും മറ്റു 14 പേരെയും രക്ഷിക്കാനായി . 184 അടി നീളമുള്ള ബേസിയൻ എന്ന നൗകയിൽ 10 ജീവനക്കാർ ഉൾപ്പെടെ 22 പേരാണ് ഉണ്ടായിരുന്നത്.
ബ്രിട്ടനിലെ ബിൽഗേറ്റ്സ് എന്നാണ് മൈക്ക് ലിഞ്ച് അറിയപ്പെട്ടിരുന്നത്. ഇറ്റലിയുടെ തെക്കു ഭാഗത്തുള്ള സിസിലി തീരത്തു നിന്നും തിങ്കളാഴ്ച പുലരും മുൻപാണ് നൗക പുറപ്പെട്ടത്. അപ്രതീക്ഷിതമായി ആഞ്ഞടിച്ച കൊടുങ്കാറ്റാണ് ദുരന്തം ഉണ്ടാകാനുള്ള കാരണം. കാണാതായ യാത്രക്കാരിൽ 4 ബ്രിട്ടീഷുകാരും രണ്ട് അമേരിക്കക്കാരുമാണ് ഉള്ളത്. രക്ഷപ്പെടുത്തിയ പതിനഞ്ചു പേരിൽ ഒരു വയസ്സ് വരുന്ന ഇംഗ്ലീഷ് പെൺകുട്ടിയും ഉൾപ്പെടുന്നുണ്ട്. കുട്ടിയെ പലേർമോയിലെ ശിശുരോഗാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കപ്പലിൽ ഉണ്ടായിരുന്നവരിൽ ഭൂരിഭാഗം പേരും യുകെയിൽ നിന്നുള്ളവരാണ്. സിസിലിയിൽ നടക്കുന്ന രക്ഷാപ്രവർത്തനത്തിൻെറ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിൽ ഏകദേശം 50 മീറ്റർ താഴ്ചയിൽ കിടക്കുന്ന കപ്പലിൻെറ അവശിഷ്ടങ്ങൾ കാണാം. കാണാതായ ആറ് പേർക്കായി സ്‌കൂബ ഡൈവർമാർ തിരച്ചിൽ നടത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ച പകുതി മുതൽ, പടിഞ്ഞാറൻ മെഡിറ്ററേനിയനിൽ മോശം കാലാവസ്ഥയാണ്. ഇടയ്ക്കിടെ കൊടുങ്കാറ്റുകളും മറ്റും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സംഭവ സമയത്ത് പ്രദേശത്ത് കനത്ത മഴയും കാറ്റും ഉണ്ടായിരുന്നു. 2008-ൽ നിർമ്മിച്ച ഈ ആഡംബര കപ്പൽ ഭൂരിഭാഗം യാത്രകളും നടത്തിയത് മെഡിറ്ററേനിയൻ പ്രദേശങ്ങളിലാണ്. റെവ്‌ടോം ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പൽ
സ്പെയിനിലെ ടെനറഫിൽ അവധി ആഘോഷിക്കുന്നതിനിടെ മരിച്ച ജയ് സ്ലേറ്ററിൻ്റെ സംസ്കാരം നടത്തി. ലങ്കാഷെയറിലെ ഓസ്വാൾഡ്‌വിസ്റ്റലിൽ നിന്നുള്ള 19 കാരനായ ജയ് സ്ലേറ്റർ ജൂൺ 17ന് ടെനറഫിലെ ഒരു പർവ്വത പ്രദേശത്ത് വഴിതെറ്റി വീണ് മരിക്കുകയായിരുന്നു. ഒരു മാസത്തെ തിരച്ചിലിന് ശേഷമാണ് ജയ് സ്ലേറ്ററിൻ്റെ മൃതദേഹം കണ്ടെത്തിയത്. അക്രിംഗ്ടണിലെ ചാപ്പൽ ശുശ്രൂഷയിൽ ഏകദേശം 500 പേർ ആണ് പങ്കെടുത്തത് . മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തവരോട് ജയ് സ്ലേറ്ററിൻ്റെ സ്മരണക്കായി നീല നിറത്തിലുള്ള എന്തെങ്കിലും ധരിക്കാൻ ആവശ്യപ്പെട്ടിരുന്നു. പുഷ്പാഞ്ജലി അർപ്പിക്കുന്നതിന് പകരം വിദേശത്ത് കാണാതായ ബ്രിട്ടീഷ് പൗരന്മാരുടെ കുടുംബത്തെ സഹായിക്കുന്ന എൽബിടി ഗ്ലോബൽ ചാരിറ്റിയിലേക്ക് ആളുകൾ സംഭാവന നൽകണമെന്ന് സ്ലേറ്ററിൻ്റെ പ്രിയപ്പെട്ടവർ ആവശ്യപ്പെട്ടിരുന്നു.
ജയ് സ്ലേറ്ററിനെ കാണാതായ സംഭവം ബ്രിട്ടനിൽ മാത്രമല്ല ലോകമെങ്ങും വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. അവനു വേണ്ടിയുള്ള തിരച്ചലിന്റെ ഓരോ ഘട്ടവും ബ്രിട്ടനിലെ മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ ജനങ്ങളിൽ എത്തിച്ചിരുന്നു. ജെയ് സ്ലേറ്ററിനുവേണ്ടി വളരെ വിപുലമായ അന്വേഷണമാണ് ടെനറഫിൽ നടന്നത്. ജെയ് സ്ലേറ്ററിന്റെ തിരോധാനത്തിന് പിന്നിൽ ഉത്തരം കിട്ടാതെ ഒട്ടേറെ ചോദ്യങ്ങളാണ് ഉയർന്നു വന്നത്. തന്റെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ കൂട്ടാതെ ജെയ് സ്ലേറ്റർ ഒറ്റയ്ക്ക് അന്നേ ദിവസം ഒരു യാത്ര നടത്തിയത് എന്തിനായിരുന്നു? അവനെ കുറിച്ച് അവസാനമായി വിവരം ലഭിച്ച സ്ഥലം ദുർഘടമായ കാലാവസ്ഥയും പരിസ്ഥിതിയും ഉള്ള സ്ഥലമാണ്. ഉയർന്ന അഗ്നിപർവ്വതങ്ങളും പാറക്കെട്ടുകളും നിറഞ്ഞ സ്ഥലം . രണ്ട് വാഹനങ്ങൾക്ക് മാത്രം കഷ്ടിച്ചു പോകാനുള്ള ഇടുങ്ങിയ വഴി. ഇത്തരം ഒരു യാത്രയ്ക്ക് പോകുന്നതിനു മുമ്പ് ജെയ് വേണ്ട മുൻകരുതലുകൾ എടുത്തിരുന്നില്ലെന്നത് വ്യക്തമാണ് . അവൻറെ മൊബൈലിൽ ബാറ്ററി ചാർജ് തീരാറായിരുന്നു. അതു മാത്രമല്ല അവൻറെ കൈയ്യിൽ ആവശ്യത്തിന് കുടിവെള്ളം പോലുമില്ലായിരുന്നു.
കാണാതായി രണ്ടാഴ്ചയ്ക്ക് ശേഷം ജെയ് സ്ലേറ്ററിനു വേണ്ടിയുള്ള തിരച്ചിൽ സ്പെയിൻ പോലീസ് ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നു . ജെയ് സ്ലേറ്ററിനെ കാണാതായ സ്ഥലത്ത് എല്ലാ സന്നാഹങ്ങളുമായി തിരച്ചിൽ നടത്തിയിട്ടും ഫലം വിപരീതമായിരുന്നതാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാണിച്ചത് .സ്പെയിൻ പോലീസ് തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും ജെയ് സ്ലേറ്ററിന്റെ കുടുംബവും സുഹൃത്തുക്കളും അവനെ കാണാതായ ടെനറഫിൽ അന്വേഷണം തുടരുകയായിരുന്നു. അവനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നതുവരെ ഇവിടം വിട്ടു പോകാൻ തങ്ങൾക്ക് ഉദ്ദേശമില്ലെന്നാണ് ജെയ് സ്ലേറ്ററിന്റെ മാതാപിതാക്കളും സുഹൃത്തുക്കളും അറിയിച്ചിരുന്നു . കുടുംബം സ്വന്തം നിലയിൽ തുടർന്ന തിരച്ചിലിലാണ് അവന്റെ കണ്ടെത്തിയത് . അത് പക്ഷേ അവൻറെ തിരിച്ചു വരവിനായി കാത്തിരുന്ന എല്ലാവർക്കും കണ്ണുനീർ സമ്മാനിച്ചു കൊണ്ടാണെന്നു മാത്രം
ഇറാഖില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം നിലവില്‍ 18 ആണ്. എന്നാല്‍ രാജ്യത്തെ നിയമമന്ത്രാലയം വിവാദമായ ഒരു ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നിരിക്കുകയാണിപ്പോള്‍. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18-ല്‍ നിന്ന് ഒന്‍പതിലേക്ക് കുറയ്ക്കാനാണ് ബില്‍ ശുപാര്‍ശ ചെയ്യുന്നത്. ആണ്‍കുട്ടികളുടേത് 15 ആയി കുറയ്ക്കാനും. 1959 മുതല്‍ രാജ്യം പിന്തുടര്‍ന്നുപോരുന്ന പേഴ്‌സണല്‍ സ്റ്റാറ്റസ് ലോ ഭേദഗതി ചെയ്താണ് പുതിയ നിയമം കൊണ്ടുവരാനൊരുങ്ങുന്നത്.
ബില്‍ പാസ്സാവുകയാണെങ്കില്‍ പെണ്‍കുട്ടികളെ ഒന്‍പതാം വയസ്സിലും ആണ്‍കുട്ടികളെ 15-ാം വയസ്സിലും വിവാഹം കഴിപ്പിക്കാന്‍ നിയമതടസ്സമുണ്ടാവില്ല. ഇതോടെ ബാലവിവാഹങ്ങളും ചൂഷണങ്ങളും വര്‍ധിക്കുമെന്ന വിമര്‍ശനം രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഉയര്‍ന്നുകഴിഞ്ഞു. സ്ത്രീകളുടെ അവകാശത്തിനും ലിംഗസമത്വത്തിനും രാജ്യം ഇത്രയും നാള്‍കൊണ്ട് നേടിയെടുത്ത നേരിയ വളര്‍ച്ച ഒറ്റയടിക്ക് ഇല്ലാതാകുമെന്ന ആശങ്കയാണ് മനുഷ്യാവകാശ സംഘടനകള്‍ പങ്കുവെക്കുന്നത്.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ക്ഷേമത്തിനുമെല്ലാം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് കാട്ടി വനിതാസംഘടനകളും സിവില്‍ സൊസൈറ്റി പ്രവര്‍ത്തകരും ബില്ലിനെതിരേ പ്രതിഷേധവുമായി തെരുവിലിറങ്ങി. ശൈശവവിവാഹം, സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക്, നേരത്തെയുള്ള ഗര്‍ഭധാരണം, ഗാര്‍ഹിക പീഡനം എന്നിവയായിരിക്കും ഇതിന്റെ പ്രത്യാഘാതങ്ങള്‍. യുനിസെഫിന്റെ കണക്കനുസരിച്ച് ഇറാഖില്‍ 28 ശതമാനം പെണ്‍കുട്ടികളും 18 വയസ്സിനു മുമ്പേ വിവാഹിതരാവുന്നുണ്ട്. പുതിയ നിയമം വരുന്നതോടെ രാജ്യം പുറകിലേക്ക് സഞ്ചരിക്കുമെന്ന് ഹ്യൂമണ്‍ റൈറ്റ് വാച്ച് ആരോപിച്ചു.
ഇസ്ലാമിക നിയമത്തെ ക്രമീകരിക്കാനും ചെറുപ്പക്കാരികളെ ‘അധാര്‍മ്മിക ബന്ധങ്ങളില്‍’ നിന്ന് സംരക്ഷിക്കാനുമാണ് പുതിയ മാറ്റമെന്നാണ് നിയമത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. വികലമായ ഈ ന്യായവാദം ശൈശവ വിവാഹത്തിന്റെ കഠിനമായ യാഥാര്‍ഥ്യങ്ങളെ അവഗണിക്കുകയാണ്. എണ്ണമില്ലാത്തത്രയും സ്ത്രീകളുടെ ഭാവിയാണ് പുതിയ നിയമം ഇല്ലാതാക്കുക.
ജൂലായ് അവസാനം വിവാദനിയമം സംബന്ധിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നെങ്കിലും അംഗങ്ങള്‍ എതിര്‍ത്തതോടെ പിന്‍വലിച്ചു. എന്നാല്‍, ചേംബറില്‍ ആധിപത്യമുള്ള ഷിയ ഗ്രൂപ്പുകളുടെ പിന്തുണ ലഭിച്ചതിന് ശേഷം ഓഗസ്റ്റ് 4-ന് വീണ്ടും കൊണ്ടുവരികയായിരുന്നു.
6 മാസം മുമ്പ് നേഴ്സായി ജോലി കിട്ടി ഹർഷ യുകെയിൽ എത്തിയത് നിരവധി സ്വപ്നങ്ങളും നെഞ്ചിലേറ്റിയാണ്. കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തഭൂമിയിലേയ്ക്ക് ഹർഷ തിരിച്ചെത്തിയത് തകർന്ന ഹൃദയവുമായാണ്. യുകെയിലെ പ്രവാസ ജീവിതത്തിൽ ഗൃഹാതുരത്വത്തോടെ ഓർക്കുന്നവർ ഇന്ന് എവിടെയാണെന്ന് അറിയില്ല. ചൂരൽമലയിൽ ഹർഷയുടെ വീടും ഉരുൾഎടുത്തു . നെഞ്ചിൽ അതിൻറെ കനലുമായാണ് യുകെയിൽ നിന്ന് ഹർഷ പറന്നിറങ്ങുന്നത്.
പിസി ഹർഷ എന്ന യു കെ മലയാളി നേഴ്സിന്റെ വീടിരുന്നെടത്ത് ഇന്ന് ഒരു അവശേഷിപ്പും ഇല്ലാതെ ചെളിമണ്ണ് നിറഞ്ഞിരിക്കുന്നു. ആ വീട് പണയപ്പെടുത്തിയാണ് അച്ഛനും അമ്മയും അവളെ യുകെയിലേയ്ക്ക് അയച്ചത് . തൊട്ടടുത്തു താമസിച്ചിരുന്ന അച്ഛന്റെ ബന്ധുക്കൾ എട്ടു പേരെയും മലവെള്ളം കൊണ്ടു പോയി. ഇതുവരെ നാലുപേരുടെ മാത്രം മൃതദേഹമാണ് കിട്ടിയത്.
ഹർഷയുടെ സഹോദരി സ്നേഹ കോഴിക്കോടാണ് പഠിക്കുന്നത്. അതുകൊണ്ട് മാത്രം സ്നേഹയുടെയും ജീവൻ തിരിച്ചുകിട്ടി. ഹർഷയുടെ അച്ഛൻ ബാലചന്ദ്രൻ പ്ലാന്റേഷനിലെ തോട്ടം തൊഴിലാളിയായിരുന്നു. അമ്മ അജിത. വീടിൻറെ പണി മുഴുപ്പിച്ചിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി കാരണം തറകെട്ടി ചുമരു കെട്ടാനേ സാധിച്ചിരുന്നുള്ളൂ. അച്ഛനും അമ്മയും വാടകവീട്ടിലായിരുന്നു താമസം. വയനാട്ടിൽ ഉരുൾപൊട്ടിയ വാർത്തയറിഞ്ഞ് യുകെയിൽ നിന്ന് വിളിച്ച ഹർഷയോടെ അവസാനം ബന്ധുക്കൾക്ക് ആ സത്യം പറയേണ്ടി വന്നു. അച്ഛനെയും അമ്മയെയും ബന്ധുക്കളെയും കാണാതായതറിഞ്ഞ് തൻ കളിച്ചു വളർന്ന ജന്മനാട്ടിലേയ്ക്ക് ഹർഷ് വരുമ്പോൾ അവിടെ അവശേഷിക്കുന്നത് ചെളി നിറഞ്ഞ കണ്ണീർ പാടം മാത്രം ആണ് .
കേരളത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ കണ്ടെടുത്തത് 252 മൃതദേഹങ്ങള്‍. ഇരുന്നൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. സര്‍ക്കാർ ഇതുവരെയായി ഔദ്യോഗികമായി സ്ഥിരീകരിച്ചത് 158 മരണങ്ങളാണ്.
മരിച്ചവരില്‍ 86 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 73 പേര്‍ പുരുഷന്മാരും 66 പേര്‍ സ്ത്രീകളുമാണ്. 18 പേര്‍ കുട്ടികളാണ്. ഒരു മൃതദേഹത്തിൻ്റെ ആൺ പെൺ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 147 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. 52 മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതില്‍ 42 എണ്ണം പോസ്റ്റുമോര്‍ട്ടം ചെയ്തു. 75 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
213 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളില്‍ എത്തിച്ചത്. ഇതില്‍ 97 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. 117 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി. വയനാട്ടില്‍ 92 പേരും മലപ്പുറത്ത് അഞ്ച് പേരുമാണ് ചികിത്സയിലുള്ളത്.
ദുരന്തമുണ്ടായ ചൂരല്‍മഴ പ്രദേശത്ത് കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ ദുഷ്‌കരമാക്കിയിട്ടുണ്ട്. പുഴയിലെ നീരൊഴുക്ക് വര്‍ധിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്തു. കഴിഞ്ഞദിവസം കണ്ണൂര്‍ ഡി.എസ്.സി. നിര്‍മ്മിച്ച താത്കാലിക പാലം വെള്ളത്തിനടിയിലായി.
അതേസമയം, ചൂരൽമലയിൽ ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. സൈന്യമാണ് ബെയ്‌ലി പാലം നിര്‍മ്മിക്കുന്നത്. പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മുണ്ടക്കൈ കേന്ദ്രീകരിച്ചുള്ള രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാകും.
ഷിരൂരില്‍ മണ്ണിനടിയില്‍പ്പെട്ട് കാണാതായ അര്‍ജുനുവേണ്ടി നടത്തുന്ന തിരച്ചില്‍ കൂടുതൽ കരുത്തോടെ തുടരണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാദൗത്യം അവസാനിപ്പിക്കുന്നതായുള്ള വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ ഇക്കാര്യം സൂചിപ്പിച്ച് സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി കത്തയച്ചു.
അർജുനെ കണ്ടെത്തുന്നത് സംബന്ധിച്ച് അനുകൂലമായ ഫലം ലഭിക്കുന്നതുവരെ രക്ഷാപ്രവർത്തനങ്ങൾ തുടരാൻ നിർദേശം നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആവശ്യമായ എല്ലാ സാധ്യതകളും ഉപയോഗിച്ച് കൂടുതൽ ശക്തിയോടെ പ്രവർത്തനങ്ങൾ തുടരണം. ഇതുവരെ നടന്നപ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ കേരളത്തിന്റെ പ്രത്യേക നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.
നേരത്തെ, ഷിരൂരിലെ രക്ഷാദൗത്യം താത്ക്കാലികമായി നിർത്തിവെച്ചതിൽ പ്രതിഷേധവുമായി കേരളത്തിലെ ജനപ്രതിനിധികൾ രംഗത്തെത്തിയിരുന്നു. തിരച്ചിൽ നിർത്തിയത് കേരളവുമായി കൂടിയാലോചിക്കാതെയെന്ന് മന്ത്രി റിയാസ് പറഞ്ഞു. ശനിയാഴ്ച നടത്തിയ ചർച്ചയിൽ രക്ഷാദൗത്യം തുടരുമെന്നാണ് അറിയിച്ചിരുന്നതെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ടത്തെ യോഗത്തിൽ പ്രതിഷേധം അറിയിക്കുമെന്ന് എം. വിജിൻ എം.എൽ.എയും അറിയിച്ചു.
ശനിയാഴ്ചയും ഞായറാഴ്ചയുമായി മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയും സംഘവും തിരച്ചിൽ നടത്തിവരികയായിരുന്നു. എന്നാൽ, പുഴയിലെ ഒഴുക്ക് കുറയാതെ വന്നതോടെ സംഘം തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.
റോമി കുര്യാക്കോസ്
യൂറോപ്പ്: കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖവും സൗമ്യതയുടേയും ജനപ്രീയതയുടെയും പ്രതീകവുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ ജ്വലിക്കുന്ന സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ജർമ്മനി, യു കെ, ഓസ്ട്രിയ, സ്വിറ്റ്സർലഡ്, പോളണ്ട് തുടങ്ങിയ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിപുലമായ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമായ സൂം (ZOOM) മുഖേന, ജൂലൈ 20 (ശനിയാഴ്ച) യൂറോപ് സമയം 6 PM, യു കെ – അയർലണ്ട് സമയം 5 PM, ഇന്ത്യൻ സമയം 9.30 PM – ന് ആണ് “ഓർമകളിൽ ഉമ്മൻ ചാണ്ടി” എന്ന തലക്കെട്ടിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നത്.
കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ബഹു. വി ഡി സതീശൻ, എൽ എൽ എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.
എഐ സിസി അംഗവും അങ്കമാലി എം എൽ എയുമായ ശ്രീ. റോജി എം ജോൺ, ചാലക്കുടി എം എൽ എ ശ്രീ. സനീഷ് കുമാർ ജോസഫ്, എഐസിസി ദേശീയ വക്താവ് ശ്രീമതി. ഷമാ മുഹമ്മദ്, കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനവർ ശ്രീ. പി സരിൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ. അബിൻ വർക്കി, ശ്രീ. ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ, ദീപിക ഡൽഹി ബ്യൂറോ എഡിറ്റർ (നാഷണൽ അഫേഴ്സ്) ശ്രീ. ജോർജ് കള്ളിവയലിൽ, ഐഒസി ഗ്ലോബൽ കോർഡിനേറ്റർ ശ്രീ. അനുര മത്തായി, ഐ ഒ സി യൂറോപ്പ് വൈസ് – ചെയർമാൻ ശ്രീ. സിരോഷ് ജോർജ്, വിവിധ രാജ്യങ്ങളിലെ ഐ ഒ സി സംഘടന അധ്യക്ഷന്മാർ, മറ്റു ഐ ഒ സി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
സാമൂഹിക – രാഷ്ട്രീയ- മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന അനുസ്മരണ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കോർഡിനേറ്ററും ഐ ഒ സി ജർമ്മനി – കേരള ചാപ്റ്റർ പ്രസിഡന്റ് ശ്രീ. സണ്ണി ജോസഫ് അറിയിച്ചു.
ശ്രീ. ഉമ്മൻ ചാണ്ടിയെ കുറിച്ച് ഏതെങ്കിലും സ്മരണകൾ ചടങ്ങിൽ പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നവർ, ചുവടെ ചേർത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ഒന്നിൽ മുൻകൂട്ടി അറിയിച്ചാൽ അതിനുള്ള അവസരം നൽകുന്നതാണ്.
ബന്ധപ്പെടേണ്ട നമ്പർ:
സണ്ണി ജോസഫ് : +49 1523 6924999
റോമി കുര്യാക്കോസ് : +44 7776646163
Zoom Link:
https://us02web.zoom.us/j/9726008841?pwd=MWZwcXZwdndlb1JRNUtodkNaS1JJUT09&omn=89176444362
Meeting ID: 972 600 8841
Passcode: 12345
Date & Time: 20/07/2024 (Saturday)
Europe Time : 6.00 PM
U K – Ireland Time : 5.00 PM
Indian Time : 9.30 PM
സതീഷ് കളത്തിൽ
കേരളമിന്നു വിവാദരോഗത്തിന്റെ അടിമയാണെന്ന്, കവിയും ചലച്ചിത്രസംവിധായകനുമായ സതീഷ് കളത്തിൽ. സോഷ്യൽ മീഡിയയുടെ വരവോടെ ദിവസം ഒരു വിവാദച്ചുഴിയിലെങ്കിലും അകപ്പെടാതെ കടന്നുപോകാൻ നമുക്കു കഴിയാതായിരിക്കുവെന്നും രമേഷ് നാരായണൻ- ആസിഫ് അലി വിഷയത്തിലുള്ള തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ സതീഷ് പറഞ്ഞു.
സംഘാടകരുടെ പിടിപ്പുക്കേടിന്റെ തിക്തഫലമാണ് രമേഷ് നാരായണൻ- ആസിഫ് അലി വിഷയം. ഒരാൾ ബഹുമാനിതനാകുന്നു എന്നതുപോലെതന്നെ പ്രധാനംതന്നെയാണ്, ആരാൽ ബഹുമാനിക്കപ്പെടുന്നു എന്നതും. ആത്യന്തികമായി അതു നിശ്ചയിക്കേണ്ടത്, ബഹുമാനിക്കാൻ നടക്കുന്നവരെക്കാളും ബഹുമാനിക്കപ്പെടാൻ പോകുന്നവർതന്നെയാണ്. ഇക്കാര്യത്തിൽ ഇരുഭാഗത്തുനിന്നും കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് സംഭവിച്ചിട്ടുണ്ട്. അതിൽ, രമേഷ് നാരായണനേക്കാൾ ശ്രദ്ധ പുലർത്തേണ്ടതു സംഘാടകരായിരുന്നു.
രമേഷ് നാരായണന്റെ പ്രവൃത്തിയെ ന്യായീകരിക്കാനല്ല ഈ കുറിപ്പ്, ഈഗോയെന്നത് ഒരാളുടെയും കുത്തകയല്ല എന്നോർമ്മിപ്പിക്കാനാണ്. പ്രയോറിറ്റി എന്നത് ഏതൊരു സാധാരണകാരനും ആഗ്രഹിക്കുന്ന കാര്യമാണ്. അതൊരു പ്രിവിലേജ് ആണ്. സൂക്ഷ്മമായാണെങ്കിൽപോലും ആ അവബോധം എല്ലാവരിലും ഉണ്ട്. അങ്ങിനെയൊന്നില്ല എന്നതു കാപട്യംതന്നെയാണ്. തന്നെക്കാൾ പൊക്കവും മഹത്വവും ആസിഫ് അലിയ്ക്കു കുറവാണെന്നു രമേഷ് നാരായണനു തോന്നിയിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിൻറെ വ്യക്തിപരമായ കാര്യമാണ്. പേരിനു ഞാനുമൊരു സംവിധായകനാണ്. ഇതുപോലൊരു വേദിയിൽ എനിക്കു പങ്കെടുക്കാൻ അവസരം ഉണ്ടാകുകയും ആസിഫ് അലിയ്ക്ക് ഉപഹാരം നല്കാൻ അവിചാരിതമായി സംഘാടകർ എന്നോട് ആവശ്യപ്പെടുകയും ചെയ്‌താൽ ഇപ്പോൾ നമുക്കു പരിചിതനായ ആസിഫ് അലി ഇതേ ചിരിയോടെ അതു സ്വീകരിച്ചെന്നു വരാം. കാരണം, ഒരു പൊതുവേദിയിൽ എങ്ങനെ പെരുമാറണം എന്നതിനെകുറിച്ച് ആസിഫിന് അറിയാം. രമേഷ് നാരായണൻ പക്ഷെ, ആ അവസരത്തെ തന്നോടുള്ള സംഘാടകരുടെ അവഗണയ്ക്ക് ഒരു മറുപടിയാക്കി എന്നുമാത്രം.
ഇതിനൊക്കെ ഇവിടെ ഇത്രമാത്രം കത്തിപ്പടരാൻ എന്തിരിക്കുന്നു എന്നു ചോദിച്ചാൽ, ‘കുന്തിരിക്കം കത്തിച്ചാൽ സുഗന്ധവും കൊതുകുകടിക്കു ഒരല്പം ശമനവും കിട്ടും’ എന്നൊക്കെയുള്ള നേരംപോക്ക് പറയാം എന്നല്ലാതെ മറ്റൊരു ഗുണവുമില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് കൂടുതൽ അധ്യാപകരെ നിയമിക്കുമെന്ന് എജുക്കേഷൻ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ അറിയിച്ചു. ആവശ്യത്തിന് ജീവനക്കാർ ഇല്ലെന്നത് വളരെ നാളുകളായി അധ്യാപക സംഘടനകളുടെ പ്രധാന പരാതിയായിരുന്നു. അടിയന്തരമായി 6500 അധ്യാപകരെ നിയമിക്കുമെന്നാണ് വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കുന്നതിനായി വരും ദിവസങ്ങളിൽ ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ യൂണിയൻ മേധാവികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാരെയും കാണുമെന്നാണ് ഗവൺമെൻറ് വൃത്തങ്ങൾ അറിയിച്ചു . പുതിയ സർക്കാരിൻറെ മുൻഗണനാ വിഷയമായി അധ്യാപക നിയമനം നടപ്പിലാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ലേബർ പാർട്ടി വാഗ്ദാനം ചെയ്തിരുന്നു.
യുകെയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുമെന്നും അധ്യാപനത്തിൻ്റെ നിലവാരം മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നതായി ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ പറഞ്ഞു . മുൻ സർക്കാരും അധ്യാപക സംഘടനകളും തമ്മിൽ അത്ര നല്ല ബന്ധം അല്ല ഉണ്ടായിരുന്നത് . അധ്യാപക സംഘടനകൾ കഴിഞ്ഞ വർഷം ശമ്പള വർദ്ധനവിനെ ചൊല്ലി നിരവധി തവണ പണിമുടക്കിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാൽമെസ്ബറിയിലെ ഹോട്ടലിന്റെ പൂന്തോട്ടത്തിൽ നിന്നും അസ്ഥികൂടങ്ങൾ കണ്ടെത്തി. ഏകദേശം ആയിരം വർഷം പഴക്കമുള്ളതാണ് അസ്ഥികൂടങ്ങൾ എന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. 24 ഓളം പേരുടെ അസ്ഥികൂടങ്ങൾ ആണ് കണ്ടെത്തിയിരിക്കുന്നത്.
വിൽറ്റ്‌ഷെയറിലെ മാൽമെസ്‌ബറി ആബിയുടെ തൊട്ടടുത്തുള്ള മാൽമെസ്‌ബറിയിലെ ഓൾഡ് ബെൽ ഹോട്ടലിൻ്റെ മൈതാനത്താണ് പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. അവശിഷ്ടങ്ങൾ എഡി 670 മുതൽ 940 വരെയുള്ള കാലത്തെതാണ് . പഴയ കാലഘട്ടത്തിൽ ഇവിടെ ഒരു ആശ്രമം ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ചരിത്രകാരനായ ടോണി മക്അലേവി പറഞ്ഞു. ഇത്രയും വർഷം പഴക്കമുള്ള അസ്ഥികൂടങ്ങൾ കണ്ടെത്തിയതിൽ ടോണി ഉൾപ്പെടെയുള്ള ഗവേഷകർ വളരെ ആവേശത്തിലാണ്. പഴയ കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന പല കാര്യങ്ങളും ഇതിലൂടെ കണ്ടെത്താനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.